കണ്ണൂര്‍: കണ്ണൂർ, പാനൂരിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ മലപ്പുറത്തു നിന്നും പൊലീസ് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്. ഈ മാസം പത്തൊമ്പതിനാണ് സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ ഒരേസമയം കാണാതായത്.
പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിനി സയന, പൊയിലൂർ സ്വദേശിനീ ദൃശ്യ എന്നിവരെയാണ് കണ്ടെത്തിയത്. പാനൂരിലെ ഒരു ട്രെയിനിങ് സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഇവര്‍ വളരെ അടുത്ത സുഹൃത്തുകളാണ്. തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം ദൃഢമായ സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ ഓർക്കുന്നു. മണിക്കൂറുകളോളം നീണ്ടുപോകുന്ന ഫോണ്‍ സംഭാഷണത്തോടും തമ്മിലുള്ള കൂടിക്കാഴ്ച്ചയോടും വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
രണ്ടുപേരെയും കാണാതായ ദിവസം രാവിലെ ക്ലാസിന് പോയിരിക്കുകയായിരുന്നു സയന. സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം സയന സംസാരിച്ച് നിൽക്കുന്നത് പലരും കണ്ടിരുന്നു. സ്‌കൂട്ടര്‍ പിന്നീട് പോലീസിന് കണ്ടെത്താൻ സാധിച്ചു. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്ക് സയന മിസ്സ്ഡ് കാൾ ചെയ്തിരുന്നു. പക്ഷെ ഫോൺ പിനീട് സ്വിച്ച്ഡ് ഓഫ് ചെയ്തു.
ഈ ഫോനിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ അവസാനമായി കണ്ടെത്തിയത് കണ്ണൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ്. ദൃശ്യയുടെയൊപ്പം ഫോണും കാണാതായിരുന്നു. ഇതിനിടെ ഇരുവരും സ്ഥലത്തുള്ള ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ഗതാഗത വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
കൊച്ചി: സിനിമ മേഖലയിൽ ഇന്‍റേർണൽ കംപ്ലയിന്‍റ്സ് കമ്മിറ്റി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുമെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ. കൊച്ചിയിൽ അമ്മയുടെ എക്സ്ക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്താൻ ഡിസംബർ ഏഴിന് അബുദാബിയിൽ നടത്തുന്ന താരനിശയെ കുറിച്ചാണ് എക്സിക്യുട്ടീവ് കമ്മിറ്റി ഇന്ന് ചർച്ച ചെയ്തത്. മറ്റു വിഷയങ്ങളൊന്നും ചർച്ചയിൽ വന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. അമ്മ ഷോയ്ക്കും ഇന്‍റേർണൽ കംപ്ലയിന്‍റ്സ് കമ്മിറ്റി വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.
നടി റിമ കല്ലിങ്കൽ ഡബ്ല്യുസിസിക്കു വേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കോടതി ഇത് പരിഗണിക്കും.
രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അയോധ്യയിലെ ഹോട്ടലുകള്‍ മുഴുവൻ ബുക്ക് ചെയ്ത് ശിവസേന പ്രവർത്തകർ. ആയിരക്കണക്കിന് ശിവസേന പ്രവർത്തകരാണ് സ്പെഷ്യൽ ട്രെയിനുകളിലായി അയോധ്യയിലെത്തുന്നത്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ അയോധ്യയിലെത്തിയിരുന്നു.
പ്രവർത്തകർക്കായി ഒരുമാസം മുൻപെ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. 80,000ത്തോളം ശിവസേന പ്രവര്‍ത്തകർ അയോധ്യയിലെത്തുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് അയോധ്യ.
രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ച് ബിജെപിയെ സമ്മര്‍ദത്തിലാക്കുകയാണ് ശിവസേനയുടെ ലക്ഷ്യം. മുപ്പതു മിനിറ്റുകൊണ്ട് നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണത്തിന് വൈകുന്നത് എന്തുകൊണ്ടെന്ന് ഉദ്ധവ് താക്കറേ ചോദിച്ചു. ശിവസേനയുടെ പ്രതിഷേധത്തിന് പിന്നാലെ വിശ്വഹിന്ദ് പരിഷത്തിന്‍റെ റാലി നാളെ നടക്കാനിരിക്കെ അയോധ്യ മുള്‍മുനയിലാണ്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ആദ്യം രാമക്ഷേത്രം പിന്നെമതി സര്‍ക്കാര്‍. ഈ മുദ്രാവാക്യവുമായി ശിവസേന അയോധ്യയില്‍ നടത്തുന്ന അശീര്‍വാദ് സമ്മേളനെന്ന രണ്ടു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം ബിജെപിയെ വെട്ടിലാക്കുക. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം സജീവമാക്കി നിര്‍ത്തുക. നാലായിരത്തോളം പ്രവര്‍ത്തകരെയാണ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചിട്ടുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം എപ്പോള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടു. വാജ്പേയ് സര്‍ക്കാരിന് സഖ്യകക്ഷികളുടെ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് ഇനിയും വൈകരുതെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു.
ക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി ധര്‍മ സന്‍സദ് എന്ന പേരില്‍ നാളെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിഎച്ച്പി നേതൃത്വം അറിയിച്ചിട്ടുള്ളത്. 1992 നുശേഷം ഏറ്റവും അധികം ആളുകളെ അണിനിരത്തുകയാണ് ലക്ഷ്യം. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 42 കമ്പനി സായുധസേനാംഗങ്ങളെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. പട്ടാളത്തെ ഇറക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കാതെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് സമാജ്‍വാദി പാര്‍ട്ടിയും ബിഎസ്പിയും രംഗത്തുവന്നു.
കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ആറ് ദിവസമായിട്ടും തുമ്പ് കിട്ടാതെ പൊലീസ്. തിങ്കളാഴ്ചയാണ് ദൃശ്യ (20), സയന (20) എന്നിവരെ കാണാതായത്. പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിഷനില്‍ പരാതി നല്‍കി. പൊലീസ് ഇവരുടെ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അവസാന സിഗ്നലോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഇതുവരെ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല.
മൈസൂര്‍, തളിപ്പറമ്പ്, എറണാകുളം, തിരുവനന്തപുരം ഇവിടങ്ങളില്‍ നിന്ന് ഇവരുടെ മുഖച്ഛായ ഉള്ളവരെ പലയിടത്തും കണ്ടതായി വിവരങ്ങളുണ്ട്. എന്നാല്‍, ഇവരാണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. മണിക്കൂറുകളോളം ഇവര്‍ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ദൃശ്യയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതായും വിവരമുണ്ട്. സയനയുടെ സ്‌കൂട്ടറിലാണ് ഇരുവരും പാനൂരില്‍ എത്തിയത്.
റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ സ്‌കൂട്ടി കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇവര്‍.
കാണാതായ അന്ന് ഇരുവരും പാറാട് ട്രാവല്‍ ഏജന്‍സിയില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വിവരം ചോദിച്ചതായി വിവരമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കിളിമാനൂര്‍ അയ്യപ്പന്‍കാവ് നഗര്‍ സ്വദേശിയായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കിളിമാനൂര്‍ പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ശിശു ദിനത്തിലായിരുന്നു ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.വയറിംഗ് പ്ലംബിംഗ് തൊഴിലാളിയായ ഇയാൾ ഇക്കഴിഞ്ഞ ശിശുദിനത്തില്‍ വയറിംഗ് ജോലിക്കെത്തിയതായിരുന്നു.
എന്നാൽ വിദ്യാര്‍ത്ഥിനി വിവരം പ്രഥമാധ്യാപികയെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പി. അനില്‍കുമാര്‍ അറിയിച്ചു.
വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്ര സ്വർണവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച മേരി കോം, ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് സ്വന്തമാക്കിയത്. ഇതോടെ, ലോകചാംപ്യന്‍ഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമായി മുപ്പത്തഞ്ചുകാരിയായ മേരി കോം മാറി. ലോക ചാംപ്യൻഷിപ്പിലെ ഏഴാം മെഡൽ ഇടിച്ചിട്ട മേരി കോം മെഡലെണ്ണത്തിലും റെക്കോർഡിട്ടു.
വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു.
57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹലും ഫൈനലിൽ ഇറങ്ങുന്നതിനാൽ മെഡൽനേട്ടം നാലാക്കി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നടക്കുന്ന മൽസരത്തിൽ ജർമനിയുടെ വാണർ ഓർനെല്ലയാണ് സോണിയയുടെ എതിരാളി
ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വർണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്
നിയന്ത്രണങ്ങൾ മറികടന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നോർത്ത് സെന്റിനൽ കടന്ന് ഗോത്രവർഗക്കാർ കൊലപ്പെടുത്തിയ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഈ ദ്വീപു നിവാസികളെ ബന്ധപ്പെട്ടാൻ 1967-മുതൽ സർക്കാർ മുൻകൈയ്യെടുത്ത് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എല്ലാ തരം ഇടപെടലുകളും അവർ നിരസിക്കുകയും പുറംലോകവുമായി ഉണ്ടാവുന്ന ഇടപെടൽ അവരുടെ വംശനാശത്തിന് തന്നെ കാരണമായേക്കും എന്ന സാധ്യത കണക്കിലെടുത്തും 1996-ൽ ദ്വീപ് നിവാസികളെ പുറത്തു നിന്നുള്ളവർ ബന്ധപ്പെടുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ 12 വര്‍ഷം മുന്‍പ് ദ്വീപ് നിവാസികളുടെ കയ്യിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്‍റ് പ്രവീണ്‍ ഗൗർ പങ്കുവയ്ക്കുന്ന അനുഭവും ലോകത്തിന്റെ ശ്രദ്ധനേടുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ദ്വീപിലെത്തിയത്. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മൽസ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് തിരച്ചിലിനിറങ്ങിയത്. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേർന്ന് ഒരു ബോട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവർ ബോട്ടിനടുത്തേക്ക് എത്തി. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകൾ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്‍റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു. നൂറടി ഉയരത്തിൽ വരെ ആ അമ്പുകൾ എത്തി.
തുരുതുരാ വരുന്ന അമ്പുകൾ ഹെലികോപ്ടറിന്‍റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. തീരത്തോട് ചേര്‍ന്ന് ഞാന്‍ ഹെലികോപ്ടര്‍ പറത്തി. ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തി.
അപ്പോഴാണ് കടൽക്കരയിൽ രണ്ട് മണല്‍കൂനകള്‍ കാണുന്നത്. കാണാതായ മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളായിരുന്നു ആ മണൽക്കൂനയിൽ. പക്ഷേ ഒരാളുടെ മൃതദേഹം വീണ്ടെടുക്കുമ്പോഴേക്കും നിവാസികൾ തിരിച്ചെത്തിയിരുന്നു. ഉടൻ തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു. രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്‍റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ കൂടുതൽ കരുത്തരായിരുന്നു. സംഘങ്ങളായി തിരിഞ്ഞയിരുന്നു അവരുടെ ആക്രമണം.
ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിൽ പരാജയം സമ്മതിച്ചു തിരിച്ചുപോകേണ്ടി വന്നു. പിന്നീട് ആ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നും പ്രവീണ്‍ ഗൗർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാൻ അവർക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരിൽ 2006-ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചിരുന്നു.
മാണ്ഡ്യ: കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അഞ്ചു പേര്‍ കുട്ടികളാണ്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. ബസില്‍ 35ഓളം യാത്രക്കാരുണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്.
അപകടം നടന്നയുടനെ തന്നെ സമീപത്തുണ്ടായിരുന്ന കര്‍ഷകരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മുങ്ങിക്കിടക്കുന്ന ബസില്‍ നിന്നും ആളുകളെ കരക്കെത്തിക്കുമ്പോഴേക്കും ഭൂരിപക്ഷം പേരും മരിച്ചിരുന്നു.
ബസ് വടം ഉപയോഗിച്ച് കരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഡ്രൈവര്‍ അലക്ഷ്യമായാണ് ബസ് ഓടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ശനിയാഴ്ച തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അപലപിച്ചു.
