Latest News

താരസംഘടന അമ്മ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കായുള്ള മോഹന്‍ലാലിന്റെ റിഹേഴ്‌സല്‍ വീഡിയോ വൈറലാകുന്നു. പ്രജ എന്ന സിനിമയിലെ ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക..എന്ന ഗാനത്തിന്റെ അനുപല്ലവി വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇനിയയും മോഹന്‍ലാലുമാണ് വീഡിയോയില്‍. വളരെ ഫ്‌ളക്‌സിബിളായാണ് മോഹന്‍ലാല്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത്.

ഡിസംബര്‍ 7 ന് അബുദാബിയിലാണ് ‘ഒന്നാണ് നമ്മള്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’യിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്. എം ജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകന്‍.

ലാലിന്റെ നൃത്തമികവിനെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ആക്ഷനും കട്ടിനുമിടയില്‍ കളിക്കുന്നത് പോലെയല്ല റിയല്‍ സ്‌റ്റേജില്‍ അതും ഈ പ്രായത്തിലെന്നാണ് ആരാധകരുടെ അഭിപ്രായം.

സിനിമാ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നെന്ന സൂചന നല്‍കി ഉലകനായകന്‍ കമല്‍ഹാസന്‍. ‘ഇന്ത്യന്‍ ടു’ തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയപ്പോഴാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമല്‍ ഹാസന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.

1996 ല്‍ എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ ടു. കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച സിനിമയില്‍ മനീഷ കൊയ്രാളയായിരുന്നു നായിക. എംഎം രത്നമായിരുന്നു സിനിമ നിര്‍മ്മിച്ചത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഒരാള്‍ അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്.

എസ് ശങ്കര്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു വിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. 2019 ല്‍ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും തീര്‍ക്കുവാനാണ് പദ്ധതി. 2020 ല്‍ ചിത്രം തിയെറ്ററുകളിലെത്തും. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക. ചിമ്പു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
എ.ആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതമൊരുക്കുക. പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്. രവിവര്‍മ്മനാണ് ഛായാഗ്രഹണം.

മീന്‍ വില്‍പനക്കാരനായ മധ്യവയസ്‌കനെ ഇടുക്കിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. അറുപത്തെട്ടുകാരനായ അടിമാലി വാളറ സ്വദേശി എം. മക്കാറിനെയാണ് മര്‍ദ്ദിച്ചത്. മക്കാറിനെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു.

റിസോര്‍ട്ടിലേക്ക് മീന്‍ നല്‍കിയതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ചംഗസംഘം മര്‍ദ്ദിച്ചത്. മീനുമായി വരുന്ന വഴിക്ക് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. റോഡിലിട്ട് ചവിട്ടുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോതമം?ഗലം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പൊലീസിനെ അറിയിച്ചാല്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസിനെ അറിയിക്കുമെന്ന് മക്കാറിനെ മര്‍ദ്ദകസംഘം ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. ഓട്ടോയും ടാക്‌സിയും പണിമുടക്കിയും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മാങ്കുളത്ത് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

മൈതാനത്ത് എതിരാളികളെ വീഴ്ത്താൻ ഏതടവും പയറ്റുന്ന ടീമെന്ന ‘ഖ്യാതി’ നേടിയിട്ടുള്ളവരാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. എതിർ ടീമിനെ ചീത്ത വിളിച്ചും പ്രകോപിച്ചും മാനസികമായി തകർക്കാൻ ഇവർ മിടുക്കരാണ്. സ്ളെഡ്ജിങ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ചീത്തവിളി പ്രഫഷനലിസമെന്നാണ് ഓസ്ട്രേലിയയുടെ വാദം. പലപ്പോഴും സ്ളെഡ്ജിങ് അതിരുവിടുകയും ഗ്രൗണ്ടിന് പുറത്തേക്ക് അന്താരാഷ്ട്ര പ്രശ്നമായി മാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ സ്ളെഡ്ജിങ് ബൂമറാങ് പോലെ ഓസ്ട്രേലിയയെത്തന്നെ തിരിഞ്ഞു കൊത്തിയിട്ടുമുണ്ട്.

