2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ഗംഭീരമാക്കുകയാണ് കോൺഗ്രസ്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോൺഗ്രസ്സിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു അഞ്ച് നിയമസഭാകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയിൽ നിന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ പിടിച്ചെടുത്തത്.
കോൺഗ്രസ് വിജയം രാഹുൽഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായി. ഇതോടെ പ്രതിപക്ഷത്തിന്റെ നേതൃത്വനിരയിലേക്കും രാഹുൽ ഉയർന്നു. യുവതലമുറക്കൊപ്പം തന്നെ മുതിർന്നനേതാക്കൾക്കും ഒരേ പോലെ പ്രാധാന്യം നൽകുന്നതാണ് രാഹുലിന്റെ രീതി. കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയെ ലോക്സഭയിലേക്ക് എത്തിക്കാൻ രാഹുൽ തന്നെ നേരിട്ട് ഇടപെടുന്നതും അതുകൊണ്ടാണ്. ഇടുക്കി, കോട്ടയം ലോക്സഭാ സീറ്റുകളാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി പരിഗണിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ..
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ യാതൊരു സംഘടനാ ചുമതലയും ഏറ്റെടുക്കാന്‍ ദീര്‍ഘനാള്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് അദ്ദേഹത്തെ സംഘടനാ ചുമതലകളിലേക്ക് കൊണ്ടുവന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് ആന്ധ്രയുടെ ചുമതലയും ഹൈക്കമാന്‍ഡ് നല്‍കി. പാര്‍ട്ടിക്ക് വലിയ തിരിച്ചടികള്‍ നേരിട്ട ആന്ധ്രയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനിടെയാണ് അദ്ദേഹത്തെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇടുക്കി ലോക്‌സഭാ സീറ്റില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന. ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ നടത്തിയ ചിലപാരാമര്‍ശങ്ങാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമക്കായത്. കേരളത്തില്‍ നിലവില്‍ സംഘടനാചുമതലയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ആദ്യം നിലവില്‍ അങ്ങനത്തെ തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയം ഏറ്റെടുക്കില്ല. അവിടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുപിന്നാലെ വിവിധ പരിപാടികളുമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സജീവമായതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നു. അതേസമയം നിലവില്‍ അങ്ങനെയൊരും തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എ്ന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊരും തീരുമാനം എടുത്താല്‍ അപ്പോള്‍ അലോചിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉറച്ച യുഡിഎഫ് മണ്ഡലമായ ഇടുക്കി കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചാ വിഷയമായ 2014 ല്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. ഇടത് പിന്തുണയോടെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജ്ജ് ആയിരുന്നു കോണ്‍ഗ്രസ്സില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത്.
2014 ല്‍ നിന്ന് 2018 ലേക്ക് എത്തുമ്പോള്‍ തങ്ങളുടെ പഴയകോട്ടയെ അതുപോലെ തന്നെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ്സിന് ഉള്ളത്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്ത് ഇറക്കുന്നതിലൂടെ അത് പൂര്‍ണ്ണമായും പരിഹരിക്കാം എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഉമ്മന്‍ചാണ്ടിയല്ലെങ്കില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന മറ്റൊരു നേതാവ് കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍കുര്യാക്കോസാണ്. മലയോരകര്‍ഷകരും ക്രീസ്തീയ രൂപതകളും കൈവിട്ടപ്പോഴാണ് കഴിഞ്ഞ തവണ ഡീന്‍കുര്യാക്കോസിന് പാര്‍ട്ടിയുടെ ഉറച്ച മണ്ഡലത്തില്‍ പരാജയപ്പെടേണ്ടി വന്നത്.
അതേസമയം ഇടുക്കിയല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് പരിഗണിക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ്സിന്റെ സീറ്റായ കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെങ്കില്‍ ഇടുക്കി സീറ്റ് അവരുമായി വെച്ചുമാറേണ്ടിവരും. സീറ്റുകള്‍ പരസ്പരം വച്ചു മാറില്ലെന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.
കേരളത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങും തുടങ്ങിയിട്ടില്ല. ഘടക കക്ഷികളുടെ സിറ്റിംഗ് സീറ്റുകള്‍ അവര്‍ക്കു തന്നെ എന്ന പതിവ് യുഡിഎഫ് നയത്തിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതാണ് ഏറ്റവും പ്രധാനം. ജോസ് കെ മാണിക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് നല്‍കിയ സമയത്താണ് കേരള കോണ്‍ഗ്രസിന് കോട്ടയത്തിനു പകരം ഇടുക്കിയെന്ന ചര്‍ച്ച ആദ്യം തുടങ്ങിയത്. അതേസമയം കോട്ടയം ലോക്‌സഭ സീറ്റില്‍ നിന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണി മത്സരിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോസ് കെ മാണി ഇവിടെ നിന്ന് ജയിച്ചിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജോസ് കെ മാണി കോട്ടയം എംപി സ്ഥാനം രാജിവച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
എഐസിസി നേതൃത്വത്തിന്റെ ഭാഗമായ ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും പരമാവധി സീറ്റ് വിജയിക്കുന്നതിന് മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്ത് ഇറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഉമ്മന്‍ചാണ്ടി, കെ എം മാണി പോലെയുള്ളവരെ മത്സരിപ്പിച്ച് ജനവിധി തങ്ങള്‍ അനുകൂലമാക്കുന്നതിന് ശ്രമം നടത്തുകയെന്നതാണ് റിപ്പോര്‍ട്ട്.
നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടി ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചു. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ കനത്ത പ്രതിസന്ധിയുണ്ടാക്കിയ ചരക്ക് സേവന നികുതിയിലെ നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു.
ഏഴ് ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുണ്ടായിരുന്ന 33 ഉത്പന്നങ്ങളുടെ ജിഎസ്ടി 12ഉം അഞ്ചും ശതമാനമാക്കി കുറച്ചു. സിമന്റ്, ടയറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നികുതി കുറച്ചതെന്നാണ് സൂചന.
അതേസമയം, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് നികുതി കുറയ്ക്കലിന് പിന്നിലെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ കുറച്ച നികുതി വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് വിമര്‍ശനങ്ങള്‍.
28 ശതമാനത്തില്‍ നിന്ന് 18 ശതമാനം നികുതിയാക്കിയ ഉത്പന്നങ്ങള്‍: ടയര്‍, വിസിആര്‍, ലിഥിയം ബാറ്ററികള്‍, 32 ഇഞ്ച് വരെയുള്ള ടിവികള്‍
28 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയത്: വീല്‍ ചെയര്‍. ചെരുപ്പിന് രണ്ട് നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമാക്കി ഏകീകരിച്ചു.
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ചിരിച്ച് ചിന്തിപ്പിക്കുന്ന ഈ കൂട്ടുകെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ പുതിയ ചിത്രം ഞാന്‍ പ്രകാശന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.
ഈ വേളയില്‍ സത്യന്‍ അന്തിക്കാടിന് നന്ദിയറിച്ച് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് വന്നു. ഞാന്‍ പ്രകാശനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് വിനീത്. തന്റെ ഫെയ്‌സ്ബുക്ക് രേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിനീതിന്റെ നന്ദി പ്രകാശനം. ‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദിയുണ്ട് സത്യന്‍ അങ്കിള്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജ് ആയി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിനും നന്ദി. ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതിന് ഇപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നു,’ വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഇന്നത്തെ മലയാളിയുടെ സ്വഭാവ വിശേഷങ്ങള്‍ നിറഞ്ഞ ഒരു ചെറുപ്പകാരന്റെ കഥയാണ് ചിത്രം. അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24ത7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹമാന്റേതാണ് സംഗീതം.
ചൊവ്വയുടെ ഉപരിതലത്തില്‍ ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ കുഴിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻപ് നാസയുടെ പേടകങ്ങൾ പകർത്തിയ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തമായ ഒരു ചിത്രം ഇതാദ്യമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ പകർത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ ഗർത്തത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ഭൂമിക്ക് പുറത്ത് ജലമുണ്ടോ എന്നന്വേഷിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ചിത്രം. ചൊവ്വയുടെ ഉത്തര ധ്രുവത്തിൽ 82 കിലോമീറ്റർ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെയും തോന്നിക്കുന്നതാണ് ചിത്രം. ഏകദേശം 200 കിലോമീറ്റർ ആഴത്തിൽ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗർത്തത്തിൽ ആകെ 2200 ക്യുബിക് കിലോമീറ്റർ മഞ്ഞുണ്ടെന്നും ഗവേഷകർ പറയുന്നു. 2003 ലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ ചൊവ്വയെ പഠിക്കാൻ യാത്രതിരിച്ചത്. 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അദ്ഭുതപ്പെടുത്തുന്ന ഈ ചിത്രം അയച്ചിരിക്കുന്നത്
അഞ്ചു ചിത്രങ്ങൾ ചേര്‍ത്താണ് ചിത്രം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. റഷ്യൻ ഗേവഷകൻ സെർജി കോറോലേവിന്റെ പേരിലാണ് ഗർത്തം അറിയപ്പെടുന്നത്. 2003 ലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ ചൊവ്വയെ പഠിക്കാൻ യാത്രതിരിച്ചത്. 15 വർഷം പൂർത്തിയാകാൻ ഇരിക്കെയാണ് ലോകം കാത്തിരുന്ന ചിത്രം എത്തുന്നത്.
For those of you asking – yes it is water ice.
Mars Express first detected water on #Mars in 2004, see our release at the time https://t.co/oAY2Qj0U5N. More recently, the spacecraft detected liquid water under the planet’s south pole, see: https://t.co/JnglOBBt3o https://t.co/J0h3ZfYpXF
— ESA (@esa) December 21, 2018
ഗള്‍ഫ് മലയാളിയായ യുവാവാണ് വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ നഗരസഭയിലെ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രജീഷ് ആര്‍ ടി (34)യാണ് ഗള്‍ഫിലെ റസല്‍ ഖൈമായുടെ താമസസ്ഥലത്തിനടുത്ത് സെയില്‍സ് വാഹനത്തിനുള്ളില്‍ വച്ച് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധന്‍ രാത്രിയിലാണ് സംഭവം.
വ്യാഴാഴ്ച വിവരം ബന്ധുക്കളെ അറിയിച്ചു. രജീഷ് രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ സെയില്‍സ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു. ജനുവരിയില്‍ നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ടായിരുന്നു. താമസസ്ഥലത്ത് സെയില്‍സ് വാഹനത്തിലിരുന്നാണ് രജീഷ് നാട്ടിലുള്ളവരെ ഫോണില്‍ വിളിക്കാറുള്ളത്. പുലര്‍ച്ചെമുറിയില്‍ ഇയാളെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജറായ മലയാളി രജീഷിന്‍റെ വീട്ടില്‍ ഫോണ്‍ വിളിച്ച് 24 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടുവെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ചു രജീഷിന്‍റെ സഹോദരന്‍ മാനേജര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രജീഷിന്‍റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.
തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.
ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.
വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി.
മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മഹേഷിന്റെ പ്രതികാരത്തിലെ ‘ചാച്ചനായി’ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് കെഎല്‍ ആന്റണി (70). അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രേമികളും സിനിമാലോകവും.
ഹൃദയാഘാതമാണ് മരണകാരണം. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയിലെന്ന പോലെ നാടക രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു കെഎല്‍ ആന്റണി. ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ മകനാണ്. ചാച്ചന്റെ മരണവും നാടകീയമായെന്ന് ലാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’ എന്ന് മകനെ വിളിച്ചറിയിച്ചായിരുന്നു അദ്ദേഹം എന്നന്നേക്കുമായി കണ്ണടച്ചത്.
ചാച്ചന്റെ മരണമറിയിച്ചു കൊണ്ട് ലാസര്‍ ഷൈന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
‘ഉച്ചയോടെ ചാച്ചന്‍ വിളിച്ചു; ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു.
എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടി; ചാച്ചന്‍ പിടി തന്നില്ല.
അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്‌ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷന്‍ തിയറ്ററിലാണ്. കാണാന്‍ പോയതായിരുന്നു ചാച്ചന്‍. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറില്‍ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടില്‍ ചെന്ന് ആ താക്കോലെടുക്കട്ടെ…’
[ot-video][/ot-video]
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് മറുട്രോൾ നൽകി വായടപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയെക്കുറിച്ച് ഒരാൾ ഒരു സിനിമാഗ്രൂപ്പിൽ ഇട്ട പോസ്റ്റിന് താഴെയാണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് ഇട്ടത്.
ഇറങ്ങാത്ത പടത്തിന്റെ റിവ്യൂ ഇട്ട കമന്റിന്റെ സ്ക്രീൻഷോട്ട് വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല. സ്ക്രീൻഷോട്ട് സംവിധായകന്റെ കയ്യിലുമെത്തി. സിനിമയെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചയാൾക്ക് അതേ നാണയത്തിൽ തന്നെ ലാൽജോസ് മറുപടി നൽകി. “അച്യുതൻ റിലീസായി എന്നു കരുതി പാവം. ഹിഷാമേ നാളെ പടം കാണണേ” എന്നുപറഞ്ഞ് സ്ക്രീൻഷോട്ട് സഹിതം ലാൽജോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോബോബൻ–ലാൽജോസ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. ഗ്രാമീണപശ്ചാതലത്തിലുള്ള സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു
പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു
പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ
സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.
മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.
അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു