ദുരിതാശ്വാസ ക്യാന്പിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരന്പലം ലോക്കൽ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാന്പിലെ വസ്ത്തുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇയാൾ പോലീസിനോട് അപമര്യാദയായി പെരുമാറിയത്. വാക്കുതർക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയർത്തി പോലീസുകാരന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചിരുന്നു. ക്യാന്പിൽ വസ്ത്തുകൾ വിതരണം ചെയ്യന്നതിൽ വിവേചനമെന്ന പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
കുത്തൊഴുക്കിലെ അപകട ഭീഷണിയും ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾക്കു വെള്ളം കയറി നേരിടാവുന്ന നാശനഷ്ടവും വകവയ്ക്കാതെ കുട്ടനാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ വലിയ ടിപ്പറുകളുമായി ഇറങ്ങിയ ഉടമകൾക്കു നാടിന്റെ ബിഗ് സല്യൂട്ട്. വിശ്രമമില്ലാതെയാണ് ചങ്ങനാശേരിയിൽ ടിപ്പറുകൾ നാലഞ്ചു ദിവസം എസി റോഡിലെ വെള്ളത്തിലൂടെ കുതിച്ചത്. തുരുത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമകളാണ് പ്രധാനമായും ടിപ്പറുകൾ വിട്ടുനൽകിയത്. ചങ്ങനാശേരി അതിരൂപത നേതൃത്വത്തിന്റെയും സംഘടനകളുടെയും അഭ്യർഥന സ്വീകരിച്ചാണ് ഇവർ വിശ്രമമില്ലാതെ ടിപ്പറുകളുമായി രംഗത്തിറങ്ങിയത്. പാലാത്ര കൺസ്ട്രഷൻസ് ഉടമകളായ ഷാജി, ഷിബു, സോണി, പ്രിൻസ്, ചാൾസ്, മനോജ്, മോൻ എന്നീ സഹോദരന്മാരാണു വലിയ ടിപ്പറുകൾ (ടോറസുകൾ) വിട്ടുനൽകി സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചത്.
കിടങ്ങറ, രാമങ്കരി ഭാഗങ്ങളിൽനിന്നു വെള്ളത്തിൽ മുങ്ങിയ എസി റോഡിലൂടെ പാലാത്ര കണ്‍സ്ട്രക്ഷൻസിന്റെ 33 വലിയ ടിപ്പറുകളാണ് നാലു ദിവസം നീണ്ട രക്ഷാപ്രവർത്തനംകൊണ്ട് പതിനയ്യായിരത്തിലധികം കുട്ടനാട്ടുകാരെ ചങ്ങനാശേരിയിലെത്തിച്ചത്. ഈ ടിപ്പറുകൾക്കും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ നിരവധി വാഹനങ്ങൾക്കും ബോട്ടുകൾക്കും പാലാത്ര കണ്‍സ്ട്രക്ഷൻസിന്റെ ഉടമസ്ഥതയിലുള്ള പാലാത്ര ഫ്യൂവൽസിൽനിന്ന് 25,000 ലിറ്റർ ഡീസലും ഇവർ സൗജന്യമായി നൽകി.
പാലാത്ര കണ്സ്ട്രക്ഷൻസിനൊപ്പം കുറുന്പനാടം കേന്ദ്രമാക്കിയുള്ള ഷാജൻ ഓവേലിയുടെ നേതൃത്വത്തിലുള്ള ഓവേലി കണ്‍സ്ട്രക്ഷൻസിന്റെ രണ്ടും കാഞ്ഞിരപ്പള്ളിയിലുള്ള മയിൽപ്പീലി കണ്‍സ്ട്രക്ഷൻസിന്റെ രണ്ടും വലിയ ടിപ്പറുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ഒരു ടിപ്പറിൽ ഇരുനൂറുപേരെ വരെ കയറ്റി ദിനംപ്രതി 150 ട്രിപ്പുകൾവരെയാണ് നടത്തിയത്. രാവിലെ ആറു മുതൽ രാത്രി 11 വരെയുള്ള സമയത്തായിരുന്നു ഈ കൂറ്റൻ വാഹനങ്ങളിലെ രക്ഷാപ്രവർത്തനം. അപകട ഭീഷണികളെ അതിസാഹസികതയോടെ നേരിട്ടാണു വിവിധ കന്പനികളിലെ ഡ്രൈവർമാരും ജീവനക്കാരും വിലിയ ടിപ്പറുകൾ ഓടിച്ചതെന്നു പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമ ഷിബു പറഞ്ഞു.
വെള്ളം കയറി നാശം
രക്ഷാപ്രവർത്തനത്തിനു പോയ 37 ടിപ്പറുകളുടെയും എൻജിനുകളിൽ വെള്ളം കയറിയതുമൂലം വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഈ ടിപ്പർ എൻജിനുകൾ സർവീസ് നടത്തി ഓയിൽ മാറുന്നതടക്കം അറ്റകുറ്റപ്പണികൾക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവാകും. ഭാരത് ബെൻസ് കന്പനി ഇതിന്റെ പകുതി തുക കുറച്ചു നൽകാമെന്നാണ് സമ്മതിച്ചിരിക്കുന്നതെന്നും ഷിബു പറഞ്ഞു. തുരുത്തിയിലുള്ള ഓഫീസ് പരിസരത്തുവച്ച് എൻജിനുകളിൽ അത്യാവശ്യ സർവീസ് നടത്തി കോട്ടയത്തുള്ള കന്പനി ഗാരേജിലെത്തിച്ചു ബാക്കി അറ്റകുറ്റപ്പണികൾ ചെയ്തു നൽകാനും കന്പനി നടപടി ആരംഭിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ ബി.എസ്.തിരുമേനി ഇടപെട്ടു പ്രത്യേക ഉത്തരവിറക്കിയാണു ചരക്കു വാഹനങ്ങളിൽ ആളെക്കയറ്റിയുള്ള രക്ഷാപ്രവർത്തന നിരോധനം പരിഹരിച്ചത്. റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം എന്നിവരുടെ നേതൃത്വവും വലിയ ടിപ്പറുകളിലെ രക്ഷാപ്രവർത്തനത്തിനു നിർലോഭ പിന്തുണയായി. ടോറസുകളിൽ ആളെ കയറ്റിയിറക്കാൻ വിവിധ സാമുദായിക, രാഷ്ട്രീയ, സന്നദ്ധ സംഘടകളുടെ സഹായവും ശ്രദ്ധേയമായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നിസ്വാർഥ സേവനം നടത്തിയവരുടെ ടിപ്പറുകൾക്കുണ്ടായ നഷ്ടം തങ്ങളെ വേദനിപ്പിക്കുന്നുവെന്നും ഇതു സർക്കാർ പരിഹരിച്ചു നൽകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷപ്പെട്ടു ക്യാന്പിൽ കഴിയുന്നവരിൽ ചിലർ പറഞ്ഞു.
പ്രളയക്കെടുതികള്‍ക്കിടയിലും ആളുകളെ ചിരിപ്പിച്ച ചില സംഭവങ്ങളുണ്ടായിരുന്നു. അതില്‍ തന്നെ ആളുകളെ ഏറ്റവുമധികം ചിരിപ്പിച്ച സംഭവമായിരുന്നു വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ടത്. വാട്ട്സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്.
ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഒടുവില്‍ ഹെലികോപ്ടര്‍ അവനെ തിരുവനന്തപുരത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
യുവാവിന്റെ അനാവശ്യ യാത്ര എയര്‍ഫോഴ്‌സിന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതോടെ ഇയാളെ ട്രോളി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി പറഞ്ഞു കൊണ്ട് കഥാനായകന്‍ ജോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജോബി പറയുന്നതിങ്ങനെ… ഞങ്ങളുടെ നാട്ടിലെ യുവാക്കളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയമായിരുന്നു അപ്പോള്‍. വെള്ളമിറങ്ങിക്കഴിഞ്ഞ് ഒരു ഞായറാഴ്ചയായിരുന്നു സംഭവം. ഞാനും ഒരു സുഹൃത്തും വീട്ടിലേക്ക് പൊയ്‌ക്കോണ്ടിരുന്നപ്പോള്‍ മര്‍ത്തോമാ പള്ളിയുടെ സമീപം ഹെലികോപ്ടര്‍ ഇറങ്ങി. ആ സമയത്ത് അങ്ങോട്ട് ചെന്നപ്പോള്‍ ഹെലികോപ്ടറില്‍ നിന്നിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങളോട് വരുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലയെന്നു ഞങ്ങള്‍ മറുപടി പറഞ്ഞു.
ഹെലികോപ്ടറിന്റെ ഫാനിന്റെ ശബ്ദം കാരണം അവര്‍ പറയുന്നതൊന്നും വ്യക്തമായി കേള്‍ക്കുന്നില്ലായിരുന്നു. കുടുങ്ങിക്കിടക്കുന്ന ആളുകളെ കാട്ടിക്കൊടുക്കാനോ മോക്ഡ്രില്‍ ചെയ്യാനോ അണ് എന്നെ വിളിച്ചത് എന്നു കരുതിയാണ് ഹെലികോപ്ടറില്‍ കയറിയത്. എന്നാല്‍ അവര്‍ എന്നെ കൊണ്ടെത്തിച്ചത് തിരുവനന്തപുരത്താണ്. പിന്നെ അവരോട് സംസാരിച്ചപ്പോഴാണ് ഇത് ഞാന്‍ ഉദ്ദേശിച്ച കാര്യമല്ലെന്നും അവര്‍ എന്നെ രക്ഷപ്പെടുത്തിയതാണെന്നും മനസ്സിലാവുന്നത്. അവരോട് ഞാന്‍ കാര്യം തുറന്നു പറയുകയും ചെയ്തു. പിന്നീടാണ് സോഷ്യല്‍ മീഡിയകളില്‍ സംഭവത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നിറയുന്നത്. എന്നെ സഹായിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുക… ഇങ്ങനെ പറഞ്ഞാണ് യുവാവ് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
ജോബി ഡ്രൈവറാണെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ആളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇയാളുടെ വീട് തകര്‍ന്നിരിക്കുകയാണെന്നും ഡ്രൈവിംഗ് ജോലി ചെയ്താണ് ഇയാള്‍ ജീവിതം പുലര്‍ത്തുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. വീഡിയോ ഇതിനോടകം പതിനായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
പ്രളയദുരിതത്തിലകപ്പെട്ട് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ നൽകി രാജസ്ഥാനികളുടെ കൈത്താങ്. പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പടെ നൂറോളം പേര്‍ വരുന്ന സംഘത്തിന്റെ കാരുണ്യ പ്രവർത്തനം പി.കെ ഷിബി എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. എറണാംകുളത്തു പനമ്പള്ളി നഗർ 11 ക്രോസ് റോഡിൽ താമസിക്കുന്ന മാർവാടികളാണ് ദുരിതക്കയത്തിൽ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ ക്യാംപ് ഒരുക്കിയത്. എട്ടു പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. രണ്ടുലക്ഷം പൂരികളാണ് ഇവർ ദിവസേന ഒരുക്കുന്നത്.
പതിനഞ്ചാം തീയതി മുതൽ ഭക്ഷണമൊരുക്കാൻ തുടങ്ങിയ സംഘം ദുരിതം തീരുംവരെ പ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവരിൽ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാരുണ്ടെന്ന് യുവതി കുറിപ്പിൽ പറയുന്നു. അഞ്ചു വയസ്സുള്ള കുട്ടി ഉൾപ്പടെ ഒത്തൊരുമയോടെ കാര്യങ്ങൾ ചെയ്യുന്നതു കാണുമ്പോൾ പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ തോന്നുന്നുവെന്നും ഷിബി പറയുന്നു. ഭക്ഷണമൊരുക്കുന്ന സംഘത്തിന്റെ വിഡിയോയും ഷിബി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം,
ഈ വിഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല… പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്… ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്…. അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു…. ദിവസം 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു… ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും…. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും….. വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു…. ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്…. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ… അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം…. സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു….. യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു…. ജോലിയെടുക്കുന്ന എല്ലാവര്‍ക്കും സമയാസമയത്ത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു….. !!
അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ…. വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു….. ചുരുക്കം ചില മലയാളികളും…. ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു…. അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശരിക്കും എന്തൊരു ആത്മ സംതൃപ്തി….. പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ…. ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ…!!
ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല…. പബ്ലിസിറ്റിയില്ല….. സ്വന്തം കാശുകൊടുത്തു ഓരോ ദിവസവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ….. മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്…. ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു.
മഹാപ്രളയത്തിൽ കേരളം മുങ്ങിത്താഴ്ന്ന കാഴ്ചയാണ് ആഗസ്റ്റ് ആദ്യവാരം മുതൽ എല്ലാവരും കണ്ടത്. പ്രളയവാർത്തകളോടൊപ്പം സമൂഹമാധ്യമങ്ങളിൽ ട്രോളായും അല്ലാതെയും ചർച്ച ചെയ്യുന്ന വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം.
വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വിഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം, വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്‍റെ 2018ലേക്കുള്ള വിഷുഫലപ്രവചനം.
വിഷുഫല വിമർശനങ്ങളെക്കുറിച്ച് കാണിപ്പയ്യൂർ പ്രമുഖ മാധ്യമത്തിനോട് വിശദീകരിച്ചു
38 വർഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് ഞാൻ. ഇത്തരം ഒരു അനുഭവം ആദ്യമാണ്. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല. എന്നാൽ എനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി. മനുഷ്യനാകുമ്പോൾ തെറ്റുകൾ സ്വാഭാവികമല്ലെ? ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോൾ. എനിക്ക് അബദ്ധം പറ്റി. അങ്ങനെ കരുതിയാൽ മതി.
ഇന്നലെ രാത്രി പതിനൊന്നുമണി മുതൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ട്രോളിന്റെ ബഹളമാണ്. ക്യാംപിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെ കണ്ണന്താനം താൻ ഉറങ്ങുന്ന പോസിലുള്ള ചിത്രങ്ങൾ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതോടെയാണ് ട്രോളുകാർ പൊങ്കാല തുടങ്ങിയത്.
ട്രോൾ കാരണം തലക്കെട്ട് മാറ്റിയെങ്കിലും രക്ഷയില്ലെന്ന് മനസിലായതോടെ വിശദീകരണ കുറിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി. അൽഫോൻസ് കണ്ണന്താനത്തിന്റെ കുറിപ്പ് ഇങ്ങനെ
കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് കണ്ണാന്താനം ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഫേസ് ബുക്ക് പേജില്‍, ‘ ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
തള്ള്…..
തള്ളിന്റെ കൂടെ ഒരു ഉന്തും…..
കൊച്ചി: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. മിക്ക ട്രെയിനുകളും ഇന്ന് സാധരണ സമയത്ത് സര്‍വീസ് നടത്തും. അതേസമയം വേഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ തീവണ്ടികളെല്ലാം വൈകിയായിരിക്കും ഓടുക. കെ.എസ്.ആര്‍.ടിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. റോഡുകള്‍ തകര്‍ന്ന സ്ഥലങ്ങളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും സര്‍വീസ് തുടങ്ങും. ഇന്റര്‍ സ്റ്റേറ്റ് ദീര്‍ഘദൂര ബസുകളും സര്‍വീസ് പുനരാരംഭിക്കും.
തൃശൂര്‍-ഗുരുവായൂര്‍ പാതയിലും കൊല്ലം-ചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആലപ്പുഴയിലെ തകഴി, നെടുമ്പ്രം ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ചെറുവാഹനങ്ങള്‍ കടന്നുപോകാറായിട്ടില്ല. ആലപ്പുഴ ജില്ലയിലെ എടത്വ മങ്കോട്ട വീയപുരം ഹരിപ്പാട് റോഡ് തുറന്നിട്ടില്ല. എടത്വ മാമ്പുഴക്കരി, എടത്വ ചമ്പക്കുളം മങ്കൊമ്പ്, എടത്വ ആലംതുരുത്തി, നീരേറ്റുപുറം മുട്ടാര്‍, രാമങ്കരി തായങ്കരി റോഡുകളില്‍ വെള്ളം ഇറങ്ങിയിട്ടില്ല. ഈ സ്ഥലങ്ങളില്‍ ബസുകള്‍ ഓടില്ല. ഇടുക്കി ജില്ലയില്‍ കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഇരുട്ടുകാനം മുതല്‍ പള്ളിവാസല്‍ വരെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.
വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മിഡില്‍ ഈസ്റ്റിലേക്കാണ് ഏറ്റവും വര്‍ധനവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ദുബായിലേക്ക് കോഴിക്കോട്ടുനിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ നാളെ 43,000 രൂപയും ഷാര്‍ജയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ 33,400 രൂപയും അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 37,202 രൂപയും നല്‍കണം. 7000 മുതല്‍ 10,000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്ന സെക്ടറുകളാണിത്.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരത്തിനിടെ കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും. സുനില്‍ ഗവാസ്കര്‍, ആശിഷ് നെഹ്‍റ, കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്നത് . എഷ്യന്‍ ഗെയിംസിനിടയിലും സഹായ അഭ്യര്‍ഥന സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട് .
കോട്ടയത്തെ കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 14 പ്രതികളുള്ളതില്‍ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് മുഖ്യആസൂത്രകരെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സഹോദരനെതിരെ ഗൂഢാലോചനയ്ക്കു പുറമെ കൊലപാതകക്കുറ്റവും ചുമത്തി. കെവിനും നീനുവും തമ്മിലുള്ള പ്രണയമാണ് ശത്രുതയ്ക്ക് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലനടന്ന് 85–ാം ദിവസമാണ് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ബിജോ തോമസ് അടവിച്ചിറ
പ്രകൃതി കനിഞ്ഞു നൽകിയ ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കൊച്ചു കേരളം, അവിടേക്ക് ഇന്ന് ലോകം ഉറ്റു നോക്കുന്നു. പക്ഷെ അത് ഇവിടുത്തെ പ്രകൃതി രമണീയതയിൽ മനം കുളിർന്നിട്ടു അല്ലെന്നു മാത്രം. നമ്മൾ ഇന്ന് ഒരു യുദ്ധ ഭൂമിയിൽ ആണ് ആ യുദ്ധം എന്ന് തിരുമെന്നോ, അങ്ങനെ അവസാനിക്കുമെന്നോ, ഭാവി ഭവിഷ്യത്തുകൾ എങ്ങനെ ആയിത്തീരുമെന്നോ ആർക്കും അറിയില്ല. പക്ഷെ ഒന്ന് മാത്രം ഈ യുദ്ധക്കളത്തിൽ മലയാളികൾ ഒന്നിച്ചു പൊരുതി ഇനിയും പൊരുതുന്നു, സമൃദ്ധിയുടെ ആ നല്ല നാളുകളിലേക്ക്……
എന്റെ നാട് കുട്ടനാട് പ്രകൃതി ഉഗ്രരൂപിണിയായി സംഹാരതാണ്ഡവം ആടി നിറഞ്ഞു കവിഞ്ഞു പല ജീവിതവും തുടച്ചു നീക്കി തൂത്തെറിഞ്ഞു വരുമ്പോൾ എല്ലാം ഉൾകൊള്ളാൻ കാത്തിരുന്ന നാട്. വർഷത്തോറും ചെറുതും വലുതുമായ പല വെള്ളപ്പൊക്കവും വന്നെങ്കിലും അതെല്ലാം വർഷത്തിലൊരിക്കൽ വിരുന്നു വരുന്ന ഉൽസവമാക്കി മാറ്റുന്ന കുട്ടനാടൻ ജനതയ്ക്ക് അപ്രതീഷിതമായി കിട്ടിയ ഇരുട്ടടി ആയി പോയി ഈ മഹാ ദുരന്തം. പമ്പ നദി നിറഞ്ഞു തുളുമ്പിയപ്പോളും എല്ലാം സഹിക്കാം എന്നും കരുതി,… ഏതൊക്കെ എന്ത് ? എന്ന് പറഞ്ഞു കൂട് വിട്ടുപോരാതിരുന്ന കുട്ടനാടൻ മക്കളുടെ കണ്ണുകൾ ചുവക്കാൻ അധിക സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു മാസക്കാലം കൂടെ ഉണ്ടായിരുന്ന വെള്ളപൊക്കം പ്രളയ ജലമായി മാറിയപ്പോൾ നാട് അക്ഷരാത്ഥത്തിൽ മുങ്ങി. കരകാണാൻ ഒരിടംപോലും ഇല്ലാതെ മുട്ടോളം വെള്ളം, തലപൊക്കമായി മാറാൻ അധിക നേരം വേണ്ടി വന്നില്ല. പിന്നെ ജിവനെങ്കിലും നിലനിർത്താനുള്ള ഓട്ടം ആയിരുന്നു.
ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് കത്ത് വച്ച സമ്പാദ്യങ്ങൾ മുഴുവൻ കണ്മുൻപിൽ അസ്തമിക്കുന്നതും കണ്ടു ജീവന് വേണ്ടിയുള്ള ഓട്ടം. ഏകദേശം 3 ലക്ഷത്തോളം വരുന്ന കുട്ടനാടൻ മക്കൾ തിരിച്ചറിയാൻ ഒരു രേഖകൾ പോലും ഇല്ലാതെ അവിടുന്ന് പലായനം തുടങ്ങി.
ആലുവയിലും പെരിയാറിന്റെ തീരങ്ങളിലും, ചെങ്ങന്നൂർ ഉൾപ്പെടയുള്ള പമ്പയാറിന്റെ തീരങ്ങളിലും മലബാർ മേഖലയിലും പ്രളയ ജലം സംഹാര താണ്ഡവമാടി അനവധി ജീവനുകൾ അപകരിക്കുമ്പോളും. അവിടങ്ങളിൽ നാട്ടുകാരോടൊപ്പം കേന്ദ്ര സംസ്ഥാന സേനയുടെ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോൾ.
അധികാരികൾ പറഞ്ഞു അവർ കുട്ടനാട്ടുകാർ അവർ രക്ഷപെടും അവർ വെള്ളത്തിൽ പൊങ്ങി കിടന്നുകൊള്ളും. അധികാരികളുടെ ശ്രദ്ധ ശരി വയ്ക്കുന്ന രീതിയിൽ ആയിരുന്ന ആദ്യ ദിനങ്ങളിൽ ഗ്രാമവാസികളുടെ രക്ഷാപ്രവർത്തനം. പ്രളയ ജലം വന്നു മൂടുന്ന ആദ്യ ദിനങ്ങളിൽ നാട്ടുകാർ തന്നെ സംഘടിച്ചുള്ള രക്ഷാപ്രവർത്തനം ആയിരുന്നു. പലരും സ്വന്തമായി സ്പീഡ് ബോട്ടുകളും യമഹ വള്ളങ്ങളിലും കിഴക്കൻ ദേശങ്ങളിലുള്ള ബന്ധു വീടുകളിൽ അഭയം തേടിയിരുന്നു.
എന്നാൽ നാട്ടുകാരെ കൊണ്ട് കുട്ടിയാൽ കൂടില്ലാത്ത സ്ഥിതിയില്ലേക്ക് കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ അധികാരികാരികളുടെ ശ്രദ്ധയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ പിന്നെ കണ്ടത് കുട്ടനാട്ടുക്കാർ എന്നുവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന് നാൾ വഴികൾ ആയിരുന്നു. പിന്നെ കുട്ടനാടിന്റെ കിഴക്കൻ മേഖലയായ ചങ്ങനാശേരിയിലേക്കും ആലപ്പുഴ നഗര പ്രദേശങ്ങളിലേക്കും കുട്ടനാട്ടുകാരുടെ ഒഴുക്കായിരുന്നു .
നാട്ടുകാർ സ്വന്തമായി സംഘടിപ്പിച്ച യമഹ വച്ച വള്ളങ്ങളോടൊപ്പം ദുരകർമ്മ സേനയുടെ സ്പീഡ് ബോട്ടുകളും പിന്നെ അവരും…… ഇനി കുട്ടനാട്ടുക്കാർ തങ്ങളുടെ ജീവിത കാലം മുഴുവൻ നന്ദിയോടെ ഓർക്കാനും തങ്ങളുടെ വരും തലമുറയ്ക്ക് കഥയിലൂടെ പറഞ്ഞു കൊടുക്കാനും കാത്തിരുന്നവർ… എല്ലാരും പറയുന്നതുപോലെ നമ്മുടെ സ്വന്തം സേന മൽസ്യബന്ധന തൊഴിലാളികൾ അതെ അവർ തന്നെ കാരിരുമ്പിന്റെ കരുത്തും കടലോളം കരുതലും തന്ന കടലിന്റെ മക്കൾ. നാട്ടുകാരോടും ദുര കർമ്മ സേനക്കും നയിക്കാൻ കടലിന്റെ മക്കൾ മുന്നിൽ നിന്നപ്പോൾ എന്തൊന്നില്ലാത്ത ഉണർവും കരുത്തും നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും കിട്ടി. റോഡുകളും പുഴകളും സമം സമമായി ഒഴുകുമ്പോൾ കരയായി ഒരു ഇത്തിരി സ്ഥലം പോലും ഇല്ലാത്ത അവസ്ഥയിൽ അറിയാത്ത വഴികളിലൂടെ നാട്ടുകാർക്കൊപ്പം അവർ ഇറങ്ങി തങ്ങൾക്കു അന്നം തരുന്ന അവരുടെ ആ ചെറുവള്ളങ്ങളുമായി ഒപ്പം യുവാക്കളായ കുട്ടനാടിന്റെ മക്കൾക്കൊപ്പം ചങ്ങനാശേരിയിലെ ഒരുപറ്റം കൂട്ടുകാരും…
കുട്ടനാടിന്റെ ഊടുവഴികളിലൂടെ എടത്തോടുകളിലൂടെയും കിലോമീറ്ററോളം അവർ പാഞ്ഞു മനുഷ്യ ജീവന്റെ ഒരു നമ്പ്പോലും നഷ്ടപ്പെടാതിരിക്കാൻ. അവരോടൊപ്പമുള്ള യാത്രയിൽ അക്ഷരത്തിൽ മുങ്ങി ഒരു പക്ഷെ ശവപ്പറമ്പ് ആയി മാറിയെനെക്കാമായിരുന്ന കുട്ടനാടിന്റെ അത്യന്തം ഭയാനകമായ നിലവിലെ സ്ഥിതി അടുത്ത് മനസിലാക്കാൻ കഴിഞ്ഞു. മനുഷ്യർ നിവർത്തികേടുകൊണ്ടു ജീവനുകൊണ്ട് ഓടിയപ്പോൾ വീട്ടിൽ ഉപേക്ഷിച്ചു പോയ പക്ഷി മൃഗാദികളിൽ പലതും ചത്ത് ഒഴുകി വരുന്ന ദുരന്ത നിമിഷങ്ങൾ. എത്രവിളിച്ചിട്ടും മുകളിലത്തെ നിലയിൽ സ്ഥാന മുറപ്പിച്ചു വീട് വിട്ടു വരാൻ കൂട്ടാക്കാത്ത നാട്ടുകാർ. രോഗ അവസ്ഥയിൽ കിടപ്പിലായ രോഗികൾ. അത്യന്തം ശ്രമപ്പെട്ടാണ് അവരിൽ പലരെയും അഭയ സ്ഥാനങ്ങളിൽ എത്തിയത്. നമ്മുടെ സ്വന്തം കടലിന്റെ മക്കൾ അവിടെ നമുക്ക് തന്ന കരുതൽ കടലോളം തന്നെ.
ഞാൻ ഒപ്പം കൂടിയ വിഴിഞ്ഞം തുറമുഖത്തിനിന്നും വന്ന തൊഴിലാളി സഹോദരങ്ങളിൽ 25 വയസോളം പ്രായം തോന്നിക്കുന്ന അണ്ണാ എന്ന് എന്നെ വിളിച്ച യുസഫ് എന്ന ചെറുപ്പക്കാരൻ പറയുകയുണ്ടായി കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങൾക്കു മുൻപ് കടലിൽ പോയി പുലർച്ചെ തുറയിൽ (കടലിൽ പോയി തിരിച്ചെത്തിയപ്പോൾ ) മടങ്ങിയെത്തിയപ്പോൾ പെട്ടന്ന് പള്ളിയിലേക്ക് വരാൻ പറഞ്ഞു അവിടെ എത്തുമ്പോൾ വെള്ളപൊക്കം മൂലം രക്ഷാപ്രവർത്തനത്തിന് പോകാൻ പറഞ്ഞത് എന്നും ഉടൻ തന്നെ പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറികളിൽ വള്ളവും കയറ്റി എങ്ങോട്ടു പുറപ്പെടുവായിരുന്നു എന്ന്. കടലിൽ നിന്നും മടങ്ങിയെത്തി കൊടുത്ത മത്സ്യത്തിന്റെ പണം പോലും വാങ്ങാതെ ആണ് പോലും അവർ എവിടേക്ക് തിരിച്ചത്. എല്ലാം കഴിഞ്ഞിട്ട് വേണം ഒന്ന് ഉറങ്ങാൻ എന്ന് ആ മുടി ചെമ്പിപ്പിച്ച ഇരുപത്തഞ്ച് വയസുകാരന്റെ വാക്കുകളിലെ നൻമ, പലപ്പോഴും കടൽഷോഭങ്ങളിലും ചുഴലിക്കാറ്റിലും മല്ലിടുന്ന സമയങ്ങളിൽ നമ്മുടെ നാട്ടുകാരായ തലമുറ അവരോടു കാണിച്ചിരുന്നോ എന്നുള്ളത് ഒരു ചോദ്യ ചിഹ്നം ?
വിഴിഞ്ഞത്തു നിന്നും വന്ന യൂസഫ് എന്ന ആ ചെറുപ്പകാരനൊപ്പം
അങ്ങനെ മുപ്പതോളം വരുന്ന ബോട്ടുകളിൽ വേറെയും നൂറോളം മൽസ്യത്തൊഴിലാളികൾ…രക്ഷാപ്രവർത്തനങ്ങളിൽ അവർക്കു കൂട്ടായി പല സുഹൃത്തുക്കളോടൊപ്പം പരിചിതവും അല്ലാത്തതുമായ പലമുഖങ്ങളും അവിടെ കാണാൻ കഴിഞ്ഞു. എല്ലാത്തിനും നേതൃത്വം കൊടുത്തു മുൻ നിരയിൽ നിന്നും നയിച്ച നമ്മുടെ സ്വന്തം സെലിബ്രറ്റി ആയ അജേഷും, രാജേഷും പിന്നെ സിജോ കാനച്ചേരിയും ശിഷ്യന്മാരും, പുട്ടൻ ബ്രിജിത്തും ഐസ് ജൂഡിപ്പനും, നവാസും, സലേഷ്, കണ്ണാടി പള്ളിയിലെ കൊച്ചച്ഛനും പിന്നെയും പേരറിയാത്ത ചങ്ക് ബ്രോകളും അക്ഷരത്തിൽ ഈ ദിവസങ്ങളിൽ ജീവൻ പോലും പണയം വച്ചുള്ള കൈയും മേയും മറന്നുള്ള അധ്വാനം ആയിരുന്നു.
പുളികുന്നിൽ നിന്നും എല്ലാം നിയന്ത്രിച്ച റ്റിറ്റോ ചേട്ടനും നന്ദിയുടെ വാക്കുകളിൽ. പിന്നെയും എടുത്തു പറയാൻ ഒരുലക്ഷത്തോളം വരുന്ന കുട്ടനാട്ടുകാരെ ഇരുകയ്യും നീട്ടി സ്വീകരിച്ച അഞ്ചു വിളക്കിന്റെയും മാനവികതയുടെയും നാട്ടുകാരായ ചങ്ങനാശേരിയുടെ പ്രബുദ്ധരായ നാനാതുറകളിലുള്ള ജനങ്ങളും…. ഓരോ തോണിയും ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ അടുക്കുമ്പോൾ ദുരന്ത നിവാരണ സേനയോടൊപ്പം ചങ്ങനാശേരിയിലെ ചെറിയ ക്ലബ്ബുകളിൽ തുടങ്ങി പല രാഷ്ട്രീയ പാർട്ടികളുടെ യുവരക്തങ്ങൾ ഒത്തൊരുമിച്ചു ജാതി മത ഭേദമന്യേ അഹോരാത്രം പ്രവർത്തിച്ചതിന്റെ ഫലമായി പ്രളയത്തിൽ മൂടിയ കുട്ടനാട്ടിൽ നിന്നും കരയിലേക്ക് എത്തുവാൻ ആഗ്രഹിച്ച അവസാനത്തെ ആളെവരെയും എത്തിക്കാൻ സാധിച്ചു.
ഈ ദുരന്തം നമ്മുടെ നാടിൻറെ ഈ കൊച്ചു കേരളത്തിന്റെ മാനവികതയുടെയും സാഹോദര്യത്തിന്റെയും നൻമ്മ വിളിച്ചോതുന്ന രക്ഷാപ്രവർത്തനത്തിന് നാളുകൾ കൂടിയായി മാറി. പ്രളയ ഭൂമിയിൽ കുട്ടനാട് മുങ്ങി പൊങ്ങിയ അവസ്ഥയിലും ഒരു ജീവഹാനി പോലും ഇല്ലാതെ കരകയറാൻ കടലിന്റെ മക്കളോടൊപ്പം നമ്മുടെ ഈ സഹോദരങ്ങളുടെയും പ്രവർത്തനം ഒരിക്കലും വിലമതിക്കാനാവാത്തതാണ്. ജീവന്റെ കണികപ്പോലും നഷ്ടപ്പെടാതെ കാക്കാൻ അവർ ദൈവങ്ങളായി രൂപം മാറി, വെറും മനുഷ്യർ……
രക്ഷപ്പെടിലിൻറെ നാളുകൾ കഴിഞ്ഞു ഇനി ഉള്ളത് വീണ്ടും ഒരു തിരിച്ചുവരവിനുള്ള നാളുകൾ ആണ്, നമ്മൾ തിരിച്ചു വരും ഈ ഒത്തോരുമ്മയും ഐക്കവും ഉള്ളടത്തോളം നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും…….