Latest News

കുമ്പള: വാഹനം കിട്ടാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴ് വയസുകാരി മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് നടന്നാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കുമ്പള പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളെജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്‍ പറഞ്ഞു.

തിരുവനന്തപുരം: ഫോണ്‍ വിളിക്കാന്‍ മറന്ന എസ്‌ഐക്ക് പാറാവ് പണികൊടുത്ത എഎസ്പിയുടെ നടപടി വിവാദത്തില്‍. നെടുമങ്ങാട് എഎസ്പി സുജിത് ദാസാണ് എസ്‌ഐയെ ഒരു പകല്‍ മുഴുവന്‍ പാറാവ് നിര്‍ത്തി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

രാവിലെ 10 മുതല്‍ രാത്രി വൈകിയും ശിക്ഷ നടത്തുകയായിരുന്നു. രാവിലെ മണിക്കൂറുകളില്‍ നിര്‍ത്തിയും തുടര്‍ന്ന് കസേര നല്‍കി ഇരുത്തിയമാണ് ശിക്ഷ നടത്തിയത്.

തന്റെ അധികാരപരിധിയിലുള്ള എസ്‌ഐയോട് രാവിലെ തന്നെ വിളിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതില്‍ നിന്നും വീഴ്ച വരുത്തിയതിനാണ് എഎസ്പി ശിക്ഷിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് എസ്‌ഐയെ വിളിച്ചുവരുത്തി ശിക്ഷിച്ചത്.

എസ്‌ഐക്ക് പാറാവ് നില്‍ക്കുന്നതിന് വേണ്ടി നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശകര്‍ എത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിനു വിളിപ്പിച്ചതാണെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങളുമാണെന്നും എഎസ്പി പറഞ്ഞു.

 

താരസംഘടനയായ അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആരോപണം ഉന്നയിച്ച ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം. വിമര്‍ശനമുന്നയിച്ച നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളാണ് ഫേസ്ബുക്ക് പേജില്‍. ഇന്നലെ നടന്ന നടിമാരുടെ വാര്‍ത്താസമ്മേളനം ലൈവ്സ്ട്രീം ചെയ്തതിന് താഴെയും ഇത്തരത്തില്‍ വ്യാപകമായ കമന്റുകളാണ്. പ്രമുഖ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് അക്രമത്തിന് പിന്നില്‍.

വനിതാകൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അസഭ്യവര്‍ഷവും അധിക്ഷേപവും തുടരുന്ന ഫാന്‍സിനെതിരെ സംവിധായകന്‍ ഡോക്ടര്‍ ബിജു രംഗത്തെത്തി. ഇത്തരത്തിലുള്ള കമന്റുകള്‍ എല്ലാ ജില്ലകളിലും മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണമെന്ന അടിയന്തിര ഘട്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ബിജു കുറിച്ചു.

“WCC യുടെ പ്രസ് മീറ്റ് വാര്‍ത്തകളുടെ ലിങ്കിന് താഴെ കമന്റ് വിസര്‍ജ്ജിക്കുവാന്‍ വന്ന ‘ഫാനരന്മാരുടെ’എണ്ണവും ഭാഷയും കണ്ട് ഞെട്ടേണ്ടതില്ല..കേരളത്തില്‍ എല്ലാ ജില്ലകളിലും ഒട്ടേറെ മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണം എന്ന അടിയന്തിര ഘട്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്താന്‍ ഇത് സഹായിക്കും..”

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. മംഗളൂരു ഗഞ്ചിമഠിലെ മുഹമ്മദ് സമീറിന്റെ(35) ഭാര്യ ഫിർദോസ്(28), ഇവരുടെ കാമുകൻ ആസിഫ്(34) എന്നിവരെയാണ് കർണാടക–തമിഴ്നാട് അതിർത്തിയിൽ ഹൊസൂർ ബസ് സ്റ്റാൻഡ് പരിസരത്ത് തമിഴ്നാട് ദേവദനപ്പട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 15നാണ് ഇരുവരും ചേർന്നു സമീറിനെ കൊലപ്പെടുത്തി തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം ഉപേക്ഷിച്ചത്. സമീറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മധുരയ്ക്കു സമീപം ഉള്ളതായി വ്യക്തമായി. തുടർന്ന് ഇവിടെ കണ്ടെത്തിയ അജ്ഞാത ജഡങ്ങൾ പരിശോധിച്ചാണു സമീറിനെ തിരിച്ചറിഞ്ഞത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതായി ഇവർ പൊലീസിനു മൊഴി നൽകി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണം. ഇന്നലെ എ.എം.എം.എ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിട്ട് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയ നടിമാരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്.

