Latest News

ന്യൂദല്‍ഹി: സ്വാമി അസീമാനന്ദയടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കേസില്‍ പ്രോസിക്യൂട്ടറായിരുന്ന എന്‍. ഹരിനാഥ് ബി.ജെ.പിക്കാരനാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റില്‍ അഭിഭാഷകനായിരുന്ന ഇയാള്‍ക്ക് ക്രിമനല്‍ കൊലപാതക കേസുകളില്‍ മുന്‍പരിചയമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒസ്മാനിയ സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു ഹരിനാഥ്. പിന്നീട് അഭിഭാഷകനായിരുന്നപ്പോള്‍ തെലങ്കാന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെയാണ് ഇയാള്‍ മത്സരിച്ചത്.

കേസിന്റെ സുപ്രധാന ഘട്ടത്തില്‍ എത്തി നില്‍ക്കെ 2015ലാണ് ഹരിനാഥിനെ എന്‍.ഐ.എ കേസെല്‍പ്പിക്കുന്നത്. രാമറാവു എന്ന അഭിഭാഷകന്‍ ഉണ്ടായിരിക്കെയാണ് കേസ് ഹരിനാഥിനെ ഏല്‍പ്പിച്ചിരുന്നത്.

പ്രമാദമായ കേസുകളൊന്നും കൈകാര്യം ചെയ്യാതിരിക്കുകയും അഭിഭാഷകര്‍ക്കിടയില്‍ ബി.ജെ.പി അനുകൂലിയായി അറിയപ്പെടുകയും ചെയ്യുന്ന ഹരിനാഥിനെ കേസ് ഏല്‍പ്പിച്ചത് കേസ് ദുര്‍ബലപ്പെടുത്താനായിരുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ്. മക്കാമസ്ജിദ് കേസില്‍ പ്രതികളോട് മൃദുസമീപനം സ്വീകരിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടതായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ രോഹിണി സാലിയാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കൊലപാതക കേസുകളില്‍ മുന്‍പരിചയമില്ലാത്ത ഹരിനാഥിനെ എന്തടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസ് ഏല്‍പ്പിച്ചതെന്ന് മറ്റു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഉജ്ജ്വല്‍നിഖം, അമരേന്ദ്ര ശരണ്‍ എന്നിവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. 10 വര്‍ഷത്തെ പരിചയമെങ്കിലും നിര്‍ബന്ധമാണ്. ക്രിമനല്‍ കേസ് വാദിച്ച പരിചയവും’ ഉജ്ജ്വല്‍ നിഖം പറഞ്ഞു.

മുംബൈ: സഞ്ജു സാംസണിന്റെ അദ്ഭുത പ്രകടനത്തെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്ലിയേഴ്സ്. ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് നേരത്തെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് എബിഡിയുടെ വാക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

‘രാജസ്ഥാന് വേണ്ടി തീര്‍ത്തും സ്പെഷ്യലായ ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അദ്ദേഹവുമായി ഇ-മെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുവരുന്ന ഈ പ്രതിഭയെ കണ്ട് അതിശയിച്ചു നില്‍ക്കുകയാണ് ഞാന്‍. അവന്‍ എത്ര ദൂരം കളിയില്‍ പിന്നിടും എന്നെ വിശ്വസിക്കൂ. അദ്ദേഹത്തിന്റെ കഴിവിന് പരിധികളില്ല.’ എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

45 പന്തില്‍ നിന്ന് 92 റണ്‍സാണ് ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു നേടിയത്. ലോകത്തിലെ തന്നെ മികച്ച ബൗളിംഗ് നിര സ്വന്തമായുള്ള ടീമാണ് കോഹ്‌ലിയുടെ ആര്‍സിബി. എന്നാല്‍ സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ നിസ്സഹാരായി. രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിക്കുകയും ചെയ്തു.

വാഷിങ്ടണ്‍: അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല് പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയിലായതുകൊണ്ട് നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേസ് അന്വേഷിക്കുന്ന അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കി.

സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. നദിയിലെ വെള്ളം കുറഞ്ഞതിന് ശേഷം സൗമ്യയുടെ മൃതശരീരം കരയ്ക്കടിയുകയായിരുന്നു. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹം ലഭിച്ചത്. സിദ്ധാന്തിന്റെ മൃതദേഹമാണ് അവസാനം ലഭിച്ചത്. ഒഴിക്കില്‍പ്പെട്ട് സിദ്ധാത് ഏറെ ദൂരം ഒഴുകിപ്പോയിരുന്നു.

യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളിയെയും കുടുംബത്തെയും ഏപ്രില്‍ ആറ് മുതലാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയില്‍ ഒഴുകി പോയതായി വിവരം ലഭിച്ചിരുന്നു. നദിയില്‍ ഇവര്‍ക്കായി തെരെച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലേക്കുള്ള യാത്രാക്കിടയിലാണ് അപകടം സംഭവിച്ചത്.

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. എട്ടയിലാണ് സംഭവം. കുട്ടി മരിച്ചു കിടന്നതിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.

കുട്ടിയുടെ മൃതദേഹത്തിനരികെ മദ്യ ലഹരിയില്‍ കാണപ്പെട്ട ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കത്വ പെണ്‍കുട്ടിക്കായി രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂഡല്‍ഹി: ക്രൂരമായ ബലാത്സംഗത്തിനിരയായ 18 കാരി കേസ് ഒതുക്കാനുള്ള ശ്രമത്തിന് കൂട്ടുനിന്ന മാതാപിതാക്കളെ പോലീസില്‍ കുടുക്കി. കൂട്ട ബലാത്സംഗത്തിന് പിടിയിലായ പ്രതികളില്‍ നിന്നും വന്‍തുക കൈക്കൂലി കൈപ്പറ്റി കേസ് പിന്‍വലിക്കാനും മൊഴി മാറ്റാനും നിര്‍ബ്ബന്ധിച്ച അപ്പനും അമ്മയ്ക്കും എതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. കുറ്റവാളികളില്‍ ഒരാളില്‍ നിന്നും മാതാപിതാക്കള്‍ അഡ്വാന്‍സായി വാങ്ങിയ അഞ്ചു ലക്ഷം രൂപയുമായിട്ടാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കാനെത്തിയത്. തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പിതാവ് മുങ്ങി.

2017 ല്‍ നടന്ന സംഭവത്തില്‍ കേസ് പിന്‍ വലിക്കാനും മൊഴി മാറ്റിപ്പറയാനും മകളെ നിര്‍ബ്ബന്ധിക്കാന്‍ ഇടക്കാല ജാമ്യം നേടിയ പ്രതികളില്‍ ഒരാള്‍ മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപയായിരുന്നു. അഡ്വാന്‍സ് തുക സ്വീകരിച്ച മാതാപിതാക്കള്‍ മൊഴിമാറ്റി കേസ് പിന്‍ വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു മകളെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ചു ലക്ഷം അഡ്വാന്‍സായി മാതാപിതാക്കള്‍ വാങ്ങുകയും ചെയ്തു. രണ്ടു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ഇടക്കാല ജാമ്യം നേടി പുറത്തുണ്ടായിരുന്നു. ഇയാളാണ് മൊഴി മാറ്റാനും കേസ് പിന്‍ വലിക്കാനും പെണ്‍കുട്ടിയെക്കൊണ്ടു സമ്മതിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനമുണ്ടാക്കിയത്. ദരിദ്ര സാഹചര്യത്തില്‍ ആദ്യം പെണ്‍കുട്ടിക്കൊപ്പം ഉറച്ചു നിന്ന മാതാപിതാക്കള്‍ അഞ്ചു ലക്ഷം അഡ്വാന്‍സ് നല്‍കാമെന്ന പ്രതിയുടെ വാക്കില്‍ വീണുപോകുകയായിരുന്നു. ഇതോടെ അവര്‍ മകളെ മൊഴിമാറ്റാന്‍ നിര്‍ബ്ബന്ധിച്ചു.

യുവതി ഇക്കാര്യം നിഷേധിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് മാതാപിതാക്കള്‍ പണം കൈപ്പറ്റിയത്. ഇതോടെ പെണ്‍കുട്ടി ചൊവ്വാഴ്ച പോലീസിനെ സമീപിക്കുകയും കാര്യം ബോധിപ്പിക്കുകയുമായിരുന്നു. തന്നെ അജ്ഞാതരായ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയരികില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇവരില്‍ ജാമ്യം നേടി പുറത്ത് നില്‍ക്കുന്ന സുനില്‍ ശശി എന്നയാള്‍ തന്റെ മാതാപിതാക്കളെ ഏപ്രില്‍ 8 ന് വാഗ്ദാനവുമായി സമീപിച്ചെന്നും അതോടെ ഒരിക്കല്‍ ഒപ്പം നിന്ന മാതാപിതാക്കള്‍ എതിരാളികളായി മാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

മാതാപിതാക്കള്‍ ശശിയുമായി കൂടിക്കാഴ്ച നടത്തുന്നതും സംസാരിച്ചതുമെല്ലാം പെണ്‍കുട്ടി വീട്ടില്‍ ഉള്ളപ്പോഴായിരുന്നു. അവരുടെ സംസാരം വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ശശി വീട്ടില്‍ നിന്നും പോയ ശേഷം മാതാപിതാക്കളുടെ അരികിലെത്തി കേട്ട കാര്യങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ മകളെ തെറ്റായ മൊഴി നല്‍കാന്‍ പഠിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ എല്ലാം നിഷേധിച്ച അവള്‍ തന്റെ മൊഴിയില്‍ ഉറച്ചു നിന്നതോടെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. പാവപ്പെട്ടവരായതിനാല്‍ ജീവിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്ന് പറഞ്ഞതായും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.

ഇതിനിടയിലാണ് ആരോ കൊണ്ടു വന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അഡ്വാന്‍സ് തുക അഞ്ചു ലക്ഷം നല്‍കിയത്. ഈ പണം മാതാപിതാക്കള്‍ മറ്റാരും കാണാതെ കിടക്കയുടെ കീഴില്‍ ഒളിപ്പിച്ചു. എന്നാല്‍ മാതാപിതാക്കള്‍ പുറത്തു പോയ തക്കത്തിന് പണസഞ്ചി വലിച്ചെടുത്ത പെണ്‍കുട്ടി അതുമായി നേരെ അമന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് പരാതി നല്‍കുകയും എല്ലാ കാര്യങ്ങളും പോലീസിനോട് പറയുകയും ചെയ്തു. പെണ്‍കുട്ടി പോലീസിന് പണം നല്‍കിയതിന് തൊട്ടു പിന്നാലെ പോലീസ് ടീമിനെ സജ്ജമാക്കി അന്വേഷണവും തുടങ്ങി. മകള്‍ പോലീസിനെ സമീപിച്ചത് അറിയാതിരുന്ന മാതാവിനെയാണ് ആദ്യം പോലീസ് പൊക്കിയത്. എന്നാല്‍ ഈ സമയം കൊണ്ട് പിതാവ് മുങ്ങുകയും ചെയ്തു.

 

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സാത്താന്‍ അപ്പുണ്ണി പോലീസ് പിടിയിലായി. കായംകുളത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫിനെ ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു അപ്പുണ്ണി. ഇയാള്‍ക്കായി പോലീസ് ഇതര സംസ്ഥാനങ്ങളില്‍ വരെ തെരച്ചില്‍ നടത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചാണ് രാജേഷിന് വെട്ടേറ്റത്. ആക്രമണം നടത്തിയ സംഘത്തിലെ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഘത്തിലെ മൂന്നാമനായ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു. വടിവാളുകള്‍ ഷന്‍സീറാണ് പിന്നീട് ഒളിപ്പിച്ചത്.

രാജേഷുമായി സൗഹൃദമുണ്ടായിരുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണു മടവൂരിലെ സ്റ്റുഡിയോയില്‍ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

കെപ്ളര്‍ ദൗത്യത്തിനു ശേഷം അയല്‍ ഗ്യാലക്സികളിലെ ഗ്രഹങ്ങളെത്തേടി നാസയുടെ പുതിയ പര്യവേഷണത്തിന് തുടക്കം കുറിച്ചു. ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കപ്പേരായ ടെസ്സ് എന്നാണ് പുതിയ ദൗത്യത്തിന്റെ പേര്. സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തിയത്. കേപ് കാനവറാലില്‍ നിന്ന് ഇന്നലെ രാത്രി ടെസ് കുതിച്ചുയര്‍ന്നു. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തുന്ന ടെസ്സ് പിന്നീട് 13.7 ദിവസങ്ങള്‍ ഭൂമിയെ വലംവെയ്ക്കും. പിന്നീട് രണ്ട് വര്‍ഷവും 60 ദിവസവും നീളുന്ന ദൗത്യത്തിന് തുടക്കമിടും.

സൗരയൂഥത്തിന് സമീപത്തായുള്ള രണ്ട് ലക്ഷം നക്ഷത്രങ്ങളില്‍ നിരീക്ഷണം നടത്തുകയാണ് ടെസ്സിന്റെ ദൗത്യം. നാല് ഫീല്‍ഡ് വൈഡ് ക്യാമറകളിലൂടെ ആകാശത്തിന്റെ 85 ശതമാനവും ടെസ്സിന്റെ നിരീക്ഷണ പരിധിയില്‍ എല്ലായ്പ്പോഴുമുണ്ടാകും. ട്രാന്‍സിറ്റ് എന്ന പ്രതിഭാസത്തെ ഇതിലൂടെ നിരീക്ഷണ വിധേയമാക്കാന്‍ ടെസ്സിന് കഴിയും. നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രകാശത്തിനുണ്ടാകുന്ന കുറവാണ് ട്രാന്‍സിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രീതിയിലാണ് കെപ്ലര്‍ ദൗത്യം 2600 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. 300 മുതല്‍ 3000 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രങ്ങളുടെ ഗ്രഹങ്ങളെയാണ് ഇങ്ങനെ കണ്ടെത്തിയത്.

300 പ്രകാശവര്‍ഷ പരിധിക്കുള്ളിലുള്ള ഗ്രഹങ്ങളെയായിരിക്കും ടെസ് നിരീക്ഷിക്കുക. കെപ്ലര്‍ ദൗത്യത്തിന് ലഭിച്ചതിനേക്കാള്‍ 100 മടങ്ങ് തെളിച്ചമുള്ള ലക്ഷ്യങ്ങളാണ് ടെസ്സിന് പരിശോധിക്കാനുള്ളത്. പ്രകാശം സ്വാംശീകരിക്കപ്പെടുന്നതിന്റെയും പുറപ്പെടുവിക്കുന്നതിന്റെയും അളവും ഇതിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് വ്യക്തമായി നിരീക്ഷിക്കാനാകും. ഇതിലൂടെ ഗ്രഹത്തിന്റെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷം, ജലത്തിന്റെ സാന്നിധ്യം, ജീവന്റെ സാന്നിധ്യം എന്നിവ തിരിച്ചറിയാനും കഴിയും. ഈ ദൗത്യം ഓരോ ഗ്രഹങ്ങളെയും തിരിച്ചറിയാനും അവയുടെ വ്യത്യാസങ്ങള്‍ മനസിലാക്കാനും ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തി. വ്യാജ ക്ലെയിമുകളിലൂടെ കമ്പനികള്‍ക്ക് പണം നഷ്ടപ്പെടുന്നതില്‍ കുറവുണ്ടായതോടെയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ശരാശരി 7 ശതമാനം വരെയാണ് പ്രീമിയത്തില്‍ കുറവുണ്ടായത്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 59 പൗണ്ട് മാത്രമായിരുന്നുവെന്ന് confused.com റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ ക്ലെയിമുകള്‍ ഇല്ലാതാക്കാന്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിജയം കണ്ടതിന്റെ സൂചനയാണ് ഇതെന്നും ഈ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ പറയുന്നു. പുരുഷന്‍മാര്‍ ഇന്‍ഷുറന്‍സ് കവറിനായി 810 പൗണ്ടും സ്ത്രീകള്‍715 പൗണ്ടുമാണ് ഇപ്പോള്‍ നല്‍കി വരുന്നത്.

