Latest News

കോട്ടയം: വൈകിട്ട് ഏഴരക്കുള്ളില്‍ ഹോസ്റ്റലില്‍ കയറിയിരിക്കണമെന്ന നിബന്ധന സമരം ചെയ്ത് ഇല്ലാതാക്കി വിദ്യാര്‍ത്ഥിനികള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ ഈ നിബന്ധനക്കെതിരെ രക്ഷിതാക്കള്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നിട്ടും വൈകിയെത്തുന്ന കുട്ടികളെ അധികൃതര്‍ ശാസിച്ചുകൊണ്ടിരുന്നു.

ഇതിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ സമരമിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലാണ് വെള്ളിയാഴ്ച രാത്രി നാലു മണിക്കൂര്‍ സമരം നടന്നത്. ഇതോടെ ചര്‍ച്ച നടക്കുകയും സമയക്രമം പരിഷ്‌ക്കരിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം താല്‍ക്കാലികമായി എഴുതി നല്‍കിയത് മതിയാവില്ല, പിടിഎ എക്സിക്യുട്ടീവ് വിളിച്ച് നിയമം മാറ്റിയെഴുതണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം.

പഠനത്തിന്റെ ഭാഗമായി ലേബര്‍ റൂമിലും അത്യാഹിത വിഭാഗത്തിലും സേവനമനുഷ്ഠിച്ച ശേഷം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മിക്കവാറും ഏഴര കഴിയാറുണ്ട്. അത്തരം സാഹചര്യത്തില്‍ അധികൃതര്‍ക്ക് സദാചാരപ്പോലീസിന്റെ സ്വഭാവമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള 7.30 എന്ന സമയ പരിധിമാറ്റണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധസമരം. ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും ഹോസ്റ്റലിന് പുറത്തെത്തി പ്രതിഷേധസമരം നടത്തുകയാണ്. നിരവധി നാളുകളായി തങ്ങളുടെ ആവശ്യങ്ങളോട് തീര്‍ത്തും നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘പല പല അവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തുപോകേണ്ടതുണ്ട്, കോളേജിലേക്കും കോച്ചിംങിനും പോകുന്നവര്‍, ബ്ലോക്കില്‍പ്പെടുന്നവര്‍ അങ്ങിനെ പല അവശ്യങ്ങള്‍.

പല പ്രാവശ്യം അധികൃതരോട് പറഞ്ഞെങ്കിലും രക്ഷിതാക്കളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചു’ എന്നിട്ടും നിഷേധാത്മക നിലപാട് ആണെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നിരവധി പ്രാവശ്യം ആവശ്യം മുന്നോട്ട് വെച്ചതിനെ തുടര്‍ന്ന് വെള്ളിഴായ്ച വൈകീട്ട് പ്രിന്‍സിപ്പാളിന്റെയും വൈസ് പ്രിന്‍സിപ്പാളിന്റെയും നേതൃത്വത്തില്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചെങ്കിലും തീര്‍ത്തും അപമാനിക്കുന്ന രീതിയിലായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്ത് കോച്ചിംങ് ആയാലും 7.30ന് ശേഷമുള്ള ഒരു ക്ലാസിനും പെണ്‍കുട്ടികള്‍ പോകെണ്ടെന്നാണ് അധികൃതരുടെ നിലപാട്. 7.29 ന് ഹോസ്റ്റലിന്റെ ഗേയ്റ്റ് അടക്കുമെന്നും അതിന് ശേഷം ഹോസ്റ്റലിന് അകത്ത് കയറ്റിലെന്നും എവിടെ വേണമെങ്കിലും പോകാം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നുമാണ് അധികൃതരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഗേയിറ്റിന് അകത്ത് മാത്രം സുരക്ഷിതത്വം ഒരുക്കു എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ‘പട്ടി. കുരങ്ങ് മുതലായ ജീവികള്‍ മുതല്‍ ‘ഷോ മാന്‍’ വരെ ഹോസ്റ്റലില്‍ വരാറുണ്ട് എന്നാലും അതിന് സുരക്ഷിതത്വം നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. ഇതല്ല സെക്യൂരിറ്റി.

നിരവധി തവണ വെര്‍ബല്‍ അബ്യൂസിന് വിദ്യാര്‍ത്ഥിനികള്‍ ഇരയായിട്ടുണ്ട് മണിക്കൂറുകളോളം പുറത്തുനിര്‍ത്തിയിട്ടുണ്ട് അപമാനിച്ചിട്ടുണ്ട്. ഇത്തരം കാടന്‍ നയമങ്ങള്‍ അല്ല സുരക്ഷിതത്വം’ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രതിഷേധവുമായി ഹോസ്റ്റലിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും പുറത്തെത്തിയെങ്കിലും വാര്‍ഡന്‍ അടക്കം ഒരു അധികൃതരും തിരിഞ്ഞു നോക്കാന്‍ തയ്യാറായില്ലെന്നും ഗേറ്റിനകത്ത് കയറിയാല്‍ മാത്രമേ സെക്യൂരിറ്റി തരു എന്നാണ് അവരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എതറ്റം വരെ പോയാലും അവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഐഎസ്‌ ആര്‍ഒ ചാരക്കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാല്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരാണെന്നും പത്മജ പറഞ്ഞു. ജുഡീഷ്യറിക്ക് മുന്നില്‍ ഇവരുടെ പേര് പറയുമെന്നും ജുഡിഷ്യറിയില്‍ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് പത്മജ ആരോപിച്ചു.

കരുണാകന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ എതിരാളികള്‍ തയ്യാറാക്കിയ ഗൂഢാലോചനയില്‍ നമ്ബി നാരായണന്‍ പെട്ടതാണെന്നും പത്മജ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.കെ കരുണാകരനെ മരണം വരെ വേദനിപ്പിച്ച സംഭവമായിരുന്നു ചാരക്കേസെന്നും കേസിന്റെ സമയത്ത് മാധ്യമങ്ങളും തുണച്ചില്ലെന്നും പത്മജ പറഞ്ഞു.

കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോണ്‍ഗ്രസിന്റേയും ഉത്തരവാദിത്വമാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. അതെ സമയം പ്രതികരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

രാജ്യത്ത് കുതിച്ചുയരുന്ന എണ്ണവിലയ്ക്ക് തടയിട്ടില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് രാം ദേവിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററൊന്നിന് 40 രുപയ്ക്ക് എണ്ണ വില്‍ക്കാനാവുമെന്നും രാംദേവ് പറഞ്ഞു.

കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപവില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ല.

രാജ്യത്ത്് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോദിക്കാവും. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് മോദിക്കറിയാം. പ്രധാനമന്ത്രി അത് ചെയ്‌തേ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും-ആജ്തക്ക് ടിവിയില്‍ നല്‍കിയ അഭിമുഖത്തില്‍ രാംദേവ് മുന്നറിയിപ്പ് നല്‍കി.

പ്രളയ ശേഷം കേരളത്തിൽ ഒരേ സമയം പേടിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒട്ടേറെ വികൃതികൾ നമ്മൾ പ്രകൃതിൽ പലതരത്തിൽ മാറ്റങ്ങൾ കാണുന്നുണ്ട്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ കോഴിക്കോട് നഗരത്തോട് ചേർന്ന സ്ഥലത്ത് ഉറുമ്പുകൾ ചത്ത് വീഴുന്നതും, മാനന്തവാടി താലൂക്കിലെ ദ്വാരക ചാമടത്ത് പടിയിലെ ഒരേക്കര്‍ പറമ്പ് നാലു മീറ്ററോളം താഴ്ന്ന് പോയതുമൊക്കെ ആശങ്ക സൃഷ്ടിക്കുന്ന വാർത്തകൾ തന്നെയാണ്.

ഇതിനിടയിൽ കടലിന്റെ ഒരു വശം പിളർന്ന് പുതിയ പാത രൂപപ്പെട്ടെന്ന് കേട്ടാലോ? ഇതൊക്കെ പിള്ളേർ വാട്സ്സാപ്പിലും ഫേസ് ബുക്കിലും ഒക്കെ വെറുതെ തട്ടിവിടുന്നത് എന്നായിരിക്കും ആദ്യം കേൾക്കുമ്പോള്‍ ഓർമ്മിക്കുക. എന്നാൽ സംഗതി സത്യമാണെന്ന് അറിയുമ്പോഴോ? അതും നമ്മുടെ നാട്ടിൽ!!! കാര്യം ശരിയാണ്. കടലിന്റെ ഒരു വശം പിളർന്ന് ഒരു പുതിയ പാത തന്നെ രൂപപ്പെട്ടിരിക്കുയാണ്.

മലപ്പുറം ജില്ലയിൽ പൊന്നാനിക്ക് സമീപമുള്ള ഫിഷിങ് ഹാർബറിനോട് ചേർന്നുള്ള കടലിലാണ് ഈ സംഭവം നടക്കുന്നത്. വളരെ വിചിത്രമായ ഒരു പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കടലിന്റെ ഒരു വശം രണ്ടായി പിളർന്ന് ഒരു വഴി തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. ഇരുവശത്തു നിന്നും തിരമാലകൾ ഇവിടെ വന്നെത്തി കൂട്ടിമുട്ടി തിരികെ പിൻവാങ്ങുന്ന കാഴ്ച ഇവിടെ കാണാനാവും. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളമാണ് കടൽ രണ്ടായി പിളർന്നിരിക്കുന്നത്.

ആ വാർത്ത കേട്ടറിഞ്ഞ് ഒട്ടേറെ ആളുകളാണ് ഈ പ്രതിഭാസം കാണാനായി എത്തുന്നത്. എന്നാൽ എപ്പോൾ വേണമെങ്കിലും ഈ സ്ഥലം കടലെടുക്കാം എന്നുള്ളതുകൊണ്ട് അധികം ദൂരത്തേയ്ക്ക് ആരും പോകാറില്ല.

ട്രാക്കില്‍ മിന്നല്‍പിണറായി വേഗതയുടെ പര്യായമായി മാറിയ അച്ഛന്‍റെ മകന്‍ . മിക്ക് ഷുമാക്കര്‍. പത്തൊന്‍പത് വയസുകാരന്‍ മിക്ക് ഫോര്‍മുല ത്രീ ട്രാക്കില്‍ നടത്തിയ കുതിപ്പാണ് കാറോട്ടവേദിയിലേയ്ക്ക് ഷുമാക്കറെന്ന പേര് വീണ്ടുമെത്തിച്ചത് . എഫ് ത്രീയില്‍ തുടര്‍ച്ചയായി മൂന്നുവിജയങ്ങള്‍ നേടി ചാംപ്യന്‍ഷിപ്പിനോട് അടുക്കുകയാണ് മിക്ക്.

ഒന്‍പതാം വയസിലാണ് മിക്ക് കാര്‍ട്ടിങ്ങില്‍ അരങ്ങേറ്റം കുറിച്ചത്. യൂറോപ്യന്‍ ജൂനിയര്‍ പട്ടം സ്വന്തമാക്കിയ മിക്ക് അച്ഛന്റെ പേരും പെരുമെയും ഒപ്പം ചേര്‍ക്കാതെയാണ് ആദ്യനാളുകളില്‍ മല്‍സരിച്ചു തുടങ്ങിയത് . മാധ്യമ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ മിക്ക് ജൂനിയര്‍ എന്ന പേരില്‍ നേട്ടങ്ങള്‍ കൊയ്ത കൊച്ചു ഷൂമിക്ക് അധികനാള്‍ മറഞ്ഞിരിക്കാനായില്ല. ജൂനിയര്‍ ഷുമാക്കറുെട വീരഗാഥകള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ തുടര്‍ക്കഥയായി.

ഫോര്‍മുല ത്രീയില്‍ പ്രെമ പവര്‍ടീമിനായാണ് മിക്ക് മല്‍സരിക്കുന്നത്. ടോറോ റോസോ , റെഡ് ബുള്‍ തുടങ്ങിയ ഫോര്‍മുല വണ്‍ ടീമുകള്‍ ജൂനിയര്‍ ഷൂമിക്കായി രംഗത്തെത്തിയെന്ന് അഭ്യൂഹങ്ങളുണ്ട്. ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മൈക്കിള്‍ ഷൂമാക്കര്‍ പക്ഷേ ട്രാക്കിലെ മകന്‍റെ കുതിപ്പ് അറിഞ്ഞിട്ടില്ല.

ആരോഗ്യമന്ത്രാലയം മുന്നൂറ്റി ഇരുപത്തിയെട്ട് മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ സംസ്ഥാന വിപണിയില്‍ നിന്ന് പിന്‍വലിക്കും. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിരോധിച്ച മരുന്നുകളുടെ വില്‍പന കര്‍ശനമായി തടയുമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍.

ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്സ് ആക്ഷന്‍ 500, പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക് നല്കുന്ന നൊവാക്ളോക്സ്, തുടങ്ങിയവ ചേര്‍ന്നുവരുന്ന മുന്നൂറ്റി ഇരുപത്തെട്ട് മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇവയോരൊന്നും ഒറ്റയ്ക്കൊറ്റയ്ക്കല്ല, അശാസ്ത്രീയമായി നിര്‍മിച്ച കൂട്ടുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഡോക്ടര്‍മാര്‍ മരുന്നുകുറിക്കുന്നതും ഉല്പാദനവും വില്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ കമ്പനികള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കേണ്ടിവരും.രാജ്യത്തു തന്നെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തില്‍ ഈ മരുന്നുകളുടെ മുന്നൂററി അമ്പത് കോടിയോളം രൂപയുടെ വില്‍പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രോലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടി തുടങ്ങുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.

രണ്ടോ അതിലധികമോ ഒൗഷധ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍. ആരോഗ്യത്തിന് ദോഷകരമായ വിധത്തില്‍ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇവയുടെ നിര്‍മാണമെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രഫ ചന്ത്രകാന്ത് കോകാടെ സമിതി കണ്ടെത്തിയിരുന്നു.

 

ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തെ കുറിച്ച് എന്നും ശബ്ദമുയര്‍ത്തുന്നയാളാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. മറ്റ് സാമൂഹ്യവിഷയങ്ങളിലും ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നിരത്തില്‍ സാരിയണിഞ്ഞ് നെറ്റിയില്‍ പൊട്ടുതൊട്ട് പ്രത്യക്ഷപ്പെട്ട ഗംഭീറിനെ കണ്ട് ആരാധകരൊന്ന് ഞെട്ടി. എന്നാല്‍ എന്തിനാണ് ഗംഭീര്‍ വേഷം മാറി വന്നതെന്ന് അറിഞ്ഞവര്‍ ഒന്നടങ്കം അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ‘ഹിജ്ഡ ഹബ്ബ’യുടെ 11-ex പതിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് അറിയിച്ച് സെക്ഷന്‍ 377 സുപ്രീം കോടതി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഹിജ്ഡ ഹബ്ബ സംഘടിപ്പിച്ചത്. ഡല്‍ഹി മാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരാനും ശക്തിപ്പെടുത്താനും ഉദ്ദേശ്യമിട്ടാണ് പരിപാടി നടത്തുന്നത്.

ഡാന്‍സും പാട്ടും പ്രസംഗങ്ങളുമൊക്കെ ആയി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിപാടി ആഘോഷമാക്കി. ഗംഭീറിന് വന്‍ സ്വീകരണമാണ് ചടങ്ങില്‍ ലഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗംഭീറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഈ വര്‍ഷമാദ്യം ആണ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചത്. മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

‘രാജി വയ്ക്കുന്നത് എന്റെ തീരുമാനമായിരുന്നു. ടീമിന് വേണ്ടി നല്ല രീതിയില്‍ സംഭാവന നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കപ്പിത്താനായി നന്നായി കളിക്കാനായി. ഇതാണ് സ്ഥാനമൊഴിയാനുളള നേരമെന്ന് തോന്നി. സമ്മർദ്ദം ഇനിയും താങ്ങാനാവില്ലെന്ന് കണ്ടപ്പോഴാണ് നായകസ്ഥാനം ഒഴിഞ്ഞത്’, അന്ന് ഗംഭീര്‍ പറഞ്ഞു.

ടി.പി.വധക്കേസ് പ്രതി കര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കി. ബഹറിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്‍റെ വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.

പരാതി വടകര സി.ഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് വിശമദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്.

കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ടി.പി ചന്ദ്രശേഖരന്‍റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചുതാലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ വാര്‍ത്തകള്‍ എപ്പോഴും വന്‍ വിവാദങ്ങള്‍‌ക്കാമ് തിരി കൊളുത്താറുള്ളത്. മുഖ്യപ്രതി ടി.പി.കുഞ്ഞനന്തന്റെ പരോള്‍ മുതല്‍ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹ സമയത്ത് തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തതു വരെ വിവാദങ്ങള്‍‌ പലതുണ്ടായി.

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്‌തേക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ബിഷപ്പിനെതിരെ പോലീസിന് ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റിന് പോലീസ് തയ്യാറെടുക്കുന്നത്. ബിഷപ്പ് മഠത്തില്‍ എത്തിയെന്ന് തെളിയിക്കുന്ന രേഖകളും മൊഴികളുമാണ് നിര്‍ണായകമായത്.

മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകന്‍ കാരണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് അറിയിച്ചിരുന്നു. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും പോലീസ് അറിയിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്.

പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. കന്യാസ്ത്രീയുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കും പോലീസിന്റെ കൈവശമാണുള്ളത്. ഈ മാസം 19നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved