Latest News

മി ടൂ പരാമർശത്തിൽ മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതിക്ക് പിന്നാലെ പത്മപ്രിയയും. നടൻ മോഹൻലാലിൻറെ പേരെടുത്തു പറയാതെയായിരുന്നു രേവതി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം.

മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്.

ഇതിനു പിന്നാലെയാണ് നടി പത്മപ്രിയയും രംഗത്തെത്തിയിരിക്കുന്നത്.മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ.വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ച്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുള്ള നിലപാടാണത്.

മീ ടുവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈംലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കറിയാം.എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴപ്പൻ പുരുഷ മനസിനെയാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നതെന്നും പത്മപ്രിയ വ്യക്തമാക്കുന്നു.

മി ടൂ ഒരു പ്രസ്ഥാനമല്ലെന്നും ചിലർക്കതൊരു ഫാഷൻ മാത്രമാണ് എന്നായിരുന്നു മോഹൽലാൽ പറഞ്ഞിരുന്നത്.പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ‘ഒന്നാണ് നമ്മള്‍’ എന്ന ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മി ടൂ വിനെതിരെയുള്ള മോഹൻലാലിന്റെ പരാമർശം.

സലീമ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ആരണ്യകത്തിലെ അമ്മിണ്ണിയെ മറക്കാനാകുമോ? അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍. വിടര്‍ന്ന കണ്ണുള്ള ആ സുന്ദരിയാണോ ഇതെന്ന് തോന്നിപ്പോകാം. അത്രമാത്രം രൂപമാറ്റം ഇപ്പോള്‍ സലീമയ്ക്ക് വന്നിട്ടുണ്ട്.

വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും സിനിമയോടുള്ള ഇഷ്ടം മാറിയിട്ടില്ല. മലയാളത്തിലേക്ക് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സലീമ അരങ്ങേറ്റം നടത്തിയത്. മോഹന്‍ലാലിന്റെ വന്ദനത്തിലും ചെറിയൊരു വേഷത്തില്‍ സലീമ അഭിനയിച്ചിരുന്നു. മഹായാനം എന്ന മമ്മൂട്ടി സിനിമയായിരുന്നു സലീമ അഭിനയിച്ച അവസാന ചിത്രം. ഇടക്കാലത്ത് നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സലീമ സിനിമയിലേക്ക് തിരികെ എത്തുകയാണ്.

രണ്ടാം വരവിനൊരുങ്ങുന്ന സലീമ തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ലിസ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് സലീമ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ഹൊറര്‍ ചിത്രമായി ഒരുക്കുന്ന ലിസയില്‍ അഞ്ജലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയിലെ സലീമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, എന്നിങ്ങനെ മൂന്ന് ഭാഷകളിലുമായിട്ടാണ് ലിസ നിര്‍മ്മിക്കുന്നത്. മറ്റൊരു കാര്യം ലിസ ത്രിഡിയിലാണ് നിര്‍മ്മിക്കുന്നതെന്നാണ്. പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ ഛായാഗ്രാഹകനും സംവിധായകനുമായ പിജി മുത്തയ്യയാണ് നിര്‍മ്മിക്കുന്നത്.

ശബരിമല ശാന്തമാകുന്നതിനിടെയാണ് നടി ഉഷയുടെ മലകയറ്റം. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാള നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. നടി ഉഷയുടെ വ്യത്യസ്ത മല കയറ്റമായിരുന്നു.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഉഷ. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ദിവസമടക്കം നടി സന്നിധാനത്തുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് നടി ശബരിമലയില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. അപ്പോള്‍ മുതല്‍ വാ മൂടിക്കെട്ടിയിരിക്കുകയായിരുന്നു. പമ്പ വരെ ഇവര്‍ ബസ്സിലാണ് എത്തിയത്. വാ മൂടിക്കെട്ടി മൗനവ്രതത്തില്‍ മാത്രമല്ല, ഭക്ഷണം കഴിക്കാതെ ഉണ്ണാവ്രതത്തിലും ആയിരുന്നു നടി.

