Latest News

ബംഗളൂരു: മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഓടിയത് 70 കിലോമീറ്റര്‍. കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസിന് അടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവത്തില്‍ ഡ്രൈവറായ മൊഹിനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍

തമിഴ്നാട്ടില്‍ നിന്നും മൈസൂരു-മാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ചന്നപട്ടണത്തുവെച്ച് ഒരു ശബ്ദം കേട്ടിരുന്നുവെന്നും റിയര്‍വ്യൂ മിററില്‍ കൂടി നോക്കിയപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ലെന്നും മൊഹിനുദ്ദീന്‍ പറഞ്ഞു. കല്ല് അടിയില്‍ തട്ടിയതാണെന്നാണ് കരുതിയത്. പുലര്‍ച്ചെ 2.35 മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്.

മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, മജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്റ്റേഷനുകളില്‍ ആളിറക്കിയതിനു ശേഷം ബസ് ബംഗളൂരു ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു. രാവിലെ എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവറേയും വില്‍സണ്‍ ഗാര്‍ഡന്‍ പോലീസിനേയും ജീവനക്കാര്‍ വിവരമറിയിച്ചു.

ബസിനടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനം അശ്രദ്ധമായു ഓടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പോര്‍ട്ട് നൊവൊ: മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതെയായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെ തീരത്ത് വെച്ചാണ് കപ്പല്‍ കാണാതായിരിക്കുന്നത്. പനാമ രജിസ്ട്രേഷനുള്ള കപ്പലില്‍ നിന്നും അവസാനമായി വിവരം ലഭിച്ചത് നാല് ദിവസം മുന്‍പാണ്. കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. 13,500 ടണ്‍ പെട്രോളുമായി യാത്ര ചെയ്യുകയായിരുന്ന എം.ടി മറൈന്‍ എക്സ്പ്രസ് എന്ന കപ്പലാണ് കാണാതായിരിക്കുന്നത്.

കാസര്‍??ഗോഡ് സ്വദേശി ഉണ്ണിയുള്‍പ്പെടെ 22 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 31-നാണ് കപ്പലില്‍നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചതെന്നാണ് ഉണ്ണിയുടെ ബന്ധുക്കളെ മുംബൈ ആസ്ഥാനമായുള്ള ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. അവസാന സിഗ്‌നല്‍ ലഭിക്കുമ്പോള്‍ ബെനിനിലെ കോട്ടാനോവിലായിരുന്നു കപ്പല്‍. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. കപ്പല്‍ കണ്ടെത്താന്‍ ഇന്ത്യ നൈജീരിയടക്കം മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കാണാതാകുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ ജനുവരിയില്‍ കാണാതായ കപ്പല്‍ ആറുദിവസങ്ങള്‍ക്ക് ശേഷം കൊള്ളക്കാര്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ നാവികര്‍ തന്നെയായിരുന്ന ഈ കപ്പലിലും ഉണ്ടായിരുന്നത്.

ആദി’ തിയേറ്ററുകളിലെത്തിയ മുതല്‍ പ്രണവ് മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സിനിമയുടെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നു. വീഡിയോയില്‍ പ്രണവ് ചിത്രത്തിന് വേണ്ടി നേരിട്ട കഠിന പ്രയത്നങ്ങളും കാണാം. സിനിമയുടെ മേക്കിങ്ങിനിടയിൽ പ്രണവിനുണ്ടായ അപകടങ്ങളും വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തിയറ്ററുകളിൽ നിറഞ്ഞ കയ്യടിയോടു കൂടി മുന്നേറുകയാണ്. താര പുത്രന്‍റെ ആദ്യ വരവ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു

പുത്തന്‍കുരിശ്: വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ. ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാവിലെ ദളിത് ആത്മാഭിമാന കണ്‍വെഷനില്‍ പങ്കെടുക്കാനെത്തിയവരെ അമ്പതോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയ് ഭീം മുദ്രാവാക്യം മുഴക്കിയാണ് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയവര്‍ അറസ്റ്റ് വരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സ്ഥലത്ത് സംഘര്‍ഷാസ്ഥയുണ്ടാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസ്, തേജസ്, സൗത്ത് ലൈവ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയാണ് സംഘപരിവാറുകാര്‍ മാര്‍ദ്ദിച്ചത്. ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ നിമിഷ ടോമിനെ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ സമരം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പൊലീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റുകയാണ്. പ്രദേശത്തെ കടകളെല്ലാം നിര്‍ബന്ധപൂര്‍വ്വം പൊലീസ് അടപ്പിക്കുകയാണ്. അതേസമയം സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പ്രോത്സാഹിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് നിന്ന് ആഹ്ലാദം പ്രകടിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്.

48 മണിക്കൂറില്‍ 18 ഏറ്റുമുട്ടലുകള്‍, 10 ജില്ലകളില്‍ നിന്നായി 24 കൊടും കുറ്റവാളികള്‍ അകത്തായി, തലയ്ക്ക് വിലയിട്ട ഒരു ക്രിമിനലിനെ വെടിവച്ചുകൊന്നു- ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ 48 മണിക്കൂറിനുള്ളില്‍ നടന്ന നടപടികളാണിത്. യുപിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടപടി ആരംഭിച്ചത്.

33 ക്രിമനില്‍ കേസുകള്‍ നിലവിലുള്ള പിടികിട്ടാപ്പുള്ളിയും തലയ്ക്ക് 25000 വരെ റിവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്ത ഇന്ദ്രപാല്‍ എന്ന കൊടും കുറ്റവാളിയെ പൊലീസ് വധിച്ചു. പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഓപ്പറേഷന്‍ നടപ്പിലാക്കിയത്. വിവിധ ഏറ്റുമുട്ടലുകളിലായി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഗൊരഗ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് 50000 രൂപ പ്രഖ്യാപിച്ച രണ്ട് ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ എട്ടോളം കൊടും കുറ്റവാളികളും അറസ്റ്റിലായി. ഏറ്റുമുട്ടലുകള്‍ പൊലീസിന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും പൊലീസിനെതിരെ ആക്രമണം നടക്കുന്നതിനാലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടാകാന്‍ കാരണമെന്നും ഐജി ഓപി സിങ് വ്യക്തമാക്കി.

യോഗി ആദിഥ്യനാഥ് അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ 950 ഏറ്റുമുട്ടലുകളാണ് നടന്നത്. 200 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 30പേരെ കൊലപ്പെടുത്തുകയും ചെയ്തു. യുപി സര്‍ക്കാറിന്‍റെ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട സാം എബ്രഹാം വധക്കേസില്‍ വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്‌നിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസര്‍ നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നില്‍ വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് മരണത്തിലേക്ക് നയിക്കാം.

എന്നാല്‍ സാമിന്റെ രക്തത്തില്‍ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത്രയധികം അളവ് രക്തത്തില്‍ പ്രകടമാകില്ല എന്ന് പ്രൊഫസര്‍ ഗുഞ്ചന്‍ കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കള്‍ ഒരുപാട് കൂടിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാല്‍ ഇത്രയും അപകടകരമായ അളവില്‍ വരില്ലെന്നും അദ്ദേഹം മൊഴി നല്‍കി. മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ സാം ഛര്‍ദിച്ചതിന്റെ തെളിക്കുകള്‍ ഒന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വളരെ ചെറിയ അളവില്‍ ഏറെ നേരം കൊണ്ട് ശരീരത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യത. ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ നേരമെടുത്ത് ഒരു പക്ഷേ മണിക്കൂറുകള്‍ എടുത്ത് ചെറിയ അളവില്‍ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസര്‍ ഗുഞ്ചന്‍ ജൂറിക്കു മുന്നില്‍ പറഞ്ഞു. ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലുമാണ് ഇത് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് വിദഗ്ധന്‍ ജൂറിക്ക് മുന്നില്‍ പറഞ്ഞു. പ്രതികളുടെ അഭിഭാഷകര്‍ പ്രൊഫസര്‍ ഗുഞ്ചനെ ക്രോസ് വിസ്താരം നടത്തി. വിചാരണ തിങ്കളാഴ്ച തുടരും. കേസില്‍ പ്രതികളായ സോഫിയയും അരുണ്‍ കമലാസനനും കുറ്റം നിഷേധിച്ചിട്ടുണ്ട്.

ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നിന്നും നവജാതശിശുവിന്റെ തല കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് നടന്ന ശിശുബലിയാണോ ഇതെന്ന് സംശയം. ഇക്കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹൈദരാബാദ് ചിലുക നഗറിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്.

വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീ തുണികള്‍ ഉണക്കാനായി ടെറസിലെത്തിയപ്പോഴാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്. തല കണ്ടയുടന്‍ ബഹളംവെച്ച സ്ത്രീയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തല ആദ്യം കണ്ട സ്ത്രീയുടെ മരുമകനായ ടാക്സി ഡ്രൈവര്‍ രാജശേഖരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹരി, മകനായ രഞ്ജിത്ത് എന്നീ അയല്‍വാസികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ വേസ്റ്റ്ബാസ്‌കറ്റിനു സമീപത്തേക്കാണ് പൊലീസ് നായ എത്തിയത്.

അന്ധവിശ്വാസികളായ ഇവര്‍ രണ്ടുപേരും പൂജകള്‍ ചെയ്യാറുണ്ടായിരുന്നു. ശിശുവിന്റെ തലയ്ക്കു സമീപം ചോരപ്പാടുകള്‍ ഇല്ലാത്തതിനാല്‍ തല വെട്ടിയെടുത്ത ശേഷം ടെറസില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ശിശുവിന്റെ ബാക്കി ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ആയുധമാക്കാന്‍ ആരേയും അനുവദിക്കില്ല- യെച്ചൂരി വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പല പരാതികളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല – യെച്ചൂരി പറഞ്ഞു.

എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ബിനോയ്ക്കെതിരായ പരാതിയില്‍ ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ അറിയച്ചത്. ആരോപണങ്ങള്‍ക്ക് സംസ്ഥാന ഘടകം മറുപടി നല്‍കിയിട്ടുണ്ട് , ആവശ്യമെങ്കില്‍ തുടര്‍ നടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

എല്ലാ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും ജീവിത പങ്കളികളുടെയും സ്വത്തുവിവരങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാറുണ്ടെന്നും എന്നാല്‍ മക്കളുടെ സ്വത്തു വിവരങ്ങള്‍ അറിയിക്കുന്ന പതിവില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

മുംബൈ: പത്മാവത് രജ്പുതിനെ വാഴ്ത്തുന്ന ചിത്രം തന്നെയെന്ന് കര്‍ണിസേന. ചിത്രത്തില്‍ നേരത്തെ ആരോപിക്കപ്പെട്ട തരത്തില്‍ രജ്പുത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും തന്നെയില്ലെന്ന് കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രത്തെ അംഗീകരിച്ചു കൊണ്ട് കര്‍ണിസേന രംഗത്തു വരുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കര്‍ണിസേന അണികള്‍ അക്രമിച്ചിരുന്നു.

‘കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജ്പുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജ്പുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം’- കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് മനപൂര്‍വ്വം സംവിധായകന്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഉള്‍പ്പെടുത്തിയതാണെന്നുമായിരുന്നു കര്‍ണിസേന ആരോപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്. കേരളത്തില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കര്‍ണിസേന കേരളഘടകം പറഞ്ഞിരുന്നു.

റഷ്യ : സ്നേഹം നല്‍കിയാല്‍ തിരികെ അതില്‍ കൂടുതല്‍ സ്നേഹം നല്‍കാന്‍ മൃഗങ്ങളെക്കാള്‍ മറ്റാര്‍ക്കും സാധിക്കില്ല എന്ന് തെളിയിക്കുന്ന സംഭവത്തിന്റെ കൗതുകകരമായ വാര്‍ത്തയാണ് റഷ്യയില്‍ നിന്ന് പുറത്ത് വരുന്നത്. റഷ്യയിലെ ഒലെഗ് അലക്സാഡ്രോവ് ഒരു സര്‍ക്കസ് പരീശീലകനാണ്. സര്‍ക്കസിലെ അഭ്യാസപ്രകടനത്തിനിടയിലാണ് അറുപതടിയോളം ഉയരത്തില്‍ നിന്നു വീണ് ഒലെഗിന്റെ കാലൊടിഞ്ഞത്. തുടര്‍ന്ന് നാലു മാസത്തോളം ഒലെഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ ഒലെഗ് വളര്‍ത്തിയ മൂന്ന് കരടികള്‍ സര്‍ക്കസില്‍ ഉണ്ടായിരുന്നു.

നൈഷേഗൊരോട്സ്കി സര്‍ക്കസിലാണ് ഒലോഗും മൂന്നു കരടികളും വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്. ആശുപത്രിയിലായിരിക്കെ ഒലെഗിന്റെ പ്രധാന ആശങ്ക തിരികെയെത്തുമ്പോള്‍ കരടികള്‍ തന്നെ തിരിച്ചറിയുമോയെന്നതായിരുന്നു. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം തിരികെയെത്തുമ്പോള്‍ കരടികള്‍ക്ക് തന്നോടുള്ള സ്നേഹവും അടുപ്പവും ഇല്ലാതാക്കുമോയെന്നും ഒലെഗ് ഭയന്നിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞെത്തിയ ഒലെഗിനെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുകയാണ് കരടികള്‍ ചെയ്തത്. ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ഉടന്‍ ഒലെഗ് വീല്‍ചയറിലിരുന്ന് ആദ്യം പോയത് കരടികളുടെ അടുത്തേക്കായിരുന്നു. അവ തന്നെ തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴാണ് ഒലെഗിന് സമാധാനമായത്.

എന്നാല്‍ കൂടുതല്‍ അത്ഭുതങ്ങള്‍ ഒലെഗിനെ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഒലെഗിനെ പുറത്തു വീല്‍ചെയറില്‍ ഇരുത്തി കൊണ്ടുപോകുന്നത് ഈ കരടികളാണ്. പ്രത്യേകിച്ചും ഒലെഗിനോട് ഏറ്റവും അടുപ്പമുള്ള യാഷ എന്ന പെണ്‍കരടി. മനുഷ്യരെപ്പോലെ ഒലെഗിനെയും ഇരുത്തി വീല്‍ചയര്‍ തള്ളിക്കൊണ്ട് പോകുന്ന കരടികളെ കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികള്‍. യാഷ ഒലെഗിനെ വീല്‍ചെയറിലിരുത്തി തെരുവിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞു നിറഞ്ഞു കിടക്കുന്ന തെരുവിലൂടെ മറ്റൊരു പരിശീലകനേയും കൂട്ടിയാണ് യാഷ ഒലെഗിനൊപ്പം സവാരിക്കു പോകുന്നത്. കഴുത്തില്‍ ബെല്‍റ്റുണ്ടെങ്കിലും അത് ആരെങ്കിലും പിടിക്കുകയോ വീല്‍ ചെയറില്‍ ബന്ധിക്കുകയോ ചെയ്യാതെയാണ് ഇവരുടെ യാത്ര.

RECENT POSTS
Copyright © . All rights reserved