ഭർത്താവായ എംഎൽഎയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോടികളുടെ സർക്കാർ ഭൂമി പതിച്ചു കൊടുത്തു.2017 ജൂലൈ ഒമ്പതിന് വർക്കല തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത വർക്കല ഇലകമൺ പഞ്ചായത്തിലെ അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാരിപ്പള്ളി‐വർക്കല സംസ്ഥാനപാതയോട് ചേർന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥൻ എംഎൽഎയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യർ പതിച്ചു കൊടുത്തത്. ഭൂമി ലഭിച്ച അയിരൂർ പുന്നവിള വീട്ടിൽ ലിജി ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ ശബരീനാഥന്റെ അടുത്തയാളും.സ്വകാര്യവ്യക്തി വർഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമൺ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വർക്കല തഹസിൽദാർ അന്വേഷണം നടത്തി 2017ൽ ഭൂമി പിടിച്ചെടുത്തത്.
ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ ദിവ്യ എസ് അയ്യർ കക്ഷിയായിരുന്നില്ല. എന്നാൽ ഉന്നതല സ്വാധീനത്താൽ പിന്നീട് ആർ ഡി ഒ കൂടിയായ ഇവരെ ആറാം എതിർ കക്ഷിയായി ഉൾപ്പെടുത്തി. വാദിയെ നേരിൽ കേട്ട് തീരുമാനമെടുക്കാൻ ആർഡിഒയെ കഴിഞ്ഞവർഷം ഒക്ടോബർ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസിൽ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയും. കൈവശം വെച്ചനുഭവിക്കുന്ന റീസർവേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നൽകണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. സർക്കാർ ഏറ്റെടുത്ത റീസർവേ 227ൽ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാൽ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യർ റീസർവേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നൽകാൻ ഉത്തരവിട്ടു. ഒപ്പം റീസർവേ 227ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഏറ്റെടുത്ത താഹസിൽദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സർക്കാർ പുറമ്പോക്കും ലിജിക്ക് ലഭിച്ചു.
അതീവരഹസ്യമായാണ് ദിവ്യ എസ് നായർ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. എന്നാൽ ഈ വിവരം അറിഞ്ഞ് താഹസിൽദാർ ഹിയറിങ്ങിൽ പങ്കെടുത്തു. പക്ഷെ താഹസിൽദാരുടെ വാദമുഖങ്ങൾ സബ് കളക്ടർ മുഖവിലക്കെടുത്തില്ലെന്ന് പരാതിയുണ്ട്. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അതിൽ വീഴ്ചവരുത്തിയാൽ മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയ ദിവ്യ എസ് അയ്യർ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭൂമി പതിച്ചു നൽകിയതിതെിരെ ഇലകമൺ പഞ്ചായത്ത് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വി ജോയി എംഎൽഎ ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചതായി എംഎൽഎ പറഞ്ഞു.
തിമിർത്ത് പെയ്യുന്ന മഴ ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒമ്പത് സെന്റീമീറ്ററിനു മുകളിൽ മഴ പെയ്തേക്കും. കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർ രാത്രിയാത്ര ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ളതിനാൽ മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സൗദി രാജകുമാരന്‍ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദ് വിമാനത്താവളത്തില്‍ വെച്ച് ആത്മഹത്യ ചെയ്തുവെന്ന് അറബ് മാധ്യമങ്ങള്‍. ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഈ വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായില്ല. ലണ്ടനിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. പക്ഷേ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും രാജകുമാരന്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യക്ക് കാരണമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുമാരന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച മക്കയിലെ ഗ്രാന്റ് മസ്ജിദിലാണ് ശവ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ബാല്‍ക്കണിയില്‍ നിന്നും വീണ ഉടനെ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണം സംബന്ധിച്ച് ബ്രിട്ടനില്‍ നിന്നും റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. വരും ദിവസങ്ങളില്‍ ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറയൂർ – മൂന്നാർ റോഡിൽ സർവീസ് ബസിനു നേരേ ഒറ്റയാന്റെ ആക്രമണ ശ്രമം. മറയൂരിൽനിന്ന് 20 കിലോമീറ്റർ അകലെ തലയാറിനും ഒൻപതാംമൈലിനും ഇടയിലുള്ള ഭാഗത്താണ് കാന്തല്ലൂരിൽനിന്ന് ആലുവയിലേക്കു യാത്രക്കാരുമായി പോയ സംഗമം എന്ന സ്വകാര്യ ബസിനുനേരേ ആക്രമണ ശ്രമമുണ്ടായത്.
ഇന്നലെ രാവിലെ ആറേമുക്കാലോടെയാണ് ഒൻപതാം മൈൽ ഭാഗത്ത് റോഡരികിൽനിന്നു കാട്ടാന ബസിനു നേരേ പാഞ്ഞടുത്തത്. ഡ്രൈവർ വേഗത്തിൽ ബസ് മുന്നോട്ടു നീക്കിയതിനാൽ അപകടമുണ്ടായില്ല. നിരവധി വിനോദസഞ്ചാരികളും സ്ഥിരം യാത്രക്കാരുമുള്ള ഈ പാതയിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. കെ എം മാണിയുടെ എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കെ.എം മാണിയെ സന്ദര്‍ശിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. വി മുരളീധരന്‍ പറഞ്ഞു. പി. ജയരാജന് വധഭീഷണിയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശുഹൈബ് വധക്കേസില്‍ പ്രതിരോത്തിലായിരിക്കുന്ന ജയരാജനെ രക്ഷിക്കാനുള്ള സിപിഐഎമ്മിന്റെ നാടകമാണ് പുതിയ റിപ്പോര്‍ട്ടെന്ന് അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുന്നണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ഇന്ന് നടക്കാനിരിക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.
ലണ്ടൻ: റഷ്യൻ ഇരട്ടച്ചാരൻ സ്ക്രിപാലിന്റെയും മകൾ യൂലിയയുടെയും നേർക്കുണ്ടായ രാസായുധാക്രമണത്തിനു തങ്ങൾക്ക് നേരെ കുറ്റം ആരോപിച്ച റഷ്യക്കെതിരെ ചെക്ക് റിപ്പബ്ലിക്ക്. സ്ക്രിപാലിനെതിരേ പ്രയോഗിച്ച മാരകമായ രാസവസ്തു വികസിപ്പിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്ന് ചെക്ക് റിപ്പബ്ലിക്ക് ആണെന്ന് റഷ്യ ആരോപിച്ചിരുന്നു. റഷ്യയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചെക്ക് റിപ്പബ്ലിക്ക് വിദേശകാര്യമന്ത്രി മാർട്ടിൻ സ്ട്രോപ്നിക്കി പറഞ്ഞു.
മാർച്ച് നാലിനാണ് സ്ക്രിപാലിനും പുത്രി യൂലിയയ്ക്കും നേർക്ക് ആക്രമണമുണ്ടായത്. ഇരുവരെയും അബോധാവസ്ഥയിൽ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ഗുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
റഷ്യൻ സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തു ഉപയോഗിച്ച് ഇരുവരെയും വധിക്കാൻ നീക്കം നടന്നതായാണ് ബ്രിട്ടീഷ് സർക്കാർ പറയുന്നത്. എന്നാൽ തങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് റഷ്യ പറയുന്നത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ്. ഒളിവില്‍ കഴിയുന്ന ആര്‍.എസ്.എസ് ഗുണ്ടാനേതാവ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജയരാജനെ വധിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത് ഞങ്ങളല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ജയരാജനെ മഹത്വവത്ക്കരിക്കാനും നാട്ടില്‍ കലാപമുണ്ടാക്കാനുമുള്ള സിപിഎമ്മിന്റെ തന്ത്രമാണ് പുതിയ പോലീസ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് ബിജെപി ആപരോപിക്കുന്നു.
വധഭീഷണി നിലനില്‍ക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനോട് ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വധഭീഷണിയെ തുടര്‍ന്ന് ജയരാജന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചനകള്‍. ശുഹൈബ് വധത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട സിപിഎമ്മിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. പോലീസ് കളിക്കുന്ന നാടകത്തിന്റെ ബാക്കി പത്രമാണ് പുതിയ വധഭീഷണിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകനായ വാളാങ്കിച്ചല്‍ മോഹനന്‍ വധത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ആര്‍എസ്എസ് നേതാവ് പ്രനൂബ് ബാബു ഉള്‍പ്പെടുന്ന സംഘമാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ സജീവ പ്രവര്‍ത്തകരായ കതിരൂര്‍ മനോജ്, ധര്‍മ്മടം രമിത്ത് എന്നിവരുടെ കൊലപാതകത്തിന് പകരം വീട്ടുകയാണ് ഇവരുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദ്യാ ബാലനായിരിക്കും ശ്രീദേവിയുടെ വേഷത്തിലെത്തുക. സിനിമയില്‍ ശ്രീദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിദ്യയെ സമീപിച്ചതായി സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു.
ശ്രീദേവിയെ നായികയാക്കി ഹന്‍സല്‍ മേഹ്ത പുതിയ ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ദുബായില്‍ വെച്ചുണ്ടായ അപകടത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മരണപ്പെടുന്നത്. സിനിമാ ലോകത്തിന് തീരാനഷ്ടമായ മരണം അനാഥമാക്കിയത് അണയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ കൂടിയാണ്.
സിനിമയുമായി ബന്ധപ്പെട്ട് വിദ്യാ ബാലന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ശ്രീദേവിക്കുള്ള സമര്‍പ്പണമായിരിക്കും പുതിയ സിനിമയെന്ന് സംവിധായകന്‍ ഹന്‍സല്‍ വ്യക്തമാക്കി. സിനിമയില്‍ ആരോക്കെ കഥാപാത്രങ്ങള്‍ ആവണമെന്നത് സംബന്ധിച്ച് തന്റെ മനസ്സില്‍ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം: ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി തള്ളി. ഷോണ്‍ ജോര്‍ജ് പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. നിഷയെ ട്രെയിനില്‍ വെച്ച് അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെയാണ് ഷോണ്‍ പരാതി നല്‍കിയത്.
നിഷയുടെ ഈയിടെ പുറത്തിറങ്ങിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായി പരാമര്‍ശം ഉള്ളത്. എന്നാല്‍ അപമാനിച്ചയാളുടെ പേരോ മറ്റു വിവരങ്ങളോ നിഷ ജോസ് പുസ്തകത്തിന്‍ വ്യക്തമാക്കിയിട്ടില്ല.
ഷോണിന്റെ പരാതി പരിശോധിച്ച ഈരാറ്റുപേട്ട പോലീസ് പ്രശ്‌നത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാപക അപകീര്‍ത്തി പ്രചാരണങ്ങള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ ഷോണ്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്നും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കെ.എം മാണിയുടെ പ്രതികരണത്തിന് അനുസരിച്ച് ഘടകകക്ഷികളുടെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ സംസ്ഥാന നേതൃത്വം പിരിച്ചു വിടുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം കെ.എം മാണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്.