Latest News

ജോളി മാത്യൂ

കുടുബത്തിലും സമൂഹത്തിലും സ്ത്രീയുടെ സ്ഥാനം അത്യന്തം പ്രധാനമാണ്. ഒരു അമ്മയായി, ഭാര്യയായി, സഹോദരിയായി, മകളായി നിനക്കുള്ള ഓരോ ബന്ധവും ദൈവം ഒരു ലക്ഷ്യത്തോടെ തന്നതാണ് . നീ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും ശക്തിയാകുന്നു, കുടുംബത്തിൻ്റെ ആധാരശിലയും.

സ്ത്രീകളുടെ പ്രാധാന്യം ധരിക്കാതെ ചിലർ അവരെ അവഗണിക്കാം. എന്നാൽ സത്യം ഇതാണ്. സ്ത്രീകളില്ലാതെ കുടുംബംതന്നെ നില നില്ക്കില്ല. ഒരു കുഞ്ഞ് ജനിക്കാൻ, കുടുംബം വളരാൻ,സമൂഹം പുരോഗമിക്കാൻ സ്ത്രീകളുടെ പങ്ക് അതിരില്ലാത്തതാണ്. നീ ഉള്ളതിനാലാണ് ഒരു കുടുബം പൂർണ്ണത കൈവരിക്കുന്നത്.

നിനക്കു ലഭിച്ച ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അവ നീ പ്രയോഗത്തിലാക്കുമ്പോൾ നീ ഒരു സമൂഹത്തെ മാറ്റിമറിക്കുന്നു.

നിൻ്റെ കരുണ, വിവേകം,സ്നേഹം, കരുതൽ ഇവയൊക്കെ ഒരേ സമയം കുടുംബത്തേയും, സമൂഹത്തേയും ശക്തിപ്പെടുത്തുന്നു. ആത്മ വിശ്വാസത്തോടെ നിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുമ്പോൾ, നിൻ്റെ വഴി പ്രകാശ പൂരിതമാകും.

ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്. പലരും അവഗണിക്കപ്പെടുന്നു, പലരും മാനസികമായും ശാരീരികമായും, സാമ്പത്തികമായും കടുത്ത പ്രതിസന്ധികൾ നേരിടുന്നു. എന്നാൽ പ്രിയ സഹോദരി, നീ ദൈവത്തിൻ്റെ ഒരു പ്രത്യേക സൃഷ്ടിയാണ്. നിന്നിലെ ആ ആത്മബലം തിരിച്ചറിഞ്ഞു നീ ഉയർന്നു വരുക! നീ ആഗ്രഹിച്ചാലേ ഒരു കുടുംബം നിലനിൽക്കു. നീയൊരു കരുതലോടെ നിന്നാലേ ഒരു സമൂഹം ഉയരൂ.

സ്ത്രീ സാർവത്രികമായ ഒരു പ്രകാശമാണ്. നീ കുടുബത്തിൻ്റെയും, സമൂഹത്തിൻ്റെയും ഹൃദയസ്പന്ദനമാണ്. നീ നിൻ്റെ കഴിവുകളെയും, മൂല്യങ്ങളെയും തിരിച്ചറിഞ്ഞു മുന്നോട്ട് പോകുക. ദൈവം നിനക്കു നല്കിയ നന്മകൾ ഉപയോഗപ്പെടുത്തുക. നീ ഈ ലോകത്തിൻ്റെ മാറ്റത്തിനുള്ള ഒരു കിരണമാകുക.

ഈ വനിതാദിനത്തിൽ എല്ലാ സ്ത്രീകൾക്കും ആദരവോടും സ്നേഹത്തോടും ഒരു സ്നേഹ പുരസ്കാരം!

ജോളി മാത്യു

പ്രഫഷണൽ രംഗത്തും, സാമൂഹിക മേഖലയിലും, തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ച, ജോളി മാത്യു, York Hospital ലിൽ FSDECയിൽ, ലീഡ് അഡ്വാൻസ്‌ഡ് ക്ലിനിക്കൽ പ്രാക്റ്റീഷണറായിട്ടു, ഇപ്പോൾ ജോലി ചെയ്യുന്നു.

സ്ത്രീ ശാക്തീകരണ ശ്രമങ്ങളിൽ, പ്രതിബദ്ധത കൈമുതലായ, ജോളി മാത്യു , സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ വിമൻസ് ഫോറത്തിൻ്റെ, സ്ഥാപക പ്രസിഡൻ്റായി, നാലുവർഷം, നിസ്തുലമായി, ചുമതലകൾ വഹിക്കുകയുണ്ടായി.