സന്നിധാനത്ത് എത്തി തൊഴുമ്പോള്‍ മാത്രമാണ് നടി വാ മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം സന്നിധാനത്തെ വടക്കേ നടയില്‍ നടന്ന നാമജപത്തില്‍ ഉഷ പങ്കെടുക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് താന്‍ ശബരിമലയില്‍ എത്തുന്നത് എന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയില്‍ ഇതുവരെ വളരെ സമാധാന പൂര്‍ണമായ അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. ആ സമാധാനം നഷ്ടപ്പെടാന്‍ പാടില്ല. അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്ന് ഉഷ പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുളള പ്രതിഷേധമാണോ വായ മൂടിക്കെട്ടിയുളളത് എന്നത് വ്യക്തമല്ല.

2008 ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിങ്ങ് തല്ലിയ സംഭവത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തി ശ്രീശാന്ത്. ഗ്രൗണ്ടിൽ പ്രകോപിതനായതാണ് എല്ലാത്തിനും കാരണം. അതിരുകടന്ന് പെരുമാറിയതും താൻ തന്നെയാണെന്ന് ശ്രീശാന്ത് പറയുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥിയുടെ ചോദ്യത്തിനുത്തരമായാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

”ഞാൻ കിങ്സ് ഇലവൻ പഞ്ചാബ് താരവും ഭാജി മുംബൈ ഇന്ത്യൻ താരവുമായിരുന്നു. തന്നെ പ്രകോപിതനാക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹർഭജൻ സിങ് തന്നോടു പറഞ്ഞിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാൽ മത്സരം മുംബൈ ഇന്ത്യൻസ് തോറ്റു. ഹർഭജൻ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ആ സമയത്ത് താൻ ഹർഭജന്റെ അടുത്തെത്തി ‘നിർഭാഗ്യം’ എന്നു പറഞ്ഞുവെന്നും ഭാജി അദ്ദേഹത്തിന്റെ കൈമുട്ട് വെച്ച് അടിക്കുകയുമായിരുന്നെന്ന് ശ്രീ പറഞ്ഞു.

‘ആ മത്സരം ഞാൻ സീരിയസായി എടുത്തു. ഗ്രൗണ്ടിൽ പ്രകോപിതനായെന്നതു സത്യമാണ്. മത്സരം കഴിഞ്ഞപ്പോൾ ഭാജിയുടെ അടുത്തുചെന്ന് കൈ തരാൻ പറഞ്ഞു. ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. നിങ്ങൾ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കിൽ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.’

‘അതൊരു തല്ലാണെന്നുപോലും പറയാൻ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടിൽ അവർ തോറ്റ് നിൽക്കുകയാണ്. ആ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാൻ കരഞ്ഞുപോയി.’–ശ്രീശാന്ത് പറഞ്ഞു

എന്നാൽ ഹർഭജൻ ഇപ്പോഴും മൂത്ത ജ്യേഷ്ഠനെപോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണെന്നും ശ്രീ പറഞ്ഞു. ഷോയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഹർഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു.

മത്സരത്തിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയതും ശ്രീശാന്ത് ഗ്രൗണ്ടിൽ നിന്ന് കരഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. മത്സരം തോറ്റ ഹർഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തൊ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാർത്തകൾ വന്നത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍. ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസില്‍ സുരേന്ദ്രനെ അടുത്തമാസം ആറുവരെയാണ് റാന്നി കോടതി റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ അരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസ് അനുമതി തേടിയെങ്കിലും കോടതി ഇന്ന് അനുവദിച്ചില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷയ്ക്കൊപ്പം നാളെ പൊലീസിന്റെ അപേക്ഷയും കോടതി പരിഗണക്കും.

സുരേന്ദ്രനെ കൊട്ടാരക്കര ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അതും നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ കോടതിക്ക് പുറത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതിന് പിന്നിലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

തന്നെ അനന്തമായി ജയിലിൽ അടയ്ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേസുകളെ നിയമപരമായി നേരിടുമെന്നും കൊട്ടാരക്കര ജയിലിൽനിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ചിത്തിരയാട്ട വിശേഷ ദിവസം സന്നിധാനത്തെ വലിയ നടപ്പന്തലിൽവച്ച് 52 കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് കെ.സുരേന്ദ്രനുൾപ്പടെയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആർ.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർ.എസ്.എസ് നേതാവ് ആർ.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതി ചേർത്തു. കേസിൽ നേരത്തേ അറസ്റ്റിലായ സൂരജിന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് നടപടി.

