സാമ്പത്തിക പ്രയാസത്തിൽനിന്നു കരകയറാൻ ആസ്ഥാനം വിൽക്കാനൊരുങ്ങി പ്രമുഖ വ്യവസായി അനിൽ അംബാനി. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയൻസ് സെന്റർ വിൽക്കാനോ വാടകയ്ക്കു നൽകാനോ അനിൽ ശ്രമമാരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണു ഭീമൻ ആസ്ഥാനം നിർമിച്ചത്. വിൽക്കാൻ സാധിക്കുമെങ്കിൽ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനിൽ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. സാന്താക്രൂസിലെ ഓഫിസ് ഉപേക്ഷിച്ച് സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയൻസ് സെന്ററിലേക്കു മടങ്ങാനാണ് അംബാനിയുടെ തീരുമാനം.
റിലയൻസ് സാമ്രാജ്യം വിഭജിച്ച 2005 മധ്യത്തിലാണു ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് കയ്യൊഴിയുന്നതെന്നാണു സൂചന. ഇതിന് 5000 കോടിയിൽ താഴെ മാത്രമാണു കടം. ഇതിലൂടെ ആ കടം വീട്ടാമെന്നാണു കമ്പനി കരുതുന്നത്. അനിൽ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണു പുറത്തുവരുന്ന വിവരം.
സാന്താക്രൂസിലെ ആസ്ഥാനത്തെ ആറു ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്കു നൽകാൻ ഉദ്ദേശിക്കുന്നത്. ആസ്ഥാനത്തിനാകെ 1500–2000 കോടി രൂപയാണു മതിപ്പുവില. 3000 കോടി വരെ കിട്ടുമെന്നാണു പ്രതീക്ഷ. ഇടപാടുകൾക്കായി രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടന്റ് ജെഎൽഎൽ–നെ ആണു റിലയൻസ് നിയമിച്ചിട്ടുള്ളത്.
തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് സുരക്ഷാഭീഷണി നേരിട്ട മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. എണ്ണപ്പാടത്തുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. ആരും കുടുങ്ങിയിട്ടില്ല. ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ടെങ്കിസ് എണ്ണപ്പാടത്ത് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷാഭീഷണി നേരിട്ട് മലയാളികളടക്കം 150 ഇന്ത്യക്കാര്‍ . എണ്ണപ്പാടത്ത് നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലെന്ന് മലയാളി തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രവിദേശസഹമന്ത്രി വി.മുരളീധരന് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കസാഖിസ്ഥാനിലെ എംബസിക്ക് നിര്‍ദേശം നല്കി.
ശനിയാഴ്ച രാവിലെയാണ് ടെങ്കിസ് എണ്ണപ്പാടത്ത് സംഘര്‍ഷം തുടങ്ങിയത്. പ്രാദേശിക വനിതാതൊഴിലാളിക്കൊപ്പം നില്ക്കുന്ന ചിത്രം ലിബയയില്‍ നിന്നുള്ള തൊഴിലാളി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. സംഭവത്തില്‍ ലിബിയന്‍ തൊഴിലാളി മാപ്പുപറഞ്ഞെങ്കിലും പ്രശ്നം കെട്ടടങ്ങിയില്ല. എണ്ണപ്പാടത്തില്‍ തൊഴിലെടുക്കുന്ന 80 ശതമാനത്തോളം വരുന്ന തദ്ദേശീയരായവര്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള തൊഴിലാളികളെ ലക്ഷ്യംവച്ച് ആക്രമണം തുടങ്ങി.
സംഭവത്തില്‍ മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണപ്പാടത്ത് നിന്ന് പുറത്തുകടക്കാനാവാത്ത അവസ്ഥയിലാണ് കഴിയുന്നതെന്ന് മലയാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി വി.മുരളീധരന് ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഖസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്കി.
മുരളീധരന്റെ നിര്‍ദേശപ്രകാരം എംബസി ഹെല്‍ലൈന്‍ ഡെസ്കും തുറന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
ഹിന്ദു പുരുഷന്മാർ, മുസ്ലിം വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ മഹിളാ മോർച്ചാ നേതാവിനെ പുറത്താക്കി. ഉത്തർപ്രദേശിലെ രാംകോലയിലുള്ള മഹിളാ മോർച്ചയുടെ നേതാവ് സുനിതാ സിങ് ഗൗറിനെയാണ് വർഗീയപരാമർശത്തെത്തുടർന്ന് പുറത്താക്കിയത്.
ഫെയ്സ്ബുക്കിൽ ഹിന്ദിയിലായിരുന്നു സുനിതയുടെ പോസ്റ്റ്. രോഷമുയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയായിരുന്നു.
”പത്തുപേരുളള ഒരു സംഘമായി ചേർന്ന് മുസ്ലിം സ്ത്രീകളെ തെരുവിൽ പരസ്യമായി ബലാത്സംഗം ചെയ്യുക, ആളുകൾ കാൺകെ കെട്ടിത്തൂക്കുക. ഇന്ത്യയെ സംരക്ഷിക്കാൻ മാത്രമാണ് പരിഹാരം”- വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഇത്തരം വിദ്വേഷ പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും അതിനാലാണ് സുനിതയെ പുറത്താക്കുന്നതെന്നും മഹിളാ മോർച്ച ദേശീയാധ്യക്ഷ വിജയ രഹത്കർ അറിയിച്ചു.
ബത്തേരി–പുൽപള്ളി റൂട്ടിലെ പാമ്പ്ര വനപാതയിൽ കടുവ ഇറങ്ങിയതായി റിപ്പോര്‍ട്ട്. ബൈക്കിന് പിന്നാലെ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. ഭയപ്പെടുത്തുന്ന ഈ കൗതുക കാഴ്ച കണ്ട പലരും ഇതുവഴി ബൈക്ക് യാത്ര ഉപേക്ഷിച്ചു. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് റേഞ്ചുകളുടെ അതിർത്തി ഭാഗത്താണ് വനത്തിൽ നിന്ന് റോഡിലേക്ക് കടുവ ബൈക്കിന് പിന്നാലെ അൽപ ദൂരം ഓടുന്ന രംഗമുള്ളത്. ബൈക്ക് യാത്രികൻ പേടികൂടാതെ എടുത്ത വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
റോഡ് മുറിച്ചുകടന്ന കടുവ വനത്തിലേക്ക് പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം. ബൈക്കിന് പിന്നിലിരുന്നയാളാണ് ഈ ദൃശ്യം പകർത്തിയത്. ഈ ഭാഗത്ത് 3 കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിൽ കടുവകൾ കൂടുതലുണ്ട്.എന്നാല്‍ ഈ വിഡിയോ ഏത് ഭാഗത്ത് നിന്നെന്ന് ഉറപ്പിക്കാന്‍ വനംവകുപ്പ് തയാറായിട്ടുമില്ല.
തിരുവനന്തപുരത്തെത്തിയശേഷം കാണാനില്ലെന്ന് പരാതി ലഭിച്ച ജര്‍മന്‍ യുവതി കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടില്ല. ഇതോടെ യുവതി എവിടെപ്പോയെന്നതില്‍ ദുരൂഹതകളേറി. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു.
ലീസ വെയ്സ എന്ന ജര്‍മ്മന്‍ യുവതി കേരളത്തിലെത്തിയ ശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് ഇവരുടെ മാതാവിന്റെ പരാതിയില്‍ പറയുന്നത്. കൊല്ലം അമൃതപുരി എന്നായിരുന്നു യാത്രാരേഖകളിലെ പ്രാദേശികവിലാസം. അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ആശ്രമത്തില്‍ എത്തി അന്വേഷിച്ചെങ്കിലും ഇവിടെയെത്തിയില്ലെന്നാണ് മൊഴി ലഭിച്ചത്. എന്നാല്‍ 2009ല്‍ ആശ്രമത്തില്‍ വന്നിട്ടുമുണ്ട്. ഇതോടെ മാര്‍ച്ച് 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ലീസ എവിടെപ്പോയി എന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല.
മുഹമ്മദ് അലി എന്ന യു.കെ പൗരനൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. ഇത് ലീസ പ്രണയിക്കുന്ന ആണ് സുഹൃത്താണെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുഹമ്മദ് അലി മാര്‍ച്ച് 15ന് തന്നെ തിരിച്ച് പോയി. അതുകൊണ്ട് വിദേശ എംബസിയുടെ സഹായത്തോടെ ഇയാള്‍ നാട്ടില്‍ തിരികെയെത്തിയോയെന്ന് അന്വേഷിച്ച് വിവരം ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതോടൊപ്പം തിരുവനന്തപുരത്തൂടെ അല്ലാതെ മറ്റേതെങ്കിലും വിമാനത്താവളം വഴി ലീസ തിരികെപ്പോയോയെന്നും അന്വേഷിക്കുന്നുണ്ട്.
കോവളം, ശംഖുമഖം പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ അന്വേഷിച്ചെങ്കിലും ആരും കണ്ടതായി പറയുന്നില്ല. കേരളത്തിലെത്തി നൂറിലേറെ ദിവസം കഴിഞ്ഞെന്നതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ശംഖുമഖം എ.എസ്.പി R. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.
ആരാധകര്‍ ആശിക്കുന്നപോലെ എല്ലാ മത്സരങ്ങളും ജയിക്കണമെന്നില്ല. എന്നാല്‍ തോല്‍ക്കുന്ന രീതിയാണ് പ്രശ്നം. ജയിച്ചു നിന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇംഗ്ലണ്ടിന്റെ വക ഷോക്ക്. 338റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ തോല്‍വി വെറും 31റണ്‍സിനായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യതോല്‍വിയാണിത്.
അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 104റണ്‍സ്. എന്നാല്‍ ധോണിക്കും കേദാര്‍ ജാദവിനും നേടാനായത് 73റണ്‍സാണ്. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 71റണ്‍സ് നേടിയത് 39റണ്‍സ്. ഇന്ത്യ തോറ്റത് 31റണ്‍സിന്. കയ്യില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷെ ബൗണ്ടറികള്‍ കണ്ടെത്തുന്നതിനു പകരം സിംഗിള്‍ എടുത്തുകളിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടത്. ഈ സമയം കമന്ററി ബോക്സിലിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ താരം നാസര്‍ ഹുസൈന് സൗരവ് ഗാംഗുലിയോട് ചോദിച്ചു, ‘എന്താണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്’? ഗാംഗുലി മറുപടി ശ്രദ്ധേയമാണ്. ‘വിവരിക്കാന്‍ എനിക്കാവുന്നില്ല, എങ്ങനെയാണ് ഈ സിംഗിളുകളെ വിവരിക്കേണ്ടതെന്ന് അറിയില്ല’. ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
‘ ആ ബാറ്റിങ് കണ്ട് അന്ധാളിച്ചു പോയി’ എന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത്. അവസാന ഓവറുകളിലെ ബാറ്റിങ്ങിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മറുപടിയും ശ്രദ്ധിക്കേണ്ടതാണ്. ‘ ഇംഗ്ലണ്ട് ബോളര്‍മാര്‍ സ്ലോ ബോളുകളാണ് എറിഞ്ഞത്, ധോണി ബൗണ്ടറിക്കുള്ള ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്ലോ ബോളുകള്‍ കാരണം അത് സിംഗിളില്‍ ഒതുങ്ങി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേകുറിച്ച് വിശകലനം ചെയ്യും.’ അവസാന ഓവറുകളിലെ ഇന്ത്യയുടെ ബാറ്റിങ്ങിനെച്ചൊല്ലി ആരാധകരും ഏറ്റുമുട്ടുകയാണ്. ധോണിയും ജാദവും കളിച്ചത് ‘ടെസ്റ്റ് മല്‍സരത്തിന്റെ അവസാന ദിവസത്തെ കളിപോലെയാണ്’. ഇരുവരും നോട്ടൗട്ടാകാന്‍ മല്‍സരിക്കുകയായിരുന്നു. എന്നിങ്ങനെ പോയി കുറിപ്പുകള്‍.
അടിച്ചുകളിക്കാനുള്ള ആദ്യ പത്ത് ഓവറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍.രാഹുലിനെ തുടക്കത്തിലെ നഷ്ടമായതോടെ ഇന്ത്യ ആദ്യ അഞ്ച് ഓവറില്‍ നേടിയത് ഒന്‍പത് റണ്‍സ് മാത്രം. ആദ്യപത്ത് ഓവറില്‍ നേടിയത് 28റണ്‍സ് മാത്രവും. ആദ്യ പത്ത് ഓവറിലും അവസാനപത്ത് ഓവറിലും ക്രീസില്‍ നിന്നത് ബാറ്റിങ്ങില്‍ കരുത്തരായവര്‍ തന്നെയാണ്.
ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ ബോളര്‍ എന്ന നിലയില്‍ വിരാട് കോലി വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ജാദവിന്റെ സ്പിന്‍ ഒന്ന് പരീക്ഷിക്കാന്‍ പോലും കോലി മുതിര്‍ന്നില്ല. പിന്നെന്തിനാണ് ഓള്‍റൗണ്ടര്‍ എന്ന ലേബലില്‍ ജാദവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്റ്സ്മാന് എന്ന നിലയില്‍ ജാദവിനെ ധോണിയും വിശ്വസിക്കുന്നില്ലെന്നുവേണം കരുതാന്‍. ഒരു സിംഗിള്‍ എടുക്കുന്നതില്‍ നിന്ന് ജാദവിനെ തടഞ്ഞത് അത് വ്യക്തമാക്കുന്നു.
1. ഇന്ത്യ തോറ്റത് പാക്കിസ്ഥാനെതിരെ സെമി കളിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്.
2. ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള പ്രയാണം ഉറപ്പുവരുത്തുക.
പ്രധാനമായും ഉയരുന്നുകേള്‍ക്കുന്നത് ഇതാണ്. എന്തായാലും അടുത്ത മല്‍സരം ബംഗ്ലദേശിനെതിരെ ഇതേ പിച്ചിലാണ് ഇന്ത്യ കളിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ എവേ ജഴ്സി ഇന്നലെയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഓറഞ്ചും കടുംനീല നിറവും കലർന്നതാണ് ജേഴ്സി. പിന്നിൽ മുഴുവനായും ഓറഞ്ച് നിറവും മുൻപിൽ കടുംനീലയുമാണ് ഉള്ളത്.
ഓറഞ്ച് ജഴ്സി വഴി ഇന്ത്യൻ കായിക ലോകത്തെ കാവിവൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണിതെന്ന് നേരത്തെ പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്ന് വരെ ആരോപിച്ചു.
പാക്കിസ്ഥാന്റെ ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇംഗ്ലണ്ട് ജീവന്മരണ പോരാട്ടത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ ജയിച്ചാല്‍ സെമിഫൈനല്‍ ഉറപ്പാക്കും. മല്‍സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും പാക്കിസ്ഥാനും ബംഗ്ലദേശിനും ശ്രീലങ്കയ്ക്കും നിര്‍ണായകമാണ്. ഇംഗ്ലണ്ട് തോറ്റാല്‍ പാക്കിസ്ഥാന് നാലാം സ്ഥാനത്ത് തുടരാം. ബംഗ്ലദേശിനും ലങ്കയ്ക്കും അവസാന രണ്ടുമല്‍സരങ്ങള്‍ വിജയിച്ച് സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താം.
ആറുമല്‍സരങ്ങള്‍ വിജയിച്ചെത്തുന്ന ഇന്ത്യയ്ക്ക് ഒരുജയമകലെ കാത്തിരിക്കുന്നത് ലോകകപ്പ് സെമിഫൈനല്‍. ലോര്‍ഡ്സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകിരീടം ഉയര്‍ത്തുന്നത് സ്വപ്നം കണ്ടുതുടങ്ങിയ ഓയില്‍ മോര്‍ഗന്റെ സംഘത്തിന് ഇത് നിലനിലനില്‍പ്പിനുള്ള പോരാട്ടം. ഏഴുമല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് സ്വന്തം എട്ടുപോയിന്റ് മാത്രം. ഒന്നാം റാങ്കുകാരായി ലോകകപ്പ് തുടങ്ങിയ ഇംഗ്ലണ്ട് പാതിവഴിയിലെത്തിയപ്പോള്‍ കിരീടവും ചെങ്കോലും ഇന്ത്യയ്ക്കായി കൈമാറി.
പുതിയ ഒന്നാമനും രണ്ടാമനും ഏറ്റുമുട്ടുമ്പോള്‍ മേല്‍ക്കൈ പുത്തന്‍ ജഴ്സിയില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് തന്നെ. ബുംറയും ഷമിയും നയിക്കുന്ന ബോളിങ്ങ് നിര ബാറ്റിങ് നിരയുടെ പോരായ്മ മറികടക്കാന്‍ കരുത്തുള്ളവര്‍. നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് മാത്രമാണ് ഇന്ത്യയ്ക്ക് തലവേദന. വിജയ് ശങ്കറിനെ ടീമില്‍ നിന്ന് മാറ്റില്ലെന്നാണ് കോലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മോര്ഗന്, റൂട്ട് , ബെയര്‍സ്റ്റോ തുടങ്ങിയ ഇംഗ്ലീഷ് വമ്പന്മാര്ക്ക് സ്ഥിരതകൈവരിക്കാനാകുന്നില്ല.
ജേസന്‍ റോയിക്ക് പകരമെത്തിയ ഓപ്പണര്‍ ജെയിംസ് വിന്സിന് തൊട്ടതെല്ലാം പിഴച്ചു. ബെന്‍ സ്റ്റോക്സിന്റെ ഓറ്റയാന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ കിട്ടാത്തതും ഇംഗ്ലീഷ് ദുരന്തത്തിന് കാരണമാകുന്നു. ഇന്ത്യയ്ക്കെതിരെ തോറ്റാല്‍ ഒരുമല്‍സരം മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് ലോകകപ്പ് സെമിബെര്‍ത്ത് ഉറപ്പാക്കണമെങ്കില്‍ അവസാന മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രം പോര മറ്റുടീമുകളുടെ തോല്‍വിക്കായും കാത്തിരിക്കണം.
തൃപ്പൂണിത്തുറ എആർ ക്യാംപിലെ പൊലീസുകാരൻ വടയാർ പൊട്ടൻചിറ തുണ്ടത്തിൽ അഭിജിത്തിന്റെ ഭാര്യ ദീപയെയും (30) മകൾ ദക്ഷയെയും (2 വയസ്സ്) മുവാറ്റുപുഴ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ഇന്നലെ ഉച്ചയോടെ വടയാർ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കുളിക്കടവിൽ അടിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. അമ്മയുടെ ദേഹത്തോടു ചേർത്ത് കുഞ്ഞിനെ ഷാൾ ഉപയോഗിച്ച് കെട്ടിയ നിലയിലാണ്. പ്രണയിച്ചു വിവാഹം കഴിച്ച അഭിജിത്തും ദീപയും ഭർതൃ ഗൃഹത്തിലായിരുന്നു താമസം.
അഭിജിത്തിന്റെ പിതാവ് ടി.ആർ. സതീശൻ പറയുന്നത് : ‘‘വ്യാഴം രാത്രി അഭിജിത്തും ഭാര്യ ദീപയും തമ്മിൽ വഴക്കുണ്ടായി. രാത്രി 10 ന് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാംപിലേക്കു പോയ ശേഷം വീട്ടുകാർ ഉറങ്ങി. പുലർച്ചെ 3 നു ഉണർന്നപ്പോൾ ദീപയുടെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു. ഉറങ്ങാതെ ഇരുന്ന ദീപയോട് ഉറങ്ങാൻ പറഞ്ഞ ശേഷം വീണ്ടും കിടന്നു.രാവിലെ ഉണർന്നപ്പോൾ വീടിന്റെ കതകു തുറന്നു കിടക്കുന്നതു കണ്ട് നോക്കിയപ്പോൾ ദീപയെയും കുഞ്ഞിനെയും കണ്ടില്ല .പോകാൻ സാധ്യത ഉള്ള വീടുകളിൽ അന്വേഷണം നടത്തിയിട്ടും വിവരം ഒന്നും ലഭിക്കാതെ വന്നതോടെ തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചു.
പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.’’ സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സിഐ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിൽ അഭിജിത്തിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇടവട്ടം രണ്ടു കണ്ടത്തിൽ ശിവദാസന്റെയും രമണിയുടെയും മൂന്നു പെൺമക്കളിൽ ഇളയ ഇരട്ടകളിൽ ഒരാളാണ് ദീപ. വൈക്കം എസ്പി അർവിന്ദ് സുകുമാർ, തഹസിൽ ദാർ കെ.എം. നാസർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഇടവട്ടത്ത് ദീപയുടെ വീട്ടുവളപ്പിൽ നടക്കും.സംഭവത്തിലെ ദുരൂഹത അകറ്റുന്നതിനു സമഗ്ര അന്വേഷണം നടത്തണം എന്ന് ദീപയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
റിമാൻഡ് പ്രതി കുമാറിനെ (49) പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുംമുൻപ് സബ് ജയിലിൽവച്ചുതന്നെ മരിച്ചതായി സഹതടവുകാരൻ കുമളി ചെങ്കര സ്വദേശി സുനിൽ സുകുമാരൻ. ജയിലിലും മർദനമേറ്റതായും മരിച്ച ദിവസം രാവിലെ ഒരു ഉദ്യോഗസ്ഥൻ കുമാറിന് ഗുളിക കൊടുത്തതായും സുനിൽ വെളിപ്പെടുത്തി.
‘ജയിലിൽ കുമാറിന്റെ സമീപത്തെ സെല്ലിലായിരുന്നു ഞാൻ. 21 ന് രാവിലെ അവശനിലയിലാണു കുമാറിനെ കണ്ടത്. അൽപം വെള്ളം തരുമോ എന്നു കരഞ്ഞു യാചിച്ചു കുമാർ നിലത്ത് കമഴ്ന്നു വീണു. ഈ സമയം ജയിലിൽ യോഗാദിന പരിപാടികൾ നടക്കുകയായിരുന്നു. അതുകഴിഞ്ഞു തടവുകാർ എത്തിയപ്പോൾ മരിച്ചു കിടക്കുന്ന കുമാറിനെയാണ് കണ്ടത്’
മരിക്കുന്നതിന്റെ തലേന്ന് രാത്രി 7ന് നെഞ്ചുവേദന അനുഭവപ്പെടുന്നതായി കരഞ്ഞു പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. രാത്രി 7ന് ആരംഭിച്ച കുമാറിന്റെ ഉച്ചത്തിലുള്ള കരച്ചിൽ 12 മണി വരെ തുടർന്നു. വെളുപ്പിന് 5 മണിക്ക് എത്തിയ ഉദ്യോഗസ്ഥൻ, നീ ഞങ്ങളെ ഉറക്കുകയില്ല അല്ലേ എന്നു ചോദിച്ച് അസഭ്യവർഷം നടത്തി. ഇതിനിടെ, തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരും കൂട്ടമായി കുമാറിനെ മർദിച്ചുവെന്ന വിവരം പുറത്തുവന്നു. 12 ന് കുട്ടിക്കാനം മുതൽ പുളിയൻമല വരെയുളള യാത്രയ്ക്കിടെ കുമാറിനു നിരന്തരം മർദനമേറ്റു.
നെടുമങ്ങാട്ടെ പെൺകുട്ടിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും സുഹൃത്തും. ഇരുവരുടെയും ബന്ധം എതിർത്തതിനാലാണ് കുട്ടിയെ കൊന്നതെന്ന് മൊഴി നൽകി. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും കുറ്റം സമ്മതിച്ചത്.
മഞ്ജുഷയും സുഹൃത്ത് അനീഷിനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊന്നതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കും. കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് ഏല്ലുകൾക്ക് പൊട്ടലുണ്ട്.
ഇന്നലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാവ്ച മുമ്പാണ് മഞ്ജുഷയെയും കുട്ടിയെയും പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായത്. രണ്ടാഴ്ചയിലേറെയായിരുന്നു. മകൾ ഒളിച്ചോടിയെന്നും പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.