മോഹന്‍ലാല്‍ ഫാന്‍സ് അംഗങ്ങളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ നടി ആക്രമണ കേസിലെ പ്രതിയായ ദിലീപ് ഫാന്‍സ് അംഗങ്ങളും ആക്രമണത്തിന് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ ലൈവ് വീഡിയോ ണഇഇ യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.

തീയേറ്ററില്‍ നിങ്ങളുടെ സിനിമ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നാണ് ചിലരുടെ ഭീഷണി. ചിലര്‍ നടിമാരുടെ സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ തെറിവിളികളുമായി രംഗത്ത് വന്നു. ചിലര്‍ മോഹന്‍ലാല്‍ മഹാനടനാണെന്നും നിങ്ങളൊക്കെ ഫീല്‍ഡ് ഔട്ടാണെന്നും വാദം ഉന്നയിക്കുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഡബ്ല്യുസിസി സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടുന്നത്. നേരത്തെ ദിലീപിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്ന സമയത്ത് സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു.

കോട്ടയം: ജലന്ധര്‍ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹന ജപമാല യാത്ര’യില്‍ നിന്ന് മുഖ്യാതിഥിയെ മാറ്റി. മുഖ്യാതിഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് പി.സി ജോര്‍ജ് എം.എല്‍.എയെ ആയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കി കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോര്‍ജ് ജലന്ധറില്‍ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിര്‍ത്തതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് ബര്‍ണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

ജോര്‍ജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് ഭൂരിഭാഗം വൈദികരും അത്മായരും അറിഞ്ഞത്. ഇതോടെ ഏതാനും വൈദികര്‍ പരാതിയുമായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നെലോ ഗ്രേഷ്യസിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. വൈദികരുടെ ആശങ്ക പരിഗണിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുഖ്യാതിഥിയെ മാറ്റി നിശ്ചയിക്കാന്‍ സംഘടാകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ജലന്ധറില്‍ നിന്നും ലഭിക്കുന്ന വിവരം.

നാളെ വൈകിട്ട് അഞ്ചു മണിക്ക് ജലന്ധര്‍ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ നിന്നാണ് ജപമാല യാത്ര ആരംഭിക്കുന്നത്. ബിഷപ്പ് ഹൗസ് വരെയാണ് റാലി. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയില്‍ മെഴുകുതിരികളും തെളിച്ച് പങ്കെടുക്കാനാണ് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ എത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കത്തോലിക്കാ സഭയില്‍ ജപമാലയുടെ വണക്കത്തിനായി ഒക്‌ടോബര്‍ മാസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നതാണ്. എല്ലാ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ച് ജപമാല ചൊല്ലുന്നതും സമാപന നാളുകളില്‍ പ്രത്യേക ചടങ്ങുകളും നടത്തുന്നതും പതിവാണ്. എന്നാല്‍ ജലന്ധറില്‍ ഇത്തവണ ത്യാഗ സഹന ജപമാല യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ‘ത്യാഗ സഹന’ റാലിയാക്കി മാറ്റിയത്.

 

 

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പ് ആണ് ഇത്തവണ ആരോപണവുമായി വന്നിരിക്കുന്നത്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക്‌ ദുരനുഭവമുണ്ടായതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നപ്പോഴാണ് മര്യാദ വിട്ട പെരുമാറ്റമുണ്ടായതെന്ന് ക്യാമ്പ് പറയുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ പന്ത്രണ്ട് പേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌. നിലവില്‍ ആഫ്രിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അക്ബര്‍ ആരോപണങ്ങളേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അലിഗഡ്: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയെന്നും ആരോപിച്ച് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. നേരത്തേ ഇവരെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

കശ്മീര്‍ സ്വദേശികളായ വസിം മാലിക്, അബ്ദുള്‍ മിര്‍ എന്നിവരേക്കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അലിഗഡ് എസ്.പി അജയ് സാഹ്നി വ്യക്തമാക്കി.

കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്ററായ മനന്‍ ബഷീര്‍ വാനിക്ക് വേണ്ടി അറസ്റ്റിലായവര്‍ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതായി എസ്.പി അജയ് സാഹ്നി അറിയിച്ചു.

അനൗദ്യോഗികമായി യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അലിഗഡ് സര്‍വകലാശാല വക്താവ് ഷഫാ കിദ്വായ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനകം റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കു രാജ്യം വിട്ടു പുറത്തുപോകുന്നതിന് ഇനി തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വളരെ നിര്‍ണായകമായൊരു ഭേദഗതിയാണിതെന്നു വിലയിരുത്തപ്പെടുന്നു. നിയമ ഭേദഗതിയെ രാജ്യാന്തര തൊഴില്‍ സംഘടന(ഐഎല്‍ഒ) സ്വാഗതം ചെയ്തു. തൊഴില്‍ കരാര്‍ കാലാവധിക്കുള്ളില്‍ അവധിയില്‍ താല്‍ക്കാലികമായി നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു നിലവില്‍ തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിരുന്നു.

പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ നിബന്ധന ഒഴിവാക്കിയത്.

അമ്മയ്ക്കെതിരെ അക്കമിട്ടുള്ള കടന്നാക്രമണവുമായി സിനിമയിലെ വനിതാകൂട്ടായ്മ. ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്ന് ഡബ്ള്യുസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്.

അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി ആരോപിച്ചു. ഡബ്ള്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് തയാറായില്ലെന്ന് മോഹന്‍ലാലിനെ ഉന്നമിട്ട് രേവതി പറഞ്ഞു. പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ? പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി. സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അംഗങ്ങൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

  എണ്ണി എണ്ണി പറഞ്ഞ കാര്യങ്ങൾ…

∙ ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ല

∙ കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല

∙ 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്

∙ പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ?

∙ ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു

∙ ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്ന ബാബുരാജിന്റെ പരാമര്‍ശം ഹീനം

∙ അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി

∙ മോഹന്‍ലാലിനെതിരെ വിമര്‍ശനം

∙ ഡബ്ല്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് തയാറായില്ല

∙ നടിമാര്‍ എന്നുമാത്രം പറഞ്ഞാണ് പരാമര്‍ശിച്ചതെന്ന് രേവതി

∙ ദിലീപിന്റെ കാര്യത്തില്‍ ‘അമ്മ’യുടെ ബൈലോ വച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു

∙ ദിലീപ് സംഘടനയിലുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല: പത്മപ്രിയ

∙ ഇരയായ നടിയുടെ രാജിക്കത്ത്

∙ പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി

∙ സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്

∙ ‘അമ്മ എന്തോ മറയ്ക്കുന്നു’

∙ അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി

∙ അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു

∙ ‘ഞങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണ് ‘

∙ താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ‌ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.

∙ അമ്മയില്‍നിന്ന് രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തും പറയാനുണ്ടെങ്കിൽ അടിയന്തര യോഗം ചേരും എന്ന് ഇടവേള ബാബു പറഞ്ഞു. തുടർന്നാണ് അമ്മയുമായി വീണ്ടും വിഷയം ചർച്ച ചെയ്യാൻ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. കെഞ്ചി പറഞ്ഞു സംസാരിക്കാന്‍ അവസരം തരാൻ. പക്ഷേ അവർ അതിനു തയാറായില്ലെന്നും പാർവതി പറഞ്ഞു.

∙ യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ‌ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ‌ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു.

∙ ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. ബീന പോൾ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളാണ് നടിമാർ ധരിച്ചിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved