ഫാ. മാത്യൂ മുളയോലില്‍
ഷിബു മാത്യൂ
ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി തങ്ങളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ആചരിക്കുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യൂ മുളയോലില്‍ കൊടിയുയര്‍ത്തും. തുടര്‍ന്ന് പരി. കന്യകാ മാതാവിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. 10.15ന് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍) ആഘോഷമായ ദിവ്യബലി അര്‍പ്പിയ്ക്കും. അതേ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല
സെപ്റ്റംബര്‍ 3 മുതല്‍ 7വരെ വൈകുന്നേരം 6.45 ന് നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. എട്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് വി. കുര്‍ബാനയും നൊവേനയും നേര്‍ച്ചവിതരണവും നടക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 9 ഞായര്‍ രാവിലെ പത്ത് മണിക്ക് റവ. ഫാ. തോമസ്സ് തയ്യില്‍ (തലശ്ശേരി അതിരൂപത) ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, പ്രസംഗം, ലദീഞ്ഞ്, ദേവാലയംചുറ്റി ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും.
തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസം അടിമ വയ്ക്കുന്നതിനും മാതാവിന്റെ കഴുന്ന് മുടി എന്നിവ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ബ്രിട്ടണിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാത്യൂ മുളയോയില്‍ അറിയ്ച്ചു.
മലപ്പുറം: നാടിനെ നടുക്കിയ മേലാറ്റൂര്‍ കൊലപാതകത്തിന് പിന്നില്‍ പിതൃസഹോദരന്റെ പണത്തിനോടുള്ള ആര്‍ത്തിയെന്ന് തിരിച്ചറിഞ്ഞു. ഒന്‍പത്കാരനെ തട്ടിക്കൊണ്ട് പോയ ശേഷം കുട്ടിയുടെ പിതാവും തന്റെ സഹോദരനുമായ അബ്ദുല്‍സലാമിന്റെ കൈയ്യിലുള്ള മൂന്ന് കിലോ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ അത്രയും സ്വര്‍ണമോ പണമോ സലാമിന്റെ കൈകളില്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ കുറ്റകൃത്യം മറച്ചു പിടിക്കാന്‍ കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് താഴെക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തുന്നതിന് മുന്‍പ് ഇയാള്‍ കുട്ടിയുമായി സിനിമാ തീയേറ്ററിലും ബിരിയാണി ഹട്ടിലുമൊക്കെ സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടി തട്ടിക്കൊണ്ടു പോകല്‍ തിരിച്ചറിയാതിരിക്കാനാണ് സിനിമാ കാണിക്കാന്‍ കൊണ്ടുപോയതെന്നാണ് വിവരം. എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹിനെ ഈ മാസം പതിമൂന്നിനാണ് കാണാതാവുന്നത്. പിതൃസഹോദരന്‍ കൂടിയായ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദാണ് ഷഹീനിനെ സ്‌കൂളില്‍ നിന്ന് ബൈക്കില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി രാത്രി ഉള്‍പ്പെടെ കറങ്ങിയ ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് മുഹമ്മദ് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഷഹീനിന്റെ മൃതദേഹം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ആം ആദ്മി പാര്‍ട്ടി എം.പി ശ്രി സഞ്ജയ് സിംഗ് തന്റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രളയ ദുരന്തത്തിനിരയായ എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഡല്‍ഹി സര്‍ക്കാരിന്റെ വിഹിതമായി 10 കോടി രൂപയും, കേരള ജനതയുടെ ദുരിതങ്ങള്‍ അവിടെയുള്ള ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പത്ര പരസ്യം നല്‍കുകയും അതുവഴി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനവും ചെയ്തിരുന്നു.
എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സര്‍ക്കാര്‍ ജീവനക്കാരോട് രണ്ടുദിവസത്തെ ശമ്പളവും സംഭാവന നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എംഎല്‍എ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കുകയും അത് ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നിവാസികള്‍ക്ക് കൈമാറുന്നതിനായി അവിടെ എത്തുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹി ജങ്ക്പുര മണ്ഡലത്തിലെ എംഎല്‍എ ശ്രീ പ്രവീണ്‍കുമാര്‍ എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഒരു പ്രദേശം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എംപി ഫണ്ട് വിനിയോഗിക്കാനുള്ള സഞ്ജയ് സിംഗ് എംപിയുടെ തീരുമാനം. ഇതുവഴി കേരളത്തിലെ ഒരു മാതൃകാ ഗ്രാമമായി കുന്നുകര പ്രദേശത്തെ മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇന്ത്യാമഹാരാജ്യത്തെ എല്ലാ എം.പി മാരും എംഎല്‍എമാരും ഈ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
പ്രളയത്തിന്റെ ദുരിതത്തിന്റെ നീറുന്ന കാഴ്ചകൾക്കിടയിൽ നോവുന്ന വാർത്തയുമായി ഒരു വീട്ടമ്മ. പ്രളയം വൻനാശം വിതച്ച പാണ്ടനാട്ടിലാണ് സംഭവം. പ്രളയത്തിൽ മരിച്ച ഭർത്താവിന്റെ മൃതദേഹത്തിനാണ് ഇൗ വീട്ടമ്മ കാവലിരുന്നത്. മൃതദേഹം ഒലിച്ചു പോകാതിരാക്കാന്‍ കെട്ടിയിട്ടാണ് ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നത്. മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഇവരെ വീട്ടിൽ നിന്നും രക്ഷിക്കാനായത്.
പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള എബ്രഹാമിന്‍റെ വീടും പ്രളയത്തിൽ വെള്ളത്തിടിയിലായിരുന്നു. ഇതോടെ വീടിനടുത്ത് താമസിക്കുന്ന സഹോദരന്‍റെ ഭാര്യയും അബ്രഹാമിന്‍റെ വീട്ടിലേക്കെത്തി. ഇവർ സുരക്ഷിതമായി രണ്ടാംനിലയിൽ അഭയം പ്രാപിച്ചു. എന്നാൽ ഇതിനിടയിൽ അബ്രഹാം വീടിന്‍റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണ് തലയിടിച്ച് മരിക്കുകയായിരുന്നു. എബ്രഹാമിന്‍റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മൃതദേഹം കെട്ടിയിട്ടു.
രക്ഷാപ്രവർത്തകർ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിേലക്ക് മാറ്റിയെങ്കിലും പ്രളയം തന്ന ഭീതിനിറഞ്ഞ ദിനങ്ങളിൽ നിന്നും അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് മകൻ പറയുന്നു. ഗോവ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് വിരമിച്ച എബ്രഹാമിന് അറുപത്തിനാല് വയസുണ്ട്. തിങ്കളാഴ്ചയാണ് സംസ്കാരം.
മലയാളികളെ രൂക്ഷമായി അധിക്ഷേപിച്ച് അർണാബ് ഗോസ്വാമി. കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ചാനലിൽ നടന്ന അന്തിച്ചർച്ചയിലാണ് മലയാളികളെ അധിക്ഷേപിച്ച് ചാനൽ ഉടമയും വാർത്താ അവതാരകനുമായ അർണാബ് രംഗത്ത് വന്നത്. ഇന്ത്യയിലെ ഏറ്റവും നാണമില്ലാത്ത വർഗ്ഗമാണ് മലയാളികൾ എന്നായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം. സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധമറിയിച്ചു തുടങ്ങിയിട്ടുണ്ട്.
‘ഫ്ലഡ്എയ്ഡ്ലൈ’ എന്ന വിഷയത്തിലായിരുന്നു റിപ്പബ്ലിക്ക് ടിവിയിലെ ചർച്ച. യുഎഇയിൽ നിന്നുള്ള ധനസഹായവും മറ്റുമായി ബന്ധപ്പെട്ട് മലയാളികൾ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അവർക്കതു കൊണ്ട് എന്താണ് ലഭിക്കുന്നതെന്നും അയാൾ ചോദിച്ചു. “ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ. അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്?”- ഇങ്ങനെയായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം.
പ്രളയത്തിൽ മുങ്ങിയ വീടിനു സമീപം താമസിക്കുന്ന ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെളിയനാട് മുല്ലശേരിൽ ബാബുവിന്‍റെ മകൻ ബിബിൻ ബാബു(18)വിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്നും കണ്ടെത്തിയത്. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ വിദ്യാർഥിയായിരുന്നു ബിബിൻ.
വെളിയനാട് മുല്ലശേരിൽ മാത്യുവിന്‍റെ മകൻ ടിബി(26)ന് വേണ്ടി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബന്ധുക്കളായ മൂവർ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മുല്ലശേരിൽ ജിറ്റോ (32) നീന്തി രക്ഷപെട്ടിരുന്നു.
ചീരഞ്ചിറ ചന്പന്നൂർ ജോളി ജോസഫിന്‍റെ വീട്ടിലാണ് അപകടത്തിൽപെട്ടവർ ഉൾപ്പടെ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ജോളിയുടെ ഭാര്യ മോളിയുടെ സഹോദര·ാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്. കാണാതായ ടിബിൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പ്രളയത്തിനിടെ മലപ്പുറം മേലാറ്റൂരിൽ ഒൻപതുവയസ്സുകാരനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊല സ്വർണം കൈക്കലാക്കാനാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
മലപ്പുറം എടയാറ്റൂരില്‍നിന്ന് ഈ മാസം പതിമൂന്നിനാണ് മുഹമ്മദ് ഷഹീനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ഷഹീനെ പുഴയില്‍തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തിൽ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഷഹീനു വേണ്ടി ആനക്കയം പുഴയില്‍തിരച്ചിൽ തുടരുകയാണ്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷെഹീനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന പ്രതി കുട്ടിയെ പുഴയിൽ തള്ളിയിട്ടു കൊല്ലുകയായിരുന്നു.
കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റർ മാറി തറവാടുവീടിനടുത്തു വെച്ചാണ് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയത്.
മഹാപ്രളയത്തിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായവുമായി അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഏഴുകോടി രൂപയാണ് കമ്പനി സഹായം പ്രഖ്യാപിച്ചത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പൂർണപിന്തുണയും ആപ്പിൾ പ്രഖ്യാപിച്ചു.
‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവനയായി നൽകുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകൾ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.’ ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.
അതുകൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ ഡൊണേഷന്‍ ബട്ടണുകള്‍ വഴി സംഭാവന നല്‍കാം.
ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിൻറെ സമയത്ത് കേരളം ഒന്നും സംഭാവന നൽകിയില്ലെന്ന കെ.സുരേന്ദ്രൻറെ വാദം തെളിവു സഹിതം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായപ്പോൾ കേരളം യാതൊന്നും ചെയ്തില്ല എന്നായിരുന്നു പ്രചാരണം. എന്നാൽ വാദം തെറ്റാണെന്നും വിക്കിപീഡിയ തിരുത്തിയാണ് സുരേന്ദ്രൻ വ്യാജപ്രചാരണം നടത്തിയെന്നും ഇൻഫോ ക്ലിനിക്ക് ഡോക്ടറായ നെൽസൺ ജോസഫ് പറയുന്നു. എങ്ങനെയാണ് വിക്കിപീഡിയയിലെ വിവരത്തില്‍ തിരിമറി നടത്തിയതെന്ന് നെൽസൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമായി പറയുന്നുണ്ട്. പോസ്റ്റിൻറെ പൂർണരൂപം:
”കേരളത്തിനെതിരെ ആസൂത്രിതമായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുൻപുള്ളത് തോന്നലായിരുന്നെങ്കിൽ ഇപ്പൊ എനിക്കത് ഉറപ്പാണ്.
അല്പം മുൻപ് കെ.സുരേന്ദ്രൻ്റെ പേജിൽ വന്ന ഒരു പോസ്റ്റിൽ കണ്ട ആദ്യ വാചകം ഇതായിരുന്നു. ” ചില സത്യങ്ങൾ പറയാതിരുന്നാൽ മനസാക്ഷിക്കുത്തുണ്ടാകും. 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായി. 5748 പേർ മരിച്ചു. കേന്ദ്രസഹായം. ആകെ 1000 കോടി. കേരളം സഹായിച്ചത്. 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാഘണ്ഡിലും കോൺഗ്രസ്സ് ഭരണം. ”
എനിക്ക് പക്ഷേ ഉറപ്പായിരുന്നു കേരളം സഹായിച്ചിരുന്നു എന്ന്. കാരണം രണ്ട് ദിവസം മുൻപാണ് ഇതേ സംഗതി പോസ്റ്റ് ചെയ്ത ഒരു ചേട്ടനു മറുപടിയായി വിക്കിപ്പീഡിയ തപ്പി കേരളത്തിൻ്റെ സഹായം എന്തായിരുന്നെന്ന് കണ്ടുപിടിച്ചത്.
രണ്ട് കോടി രൂപ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ വകയായി നൽകിയത് കൂടാതെ മന്ത്രിമാരടക്കമുള്ളവർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസമായി നൽകിയെന്ന് അന്ന് മറുപടി നൽകിയതാണ്.
വിക്കിപ്പീഡിയയിൽ കയറി നോക്കിയപ്പോൾ ആ വാചകം അവിടെയില്ല. വിക്കിപ്പീഡിയ എഡിറ്റ് ചെയ്തത് ആരാണെന്നും എന്താണ് അവർ റിമൂവ് ചെയ്തതെന്നും അനായാസം അറിയാൻ കഴിയും.
അതനുസരിച്ച് എഡിറ്റ് ഹിസ്റ്ററി നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ഓഗസ്റ്റ് 23 , 6:49 പി.എമ്മിന് 272 ബൈറ്റുകൾ “Aftermath” എന്ന ഭാഗത്തുനിന്ന് നീക്കം ചെയ്തു എന്നതായിരുന്നു.
ആ നീക്കം ചെയ്ത വാചകം ഇതാണ്. ” Kerala offered 20 million rupees and the state govt employees have donated their one day salary ”
അതായത് സാധാരണക്കാരൻ ഒരു വാർത്ത ശരിയാണോ എന്ന് നോക്കുന്ന വിക്കിപ്പീഡിയയും എഡിറ്റ് ചെയ്യുന്നുണ്ട്. ഇതൊന്നും വെറും യാദൃശ്ചികമാണെന്ന് കരുതാൻ നിർവ്വാഹമില്ല. സ്ക്രീൻഷോട്ടുകൾ താഴെക്കൊടുക്കുന്നു.
കേരളത്തെ ഇത്തരത്തിൽ ദ്രോഹിച്ചും കരിവാരിത്തേച്ചും ഇവർക്കെന്താണു കിട്ടുന്നതെന്നെനിക്കറിയില്ല.”.
പശുക്കളെ നോക്കുന്നതായിരുന്നു ജയിലിൽ സൗമ്യയുടെ ചുമതല. ഇന്ന് രാവിലെ ഒമ്പതരയോടായിരുന്നു പിണറായി കൂട്ടക്കൊലയിലെ പ്രധാന പ്രതിയായ സൗമ്യയെ കണ്ണൂർ വനിതാ ജയിലിൽ കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാനസിക സംഘര്‍ഷമാവാം ഇത്തരത്തില്‍ തൂങ്ങി മരിക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചതെന്നാണ് പ്രഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
ജയില്‍ വളപ്പിലുള്ള കശുമാവിലാണ് സൗമ്യ തൂങ്ങിമരിച്ചത്. താഴ്ന്ന് നില്‍ക്കുന്ന മരക്കൊമ്പുകളില്‍ ചവിട്ടി മുകളില്‍ കയറി മരക്കൊമ്പില്‍ സാരി കെട്ടിയ ശേഷം കഴുത്തില്‍ കുരുക്കിട്ടതിന് ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 9.30 നാണ് സൗമ്യ തൂങ്ങി നില്‍ക്കുന്നത് ജയില്‍ വാര്‍ഡന്‍ കാണുന്നത്. ഉടന്‍ സൗമ്യയെ സാരി അറുത്ത് താഴെ ഇട്ടതിന് ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച സാരി കൈക്കലാക്കിയത് ജയിലിലെ വിശ്രമ മുറിയില്‍ നിന്നാവാം എന്നാണ് വിവരം. വിശ്രമ മുറിയില്‍ കഴിഞ്ഞ ദിവസം സൗമ്യ കയറിയതായി സഹ തടവുകാര്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ജയില്‍ വളപ്പിലെ പുല്ലു വെട്ടാനായി സൗമ്യ പോകുകയായിരുന്നു. ഈ സമയം ആ ഭാഗത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കശുമാവ് പടര്‍ന്ന് പന്തലിച്ചു കിടക്കുന്നതിനാല്‍ ചുവട്ടില്‍ നില്‍ക്കുന്നവരെ ദൂരെ നിന്നും നോക്കിയാല്‍ കാണില്ല. അതിനാലാണ് വാര്‍ഡന്മാര്‍ അറിയാതെ പോയത്. 9 മണിയോടെ ഇവിടേക്ക് പോയ സൗമ്യയെ കാണാതെ വന്നതോടെ വാര്‍ഡന്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. അടുത്തിടെയായി സൗമ്യ തനിച്ചിരുന്ന് കരയാറുണ്ടായിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്‍കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി.
ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ബലപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.
പിതാവ് പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീര്‍ത്തന(ഒന്നര) എന്നിവരെയാണ് സൗമ്യ എലിവിഷം കൊടുത്തുകൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു.കേസിലെ ഒരേയൊരു പ്രതിയെ മതിയായ സംരക്ഷണം നല്‍കാതെ സൂക്ഷിച്ചതിന്റെ പേരില്‍ ഗുരുതരമായ വീഴ്ചയാണ് ജയില്‍ അധികൃതര്‍ വരുത്തിയിരിക്കുന്നത്.
ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ സുരക്ഷയില്ലാതെ പാര്‍പ്പിച്ചതാണ് വിമര്‍ശിക്കപ്പെടുന്നത്.ജയിലില്‍ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമില്ലായിരുന്നു.