ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന 600ഓളം വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. എം.ബി.ബി.എസ് പരീക്ഷ വിജയിക്കാന്‍ ഉത്തരക്കടലാസ് എഴുതി നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജന്മാരെ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
തിങ്കളാഴ്ച മുസഫനഗര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുകയും. പിന്നീട് പരീക്ഷ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവ ഫയലില്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘങ്ങള്‍ യൂപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുന്നതിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്ന തുക. ഇതര പ്രൊഫഷണല്‍ കോളേജ് വിദ്യര്‍ത്ഥികളില്‍ നിന്ന് 40000 രൂപ മുതല്‍ 50000 രൂപ വരെ ഈടാക്കുന്നു.
കുട്ടികളുടെ മരണവും ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി എച്ച്‌ഐവി പടര്‍ന്നു പിടിച്ച സംഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് പരീക്ഷാ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വരുന്നത്. വരും നാളുകളില്‍ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ജോജി തോമസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ സത്യസന്ധതയെ എതിരാളികള്‍ പോലും സംശയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരില്‍ മാപ്പുപറയുന്ന തിരക്കിലാണ് അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ മേല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് , അവരെ കരിവാരി തേക്കുന്ന വൈകൃതം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് കെജ്‌രിവാള്‍ എന്ന് പ്രചരിപ്പിക്കുവാന്‍ ഈ അവസരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും , മാധ്യമങ്ങളും നന്നായി ഉപയോഗിക്കുന്നുണ്ട് . രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ചിരിക്കുന്ന ഐ ടി സെല്ലുകളെ ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള കെജരിവാള്‍ വിരുദ്ധ പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട് .
എന്നാല്‍ അഴുക്കുചാലുകള്‍ നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാതെ നില്‍ക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായ കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് , ജനങ്ങളുടെ ഇടയിലും സോഷ്യല്‍ മീഡിയയിലും കെജ്‌രിവാളിന് അനുകൂലമായി ഉണ്ടായ ചലനങ്ങള്‍ തുറന്ന് കാട്ടുന്നത്. വന്‍കിട മാധ്യമങ്ങളുടെ സഹായത്തോടെ വലിയ തോതിലുള്ള പ്രചാരണം കെജ്‌രിവാളിന്റെ മാപ്പുപറച്ചിലുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാത്ത വ്യക്തിത്വങ്ങളായ എ.കെ ആന്റണി , മനോഹര്‍ പരീക്കര്‍ , വി . എസ് അച്യുതാനന്ദന്‍ തുടങ്ങിയവരുടെ പിന്‍തലമുറക്കാരനായി ജനങ്ങള്‍ മനസില്‍ താലോലിക്കുന്ന കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്.
അഴിമതി ആരോപണങ്ങളില്‍ കെജ്‌രിവാളിനെ നിരായുധനാക്കിയതില്‍ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല പ്രമുഖ ദേശീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുത്തതായി കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വീടും ഓഫീസും റെയ്ഡ് ചെയ്യുക എന്ന വളരെ അസ്വാഭാവികമായ നീക്കത്തിന് തക്കതായ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ പ്രസ്തുത ഏജന്‍സികള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ , കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ ഗഡ്കരി , അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയ തുടങ്ങിയവരോടാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അപകീര്‍ത്തി കേസുകളില്‍ മാപ്പുപറഞ്ഞത് . അകാലിദള്‍ നേതാവ് മജിതിയോട് മാപ്പു പറഞ്ഞത് എ.എ.പിയുടെ പഞ്ചാബ് ഘടകത്തില്‍ ഭിന്നതയ്ക്കും സംസ്ഥാന അധ്യക്ഷന്റെ രാജിക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട കെജ്‌രിവാളിന്റെ തന്ത്രപരമായ പിന്‍മാറ്റമാണ് മാപ്പുപറച്ചില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അഴിമതിയുടെ പൂരപറമ്പായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സന്നാഹങ്ങളുമായി കെജ്‌രിവാള്‍ ശക്തമായി ആഞ്ഞടിക്കാനാണ് സാധ്യത . മാത്രമല്ല കേസുകളുടെ നൂലാമാലകളില്‍ നിന്ന് ഒഴിവായി ഡല്‍ഹി ഭരണത്തിലും , അതോടൊപ്പം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനുമാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .
അന്ധതയ്ക്ക് ഫലപ്രദമായ ചികിത്സ വരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്ധത പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രം വളരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ചികിത്സ നടത്തിയ രണ്ട് പേരില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇവര്‍ക്ക് വായിക്കാനുള്ള ശേഷി തിരികെ ലഭിച്ചതായും വിദഗ്ദ്ധര്‍ പറയുന്നു. പ്രായാധിക്യം മൂലം കണ്ണിന്റെ കാഴ്ച്ച ശക്തി നശിച്ചുകൊണ്ടിരുന്ന (എയ്ജ് റിലേറ്റഡ് മാക്യൂലാര്‍ ഡീജെനറേഷന്‍, എഎംഡി) രോഗികളാണ് ഇപ്പോള്‍ തെറാപ്പി നടത്തിയ രണ്ട് പേര്‍. ഇവരുടെ കാഴ്ച്ച പൂര്‍ണമായും നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വായിക്കാനും ആളുകളെ തിരിച്ചറിയാനുമുള്ള ഇവരുടെ കഴിവ് കുറയുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണിന് നാശം സംഭവിച്ചിരിക്കുന്ന ഭാഗങ്ങള്‍ മൂലകോശ ചികിത്സയിലൂടെ തിരികെ കൊണ്ടുവരാനും ഇവരുടെ അന്ധതയ്ക്ക് പരിഹാരം കാണാനും കഴിഞ്ഞുവെന്ന് ഇവരെ ചികിത്സിച്ച സര്‍ജന്‍ പറയുന്നു. ഇപ്പോള്‍ വായിക്കാന്‍ മാത്രമല്ല കൃത്യമായ കാഴ്ചയും ഇവര്‍ക്ക് തിരികെ ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

പ്രായാധിക്യം മൂലം നേത്ര കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും അതുവഴി കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന 600,000 മുതല്‍ 700,000 പേര്‍ യുകെയില്‍ മാത്രമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഭാവിയില്‍ പുതിയ ചികിത്സാ സംവിധാനം നിലവില്‍ വരുന്നതോടെ ഇവരെ സഹായിക്കാനാകുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്. മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റല്‍ നേത്ര സര്‍ജനായ ലിന്‍ഡന്‍ ഡ ക്രൂസ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ പീറ്റ് കോഫി എന്നിവര്‍ ലണ്ടന്‍ പ്രോജക്ട് ഓഫ് ക്യുവര്‍ ബ്ലൈന്‍ഡ്‌നസ് എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മാക്യുലയിലെ റെറ്റിനല്‍ പിഗ്മെന്റ് എപ്പിത്തേലിയല്‍ കോശങ്ങളാണ് (ആര്‍പിഇ) പ്രകാശ സംവേദന കോശങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നത്. ആര്‍പിഇയുടെ സഹായമില്ലെങ്കില്‍ ഈ ഫോട്ടോറിസപ്റ്റര്‍ കോശങ്ങള്‍ നശിക്കും.

നേത്രഗോളത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നത് മൂലം മാക്യുല നശിക്കുന്ന വെറ്റ് എഎംഡി രോഗമുള്ള പത്ത് പേരിലാണ് പുതിയ ചികിത്സ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇവരില്‍ 60കാരിയായ ഒരു സ്ത്രീക്കും 86കാരനായ പുരുഷനുമാണ് ആദ്യം ചികിത്സ നടത്തിയത്. കണ്ണുകളിലെ രക്തസ്രാവം മൂലം ഒന്നര മാസത്തിനുള്ളില്‍ അന്ധതയുണ്ടാകാന്‍ സാധ്യതുണ്ടായിരുന്ന ഇവരുടെ ഒരു കണ്ണിനുള്ളില്‍ ആര്‍പിഇ ആയി മാറാന്‍ കഴിയുന്ന മൂലകോശങ്ങളുടെ ഒരു പാളി സ്ഥാപിച്ചു. ഇരുവരിലുമുണ്ടായ മാറ്റം അദ്ഭുതകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്രോയ്‌ഡോണ്‍ സ്വദേശിയായ 86 കാരനില്‍ ഡോക്ടര്‍മാര്‍ക്ക് കാര്യമായ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇപ്പോള്‍ പത്രം വായിക്കാനും ഗാര്‍ഡനിംഗില്‍ ഭാര്യയെ സഹായിക്കാനും തനിക്ക് കഴിയുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സ എന്‍എച്ച്എസ് സര്‍ജന്‍മാര്‍ക്ക് നടത്താവുന്ന വിധത്തിലാക്കാന്‍ കഴിയുമെന്ന് കോഫി പറയുന്നു. ഇപ്പോള്‍ 10 ശതമാനം വെറ്റ് എഎംഡി രോഗികളിലാണ് ചികിത്സ ഫലപ്രദമായി നടപ്പാക്കാനാകുന്നത്. ഡ്രൈ എഎംഡി വളരെ സാവധാനത്തിലാണ് രോഗികളില്‍ രൂപപ്പെടുന്നത്. ഇവരിലും മൂലകോശ ചികിത്സ ഫലം ചെയ്യുമെന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്. തിമിര ശസ്ത്രക്രിയ പോലെ ചെലവ് കുറഞ്ഞ രീതിയിലേക്ക് ഈ ചികിത്സയും കുറച്ചു കാലത്തിനുള്ളില്‍ മാറ്റാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാഴ്ചയുടെ ലോകത്തുനിന്ന് പൂര്‍ണ്ണമായ അന്ധകാരത്തിലേക്ക് പോയ ലക്ഷങ്ങള്‍ക്ക് അതിലൂടെ പ്രതീക്ഷയുടെ വെളിച്ചമാകാന്‍ ഇതിന് കഴിയുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.
മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ബ്രൗസറായ എഡ്ജ് ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഇമെയില്‍ ലിങ്കുകള്‍ തുറക്കണമെങ്കില്‍ എഡ്ജ് ബ്രൗസര്‍ ഡിഫോള്‍ട്ടാക്കി മാറ്റണമെന്നതാണ് വിന്‍ഡോസ് ഉപയോക്താക്കള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം. വിന്‍ഡോസ് 10 ഉപയോക്താക്കളിലാണ് മൈക്രോസോഫ്റ്റ് ഇത് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുന്നു. വിന്‍ഡോസ് മെയില്‍ ആപ്പില്‍ നിന്ന് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് എഡ്ജില്‍ മാത്രമേ അവ ഓപ്പണാകുകയുള്ളു. വിന്‍ഡോസ് 10 ഡിവൈസുകളുടെ മികച്ച പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.

ക്രോം പോലെയുള്ള മുന്‍നിര ബ്രൗസറുകള്‍ ഉപയോഗിക്കാനുള്ള ഉപഭോക്താവിന്റെ താല്‍പര്യത്തെയാണ് ഈ അടിച്ചേല്‍പ്പിക്കലിലൂടെ മൈക്രോസോഫ്റ്റ് ഇല്ലാതാക്കുന്നത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ഏതായാലും മെയില്‍ ലിങ്കുകള്‍ എഡ്ജില്‍ മാത്രമേ തുറക്കൂ. ജിമെയില്‍ ഉള്‍പ്പെടെയുള്ള ഇമെയില്‍ പ്രൊവൈഡര്‍മാരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വിന്‍ഡോസ് 10ല്‍ വിന്‍ഡോസ് മെയിലാണ് ഡിഫോള്‍ട്ട് ഇമെയില്‍ ക്ലയന്റ്. ഇത് പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുകയാണ്. ഉപയോക്താവിന്റെ സുരക്ഷ, ബാറ്ററി ലൈഫ് എന്നിവ കണക്കിലെടുത്താണ് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2015 ജൂലൈയില്‍ വിന്‍ഡോസ് 10നൊപ്പമാണ് ജനപ്രീതി നശിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പിന്‍വലിച്ചുകൊണ്ട് എഡ്ജ് ബ്രൗസറും കമ്പനി അവതരിപ്പിച്ചത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ക്രോം ആക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എഡ്ജ് ഉപയോഗിച്ചു നോക്കാനായിരുന്നു ആദ്യം ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ മറ്റ് ബ്രൗസറുകളില്‍ ഡിഫോള്‍ട്ട് ആക്കിക്കൊണ്ട് ലിങ്കുകള്‍ തുറക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ എഡ്ജ് ഉപയോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്ഥിരം ഉപയോക്താക്കളും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരും ഇക്കാര്യത്തില്‍ അത്ര തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മദ്യത്തിനു പകരം കട്ടൻചായ വിൽപന നടത്തിയയാളെ പൊലീസ് മൊബൈൽ മോഷണ കേസിൽ പിടികൂടി. കുന്നമംഗലം കൂടത്തലുമ്മൽ അശോകൻ (49) ആണ് പിടിയിലായത്. ശ്രീകണ്ഠേശ്വരത്തിൽ തൊഴാനെത്തിയ ഭക്തന്റെ കയ്യിൽ നിന്ന് ഫോൺ വിളിക്കാനായി മൊബൈൽ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളയുകയായിരുന്നു. ഇയാളെ കസബ പൊലീസ് പിടികൂടി ചോദ്യം ചെയ്തതിൽ മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ച് മദ്യഷാപ്പുകളുടെ മുൻപിൽ വിൽപന നടത്തുകയാണ് പ്രധാന തൊഴിലെന്നു പറഞ്ഞു.
കുന്നമംഗലത്തെ ഒരു കടയിൽ വിൽപന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേർക്ക് മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടൻചായ നിറച്ച കുപ്പികൾ നൽകും. ഇതുവരെ ആരും ഈ കാരണത്തിൽ പരാതി നൽകിയില്ലെന്നു കസബ എസ്ഐ വി. സിജിത് പറഞ്ഞു. എന്നാൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും എസ്ഐ അറിയിച്ചു. ദിവസം അഞ്ച് കുപ്പിയിൽ അധികം ഇയാൾ വിൽപന നടത്തും. ഓരോരോ ദിവസം ഓരോരോ മദ്യഷാപ്പിനു മുൻപിലാണ് കച്ചവടം. മദ്യംവാങ്ങാൻ വരി നിൽക്കാൻ മടിക്കുന്നവർക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടൻചായ മദ്യമെന്ന വ്യാജേന വിൽപന നടത്തുന്നത്.
ആദ്യ കാലങ്ങളിൽ വേദികളില്‍ കോമഡി ചെയ്യാന്‍ മാതൃകയായ വനിതാ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ തെസ്‌നിഖാന്റെ മുഖം ഓര്‍മ്മവരും. കൊച്ചിയിലെ മിമിക്‌സ് ട്രൂപ്പുകളില്‍ തെസ്‌നി നിറസാന്നിധ്യമായിരുന്നു. പിന്നീട് ടെലിവിഷന്‍ ഷോകളിലും സിനിമയിലും താരം തിളങ്ങി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ അവതാരകയായും തെസ്‌നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ചാനല്‍ ഷോയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് തെസ്‌നി ഇപ്പോള്‍. തെസ്നി പത്തു വര്‍ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു തെസ്‌നി പറയുന്നു.
ചാനല്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണന താരം തുറന്നു പറയുന്നു. ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കു അവസാനമായിരുന്നു നമ്മുടെ സ്ഥാനം. എതാണ് ചാനല്‍ എന്നോ പരിപാടിയെന്നോ തെസ്‌നി പുറത്തുപറഞ്ഞില്ല. പ്രേക്ഷകരോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.
എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ലെന്ന് തെസ്നി പറയുന്നു. പത്ത് വര്‍ഷത്തോളം പരിപാടിയുടെ ഭാഗമായി നിന്ന വ്യക്തിയെന്ന നിലയില്‍ ആ പരിപാടിയോട് ബഹുമാനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുത്തതും. എന്നാല്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും തെസ്‌നി ഖാന്‍ പറയുന്നു.
പുത്തന്‍ വേലിയില്‍ വീട്ടമ്മ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൃത്യം നടത്തിയ ശേഷം പുലര്‍ച്ചെയോടെ അന്യസംസ്ഥാന തൊഴിലാളി മുന്ന മുറിയിലെത്തിയത് ഒന്നും സംഭവിക്കാത്ത രീതിയില്‍. താമസ സ്ഥലത്ത് മടങ്ങിയെത്തിയ മുന്നയില്‍ ഒരു തരത്തിലുമുള്ള അസ്വാഭാവികതയും തോന്നിയില്ലെന്നാണ് പോലീസിനോട് സുഹൃത്തുക്കള്‍ പറഞ്ഞത്. അതേസമയം മോളി കൊല്ലപ്പെട്ട ദിവസം മുന്ന അമിതമായി മദ്യപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. പതിമൂന്ന് വര്‍ഷം മുൻപ് കേരളത്തില്‍ എത്തിയ മുന്ന രണ്ടു വര്‍ഷം മുൻപാണ് മോളിയുടെ വീടിന് സമീപം താമസം തുടങ്ങിയത്. തലയിലും കഴുത്തിലും മുറിവേറ്റ് വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ മുറിവുകള്‍ കണ്ടത് മുതല്‍ പോലീസ് സംശയിച്ചത് പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികളെ ആയിരുന്നു.
പോലീസ് നായയുടേയും വിരലടയാള വിദഗ്ദ്ധരുടേയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ സംശയം ബലപ്പെടുകയും ചെയ്തു. അര്‍ദ്ധരാത്രിയില്‍ മുന്ന മോളിയെ കൊലപ്പെടുത്തുമ്പോൾ മനോദൗര്‍ബല്യമുള്ള മകന്‍ വീട്ടില്‍ ഉണ്ടായിരുന്നു. എങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല. രാത്രി ഒരു മണിയോടെയാണ് മദ്യലഹരിയില്‍ മുന്ന മോളിയുടെ വീടിന്റെ വാതിലില്‍ മുട്ടിയത്. വാതില്‍ തുറന്ന ഉടന്‍ കയ്യിലിരുന്ന കല്ലുകൊണ്ട് മോളിയുടെ തലയില്‍ ഇടിച്ചു. തലപൊട്ടി മറിഞ്ഞു വീണ മോളിയെ വലിച്ചു കൊണ്ടു മുറിയില്‍ കൊണ്ടു ചെന്ന് ബലാത്സംഗം നടത്താന്‍ ശ്രമം നടത്തി. എന്നാല്‍ ഇവര്‍ ശക്തമായി എതിര്‍ത്തതിനാല്‍ അതിന് കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു കൊല്ലാന്‍ തീരുമാനം എടുത്തത്. കഴുത്തു ഞെരിച്ചും മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുന്ന ഒന്നും സംഭവിക്കാത്ത പോലെ താമസ സ്ഥലത്തേക്ക് തന്നെ മടങ്ങുകയും ചെയ്തു.
രാവിലെ മകന്‍ വന്നു നോക്കുമ്പോഴാണ് മാതാവ് മരണമടഞ്ഞ നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്. തലയിലെയും കഴുത്തിലെയും മുറിവുകളില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ഇയാളാണ് നാട്ടുകാരോട് വിവരം പറഞ്ഞതും. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. മോഷണശ്രമമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ആദ്യം വിലയിരുത്തിയതെങ്കിലും ബലാത്സംഗത്തിനിടയില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറയുകയായിരുന്നു. അസം സ്വദേശിയായ മുന്നയുടെ യഥാര്‍ത്ഥ പേര് പരിമള്‍ സാഖു എന്നാണ്.
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്ത്. നാളെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യ നിലപാടെടുത്താണ് ഘടകകക്ഷിയായ സിപിഐ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വയല്‍കിളികള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. സമരത്തിന്റെ ആദ്യഘട്ടങ്ങള്‍ മുതല്‍ സിപിഐയുടെ പിന്തുണ വയല്‍കിളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നില്ല. ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എ.ഐ.വൈ.എഫ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഐ സമരത്തോടൊപ്പം ചേര്‍ന്നതോടെ സിപിഎമ്മിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നേരത്തെ സമരസമിതി ഉയര്‍ത്തിയ പന്തല്‍ സിപിഎം അനുകൂലികള്‍ കത്തിച്ചിരുന്നു.
ധാക്ക: പ്രണയം നിരസിച്ച യുവാവിന് നേരെ 16കാരിയുടെ ആസിഡ് ആക്രമണം. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. തന്റെ പ്രണായാഭ്യര്‍ഥന പാടെ നിരസിച്ച യുവാവിനെ തെരുവില്‍ പിടിച്ചു നിര്‍ത്തി പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ധാക്ക സ്വദേശി മഹ്മൂദുല്‍ ഹസന്‍ മറൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും അമ്മയെയും ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആസിഡ് എത്തിച്ച് നല്‍കിയത് അമ്മയാണെന്ന് പോലീസ് വ്യക്തമാക്കി. മഹ്മൂദുല്‍ സന്‍ മറൂഫിന്റെ മുഖം മുഴുവന്‍ പൊള്ളി വികൃതമായിട്ടുണ്ട്. പൊള്ളല്‍ പൂര്‍ണമായും മാറിയാലും മുഖത്തുള്ള പാടുകള്‍ മാറാന്‍ സാധ്യതയില്ലെന്ന് മഹ്മൂദുലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളുമായി വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടി ഇയാളെ പിടിച്ചു നിര്‍ത്തി കൈയ്യിലുണ്ടായിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചത്. അപ്രതീക്ഷിതമായ ആക്രമണമായതുകൊണ്ട് മഹ്മൂദുലിന് പെണ്‍കുട്ടിയെ തടയാന്‍ കഴിഞ്ഞില്ല. മഹ്മൂദുലിനെ ഇഷ്ടമാണെന്ന് പറഞ്ഞ് പെണ്‍കുട്ടി നിരന്തരം ശല്ല്യപ്പെടുത്താറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. തന്റെ ആവശ്യം നിരന്തരമായി നിഷേധിക്കപ്പെട്ടതാണ് 16കാരിയെ പ്രകോപിപ്പിച്ചത്.
തിരുനെവല്‍വേലി: വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. തിരുനെല്‍വേലിയില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പിയുടെ യാത്ര. ഇന്ന് രഥയാത്ര തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാനത്തെ ക്രമസമാധാന നില രഥയാത്ര തകര്‍ക്കുമെന്നാരോപിച്ച് ഡി.എം.കെ ആക്ടിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനും നാല് സ്വതന്ത്ര അംഗങ്ങളും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് റോഡില്‍ സമരം നടത്തിയ സ്റ്റാലിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിടുതലൈ ചിരുത്തൈഗള്‍ കക്ഷിയും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
സാമൂഹിക സൗഹാര്‍ദ്ദത്തിനുള്ള ശബ്ദങ്ങളെയാണ് 144 കൊണ്ടും അറസ്റ്റ് കൊണ്ടും അടിച്ചമര്‍ത്തുന്നതെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട് സര്‍ക്കാര്‍ മറ്റാര്‍ക്കോ വേണ്ടി തുള്ളുകയാണ്. ജനങ്ങളുടെ അഭിപ്രായമോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യര്‍ത്ഥികളുടെ ബുദ്ധിമുട്ടോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.