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നടത്തുന്നവര്‍ മെഡിക്കല്‍ തെളിവുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് അവതരിപ്പിച്ച പദ്ധതിയില്‍ വ്യക്തമാക്കുന്നു. വ്യാജ ക്ലെയിമുകളിലൂടെ സാധാരണ വാഹന ഉടമകള്‍ക്ക് പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. വ്യാജ ക്ലെയിമുകള്‍ വളരെ വേഗത്തില്‍ അനുവദിക്കപ്പെടുന്ന സംസ്‌കാരത്തിന് അറുതി വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഗോക്ക് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒട്ടേറെ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. വല്ലാത്തൊരു നഷ്ടപരിഹാര സംസ്‌കാരമായിരുന്നു ഇതിലൂടെ തുടര്‍ന്നു വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പരിക്കുകള്‍ക്ക് പേഴ്‌സണല്‍ ഇന്‍ജുറി നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തണമെന്ന് കഴിഞ്ഞ മാസം മന്ത്രിസഭ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ഏപ്രിലില്‍ മാത്രമേ ഈ രീതി നടപ്പാകുകയുള്ളു. എങ്കിലും ഈ നിര്‍ദേശത്തിന്റെ പ്രതിഫലനം പ്രീമിയങ്ങളുടെ നിരക്കുകളില്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും കമ്പനികള്‍ പറയുന്നു.

ഗള്‍ഫ് സ്ട്രീം എന്നറിയപ്പെടുന്ന സമുദ്ര പ്രവാഹത്തിനുണ്ടാകുന്ന തടസങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്ന് ശാസ്ത്രജ്ഞര്‍. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ പ്രവാഹം എക്കാലത്തെയും ദുര്‍ബലമായ അവസ്ഥയിലാണെന്ന് ഈയാഴ്ച വെളിപ്പെടുത്തലുണ്ടായിരുന്നു. വന്‍ സമുദ്രജല പ്രവാഹങ്ങളിലൊന്നായ ഇതിന് തടസമുണ്ടായ ഘട്ടങ്ങളിലൊക്കെ അതിന്റെ സ്വാധീനം കാലാവസ്ഥയില്‍ പ്രകടമായിരുന്നു. ഈസ്റ്റേണ്‍ യൂറോപ്പില്‍ അതിശൈത്യവും അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അതിവേഗത്തില്‍ സമുദ്രനിരപ്പ് ഉയരുകയും ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാകുകയുമൊക്കെ ഇതിന്റെ ഫലമായുണ്ടായിട്ടുണ്ട്.

ആഗോളതാപനം ഈ പ്രവാഹത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഈ പ്രവാഹത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് കാലാവസ്ഥാ മാറ്റമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക്കിലെ ഉഷ്ണജലത്തെ ഉത്തരധ്രുവം വരെ എത്തിക്കുകയും അവിടെ വെച്ച് തണുക്കുന്ന പ്രവാഹം ദക്ഷിണദിശയിലേക്ക് തിരിച്ചു സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്. ഉത്തരാര്‍ദ്ധഗോളത്തിന്റെയും അന്തരീക്ഷത്തിന്റെയും കാലാവസ്ഥ നിര്‍ണ്ണയിച്ചുകൊണ്ടിരുന്നത് ഈ പ്രവാഹമായിരുന്നു. അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക് എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രവാഹത്തിന് 1950ന് ശേഷം 15 ശതമാനത്തോളം ശക്തി കുറഞ്ഞിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതും കടല്‍ ജലത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുന്നതും ജലത്തിന്റെ സാന്ദ്രതയില്‍ കുറവുണ്ടാക്കുന്നത് ഈ പ്രവാഹത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതിഭാസങ്ങളും ആഗോള താപനവും മൂലം സമുദ്രജല പ്രവാഹത്തില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ എല്ലാ നദികളുടെയും പ്രവാഹം ഒറ്റയടിക്ക് നിര്‍ത്തിയാലുണ്ടാകാവുന്ന ആഘാതമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 1600 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രവാഹത്തിന്റെ വേഗത വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. 450 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വേഗതയിലാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതെന്ന് മറ്റൊരു പഠനവും വ്യക്തമാക്കുന്നു. മനുഷ്യ ഇടപെടല്‍ കൊണ്ടുണ്ടായ കാലാവസ്ഥാ ദുരന്തമാണ് ഇത്. അമോകിനെ ബാധിക്കുന്നതിലൂടെ ആഗോള കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകും.

അമോകിന്റെ ശക്തി കുറയുന്നത് വെസ്‌റ്റേണ്‍ യൂറോപ്പിലേക്കുള്ള ഉഷ്ണജലപ്രവാഹം കുറയ്ക്കുകയും ശൈത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡേ ആഫ്റ്റര്‍ ടുമോറോ എന്ന ചിത്രത്തിന് സമാനമായ കാലാവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാകുക. സമുദ്രാന്തര ആവാസ വ്യവസ്ഥയും വ്യാപകമായി തകരും. സമ്മര്‍ ഹീറ്റ് വേവുകള്‍ വര്‍ദ്ധിക്കാനും പ്രവാഹത്തിന്റെ ശക്തി കുറയുന്നത് കാരണമാകും. ഉത്തര ദിശയില്‍ നിന്നുള്ള പ്രവാഹം തണുക്കാന്‍ സമയമെടുക്കുന്നതാണ് ഇതിന് കാരണം. ഉപരിതലത്തിലെ തണുത്ത ജലം അന്തരീക്ഷത്തിലെ ചൂട് വായുവിനെ യൂറോപ്പില്‍ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയും 2015ല്‍ സംജാതമായ അതേ കാലാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഗവേഷണം വ്യക്തമാക്കുന്നു.

കാലിഫോര്‍ണിയയ്ക്ക് സമീപം കാര്‍  ഈല്‍ നദിയില്‍ വീണുണ്ടായ അപകടത്തില്‍ കാണാതായ മലയാളി കുടുംബത്തിലെ ഗൃഹനാഥന്‍ സന്ദീപ്‌ തോട്ടപ്പള്ളി (42)യുടെയും മകള്‍ സാച്ചി തോട്ടപ്പള്ളി(09)യുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സന്ദീപിന്‍റെ ഭാര്യ സൗമ്യ തോട്ടപ്പള്ളി(38)യുടെ മൃതദേഹം വെള്ളിയാഴ്ച ഈല്‍ നദിയില്‍ നിന്നും കണ്ടെടുത്തിരുന്നു.  ഞായറാഴ്ച ഉച്ചയോടെയാണ് സന്ദീപ്‌, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാര്‍ നദിയില്‍ വീണ സ്ഥലത്ത് നിന്നും അര മൈല്‍ ദൂരെ നദിയുടെ അടിത്തട്ടിലെ ചെളിയില്‍ പൂണ്ട നിലയില്‍ ഇവരുടെ കാര്‍ കണ്ടെത്തുകയായിരുന്നു. നദിയുടെ മുകള്‍പരപ്പില്‍ എണ്ണമയം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്.

ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് കാര്‍ ചെളിയില്‍ നിന്നും പുറത്തെടുത്ത് കരയ്ക്കെത്തിച്ചത്. കാറിന്‍റെ പിന്‍സീറ്റില്‍ നിന്നാണ് സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാറിന്‍റെ ചില്ല് തകര്‍ന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഇത് ഇവര്‍ രക്ഷപെടാന്‍ നടത്തിയ ശ്രമത്തില്‍ സംഭവിച്ചതാണ് എന്ന് കരുതുന്നു.

ഏപ്രില്‍ ആറിനാണ് സന്ദീപും കുടുംബവും അപകടത്തില്‍ പെട്ടത് എന്ന് കരുതുന്നു. ഇവര്‍ എത്തിച്ചേരും എന്ന് പറഞ്ഞിരുന്ന വീട്ടില്‍ ഇവര്‍ എത്തിചേരാതിരുന്നതിനെ തുടര്‍ന്ന് എട്ടാം തീയതിയോടെയാണ് ഇവരെ കാണാനില്ല എന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഇതിനിടയില്‍ ഒരു കാര്‍ ഈല്‍ നദിയിലേക്ക് വീഴുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പോലീസിനെ അറിയിച്ചതനുസരിച്ച് പോലീസ് നദിയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. റോഡരികില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ കാര്‍ നദിയിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം.

സന്ദീപ്‌, സൗമ്യ, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥിന് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved