പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു

വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു

പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്

 കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ

സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ‍ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.

മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.‍ മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.

അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.

കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു