കേംബ്രിഡ്ജ് അനലിറ്റിക്കയിലൂടെ പിടുത്തമിട്ട വിവാദ ചൂണ്ട ഫെയ്‌സ്ബുക്കിന്റെ പിന്നാലെ നടന്ന് കുടുക്ക് മുറുക്കുകയാണ്. പുതിയ സര്‍വെ ഫലങ്ങള്‍ വെളിവാക്കുന്നത് അതാണ്. മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സമീപകാലത്തു പുറത്തു വന്ന വിവാദങ്ങളെല്ലാം ഫെയ്സ്ബുക്കിനെ കാര്യമായി ബാധിച്ചു എന്നാണ് പ്യൂ റിസേര്‍ച്ച് സെന്‍ററിന്‍റെ (Pew Research Center) റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫെയ്സ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിങ്സില്‍ മാറ്റം വരുത്തിയോ താത്കാലികമായി ഫെയ്സ് ബുക്കില്‍ നിന്നു പിന്മാറുകയോ പൂര്‍ണമായും ഡിലീറ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. 26 ശതമാനം ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് പാടെ ഡിലീറ്റ് ചെയ്തതെങ്കില്‍ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 42 ശതമാനം പേര്‍ ആപ് ഉപയോഗം താത്കാലികമായി നിറുത്തി. രാഷ്ട്രീയ മുതലെടുപ്പ്, വെബ്സൈറ്റിലൂടെ തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവര്‍ അതിന് കാരണമായി ചുണ്ടിക്കാണിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലേറ്റ ഈ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമോ എന്ന് ആശങ്കയിലാണ് കമ്പനി. അതോടൊപ്പം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഫെയ്‌സ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നു. പുതിയ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതും കമ്പനിക്ക് വെല്ലുവിളിയുയര്‍ത്തുന്നു. എന്തൊക്കെയായാലും നിലവില്‍ വലിയ പരീക്ഷഘട്ടത്തിലൂടെയാണ് ഫെയ്‌സ്ബുക്കിന്റെ പ്രയാസമെന്നതില്‍ സംശയമില്ല.
മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടിയുടെ 67ാം ജന്മദിനാഘോഷത്തിലാണ് ആരാധകര്‍. മെഗാതാരത്തിന്റെ 67ാം ജന്മദിനത്തില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഒരു വീഡിയോ. ഒരു കൂട്ടം ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി എത്തിയതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്.
കാറില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഗേറ്റിന് പുറത്ത് വന്ന ആരാധകര്‍ ആശംസകള്‍ പാടി അറിയിച്ചത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്കാ എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വീടിന് പുറത്തേക്ക് എത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം കേക്ക് വേണോ എന്ന് ഉറക്കെ ചോദിക്കുകയും ചെയ്തു.
ആവേശങ്ങളുടെ അതിര് വിട്ട ആരാധകര്‍ കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ ദുല്‍ഖര്‍ സല്‍മാനും എത്തി. പിന്നീട് കേക്ക് വിതരണം ദുല്‍ഖര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ആഹ്ലാദത്തോടെയാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.
കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്.
മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്.
വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്.
പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്. ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍ നിന്നുള്ള വെള്ളം ആദ്യഘട്ടമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ പരിശോധനയ്ക്കെത്തും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനു പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
സ്വന്തം മക്കളെ ഒരു ദാക്ഷണ്യവും കൂടാതെ കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്‌സ്മാഷ് വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൊന്തുപെറ്റ മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ അഭിരാമി കാമുകനൊപ്പവും അല്ലാതെയും ചെയ്ത ഡബ്‌സ്മാഷ് വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി രണ്ടുമക്കളെയും കൊലപ്പെടുത്തിയ അഭിരാമിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പലരും സോഷ്യല്‍മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
കുണ്ട്രത്തൂരില്‍ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്.
ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന്‍ സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ കോട്ടയ്ക്കൽ കുറ്റിപ്പാല സ്വദേശി അബ്ദുൽ നാസറിനെ (32) അറസ്റ്റ് ചെയ്തു. കേസിൽ ഒൻപതാം പ്രതിയാണ് നാസർ. കഴിഞ്ഞ 28ന് പുലർച്ചെയാണ് മോഷണം ആരോപിച്ച് കുറ്റിപ്പാല ക്ലാരി പണിക്കർപടിയിലെ പൂഴിത്തറ മുസ്‌തഫയുടെ മകൻ മുഹമ്മദ് സാജിദി(23)നെ കെട്ടിയിട്ടത്.
ഈ ചിത്രങ്ങൾ അബ്ദുൽ നാസർ അഡ്മിനായിട്ടുള്ള വാട്സാപ് ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയെന്നും കേസിലെ ഒന്നാം പ്രതിയായ സഹീറാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇവ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിൽ മനംനൊന്ത് സാജിദ് ആത്മഹത്യ ചെയ്തെന്നാണ് കേസ്.
ഇന്നലെ കുറ്റിപ്പാലയിലെ വീട്ടിൽനിന്നാണ് അബ്ദുൽ നാസറിനെ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും രണ്ട്, മൂന്ന് പ്രതികളായ മൊയ്തീൻ, ഷഹീം എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒൻപത് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ സഹീറിന്റെ സഹോദരനാണ് അബ്ദുൽ നാസർ. തിരൂർ ഡിവൈഎസ്പി ടി.ബിജു ഭാസ്കർ, സിഐ അബ്ദുൽ ബഷീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുംബൈ: രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു. സര്‍വ്വകാല തകര്‍ച്ചയായി ഡോളറിന് 72 രൂപയും പിന്നിട്ടു. വ്യാപാര വേളയില്‍ ഒരു ഘട്ടത്തില്‍ 72.80 എന്ന നില വരെ എത്തിയിരുന്നു. തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത് അസംസ്‌കൃത എണ്ണവില വര്‍ധനവാണ്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം 10 ശതമാനത്തിലധികം മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക് മൂല്യതകര്‍ച്ച ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം വിഷയത്തില്‍ റിസര്‍വ്വ് ബാങ്ക് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവ് പ്രധാനമായും ബാധിച്ചിരിക്കുന്ന ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ്. രൂപയോടപ്പം, ലീറ, റുപ്പ എന്നിവയുടെ മൂല്യവും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ തുടര്‍ച്ചയായി മൂല്യതകര്‍ച്ചയാണ് ഇന്ത്യന്‍ കറന്‍സി നേരിടുന്നത്. സര്‍ക്കാര്‍ തലത്തില്‍ തകര്‍ച്ച നേരിടാന്‍ സാമ്പത്തിക നീക്കങ്ങളൊന്നും നടത്തുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
യു.എസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില 78 ഡോളര്‍ കടന്നതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ പിന്‍മാറുന്നതും വിനിമയ നിരക്ക് ഇടിയാന്‍ കാരണമാകുന്നു. അമേരിക്കയുടെ സാമ്പത്തിക നീക്കങ്ങള്‍ ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതായും ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കുടുംബത്തിലെ കുഞ്ഞതിഥിക്കായി കാത്ത് നടന്‍ ദിലീപും കാവ്യ മാധവനും. കാവ്യ മാധവൻ ഗർഭിണിയാണെന്ന് നടിയുടെ അടുത്ത കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി.
പുതിയ കൂട്ടിനായുള്ള കാത്തിരിപ്പിലാണ് ദിലീപിന്‍റെ മകൾ മീനാക്ഷിയും. വിവാഹശേഷം അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെ തീരുമാനം.
‘കാവ്യ അമ്മയാകാൻ പോകുന്നു. എല്ലാവരും സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ”, കാവ്യ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബറിൽ കൊച്ചിയിൽ വെച്ചാണ് ദിലീപും കാവ്യയും വിവാഹിതരായത്.
വീണ്ടും വിവാദപ്രസ്താവനയുമായി കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. ഇത്തവണ കെആര്‍കെ പറഞ്ഞിരിക്കുന്നത് ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചാണ്. ‘ഇന്ന് സുപ്രീം കോടതി വിധിയുണ്ടായി ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ ‘എന്നാണ് കെ ആര്‍ കെ ഫേയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധിയാളുകള്‍ ഈ പോസ്റ്റിനെതിരായി രംഗത്ത വന്നുകഴിഞ്ഞു.
ഷാരൂഖുമായുള്ള കെ ആര്‍ കെയുടെ ശീതയുദ്ധത്തിന് വളരെ കാലം ദൈര്‍ഘ്യമുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് മുമ്പ് കെ ആര്‍ കെ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഞാനടക്കമുള്ള സിനിമാ നിരൂപകരെ ഇല്ലാതാക്കുമെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകനോട് പറഞ്ഞിരുന്നു. നമുക്ക് നോക്കാം ഷാരൂഖ്, രണ്ട് കൊല്ലം കൊണ്ട് നിങ്ങള്‍ തന്നെ നിങ്ങളെ ഇല്ലാതാക്കും എന്നായിരുന്നു അന്ന് കെ ആര്‍ കെയുടെ പ്രതികരണം.
മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് കെആര്‍കെ ഇരയായിട്ടുണ്ട്. സിനിമാ നിരൂപകന്‍ എന്നതിനേക്കാള്‍ ഇത്തരം വിവാദങ്ങളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.
ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്ക് പുറമെ നടിമാരുടെ ശരീരഭാഗങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ കെആര്‍കെയുടെ വിനോദമാണ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആര്‍കെയുടെ അധിക്ഷേപത്തിന് പാത്രമായവരുടെ നിര.
പ്രണയം, അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന വികാരം എന്ന ‘ചട്ടക്കൂടി’ൽ നിന്നും പുറത്തു വരികയാണ്. അതിനപ്പുറമുള്ള പ്രണയങ്ങള്‍ നേരിട്ട അപഹാസങ്ങള്‍ ഇനി മതിയാക്കേണ്ടി വരും. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ചരിത്ര വിധിയിലൂടെ മാറ്റിയെഴുതപ്പെടുന്നത് പ്രണയമെന്ന സുന്ദര തീക്ഷ്ണ വികാരത്തിന്റെ ചില ‘മുൻവിധി’കളാണ്. ഇനി ആർക്കും ആരെയും പ്രണയിക്കാം എന്നുവരുന്നു. അങ്ങനെയുള്ള പ്രണയത്തെ കുറ്റമെന്നുകണ്ട കണ്ണുകളെയാണ് ഈ വിധി തടയുന്നത്.
സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ രതി കുറ്റകരമാണെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥയിലെ 377–ാം വകുപ്പിൽ പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഇന്ത്യന്‍ ജനതയ്ക്കുമേൽ പടച്ച പല നിയമങ്ങളിൽ ഒന്നാണ് ഇത്.
157 വർഷത്തെ ചരിത്രമാണ് ഇവിടെ തിരുത്തപ്പെട്ടത്. അത് രഹസ്യമാക്കി വയ്ക്കേണ്ടതോ അതിൽ പാപഭാരം ചുമക്കേണ്ടതോ ആയ ആവശ്യം ഇനി ഇന്ത്യയിലെ ജനതയ്ക്കില്ലെ്നന് ഈ വിധി പറയുന്നു
പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല. ഇത്തരം ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം മുന്നൂറ്റി എഴുപത്തേഴാം വകുപ്പിലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബഞ്ച് വിധിച്ചു. ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണെന്ന് ഉറപ്പിച്ചാണ് അഞ്ചംഗബഞ്ചിന്റെ ചരിത്രവിധി.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാര്‍. പരസ്പരപൂരകമായ നാല് വിധിന്യായങ്ങള്‍. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികബന്ധത്തിന് നിയമസാധുത ലഭിച്ചു. ഒപ്പം ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണവും. സമൂഹം നിശ്ചയിക്കുന്ന സദാചാരത്തിന്റെ പേരില്‍ ഒരുവ്യക്തിയുടേയും മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞാണ് സുപ്രീംകോടതി ചരിത്രവിധി പ്രസ്താവിച്ചത്. ഇതിനുവിരുദ്ധമായ ഐപിസി മുന്നൂറ്റിഎഴുപത്തേഴാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണ്. താന്‍ എന്താണോ അത് പൂര്‍ണമായി വെളിപ്പെടുത്താന്‍ കഴിയുക എന്നത് പൗരന്റെ മൗലികാവകാശമാണെന്ന് കോടതി വിധിച്ചു.
അതേസമയം പരസ്പരസമ്മതമില്ലാത്ത സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധലൈംഗികബന്ധങ്ങളും കുറ്റകരമായി തുടരും. ഭിന്നലൈംഗികസമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്ന് ആവര്‍ത്തിച്ചുപറയുന്ന വിധിയില്‍ പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ 2013 ലെ ഡിവിഷന്‍ ബഞ്ച് വിധി അപ്രസക്തമായി.
2009ലെ നാസ് ഫൗണ്ടേഷന്‍ വിധിയെ പിന്തുടര്‍ന്നാണ് സ്വവര്‍ഗരതി സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് മുന്നിലെത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കോടതിമുറിക്കുളളില്‍ വലിയതോതില്‍ വിശകലനം ചെയ്തു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അടക്കം പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗബന്ധത്തിനാണ് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ അംഗീകാരം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുളള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി ചരിത്രത്തിലിടം പിടിച്ചു. എന്നാല്‍, സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വിധിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി.
ഇതോടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പ് റദ്ദുചെയ്യണമെന്ന ആവശ്യത്തിന് ശക്തികൂടി. രാജ്യത്തെ കലാകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും വ്യവസായികളും ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. വകുപ്പ് ഭരണഘടനാവിരുദ്ധമാണെോയെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിക്ടോറിയന്‍ കാലത്തെ സദാചാരബോധത്തിന്‍റെ പ്രതിഫലനമാണ് മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പായി നിയമത്തിലെത്തിയതെന്ന് നര്‍ത്തകി നവ്തേജ് സിങ് ജോഹറിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു.
വകുപ്പ് റദ്ദാക്കുന്നത് പൊതുസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കും. ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യനായി കാണാനും, അവരുടെ ജീവിതം മെച്ചപ്പെടാനും വഴിയൊരുങ്ങുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിലപാട് വ്യക്തമാക്കിയില്ല. കോടതിയുടെ തീരുമാനത്തിന് വിട്ടു. കോടതിക്ക് വകുപ്പ് റദ്ദാക്കാന്‍ അധികാരമില്ലെന്നും, പാര്‍ലമെന്‍റിന് മാത്രമെ കഴിയുകയുളളുവെന്നും എതിര്‍കക്ഷികള്‍ നിലപാടെടുത്തു.
എല്ലാ പ്രതിസന്ധികളെയും വ്യാജ പ്രചരണങ്ങളെയും അതിജീവിച്ച് കേരളത്തിന്റെ മകളായി മാറിയ ഹനാന്‍ ജീവിതം കരുപിടിപ്പിച്ചു വരുന്നതിനിടെയാണ് കാറപകടം സംഭവിച്ചത്കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.
പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ ആകര്‍ഷിച്ചത്.
അന്നു നടന്ന അപകടത്തെക്കുറിച്ച് കാറിന്റെ ഡ്രൈവറായ ജിതേഷ് ഒരു മാധ്യമത്തോട് പറഞ്ഞു.
അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പോയതാണ്. ഒരു സ്വര്‍ണ്ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ മൂന്നു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഹനാന്‍ അന്ന് പങ്കെടുത്തു. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ മുന്നില്‍ നിന്നുമാണ് ഹനാന്‍ വണ്ടിയില്‍ കയറിയത്. അവിടെ തിരിച്ചെത്തിക്കാനാണ് പറഞ്ഞിരുന്നത്. ഉദ്ഘാടനശേഷം ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഹനാന്റെ സുഹൃത്തിന്റെ കാറായിരുന്നു. മുന്‍പരിചയം ഉണ്ടായിരുന്നതിനാലാണു കാറോടിക്കാന്‍ എന്നെ വിളിച്ചത്.
ഏകദേശം പുലര്‍ച്ചെ ആറരയോടെ കാര്‍ കൊടുങ്ങല്ലൂരില്‍ എത്തി. ഹനാന്‍ കാറിന്റെ സീറ്റ് പിന്നിലേക്ക് ചെരിച്ചിട്ട് ഉറങ്ങുകയായിരുന്നു. സീറ്റ് പിന്നിലേക്കു ചെരിച്ചിട്ടതിനാല്‍ സീറ്റ്‌ബെല്‍റ്റ് അല്‍പം ലൂസ് ആയിരുന്നു. അപ്രതീക്ഷിതമായി ഒരാള്‍ കാറിന്റെ മുന്നില്‍ വട്ടം ചാടി. അയാളെ രക്ഷിക്കുന്നതിനു വേണ്ടി വാഹനം എതിര്‍ദിശയിലേക്കു പെട്ടന്നു വെട്ടിച്ചു. ഇതോടെ കാറിന്റെ ഒരു ടയര്‍ റോഡില്‍നിന്നു താഴേക്കു തെന്നിമാറി. കാര്‍ മുന്നോട്ട് എടുക്കാന്‍ നോക്കിയപ്പോള്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്‍ സീറ്റില്‍നിന്നു മുകളിലേക്കു തെറിച്ചു. തിരിച്ചു വന്നു വീണപ്പോള്‍ നടു ഹാന്‍ഡ് ബ്രെക്കിലോ ഡോറിന്റെ പിടിയിലോ ഇടിച്ചു. ഞാന്‍ എങ്ങനെയോ പുറത്തിറങ്ങി. ഹനാന് ബോധം ഉണ്ടായിരുന്നു. എന്നാല്‍ കാലുകള്‍ അനക്കാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞു.
അതിലൂടെ കടന്നു പോയ ആംബുലന്‍സില്‍ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു എത്തിച്ചു. എക്‌സറേ എടുത്തപ്പോള്‍ നട്ടെല്ലിനു പൊട്ടലുണ്ടെന്ന് അറിഞ്ഞു. പിന്നീട് മെഡിക്കല്‍ ട്രസ്റ്റിലേക്കു മാറ്റി. ഹനാന്റെ വീട്ടില്‍നിന്ന് ആരും വരാനില്ല. ഹനാന്‍ പഠിച്ച കോളേജിലെ ചെയര്‍മാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ എപ്പോഴും കൂടെയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞു. െഎസിയുവില്‍ തന്നെയാണ് ഇപ്പോഴും. നാളെ റൂമിലേക്കു മാറ്റുമെന്നു പറഞ്ഞിട്ടുണ്ട്.