പ്രളയത്തില്‍ കുടുങ്ങിയ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്റ്റര്‍ ദൗത്യത്തില്‍ രക്ഷപ്പെടുത്തി. ഏയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാത്തിരപ്പള്ളി ജനറല്‍ ആശുപത്രിയ ലേക്ക് മാറ്റി. രോഗി അപകടനില തരണം ചെയ്തുവെന്നും ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചല്‍ വാലിയില്‍ റോഡുകള്‍ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്ന് രാവിലെ പ്രസവവേദന അനുഭവപ്പെട്ട രജനിയെ മുന്‍ വാര്‍ഡംഗം സിബിയുടെ നേതൃത്വത്തില്‍ ഏയ്ഞ്ചല്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കല്‍ സംഘവുമായി ഹെലികോപ്റ്റര്‍ എയ്ഞ്ചല്‍വാലി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കാന്‍ സാധിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോ.ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനയ്ക്ക് ശേഷം ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.
പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം കമ്പനികളും രംഗത്തെത്തി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനമാണ് കേരള സർക്കിളിൽ നൽകുക. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്.
‘ഡിയർ കസ്റ്റമർ, ഈ ദൗർഭാഗ്യകരമായ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും അടിയന്തര സഹായം ആവശ്യപ്പെടുന്നതിനും നിങ്ങളെ സഹായിക്കുന്നതിന് 7 ദിവസത്തേക്കുള്ള അൺലിമിറ്റഡ് വോയിസ് ഡാറ്റ പായ്ക്ക് നൽകുന്നു. സുരക്ഷിതനായി ഇരിക്കുക’. ഇതാണ് ജിയോ സന്ദേശം.
എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് 30 രൂപ പാക്ക് നൽക്കുന്നുണ്ട് നൽകും. ഏഴു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയാണ് നൽകുന്നത്. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളിലും എയർടെൽ സേവനം ലഭ്യമാക്കും. വൈഫൈ, കോൾ സേവനം എന്നിവ നൽകും. കൂടാതെ എയർടെൽ സ്റ്റോറുകളിൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സഹായവും നല്‍കും. തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങീ ജില്ലകളിലെ 28 സ്റ്റോറുകളിൽ സേവനം ലഭിക്കും.
ടെലികോം പ്രശ്നങ്ങൾ പരിഹരിക്കാനും മികച്ച നെറ്റ്‌വർക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മറ്റു ചില ടെലികോം കമ്പനികളും സൗജന്യ സേവനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ചെങ്ങന്നൂരിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈനികരും എൻ.ഡിആർഎഫ് അംഗങ്ങളും പത്തനംതിട്ടയിൽ എത്തിയെങ്കിലും ചെങ്ങന്നൂരിലെ പല സ്ഥലത്തേക്കും രക്ഷാസേനയ്ക്ക് എത്താനാകുന്നില്ല. ജനങ്ങൾ സഹായത്തിന് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
മുൻപ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു. 94 വയസായിരുന്നു. ഒൻപത് ആഴ്ചയായി എയിംസിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിഉൾപ്പെടെയുള്ള ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതകാ ബാനർജി, ബി.ജെ.പി മുതിർന്ന നേതാവ് എൽ.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, രാധാമോഹൻസിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഡോ. ഹർഷവർധൻ, സുരേഷ് പ്രഭു, ബി.ജെ.പി എം.പി മീനാക്ഷി ലേഖി തുടങ്ങിയവരും വാജ്പേയിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.
ശ്വാസതടസം, മൂത്രതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി രോഗം കാരണം 2009 മുതൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി. പൊഖ്റാൻ ആണവ പരീക്ഷണവും (മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.
പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വീട്ടിൽ താമസിക്കാം എന്ന് ഒരു പോസ്റ്റ് സിനിമാതാരം ടൊവിനോ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ ഇതിന് പിന്നാലെ താരം സുഹൃത്തുക്കളുമായി എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചു .
ഫേസ്ബുക്കിൽ വിമർശിച്ചവർക്ക് ചുട്ടമറുപടി നൽകിയ ടോവിനോ തന്റെ പ്രവർത്തിയിലൂടെയും മാതൃകയാകുകയാണ് . മറ്റു താരങ്ങളും സജീവമായി ദുരിതാശ്വാസ ക്യാപുകളിൽ സഹായമെത്തിക്കുന്നുണ്ട്.
കൊച്ചി: കനത്ത മഴ തുടരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ റണ്‍വേയിൽ വെള്ളം നിറയുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആലുവയിലും പരിസര പ്രദേശങ്ങളും മുങ്ങിയ നിലയിലുമാണ്. ഇതിനാൽ വിമാനത്താവളം ശനിയാഴ്ച തുറക്കാൻ കഴിയില്ലെന്നാണ് സിയാൽ അധികൃതർ നൽകുന്ന സൂചന.
കനത്ത മഴ തുടരുന്നതുകൊണ്ട് വെള്ളം പന്പ് ചെയ്തു കളയാനും സാധിക്കുന്നില്ല. കാർഗോ ടെർമിനലിന് അടുത്തുള്ള സോളാർ പാടത്തിലും വെള്ളം കയറിയിട്ടുണ്ട്. നേരത്തേ, ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് സിയാൽ അധികൃതർ തീരുമാനമെടുത്തിരുന്നത്.
ആലപ്പുഴ: കാലവർഷക്കെടുതിയിൽ ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. ഇതോടെ നൂറുകണക്കിന് ആളുകളാണ് പലയിടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ആലപ്പുഴ കിടങ്ങറ പാലത്തിലും നൂറുകണക്കിന് ആളുകളാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
കിടങ്ങറയിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി ആവശ്യത്തിന് ബോട്ട് ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. ഇതോടെ രക്ഷാപ്രവർത്തനത്തിയായി എത്തുന്ന ബോട്ടിലേക്ക് നിരവധി പേരാണ് ഇരച്ചുകയറുന്നത്.
കൊച്ചി: മഴ ഇപ്പോഴു ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിക്കവരും വീടുകള്‍ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ്. ഇിതിനെട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വീട്ടില്‍ വെള്ളം കയറി. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ ഇന്നലെ ധര്‍മ്മജന്‍ അറിയിച്ചിരുന്നു. വഞ്ചിയില്‍ താനും കുടുംബവും വീട്ടില്‍നിന്ന് രക്ഷപ്പെട്ടുവെന്നും ഇപ്പോള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
പത്തനംതിട്ട: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ നേവി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
റാന്നിയിലെ ഉള്‍പ്രദേങ്ങളിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത്. ചില സ്ഥലങ്ങളില്‍ രണ്ടാംനിലയ്ക്ക് മുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂനൈയില്‍ നിന്ന് കൂടുതല്‍ സൈനിക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.
ആറന്മുള ഭാഗങ്ങളില്‍ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ ബോട്ടുകളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ടോള്‍ഫ്രീ നമ്പറായ 1077ലേക്ക് വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം തേടാവുന്നതാണ്.
പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു കുടുംബത്തെ കാണാതായി. പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടലില്‍ എട്ടുമരണമാണ് ഇന്ന് മാത്രം ഉണ്ടായത്. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ്. റബ്ബര്‍തോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആദ്യഘട്ടത്തില്‍ പാലക്കാട് നഗരത്തിലാണ് മലമ്പുഴ ഡാമിലെ വെള്ളം കയറി വെള്ളപ്പൊക്കമുണ്ടായത്.
തൃശൂര്‍ കൂടരഞ്ഞി പഞ്ചായത്തിൽ പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ വീടുതകർന്ന് രണ്ടുപേർ മരിച്ചു. മാവൂരിനടുത്ത് ഊർക്കടവിൽ മണ്ണിടിഞ്ഞ് രണ്ടു കുട്ടികളും മരിച്ചു. വേങ്ങേരിയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചതായും വിവരമുണ്ട്. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലായി മൊത്ത് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി. കൂരാച്ചുണ്ട് പഞ്ചായത്തിലും കുറ്റ്യാടിച്ചുരത്തിലും ഉരുൾപൊട്ടലുണ്ട്. നഗരത്തിൽ രാവിലെ മുതൽ മഴയൊഴിഞ്ഞു നിൽക്കുകയാണെങ്കിലും വെള്ളക്കെട്ട് മാറുന്നില്ല. വയനാട്ടിലേക്കുള്ള ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കുതിരാനിൽ മലയിടിഞ്ഞ് റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മണ്ണിനടിയിൽ ഒരു ലോറി പെട്ടെങ്കിലും ആളപായമുണ്ടായിട്ടില്ലെന്ന് ഹൈവേ പൊലീസ് അറിയിച്ചു. നിലവിൽ തൃശൂരിൽ നിന്ന് പാലക്കാട്ടേയ്ക്ക് എത്താനുള്ള വഴികൾ അടഞ്ഞിരിക്കുകയാണ്.
പത്തനംതിട്ട സീതത്തോട് വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയേറിയതിനെ തുടർന്ന് തേക്കുംമൂട്, ചിറ്റാർ–86, കൊട്ടുപ്പള്ളിമല, നാലാം ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ പേരെ ദുരിതാശ്വാസ ക്യാപുകളിലേയ്ക്കു മാറ്റി.സീതത്തോട് കെആർപിഎം എച്ച്എസ്എസ്, മൂന്നുകല്ല് സെന്റ് തോമസ് എൽപി സ്കൂൾ,നാലാം ബ്ലോക്ക് മാർത്തോമ്മാ ചർച്ച്,ചിറ്റാർ–86 ജമാഅത്ത് ചർച്ച്,കോട്ടമൺപാറ ചരുവിൽ ഓഡിറ്റോറിയം,കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ പള്ളി, സീതക്കുഴി കമ്മ്യൂണിറ്റി ഹാൾ, സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് തുടങ്ങിയ സ്ഥലത്താണ് ക്യാപുകൾ തുറന്നത്.
• മട്ടന്നൂർ നായ്ക്കാലിയിൽ ഉരുൾപൊട്ടൽ; പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നു
• കൊട്ടിയൂർ അമ്പായത്തോട്, പന്നിയാൻമല, കോളയാട് പെരുവ എന്നിവിടങ്ങളിലും ഉരുൾപൊട്ടി
• കണ്ണവം പുഴ കരകവിഞ്ഞതോടെ പുഴയോരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
• പാനൂർ നരിക്കോട്ടുമല ഉരുൾപൊട്ടൽ ഭീഷണിയിൽ. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
• മട്ടന്നൂർ ശിവപുരം കുണ്ടേരിപ്പൊയിലിൽ 25 വീടുകളിൽ വെള്ളം കയറി
• നിലവിൽ ജില്ലയിൽ 13 ദുരിത്വാശ്വാസ ക്യാംപുകളിലായി എണ്ണൂറോളം പേർ.
പൂമലയിൽ വീടു തകർന്ന് രണ്ടു മരണം. ഉരുൾപൊട്ടലിൽ ഒരു മരണം. അതിരപ്പിള്ളിക്കടുത്ത് വെട്ടികുഴിയിൽ ഉരുൾപൊട്ടി പണ്ടാറൻപാറ രവീന്ദ്രന്റെ ഭാര്യ ലീല (62) യാണ് മരിച്ചത്.
• മാളയിലെ അന്നമനട, കുഴൂർ പഞ്ചായത്തുകൾ ഒറ്റപ്പെടുന്നു. രണ്ടിടത്തും ഹെലികോപ്റ്ററുകൾ എത്തിച്ച് നാട്ടുകാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി. കൊടുങ്ങല്ലൂർ ഭാഗത്തുമാത്രം 5000 പേർ ക്യാംപുകളിലെത്തി. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം.
• പാലക്കാട് – തൃശൂർ ദേശീയ പാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞതിനെത്തുടർന്നു പൂർണ്ണമായും ഗതാഗതം നിലച്ചു. പാലക്കാട്ടേക്ക് ഒറ്റപ്പാലം, ഷൊർണ്ണൂർ വഴിയും പോകാനാകില്ല.
• തൃശൂർ – ഷൊർണ്ണൂർ റോഡിൽ തൃശൂർ നഗരത്തിനടത്തു വിയ്യൂരിൽ വെള്ളക്കെട്ട്. ഗതാഗതം ഭാഗികമായി നിലച്ചു.
• മണ്ണുത്തിക്കടത്തു താണിപ്പാടത്തും വഴക്കുംപാറയിലും മണ്ണിടിച്ചിൽ. പീച്ചി കനാലിലേക്കു മണ്ണിടിഞ്ഞതിനാൽ വെള്ളക്കെട്ട്.
• പീച്ചി ഡാമിന്റെ ഷട്ടറുകൾ തകരാറിലായതിനെത്തുടർന്നു ഷട്ടറിന്റെ ചങ്ങലകൾ മുറിച്ചുമാറ്റി ഉയർത്തി. 31 ഇഞ്ച് ഉയർത്തിയിരുന്ന ഷട്ടർ 42 ഇഞ്ചിലേക്കാണ് ഉയർത്തിയത്.
• ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറുന്നു. എറണാകുളം – തൃശൂർ ദേശീയ പാതവഴി വാഹന ഗതാഗതം ഭാഗികം മാത്രം. യാത്ര ഒഴിവാക്കണമെന്നു നിർദ്ദേശം
• തൃശൂർ നഗരത്തിലേക്കു എറണാകുളത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് , തൃപ്രയാർ ഭാഗത്തുനിന്നുമുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ അഭ്യർഥന.
വയനാട്ടില്‍ കാരാപ്പുഴ, ബാണാസുര ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വീണ്ടും പ്രളയഭീതി. ദുരിതാശ്വാസ ക്യാംപിലുള്ളവരുടെ എണ്ണം 20071 ആയി. ഗവ. എന്‍ജിനീയറിങ് കോളജിനു സമീപം മണ്ണിടിച്ചില്‍. വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍ സാധ്യതയെത്തുടര്‍ന്ന് കല്‍പറ്റയില്‍നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. കുറ്റ്യാടി ചുരം, പാല്‍ചുരം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു ഗതാഗത തടസ്സം. ബത്തേരി- മൈസൂരു റോഡില്‍ പൊന്‍കുഴിയിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു. ഇതൊഴിച്ചാല്‍ കഴിഞ്ഞ ദിവസങ്ങളിലെക്കാള്‍ വയനാട്ടില്‍ നിലവില്‍ കെടുതികള്‍ കുറവാണ്. മഴയുടെ ശക്തിയും ഇപ്പോള്‍ അല്‍പം കുറഞ്ഞിരിക്കുന്നു.