ഭർത്താവ്, മാത്യു ജോണിനും, രണ്ടു കുട്ടികൾക്കുമൊപ്പം യുകെയിലെ നോർത്ത്അലേർട്ടണിൽ താമസിക്കുന്നു.

സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ നടൻ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്. കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ നായനാരുടെ വേഷം ചെയ്യാനാണ് കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈകിട്ട് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിച്ചു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയന്‍ ഗ്രാമങ്ങളില്‍ സേന വ്യോമാക്രമണം നടത്തിയതായി ബ്രിട്ടനിലെ സിറിയന്‍ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പറഞ്ഞു. ലതാകിയയിലേക്ക് കൂടുതല്‍ സേനയെ അയച്ചതായി സര്‍ക്കാര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യം ശ്രമിക്കുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടുചെയ്തു.

ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ സേനയിലെ ‘ദി ടൈഗര്‍’ എന്ന് വിളിപ്പേരുള്ള കമാന്‍ഡറായിരുന്ന സുഹൈല്‍ അല്‍ ഹസ്സന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്‌പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 2015-ല്‍ വിമതര്‍ക്കെതിരേ അസദ് സേനയെ നയിച്ചത് ഹസ്സനാണ്. തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷമായ അല്‍വൈറ്റുകള്‍ അധിവസിക്കുന്ന മേഖലയാണിവിടം. സുന്നികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള സിറിയയില്‍ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് അസദ് കുടുംബം. ബഷാര്‍ അല്‍ അസദിന്റെ പതനത്തിനുശേഷം അലവി വിഭാഗത്തിന് നേര്‍ക്ക് വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും സിറിയിന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.

കഴിഞ്ഞ ഡിസംബറില്‍ സായുധസംഘടനയായ ഹയാത് തഹ്‌രീർ അല്‍ ഷാം(എച്ച്.ടി.എസ്.) നടത്തിയ വിമത വിപ്ലവത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് ലതാകിയയിലേത്. ആഭ്യന്തരയുദ്ധം ആരംഭിച്ച് 13 വര്‍ഷത്തിനുശേഷമാണ് വിമതര്‍ അസദിന്റെ സമഗ്രാധിപത്യഭരണത്തെ അട്ടിമറിച്ചത്. എച്ച്.ടി.എസ്. നയിച്ച 11 ദിവസത്തെ വിപ്ലവത്തെത്തുടര്‍ന്ന് അസദ് റഷ്യയിലേക്ക് പലായനംചെയ്തിരുന്നു. എച്ച്.ടി.എസിന്റെ നേതാവായിരുന്ന അഹമ്മദ് അല്‍ ഷാരയാണ് നിലവില്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റ്. രാജ്യത്തുനിന്ന് അസദ് അനുകൂലികളെ ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിലുള്ള സേന പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍മ്മ പദ്ധതിയുമായി റെയില്‍വേ. രാജ്യത്തെ തിരക്കേറിയ 60 സ്റ്റഷേനുകളില്‍ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മഹാ കുംഭമേളയോടനുബന്ധിച്ച് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുള്ള തിക്കിലും തിരക്കിലും നിരവധിപേര്‍ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് റെയിവേ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. ഇന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ പദ്ധതി സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ.

ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, അയോധ്യ, പട്‌ന റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പദ്ധതി ഇതിനോടകം ആരംഭിച്ചതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.

റിസര്‍വേഷന്‍ കണ്‍ഫേം ആയിട്ടുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഈ സ്റ്റേഷനുകളിലെ അനധികൃത പ്രവേശന പോയിന്റുകള്‍ അടച്ചുപൂട്ടുന്നതിനൊപ്പം, പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. 12 മീറ്റര്‍, ആറ് മീറ്റര്‍ വീതികളിലുള്ള പുതിയ ഡിസൈനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളാകും നിര്‍മിക്കുക. കുംഭമേളയില്‍ ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തിരക്ക് നിയന്ത്രണത്തിന് ഫലപ്രദമായിരുന്നുവെന്നാണ് കണ്ടെത്തല്‍.

സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കും. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും കോര്‍ഡിനേറ്റ് ചെയ്ത് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ വാര്‍ റൂമുകള്‍.

ഓരോ പ്രധാന സ്റ്റേഷനിലും ഒരു സ്റ്റേഷന്‍ ഡയറക്ടര്‍ ഉണ്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ഉടനടി എടുക്കാന്‍ അധികാരമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഈ ഡയറക്ടര്‍.

സ്‌റ്റേഷന്റെ ശേഷിയും ട്രെയിനുകളുടെ എണ്ണത്തിനും അനുസരിച്ച് ടിക്കറ്റ് വില്‍പന നിയന്ത്രിക്കാനും ഈ ഡയറക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും.

അതേ സമയം പദ്ധതി നടപ്പാക്കുന്ന 60 സ്റ്റേഷനുകളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും കടുപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പൗരന്‍മാര്‍ക്ക് യുഎസിലേക്കുള്ള യാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പുറമെ മറ്റ് ചില രാജ്യങ്ങള്‍ക്കും വിലക്ക് വരാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍, സിറിയ, യെമന്‍, ലിബിയ, സൊമാലിയ, സുഡാന്‍, ക്യൂബ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെയും ട്രംപ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച കൃത്യമായ പട്ടിക ഈ മാസം തന്നെ പുറത്തു വിടുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം അഫ്ഗാനില്‍ അമേരിക്കയ്ക്ക് വേണ്ടി ജോലി ചെയ്തതിന്റെ പേരില്‍ താലിബാന്‍ ദ്രോഹിക്കുമെന്ന് ഭയന്ന് നാടുവിട്ട് വിവിധയിടങ്ങളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഫ്ഗാന്‍കാരെ വിലക്ക് ബാധിക്കും. യു.എസിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നവരും അനുമതി ലഭിച്ചിരിക്കുന്നവരും ഇതിലുണ്ട്.

മുന്‍പ് അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്‍ഗാമി ജോ ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.

ജനുവരി 20 ന് അധികാരമേറ്റ ശേഷം, ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിനായി അമേരിക്കയിലേക്ക്പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക്‌ മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ഭർത്താവ് കോരു ഗംഗാധരന്റെ മരണാനന്തര കർമ്മങ്ങൾ മാർച്ച് 8 ന് ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്‌മശാനത്തിൽ ദഹന കർമ്മവും നടത്തപ്പെടും.

കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് ഗംഗാധരൻ നിര്യാതയനായത്. പരേതൻ മലേഷ്യയിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും സാമൂഹ്യരംഗത്തും നിറസാന്നിദ്ധ്യമായിരുന്ന ഗംഗാധരൻ മലേഷ്യയിൽ ബോയ്സ് സ്‌കൗട്ടിൽ സജീവ മെമ്പറായിരുന്നു. ലണ്ടനിലും സ്‌കൗട്ടിനു പ്രോത്സാഹനം നൽകി പോന്നിരുന്ന ഗംഗാധരൻ സാഹിത്യ രംഗത്തും ചുവടു വെച്ചിരുന്നു.

നാളെ, ശനിയാഴ്ച രാവിലെ എട്ടരക്ക് ട്രിനിറ്റി ഹാളിൽ പൊതുദർശ്ശനവും, അന്ത്യപോചാര കർമ്മങ്ങളും ആരംഭിക്കും. തുടർന്ന് പത്തു മണിക്ക് മാനർപാർക്കിലെ സിറ്റി ഓഫ് ലണ്ടൻ ക്രിമറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹിപ്പിക്കും.

ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടൻ). കാർത്തിക , കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.

അന്ത്യോചാര കർമ്മങ്ങളിലും പൊതുദർശ്ശനത്തിലും പങ്കു ചേരുവാൻ എത്തുന്നവർ റീത്തും, പൂക്കളും മറ്റും കൊണ്ടുവരരുതെന്നും, പകരം പരേതന്റെ താൽപ്പര്യ പ്രകാരം ഒരുക്കുന്ന സ്കൗട്ട് ന്യൂഹാം, ഡിമെൻഷ്യാ യു കെ എന്നീ സംഘടനകൾക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകാവുന്നതാണ്.

അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ളാക്ക് ഹാൾ സ്വാമി നാരായണ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന എളിയ സൽക്കാരത്തിൽ ഏവരും പങ്കു ചേരണമെന്ന് കുടുംബാംഗങ്ങൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.

സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്നിലുണ്ടാകേണ്ടിയിരുന്ന മുകേഷ് എവിടെ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരടക്കം ചോദിക്കുന്നത്. ലൈംഗികാരോപണ കേസില്‍ പ്രതിയായ മുകേഷിനെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് മാറ്റി നിര്‍ത്തിയതാണന്നാണ് സൂചന.

നടിയുടെ ലൈംഗികാരോപണം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായതിന് പിന്നാലെയാണ് മുകേഷ് സമ്മേളനത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ മുകേഷിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എയെ സമ്മേളനത്തിന്റെ ഭാഗമാക്കേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

മുകേഷ് ജില്ലയ്ക്ക് പുറത്ത് സിനിമ ഷൂട്ടിങിലാണെന്നാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും മുകേഷ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നേരത്തെ, തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ ചെങ്കൊടിയുമേന്തി നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് മുകേഷ് വിശദീകരണക്കുറിപ്പ് നല്‍കിയത്. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരായ നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരായ ആരോപണമെന്ന വാദവും ഉയര്‍ത്തിയിരുന്നു.

തനിക്കെതിരായ ആരോപണത്തെ പാര്‍ട്ടിയെ മുന്‍നിര്‍ത്തി പ്രതിരോധിക്കുകയാണ് മുകേഷ് ചെയ്യുന്നതെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികൾ സുരക്ഷിതരാണെന്നും പൂനെ ആർ.പി.എഫ്. ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് തങ്ങളെ കണ്ടെത്തിയതിൽ കുട്ടികൾ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു. പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞിരുന്നു.

കുട്ടികള്‍ പരീക്ഷയെഴുതാനെന്നുപറഞ്ഞാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍ സ്‌കൂളില്‍ എത്തിയില്ല. പരീക്ഷയ്ക്ക് കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. മൂന്നാംതീയതി ഇവര്‍ പരീക്ഷ എഴുതിയിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ബുധനാഴ്ച ഇതില്‍ ഒരാള്‍ക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ. സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇന്ത്യക്കും ജയ്ശങ്കറിനുമെതിരേ ഖലിസ്താന്‍ അനുകൂലികളുടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സമയം റോഡിന്റെ മറുവശത്ത് ജയ്ശങ്കര്‍ നില്‍ക്കുന്നുമുണ്ട്. പരിപാടിക്ക് ശേഷം മടങ്ങാനൊരുങ്ങവേ ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഖലിസ്താന്‍ അനുകൂലിയായ ഒരാള്‍ ഓടിയെത്തി. ഇയാള്‍ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് ലണ്ടന്‍ പോലീസ് ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും നീക്കം ചെയ്തു.

ചേഥം ഹൗസിന് പുറത്ത് ഇന്നലെയുണ്ടായ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നെന്ന് യു.കെ. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് യു.കെയ്ക്കുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിലുണ്ട്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

ഏറ്റൂമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരനെതിരേയും ആരോപണം. യുവതിയെയും രണ്ടുമക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ വൈദികനായ ഭര്‍തൃസഹോദരനും പങ്കുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്. അതേസമയം, സംഭവത്തില്‍ വിദേശത്തുള്ള വൈദികന്റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അമ്മയും മക്കളും ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവായ നോബി ലൂക്കോസിനെ മാത്രമാണ് പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആത്മഹത്യയുമായി ബന്ധപ്പെട്ട് നോബി ലൂക്കോസിനെ കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതിനിടെ, ജീവിതത്തില്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും ഭര്‍ത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള ഷൈനിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നത്. ഒരുപാട് ശ്രമിച്ചിട്ടും നാട്ടില്‍ ജോലികിട്ടുന്നില്ലെന്നും വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

നോബിയുടെയും ഷൈനിയുടെയും വീട്ടില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. തോമസ് മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ”നോബി മൂന്നുമാസം ജോലി കഴിഞ്ഞാല്‍ മൂന്നുമാസം അവധിക്ക് വരും. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പറഞ്ഞുകേട്ടിരുന്നു. ഷൈനി സ്വന്തംവീട്ടിലേക്ക് പോയി രണ്ടാംദിവസമാണ് കുടുംബശ്രീ വഴി ഇതെല്ലാം അറിയുന്നത്. അപ്പോള്‍ ഷൈനിയെ വിളിച്ചുചോദിച്ചു. എനിക്ക് ഒരു ജോലി വേണം എന്നാണ് ഷൈനി പറഞ്ഞത്. ജോലിയില്‍ 12 വര്‍ഷത്തെ ഇടവേള വന്നതിനാല്‍ അതിനായി ഒരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിടെ പാലിയേറ്റീവില്‍ ഷൈനി പലതവണ വരാറുണ്ട്. അതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു. അതുനല്‍കി. എന്നാല്‍, അതുകൊടുത്തിട്ടും ജോലി നിഷേധിക്കപ്പെട്ടതായാണ് പറയുന്നത്. വൈദികനുള്ള ഒരു കുടുംബത്തിലെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് തന്നെ നേരത്തെ ഇടപെട്ട് പരിഹരിക്കാമായിരുന്നു. ഷൈനിക്കും കുട്ടികള്‍ക്കും നീതികിട്ടാനായി എല്ലാവിധ പിന്തുണയും വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നു”, അദ്ദേഹം പറഞ്ഞു

ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. റെയില്‍പാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.

കുടുംബപ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14)എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചുവരുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

RECENT POSTS
Copyright © . All rights reserved