Latest News

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി ഭദ്രാസനത്തിലും വൈദികന്‍ പീഡിപ്പിച്ചെന്ന് പരാതി. ജൂണ്‍ നാലിന് വൈദികനെതിരെ നല്‍കിയ പരാതി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍വലിച്ചുവെന്നാണ് വിവരം. പരാതി പിന്‍വലിപ്പിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ വൈദികനെ സ്ഥലം മാറ്റിയിരുന്നു. അതിനു ശേഷമാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ ഇത് സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. സംഭവം പുറത്തു വന്നതോടെ യുവതി മാനസിക സമ്മര്‍ത്തിലാണെന്നും ചികിത്സ തേടിയെന്നും ഭര്‍ത്താവ് പറഞ്ഞു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ നടത്തിയ പീഡനത്തെക്കുറിച്ചുള്ള പരാതിയില്‍ യുവതി മജിസ്‌ട്രേറ്റിനു മുന്നില്‍ ഇന്നലെ രഹസ്യമൊഴി നല്‍കി. വൈദികര്‍ പീഡിപ്പിച്ചുവെന്ന നിലപാടില്‍ യുവതി ഉറച്ചു നില്‍ക്കുകയാണ്. അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈദികരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

മോസ്‌കോന്മ മൂന്നു ലോകകപ്പുകളില്‍ പുറത്തേക്കുള്ള നിര്‍ഭാഗ്യത്തിന്റെ വാതില്‍ തുറന്ന ഷൂട്ടൗട്ട് ശാപത്തില്‍നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4–3ന് മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.കുടുംബത്തിന്റെ അന്ധവിശ്വസവും വിഭ്രാന്തിയും ലോകാവസാന ഭീതിയുമാണ് തൂങ്ങിമരണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം 77 കാരി നാരായണ്‍ ദേവിയുടെ ഇളയമകന്‍ ലളിത് ഭാട്ടിയയിലേക്കാണ് നീളുന്നത്. ഭാട്ടിയയുടെ അന്ധവിശ്വാസവും ഉന്മാദവും അബദ്ധ വിശ്വാസവുമായിരുന്നു മരണത്തിലേക്ക നയിച്ചതെന്നാണ് സൂചനകള്‍. വീട്ടില്‍ നിന്നും കണ്ടെടുത്ത ഒരു കുറിപ്പാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ബുരാരിയിലെ വീട്ടില്‍ ഞായറാഴ്ചയാണ് 77 കാരി നാരായണ്‍ ദേവിയേയും മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണ്‍ ദേവിയെ മാത്രം കിടക്കയില്‍ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയിലും മറ്റുള്ളവരെ കെട്ടിത്തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. ഈ കൂട്ട ആത്മഹത്യ പ്‌ളാന്‍ ചെയ്തത് 45 കാരനായ ലളിത് ഭാട്ടിയയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് മൗനവ്രതം പ്രഖ്യാപിച്ച ലളിത് അടുത്ത കാലത്ത് സംസാരം തുടങ്ങിയിരുന്നു.

മരണമടഞ്ഞ പിതാവിന്റെ ആത്മാവുമായി സംസാരിക്കുമായിരുന്നു എന്ന് അവകാശപ്പെട്ടിരുന്ന ലളിത് ഭാട്ടിയ പിതാവ് തനിക്ക് സന്ദേശങ്ങള്‍ നല്‍കാറുണ്ട് എന്ന് പറഞ്ഞ് മറ്റുള്ള കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ഒരു കുറിപ്പില്‍ അന്ത്യവിധിയെക്കുറിച്ച്‌ പ്രവചിക്കുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ കുടുംബത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു. ” അന്ത്യസമയത്ത് അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമ്ബോള്‍ ആകാശത്തിന്റെ കിളിവാതില്‍ തുറക്കപ്പെടും. ഭൂമി കുലുങ്ങും. പക്ഷേ ഭയപ്പെടാതെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണം. അപ്പോള്‍ ഞാന്‍ വന്ന നിന്നെയും മറ്റുള്ളവരെയും മുകളിലേക്ക് കൊണ്ടുപോകും.” പിതാവ് നല്‍കിയ സന്ദേശമായി രേഖപ്പെടുത്തിയ ലളിത് ഭാട്ടിയയുടെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്തു വര്‍ഷം മുൻപ് മരിച്ച പിതാവില്‍ നിന്നുള്ള വെളിപാട് എന്നു പറഞ്ഞാണ് ലളിത് ഭാട്ടിയ എല്ലാം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പിതാവില്‍ നിന്നും തനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നതായി ഇയാള്‍ കുടുംബാംഗങ്ങളെ പറഞ്ഞു ധരിപ്പിച്ചു. അന്ധവിശ്വാസികളായിരുന്ന കുടുംബം ലോകാവസാനം വരുമെന്നും വിശ്വസിച്ചു. മിക്കവാറും മൗനവൃതത്തിലായിരുന്ന ലളിത് തന്റെ പലചരക്ക് കടയില്‍ വരുന്നവരോട് പോലും കുറിപ്പിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. സംഭവത്തില്‍ ലളിത് ഭാട്ടിയയ്ക്ക് നിര്‍ദേശം നല്‍കിയത് ഒരു ആള്‍ദൈവം ആണെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു ഈ ദുരന്തം.രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്.

എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.

 

അമ്മയ്ക്കും ഫെഫ്കയ്ക്കും സമാന്തരമായി സിനിമയില്‍ പുതിയ സംഘടന വരുന്നു. ഈ സംഘടനകളിലെ ജനാധിപത്യവിരുദ്ധതയും തൊഴില്‍ സ്വാതന്ത്ര്യം ഇല്ലായ്മയും മടുത്താണ് കൊച്ചി കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ് തുടങ്ങി നരവധി പേര്‍ ഇതിന് പിന്നിലുണ്ട്. സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്ന് അറിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സിനിമയുടെ എല്ലാ മേഖലയും ദിലീപ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ഇവരില്‍ പലരുടെയും സിനിമകളെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് വിവാദമായത് മുതലെടുത്ത്, കാര്യങ്ങള്‍ അനുകൂലമാക്കാനാണ് നീക്കം.

സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവരെ അണിനിരത്തിയാണ് പുതിയ സംഘടന ഉണ്ടാക്കുന്നത്. സിനിമാ ചോറുണ്ണുന്നവരെല്ലാം സംഘടനയില്‍ ഉണ്ടാവണം എന്നതാണ് ഇതിന് നേതൃത്വം നല്‍കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യം. എല്ലാവര്‍ക്കും സ്വതന്ത്രമായി തൊഴിലെടുക്കാന്‍ സാധിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. എല്ലാവര്‍ക്കും വേതനം കൃത്യമായി ലഭിക്കണം. തുല്യവേതനം ഉറപ്പാക്കണം. തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം സിനിമയില്‍ സജീവമായി നില്‍ക്കുന്നവരല്ല പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് പറയുന്നവരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടവേളയ്ക്ക് ശേഷം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിച്ചാണ് എതിര്‍പക്ഷം പരിഹസിക്കുന്നത്.

പുതിയ സംഘടനയുണ്ടായാല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ സിനിമകളുടെ റിലീസിംഗ് ഉള്‍പ്പെടെ പ്രശ്‌നമാകും. കാരണം ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പ്രവര്‍ത്തിക്കുന്നത്. എവിടെ ആരുടെയൊക്കെ സിനിമകള്‍ കളിക്കണമെന്ന് തീരുമാനിക്കുന്നത് തിയേറ്റര്‍ ഉടമകളാണ്. സര്‍ക്കാര്‍ തിയേറ്ററുകളും ബി ക്ലാസ് തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും താരതമ്യേന കുറവായതിനാല്‍ എ ക്ലാസ് തിയേറ്ററുകളെ ആശ്രയക്കാതെ പിടിച്ചുനില്‍ക്കാനാവില്ല. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ കിട്ടാതാവുകയും റിലീസിംഗ് പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ സി.ഐ.എ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിയേറ്ററുകാര്‍ സമരം നടത്തുകയും സമരം തീര്‍ന്ന ശേഷം ആ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകാതിരിക്കുകയും ചെയ്ത സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്.

അമ്മയും ഫെഫ്കയും സാമ്പത്തികമായി പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. അവരോട് പിടിച്ച് നില്‍ക്കാന്‍ പുതിയ സംഘടന ഏറെ പ്രയാസപ്പെടേണ്ടി വരും. അംഗങ്ങള്‍ കുറവാണെങ്കില്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ദിലീപ് മാത്രം ഏറെ വിയര്‍പ്പൊഴുക്കിയാണ് അമ്മയെ സാമ്പത്തിക ഭദ്രതയിലെത്തിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും പോലും അതിന്റെ റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ദിലീപിനെ പല താരങ്ങളും തള്ളിക്കളയാത്തത്.

ജലന്ധര്‍ ബിഷപിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കുന്നതിനുളള പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. രഹസ്യമൊഴി ലഭിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുളള നീക്കം പൊലീസ് തുടങ്ങും. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ചാലക്കുടിയിലും പരിശോധന നടത്തും.

കന്യാസ്ത്രിയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്തര്‍ ബിഷപ്പിനെതിരെ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിന്് വിസിറ്റേഴ്‌സ് റജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇത് കൂടാതെ ബിഷപ്പ് ഫോണ്‍ സെക്‌സിന് പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.

കന്യാസ്ത്രിയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണം സംഘം ചാലക്കുടിയിലെത്തുക. കന്യാസ്ത്രിയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാകും. പീഡനത്തിനിരയായ കാലയളവില്‍ പരാതിക്കാരിക്കൊപ്പം മൂന്ന് കന്യാസ്ത്രികളാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൊഴിയും അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. തെളിവുകള്‍ ശേഖരിച്ച ശേഷം ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഫുട്ബോൾ വസന്തത്തിന്റെ നിറവിൽ ലോകം പൂത്ത് നിൽക്കുമ്പോൾ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന് സംഭവിച്ചത് വൻ അബദ്ധം. ആറുവയസുള്ള കുട്ടി ഫുട്ബോൾ കളിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ചെയ്ത ട്വീറ്റാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ”നമ്മുടെ പ്രധാനമന്ത്രി മോദി കായിക വിനോദങ്ങള്‍ക്ക് പ്രത്യേകിച്ചും ഫുട്ബോളിനു വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാലാണ് നമ്മുടെ ഈ ചെറുതലമുറ ഇത്രയും നന്നായി കളിക്കുന്നത്” ഇങ്ങനെയായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ പങ്കുവച്ച വിഡിയോയിലെ ആറുവയസുകാരൻ ബ്രസീലുകാരനാണ്.

ബ്രസീലിയന്‍ ബാലന്റെ ചിത്രം ഇന്ത്യന്‍ ബാലന്റേതെന്ന് കരുതിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ അബദ്ധം സോഷ്യൽ ലോകം കയ്യോടെ പിടിച്ചതോടെ ട്വീറ്റ് അദ്ദേഹം പിൻവലിച്ചു. കിരണ്‍ റിജ്ജു പങ്കുവച്ച വീഡിയോ ദൃശ്യങ്ങള്‍ അടുത്ത നെയ്മറെന്നു ബ്രസീലിയന്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന ആറു വയസുകാരന്‍ മാര്‍കോ ആന്റോണിയോയുടെ ആയിരുന്നു. മാര്‍ക്കോയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കേന്ദ്രമന്ത്രി ഇന്ത്യൻ ബാലനാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്.

A post shared by Marco Antonio 04/02/2011 🇧🇷 (@marcoantonionf11) on

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ എസ്.ഡി.പി.ഐ നേതാവിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്. എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ചു എന്ന് പറയുന്ന കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം, പകരം ഞങ്ങള്‍ക്ക് ആ സഖാവിന്റെ ജീവന്‍ തരാന്‍ പറ്റുമോ എന്ന് എം.സ്വരാജ് ചോദിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നത് നവാഗതരെ സ്വാഗതം ചെയ്യാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താനായിരുന്നുവെന്നും നൂറ് കണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ 20 ഓളം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിച്ചിട്ടും അവര്‍ക്കൊന്നും പറ്റാത്തത് എന്ത് കൊണ്ടാണെന്നും സ്വരാജ് ചോദിച്ചു.  കൈരളി ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു എം.സ്വരാജിന്റെ പ്രതികരണം.

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ച ഫ്‌ലക്‌സിന്റെയും കൊടിയുടെയും ലിസ്റ്റ് വൈകുന്നേരത്തോടെ തരാം എന്നും മജീദ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്വരാജ് മറുപടി പറഞ്ഞത്. ക്യാമ്പസ് ഫ്രണ്ടുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞ മജീദ് ഫൈസിയോട് പിന്നെന്തിനാണ് നിങ്ങള്‍ സ്വയം രക്ഷയ്ക്ക് വേണ്ടി കൊന്നു എന്ന ന്യായീകരണം പറയുന്നതെന്നും സ്വരാജ് ചോദിച്ചു.

അതേസമയം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്‌പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്.

മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.

കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

വെയില്‍സ്: 1970കളില്‍ ബാല പീഡനം മറച്ചുവെച്ചതിന് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന് ഒരുവര്‍ഷത്തെ തടവ്. അഡ്‌ലെയ്ഡിലെ ആര്‍ച്ച് ബിഷപ്പായ ഫിലിപ്പ് വില്‍സണാണ് ശിക്ഷിക്കപ്പെട്ടത്.

ന്യൂ സൗത്ത് വെയില്‍സിലെ പീഡോഫൈല്‍ പുരോഹിതന്റെ ബാലപീഡനങ്ങള്‍ മറച്ചുവെച്ചതിന് വില്‍സണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞമാസം കോടതി കണ്ടെത്തിയിരുന്നു. വില്‍സണെ വീട്ടുതടങ്കലില്‍ വെയ്ക്കാനാണ് ചൊവ്വാഴ്ച കോടതി ഉത്തരവിട്ടിരിക്കുന്നത്.

കുറ്റകൃത്യത്തില്‍ ഇയാള്‍ക്ക് തെല്ലും പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്ന് മജിസ്‌ട്രേറ്റ് റോബേര്‍ട്ട് സ്‌റ്റോണ്‍ നിരീക്ഷിച്ചു. ആറുമാസത്തിനുശേഷം മാത്രമേ ഇദ്ദേഹത്തിന് പരോളിന് അര്‍ഹതയുണ്ടായിരിക്കൂവെന്നും കോടതി വ്യക്തമാക്കി.

കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും അദ്ദേഹം ആര്‍ച്ച്ബിഷപ്പ് സ്ഥാനം രാജിവെച്ചിട്ടില്ല.

അള്‍ത്താരയിലെ കുട്ടികളെ സഹപ്രവര്‍ത്തകനായ ജെയിംസ് പാട്രിക് ഫ്‌ളച്ചര്‍ പീഡിപ്പിക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തില്ലെന്ന് മെയ്യില്‍ കോടതി കണ്ടെത്തിയിരുന്നു. സഭയുടെ പേരിന് കളങ്കമുണ്ടാക്കുമെന്ന് പറഞ്ഞ് കുട്ടികളുടെ പരാതിയെ അദ്ദേഹം അവഗണിക്കുകയാണുണ്ടായതെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു.

2004ലാണ് ഒമ്പതു കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ ഫ്‌ളച്ചറെ ശിക്ഷിക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം ജയിലില്‍വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.

ഫ്‌ളച്ചറിന്റെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് വില്‍സണ്‍ വിചാരണയ്ക്കിടെ പറഞ്ഞത്. എന്നാല്‍ 1976ല്‍ തന്നെ പീഡനവുമായി ബന്ധപ്പെട്ട കാര്യം വിശദമായി വില്‍സണിനെ അറിയിച്ചിരുന്നുവെന്ന് ഇരകളില്‍ ഒരാളായിരുന്ന പീറ്റര്‍ ക്രിഗ് മൊഴി നല്‍കി. ആ സംഭാഷണം തനിക്ക് ഓര്‍മ്മയില്ലെന്നാണ് വില്‍സണ്‍ പറഞ്ഞത്.

മറ്റൊരു ഇര നല്‍കിയ മൊഴി പ്രകാരം വില്‍സണോട് പീഡനകാര്യം പറഞ്ഞപ്പോള്‍ താന്‍ കള്ളം പറയുകയാണെന്ന് പറഞ്ഞ് തള്ളുകയാണുണ്ടായതെന്നാണ്. ശിക്ഷയെന്ന നിലയില്‍ തന്നോട് പത്തുതവണ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെന്ന് അദ്ദേഹം മൊഴി നല്‍കി.

കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയത്  സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന്  എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. കുട്ടികളെ ആക്രമിക്കുമ്പോള്‍ രക്ഷിതാക്കളും പുറത്ത് നിന്നും ആളുകള്‍ വരുന്നത് സ്വാഭാവികമെന്നും മജീദ് ഫൈസി പറഞ്ഞു.

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസ് ഫ്രണ്ടിന് എസ്.ഡി.പി.ഐയുമായി ഒരു ബന്ധമില്ലെന്നും മജീദ് പറഞ്ഞു.

അതേസമയം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്‌പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്.

മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.

കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം കേരളത്തിന് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വൈറസ് ബാധ ഏറ്റവും കൂടുതലുണ്ടായ പേരാമ്പ്ര, ബാലുശ്ശേരി ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നേരത്തെ നടത്തിയ ഗവേഷണഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടന്ന രണ്ടാംഘട്ട പരിശോധനയിലാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 21 വവ്വാലുകളിലായിരുന്നു പരിശോധന. പക്ഷേ ഇവ ചെറുപ്രാണികളെയും ജീവികളെയും ഭക്ഷിക്കുന്ന കാറ്റഗറിയില്‍പ്പെട്ടവയായത് കാരണം ഫലം നെഗറ്റീവായി. പിന്നീട് 51 വവ്വാലുകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ചു. ഇവയില്‍ പഴംതീനി (ഫ്രൂട്ട് ബാറ്റ്) ഇനത്തില്‍പ്പെട്ടവയില്‍ ചിലതില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ശസ്ത്രജ്ഞരും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രോഗബാധ നിയന്ത്രണ വിധേയമായതിന് ശേഷവും പടര്‍ന്ന രീതിയെക്കുറിച്ചുള്ള അജ്ഞത ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ വവ്വാലുകളില്‍ നിന്നാണെന്ന് തെളിഞ്ഞതോടെ പ്രതിരോധ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാരിന് കഴിയും. പഴംതീനി വവ്വാലുകളില്‍ നിന്ന് രോഗം പടരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കാനാണ് സാധ്യത. നിലവില്‍ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകള്‍ നിപ്പ മുക്തമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Copyright © . All rights reserved