ക്വാലലംപൂര്‍: പെരുമ്പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ അതേ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. പടിഞ്ഞാറന്‍ മലേഷ്യയിലെ ക്വാല ലങ്കടിലാലിലാണ് സംഭവം. വഴിയില്‍ നിന്ന് ലഭിച്ച പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 35 കാരനായ സായിം ഖാലിസ് കൊസ്‌നാന്‍ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പിടികൂടിയ പാമ്പിനെ കൈയ്യില്‍ വെച്ച് ബൈക്കോടിക്കുകയായിരുന്നു സായിം. ഇടയ്ക്ക് കൈയില്‍ നിന്ന് വഴുതിയ പാമ്പ് ശരീരത്തില്‍ വരിഞ്ഞുമുറുക്കിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. ഇതിനിടെ പാമ്പ് സായിമിനെ ചുറ്റിവരിഞ്ഞു കഴിഞ്ഞിരുന്നു. പുലര്‍ച്ചെയെത്തിയ വഴിയാത്രക്കാരാണ് ശരീരത്തില്‍ പാമ്പ് ചുറ്റി വരിഞ്ഞ നിലയില്‍ സായിമിന്റെ മൃതദേഹം കണ്ടെത്തിയത്. പാമ്പിനെ പെട്ടന്നു തന്നെ എടുത്തു മാറ്റിയെങ്കിലും സായിം മരണപ്പെട്ടു കഴിഞ്ഞിരുന്നു.

മലേഷ്യയില്‍ പാമ്പ് മാംസം വലിയ പ്രചാരമുള്ള വ്യാപരമാണ്. ഇവിടങ്ങളില്‍ നിരവധി ആവശ്യക്കാരുള്ള മാംസമാണ് പെരുമ്പാമ്പിന്റേത്. സായിം മാംസാവിശ്യങ്ങള്‍ക്കായി വില്‍ക്കാനായിരുന്നു പാമ്പിനെ പിടിച്ചത്.
വീഡിയോ കാണാം;
അതിരപ്പിള്ളി: കുടുംബത്തോടപ്പം അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പിതാവിനോട് പിണങ്ങി കാടുകയറി. ഏറെ നേരത്തെ തെരച്ചിലിനു ശേഷം യുവാവിനെ വനംവകുപ്പ് കണ്ടെത്തി മാതാവിനൊപ്പം തിരിച്ചയച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ യുവാവും കുടുംബവും വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടെയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയത്. സന്ദര്‍ശനത്തിനിടയില്‍ പിതാവുമായി വഴക്കിട്ട ഇയാള്‍ ആരോടും പറയാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന മാറി കാട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.
അതിരപ്പള്ളി ഒഴിവാക്കി മറ്റൊരിടത്തേക്ക് സന്ദര്‍ശനം നടത്താമെന്ന പിതാവിന്റെ നിര്‍ദേശമാണ് ഇയാളെ ചൊടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് പിതാവുമായി വഴക്കിട്ട യുവാവ് കാട്ടിലേക്ക് നടന്നു പോയി. കുടുംബാംഗങ്ങള്‍ ഏറെ നേരം യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം സമീപത്തെ വനംവകുപ്പ് ഓഫീസിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏറെനേരം തെരച്ചില്‍ നടത്തിയ ശേഷമാണ് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞത്.
യുവാവിനെ കണ്ടെത്തിയ സമയം ഇയാളുടെ പിതാവ് മൂത്ത മകനുമായി തിരിച്ചു പോയിരുന്നു. സമീപത്തെ ഹോട്ടലില്‍ മകന്‍ വരുന്നതും കാത്ത് കരഞ്ഞുകൊണ്ട് കാത്തിരിക്കുകയായിരുന്നു ഇയാളുടെ അമ്മ. മാതാവിനൊപ്പം പോകാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ പൊലീസെത്തി അനുനയിപ്പിച്ച് വീട്ടിലേക്കു വിടുകയായിരുന്നു.
മിക്കവാറും മൃഗങ്ങള്‍ കുളിക്കുന്ന ഇനത്തില്‍പ്പെട്ടവയാണ്. പക്ഷേ മനുഷ്യരെപ്പോലെ സോപ്പോക്കെ ഉപയോഗിച്ച വിസ്തരിച്ച് കുളിക്കുന്ന മൃഗങ്ങള്‍ അത്ര സാധാരണമല്ല. എന്നാല്‍ അതും സാധ്യമാണെന്ന് തെളിയിക്കുകയാണ് പെറുവില്‍ നിന്നുള്ള ഈ വീഡിയോ. മനുഷ്യനെപ്പോലെ കുളിക്കുന്ന എലിയുടെ വീഡിയോ ഇതിനാലകം ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. പെറുവിലെ ഹുറാസ് സിറ്റിയില്‍ നിന്നാണ് എലിയുടെ തകര്‍പ്പന്‍ കുളി ജോസ് കെറി എന്നയാള്‍ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ കെറി ചിത്രീകരിച്ചിരിക്കുന്ന എലിയുടെ കുളി എഡിറ്റ് ചെയ്തതാണെന്നും ഒറിജിനില്‍ അല്ലെന്നുമുള്ള വാദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും അപ് ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. താന്‍ കുളിക്കാനായി ബാത്‌റുമില്‍ കയറിയ സമയത്താണ് എലി അവിടെ നിന്ന് കുളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് വീഡിയോ ചിത്രീകരിച്ച ജോസ് കെറി പറഞ്ഞു. ജോസ് കെറി പറയുന്ന കാര്യം എത്രത്തോളം വിശ്വാസ്യതയിലെടുക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
വീഡിയോ കാണാം.
Winning the internet this morning: this little guy right here 👇🏼🐀! Keep breaking those stereotypes, buddy! @news965wdbo pic.twitter.com/9TJ72yWHId
— Sam Jordan (@SJordanWDBO) January 29, 2018
ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമ ബംഗാളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസ് വിജയിക്കുകയും രണ്ടിടത്ത് വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയുമാണ്. അതേ സമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാവോപര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയുമാണ്. ഇവിടെങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവിച്ച തോല്‍വി ബിജെപിക്ക് കനത്ത ആഘാതമാവുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാര്‍, അജ്മീര്‍ ലോക്സഭാ സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആള്‍വാറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കരണ്‍ സിങ് യാദവ് 72,000 വോട്ടിനും അജമീറിലെ കോണ്‍ഗ്രസ്സ സ്ഥാനാര്‍ഥി രഘു ശര്‍മ്മ 45,000 വോട്ടിനും ലീഡ് ചെയ്യുകയാണ്. ഇരുവരും ഏതാണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞു.
പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ബഹുദൂരം പിന്നിലാക്കി 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സുനില്‍ സിങ് വിജയിച്ചു. ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.
ചെന്നൈ: പ്രശസ്ത സിനിമാ താരം അമലാ പോളിനോട് അശ്ലീലം പറഞ്ഞ വ്യവസായിയെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നൃത്ത പരിശീലന സ്റ്റുഡിയോയില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന നടിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. കൊട്ടിവാക്കം സ്വദേശിയും വ്യവസായിയുമായ അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
ചെന്നെ ടി നഗറിലുള്ള ഡാന്‍സ് സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുകയായിരുന്ന തന്നെ അപമാനിക്കുന്ന തരത്തില്‍ അഴകേശന്‍ ഇടപെടുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴകേശനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മലേഷ്യയില്‍ വെച്ച് നടക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഭാഗമായിട്ടാണ് ടി നഗറിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ അമലാ പോള്‍ എത്തിയത്.
മലേഷ്യയിലെ പരിപാടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അഴകേശന് ധാരണയുണ്ടെന്നും അതുകൊണ്ട് ഇയാളില്‍ നിന്നും സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു.
ന്യൂഡല്‍ഹി: വാഗ്ദാനങ്ങളുടെ പെരുമഴയുമായി അരുണ്‍ ജെയ്റ്റിലിയുടെ അവസാന ബജറ്റ്. പുതിയ ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ മേഖലകള്‍ക്കാണ് പ്രാമുഖ്യം. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പും ജെയ്റ്റിലി ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. കാര്‍ഷിക വിപണി വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. കാര്‍ഷിക മേഖലയുടെ വികസിനത്തിനായി ഓപറേഷന്‍ ഗ്രീന്‍ പദ്ധതി ആവിശ്കരിക്കും ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് നീക്കിവെക്കുക. പുതിയ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പക്കായി 11.8 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മത്സ്യമേഖലയ്ക്കും കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്കുമായി 10000 കോടി രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. വിലയിടിവ് കാര്യമായി കാര്‍ഷിക മേഖലയെ രക്ഷിക്കുന്നതിനായി താങ്ങ് വില ഒന്നര ഇരട്ടിയാക്കും. ഇതു വഴി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കാന്‍ കഴിയും. ഭക്ഷ്യധ്യാന്യ സംസ്‌ക്കരണത്തിനായുള്ള നീക്കിയിരിപ്പ് വിഹിതം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. കാര്‍ഷിക മേഖലയില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് വാഗ്ദാനങ്ങള്‍.
ക്ഷയരോഗികള്‍ക്കായി പോഷകാഹാര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് മാറ്റിവെക്കുക. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയിലെ കടുത്ത മലിനീകരണ പ്രശ്‌നം നിയന്ത്രിക്കുന്നതാനായി ഓപ്പറേഷന്‍ ഗ്രിന്‍ പാക്കേജ്, ഇതിനായി 500 കോടി രൂപയാണ് നിക്കിവെച്ചിരിക്കുന്നത്.
മലയാളത്തിലെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്രയില്‍ പീഡനശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നടി സാധിക നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേയ്ക്കു തിരിച്ചു വരുകയാണ്. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനു ശേഷം ഇടവേളയെടുത്തു സാധിക സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ മടങ്ങി വരികയായിരുന്നു. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും വിളിക്കുന്നത്. പലരുടേയും ആവശ്യം മറ്റൊന്നാണ്.
സംവിധായകനു താല്‍പ്പര്യം ഉണ്ട് എന്നൊക്കെ തുറന്നു പറഞ്ഞു കളയും. സംവിധായകന്‍ പോലും ചിലപ്പോള്‍ അറിഞ്ഞു കാണില്ല. ഞാനൊക്കെ ലൊക്കേഷനില്‍ ഒറ്റക്കാണു പോകുന്നത്. നമ്മളെ നമ്മള്‍ തന്നെ നോക്കണം. എന്തുകൊണ്ടു സിനിമയിലേയ്ക്കു മടങ്ങി വരുന്നു എന്നു പലരും ചോദിക്കുന്നുണ്ട്. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. അതിലും പ്രധാനം സിനിമ കൂടുതല്‍ സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം കൊടുത്തു തുടങ്ങി എന്ന തോന്നലാണ് എന്നും സാധിക പറയുന്നു.
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനമെത്തി. നീര്‍മാതള പൂവിനുളളില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം ജയചന്ദനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാലും അര്‍ണബ് ദത്തയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുന്നയൂര്‍കുളത്തെ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും എഴുത്തു ജീവിതവുമെല്ലാം ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനം ഏറ്റു വാങ്ങേണ്ടി വന്ന വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ഫെയ്സ്ബുക്കിൽ. ഭർത്താവിൽ നിന്നുളള ക്രൂര പീഡനത്തെ കുറിച്ച് പൊലീസിൽ പരാതി ഉന്നയിച്ചപ്പോൾ പാർട്ടിയിലെ ചിലർ ഇടപെട്ട് അട്ടിമറിച്ചതായും വീട്ടമ്മ ഫെയ്സ്ബുക്കിൽ കുറിപ്പിൽ ആരോപിക്കുന്നു. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത ചരുവിൽ ആണ് നീതി തേടി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.
എകെജി ഭവനിലുള്ള ഭര്‍തൃസഹോദരിയും ചിന്തയില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് തന്റെ പരാതിയില്‍ നടപടി എടുക്കാതിരിക്കാന്‍ പൊലീസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്ന് സുനിത ആരോപിക്കുന്നു. കഴിഞ്ഞ 21 വർഷമായ ഭർതൃപീഡനം അനുഭവിക്കുകയാണെന്നും ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ശേഷം സമൂഹത്തിന് മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുനിത പരാതിപ്പെടുന്നു. രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു. ശരീരമാസകലം പരിക്കേൽപിച്ചു. എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു- സുനിത ആരോപിക്കുന്നു.
കഴിഞ്ഞ ജനുവരി 9 ന് അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ തന്നെ യാതൊരു പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലിചതയ്ക്കുകയും വാരിയെല്ലുകൾക്ക് ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി സുനിത ആരോപിക്കുന്നു. ദുർബലമായ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്ന് സ്ഥലം സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞതായും കത്തിൽ പറയുന്നു.
സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ ഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത്. താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് തനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടൽ ഉണ്ടാകണന്നും വീട്ടമ്മ അപേക്ഷിക്കുന്നു.