Latest News

തിരുവനന്തപുരം: യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെ പിടികൂടാനായില്ല. പ്രതിയായ ബി.ഹരികുമാര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇയാളുടെ ഫോണുകള്‍ ഓഫാണെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിക്കുന്നു. എന്നാല്‍ ഒളിവില്‍ പോയ പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. കേസില്‍ പോലീസിന് മെല്ലെപ്പോക്ക് സമീപനമാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

അന്വേഷണത്തോട് സഹകരിക്കണമെന്നും കീഴടങ്ങണമെന്നും ബന്ധുക്കള്‍ വഴി പ്രതിയെ പോലീസ് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം കൂടി പ്രതിക്കു വേണ്ടി കാത്തിരിക്കാനാണ് തീരുമാനം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ഹരികുമാറിന് ഇടുക്കിയിലും തമിഴ്‌നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണു വിവരം. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇലക്ട്രീഷ്യനും പ്ലമറുമായ നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനലാണ് മരിച്ചത്.

ആരാധകരുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർക്ക് ആഘോഷമാണ്. വിവാഹശേഷം ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിയതും ആരാധകർ ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ സൂര്യയാണ് ആദ്യം പ്രണയാഭ്യർഥന നടത്തിയതെന്ന് തുറന്നുപറയുകയാണ് ജ്യോതിക. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്. സൂര്യ പ്രപ്പോസ് ചെയ്തപ്പോള്‍ അധികം ആലോചിക്കേണ്ടി വന്നില്ലെന്നും അപ്പോള്‍ത്തന്നെ ഓകെ പറഞ്ഞെന്നുമാണ് ജ്യോതിക പറയുന്നത്.

വിവാഹമാണ് ഏറ്റവും വലിയ സന്തോഷമെന്നും ജ്യോതിക പറയുന്നു. ”എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വർഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റിൽ പോയി രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താൽപര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ രണ്ടാമതു ആലോചിക്കാതെ ഞാൻ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാരും സമ്മതിച്ചു. അടുത്ത മാസം തന്നെ വിവാഹം നടത്താൻ ഞാൻ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്.

2006 സെപ്തംബർ 11നായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്. ഏഴോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ശേഷമാണ് ജീവിതത്തിലും ഇരുവരും ഒന്നിച്ചത്. പൂവെല്ലാം കേട്ടുപാർ, ഉയിരിലെ കലന്തത്, കാക്ക കാക്ക, മായാവി, ജൂൺ ആർ, സില്ലനു ഒരു കാതൽ എന്നിവയാണ് ഇരുവരുടെയും ചിത്രങ്ങൾ.

 

ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസും പതിനെട്ടാം പടി കയറിയതോടെ ആചാര ലംഘനമുണ്ടായി എന്നതരത്തിലുള്ള വിവാദം കൊഴുക്കുകയാണ്. അതേ സമയം പതിനെട്ടാം പടിയുടെ പേരില്‍ യേശുദാസും പെട്ടുപോയിരുന്നു. അയ്യപ്പനെ പാടിയുറക്കുന്ന യേശുദാസിന് ഈ ഗതിയെങ്കില്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന് കാണാം. വത്സല്‍ തില്ലങ്കേരിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും കെ.പി. ശങ്കരദാസ് സത്യപ്രതിജ്ഞ ലംഘനത്തിന്റെ പേരില്‍ പെട്ടുപോകും.

ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറിയതിന് യേശുദാസിനെതിരെ 2018ലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ആചാരലംഘനം നടന്നുവെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. ആചാരങ്ങളെക്കുറിച്ച് യേശുദാസിന് അറിവുണ്ടായിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

2017 ഓഗസ്റ്റ് 21നായിരുന്നു സംഭവം. പടിപൂജയ്ക്ക് ശേഷം മുന്‍മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരിക്കൊപ്പമാണ് യേശുദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ പാടില്ല എന്നതും പടിപൂജയ്ക്കുശേഷം ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറാന്‍ പാടുള്ളൂ എന്നതും ലംഘിക്കപ്പെട്ടതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

തുടര്‍ന്ന് ദേവസ്വംബോര്‍ഡില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെട്ടു. ആചാരം ലംഘനം നടന്നു എന്ന് ദേവസ്വംബോര്‍ഡ് സമ്മതിച്ചു. എന്നാല്‍ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് യേശുദാസിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. മേലില്‍ ഇത്തരം ആചാരലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു.

യേശുദാസിന് ആചാരങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന വാദം മുഖവിലയ്‌ക്കെടുത്താലും മുന്‍മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിക്ക് ഇതെല്ലാം അറിവുള്ളതല്ലേ എന്നു കോടതി ആരാഞ്ഞു. ആചാരലംഘനം തടയാന്‍ മതിയായ സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നു നിരീക്ഷിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം പരിഗണിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീണ്ടും വിദേശയാത്രക്ക് അനുമതി തേടി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ജര്‍മ്മനിയില്‍ പോകാന്‍ വേണ്ടിയാണ് ദിലീപ് അനുമതി തേടിയത്. എന്നാല്‍ കേസിന്റെ വിചാരണ നീട്ടികൊണ്ടുപോകാനാണ് ദിലീപിന്റെ നീക്കമെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അടുത്തമാസം 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലെ ഫ്രാങ്ക് ഫുര്‍ട്ടില്‍ പോവുന്നതിനാണ് ദിലീപ് അനുമതി തേടിയത്.

ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചു വിചാരണയ്ക്കു കാത്തിരിക്കുന്ന കേസ്, പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരുന്നതു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ കുറ്റപത്രം നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. ദിലീപും മറ്റുപ്രതികളും നിരന്തരം വിചാരണ നീട്ടിവെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നീതിനിര്‍വഹണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ മറച്ചു വച്ചാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ പ്രധാന സാക്ഷികളില്‍ പലരും സിനിമാ രംഗത്തുള്ളവരാണെന്നും അതി കൊണ്ട് തന്നെ പ്രതികളുടെ ഇത്തരം യാത്രകള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം കോടതിയുടെ ഏത് നിബന്ധനയും അംഗീകരിക്കാമെന്നും പാസ്‌പോര്‍ട്ട് വിട്ടുതരാനും വിസ സ്റ്റാംപ് ചെയ്യാനും അനുവദിക്കണമെന്നും ദിലീപ് കോടതിയെ അറിയച്ചത്. കേസ് നവംബര്‍ 9 തിന് കോടതി വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാറപകടത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരടങ്ങിയ സംഘമായിരിക്കും തെളിവുകള്‍ ശേഖരിക്കുക. ആരാണ് വാഹനമോടിച്ചിരുന്നത്. ബാലഭാസ്‌കറും, ലക്ഷ്മിയും ഉള്‍പ്പെടെ കാറിന്റെ ഏത് ഭാഗത്താണ് ഇരുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് പരിശോധന.

അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനല്‍കിയത് അര്‍ജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. മൊഴികളിലെ വൈരുദ്ധ്യമാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. നേരത്തെ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മറ്റൊരാളും ബാലഭാസ്‌കറാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് മൊഴി നല്‍കിയിരുന്നു.

അപകടസമയം ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്ന് അര്‍ജുന്റെ മൊഴിയില്‍ പറയുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് വിദഗ്ദ്ധരും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണത്തില്‍ പോലീസിനൊപ്പമുണ്ടാകും. അപകടത്തില്‍ ബാലഭാസ്‌കറും രണ്ട് വയസുകാരിയായ മകള്‍ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു.

സന്നിധാനം: യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ ശബരിമല നടയടക്കുമെന്ന് മേല്‍ശാന്തി. നടയടച്ച് ശുദ്ധികലശം നടത്തുമെന്നാണ് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കിയത്. സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി സന്ദര്‍ശിച്ചപ്പോളാണ് മേല്‍ശാന്തി ഇക്കാര്യം അറിയിച്ചത്.

യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറക്കുന്നത്. വന്‍പോലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും. മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബസുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് യുവഡോക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശിനി ഡോ. പാര്‍വതി (25) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലായിരുന്നു അപകടമുണ്ടായത്. കല്യാണസംഘവുമായി കോഴിക്കോട്ടേക്കു പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടര്‍ന്നാണു കാര്‍ അപകടത്തില്‍പെട്ടത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്നവരും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിതിന്‍ ബാബുവിന് അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്ഷര സുപടതയും കുട്ടി വായിക്കാൻ അറിയാത്തവരുമായ കൊച്ചു കുട്ടി സ്‌കൂള്‍ അസംബ്ലിക്ക് പ്രതിജ്ഞ ചൊല്ലിയാന്‍ എങ്ങനെയിരിക്കും. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊച്ചുകുട്ടിക്ക് പറയാന്‍ സാധിക്കുമോ? എന്നാല്‍ തന്റെ സുഹൃത്തുക്കളും അധ്യാപകരും ചിരിച്ചിട്ടും അവള്‍ പതറിയില്ല.

പ്രതിജ്ഞ മുഴുവന്‍ ധൈര്യസമ്മേതം പറഞ്ഞു തീര്‍ത്തു. കൊച്ചു വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായി. അക്ഷരങ്ങള്‍ പിറക്കിയെടുത്ത് വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുമ്പോള്‍ കേട്ടു നില്‍ക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിരിയടക്കാന്‍ സാധിക്കുന്നില്ല.

‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം. മുഴുനീളെ ചിരിയുണര്‍ത്തുന്ന പ്രതിജ്ഞ ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കു’മെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധന സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച കാലയളവില്‍ 2012 മുതല്‍ 2018 വരെ ഇന്ത്യയ്ക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ (അതായത് 9400 കോടി) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ പറയുന്നു.

2012 ല്‍ മൂന്നൂറ് മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013 ല്‍ 268 പൗണ്ട് (2631 കോടി രൂപ), 2015 ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) കൂടാതെ ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായവും ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയെന്നും പീറ്റര്‍ ബോണ്‍ പറയുന്നു. ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിവരുന്ന ധനസഹായം 2015 ല്‍ നിര്‍ത്തലാക്കിയെങ്കിലും സമ്പദ്യ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുകയാണ്.

രാജ്യം ആരോഗ്യ സാമ്പത്തിക മേഖലയില്‍ ബുദ്ധിമുട്ടുമ്പോള്‍ മൂവായിരം കോടി മുടക്കി കേന്ദ്രം സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ലോകത്തെ തന്നെ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ഇന്ത്യ ധൂര്‍ത്താണ് കാണിച്ചതെന്നാണ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് .

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് നിരവധി വ്യാജവാർത്തകളും ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. അതരത്തിൽ പ്രചരിച്ച രണ്ട് ഫോട്ടോകളുണ്ട്. ഒന്ന് അയ്യപ്പ വിഗ്രഹവും ഇരുമുടികെട്ടുമായി നിൽക്കുന്ന ഭക്തന്റെ നെഞ്ചിൽ ബൂട്ട്സിട്ട് ചവിട്ടുന്നതും ലാത്തിവീശുമ്പോൾ അതിനെ തടുക്കുന്നതും. രണ്ടാമത്തേത്, അയ്യപ്പഭക്തന്റെ കഴുത്തിൽ അരിവാൾ കൊണ്ട് വെട്ടുന്ന തരത്തിലുള്ളത്.

ഡൽഹിയിലെ വിമത എംഎൽഎ കപിൽ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയ പ്രമുഖരടക്കം നിരവധിപ്പേർ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. യഥാർഥ ഭക്തന്റെ കണ്ണിൽ ഭയമില്ല എന്ന കുറിപ്പോടെയായിരുന്നു കപിൽമിശ്രയുടെ ട്വീറ്റ്. ഈ രണ്ടു ചിത്രങ്ങളും പൊലീസ് അതിക്രമത്തിന്റേതല്ല. മവേലിക്കരസ്വദേശിയായ രാജേഷ്കുറുപ്പ് എന്ന വ്യക്തിയുടെ ഫോട്ടോഷൂട്ടാണ്. ആർ.എസ്.എസ് അനുഭാവിയാണ് രാജേഷ്കുറുപ്പ്. മിഥുൻ കൃഷ്ണൻ എന്ന വ്യക്തിയാണ് ഫോട്ടോഗ്രാഫർ. ഇത്തരമൊരു ഫോട്ടോയെടുത്തതിനെക്കുറിച്ച് മിഥുൻ പറയുന്നത് ഇങ്ങനെ;

Image result for rajesh kurup man-with-ayyappa-idol-viral-pic

രാജേഷ് കുറുപ്പ് വലിയ അയ്യപ്പ ഭക്തനാണ്. അരിവാൾ കഴുത്തിൽവെച്ചുകൊണ്ടുള്ള ഫോട്ടോ സുപ്രീംകോടതി വിധി വന്നശേഷം എടുത്തതാണ്. ഭക്തന്റെ കഴുത്തിൽ കത്തിവെക്കുന്ന വിധിയാണെന്ന് കാണിക്കാനാണ് അങ്ങനെയെടുത്തത്. രണ്ടാമത്തേത് നിലയ്ക്കലെ അക്രമണത്തിന് ശേഷമുള്ളത്. യഥാർഥത്തിൽ പൊലീസ് ബൂട്സിട്ട് ചവിട്ടിയിട്ടില്ല. ഫോട്ടോയ്ക്കുവേണ്ടി അങ്ങനെ പോസ്ചെയ്തതാണ്.സുപ്രീംകോടതി വിധിയിൽ ഭക്തനുള്ള എതിർപ്പാണ് കാണിച്ചത്. ഫോട്ടോ ഇത്രയേറെ ചർച്ചയാകുമെന്ന് കരുതിയില്ല. രാജേഷിന്റെ ആശയമാണ് ഇത്തരമൊരു ഫോട്ടോഷൂട്ട്.

കലാപത്തിന് ആഹ്വാനം ചെയ്യണമെന്ന ഉദ്ദേശത്തിൽ അല്ല ഇതെടുത്ത്. ഫോട്ടോ വൈറലായതിന് ശേഷം രാജേഷിനെ നിരവധിപ്പേർ അസഭ്യം പറയുന്നുണ്ട്. എന്നാൽ ചിലർ അനുകൂലിക്കുന്നുമുണ്ട്. ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഇതിനെ കോടതിയലക്ഷ്യമായി കാണുന്നില്ല. ആവിഷ്ക്കാരസ്വാതന്ത്ര്യമായിട്ടാണ് കാണുന്നത്.

ഏതായാലും ഫോട്ടോ ഉത്തരേന്ത്യയിലടക്കം കേരളത്തിലെ സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് മാറുന്നത്. ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു.

Copyright © . All rights reserved