ഫോൺവിളി വിവരങ്ങളും തെളിവായി സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധവും അക്രമവുമെല്ലാം നടക്കുന്ന സമയത്ത് ഇപ്പോൾ പ്രതിചേർത്തിരിക്കുന്ന നേതാക്കളെല്ലാം സന്നിധാനത്തുണ്ടായിരുന്നു. നേരത്തെ സംഭവത്തിൽ അറസ്റ്റിലായവരെ സാമൂഹമാധ്യമങ്ങളിൽ നേതാക്കൾ പിന്തുണച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽപേരെ പ്രതി ചേർക്കുമെന്ന സൂചനയും പോലീസ് നൽകുന്നു.

വിവാദങ്ങളിലൂടെയാണ് ലോകപ്രശസ്ത ദക്ഷിണ കൊറിയൻ പാസ്റ്റർ ജീറോക്ക് ലീയുടെ പ്രയാണം. താൻ ദൈവത്തിന്റെ അവതാരമാണെന്ന് ലോകം മുഴുവൻ പ്രചരിപ്പിക്കുകയും അനുയായികളായ എട്ടു യുവതികളെ 20 വർഷം അതിക്രൂരമായ പീഡിപ്പിക്കുകകയും ചെയ്ത രോഗശാന്തി ശുശ്രൂഷകന് ഒടുവിൽ പിടി വീണു. ചെറുപ്പം മുതൽ ലീയുടെ പ്രാർത്ഥനാലയത്തിൽ വരികയും ലീയുടെ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന പെൺകുട്ടികൾ ലീയ്ക്ക് കീഴടങ്ങുന്നത് ദൈവഹിതമായി കരുതിയിരുന്നു.

ലൈംഗികത ദൈവികമാണെന്നും തനിക്ക് കീഴടങ്ങുമ്പോൾ ദൈവത്തിനു മനസും ശരീരവും സമർപ്പിക്കുകയാണെന്നും ഇയാൾ യുവതികളെ വിശ്വസിപ്പിച്ചിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെയും പ്രാർത്ഥനകളിലൂടെയും അത്ഭുതങ്ങൾ കാണിക്കുന്ന രോഗശാന്തി ശുശ്രൂഷകനായിട്ട് ഇയാൾ ലോകമെങ്ങും അറിയപ്പെട്ടിരുന്നത്.
ദക്ഷിണ കൊറിയയിലെ മാന്‍മിന്‍ സെന്‍ട്രല്‍ ചര്‍ച്ചിന്റെ പാസ്റ്ററാണ് ലീ. ഒരു ലക്ഷത്തിൽ പരം വിശ്വാസികളുളള ദക്ഷിണ കൊറിയയിൽ പടർന്നു പന്തലിക്കുന്ന വമ്പൻ സഭാസമൂഹമാണ് മാൻമിൻ സെൻട്രൽ ചർച്ച്. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്.

ദൈവത്തോളം പോന്ന വ്യക്തിത്വമായി ലീയെ കണ്ടിരുന്ന ഇരകൾക്ക് ലീയെ എതിർക്കാനുളള മാനസികവും ശാരീരികവുമായ ശക്തി ഇല്ലായിരുന്നുവെന്നും ലീ അത് ആവോളം മുതലെടുത്തിരുന്നതായും വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. ദൈവത്തെപ്പോലെ കരുതുന്ന ലീ പറയുന്നത് കേട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ദൈവനിഷേധത്തിന്റെയും വിചിത്രാരാധനയുടെയും പേരിലും കൊറിയന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ 1999 ല്‍ പുറത്താക്കിയിട്ട് ജീറോക്ക് ലീയെ തനിക്ക് പാപമില്ലെന്നും താൻ മരണമില്ലാത്തവനാണെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. 75 കാരനായ ലീയുമായി 50 വയസ്സിന്റെ വ്യത്യാസമുള്ളവരാണ് ഇരകള്‍.

ആരോപണം പലക്കുറി ലീ നിഷേധിച്ചുവെങ്കിലും തെളിവുകൾ മുഴുവൻ പാസ്റ്റർക്ക് എതിരായിരുന്നു. ദൈവീകത്വമുളള ലീയുമായുളള സഹവാസം കൊണ്ട് തങ്ങൾക്കും ആ ദിവ്യത്വം കിട്ടുമെന്ന് ഇയാൾ പെൺകുട്ടികളെ വിശ്വസിപ്പിച്ചിരുന്നത്. ഇരുപതു വര്‍ഷമായി ലീ നടത്തിക്കൊണ്ടിരുന്ന ലൈംഗിക ചൂഷണത്തില്‍ ലീ ചെയ്യുന്ന എല്ല കാര്യവും ദൈവദത്തമാണെന്നു കരുതിയ അവര്‍ ഇക്കാര്യം പോലീസ് ചോദ്യം ചെയ്യലില്‍ പറയുന്നത് പോലും തെറ്റാണെന്ന് വിശ്വസിച്ചു. ലീയുമായുളള ലൈംഗിക ബന്ധം ശാരീരകബന്ധം എന്നതിനെക്കാൾ ദൈവികമായ ഒന്നായാണ് പെൺകുട്ടികൾ കരുതിയിരുന്നത്.

1999 ല്‍ 300 വിശ്വാസികളുമായി കൊറിയന്‍ ടെലിവിഷനില്‍ വരെ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ലീ. ലീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും അയാളുടെ സഭ കോടതിയില്‍ നിന്നും നിരോധനം വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. ലീ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും രോഗശാന്തി നൽകുന്നവനും അത്ഭുതം കാട്ടുന്നവനുമാണെന്നം കാട്ടി ഇയാളുടെ സഭ തന്നെ പ്രചരണവും നടത്തിയിരുന്നു. എയ്ഡ്‌സ്, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ അത് ബാധിച്ച ഭാഗത്ത് സ്പര്‍ശിച്ച് ലീ പ്രാര്‍ത്ഥിച്ചാല്‍ രോഗം ഇല്ലാതാക്കുമെന്നായിരുന്നു മാന്‍മിന്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.

കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിന്റെ മകൻ പി.ടി. ഷബീറും മകളുടെ ഭർത്താവ് ഷബീർ വായൊളിയും സൗദിയിൽ അറസ്റ്റിൽ. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സൂചന .ഇതു സംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡിആർഐ ക്ക് കൈമാറി. പത്തു ദിവസം മുൻപ് അറസ്റ് ചെയ്തതായാണ് നാട്ടിലേക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇവർ എപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഹവാല സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കുടത്തു മലയാളികൾ അടക്കം 19 പേര് അറസ്റ്റിലായതായാണ് സൂചന

പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. പിതാവ് സി.കെ.ഉണ്ണിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. എന്തിനാണ് തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നതടക്കം അന്വേഷിക്കണമെന്ന് കത്തില്‍ പറയുന്നു. വാഹനം ഓടിച്ചതിലെ മൊഴി വ്യത്യാസം. നിരന്തരം രാത്രി യാത്ര ചെയുന്ന ബാലുവിന്റെ അപകടത്തെപ്പറ്റി തന്നെ ബന്ധുക്കൾക്ക് സംശയം ഉണ്ട്. ലക്ഷ്മി ഇപ്പോൾ പൂര്ണ്ണ ആരോഗ്യവതിയായ സ്ഥിതിക്ക് അവരുടെ മനസ്സിൽ വന്ന പല സംശയങ്ങളും ഈ പരാതിയുമായി മുന്നോട്ടു പോകാൻ സാഹചര്യം ഉണ്ടായതാണ് അറിയാൻ കഴിഞ്ഞത്

സന്നിധാനം: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. നൂറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്നവരാണ് പ്രതികള്‍. നിരോധനാജ്ഞ ലംഘിച്ചതിനു പുറമേ നാലു വകുപ്പുകള്‍ കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. ഇവരെ വടക്കേനടയില്‍ പോലീസ് തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പോലീസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. എന്നാല്‍ നിരോധനാജ്ഞ തുടരും.

ആലപ്പുഴ: റോഡില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച ഗുണ്ട അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ നേതാജിക്ക് പടിഞ്ഞാറ് സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. വായനശാലക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന 37 വയസ്സുള്ള വീട്ടമ്മയായ യുവതി പൊതുടാപ്പില്‍ നിന്ന് വെള്ളം എടുക്കുമ്പോഴാണ് നിരവധി ക്രമിനല്‍ കേസില്‍ പ്രതിയായ നേതാജി നികര്‍ത്തില്‍ വീട്ടില്‍ ബിനു (23) ഇവരെ കടന്ന് പിടിച്ചത്.

യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലിസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ടാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക്  ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന പ്രതിയുടെ വിലക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്.

Copyright © . All rights reserved