വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞയാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി രാമകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്.

ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠയും തകര്‍ത്ത സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്. സികെ പാറ ശാന്തിനഗര്‍സ്വദേശി രാമകൃഷ്ണനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി.

ആരാധനാലയം തകര്‍ക്കാനുള്ള ശ്രമം നടന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ ടി, സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കെആര്‍, എഎസ്‌ഐ ശശി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.