Latest News

ചലച്ചിത്ര സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. ഹൃദയാഘാതംമൂലം രാവിലെ പതിനൊന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത്തിരണ്ട് വയസായിരുന്നു. 1994 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായ ഹരിദാസ് ഇരുപതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളന്‍, കല്യാണപിറ്റേന്ന്, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഹരിദാസിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പേരു നേടിക്കൊടുത്തത് ‘വധു ഡോക്ടറാണ്’ ആണ്. ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്. പത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛൻ കു‍ഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവ് കണ്ണൂർ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.

പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പരിഹസിച്ച് നടൻ അജു വർഗീസ്. ഫെയ്സ് ബുക്കിലൂടെയാണ് അജുവിന്റെ പരിഹാസം. ‘മോനേ ഗോസ്വാമി നീ തീർന്നു’ എന്നായിരുന്നു അജിവിന്റെ പ്രതികരണം. അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് ഒരു വ്യക്തി പറഞ്ഞിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജു ചോദിച്ചു.

കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചർച്ചയിലാണ് കഴിഞ്ഞദിവസം അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം.

സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തി. റിപബ്ലിക്ക് ടി.വി ചാനലിന്‍റെ ഫെയ്ബുക്ക് പോസ്റ്റുകൾക്ക് കമന്‍റിട്ടാണ് പലരും പ്രതിഷേധിക്കുന്നത്.

ഫാ. മാത്യൂ മുളയോലില്‍

ഷിബു മാത്യൂ

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി തങ്ങളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ആചരിക്കുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യൂ മുളയോലില്‍ കൊടിയുയര്‍ത്തും. തുടര്‍ന്ന് പരി. കന്യകാ മാതാവിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. 10.15ന് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍) ആഘോഷമായ ദിവ്യബലി അര്‍പ്പിയ്ക്കും. അതേ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.

 ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

സെപ്റ്റംബര്‍ 3 മുതല്‍ 7വരെ വൈകുന്നേരം 6.45 ന് നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. എട്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് വി. കുര്‍ബാനയും നൊവേനയും നേര്‍ച്ചവിതരണവും നടക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 9 ഞായര്‍ രാവിലെ പത്ത് മണിക്ക് റവ. ഫാ. തോമസ്സ് തയ്യില്‍ (തലശ്ശേരി അതിരൂപത) ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, പ്രസംഗം, ലദീഞ്ഞ്, ദേവാലയംചുറ്റി ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും.

തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസം അടിമ വയ്ക്കുന്നതിനും മാതാവിന്റെ കഴുന്ന് മുടി എന്നിവ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ബ്രിട്ടണിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാത്യൂ മുളയോയില്‍ അറിയ്ച്ചു.

മലപ്പുറം: നാടിനെ നടുക്കിയ മേലാറ്റൂര്‍ കൊലപാതകത്തിന് പിന്നില്‍ പിതൃസഹോദരന്റെ പണത്തിനോടുള്ള ആര്‍ത്തിയെന്ന് തിരിച്ചറിഞ്ഞു. ഒന്‍പത്കാരനെ തട്ടിക്കൊണ്ട് പോയ ശേഷം കുട്ടിയുടെ പിതാവും തന്റെ സഹോദരനുമായ അബ്ദുല്‍സലാമിന്റെ കൈയ്യിലുള്ള മൂന്ന് കിലോ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ അത്രയും സ്വര്‍ണമോ പണമോ സലാമിന്റെ കൈകളില്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ കുറ്റകൃത്യം മറച്ചു പിടിക്കാന്‍ കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് താഴെക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടത്തുന്നതിന് മുന്‍പ് ഇയാള്‍ കുട്ടിയുമായി സിനിമാ തീയേറ്ററിലും ബിരിയാണി ഹട്ടിലുമൊക്കെ സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടി തട്ടിക്കൊണ്ടു പോകല്‍ തിരിച്ചറിയാതിരിക്കാനാണ് സിനിമാ കാണിക്കാന്‍ കൊണ്ടുപോയതെന്നാണ് വിവരം. എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹിനെ ഈ മാസം പതിമൂന്നിനാണ് കാണാതാവുന്നത്. പിതൃസഹോദരന്‍ കൂടിയായ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദാണ് ഷഹീനിനെ സ്‌കൂളില്‍ നിന്ന് ബൈക്കില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി രാത്രി ഉള്‍പ്പെടെ കറങ്ങിയ ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് മുഹമ്മദ് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഷഹീനിന്റെ മൃതദേഹം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ആം ആദ്മി പാര്‍ട്ടി എം.പി ശ്രി സഞ്ജയ് സിംഗ് തന്റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രളയ ദുരന്തത്തിനിരയായ എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഡല്‍ഹി സര്‍ക്കാരിന്റെ വിഹിതമായി 10 കോടി രൂപയും, കേരള ജനതയുടെ ദുരിതങ്ങള്‍ അവിടെയുള്ള ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പത്ര പരസ്യം നല്‍കുകയും അതുവഴി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനവും ചെയ്തിരുന്നു.

എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സര്‍ക്കാര്‍ ജീവനക്കാരോട് രണ്ടുദിവസത്തെ ശമ്പളവും സംഭാവന നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എംഎല്‍എ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കുകയും അത് ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നിവാസികള്‍ക്ക് കൈമാറുന്നതിനായി അവിടെ എത്തുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി ജങ്ക്പുര മണ്ഡലത്തിലെ എംഎല്‍എ ശ്രീ പ്രവീണ്‍കുമാര്‍ എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഒരു പ്രദേശം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എംപി ഫണ്ട് വിനിയോഗിക്കാനുള്ള സഞ്ജയ് സിംഗ് എംപിയുടെ തീരുമാനം. ഇതുവഴി കേരളത്തിലെ ഒരു മാതൃകാ ഗ്രാമമായി കുന്നുകര പ്രദേശത്തെ മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇന്ത്യാമഹാരാജ്യത്തെ എല്ലാ എം.പി മാരും എംഎല്‍എമാരും ഈ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

പ്രളയത്തിന്റെ ദുരിതത്തിന്റെ നീറുന്ന കാഴ്ചകൾക്കിടയിൽ നോവുന്ന വാർത്തയുമായി ഒരു വീട്ടമ്മ. പ്രളയം വൻനാശം വിതച്ച പാണ്ടനാട്ടിലാണ് സംഭവം. പ്രളയത്തിൽ മരിച്ച ഭർത്താവിന്റെ മൃതദേഹത്തിനാണ് ഇൗ വീട്ടമ്മ കാവലിരുന്നത്. മൃതദേഹം ഒലിച്ചു പോകാതിരാക്കാന്‍ കെട്ടിയിട്ടാണ് ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നത്. മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഇവരെ വീട്ടിൽ നിന്നും രക്ഷിക്കാനായത്.

പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള എബ്രഹാമിന്‍റെ വീടും പ്രളയത്തിൽ വെള്ളത്തിടിയിലായിരുന്നു. ഇതോടെ വീടിനടുത്ത് താമസിക്കുന്ന സഹോദരന്‍റെ ഭാര്യയും അബ്രഹാമിന്‍റെ വീട്ടിലേക്കെത്തി. ഇവർ സുരക്ഷിതമായി രണ്ടാംനിലയിൽ അഭയം പ്രാപിച്ചു. എന്നാൽ ഇതിനിടയിൽ അബ്രഹാം വീടിന്‍റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണ് തലയിടിച്ച് മരിക്കുകയായിരുന്നു. എബ്രഹാമിന്‍റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മ‍‍ൃതദേഹം കെട്ടിയിട്ടു.

രക്ഷാപ്രവർത്തകർ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിേലക്ക് മാറ്റിയെങ്കിലും പ്രളയം തന്ന ഭീതിനിറഞ്ഞ ദിനങ്ങളിൽ നിന്നും അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് മകൻ പറയുന്നു. ഗോവ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് വിരമിച്ച എബ്രഹാമിന് അറുപത്തിനാല് വയസുണ്ട്. തിങ്കളാഴ്ചയാണ് സംസ്കാരം.

മലയാളികളെ രൂക്ഷമായി അധിക്ഷേപിച്ച് അർണാബ് ഗോസ്വാമി. കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ചാനലിൽ നടന്ന അന്തിച്ചർച്ചയിലാണ് മലയാളികളെ അധിക്ഷേപിച്ച് ചാനൽ ഉടമയും വാർത്താ അവതാരകനുമായ അർണാബ് രംഗത്ത് വന്നത്. ഇന്ത്യയിലെ ഏറ്റവും നാണമില്ലാത്ത വർഗ്ഗമാണ് മലയാളികൾ എന്നായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം. സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധമറിയിച്ചു തുടങ്ങിയിട്ടുണ്ട്.

‘ഫ്ലഡ്എയ്ഡ്ലൈ’ എന്ന വിഷയത്തിലായിരുന്നു റിപ്പബ്ലിക്ക് ടിവിയിലെ ചർച്ച. യുഎഇയിൽ നിന്നുള്ള ധനസഹായവും മറ്റുമായി ബന്ധപ്പെട്ട് മലയാളികൾ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അവർക്കതു കൊണ്ട് എന്താണ് ലഭിക്കുന്നതെന്നും അയാൾ ചോദിച്ചു. “ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ. അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്?”- ഇങ്ങനെയായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം.

പ്രളയത്തിൽ മുങ്ങിയ വീടിനു സമീപം താമസിക്കുന്ന ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെളിയനാട് മുല്ലശേരിൽ ബാബുവിന്‍റെ മകൻ ബിബിൻ ബാബു(18)വിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്നും കണ്ടെത്തിയത്. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ വിദ്യാർഥിയായിരുന്നു ബിബിൻ.

വെളിയനാട് മുല്ലശേരിൽ മാത്യുവിന്‍റെ മകൻ ടിബി(26)ന് വേണ്ടി തെരച്ചിൽ തുടരുകയാണ്.  വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബന്ധുക്കളായ മൂവർ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മുല്ലശേരിൽ ജിറ്റോ (32) നീന്തി രക്ഷപെട്ടിരുന്നു.

ചീരഞ്ചിറ ചന്പന്നൂർ ജോളി ജോസഫിന്‍റെ വീട്ടിലാണ് അപകടത്തിൽപെട്ടവർ ഉൾപ്പടെ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ജോളിയുടെ ഭാര്യ മോളിയുടെ സഹോദര·ാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്. കാണാതായ ടിബിൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

പ്രളയത്തിനിടെ മലപ്പുറം മേലാറ്റൂരിൽ ഒൻപതുവയസ്സുകാരനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊല സ്വർണം കൈക്കലാക്കാനാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.

മലപ്പുറം എടയാറ്റൂരില്‍നിന്ന് ഈ മാസം പതിമൂന്നിനാണ് മുഹമ്മദ് ഷഹീനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ഷഹീനെ പുഴയില്‍തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ കസ്റ്റഡിയിലെടുത്തിരുന്നു.

കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തിൽ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഷഹീനു വേണ്ടി ആനക്കയം പുഴയില്‍തിരച്ചിൽ തുടരുകയാണ്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷെഹീനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന പ്രതി കുട്ടിയെ പുഴയിൽ തള്ളിയിട്ടു കൊല്ലുകയായിരുന്നു.

കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റർ മാറി തറവാടുവീടിനടുത്തു വെച്ചാണ് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയത്.

മഹാപ്രളയത്തിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായവുമായി അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിൾ രംഗത്തെത്തി‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഏഴുകോടി രൂപയാണ് കമ്പനി സഹായം പ്രഖ്യാപിച്ചത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പൂർണപിന്തുണയും ആപ്പിൾ പ്രഖ്യാപിച്ചു.

‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവനയായി നൽകുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകൾ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.’ ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.
അതുകൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ ഡൊണേഷന്‍ ബട്ടണുകള്‍ വഴി സംഭാവന നല്‍കാം.

RECENT POSTS
Copyright © . All rights reserved