വ്യാഴാഴ്ച ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുകയാണ്. സാധാരണയായി ടീമംഗങ്ങളാണ് വാക് യുദ്ധത്തിനു തുടക്കമിടാറ്. എന്നാൽ ഇത്തവണ ഓസ്ട്രേലിയയിലെ ഒരു മാധ്യമമാണ് പ്രകോപനത്തിനു തുടക്കമിട്ടത്. ഇന്ത്യൻ താരങ്ങളുടെ ചിത്രത്തിന് മുകളിൽ ‘പേടിത്തൊണ്ടൻമാർ’ എന്ന തലക്കെട്ട് കൊടുത്താണ് പ്രമുഖ പത്രം പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യയ്ക്കു ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല എന്ന വസ്തുതയിലാണ് ഇത്തരമൊരു തലക്കെട്ടിന് പത്രം മുതിർന്നത്.

എന്നാൽ മാധ്യമത്തിനെതിരെ വൻ വിമർശനമാണ് പലകോണുകളിൽ നിന്നായി ഉയർന്നത്. വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആതിഥേയരോടു കാണിക്കുന്ന മാന്യതയില്ലാത്ത പെരുമാറ്റമാണിതെന്നാണ് പലരും വിമർശിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച ബിജെപി എംപി കോൺഗ്രസ് കൗണ്‍സിർക്ക് മുന്നിൽ മാപ്പ് പറഞ്ഞ് തലയൂരി. രാജസ്ഥാനിലെ ബൻസാരയിലാണ് പൊതുപരിപാടിക്കിടെയാണ് സംഭവം. ബി.ജെ.പി എം.പി ദേവാജി ഭായിയാണ് രാഹുലിനെ പപ്പുവെന്ന് വിളിച്ചത്. ഉടൻ സദസിലിരുന്ന കോണ്‍ഗ്രസിന്റെ ബന്‍സ്വാര കൗണ്‍സിലറായ സീതാ ദാമോർ ശക്തമായ എതിർപ്പുമായി രംഗത്തെതി. ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്ക് താങ്കള്‍ പ്രയോഗിച്ച ആ വാക്ക് ശരിയായില്ലെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആവശ്യപ്പെടു.

‘നിങ്ങള്‍ നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും..’ എന്നായിരുന്നു ബി.ജെ.പി എം.പി. പറഞ്ഞത്. എന്നാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ അവര്‍ മാപ്പുപറഞ്ഞുവെന്ന് കൗണ്‍സിലര്‍ സീതാദാമോര്‍ പറഞ്ഞു.

രാഹുലിനെ പപ്പുവെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പരിഹസിച്ച് വിളിച്ചിരുന്നത്. ഈയിടെയാണ് ആ വിളി കുറഞ്ഞത്. കഴിഞ്ഞ ജൂലൈയില്‍ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ‘നിങ്ങള്‍ക്ക് എന്നെ പപ്പുവെന്ന് വിളിച്ച് പരിഹസിക്കാമെന്നും എന്നാലും എനിക്ക് നിങ്ങളോട് ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമീപത്തേക്ക് നടന്നെത്തിയ രാഹുല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.

 

കോട്ടയം വൈക്കം കരിയാറില്‍ മല്‍സ്യവളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞ് അപകടം. ചങ്ങാടത്തിനടിയില്‍ കുടുങ്ങിയ കുടുംബശ്രീ ചെയര്‍പഴ്സണെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതി ഉയര്‍ന്നു.

കൊച്ചി സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള മല്‍സ്യവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കരിയാറില്‍ നാലുമീറ്ററിലധികം ആഴമുള്ള ഭാഗത്തായിരുന്നു അപകടം. നാല് പ്ലാസ്റ്റിക് വീപ്പകള്‍ക്കുമുകളിലാണ് താല്‍ക്കാലിക ചങ്ങാടമൊരുക്കിയിരുന്നത്. ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയും കുടുംബശ്രീ ചെയര്‍പഴ്സണ്‍ ചന്ദ്രലേഖയും ചങ്ങാടംമറിഞ്ഞ് താഴെവീഴുകയായിരുന്നു.

ചന്ദ്രലേഖയെ ഏറെ പണിപ്പെട്ടാണ് കരയ്ക്കെത്തിച്ചത്.സെബാസ്റ്റ്യന്‍ മീന്‍ പിടിക്കുന്ന കൂടയില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആഴമേറിയ കരിയാറിൽ ചടങ്ങ് സംഘടിപ്പിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി. ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഡെപ്യൂട്ടേഷന്‍ വഴിയാണ് നിയമനം നല്‍കിയത്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമായതിനാല്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യം അഭിമുഖത്തിന് വന്നവര്‍ക്ക് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല. അതിനാല്‍ നേരത്തെ അപേക്ഷ നല്‍കിയ അദീബിനെ നിയമിക്കുകയായിരുന്നു. പിന്നീട് വിവാദമുണ്ടായപ്പോള്‍ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. നേരത്തെ കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫായി ഡെപ്യൂട്ടേഷന്‍വഴി ഇത്തരത്തില്‍ നിയമനം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.  കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

തിരൂര്‍: സോഷ്യല്‍ മീഡിയയിലെ ഏറെ വിമര്‍ശത്തിനിടയാക്കിയ ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ചിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൂങ്ങോട്ട് കുളത്തെ ഒരു കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ചലഞ്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ചയാണ് കോളജിലെ വിദ്യാര്‍ഥികള്‍ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ പാട്ടിന് ചുവട് വെച്ചത്. എന്നാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി.

എന്നാല്‍ പിന്നീട് നാട്ടുകാര്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി വീണ്ടുമെത്തി ഇവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ്, കമ്പി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

റോഡില്‍ വാഹനങ്ങള്‍ക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് അതിന്റെ ദൃശ്യം ‘ടിക് ടോക്’ എന്ന ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഒറ്റക്കും സംഘമായും ഒട്ടേറെ പേര്‍ ഇങ്ങനെ വിഡിയോ എടുത്തിടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശനങ്ങളാണ് ചലഞ്ചിനെതിരെ ഉയരുന്നത്.

2014 ല്‍ മ്യൂസിക്കലി എന്ന പേരില്‍ തുടങ്ങിയ ആപ്പ് ആണ് ഇപ്പോള്‍ ടിക് ടോക് എന്ന് അറിയപ്പെടുന്നത്. 15 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ലഘു വിഡിയോകള്‍ രസകരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, തമാശയുടെ പരിധിവിട്ട് സാഹസികതയിലേക്ക് ചിലര്‍ നീങ്ങുന്നതാണ് അപകടകരമാകുന്നത്.

എവിടെയെങ്കിലും വിഡിയോ ചിത്രീകരണത്തിന് വഴിതടയുന്ന സംഭവങ്ങളുണ്ടായതായി പരാതി കിട്ടുകയോ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്, ബീഫ് കൈവശംവെച്ചാന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ സുബോധ് കുമാറിനെ കേസിന്റെ പാതിവഴിയില്‍ വെച്ച് വാരാണസിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം സുബോധ് കുമാര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കല്ലേറിനിടെയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സുബോധിന്റെ ഇടത് പുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്നും വെടിയുണ്ട തലയോട്ടിയ്ക്ക് മാരകമായ ക്ഷതമേല്‍പ്പിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദാദ്രിയിലെ അഖ്‌ലാഖ് കൊലപാതകക്കേസില്‍ ആദ്യ അന്വേഷണം നടത്തിയത് സുബോധായിരുന്നുവെന്ന് എ.ഡി.ജി.പി അനന്ത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

അഖ്ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

ഇന്ന് ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു. വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കന്നുകാലികളുടെ ശവശരീരവുമായി ഒരുപറ്റമാളുകള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ചിഗ്രാവതി പൊലീസ് സ്റ്റേഷനിലേക്കും അക്രമികള്‍ കന്നുകാലികളുടെ ശവശരീരം ട്രാക്ടറിലാക്കി മാര്‍ച്ച് ചെയ്തു.

പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്.

സുബോധിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

ലക്നൗ∙ ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ നടന്ന കല്ലേറിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരിച്ചത്.

മരിച്ച മറ്റൊരാൾ പ്രദേശവാസിയാണ്. ഒരു പൊലീസ് കോൺസ്റ്റബിളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ തുടർന്നാണ് സുബോധ് കുമാര്‍ മരിച്ചത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള അക്രമത്തിന്റെ ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഡിയോയിൽ‌ ഉള്ള പുരുഷനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം സത്യം പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.

ഗോവധം, ആൾക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഗ്രാമത്തിനു പുറത്തുള്ള വനപ്രദേശത്താണ് പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങളുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാനും ശ്രമിച്ചു. പ്രതിഷേധിക്കുന്നവരെ മാറ്റാനെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി.

 

Copyright © . All rights reserved