‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പുതിയ ലുക്കും എത്തി. കുങ്ഫു വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സമാനമായ ലുക്കിലുള്ള ചിത്രം മുൻപും പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.
നേരത്തെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം മോഹൻലാൽ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. . 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.
അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 11.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഷീല ദീക്ഷിത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഉച്ചക്ക് 2.30ക്ക് ഡല്‍ഹി കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടില്‍ സംസ്‌കരിക്കും.
മുൻ കേരള ഗവർണര്‍ കൂടിയായ ഷീലാ ദീക്ഷിത് ശനിയാഴ്ച്ച ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിൽ ഉച്ച കഴിഞ്ഞ് 3.55 നായിരുന്നു അന്ത്യം. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലയോടുള്ള ആദരസൂചകമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
വെളളിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്പം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിതാണ് ഭർത്താവ്. മക്കൾ ഡൽഹി മുൻ എംപി സന്ദീപ് ദീക്ഷിതും ലതികാ സയ്യിദും.
പശ്ചിമബംഗാൾ മുൻ ഗർവണർ ഉമാശങ്കർ ദീക്ഷിതിന്റെ പുത്രൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതാണ് ഷീലയുടെ ജീവിതം വഴിതിരിച്ചത്. 1984 ൽ രാഷ്ട്രീയപ്രവേശം നടത്തിയ ഷീലയുടെ ആദ്യമത്സരം യു.പിയിലെ കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക്. 1986 മുതൽ മൂന്നു വർഷം പാർലമെന്ററികാര്യ സഹമന്ത്രിയായി.
1998-ൽ ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം. പിന്നീട് ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിൽ വിജയം വെട്ടിപ്പിടിച്ച ഷീല, തുടർച്ചയായി പതിനഞ്ചു വർഷം മുഖ്യമന്ത്രിപദത്തിൽ. ഡൽഹി പി.സി.സി അധ്യക്ഷയുമായിരുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു തോറ്റ് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം 2014 മാർച്ചിൽ കേരളാ ഗവർണറായി. അഞ്ചു മാസത്തിനു ശേഷം രാജിവച്ചു.
രണ്ടു ഫോൺകോളുകളാണു തന്റെ ജീവിതം മാറ്റി മറിച്ചതെന്നു ഷീല ദീക്ഷിത് പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷം രാജീവ് ഗാന്ധിയുടേതായിരുന്നു ആദ്യത്തെ ഫോൺ കോൾ. ഉത്തർപ്രദേശിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ആ കോൾ. അങ്ങനെ ഷീല കനൗജിൽനിന്ന് എംപിയായി, മന്ത്രിയായി . രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം 1998–ലാണ് രണ്ടാമത്തെ കോൾ. സോണിയ ഗാന്ധിയായിരുന്നു മറുതലയ്ക്കൽ. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കോൺഗ്രസിനെ നയിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ആ ഫോൺ സന്ദേശം ഷീലയെ ഡൽഹി മുഖ്യമന്ത്രിയാക്കി. ഒരു തവണയല്ല, 3 തവണ.
ഷീല ദീക്ഷിത് തന്റെ ആത്മകഥയെഴുതിയത് അടുത്ത കാലത്താണ്,‘സിറ്റിസൺ ഡൽഹി– മൈ ടൈംസ്, മൈ ലൈഫ്.’ ആ പുസ്തകത്തിൽ പക്ഷേ അവർ പറഞ്ഞതിനേക്കാളേറെ പലതും പറയാതെ മറച്ചു വച്ചു. 1984–ൽ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന്റെ നിലപാടിനെ അവർ എതിർത്തതാണ്; പക്ഷേ പുസ്തകത്തിൽ കൂടുതൽ പറയുന്നില്ല. പി വി നരസിംഹറാവു പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരിക്കേ പാർട്ടി പിളർന്നു. അന്ന് എൻ.ഡി. തിവാരിയോടെപ്പം പോയതിനെക്കുറിച്ചും ഷീല കൂടുതൽ പറയുന്നില്ല.
ഡൽഹി കണ്ട ഏറ്റവും ശക്തയും വികസനോത്സുകയുമായ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 1988–ൽ അവർ സ്ഥാനമേൽക്കുമ്പോൾ ഡൽഹി നഗരത്തിന്റെ നില അത്രയൊന്നും മെച്ചമായിരുന്നില്ല. 1984–ൽ ഏഷ്യൻ ഗെയിംസ് കാലത്തുണ്ടായ വികസനത്തെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയുടെ മുഖഛായ മാറ്റിയ മെട്രോ റെയിൽ, ലോകോത്തര നിലവാരമുള്ള വിമാനത്താവളം – അതും സ്വകാര്യ പങ്കാളിത്തത്തോടെ, അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറച്ച സിഎൻജി, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം, ജലവിതരണത്തിലെ പരിഷ്കാരങ്ങൾ…ഡൽഹി മാറുകയായിരുന്നു, തികച്ചും ആധുനികമായ നഗരമായി.
പഞ്ചാബിൽ ജനിക്കുകയും യുപിക്കാരനെ വിവാഹം കഴിക്കുകയും ചെയ്തുവെങ്കിലും ഡൽഹിക്കാരിയായിരുന്നു എന്നും ഷീല. ജീസസ് ആൻഡ് മേരി കോൺവന്റ് സ്കൂളിൽ പഠിക്കുമ്പോഴും മിറാൻഡ ഹൗസ് കോളജിൽ പഠിക്കുമ്പോഴും ഡൽഹിയിലെ റോഡുകളിലൂടെ സൈക്കിൾ ഓടിച്ചിരുന്ന ഷീല പിന്നീട് ഡൽഹിയുടെ ഭരണ ചക്രം തിരിച്ചു. 48 –ാം വയസ്സിൽ ഭർത്താവ് മരിച്ച ശേഷം അവർക്കു മുന്നിൽ ജീവിതം ഉയർത്തിയ വെല്ലുവിളിയെ സധൈര്യം നേരിട്ടു.
ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു അവർ. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏതു പരിപാടിക്കു ക്ഷണിച്ചാലും അവർ ഓടിയെത്തിയിരുന്നു. മലയാളികളുമായി എന്നും അടുത്ത ബന്ധവും സ്നേഹവും പുലർത്തിപ്പോന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി മലയാളി സംഘടനകളെ വിളിച്ചു വരുത്തി ചർച്ചകൾ നടത്തിയിരുന്നു.
ഡൽഹി നിവാസികൾക്ക് പ്രിയപ്പെട്ട ദീദി ആയിരുന്നു ഷീല ദീക്ഷിത്. രാഷ്ട്രീയത്തിന് അതീതമായി അവർ ദീദിയെ ഇഷ്ടപ്പെട്ടു. 15 വർഷം ഭരണത്തിലിരുന്നിട്ടും ഒരു അഴിമതി ആരോപണവും നേരിടാതിരുന്ന ഷീല അവസാനം കോമൺവെൽത്ത് ഗെയിസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് 3 ആരോപണങ്ങൾ നേരിട്ടു. മൂന്നിലും അവർ കുറ്റവിമുക്തയായി. പക്ഷേ അപ്പോഴേക്കും ഡൽഹിയുടെ രാഷ്ട്രീയം ഏറെ മാറിക്കഴിഞ്ഞിരുന്നു. ഷീല ദീക്ഷിത്തിന് ഒരു തിരിച്ചു വരവിന് സാധ്യമായ വിധത്തിലായിരുന്നില്ല ഡൽഹിയുടെ രാഷ്ട്രീയം – രാജ്യത്തിന്റെയും.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവർ അനുശോചിച്ചു.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. വിക്കറ്റ് കീപ്പര്‍ എം.എസ്.ധോണി പിന്‍മാറിയതോടെ ഋഷഭ് പന്ത് ഒന്നാംവിക്കറ്റ് കീപ്പറാകും. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് പരിഗണിച്ച് ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഏകദിനത്തിലും ട്വന്റി20യിലും വിശ്രമം നല്‍കുമെന്നാണ് സൂചന. അടുത്ത മാസം മൂന്നിനാണ് പര്യടനം തുടങ്ങുക.
കണ്ണീർപ്പെയ്ത്തിനു നടുവിലേക്ക് സന്തോഷക്കടലായി അവർ ഇരമ്പിയെത്തി. 4 നാൾ മുൻപു കടലിൽ കാണാതായ 4 മത്സ്യത്തൊഴിലാളികൾ സ്വന്തം പരിശ്രമത്താൽ ആശ്വാസതീരമണഞ്ഞതു അദ്ഭുതകരമായ രക്ഷപ്പെടലും അതിജീവനവുമായി. പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു രക്ഷയായത്.
ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ‘ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി ഞങ്ങൾ നിലവിളിച്ചു. അതിനിടെ നങ്കൂരം പാരുകളിൽ വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.
കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി.’– നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.
ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.
നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.
ഷിജോ ഇലഞ്ഞിക്കൽ
കളിവീടുണ്ടാക്കുമ്പോൾ നിന്നെ സഹായിക്കാനായിരിക്കും അവൾക്ക് കൂടുതൽ താൽപ്പര്യം…
ഒളിച്ചുകളിക്കുമ്പോൾ നിന്നോടോപ്പമായിരിക്കും അവൾ ഒളിക്കുക.
അവളാണ് ഒളിച്ചവരെ പിടിക്കുന്നതെങ്കിലോ! നിന്നെ ആദ്യം കണ്ടാലും അവൾ പിടിക്കുകല്ല, കണ്ണടച്ചുകാണിക്കും.
കഞ്ഞിയും കറിയും വച്ചുകളിക്കുമ്പോൾ നിന്റെ വീട്ടുകാരിയാകാനായിരിക്കും അവൾക്കിഷ്ടം.
പരസ്പരം മണ്ണുവാരിയെറിഞ്ഞു കളിക്കുമ്പോൾ അവളെ പ്രൊട്ടക്ട് ചെയ്യാൻ നീ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. എന്നാലും കൂട്ടുകാരൻ എറിഞ്ഞ ഒരുപിടിമണ്ണ് അവളുടെ ദേഹത്തുവീണു, കണ്ണിൽ മണ്ണുപോയ് അവൾ കരയാൻ തുടങ്ങി, അതോടെ കളിനിന്നു; ഇടിതുടങ്ങി, അവളുടെ കണ്ണിൽമണ്ണുവാരിയിട്ടവനെ നീ തിരഞ്ഞുപിടിച്ചിടിച്ചു.
കളികഴിഞ്ഞു തോട്ടിൽകുളിക്കുന്നതിനു മുൻപ് മീൻപിടിക്കാൻ തോർത്തു വിരിക്കുമ്പോൾ നിന്റെ തോർത്തിന്റെ അങ്ങേതലപ്പത് അവൾ പിടിക്കും,
നീ കുളിച്ചുകയറിവരുവോളം കരയ്ക്ക് ഊരിവച്ച നിന്റെ നിക്കറിലോ ഷർട്ടിലോ ഒരുതുള്ളിവെള്ളം വീഴാതെ അവൾ സൂക്ഷിക്കും.
സന്ധ്യയാകുമ്പോൾ കളിക്കൂട്ടം പിരിയും, തിരികെ വീട്ടിലേക്ക് നടക്കാൻ അവൾ ഓടി നിന്റെയടുത്തുവരും, പിന്നെ ഒരുമിച്ച് വീട്ടിലേക്ക്.
വീട്ടുപടിക്കൽ എത്തുമ്പോൾ അവളുടെ മുത്തശ്ശി വിറയ്ക്കുന്ന സ്വരമുയർത്തി പറയും: “പെണ്ണിന് കളികൂടുന്നുണ്ട് സന്ധ്യക്കുമുന്പ് വീട്ടിൽക്കയറണ്ടേ, വല്ലാത്തകാലമാ “.
“എന്തിനാണമ്മേ പേടിക്കുന്നത് അവൾ ഉണ്ണിയുടെ കൂടയല്ലേ പോകുന്നത് “: അവളുടെ അമ്മ ഇതു പറയുന്നത് നിനക്ക് പടിപ്പുരയുടെ പുറത്തുനിന്നുകേൾക്കാം, അപ്പോൾ നിന്റെ നെഞ്ചുവിരിവ് രണ്ടിഞ്ചു കൂടും.
“ഉണ്ണീ വാ…കയറീട്ട് പോകാം…ശർക്കരയും തേങ്ങയും ചേർത്ത അവലുണ്ട് കഴിച്ചിട്ടുപോകാം”: അവളുടെ അമ്മ സ്നേഹപൂർവ്വം വിളിക്കും.
“വേണ്ടമ്മേ… ഞാൻ നാളെവരാം”.
ഇത്രയും പറഞ്ഞിട്ട് നീ വലതുകാൽ ഉയർത്തിച്ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു, പിന്നെ വലതുകൈ തിരിച് ആക്‌സിലേറ്റർകൊടുത്തു. വായിൽനിന്ന് തുപ്പലുചീറ്റുന്നശബ്ദത്തിൽ വണ്ടി റെയ്‌സ് ചെയ്തു. ഇടതുകൈത്തിരിച് ഫസ്റ്റ് ഗിയർഇട്ടു, വായിൽ ശബ്ദവ്യത്യാസം, പിന്നെ സെക്കന്റ് ഗിയർ…തേർഡ് ഗിയർ…ഓട്ടത്തിന്റെ സ്പീഡ് അതനുസരിച്ചു കൂടി, വായിൽനിന്ന് തുപ്പലും ശബ്ദവും സ്പേറേപോലെ ചീറ്റി…
“ഛെ…എന്താണിത് വൃത്തികെട്ട ശബ്ദo കേൾപ്പിക്കുന്നത് “: ഭാര്യയുടെ ശബ്ദo കേട്ട് ഞാൻ ഞെട്ടി.
“ദേ കിറി മുഴുവൻ തുപ്പലൊഴുകിയിരിക്കുന്നു”, അവൾ സ്നേപൂർവം സാരിത്തുമ്പുകോണ്ട് എന്റെ മുഖം തുടച്ചു. “ഇതെന്താ കൊച്ചുകുട്ടികളെ പോലെ വണ്ടിയോടിച്ചുകളിക്കുകയാണോ? വാ, ദേ അത്താഴം വിളമ്പി വച്ചിരിക്കുന്നു.”
മുറ്റത്തുകൈകഴുകാൻ ഇറങ്ങിയപ്പോൾ പടിപ്പുരക്കുപുറത്തുനിന്ന് അവൾ വീണ്ടും വിളിക്കുന്നു:
ഉണ്ണീ… വാ കളിക്കാൻ പോകാം…
പത്തനംതിട്ട∙ കുപ്പിവെള്ളം ലിറ്ററിന് 11 രൂപയ്ക്ക് ഇനി റേഷൻ കടകളിലും ലഭിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായും റേഷൻ വ്യാപാരികൾക്കു വരുമാന വർധനയും ലക്ഷ്യമിട്ടാണ് റേഷൻ ഇതര സാധനങ്ങളും റേഷൻ കടകൾ വഴി വിതരണം െചയ്യുന്നത്. റേഷൻ കടകള്‍ വഴി മറ്റു സാധനങ്ങൾ വിൽക്കുന്നതിനുള്ള തടസം ഒഴിവാക്കിയാണു പുതിയ സർക്കാര്‍ ഉത്തരവ്. സപ്ലൈകോ ശബരി ബ്രാൻഡിന്റെ 23 സാധനങ്ങൾ ഉൾപ്പെടെ ഇനി ലഭിക്കും.
കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ കൃത്യമായ നിബന്ധനയുണ്ട്. ബിഐഎസ് അംഗീകാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാൻ പാടുള്ളു. 11 രൂപ എന്നതു വില വിവരപട്ടികയിൽ ഉൾപ്പെടുത്തണം. സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾ അല്ലാതെ മറ്റൊന്നും വിൽക്കാനും പാടില്ല. വെളിച്ചെണ്ണ, തേയില, വാഷിങ് സോപ്പ്, പുട്ടുപൊടി, അപ്പം പൊടി, കായം, ഉപ്പ് പൊടി തുടങ്ങി 23 ശബരി ബ്രാൻഡുകളാണ് വിൽപനയ്ക്കു വരുന്നത്.

ഇതൊക്കെ എംആർപി വിലയെക്കാൾ താഴ്ന്ന വിലയ്ക്കു നൽകാനാകുമെന്നാണു സർക്കാർ വാദം. റേഷൻ കടകൾ ജിഎസ്ടിയുടെ പരിധിയിൽ വരാത്തതിനാലാണ് ഇത്തരത്തിൽ വില താഴ്ത്തി വിൽക്കാനാകുന്നതത്രെ. 14,336 റേഷൻ കടകളാണു കേരളത്തിലുള്ളത്. തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ നിന്ന് ശബരി സാധനങ്ങൾ വാങ്ങണമെന്നാണ് റേഷൻ കടകൾക്ക് നൽകിയ നിർദേശം.
എന്നാൽ തുവരപരിപ്പ്, കടല, പയർ, വൻപയർ, ചെറുപയർ, ഉഴുന്ന്, വറ്റൽ മുളക്, പഞ്ചസാര, മല്ലിപ്പൊടി തുടങ്ങി മാവേലി സ്റ്റോറുകൾ വഴി വിലകുറച്ച് നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷൻ കടകൾ വഴി ലഭ്യമാക്കിയാലെ ജനങ്ങൾക്ക് ഇൗ തീരുമാനംകൊണ്ടു ഗുണമുണ്ടാകുവെന്നാണു റേഷൻ കടക്കാരുടെ അഭിപ്രായം. റേഷൻകടകളെ വിലനിയന്ത്രണ വിൽപന കേന്ദ്രമാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നത്. ഇൗ ലക്ഷ്യത്തിലെത്താൻ വില കുറച്ചു നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.
അനുജ.കെ
മഴത്തുള്ളികൾ നെറ്റിത്തടത്തിലേക്കു വീണപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. വീടെത്താറായിരിക്കുന്നു. തിരക്കു പിടിച്ചു ബാഗിൽ നിന്നും കുടയെടുത്തു. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം വീട്ടിലെത്താൻ. നീണ്ട യാത്ര കഴിഞ്ഞതിന്റെ ക്ഷീണത്തിൽ നടപ്പിന് ഒരു വേഗത കിട്ടുന്നില്ല. പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു കൂക്കു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കടത്തിണ്ണയിൽ മുഷിഞ്ഞ കോട്ടും സ്യൂട്ടുമിട്ടു ഒരാൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഏറെ നാളുകൾക്കു ശേഷം തമ്മിൽ കാണുകയാണ്.
മഴക്കാലം തുടങ്ങിയിരിക്കുന്നു…. അന്തരീക്ഷം തണുപ്പ് കൊണ്ട് നിറയുകയാണ്. ഞാൻ സാരി തലപ്പ് പുതപ്പാക്കാനുള്ള ശ്രമത്തിനിടയിൽ ചിരിക്കുള്ള മറുപടിയായി “തണുപ്പുണ്ടോ?…… ” എന്നൊരു ചോദ്യം.
നേരം ഒരുപാട് വൈകിയിരിക്കുന്നു…. ഈ തണുപ്പത്ത് അയാൾ എന്ത് ചെയ്യും….. എവിടെ കിടന്നുറങ്ങും….. എന്തായിരിക്കും കഴിക്കുന്നത്…… വ്യാകുലപ്പെടുന്ന മനസ്സിനെ അടക്കിപ്പിടി ച്ചുകൊണ്ടു ചോദ്യത്തിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ നടപ്പിന്റെ വേഗം കൂട്ടി…….
അമ്മയുടെ നാട്ടിൽ വലിയൊരു കോലാഹലം സൃഷ്ടിച്ചായിരുന്നു ഞാനും എന്റെ സഹോദരനും ഭൂജാതരായത് .
ഇരട്ടക്കുട്ടികൾ !!! ഞങ്ങൾ ഇരട്ടക്കുട്ടികളാണെന്ന് ഒരു എക്സ്-റേയിലൂടെയാണ് ആശുപത്രി അധികൃതരും വീട്ടുകാരും മനസ്സിലാക്കുന്നത്. ഏറെ വിവാദമായ ആ എക്സ്-റേ പിന്നീട് ഞാനും കണ്ടിട്ടുണ്ട്. എക്സ്-റേയിൽ എന്റെ സഹോദരൻ ഒരു കൂടയ് ക്കുള്ളിലായിരുന്നു. ഞാൻ ജനിച്ച് മൂന്ന് മിനിറ്റിനു ശേഷമാണ് അവനെ പുറത്തേയ്ക്ക് എടുക്കുന്നത്. കൂടയ്ക്കു ഉള്ളിൽ നിന്നും പുറത്തെടുക്കണമല്ലോ !!… പക്ഷേ അവന്റെ വരവ് വലിയ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ആയിരുന്നു. അപ്പോഴാണ് മൂന്ന് മിനിറ്റ് മുൻപ് പുറത്തുവന്ന ഞാനും കരയുന്നത്. കൂട്ടനിലവിളി…. എനിക്ക് ചെവിക്കു കുഴപ്പമൊന്നുമില്ലയെന്ന് ബന്ധുക്കളുടെ കമന്റ്. ഇരട്ടക്കുട്ടികളിൽ രണ്ടാമത് ജനിച്ചയാളാണ് മൂത്തത് എന്നൊരഭിപ്രായം പരക്കെയുണ്ട്. അങ്ങനെയെങ്കിൽ എന്റെ സഹോദരനാണ് മൂത്തയാൾ. പക്ഷേ ആ മൂന്ന് മിനിറ്റ് കണക്ക് പരിശോധിച്ചാൽ ഞാനാണ് മൂത്തത്. ഞങ്ങൾ തമ്മിൽ മൂത്തയാളാരാരാണെന്നുള്ള തർക്കം ഇന്നും നിലനിൽക്കുന്നു…
എന്റെ ജനനവും കടത്തിണ്ണയിൽ കണ്ടയാളും തമ്മിൽ എന്തു ബന്ധമെന്നോർക്കുന്നുണ്ടാവും. ഒരു മലയോരപ്രദേശത്തു ഒരു പുതിയ സ്കൂൾ തുടങ്ങുന്നതിനായി എത്തിയ അധ്യാപക ദമ്പതികളുടെ അരുമ സന്തതികൾ ആ നാട്ടുകാരുടെ മുഴുവൻ ഓമനകളായിരുന്നു. താലോലിക്കാൻ അപ്പച്ചനും( കടത്തിണ്ണയിൽ കണ്ടയാളെ അങ്ങനെയാണ് നാട്ടിൽ അറിയപ്പെടുന്നത് ) ആവശ്യപ്പെടാറുണ്ടായിരുന്നു.
അച്ഛനോട് കുഞ്ഞുങ്ങളെ എടുക്കാൻ തരണമെന്ന് പറയും. അപ്പോൾ അച്ഛൻ തോർത്തും സോപ്പുമെടു ത്തു കൊടുത്തു കുളിച്ചിട്ടു വരാൻ പറയും. വല്ലപ്പോഴുമേ കുളിയുള്ളൂ…. കുളി കഴിഞ്ഞു വരുമ്പോൾ ഞങ്ങളെ മടിയിൽ വച്ചു കൊടുക്കും. അപ്പോൾ അപ്പച്ചന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു എന്ന് അമ്മ പറയാറുണ്ട്…. ആ സ്നേഹമായിരിക്കണം ഇന്നും ആ കൂക്കു വിളിയിൽ.സ്നേഹത്തിന്റെ വിളി….
തണുപ്പിനെ പ്രതിരോധിക്കാൻ ചൂടു കാപ്പിയും മോന്തികൊണ്ട് ഞാൻ വീടിന്റെ ഉമ്മറത്തേയ്‌ക്ക് വന്നപ്പോൾ അപ്പച്ചനുണ്ട് മുറ്റത്തു നിൽക്കുന്നു.
എന്റെ ചോദ്യത്തിനുത്തരം തരാൻ വന്നതാണോ??
അനുജ.കെ
ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം എംഎസ് ധോണി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് അറിഞ്ഞത് വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണി കളിക്കുമെന്ന്. എന്നാല്‍, ആരാധകരെ നിരാശയിലാക്കി ധോണി ടീമില്‍ നിന്നും മാറി നില്‍ക്കും. ധോണിയുടെ സാന്നിധ്യം ഉണ്ടാവില്ല.
രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോണി ആവശ്യപ്പെട്ടെന്നാണ് ബിസിസിഐ അറിയിച്ചത്. മൂന്നു കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ എം.എസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ല. അദ്ദേഹം സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണ്. അത് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സൈന്യത്തില്‍ പാരച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. ഞായറാഴ്ച്ചയാണ് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെയാകും ബി.സി.സി.ഐ പരിഗണിക്കുക. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്
ന്യൂഡല്‍ഹി: മദ്യത്തിലും ആണ്‍ പെണ്‍ ഭേദമുണ്ടോ എന്ന് ചോദിക്കരുത്. ഇനി ഉണ്ടാകും. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിയര്‍ എന്നാണ് തങ്ങളുടെ ഉത്പന്നത്തെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബിയര്‍ പുറത്തിറക്കിയ വിശേഷം നാട്ടുകാരെ അറിയിക്കാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പബ് ഉടമസ്ഥര്‍ പക്ഷെ വിമര്‍ശന ശരങ്ങള്‍ നേരിടേണ്ടിവന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.
നിലവില്‍ ലഭ്യമായിട്ടുള്ള ബിയര്‍ പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണെന്നും സ്ത്രീകള്‍ ഭൂരിഭാഗവും അത് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പബ് ഉടമസ്ഥരുടെ കണ്ടെത്തല്‍. അതിനാല്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ മധുരം നിറഞ്ഞ ബിയര്‍ ആണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതത്രെ. ന്യൂസ് 18 ആണ് സംഭവം വാര്‍ത്തയാക്കിയിരിക്കുന്നത്.
സംഗതി അവര്‍ ഉദ്ദേശിച്ച തരത്തില്‍ കുപ്രസിദ്ധി നേടി. വിമര്‍ശനങ്ങള്‍ അതിരുകടന്ന് വിദ്വേഷം നിറഞ്ഞ രീതിയിലേക്ക് കടന്നതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവര്‍ പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് വിമര്‍ശകര്‍ തങ്ങളുടെ ട്വീറ്റുകളില്‍ ഉള്‍പ്പെടുത്തിയതോടെ ചുളുവില്‍ നല്ല പരസ്യമാണ് പുതിയ ബിയറിന് ലഭിച്ചിട്ടുള്ളത്.
സാങ്കേതിക തരാറിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന് തുടക്കം കുറിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് പറന്നുയരുക. വിക്ഷേപണം എട്ടുദിവസം വൈകിയാണെങ്കിലും മുന്‍നിശ്ചയിച്ച സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനിലിറങ്ങും
ഭൂമിയെന്ന വാസസ്ഥലം കഴിഞ്ഞാല്‍ മനുഷ്യനില്‍ ഇത്രയധികം കൗതുകമുയര്‍ത്തിയ മറ്റൊരു ഗ്രഹമില്ല. സാഹിത്യങ്ങളില്‍ ചന്ദ്രക്കല പ്രത്യാശയുടെ പ്രതീകമാണ്.മൂന്നൂലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ അകലയെുള്ള അമ്പിളിമാമന്റെ രഹസ്യങ്ങള്‍ തേടിയുളള യാത്രകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല നീല്‍ ആംസ്ട്രോങും സംഘവും ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ട് രണ്ടുദിവസ,ം കഴിയുമ്പോള്‍ ഭാരതത്തിന്റെ രണ്ടാം ദൗത്യം കുതിച്ചുയരും. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നിശ്ചയിച്ചിരുന്ന വിക്ഷേപണം വിക്ഷേപണ വാഹനമായ ജി.എസ്.എല്‍വി മാര്‍ക്ക് ത്രി റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റിലെ ക്രയോജനിക് എന്‍ജിനിലെ മര്‍ദ്ദം ക്രമീകരിക്കുന്നതിനാണ് ഹീലിയം ഉപയോഗിക്കുന്നത്
പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് എട്ടുദിവസം വൈകിയാണ് വിക്ഷേപണമെങ്കിലും മുന്‍നിശ്ചയിച്ചതനുസരിച്ച് സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനില്‍ ഇറങ്ങും. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യം വച്ചുള്ള ആദ്യ പര്യവേക്ഷണമായതിനാല്‍ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഒരിക്കല്‍ വിക്ഷേപണം മാറ്റിവെയ്ക്കേണ്ടിവന്നതിനാല്‍ അതീവ ജാഗ്രതയിലാണ് എസ്റോ.