ഹൈദരാബാദ്: സി.ബി.ഐയെ വിലക്കിയ ആന്ധ്രാപ്രദേശില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും ഇറക്കി കേന്ദ്രസര്‍ക്കാര്‍. തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രമുഖനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി എം.പിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കലും മറ്റ് സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചാണ് റെയ്ഡ് നടക്കുന്നത്. ആന്ധ്രയില്‍ സി.ബി.ഐയ്ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്ന പൊതുധാരണ പിന്‍വലിച്ച് കഴിഞ്ഞ എട്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
എം.പിയുടെ വീട്ടിലും റെയ്ഡ് നടക്കുന്ന വിവരം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭമായ സുജന ഗ്രൂപ്പ് സ്ഥിരീകരിച്ചു. സുജന ഗ്രൂപ്പുമായി ബന്ധപ്പെട്ട് മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് സൂചനയുണ്ട്. സുജന ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്ന കടലാസ് കമ്പനി ഡയറക്ടര്‍മാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിയിരുന്നു. നാഗര്‍ജുന ഹില്‍സിലും ജൂബിലി ഹില്‍സിലുമുള്ള ചൗധരിയുടെ കമ്പനികളില്‍ രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്.
നരേന്ദ്ര മോഡി സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചൗധരി മാര്‍ച്ചില്‍ സര്‍ക്കാരിന് ടിഡിപി പിന്തുണ പിന്‍വലിച്ചതോടെയാണ് രാജിവച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് സഹായിക്കും. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.ജി.പി വിശദമായ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.
കുടുംബം നൽകിയ പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ബാലഭാസ്കറിനു ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് വ്യക്തതയില്ല. എന്നാൽ പരാതിയിൽ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങളിലൂടെ ബാലഭാസ്കറിനോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടക്കേണ്ടതുണ്ട്.
പത്തുവർഷമായി ബാലഭാസ്കറിനു പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു എന്ന വിവരമാണു കുടുംബാംഗങ്ങൾ നല്‍കുന്നത്. ഒരു പ്രോഗ്രാമിനിടെയാണ് ബാലഭാസ്കറിനെ ഡോക്ടര്‍ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബാലഭാസ്കറിനു വജ്രമോതിരം സമ്മാനമായി നൽകി എന്നാണു ലഭിക്കുന്ന വിവരം. പിന്നീട് പാലക്കാട്ടെ വീട്ടിൽ ബാലഭാസ്കറിനു വയലിൻ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നൽകി.
പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയുമായുള്ള ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം എന്നാണു കുടുംബത്തിന്റെ പ്രധാന ആവശ്യം. എവിടെ നിന്നാണ് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നത്? എങ്ങനെയാണ് പാലക്കാടുള്ള ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിനു ബന്ധം തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് അപകടസമയത്ത് കാറോടിച്ചിരുന്ന അർജുൻ. എന്നാൽ ബാലഭാസ്ക്കറാണ് കാറോടിച്ചിരുന്നതെന്ന അർജുന്റെ മൊഴിയും, അർജുനാണ് കാറോടിച്ചിരുന്നതെന്ന ലക്ഷ്മയിടെ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപകടവുമായി ബന്ധപ്പെട്ടാണു സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു സംശയം ഉയർന്നത്. ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകൾ ബാലഭാസ്കർ നടത്തിയിരുന്നു. അപകടം ഉണ്ടായതിനു പിന്നാലെ ബാലഭാസ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാൻ ബാലഭാസ്കറിന്റെ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു.
സംഗീതജ്ഞൻ ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിനു നിര്‍ദേശം നൽകി. ബാലഭാസ്കറിന്‍റെ പിതാവും ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിച്ചു മരണത്തില്‍ സംശയം ഉന്നയിച്ചു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണു നടപടി. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നൽകാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്
രാത്രി താമസിക്കാന്‍ മുറി ബുക്ക് ചെയ്ത ബാലഭാസ്കര്‍, എന്തിനാണു തിടുക്കപ്പെട്ടു ബാലഭാസ്കർ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് സി.കെ.ഉണ്ണി നല്‍കിയ പരാതിയിൽ പറഞ്ഞിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്.
വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ 2 ശസ്ത്രക്രിയകൾക്കു വിധേയനാക്കി. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ്റ്റംബർ 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.