Latest News

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ മൂന്നു മലയാളികൾക്ക് ഉജ്ജ്വല വിജയം. ന്യൂഹാം  കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഹാം സെൻട്രൽ വാർഡിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സുഗതൻ തെക്കേപ്പുരയിൽ 2568 വോട്ടുകൾ നേടി വൻ വിജയം കരസ്ഥമാക്കി. കേംബ്രിഡ്ജിൽ ബൈജു തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് ലോയറായ ബൈജു തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു.

സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫൻ പരാജയപ്പെട്ടു. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ന്യൂഹാമിൽ മത്സര രംഗത്തുള്ള ഓമന ഗംഗാധരന്റെ വാർഡിലെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

ആസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റാണുള്ളത്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും നൂറിലധികം പേരാണ് മരിച്ചത്. 200 ലധികം ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ പൊടിക്കാറ്റ് ദുരന്തം വിതച്ചത്.

അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ ദുല്‍ഖര്‍ സല്‍മാന് പരിക്ക് . നൃത്ത പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്ക് പറ്റിയത്. ഉടനെ തന്നെ ദുല്‍ഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കാലുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഇനി തുടര്‍ന്നുള്ള റിഹേഴ്‌സല്‍ അതിനായി ദുല്‍ഖര്‍ അടുത്ത ദിവസം തന്നെ തിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.

പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.

ദിസ്പുര്‍: പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് യുവതിയെ പോലീസുകാരന്‍ ബലാല്‍സംഗം ചെയ്തു.അസ്സമിലെ രാംടിയ പോലീസ്‌റ്റേഷനിലാണ് സംഭവം.

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ ബിനോദ് കുമാറിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

‘സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്’, പോലീസ് അറിയിച്ചു.

കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അസ്സാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആവശ്യപ്പെട്ടു.

‘പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പോലീസുകാരുടെ ഉത്തരവാദിത്വം. സംഭവം അത്യന്തം അപലപനീയമാണ്’.

പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് മുമ്പ് മനഃശാസ്ത്ര പരീക്ഷയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ മേയ് 5 മുതല്‍ ഏ7 വരെ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. സ്ഥിതിഗതികളുടെ തീവ്രത മുന്‍കൂട്ടി അറിയിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ 73 പേര്‍ മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍35 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദില്‍ 6 പേര്‍ മരിച്ചു. തെലങ്കാനയില്‍ 2 മരണം രേഖപ്പെടുത്തി. കേരളം , പശ്ചിമബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ദിവസത്തേക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് മാനേജ്മെൻറുകളുടെ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി നഴ്സസ് അസോസിയേഷന്റെ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ കാലയളവിൽ മാനേജ്മെന്റുകൾക്കും നഴ്സസ് അസോസിയേനും സർക്കാരുമായി ചർച്ച നടത്തുന്നതിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ചികിത്സാ മേഖലയിൽ 75 ശതമാനവും നിർവഹിക്കന്നത് സ്വകാര്യ മേഖലയാണന്നും സർക്കാർ വിജ്ഞാപനം മുലം വൻ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും മാനേജ് മെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിർദേശിച്ച കമ്മിറ്റി ശുപാർശ ചെയ്ത വേതനം നഴ്സുമാർക്ക് ലഭിക്കുന്നില്ലന്ന് പ്രാഥമിക വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി . രോഗികളിൽ നിന്നു വൻ തുക ഈടാക്കുന്ന മാനേജ് മെന്റുകൾ നഴ്സുമാർക്ക് മതിയായ വേതനം നൽകുന്നില്ലന്നും കോടതി വാക്കാൽ പരാമർശിച്ചു .

കേരള പ്രൈവറ്റ് മാനേജ്മെൻറ് അസോസിയേഷൻ അടക്കമുള്ളവരാണ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

നോയ്ഡ: മരിച്ചയാള്‍ മടങ്ങിയെത്തുക അതും കാമുകന്റെ കൂടെ. മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും നടത്തിയഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതാ കഥാനായിക കാമുകനൊപ്പം ജോളിയായി തിരിച്ചു വന്നിരിക്കുന്നു. നോയ്ഡയില്‍ നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

നീതു തിരിച്ചെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനുള്ള അന്വേഷണത്തിലായി പോലീസ്. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും നിറവും ശരീരവും തുടങ്ങി അടയാളമെല്ലാം മകളുടേതിന് സമാനമായതിനാല്‍ അത് തങ്ങളുടെ കാണാതായ മകളുടെ മൃതദേഹം ആണെന്ന് പറഞ്ഞ് ഇരുവരും ഏറ്റെടുക്കുകയൂം ചെയ്തു. ഭര്‍ത്തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കേസ് കൊടുത്ത ശേഷമായിരുന്നു അന്ത്യകര്‍മ്മം.

ഏപ്രില്‍ 6 ന് രാവിലെ കാണാതായെന്ന് കാണിച്ചായിരുന്നു സര്‍വേശ് പരാതി നല്‍കിയത്. നീതുവിന്റെ ഭര്‍ത്താവ് രാം ലഖനെയായിരുന്നു പിതാവിന് സംശയം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നീതു രാംലഖനുമായി നീതു പിരിഞ്ഞും നില്‍ക്കുകയായിരുന്നു. പോലീസ് നീതുവിന്റെ ഭര്‍ത്തൃപിതാവ് രാം കിഷനെ കസ്റ്റഡിയില്‍ എടുത്തു. രാംലഖന്‍ മുങ്ങി. എന്നാല്‍ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇരുവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് ബോധ്യപ്പെട്ടു.

നീതുവിനെ കാണാതായ ശേഷം തങ്ങളുടെ കടയില്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലീസ് നീതുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്ന് പേരുള്ള ഒരാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വന്നപ്പോള്‍ നീതുവിന്റെ കുടുംബാംഗങ്ങള്‍ പിടികൂടി. പൂരനോട് ചോദിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു മറുപടി. തുടര്‍ന്ന് പൂരന്‍ ബാഗുമായി മുങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു.

ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പൂരനെ പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും എറ്റയില്‍ നിന്നും പിടിയിലായപ്പോഴാണ് നീതു ഇയാള്‍ക്കൊപ്പം കഴിയുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തനിക്കൊപ്പം എറ്റയില്‍ നീതു ഉണ്ടെന്ന് ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതിനിടയില്‍ നീതു ഭാംഗലിലേക്ക് പോകുകയും അവിടെ നിന്നും പിന്നീട് പോലീസ് പിടിച്ചു കൊണ്ടു പോരുകയും ചെയ്തു. ഏപ്രില്‍ 5 ന് മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയ അന്ന് നീതു വീടു വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പതിവായി കടയില്‍ വന്നിരുന്ന പൂരനോടൊത്തു ജീവിക്കാന്‍ തീരുമാനിച്ച് വീട് വിടുകയുമായിരുന്നു. പൂരന്റെയോ മറ്റാരുടെയെങ്കിലുമോ പ്രേരണ കൊണ്ടല്ല താന്‍ വീടു വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് നീതു പോലീസിന് നല്‍കിയിട്ടുള്ള മൊഴി. വീട്ടില്‍ നിന്നും ഇറങ്ങിയ നീതു നേരെ പോയത് സഹോദരിയെ വിവാഹം കഴിച്ചയച്ചിട്ടുള്ള വീട്ടിലേക്കായിരുന്നു എന്നാണ് നീതു പറയുന്നത്. എന്തായാലും ആളുമാറി മൃതദേഹം സംസ്‌കരിച്ചത് പോലീസിന് തലവേദനയായിരിക്കുകയാണ്.

മുസ്ലിം വിശ്വാസപ്രകാരം പരമപ്രധാനമുള്ള വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ച് ഹരിയാനയില്‍ സംഘപരിവാര്‍ ഭീകരത. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള പത്തോളം സ്ഥലങ്ങളില്‍ കൂട്ടമായി ചെന്നാണ് ഹിന്ദുത്വ ഭീകരര്‍ ജുമുഅ നിര്‍ത്തിവെപ്പിച്ചത്. സെക്ടര്‍ 53ല്‍ രണ്ടാഴ്ച മുമ്പ് 700 ഓളം വിശ്വാസികള്‍ പങ്കെടുത്ത ജുമുഅ നമസ്‌ക്കാരം ഇവര്‍ തടഞ്ഞിരുന്നു.

എല്ലാ വെള്ളിയാഴ്ചയും നമസ്‌ക്കരിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനാണ് മുസ്ലിംങ്ങളുടെ ശ്രമമെന്ന് പറഞ്ഞാണ് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദു ജാഗണര്‍ മഞ്ച്, അഖില ഭാരതീയ ഹിന്ദുക്രാന്തി ദള്‍ എന്നീ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നാണ് ഭീകരത സൃഷ്ടിച്ച് നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ചത്.

അതുല്‍ കതാറിയ ഛൗക്ക്, സികന്ദര്‍പൂര്‍, സൈബര്‍പാര്‍ക്ക് സെക്ടര്‍ 40, വാസിറാബാദ്, മെഹ്‌റൗളി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ജുമുഅയാണ് നിര്‍ത്തിയത്. പൊതു സ്ഥലങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നമസ്‌ക്കരിക്കണമെങ്കില്‍ അധികാരികളില്‍ നിന്നും അനുമതി വേണമെന്നാണ് ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകളുടെ വാദം. ഇത്തരം നമസ്‌ക്കാരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി വാങ്ങിക്കുന്നത് വരെ നമസ്‌ക്കരിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇവരുടെ ശാഠ്യം.

കഴിഞ്ഞ കുറച്ച് ദിവസമായി മുസ്ലിംങ്ങളുടെ നമസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ട്. ഏപ്രില്‍ 20ന് ജുമുഅ തടഞ്ഞതിനെ തുടര്‍ന്ന് അഞ്ചോളം പോരെ പൊസീല് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂദല്‍ഹി: ഔറംഗാബാദിലെ പൊതുമധ്യത്തില്‍ സൈനികനെ ഒരുകൂട്ടം ആളുകള്‍ തല്ലിച്ചതക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും നിതീഷ് കുമാറിന്റെ ഭരണമികവാണ് ഇതിലൂടെ വെളിവാകുന്നതെന്നും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിക്കുന്നു.

നിതീഷ് ജീ, നിങ്ങളുടെ കണ്ണിന് മുന്നില്‍ നടക്കുന്ന ഈ ഗുണ്ടാരാജ് നിങ്ങള്‍ കാണുന്നില്ലേ? ലോക്കല്‍ പൊലീസ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ വെച്ചാണ് ഒരു സൈനികനെ ചിലയാളുകള്‍ ചേര്‍ന്ന് ഇത്രയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുന്നത്. ജീവന് വേണ്ടി മല്ലിടുകയാണ് അദ്ദേഹമിപ്പോള്‍. നിങ്ങള്‍ക്കുള്ളില്‍ അല്പമെങ്കിലും മനസാക്ഷി ബാക്കിയുണ്ടെങ്കില്‍ ആ ഗംഗാനദിയില്‍ പോയി ഒന്ന് മുങ്ങുന്നത് നന്നാവും”- തേജസ്വി യാദവ് ട്വിറ്ററില്‍ പറയുന്നു.

അവധിക്കാലം ആഘോഷിക്കാനായാണ് സൈനികന്‍ ഔറംഗാബാദില്‍ എത്തിയത്. ഒരു മണിക്കൂറോളം നേരമാണ് ചില ക്രിമിനലുകള്‍ അയാളെ മര്‍ദ്ദിച്ചത്. മരണത്തിന്റെ വക്കിലാണ് ഇപ്പോള്‍ ഇദ്ദേഹം. എന്നിട്ടും പൊലീസുകാര്‍ ഇതിനെല്ലാം മൂകസാക്ഷിയാകുന്നു. ഒരു ആര്‍മി ജവാന്‍ പോലും പൊതുമധ്യത്തില്‍ വെച്ച് ഇത്തരത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ ബി.ജെ.പിയുടെ സഹായത്തോടെ എന്തുതരം ദേശീയതയാണ് നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് ‘ എന്നും തേജസ്വി യാദവ് ചോദിക്കുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മുംബൈ: ദളിത് വീടുകളില്‍ പോയി ആഹാരം കഴിച്ച് ബി.ജെ.പി നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം നാടകങ്ങള്‍ക്ക് പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ. ബി.ജെ.പി നേതാക്കള്‍ ദളിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കണമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു. മുംബൈയില്‍ ദളിതര്‍ക്ക് വേണ്ടി ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ദളിതരുടെ വീടുകള്‍ സന്ദര്‍ശിച്ചത് കൊണ്ട് മാത്രമായില്ല. ദളിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അവര്‍ നമ്മെ സ്വീകരിക്കുന്നത് പോലെ അവരെ സ്വീകരിക്കാന്‍ നമ്മളും തയ്യാറാകണം. അഷ്ടമി നാളില്‍ ദളിത് പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പെണ്‍മക്കളെ ദളിതരുടെ വീടുകളിലേക്ക് അയക്കാന്‍ നാം തയ്യാറാകുമോ-ഭാഗവത് ചോദിച്ചു. ആര്‍.എസ്.എസ് അധ്യഷന്റെ അഭിപ്രായത്തോട് വേദിയിലുണ്ടായിരുന്ന വി.എച്ച്.പി നേതാവ് അലോക് കുമാറും യോജിച്ചു.

എല്ലാ ബി.ജെ.പി മന്ത്രിമാരും എം.പിമാരും 50 ശതമാനത്തിന് മുകളില്‍ ദളിത് ജനസംഖ്യയുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ആഹാരം കഴിക്കുന്നതിനുള്ള പദ്ധതിയായ ഗ്രാമ സ്വരാജ് അഭിയാന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ കൊണ്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടാകില്ലെന്ന് ബി.ജെ.പിയുടെ ദളിത് എംപി ഉദിത് രാജ് വിമര്‍ശിച്ചിരുന്നു. ഈ പദ്ധതി ദളിതരുടെ അപകര്‍ഷതാ ബോധം വര്‍ധിപ്പിക്കുകയേയുള്ളൂ. ദളിത് ഭവനങ്ങളില്‍ ഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി നടത്തിയ നീക്കമാണ് കോണ്‍ഗ്രസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നും ഉദിത് രാജ് പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved