Latest News

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയ്യപ്പന്റെ പേര് ഉപയോഗിക്കരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്. പ്രദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണ പ്രകടനങ്ങളില്‍ ശരണം വിളിയും സേവ് ശബരിമല മുദ്രാവാക്യവുമെല്ലാം സജീവമാണ്. ഇക്കാര്യത്തില്‍ ശബരിമല കര്‍മസമിതിയും പൂര്‍ണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്.

ശരണം വിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ശബരിമല മാത്രമാണ് പ്രധാന വിഷയമായി ഉപയോഗിക്കാന്‍ പാടുള്ളുവെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വെട്ടിലായിരുന്നു. ഒടുവില്‍ കളക്ടര്‍ അനുപമയ്ക്ക് വിശദീകരണ കുറിപ്പ് എഴുതി നല്‍കിയാണ് സുരേഷ് ഗോപി രക്ഷപ്പെട്ടത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

അതേസമയം ലക്ഷ്മണരേഖ മറികടന്നാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ശബരിമല പ്രധാന ചര്‍ച്ചാ വിഷയമല്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചത്. ശബരിമല ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെ പിള്ള ശാസിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നരേന്ദ്ര മോഡി കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ബി.ജെ.പി വീണ്ടും കളംമാറ്റി പിടിക്കുമെന്നാണ് പിള്ള നല്‍കുന്ന സൂചന.

”ശബരിമല ഞങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണം. അതിനെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ”, എന്നാണ് ശ്രീധരന്‍ പിള്ളയുട നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാല്‍ ബി.ജെ.പി കുടുങ്ങും.

ലണ്ടന്‍: ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്ഥാപനം പണിമുടക്കിയതോടെ ഇമിഗ്രേഷന്‍ അപേക്ഷകളുമായി എത്തിയവര്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത് സാങ്കേതിക തകരാര്‍ എന്നു മാത്രവും. സോപ്ര സ്റ്റെറിയ എന്ന സ്ഥാപനത്തെയാണ് ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് ഏല്‍പ്പിചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുമായി ഹോ ഓഫീസ് 91 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഇമിഗ്രേഷന്‍ സംബന്ധിയായ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സബ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സോപ്ര സ്റ്റെറിയയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി വലിയ ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.

ഓരോ അപേക്ഷകരും ഏതാണ്ട് 60 പൗണ്ടാണ് ഓരോ അപോയിന്‍മെന്റിനും നല്‍കേണ്ടത്. ഇത് അധിക തുകയാണെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല. 600 പൗണ്ട് മുടക്കി 24 മണിക്കൂറിനുള്ളില്‍ തീരുമാനമാകാനായി നല്‍കിയ ഒരു അപേക്ഷകന്‍ കമ്പനിയുടെ നിരുത്തരവാദിത്വം കാരണം 7 ദിവസം കാത്തിരിക്കേണ്ടി വന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ഉള്‍പ്പെടെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഏതാണ്ട് 100ഓളം അപോയിന്‍മെന്റുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

ഇത്രയും അപേക്ഷകര്‍ക്ക് ഒന്നിച്ച് റീ-ഷെഡ്യള്‍ തീയതികള്‍ നല്‍കുക അസാധ്യമായ കാര്യമാണ്. ഇവരുടെ അപോയിന്‍മെന്റുകളുടെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അപേക്ഷകര്‍ പലരും രോക്ഷാകുലരായിട്ടാണ് സംഭവത്തോട് പ്രതികരിച്ചത്. 11 വര്‍ഷമായി യു.കെയില്‍ താമസിക്കുന്ന യുവതി പൗരത്വത്തിനായി അപേക്ഷയുമായി എത്തിയിരുന്നു. ഇത്രയും അധികം കാത്തിരിക്കേണ്ടിവരുന്ന അസഹീനയമാണെന്നായിരുന്നു അവരുടെ പ്രതികരണം. വളരെ മോശം സ്വീകരണം ആയിട്ടെ ഇതിനെ കാണാനാകൂവെന്നും അവര്‍ പ്രതികരിച്ചു.

ലണ്ടന്‍: കോണ്‍വെല്‍ പാര്‍ക്കിന് സമീപത്ത് വെച്ച് നായയുടെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. ടെന്‍ക്രീക്ക് പാര്‍ക്കില്‍ വെച്ചാണ് 10 വയസുകാരനെ നായ ആക്രമിക്കുന്നത്. പാര്‍ക്ക് അധികൃതര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ 28കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരാണ് പട്ടിയുടെ ഉടമസ്ഥയെന്നാണ് പ്രാഥമിക വിവരം. അപകടകരമായ രീതിയില്‍ നായയെ കൊണ്ടുവന്നതിന് ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. കുട്ടിയെ കൊലപ്പെടുത്തിയ നായയെ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടിയത്.

നായയെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പട്ടിയെ താമസിപ്പിച്ചിരുന്ന കാരവാനില്‍ തന്നെയാണ് കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരമൊരു ദാരുണ സംഭവം നടന്നതില്‍ അതിയായ ഖേദമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍്ക്ക് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പാര്‍ക്കിലുണ്ടായരുന്ന മറ്റുള്ളവരെ കൂടി ഭയപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഹോളിഡേ ആഘോഷത്തില്‍ കാര്യങ്ങള്‍ ഭയപ്പാടിലേക്ക് മാറിയെന്നും സംഭവത്തിന് ദൃസാക്ക്ഷിയായ യുവതി പ്രതികരിച്ചു.

നായ കുട്ടിയെ അപായപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സാധരണയായി അപകടകാരികളല്ലാത്ത ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട പട്ടിയാണ് കുട്ടിയെ ആക്രമിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുട്ടികളോടും മുതിര്‍ന്നവരോടും വലിയ ഇണക്കം സൂക്ഷിക്കുന്ന ഇനമാണ് ബുള്‍ഡോഗുകള്‍. 7-9 വര്‍ഷം വരെ മാത്രമെ ഇവ ആയൂര്‍ദൈര്‍ഘ്യമുള്ള. കൂര്‍ത്ത പല്ലുകളും ധൃഢമായ കൈകാലുകളുമാണ് ഇവയുടെ പ്രത്യേകത. സാധാരണയായി ഈ ഇനത്തില്‍പ്പെട്ടവ ‘മീഡിയം’ വലുപ്പുത്തിലാണ് കാണപ്പെടുന്നത്. ഇംഗ്ലീഷ്-അമേരിക്കന്‍ എന്നീ തരത്തില്‍ രണ്ട് ബുള്‍ഡോഗ് ഇനങ്ങളുമുണ്ട്.

മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന നടിയാണ് സംഗീത ക്രിഷ്. സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഉത്തമന്‍, എഴുപുന്ന തരകന്‍, ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സംഗീത മലയാളികള്‍ക്ക് സുപരിചിതയായത്. അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ നടിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഒരിടക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിത വീണ്ടും അമ്മയെ കുറിച്ചുള്ള ഒരു കുറിപ്പുമായി സംഗീത വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞു വിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.

മകള്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംഗീതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.

മുന്‍ഭര്‍ത്താവും നടനുമായ ജോണി ഡെപ്പിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് നടി അമ്പര്‍ ഹേഡ്. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് വെളിപ്പെടുത്തിയിരുന്നു. ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പ് പറഞ്ഞ സാഹചര്യത്തിലാണ് നടി കൂടുതല്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. ‘ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നുപോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.’

ഹേഡിന്റെയും ഡെപ്പിന്റെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്. 50 മില്യണ്‍ യൂ.എസ് ഡോളറാണ് ഹേഡ് ഡെപ്പില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഡെപ്പിനെതിരേ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചിരുന്നു.

കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ടോള്‍പ്ലാസ ജീവനക്കാരനുമായി കാർ സഞ്ചരിച്ചത് ആറ് കിലോമീറ്ററോളം. ഹരിയാനയിലെ ​ഗുരു​ഗ്രാമിലുള്ള ടോള്‍പ്ലാസയിലാണ് സംഭവം. നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാർ ഡ്രൈവർ യുവാവിനെയും കൊണ്ട് പാഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ടോൾപ്ലാസയിലെത്തിയ ​കാർ നിർത്താത്തിനെ തുടർന്ന് തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇടച്ച ശേഷം കാർ മുന്നോട്ട് പാഞ്ഞു. ഇതോടെ ജീവനക്കാരൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു.

താൻ ആറ് കിലോമീറ്ററോളം ബോണറ്റിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ചുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കാർ ഡ്രൈവര്‍ പലതവണ തന്നോട് ദേഷ്യപ്പെട്ടുവെന്നും തന്റെ കാര്‍ പൊലീസ് പോലും തടയില്ലെന്നും അയാള്‍ പറഞ്ഞതായി ജീവനക്കാരൻ കൂട്ടിച്ചേർത്തു.

രൂക്ഷവര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് പരാമര്‍ശം.

ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമര്‍ശം.

വെങ്ങാനൂർ കോളിയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മൃഗീയ ആക്രമിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തവും തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി എസ് ദാസ് ആണ് ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി എന്ന അനിൽ കുമാറിന് വധശിക്ഷയും രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചത്.

കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞ കേസിൽ ഇന്നലെയാണ് കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി വിലയിരുത്തി. 2016 ജൂലൈ ഏഴിന് പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. വെളുപ്പിന് രണ്ടു മണിയോടെ കോളിയൂർ ചാനൽക്കരയിലെ മര്യദാസൻ എന്നയാളിന്‍റെ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ പ്രതികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസൻറെ തല അടിച്ച് തകർത്ത് കൊലപ്പെടുത്തിയശേഷം അടുത്തു കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ചുറ്റിക കൊണ്ടും പാര കൊണ്ടും തലയ്ക്കടിച്ചു ബോധംകെടുത്തി.

തുടർന്നാണ് ഒന്നാം പ്രതി അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തിയത്. അവർ അണിഞ്ഞിരുന്ന താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണ കുരിശുകളും കവർച്ചചെയ്ത ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷവും ഇപ്പോഴും ഒർമ്മ ശക്തി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

തലസ്ഥാന നഗരിയെ പിടിച്ചുലച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാഹചര്യതെളിവുകളും കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതും കൊലപാതകത്തിനുപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തിയതും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതി തമിഴ്നാട്ടിലെ ജ്വല്ലറിയിൽ വില്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയും കേസ് തെളിയക്കുന്നതിൽ നിർണ്ണായകമായി. ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരമാണ് ഒന്നാം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അഭിഭാഷകരായ എസ് ചൈതന്യ സുഭാഷ്, ഉണ്ണികൃഷ്ണൻ, അൽഫാസ് എന്നിവർ ഹാജരായി.

ദുബായ്: രാജ്യത്ത് പലയിടത്തും പരക്കെ ശക്തമായ മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി അധികൃതർ. വെള്ളിയാഴ്ച മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും മഴ ശക്തി പ്രാപിക്കുകയായിരുന്നു. വടക്കൻ എമിറേറ്റ്സിലും ദുബായിലുമാണ് കൂടുതൽ മഴ ലഭിച്ചത്.

ഈ സാഹചര്യത്തിലാണ് അടുത്ത 48 മണിക്കൂറിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അബുദാബി, അൽ ദഫ്ര, അബുദാബി-അൽ ഐൻ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു.

 

വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ(Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, ‘ദാവീദിന്‍ സുതന് ഓശാന’ എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്ന് വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്‍റെ പുത്രന്‍റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്.

ഓശാന ഞായറാഴ്ച പ്രത്യേക പ്രാര്‍ഥനകളാണ് ക്രൈസ്തവ ദേവാലയങ്ങളില്‍. വെഞ്ചിരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നു. ഈ കുരുത്തോലയുമേന്തിയുളള പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.ഓരോ വര്‍ഷത്തെ കുരുത്തോലയും ക്രൈസ്തവ ഭവനങ്ങളില്‍ ഭക്തിയോടെ സൂക്ഷിക്കും. വലിയ നോമ്പിന് തുടക്കും കുറിക്കുന്ന വിഭൂതി ബുധനാഴ്ച (കുരിശുവരപ്പെരുന്നാള്‍) ഈ കുരുത്തോലകള്‍ കത്തിച്ചുള്ള ചാരം കൊണ്ടാണ് വൈദികന്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശുവരച്ച് നല്‍കുന്നത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കുരുത്തോലകള്‍ വിഭൂതി ബുധന് മുന്‍പായി ദേവാലയങ്ങളിലെത്തിക്കാന്‍ വൈദികര്‍ ആവശ്യപ്പെടും. തീര്‍ന്നില്ല, ഈ കുരുത്തോല മുറിച്ച് ചെറിയ കഷ്ണങ്ങള്‍ പെസഹാ വ്യാഴാഴ്ച ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്‍റെ (ഇന്‍ട്രിയപ്പം) നടുക്ക് കുരിശാകൃതിയിലും അപ്പത്തോടൊപ്പം കാച്ചുന്ന പാലിലും ഇടും.

കുരുത്തോലയ്ക്ക് പകരം റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും. നിശ്ചിത തീയതിയിലല്ല ഓശാന ഞായര്‍ ആചരിക്കുന്നത്. ഈസ്റ്റര്‍ കണക്കാക്കി അതിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. അതുകൊണ്ട് മാറ്റപ്പെരുന്നാള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഓശാന ഞായര്‍.

മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കാറുണ്ട്. ഇംഗ്ലണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇലകള്‍ കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്. പാരിസിലാകട്ടെ പാം ചെടിയുടെ ഇലകള്‍ വീശി പാട്ട് പാടുകയാണ് പതിവ്.

ലാസറിന്‍റെ ശനിയാഴ്ച എന്ന് വിളിക്കുന്ന, കേരളത്തില്‍ ‘കൊഴുക്കട്ട ശനിയാഴ്ച’യെന്ന് അറിയപ്പെടുന്ന ശനിയാഴ്ചയുടെ പിറ്റേന്നാണ് ഓശാന ഞായര്‍.ശനിയാഴ്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ കൊഴുക്കട്ട ഉണ്ടാക്കും. കൊഴുക്കട്ട പെരുന്നാളിന് പിന്നിലൊരു കഥയുണ്ട്. പെസഹായ്ക്ക് ആറു ദിവസം മുൻപ്, ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്‍റെ(ഈ ലാസറിനെയാണ് മരിച്ച് മൂന്നാം ദിവസം ഈശോ ഉയര്‍പ്പിച്ചത്) ഭവനത്തിലെത്തുമ്പോൾ ലാസറിന്‍റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്. ആ വിരുന്നിന്‍റെ ഓര്‍മയാണ് കൊഴുക്കട്ട ശനിയാഴ്ചകളില്‍ അനുസ്മരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved