Latest News

മലയാള സിനിമയെ പിടിച്ചുലച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്.

കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പിന്നീട് പൊലീസിന് മൊഴി നല്‍കാനോ അന്വേഷണത്തില്‍ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതി തള്ളിയേക്കും. ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നാല്‍പതോളം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇതില്‍ ഒന്‍പത് കേസുകള്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. മറ്റ് കേസുകളില്‍ തുടര്‍ നടപടികളുമായി സഹകരിക്കാന്‍ ഇരകള്‍ ആരും തയ്യാറായില്ല. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും നടപടികള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പന്ത്രണ്ടോളം കേസുകളില്‍ ഇരകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കേണ്ട രഹസ്യമൊഴി പോലും നല്‍കാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഉയര്‍ന്ന പരാതികളില്‍ മുകേഷ്, സിദ്ദിഖ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിപ്രകാരം കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു.

വിദ്വേഷ പരാമർശക്കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നും ക്രിസ്ത്യാനികൾ 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നും പി.സി ജോർ‌ജ് പറഞ്ഞു. പാലായില്‍ നടന്ന കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം.

“മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നമാണത്.” പി.സി. ജോർജ് പറഞ്ഞു.

ഒരു 22 – 23 വയസാകുമ്പോള്‍ ആ കുഞ്ഞിനെ കെട്ടിച്ചുവിടണ്ടേ, ആ മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെണ്‍കുട്ടികളെ കാണുമ്പോ സന്തോഷം. അപ്പോള്‍ ഒരു പെണ്‍കൊച്ചിന് ആണുങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യമാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ഒരു 28-29 ആയാല്‍ വല്ല ശമ്പളവും കിട്ടുന്നതാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം അങ്ങ് ഊറ്റിയെടുക്കാമല്ലോ. അതാണ് പ്രശ്‌നം. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും ഒരു 24 വയസ്സിനകം പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണം-പി.സി ജോർജ് പറഞ്ഞു.

നേരത്തേ ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമർശത്തിന്റെ പേരിലായിരുന്നു പി.സി. ജോർജിനെതിരേ കേസെടുത്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നാലെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിപി.സിക്ക് ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നം കണക്കിലെടുത്താണ് ജാമ്യം പരിഗണിച്ചത്.

സിറിയന്‍ സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാര്‍ അസദിന്റെ വിശ്വസ്തരും തമ്മില്‍ രണ്ട് ദിവസമായി നടന്ന ഏറ്റുമുട്ടലിലും തുടര്‍ന്നുണ്ടായ പ്രതികാര കൊലപാതകങ്ങളിലും മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞെന്ന് റിപ്പോര്‍ട്ട്.

യുദ്ധ നിരീക്ഷണ സംഘമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് 745 സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമേ 125 സര്‍ക്കാര്‍ സുരക്ഷാ സേനാംഗങ്ങളും അസദുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളിലെ 148 അനുയായികളും കൊല്ലപ്പെട്ടു. 14 വര്‍ഷം മുമ്പ് സിറിയയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ അക്രമങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ നടക്കുന്നത്.

സംഘര്‍ഷം നടക്കുന്ന നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കുടിവെള്ളവും ലഭ്യമല്ല. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. അസദിനെ പുറത്താക്കിയതിന്റെ വിരോധമാണ് സായുധ ​ഗ്രൂപ്പുകൾ കലാപത്തിലൂടെ പ്രകടമാക്കുന്നത്. സിറിയയിൽ വിമതർ അധികാരം പിടിച്ചെടുത്ത് മൂന്ന് മാസത്തിന് ശേഷവും സംഘർഷത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആഭ്യന്തര കലാപം വീണ്ടും രൂക്ഷമായത്.

ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ നാലുവിക്കറ്റിന് തകര്‍ത്തു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം. ഒരു വ്യാഴവട്ടത്തിനുശേഷം ഇതാദ്യമായി ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് സമ്മോഹനമായ മുഹൂര്‍ത്തം. സ്കോർ- ന്യൂസീലൻഡ്: 251-7. ഇന്ത്യ: 254-6.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. രോഹിത്താണ് മത്സരത്തിലെ താരം. നാലു മത്സരങ്ങളിൽ 65.75 ശരാശരിയിൽ 263 റൺസ് നേടി ടോപ് സ്കോററായ രചിൻ രവീന്ദ്രയാണ് ടൂർണമെന്റിലെ താരം.

തുടക്കം മുതൽ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകൾ നേരിട്ട് 76 റൺസ് നേടി. 48 റൺസ് നേടിയ ശ്രേയസ് അയ്യരും വിജയത്തിൽ നിർണായകമായി. 49-ാം ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എൽ. രാഹുലും (34) ജഡേജയും (9) ആണ് ജയിക്കുമ്പോൾ ക്രീസിൽ.

മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 83 പന്തുകളിൽനിന്നാണ് രോഹിത്തിന്റെ 76 റൺസ്. ടൂർണമെന്റിലെ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. ഒടുവില്‍ അനാവശ്യമായി ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പുറത്തായി. രചിന്‍ രവീന്ദ്രയുടെ ഓവറില്‍ ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ കൈയിലെത്തി. ലാഥം സമയം പാഴാക്കാതെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

ഒരറ്റത്ത് രോഹിത് ശര്‍മ തകര്‍പ്പനടികളുമായി മുന്നോട്ടുപോകവേ മറുവശത്ത് ആങ്കറിങ് റോളിലായിരുന്ന ശുഭ്മാന്‍ ഗില്‍ 19-ാം ഓവറിലാണ് വിക്കറ്റ് കളഞ്ഞത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് തകര്‍പ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. 50 പന്തു നേരിട്ട ഗില്‍ ഒരു സിക്‌സ് സഹിതം 31 റണ്‍സ് നേടി.

വണ്‍ഡൗണായെത്തിയ വിരാട് കോലിക്ക് രണ്ട് പന്തുകള്‍ മാത്രമേ നേരിടാനായുള്ളൂ. സാന്റ്‌നറുടെ പന്തില്‍ സിംഗിളെടുത്ത കോലി, തൊട്ടടുത്ത മിക്കായേല്‍ ബ്രേസ്‌വെലിന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. രോഹിത്തുമായി കൂടിയാലോചിച്ചശേഷം റിവ്യൂ നല്‍കിയെങ്കിലും ബാറ്റില്‍ എഡ്ജ് കണ്ടെത്താനായില്ല. തുടർന്ന് ക്രീസിൽ നിലയുറപ്പിച്ചു കളിച്ച ശ്രേയസ് അയ്യർ 62 പന്തിൽനിന്ന് 48 റൺസ് നേടി പുറത്തായി. അർധ സെഞ്ചുറിയിലേക്ക് രണ്ട് റൺസ് മാത്രം അകലം നിൽക്കേ, രവീന്ദ്ര ജഡയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതിനിടെ ഒരുതവണ ശ്രേയസ് ക്യാച്ചിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ബ്രേസ്വെലിന്റെ പന്തിൽ ഒറുർക്കിന് ക്യാച്ച് നൽകി അക്ഷർ പട്ടേലും (40 പന്തിൽ 29) മടങ്ങി. പിന്നാലെ ടീമിനെ വിജയതീരത്തെത്തിച്ച് ഹാർദിക് പാണ്ഡ്യയും (18) ജെമീസന്റെ പന്തിൽ റിട്ടേൺ ക്യാച്ചായി പുറത്തായി. പിന്നീട് കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും ക്രീസിലൊരുമിച്ച് വിജയറൺസ് കുറിക്കുകയായിരുന്നു.

ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡിനെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞു. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് ന്യൂസീലന്‍ഡിന്റെ സമ്പാദ്യം. കിവികള്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ കഥ മാറി. വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ സ്‌കോര്‍ വേഗം മന്ദഗതിയിലായി. ഇന്ത്യ പിഴുത ഏഴു വിക്കറ്റുകളില്‍ അഞ്ചും സ്പിന്നര്‍മാര്‍ വകയാണ്. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കും ഒന്ന് റണ്ണൗട്ടും.

ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ അഞ്ചുവിക്കറ്റുകള്‍ പിഴുത വരുണ്‍ ചക്രവര്‍ത്തി ഇന്നും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നേടി ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം കെടുത്തി. കുല്‍ദീപ് യാദവിനും രണ്ടുവിക്കറ്റുണ്ട്. രവീന്ദ്ര ജഡേജയ്ക്കും ഷമിക്കും ഓരോ വിക്കറ്റ്. അങ്ങേയറ്റം ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച ഡറില്‍ മിച്ചലാണ് (63) ന്യൂസീലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. മിച്ചല്‍ ബ്രേസ്വെല്‍ (40 പന്തില്‍ 53*) അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്നു.

വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി വില്‍ യങ് (15) ആണ് ആദ്യം മടങ്ങിയത്. 11-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ രചിന്‍ രവീന്ദ്ര (29 പന്തില്‍ 37) ബൗള്‍ഡായി. രവീന്ദ്രയുടെ മൂന്ന് ക്യാച്ചുകള്‍ ഇന്ത്യ കൈവിട്ട ശേഷമായിരുന്നു അത്. തൊട്ടടുത്ത ഓവറില്‍ കെയിന്‍ വില്യംസണെ (14 പന്തില്‍ 11) പുറത്താക്കി കുല്‍ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. റിട്ടേണ്‍ വന്ന പന്ത് കുല്‍ദീപ് തന്നെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

പിന്നാലെ ടോം ലാഥമിനെ (14) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നീട് ഗ്ലെന്‍ ഫിലിപ്‌സിനെ (52 പന്തില്‍ 34) മടക്കി വരുണ്‍ ചക്രവര്‍ത്തി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അര്‍ധ സെഞ്ചുറിയോടെ ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോററായ ഡറില്‍ മിച്ചലിനെ മുഹമ്മദ് ഷമി രോഹിത്തിന്റെ കൈകളിലേക്ക് നല്‍കിയ തിരിച്ചയച്ചു. തകര്‍ന്ന ന്യസീലന്‍ഡിനായി ക്ഷമയോടെ ബാറ്റേന്തുക എന്ന ദൗത്യം മിച്ചല്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. 101 പന്തുകള്‍ നേരിട്ട അദ്ദേഹം 63 റണ്‍സ് നേടി. മൂന്ന് ഫോറുകളൊഴിച്ചാല്‍ ബാക്കിയെല്ലാം വിക്കറ്റുകള്‍ക്കിടയിലൂടെ ഓടിയെടുത്തതാണ് ഡറില്‍. 49-ാം ഓവറില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഡബിളിനായി ശ്രമിച്ച് റണ്ണൗട്ടായി. ഡീപില്‍നിന്ന് വിരാട് കോലിയെറിഞ്ഞ ഉഗ്രന്‍ ത്രോ കെ.എല്‍. രാഹുല്‍ കൈയിലൊതുക്കി സ്റ്റമ്പ് ചെയ്യുകയായിരുന്നു.

ഗംഭീരമായിരുന്നു കിവികളുടെ തുടക്കം. ആദ്യ മൂന്നോവറുകള്‍ കരുതിക്കളിച്ച ഓപ്പണര്‍മാര്‍, ഹാര്‍ദിക് എറിഞ്ഞ നാലാം ഓവര്‍ തൊട്ട് ബാറ്റിങ് സ്വഭാവം മാറ്റി. രചിന്‍ രവീന്ദ്രയാണ് ആക്രമണാത്മക ശൈലിക്ക് തുടക്കമിട്ടത്. ഒന്നാംവിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു.

മികവോടെ മുന്നോട്ടുപോവുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്തി ഇന്ത്യ ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ചോര്‍ത്തി. അവിടെനിന്ന് പിന്നീട് കരകയറാന്‍ ന്യൂസീലന്‍ഡിനായില്ല. ആധിപത്യം നഷ്ടപ്പെട്ട ന്യൂസീലന്‍ഡിന് പിന്നീട് താളം കണ്ടെത്തുക ദുഷ്‌കരമായി. ആദ്യ പത്തോവറില്‍ 69 റണ്‍സ് നേടിയ ബ്ലാക്ക് ക്യാപ്പുകാര്‍ക്ക്, പിന്നീടുള്ള പത്തോവറില്‍ 24 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈയില്‍ പന്തെടുത്തുതുടങ്ങിയതോടെയാണ് ന്യൂസീലന്‍ഡ് സ്‌കോറിന് വേഗം കുറഞ്ഞത്. മത്സരത്തിലെ 38 ഓവറും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഓപ്പണിങ് വിക്കറ്റില്‍ വില്‍ യങ്-രചിന്‍ രവീന്ദ്ര സഖ്യം 48 പന്തില്‍ 57 റണ്‍സ് നേടിയിരുന്നെങ്കില്‍ നാലാം വിക്കറ്റില്‍ ഡറില്‍ മിച്ചല്‍-ടോം ലാഥം സഖ്യം 66 പന്തില്‍ നേടിയത് 33 റണ്‍സ് മാത്രം. ആദ്യ പത്തോവറില്‍ നേടിയ അതേ റണ്‍സ് തുടര്‍ന്നുള്ള 20 ഓവറില്‍ നേടാന്‍ ന്യൂസീലന്‍ഡിനെക്കൊണ്ട് കഴിയാത്തവിധം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. 14-ാം ഓവറില്‍ ഡറില്‍ മിച്ചല്‍ ബൗണ്ടറി നേടിയതില്‍പ്പിന്നെ 27-ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് സിക്സ് നേടിയാണ് പന്തൊന്ന് അതിര്‍ത്തി കടന്നുകണ്ടത്. ഇതിനിടെയുള്ള 81 പന്തുകളില്‍ ഒറ്റ ഫോറോ സിക്സോ പിറന്നില്ല.

ഇന്ത്യക്കിത് തുടര്‍ച്ചയായി 15-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രെയിന്‍ ലാറയുടെ റെക്കോഡിനൊപ്പമെത്തി. 1998 ഒക്ടോബര്‍ മുതല്‍ 1999 മേയ് വരെയായി 12 തവണ ലാറയ്ക്കും ടോസ് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ 2000-ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസീലന്‍ഡിനായിരുന്നു വിജയം. ഇത്തവണ ഇന്ത്യ ഇതുവരെ തോല്‍ക്കാതെയാണ് ഫൈനലിനിറങ്ങിയത്. അതേസമയം ന്യൂസീലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് എത്തിയതെങ്കില്‍, ഓസീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയുടെ നാലാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണിത്. മുന്‍പ് രണ്ടുതവണ കിരീടം നേടിയിരുന്നു.

അടുത്ത തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ നയിക്കുക പിണറായി വിജയൻ തന്നെയെന്ന് ഉറപ്പിക്കുന്നു സംസ്ഥാന സമ്മേളനം. നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ ഒരു വിമര്‍ശനശബ്ദം പോലും പിണറായിക്കുനേരെ ഉയര്‍ന്നില്ല. മന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കും വരെ വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ന്നില്ലെന്നുമാത്രമല്ല, കയ്യടികളാണ് തേടിയെത്തിയത്. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് പാര്‍ട്ടിയില്‍ ഒരിക്കല്‍ കൂടി കരുത്തുതെളിയുക്കുന്നുവെന്നതിന്റെ കൃത്യവും വ്യക്തവുമായ സൂചനകളാണ് സമ്മേളനത്തിലുടനീളം കാണാനായത്.

മറ്റൊരു ക്യാപ്റ്റനെ കാട്ടാനില്ലെന്ന പ്രതീതിയാണ് പിണറായിക്ക് ലഭിച്ച തുടര്‍കയ്യടികള്‍ പാര്‍ട്ടിക്ക് നല്‍കുന്നത്. പിണറായിയോളം കരുത്തനായ മറ്റൊരു സി.പി.എം നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് അടുത്തകാലത്തൊന്നും സാധിക്കുന്നില്ലെന്ന് വിലയിരുത്തുന്നുണ്ട് രാഷ്ട്രീയകേന്ദ്രങ്ങള്‍. വിമര്‍ശനാതീതമായി പിണറായിക്ക് കിട്ടുന്ന അംഗീകാരം ഇതിന് സാക്ഷ്യവുമാണ്. എണ്‍പതാം വയസിലേക്ക് കടക്കുന്ന പിണറായി തന്നെ നയിക്കണമെന്ന് ഉറപ്പിക്കുകയാണ് സി.പി.എം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള മന്ത്രിമാരുടെ പ്രകടനം അത്ര പോരെന്നും സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയർന്നു. മാത്രമല്ല മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ട് അതിനെ വേണ്ടവിധം മന്ത്രിമാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല എന്നും ചില പ്രതിനിധികളുടെ ഭാഗത്തുനിന്ന് വിമര്‍ശനം വന്നു. കണ്ണൂരുകാര്‍ക്ക് പാര്‍ട്ടിയിലുള്ള അപ്രമാദിത്വം, പ്രത്യേകിച്ച് സ്ഥാനമാനങ്ങളുടെ കാര്യത്തിലുള്ള വിവേചനവും എന്നിവ ചൂണ്ടിക്കാട്ടി ഒരംഗം വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ‘മെറിറ്റ് മെറിറ്റ്’ എന്ന് എപ്പോഴും പറയുന്ന സംസ്ഥാന സെക്രട്ടറി എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുന്നതെന്ന്, കണ്ണൂരിനുള്ള ആധിപത്യം ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദന് നേരെയും വിമർശനമുണ്ടായി.

ജില്ലാസമ്മേളനങ്ങളിൽ പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയർന്ന കടുത്തവിമർശനം സംസ്ഥാനസമ്മേളനത്തിൽ കണ്ടതേയില്ല. മറിച്ച് മുഖ്യമന്ത്രിയെ പ്രശംസിക്കുന്ന കാഴ്ചയാണ് കൊല്ലത്ത് കണ്ടത്. തുടർഭരണത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റൊരുമന്ത്രിയും പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമുതൽ പാർട്ടി സെന്ററിലെ ഓഫീസ് സെക്രട്ടറിവരെ കണ്ണൂരിൽനിന്നാണെന്നായിരുന്നു പ്രതിനിധികൾ ഉയർത്തിയ മറ്റൊരു വിമർശം. എതായാലും സര്‍ക്കാരിന്റെ നായകനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിനിധികൾ മതിപ്പാണ് രേഖപ്പെടുത്തിയത്. അതാണ് വീണ്ടും ക്യാപ്റ്റനായി പിണറായി എത്തുമെന്ന സൂചന നൽകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കിയതോടെ കഴിഞ്ഞതവണ വലിയ നേതൃനിരയ്ക്ക് മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നിരുന്നു. മന്ത്രിസ്ഥാനത്തും രണ്ടാംവട്ടം പ്രമുഖ നേതാക്കളാരും പരിഗണിക്കപ്പെട്ടില്ല. എന്നാൽ പിണറായിക്ക് മാത്രം അന്ന് ഇളവ് നൽകി. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ട എന്ന തീരുമാനം കഴിഞ്ഞ തവണ അവതരിപ്പിച്ചപ്പോള്‍ അടുത്ത തവണ ഇത് തനിക്കും ബാധകമായിരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം പി.ബി അംഗമായതിനാല്‍ പിണറായി അടുത്ത തവണ മത്സരിക്കുമോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ഉത്തരം നല്‍കും.

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹനും ആയ അരുൺ രാജ് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാറിനെ സന്ദർശിച്ചു. നവോത്ഥാന നായകന്മാരിൽ മുന്നിൽ നിൽക്കുന്ന മഹാത്മാ അയ്യൻകാളി യുടെ ജിവിത ചരിത്രം സിനിമ ആകുകയാണ്. ലോകമെമ്പാടും ഇപ്പോൾ ചർച്ചയായിരിക്കുന്ന ഈ സിനിമ. കേരള നിയമസഭയിൽ വരെ ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രത്യേക ക്ഷണപ്രകാരം നിയമസഭ കാര്യാലയത്തിൽ ചിത്രത്തിൻറെ സംവിധായകൻ അരുൺ രാജും  കൂടാതെ പ്രദീപ് താമരക്കുളം, വിനോദ് പറവൂർ, രാജു , പ്രവീൺ സൂര്യ, സഹപ്രവർത്തകർ പങ്കെടുത്തു.

 

സർക്കാരിൻറെ ഭാഗത്തുനിന്നും എല്ലാ നിയമ നടപടികളും, എല്ലാ സഹകരണവും നൽകുമെന്നും, വരും തലമുറയ്ക്ക് ഒരു പാഠമാകും എന്നും , സംവിധായകനായ അരുൺ രാജിനെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത് ഒരുപാട് കഷ്ടതകളുടെ മുന്നോട്ടുപോയി സ്വപ്നം മുറുക്കെ പിടിച്ച് വിജയത്തിലെത്തിയ അരുൺ വരും തലമുറയ്ക്കും ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു മാതൃകയാണ് എന്നും ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിൻറെ ഭാഗത്തുനിന്നും എല്ലാ സഹായവും നൽകുമെന്നും ഉടൻ താന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും എന്നും നൽകിയാണ് യാത്രയാക്കിയത് എന്നും സംവിധായകനായ അരുൺരാജ് പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാന്‍ പിടിയില്‍. ആര്‍.ജി. വയനാടന്‍ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു.

എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.

ഫാ. ഹാപ്പി ജേക്കബ്ബ്

ദൈവസാന്നിധ്യം അനന്തമായ സാധ്യതകൾ നൽകുന്ന വിരുന്നാണ് ; നോമ്പോ അതിലേക്കുള്ള മാർഗ്ഗവും. ഈ വസ്തുത വളരെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള വരുമാണ് നാം ഓരോരുത്തരും. അവിശ്വസിക്കുന്ന തരത്തിലുള്ള വാർത്തകളാണല്ലോ ഓരോ പ്രഭാതവും നൽകിക്കൊണ്ടിരിക്കുന്നത് . എന്തായിരിക്കാം കാരണം. മാനസിക വിഭ്രാന്തിയായോ, ലഹരി ഉപയോഗമായോ എന്ന് ഒക്കെ വർണ്ണിച്ച് നമ്മെ തന്നെ ഉന്നത ബോധ അവസ്ഥയിൽ എത്തിച്ച് നിർവൃതിയായി അടുത്ത സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ് നാം. എന്നാൽ നാമും നമ്മുടെ സംസ്കാരവും നമ്മുടെ നാടും ഇങ്ങനെ ആയിരുന്നില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ. പ്രാർത്ഥനാപൂർവ്വം ചിന്തിക്കുക, ഉത്തരം ബോധ്യമായാൽ പാലിക്കുക.

ഒരു പട്ടണത്തിലൂടെ കടന്നുപോകുന്ന കത്തൃസന്നിധിയിൽ ശരീരം ആസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ “കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് പറഞ്ഞു. കർത്താവ് അവനെ തൊട്ടു . അവന് സൗഖ്യം വന്നു. ലൂക്കോസ് 5 :12 – 13.

1 . സ്വയത്തെ മനസ്സിലാക്കാത്ത ജനത.

നമ്മുടെ ദൃഷ്ടി പലപ്പോഴും കാഴ്ച മാത്രമല്ല കാണരുതാത്തവയും നൽകുന്നതാണ്. എന്നാൽ വേണ്ടുന്നതും വേണ്ടാത്തതും വേർതിരിപ്പാനും കാണേണ്ടത് കാണുവാനും ദൈവം നമുക്ക് ജ്ഞാനം നൽകിയിട്ടുണ്ട്. എന്നാൽ പാപബോധം പോലും വരാതെ അധമ ചിന്തകളും പ്രവർത്തികളും നമ്മെ ഭരിച്ചിട്ടും തിരിച്ചറിയുവാൻ പോലും കഴിയാതെ വരുന്നതല്ലേ ഇന്നിന്റെ ശാപം. അന്ധകാരം മൂടപ്പെട്ടു എന്നിട്ടും പ്രകാശത്തെ അന്വേഷിക്കുന്നില്ല. മണ്ണ് കൊണ്ടാണ് ശരീരം മെനഞ്ഞതെങ്കിലും ആത്മാവ് ദൈവത്തിൻറെ വകയാണ് എന്ന് തിരിച്ചറിയാത്ത തലമുറ. ഇവൻ ശരീരം മുഴുവൻ കുഷ്ഠം നിറഞ്ഞിട്ടും, സമൂഹം ആട്ടിയോടിച്ചിട്ടും, സാമൂഹിക ജീവിതം നിഷേധിച്ചിട്ടും, കുടുംബം ഒഴിവാക്കിയിട്ടും അവൻ നിലനിന്നു. ജീവിതം അവസാനിപ്പിക്കുവാൻ അവന് തോന്നിയില്ല. കാരണം അവൻറെ അന്തരംഗം പ്രകാശമുള്ളതായിരുന്നു. പ്രതീക്ഷയുടെ തിരുനാളം അവനുണ്ടായിരുന്നു. ഇരുട്ടി വെളുക്കുമ്പോൾ അവസാനിക്കുന്നതല്ല ജീവിതം എന്ന് അവന് ബോധമായിരുന്നു. അവന് ആത്മാവിനെ നൽകിയവൻ അവന് കൃപ നൽകും എന്ന് അവന് അറിയാമായിരുന്നു. ഈ തിരിച്ചറിവ് എന്തേ നമുക്ക് ഇല്ലാതെ പോകുന്നു.

2 . ദൈവശക്തിയെ തിരിച്ചറിയാത്ത ജനത.

പാപത്തെയും, രോഗത്തെയും, ശാപത്തെയും വിട്ട് സമാധാനം ആഗ്രഹിക്കുന്ന സമയം ആണല്ലോ നോമ്പിൻറെ കാലം. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നമ്മുടെ കർത്താവ് അവരോട് പറയുകയാണ് എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക. വാക്ക് മാത്രമല്ല കൈ നീട്ടി അവനെ തൊട്ടു. അവൻ സൗഖ്യമായി. പാപവും ഭാരവും വിട്ടൊഴിയുവാൻ എൻറെ അടുക്കലേക്ക് വരുവാൻ നമ്മുടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. ഈ വിളി എന്തേ നമ്മുടെ തലമുറ കേൾക്കുന്നില്ല? എല്ലാം തികഞ്ഞു എന്ന് നാം ഓരോരുത്തരും ചിന്തിക്കുമ്പോൾ നമ്മുടെ ജീവിത രീതികളും ആശ്രയത്വവും നമ്മെ എവിടെ കൊണ്ടെത്തിച്ചു . ഒരുവന്റെ മുഖം ഓർത്തിരിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? എന്തിനേറെ ഒരു ഫോൺ നമ്പർ ഓർത്തെടുക്കുവാനുള്ള ശേഷി നമുക്കുണ്ടോ. നാം ‘എന്ന് നമ്മുടെ ശക്തിയെ ഉപയോഗപ്പെടുത്താതെ ആധുനികതയുടെ അനുഭവങ്ങളെ ആശ്രയിച്ചു അന്ന് നഷ്ടമായി തുടങ്ങി നമ്മുടെ കഴിവുകളെ നമ്മൾ ആശ്രയിക്കുന്ന പലതും ഇന്ന് നമ്മെ അടിമകളാക്കി കളഞ്ഞു. ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. എൻറെ പ്രശ്നങ്ങൾ എന്റേത് മാത്രമല്ല. ഞാൻ തിരിഞ്ഞ് എൻറെ ദൈവ മുമ്പാകെ വരുമ്പോൾ അവൻ എന്റെ ഭാരങ്ങളെ നീക്കും, രോഗങ്ങളെ അകറ്റും, അവന്റെ കൈയിൽ എന്നെ വഹിക്കും.

3 . കാര്യസാധനം മാത്രം ലക്ഷ്യമാക്കുന്ന ജനത.

ജീവിതം ഒരു യാത്രയാണ്. ഒത്തിരി ആളുകളും, ജയങ്ങളും തോൽവിയും രാജ്യങ്ങളും, ദേശങ്ങളും ഒക്കെ നമ്മെ സ്വാധീനിക്കാറുണ്ട്. നമ്മെ രൂപപ്പെടുത്തിയിട്ടും ഉണ്ട്. എന്നാൽ ഇവയിൽ ഏതിലെങ്കിലും ആത്മാർത്ഥത നമുക്കുണ്ടോ. ഒന്ന് തിരിഞ്ഞ് നോക്കുവാനോ, കൂട്ടത്തിൽ അവശരായവരെ കൈപിടിച്ച് കൂടെ നടത്തുവാനോ നമുക്ക് സാധ്യമാകുന്നുവോ? സൗഖ്യം പ്രാപിച്ചവൻ തനിക്ക് സൗഖ്യം നൽകിയവനെ സ്തുതിക്കുന്ന ഭാഗം നാം ശ്രദ്ധിക്കുക . ഇതൊരു പ്രാർത്ഥനയാണ് സമർപ്പണം ആണ്. ആവശ്യം വരുമ്പോൾ മാത്രമല്ല എന്നും സ്തോത്രം അർപ്പിക്കാനും സമർപ്പിതമായ ജീവിതം നയിക്കുവാനും നമുക്ക് സാധ്യമാവണം. ആത്മാർത്ഥത നിറഞ്ഞ സമീപനം ജീവിതത്തോട് കാണിക്കുവാൻ ശീലിക്കണം. ചെറിയ സന്തോഷവും ചെറിയ സങ്കടവും ജീവിതഭാഗമെന്ന് നാം തിരിച്ചറിയണം. എന്ത് വന്നാലും എന്നും കൂടെയുള്ളവനെ തിരിച്ചറിയാതെ എങ്ങനെ മുന്നോട്ട് പോകും. നൈമിഷിക സന്തോഷം തരുന്നത് വിട്ടുപോകും എന്ന് തിരിച്ചറിയുക.

ഓരോ നാളും സന്തോഷം മാത്രമല്ല എന്നും ഏത് പ്രയാസങ്ങൾക്കൊടുവിലും പ്രത്യാശയുടെ നാളുകൾ നമുക്കുണ്ട് എന്നും ആ പ്രത്യാശ കെട്ടുപോകാത്ത അനുഭവം നൽകുന്ന ദൈവസാന്നിധ്യം ആണെന്നും മനസ്സിലാക്കുക.

” എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക”

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. ചടങ്ങിന് മുമ്പ് ദിവ്യ നാല് തവണ കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു.

പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികൾ നൽകിയ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അതേസമയം നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടറേറ്റ് അറിയിച്ചു. അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് വിജിലൻസ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

ഏറ്റുമാനൂരിൽ അമ്മയും രണ്ട്​ പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവായ മൊബൈൽ ഫോണ്‍ കണ്ടെത്തി. മരിച്ച ഷൈനിയുടെ ഫോണാണ്​ ഏറ്റുമാനൂർ പാറോലിക്കലിലെ വീട്ടിൽ ​നടത്തിയ തിരച്ചിലിൽ​ പൊലീസ്​ കണ്ടെടുത്തത്​.

സ്വിച്ച് ഓഫായ ഫോണ്‍ ലോക്കിട്ട നിലയിലാണ്. വിശദ പരിശോധനക്കായി ഫോൺ സൈബര്‍ വിദഗ്​ധർക്ക്​ കൈമാറുമെന്ന്​ പൊലീസ്​ പറഞ്ഞു. നേരത്തേ, റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫോൺ കണ്ടെത്തിയിരുന്നില്ല. ഫോൺ എവിടെയാണെന്ന്​ അറിയില്ലെന്നായിരുന്നു മാതാപിതാക്കൾ പൊലീസിനെ ആദ്യം അറിയിച്ചിരുന്നത്​.

ഷൈനി മരിക്കുന്നതിന്​ നാലു മണിക്കൂർ മുമ്പ്​ ഭർത്താവ് നോബി ലൂക്കോസ്​ ഇവരെ വിളിച്ചിട്ടുണ്ട്​. ഇതിലെ പ്രകോപനമാണ്​ ആത്മഹത്യക്ക് കാരണമായതെന്നാണ്​ നിഗമനം. ഇതിനിടെ, ഷൈനിയുടെ പിതാവ് കുര്യാക്കോസിന്‍റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.

സ്വന്തംവീട്ടിൽ നിന്ന്​ ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നോയെന്ന സംശയത്തിലാണ്​ പൊലീസിന്‍റെ നീക്കം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭർത്താവ് നോബി ലൂക്കോസ്​ റിമാൻഡിലാണ്​.

RECENT POSTS
Copyright © . All rights reserved