പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും മുന്നോട്ടുവന്നിരിക്കുന്നു. കുറെ നാളുകളായി ഇരുവരും കാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇപ്പോഴിതാ കേരളത്തെ സഹായിക്കാനും ഇവർ മുന്നോട്ടുവന്നിരിക്കുന്നു. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്.
യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.
ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.
2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന ആരംഭിച്ചു. ആരൊക്കെയാണോ ഇതിൽ ചേരുന്നത് അവർ അവരുടെ പകുതി സമ്പാദ്യം ജീവകാരുണ്യം പ്രവർത്തനങ്ങൾക് കൊടുക്കണം എന്ന വ്യവസ്ഥയും ഇതിൽ വച്ചിരുന്നു . ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.
നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള തീവ്രയജ്ഞത്തിലാണ് കേരളം. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമം. അതീജീവനത്തിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോഴും സാമ്പത്തികം തന്നെയാണ് സംസ്ഥാന സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 25000 കോടി വേണമെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ സഹായഹസ്തവുമായെത്തുന്നുണ്ട്. എൻഡിടിവിയും ഈ ഉദ്യമത്തിൽ പങ്കുചേർന്നു. ചാനലിലെ ലൈവ് പരിപാടിയിലൂടെയാണവർ കേരളത്തിനായി പണം സമാഹരിച്ചത്.
ആറുമണിക്കൂർ നീണ്ടുനിന്ന ലൈവ് ടെലിത്തോണിലൂടെ ഇതുവരെ പത്തുകോടിയാണ് ചാനൽ സമാഹരിച്ചത്. കൃത്യമായി പറഞ്ഞാൽ 10,35,28,419 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ ടെലിത്തോണിൽ പങ്കെടുത്തു. കേരളത്തിന്റെ പുനർനിർമാണത്തിനായി കേന്ദ്രസർക്കാരിന്റെയും മറ്റുസംസ്ഥാനങ്ങളുടെ സഹായവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി എല്ലാ പൗരന്മാരും ഒന്നിക്കണമെന്നും തകര്‍ന്ന ഹൈവേകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യോമ, നാവിക സേന ഉദ്യോഗസ്ഥർ എന്നിവരും കേരളത്തിനായി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എൻഡിടിവിയുടെ ഉദ്യമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കൊല്‍ക്കത്ത: ബംഗാളില്‍ മോമൊ ഗെയിം ചലഞ്ച് കളിച്ച് രണ്ട് പേര്‍ ആത്മഹത്യ ചെയ്തതായി സൂചന. ഡാര്‍ജീലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നിന്നുള്ള മനീഷ് സര്‍കി (18) ഓഗസ്റ്റ് 20നും അഥിതി ഗോയല്‍ (26) തൊട്ടടുത്ത ദിവസവും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ മോമൊ ഗെയിം ഉണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ബ്ലു വെയിലിനേക്കാളും അപകടകാരിയാണ് മോമൊയെന്നാണ് പോലീസ് നല്‍കുന്ന സൂചന.
നിലവില്‍ വാട്സാപ്പ് ലിങ്കുകള്‍ വഴിയാണ് മോമൊ പ്രചരിക്കുന്നത്. ഗെയിം കളിക്കാന്‍ ആരംഭിച്ചാല്‍ നമ്മള്‍ അതില്‍ അഡിക്ടഡാവുകയും ആത്മഹത്യാ തലത്തിലേക്ക് അത് വളരുകയും ചെയ്യും. പ്രത്യേകം ജാഗ്രത വേണമെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ജല്‍പൈഗുരി, കുര്‍സിയോങ്, വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലകളിലാണ് ഗെയിം സംബന്ധിച്ച കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന സമയത്തു പ്രത്യേകം ശ്രദ്ധ വേണമെന്ന് രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഗെയിം പ്രചരിക്കുന്നതായി വ്യാജ വാര്‍ത്ത പടര്‍ന്നിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സൈബര്‍ ഡോം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ മറ്റു രാജ്യങ്ങളിലേക്കും മോമൊ ചലഞ്ച് പടരുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യു.കെ അടക്കമുള്ള രാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.
പെരിന്തൽമണ്ണ: മേലാറ്റൂരിൽ പിതൃസഹോദരൻ തട്ടിക്കൊണ്ടുപോയി പുഴയിൽ തള്ളിയ ഒൻപത് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മേലാറ്റൂർ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദിനെ (48) നിലന്പൂർ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദിന്റെ അനിയൻ അബ്ദുൽ സലീമിന്റെ മകനും നാലാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷഹീനെ കണ്ടെത്താനാണ് കടലുണ്ടി പുഴയിൽ തെരച്ചിൽ ഊർജിതമാക്കിയത്. ഇന്നലെ രാവിലെ മുതൽ പുഴയിൽ വിവിധയിടങ്ങളിലായി പോലീസും ഫയർഫോഴ്സും ട്രോമ കെയർ വോളണ്ടിയർമാരുടെ കൂടി സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.
ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഈയടുത്ത് അനിയൻ നടത്തിയ സാന്പത്തിക ഇടപാടിൽ കയ്യിൽ ധാരാളം പണമുണ്ടെന്ന ധാരണയിൽ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. പിന്നീട് നാടൊട്ടുക്ക് തെരച്ചിൽ തുടങ്ങിയതോടെ പ്രതിരോധത്തിലായ പ്രതി കുട്ടിയെ പുഴയിൽ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തി സാധാരണ പോലെ പെരുമാറുകയുമായിരുന്നു. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളിൽ വരെ സജീവമായി പങ്കെടുത്തിരുന്നു.
കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു നൽകിയ മൊഴി. പുഴയിലെറിയും മുൻപ് കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്ക്രീമും ഷർട്ടും വാങ്ങിനൽകുകയും ചെയ്തു. ആളെ തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ അറിയിച്ചു.
ന്യൂയോർക്ക്: യുഎസ് നാടകകൃത്ത് നീൽ സൈമൺ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1960-കളിൽ ദ ഓഡ് കപ്പിൾ, ബെയർഫൂട്ട് ഇൻ ദ പാർക്ക്, ദ സൺഷൈൻ ബോയ്സ് തുടങ്ങിയ ഹാസ്യരചനകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഭൂരിഭാഗവും പിന്നീട് ചലച്ചിത്രമാക്കുകയും ചെയ്തു.
1991ൽ ”ലോസ്റ്റ് ഇൻ യോങ്കേഴ്സ്’ എന്ന നാടകം അദ്ദേഹത്തിന് പുലിറ്റ്സർ പുരസ്കാരം നേടികൊടുത്തു. ടോണി പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്.
ന്യൂഡൽഹി: കേരളത്തിൽ പശുവിനെ കശാപ്പു ചെയ്യുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ബിജെപി എംഎൽഎ ബസംഗൗഡ പാട്ടിൽ യാട്നൽ. പശുക്കളെ കശാപ്പു ചെയ്യുന്നത് ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾക്ക് എതിരാണ്. ഹിന്ദുക്കളുടെ വികാരത്തെ മുറിവേൽപ്പിച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ, അവർ പരസ്യമായി പശുക്കളെ കശാപ്പു ചെയ്യുന്നു. അതിന്റെ ഫലമാണ് കേരളത്തിൽ സംഭവിച്ചത്. നിലവിലെ സ്ഥിതിയിൽനിന്നും ഒരു വർഷമെങ്കിലും വേണം കേരളത്തിനു കരകയറാനെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു സമുദായത്തിന്റെ വികാരത്തെ വേദനിപ്പിക്കുന്നവർ ഈ രീതിയിൽ ശിക്ഷിക്കപ്പെടുമെന്നും ബസംഗൗഡ പറഞ്ഞു. കർണാടകയിലെ വിജയപുരയിൽനിന്നുമുള്ള എംഎൽഎയാണ് ബസംഗൗഡ.
കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭ നേതാവ് ചക്രപാണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞിരുന്നു.
ന്യുസ് ഡെസ്ക്
ഗ്ലോസ്റ്റര്‍ : വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് അടുക്കുന്നു . വെറും പത്ത് ദിവസം കൊണ്ട് 20000 പൌണ്ടാണ് ജി എം എ യുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ് 15 ന് ആരംഭിച്ച ചാരിറ്റി അപ്പീലിന് ഒരിക്കലും ലഭിക്കാത്ത ജനപിന്തുണയാണ് ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത് . യുകെയിലെ മറ്റൊരു മലയാളി അസ്സോസ്സിയേഷനുകള്‍ക്കും കഴിയാത്ത നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ജി എം എ നേടിയെടുത്തത്.
ഏറ്റെടുക്കുന്ന ഏത് പദ്ധതികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് വിജയിപ്പിക്കുന്ന ജി എം എ നടത്തുന്ന ഈ ധനസമാഹരണ യജ്ഞം യുകെയിലെ മറ്റ് എല്ലാ അസോസിയേഷനുകള്‍ക്ക് കൂടി മാതൃകയാവുകയാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25000 പൌണ്ട് അയയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ ചാരിറ്റി അപ്പീല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടി വന്‍ വിജയത്തിലെത്തുമെന്ന് ഇതിനകം ഉറപ്പായി കഴിഞ്ഞു . പതിവുപോലെ ജി എം എ അംഗങ്ങളും , ഗ്ലോസ്റ്റര്‍ഷെയറിലെ പൊതുസമൂഹവും മനസ്സറിഞ്ഞ് സഹായിച്ചപ്പോള്‍ പത്ത് ദിവസങ്ങള്‍ കൊണ്ട് ഇരുപതിനായിരത്തോളം പൌണ്ടാണ് ജി എം എ കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളി സഹോദരങ്ങള്‍ക്കായി സമാഹരിച്ചത്.
ഈ വര്‍ഷത്തെ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് പ്രസിഡന്റ് വിനോദ് മാണി , സെക്രട്ടറി ജില്‍സ് പോള്‍ , ട്രഷറര്‍ വിന്‍സെന്റ് സ്കറിയ , വൈസ് പ്രസിഡന്റ് ബാബു ജോസഫ് , ജോയിന്റ് സെക്രട്ടറി രെശ്മി മനോജ് , ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി , അജിമോന്‍ ഇടക്കര , സുനില്‍ കാസിം , മനോജ് വേണുഗോപാല്‍ , ഡോ ; ബിജു പെരിങ്ങത്തറ , തോമസ് ചാക്കോ തുടങ്ങിയവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി . ജി എം എ യുടെ ചരിത്രത്തിലെ ഏറ്റവും നല്ല തിരുവോണാഘോഷത്തിനാണ് ഇന്നലെ ഗ്ലോസ്റ്റര്‍ഷെയര്‍ സാക്ഷ്യം വഹിച്ചത് . രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ ഗ്ലോസ്റ്ററിലെ തെരുവുകളില്‍ ഇറങ്ങി ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസമാഹരണം നടത്തിക്കൊണ്ടായിരുന്നു ജി എം എ അംഗങ്ങള്‍ ഇന്നലെ ഓണം ആഘോഷിച്ചത്.
ഗ്ലോസ്റ്റര്‍ നഗരത്തില്‍ ആറു സ്ഥലങ്ങളിലായി നിലയുറപ്പിച്ച ജി എം എ യുടെ മക്കള്‍ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കണേ എന്ന് ഉച്ചത്തില്‍ അപേക്ഷിച്ചുകൊണ്ടേയിരുന്നു . 11 വയസ്സിന് മുകളില്‍ പ്രായമായ ജി എം എയിലെ യുവതലമുറയാണ് ഇന്നലെയും ഇന്നും മാതാപിതാക്കള്‍ക്കും കുഞ്ഞ് സഹോദരങ്ങള്‍ക്കുമൊപ്പം സഹായ അഭ്യര്‍ത്ഥനയുമായി ഗ്ലോസ്റ്റര്‍ നഗരത്തെ കീഴടക്കിയത് .
കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വലിയ ബാനറുകളും , സേവ് കേരള എന്നെഴുതിയ പോസ്റ്ററുകളും , ബക്കറ്റുകളുമായി തെരുവിലിറങ്ങിയ ജി എം എ യുടെ യുവജനങ്ങള്‍ അനായാസം ഇംഗ്ലീഷ് ജനതയുടെ മനം കവര്‍ന്നു . ഒറ്റദിവസം കൊണ്ട് തന്നെ 2067 പൌണ്ടാണ് ഗ്ലോസ്റ്റര്‍ഷെയറിലെ തെരുവുകളില്‍ എത്തിയ വെള്ളക്കാരില്‍ നിന്നും വിദേശികളില്‍ നിന്നും ജി എം എയുടെ ചുണക്കുട്ടന്മാര്‍ കേരളത്തിനായി പിരിച്ചെടുത്തത് .
ഇന്നലെ സ്വന്തം വീടുകളില്‍ പോലും ഓണം ആഘോഷിക്കാതെ ഗ്ലോസ്റ്ററിലെ തെരിവുകളിലിറങ്ങി ദുരിത ബാധിതര്‍ക്കായി കൈനീട്ടിയ ജി എം എയുടെ അംഗങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് തിരുവോണനാളില്‍ മലയാളി സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയത് . അതോടൊപ്പം ലെസ്റ്ററില്‍ യുക്മ നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് ഒരു വണ്ടി നിറയെ ഉടുപ്പുകള്‍, പുതപ്പുകള്‍ , മരുന്നുകള്‍ തുടങ്ങിയവ എത്തിച്ചു കൊടുത്തുകൊണ്ടാണ് ജി എം എ അംഗങ്ങള്‍ ഇപ്രാവശ്യത്തെ ഓണ ദിവസത്തെ ഒരു കാരുണ്യ ദിനമായി ആഘോഷിച്ചത്.
ഗ്ലോസ്റ്റര്‍ഷെയറിലെ മുസ്ലിം – ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നും , ഹോസ്പിറ്റലുകളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും , ഫേസ്ബുക്ക് ഡോണേഷന്‍ ക്യാമ്പെയിനിംഗില്‍ നിന്നും നൂറുകണക്കിന് പൌണ്ടാണ് ജി എം എ അംഗങ്ങള്‍ ഇതിനോടകം സമാഹരിച്ചത് . ബക്രീദ് ദിനത്തില്‍ യുവാക്കളോടൊപ്പം ജി എം എ അംഗങ്ങളായ സുനില്‍ കാസിമിന്റെയും , ഷറഫുദിന്റെയും , ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ ഗ്ലോസ്റ്ററിലെ മുസ്ലീം സഹോദരങ്ങളില്‍ നിന്നും 4127 പൌണ്ടാണ് ഇതുവരെ സമാഹരിച്ചത് . ഗ്ലോസ്റ്ററിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് 2087 പൌണ്ടാണ് ജി എം എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കണ്ടെത്തിയത്.
വരും ദിനങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും മറ്റ് പല ബിസ്സിനസ് സ്ഥാപനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ തുകകള്‍ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍ . സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തില്‍ നടന്ന ഈ മഹാദുരന്തത്തെപ്പറ്റി മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചത് ധനസമാഹരണത്തെ വളരെയധികം സഹായിച്ചെന്ന് തുടക്കം മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജി എം എയുടെ ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി അറിയിച്ചു.ജന്മനാട്ടില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുണ്ടായ തകര്‍ച്ചയില്‍ താങ്ങാവാനും , അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുവാനും ജി എം എ പോലെയുള്ള സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ് . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുക മാത്രമല്ല ഒരു സാംസ്ക്കാരിക സംഘടനയുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ന് തങ്ങളുടെ സഹജീവികള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ദുരന്തത്തെ അവര്‍ക്കൊപ്പം നിന്നുകൊണ്ട് നേരിടാന്‍ തങ്ങളുമുണ്ട് എന്ന മഹത്തായ സന്ദേശമാണ് ഈ വലിയ ദുരിതാശ്വാസപ്രവര്‍ത്തങ്ങളിലൂടെ ജി എം എ തെളിയിക്കുന്നത്.
ചലച്ചിത്ര സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. ഹൃദയാഘാതംമൂലം രാവിലെ പതിനൊന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത്തിരണ്ട് വയസായിരുന്നു. 1994 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായ ഹരിദാസ് ഇരുപതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളന്‍, കല്യാണപിറ്റേന്ന്, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരിദാസിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പേരു നേടിക്കൊടുത്തത് ‘വധു ഡോക്ടറാണ്’ ആണ്. ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്. പത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛൻ കുഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവ് കണ്ണൂർ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.
പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പരിഹസിച്ച് നടൻ അജു വർഗീസ്. ഫെയ്സ് ബുക്കിലൂടെയാണ് അജുവിന്റെ പരിഹാസം. ‘മോനേ ഗോസ്വാമി നീ തീർന്നു’ എന്നായിരുന്നു അജിവിന്റെ പ്രതികരണം. അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് ഒരു വ്യക്തി പറഞ്ഞിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജു ചോദിച്ചു.
കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചർച്ചയിലാണ് കഴിഞ്ഞദിവസം അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം.
സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തി. റിപബ്ലിക്ക് ടി.വി ചാനലിന്‍റെ ഫെയ്ബുക്ക് പോസ്റ്റുകൾക്ക് കമന്‍റിട്ടാണ് പലരും പ്രതിഷേധിക്കുന്നത്.
ഫാ. മാത്യൂ മുളയോലില്‍
ഷിബു മാത്യൂ
ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി തങ്ങളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ആചരിക്കുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യൂ മുളയോലില്‍ കൊടിയുയര്‍ത്തും. തുടര്‍ന്ന് പരി. കന്യകാ മാതാവിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. 10.15ന് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍) ആഘോഷമായ ദിവ്യബലി അര്‍പ്പിയ്ക്കും. അതേ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല
സെപ്റ്റംബര്‍ 3 മുതല്‍ 7വരെ വൈകുന്നേരം 6.45 ന് നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. എട്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് വി. കുര്‍ബാനയും നൊവേനയും നേര്‍ച്ചവിതരണവും നടക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 9 ഞായര്‍ രാവിലെ പത്ത് മണിക്ക് റവ. ഫാ. തോമസ്സ് തയ്യില്‍ (തലശ്ശേരി അതിരൂപത) ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, പ്രസംഗം, ലദീഞ്ഞ്, ദേവാലയംചുറ്റി ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും.
തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസം അടിമ വയ്ക്കുന്നതിനും മാതാവിന്റെ കഴുന്ന് മുടി എന്നിവ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ബ്രിട്ടണിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാത്യൂ മുളയോയില്‍ അറിയ്ച്ചു.