Latest News

ആലപ്പുഴ തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇവര്‍ സ്‌കൂട്ടര്‍ റോഡില്‍വെച്ച്‌ പാളത്തിലേക്ക്‌ നടന്നു കയറുകയായിരുന്നു. ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ തീവണ്ടിക്ക് മുന്നിലാണ് ചാടിയത്.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. മ‍ൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിമായിരുന്നു. ജോലി രാജിവച്ചു വിദേശത്തേക്കു പോകാൻ ഭർത്താവ് പ്രിയയെ നിർബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ ഡബ്ല്യു.എം.എ

അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിൻ നിശ്ചലയായി സ്വിൻഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും വിൽഷെയർ മലയാളി സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിൻ തങ്ങളുടെ ഇടയിൽനിന്ന് യാത്രയായെന്ന് പലർക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിൻ മോളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്കാണ്.

മലയാളികളും തദ്ദേശീയരുമായ വൻ ജനാവലിയാണ് ഐറിൻ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 4ന് ആയിരുന്നു ഐറിൻ മരണമടഞ്ഞത്. കോട്ടയം ഉഴവൂർ, പയസ് മൗണ്ടിൽ, കൊച്ചുകന്നുകുഴക്കൽ വീട്ടിൽ തോമസിന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ് ഐറിൻ, അഭിജിത്, ഐഡൻ എന്നിവർ സഹോദരങ്ങളാണ്.

ബുധനാഴ്ച രാവിലെ 10:30 ന് ഫാ. അജൂബ് അബ്രഹാം പ്രത്യേക പ്രാർത്ഥനകളോടെ തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകൾക്കുശേഷം ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധകുർബാനയും അനുശോചനസന്ദേശവും നൽകപ്പെട്ടു. നിശ്ചലമായി ഉറങ്ങുന്ന ഐറിൻമോളുടെ സമീപം നിന്നുകൊണ്ട് പിതാവ് തോമസിന്റെയും മാതാവ് സ്മിതയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. നൂറുകണക്കിന് ജനങ്ങള്‍ ശുശ്രുഷകളിൽ പങ്കുചേരുകയും അനുശോചനവും അന്ത്യാഞ്ജലിയും അര്‍പ്പിക്കുകയും ചെയ്തു.

വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദർശനവും അനുശോചനയോഗവും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രമീകരിക്കപ്പെട്ടത്. അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് സ്വാഗതം അരുളി ക്രോഡീകരിച്ച അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ നാം ഡി ഒബി, ക്നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദർ സിജോ ഫിലിപ്പ്, ഇന്ത്യൻ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ പ്രാർത്ഥനാപൂർവ്വം അന്ത്യോപചാരമാർപ്പിച്ചു . തുടർന്ന് യുകെകെസിഎ ട്രെഷറർ റോബി മേക്കര, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്, സെക്രെട്ടറി ജോബി തോമസ്, വൈസ് പ്രസിഡന്റ് ടെസ്സി അജി, നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിദിരീ, യുകെകെസിഎ സ്വിൻഡൻ യൂണിറ്റ് പ്രസിഡന്റ് റോയ് സ്റ്റീഫൻ, ഐറിനമോളെ ചികിൽസിച്ച ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ ചിൽഡ്രൻസ് വാർഡ് പ്രതിനിധികൾ, പഠിച്ച സ്‌കൂളിലെ അദ്ധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ, ഓർച്ചാർഡ് റെസിഡൻഷ്യൽ ഹോം പ്രതിനിധികൾ, ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച്നെ പ്രതിനിധീകരിച്ചു ബിനു ചന്ദപ്പിള്ള, സെയിന്റ് ജോർജ് ക്നാനായ മിഷൻ സ്വിൻഡനെ പ്രതിനിധീകരിച്ചു ജിഷ പ്രദീഷ്, സീറോ മലബാർ സഭ സ്വിൻഡൻ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു പ്രമുഖ വ്യക്തികൾ അനുശോചനമറിയിക്കുകയുണ്ടായി. തുടർന്ന് ഐറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ചു രഞ്ജിനി ജോണും വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറർ കൃതീഷ് കൃഷ്ണനും നന്ദി അറിയിച്ചു. ഐറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വിൽഷെയർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ശവസംസ്കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.

ഫോട്ടോകൾ: ബെറ്റർഫ്രെയിംസ് ഫോട്ടോഗ്രഫി

 

 

പൂൾ: മലയാളികളുടെ സ്വന്തം ഭാവഗായകൻ യശ്ശശരീരനായ ശ്രീ പി ജയചന്ദ്രന് ‘മഴവിൽ സംഗീതം’ സംഗീതാർച്ചന അർപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത ഗായകർ പങ്കുചേരുന്ന മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നെറ്റിലൂടെ പ്രിയ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തില്പരം ഗാനങ്ങൾക്ക് ജീവൻ പകർരുകയും ചെയ്ത പി ജയചന്ദ്രൻ സാറിന് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചുകൊണ്ട് സംഗീതാർച്ചന സമർപ്പിക്കും. അർഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും പ്രിയ ഭാവഗായകന് ആരാധകവൃന്ദത്തോടൊപ്പം മഴവിൽ സംഗീതം പൂളിൽ സമർപ്പിക്കുക.

മഴവിൽ സംഗീതം ഫ്‌ളാഷ് മ്യൂസിക്കൽ നൈറ്റിന് വേദിയാവുക പൂളിലുള്ള ബ്രോഡ്സ്റ്റോൺ വാർ മെമ്മോറിയൽ ഹാളാണ്. സംഗീത വിരുന്നിനൊപ്പം, മികവുറ്റ നൃത്ത നൃത്യങ്ങളും , മിമിക്സ് പരേഡും അടക്കം ആകർഷകമായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം ആറു മണിക്കരംഭിക്കുന്ന മ്യൂസിക്കൽ നൈറ്റ് രാത്രി പത്തു മണിവരെ നീണ്ടു നിൽക്കും.

യുകെയിലെ പ്രശസ്തമായ ‘മട്ടാഞ്ചേരി റെസ്‌റ്റോറന്റ്’ ഒരുക്കുന്ന ഫുഡ്‌സ്‌റ്റാളും വേദിയോടനുബന്ധിച്ച് തുറന്നു പ്രവർത്തിക്കുന്നതാണ്. ഫ്ലാഷ് മ്യൂസിക്കൽ നൈറ്റിന് LED സ്‌ക്രീനിലൂടെ മാസ്മരിക പശ്ചാത്തലമൊരുക്കുന്നതും, നൂതന സാങ്കേതിക മികവുള്ള ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ചെയ്യുന്നതും യുകെയിലെ പ്രശസ്തമായ ‘ഗ്രേസ് മേലോഡീസ് ഹാംപ്ഷ്യർ’ ആണ്.

ഒരു നല്ല സംഗീത കലാ സന്ധ്യ ആസ്വദിക്കുവാൻ എല്ലാ സംഗീത പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

Contact: Aneesh George 07915061105 Shinu Cyriac 07888659644 Robins Pazhukkayil : 07872958973

Venue: Broadstone War Memorial Hall Tudor Rd, Broadstone, Poole, Broadstone BH18 8AW

പടന്നക്കാട് പ്രധാനമന്ത്രി ജന്‍ ഔഷധി ഷോപ്പില്‍ വേദനസംഹാരി ഗുളിക കുട്ടികള്‍ക്ക് ലഹരി മരുന്നായി നല്‍കിയെന്ന പരാതിയില്‍ എക്‌സൈസ് നടപടി. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജോയ് ജോസഫിന്റെ നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറും ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഇ എന്‍ ബിജിനും സംഘവുമാണ് ജന്‍ ഔഷധി ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തിയത്.

മയക്കുമരുന്നിന് പകരമായാണ് പലരും ഇത്തരം ലഹരി കിട്ടുന്ന വേദനസംഹാരി ഗുളിക ഉപയോഗിക്കുന്നത്. പരിശോധനയില്‍ മരുന്നുകടയില്‍ വ്യാപക ക്രമക്കേടും കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടാന്‍ അസി. ഡ്രഗ് കണ്‍ട്രോളര്‍ക്ക് ശുപാര്‍ശ ചെയ്തതായി വി വി പ്രസന്നകുമാര്‍ പറഞ്ഞു.

ലഹരി കിട്ടുന്ന വേദനസംഹാരി ഗുളികകള്‍ കുറിപ്പടിയില്ലാതെ വ്യാപകമായി വിറ്റതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇത് വില്‍ക്കുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെടുന്നതെന്നും പ്രസന്നകുമാര്‍ പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം നല്‍കാവുന്ന, കൃത്യമായി സ്റ്റോക്ക് രജിസ്റ്ററില്‍ കാണിച്ചിരിക്കേണ്ട വേദനസംഹാരി ഗുളികകളാണ് വില്‍പ്പന നടത്തിയതെന്ന് ഇ എന്‍ ബിജിന്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സാമൂഹിക മാധ്യമതാരം അറസ്റ്റില്‍. മീഡീയ ഇന്‍ഫ്‌ളുവന്‍സറും ഡിജിറ്റല്‍ ക്രീയേറ്ററുമായ ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസ് സജീവിനെ(തൃക്കണ്ണന്‍- 24)യാണ് ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

നിയമവിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. റീല്‍സ് ചിത്രീകരണത്തിനായി യുവാവിന്റെ ആലപ്പുഴ ഇരവുകാടുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്ത് ഒട്ടേറേ ആരാധകരുള്ള ഇയാള്‍ക്ക് 3.65 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മാരക ലഹരി വിപത്തിനെതിരെ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ലഹരി വ്യാപനത്തെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവര്‍ത്തനങ്ങളെപ്പറ്റിയും പി.സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വിലയിരുത്തി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്.

ലഹരിയെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ സംബന്ധിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലഹരിയില്‍ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു.

കൂടാതെ സംസ്ഥാനത്ത് വന്‍തോതില്‍ സ്‌ഫോടക വസ്തു ശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നതായും കമ്മീഷന്‍ വിലയിരുത്തി.

മതരാഷ്ട്ര വാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാന ജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്.

പി.സി ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന് വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. കെപിസിസി സംഘടിപ്പിച്ച ഗുരു – ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി കേരളത്തിലും വളരെയധികം പേരെ സ്വാധീനിക്കുന്നു. ഇന്നുള്ളവർ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തിയറി. രണ്ടു രാജ്യത്ത് അംബാസിഡർ ആയാലും വിശ്വപൗരൻ എന്ന് വിളിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥൻ ആയിരുന്നാൽ വിശ്വപൗരനാകില്ല. രാഷ്ട്രീയക്കാരൻ ആയാൽ സത്യം പറയാനാകാത്ത അവസ്ഥയാണ്. ഇത് ഒരു പാർട്ടിയുടെ മാത്രം കാര്യമല്ല. താൻ സിപിഎമ്മിനെ വിമർശിക്കില്ല. വർഗ്ഗ സമരം തെറ്റാണെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്‌എസ്‌ആർ തകർന്നു. എന്നാൽ മാർക്‌സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല. താൻ കെപിസിസി പരിപാടിയിൽ വലിയ പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. എന്നാൽ താൻ മാത്രമല്ല പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലാണ് ജി സുധാകരൻ സംസാരിച്ചത്. സെമിനാർ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്നും നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ് സി.ദിവാകരനെന്നും സതീശൻ പറഞ്ഞു.

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ മാനസ്സിക നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി വി.സി ആണ് വിശുദ്ധവാര ധ്യാനവും, തിരുവചന പ്രഘോഷണവും നയിക്കുന്നത്.


ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന നോമ്പുകാല ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും, തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേർന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ നവീകരണവും ആത്മീയമായ ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകൾ ആവും ബെഡ്ഫോർഡിൽ ക്രമീകരിക്കുക.

മാർച്ച് പതിനഞ്ചിനു ശനിയാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 16:00 വരെയും, പതിനാറിന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിമുതൽ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിൽ ആയിരിക്കുവാനും അവിടുത്തെ കൃപയും കരുണയും അനുഭവിക്കുവാനും ഏവരെയും നോമ്പുകാല ധ്യാന ശുശ്രുഷയിലേക്ക്, മിഷൻ പ്രീസ്റ്റ് ഫാ.എൽവിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

March 15th Saturday: 10:00 AM – 16:00 PM – Our Lady of Catholic Church,Opp. Sainsbury’s Kempton. MK42 8QB

March 16th Sunday: 15:00 PM – 20:00 PM Christ The King Catholic Church, Harrowden Road, Bedford, MK42 9SP

ശിവഗിരി മഠംത്തിന്റെയും ശിവഗിരി ആശ്രമം യു കെ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 2, 3, 4 തിയതികളിൽ ഇംഗ്ളണ്ടിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു ഹാർമണി 2025 ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യും.

ശ്രീനാരായണ ഗുരുദർശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, ഇഗ്ലണ്ടിൽ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശിവഗിരി ധർമ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായിയും കെ ജി ബാബുരാജൻ (പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ) ചെയർമാനായും ഓർഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവർ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങൾ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാർമണിയുടെ പ്രധാന ലക്ഷ്യം.

സാംസ്കാരിക, സാമൂഹ്യ, മതേതര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ, സന്നദ്ധ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗുരുദർശനങ്ങളിൽ വിശ്വാസമുള്ളവർ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോള തലത്തിൽ സമാധാനവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യം മുൻനിർത്തി മതസൗഹാർദ്ദവും മാനവീയതയും ഉന്നതരാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള ആഗോള നേതാക്കളെ അണിനിരത്തുന്ന സർവ്വമത സമ്മേളനം ഹാർമണിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരിക്കും. എല്ലാ മതങ്ങളിലും നിലനിൽക്കുന്ന ഏകത്വ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിൽ 1925-ൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ 100-ാം വാർഷികം ഹാർമണിയിൽ ഉറ്റുനോക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ഈ സന്ദർഭത്തിൽ സാമൂഹിക നവോത്ഥാനവും സമത്വവുമെങ്ങനെയാണ് രണ്ടുപേരും പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ച് വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും.

ആഗോള തലത്തിൽ വ്യവസായ മേഖലയിൽ അതുല്യ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾക്കും സ്ഥാപനങ്ങൾക്കും ആദരവിനുള്ള അന്താരാഷ്ട്ര ബിസ്നസ് അവാർഡ് നൈറ്റ്‌ ഈ സമ്മേളനത്തിൻ്റെ പ്രധാന ഭാഗമായിരിക്കും.

ഈ മഹത്തായ ചടങ്ങിൽ പങ്കെടുത്ത് ശ്രീനാരായണ ഗുരുവിന്റെ ആത്മീയ സന്ദേശം ലോകവ്യാപകമാക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശിവഗിരി ആശ്രമം യു കെ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://sevanamuk.com/book-ticket-public/11/

കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ് വ്യക്തമാക്കിരിക്കുന്നത്.

യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയതിനുള്ള തിരിച്ചടിയായാണ് ട്രംപ് നികുതി ചുമത്തിയിരിക്കുന്നത്. മുമ്പ് നിശ്ചയിച്ചിരുന്നതില്‍ നിന്ന് 25 ശതമാനം കൂടി വര്‍ധിപ്പിച്ച നികുതി കാനഡയില്‍ നിന്ന് വരുന്ന ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്താന്‍ വാണിജ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബുധനാഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യു.എസ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250 മുതല്‍ 390 ശതമാനം വരെയുള്ള തീരുവകള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമാണ്. ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ട് മുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീത് നല്‍കി.

കാനഡ, മെക്സികോ തുടങ്ങിയ മേഖലയില്‍ നിന്നെത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഓഹരി വിപണിയെ മോശമായി ബാധിച്ച സാഹചര്യത്തില്‍ നടപടി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ രണ്ടിന് ശേഷം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന തീരുവ തിരിച്ചും ഈടാക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇതേതുടര്‍ന്ന് യു.എസ് ഉല്‍പന്നങ്ങള്‍ക്കും അധിക തീരുവ ചുമത്തുമെന്ന തീരുമാനവുമായി മുന്നോട്ടുപോകില്ലെന്നും എല്ലാ തീരുവകളും ഒഴിവാക്കുന്നതിനായി തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ധനകാര്യ മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ കുടിയേറ്റം, ലഹരിമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്.

RECENT POSTS
Copyright © . All rights reserved