സാന്യ സിറ്റി: 2000ത്തില്‍ പ്രിയങ്ക ചോപ്രയാണ് ഇതിനു മുന്‍പ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. പതിനേഴു വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം വീണ്ടും എത്തിച്ചിരിക്കുന്നു. ഇന്ത്യയുടെ മാനുഷി ചില്ലറാണ് ചൈനയില്‍ നടന്ന മിസ് വേള്‍ഡ് പോരാട്ടത്തില്‍ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മത്സരത്തില്‍ ‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി വിജയം കണ്ടു.
മിസ് മെക്‌സിക്കോയാണ് ഫസ്റ്റ് റണ്ണറപ്പ്. മിസ് ഇംഗ്ലണ്ട് സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ജൂണില്‍ നടന്ന ഫെമിന മിസ് ഇന്ത്യയില്‍ കിരീടം സ്വന്തമാക്കിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്.
മക്കളെ നന്നായി വളർത്താൻ ബില്ല് ഗേറ്റ്സിന്റെ മൂന്നു സൂത്രങ്ങൾ -മക്കളെ വളർത്തുക അത്ര നിസാരമായ കാര്യമല്ല.ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ അച്ഛൻ അമ്മമാരുടെ സ്വാധീനത്തിനു ഏറെ പങ്കുണ്ട് .വളർന്നു വരുന്ന ജീവിത സാഹചര്യങ്ങൾക്കും, കണ്ടു മുട്ടുന്ന ആളുകളും, ജീവിത അനുഭവങ്ങളും എല്ലാം ചേർന്നാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് .
മോശമായി പ്രവർത്തികൾ ചെയ്യുന്നതിനെ കുട്ടിയെ കുറ്റപ്പെടുത്തുന്നതിലല്ല കാര്യം .അങ്ങനെ മോശമായ ദിശയിൽ അവർ പോകാതിരിക്കാൻ മാർഗദർശികൾ ആകണം രക്ഷിതാക്കൾ .പ്രശസ്തരുടെ ജീവിതം അറിയാൻ സാധാരണക്കാർ ഒരുപാട് ആഗ്രഹിക്കുന്നു .മക്കൾക്ക് അവർ ഒരുക്കുന്ന സുഖ സൗകര്യങ്ങൾ എന്തെല്ലാം ആണെന് അറിയാനും ഒരു കൗതുകം ആണ് സാധാരണക്കാർക്ക് .ബില്ല് ഗേറ്റ്സ് എന്ന ലോക പ്രശസ്തൻ എന്നാൽ അത്തരത്തിൽ ഒരു രക്ഷിതാവല്ല .സുഖലോലുപതയിൽ കുട്ടികളെ വളർത്താൻ കഴിവുള്ള ധനികൻ ആണ് ബില്ല് ഗേറ്റ്സ് .ജെന്നിഫർ ,റോറി,ഫോബി എന്ന തന്റെ മൂന്നു മക്കളെ വളർത്തുന്നതിൽ ചില തത്വങ്ങൾ പിന്തുടരുന്നു ഇദ്ദേഹം.
1 .മൊബൈൽ ഫോൺ അരുത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റിന്റെ ഉടമയുമായ ബില്ല് ഗേറ്റ്സിന്റെ മക്കൾക്ക് പതിനാലു വയസു വരെ മൊബൈൽ ഫോൺ ഉപയോഗിക്കാനോ കൂടുതൽ സമയം ഇന്റർനെറ്റിൽ ചിലവഴിക്കാനോ അനുവാദം ഇല്ല .ഡൈനിങ്ങ് ടേബിളിൽ ബില്ല് ഗേറ്റ്സും ഭാര്യയും പോലും മൊബൈൽ ഉപയോഗിക്കില്ല .രാത്രി കാലങ്ങൾ ഉറങ്ങുന്നതിനു മുമ്പ് ടി വി കണ്ടു സമയം പാഴാക്കാതെ കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുവാൻ ഈ സമയം വിനിയോഗിക്കുന്നു .മൊബൈൽ ഫോണിലെ ഗെയിമുകൾ കുട്ടികളെ ടെക്‌നോളജി അഡിക്റ്റ് ആക്കും എന്നാണു ബില്ല് ഗേറ്റ്സിന്റെ വാദം .
2 .വീട്ടു ജോലിയും ടിപ്സും – വീട്ടിലെ ജോലികൾ അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വം അല്ല എന്ന് കുട്ടികളിൽ തിരിച്ചറിവ് ഉണ്ടാക്കുക.കുടുംബം എന്നത് കൂട്ടായ ഒരു ഉത്തരവാദിത്വം ആയതിനാൽ ചെറിയ ജോലികൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുക .ഉത്തരവാദിത്വങ്ങൾ അറിഞ്ഞു മക്കൾ വളരണം .അത് പ്രോത്സാഹിപ്പിക്കാൻ ആയി ചെറിയ പോക്കറ്റ് മണി നൽകുന്നതും ആവാം .
3 .വിദ്യാഭ്യാസം ആണ് മക്കൾക്ക് നൽകേണ്ട സ്വത്തു- അച്ഛനമ്മമാരുടെ സമ്പാദ്യം കണ്ടു ആകരുത് കുട്ടികൾ വളരുന്നത് .അത് അവരെ പ്രയത്നിക്കാൻ അലസത ഉള്ളവർ ആക്കിത്തീർക്കും .സ്വന്തമായി സമ്പാദിച്ചു അതിലൂടെ ജീവിക്കാൻ അവരെ പഠിപ്പിക്കുക .ഇതിനായി മികച്ച വിദ്യാഭ്യാസം അവർക്ക് നൽകുക.വെറും അലങ്കാര വാക്കുകൾ അല്ല ബില്ല് ഗേറ്റ്സിന്റെതു .ബിൽ ആൻഡ് മെലിൻഡ് ഗേറ്റ്സ് ഫൗണ്ടേഷൻ വഴി തന്റെ മുക്കാൽ ഭാഗം വരുന്ന സ്വത്തുക്കൾ സമൂഹ നന്മയ്ക്ക് ഉപയോഗിക്കുവാൻ ആണ് ഈ ദമ്പതികളുടെ തീരുമാനം .
മാനന്തവാടി തോണിച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയെ. കൊലപ്പെടുത്തിയത് മകനും സുഹൃത്തുക്കളും. തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണൻ (48)ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യ മണിമേഖലയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യുന്ന ആശൈക്കണ്ണനെ ഇതിൽ മനംനൊന്ത മകൻ കൂട്ടുകാരുമൊത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്ബ് തോണിച്ചാലിലെത്തി വാടകയ്ക്ക് താമസിക്കുകയാണ് മണിമേഖലയും ആശൈ കണ്ണനും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാളെ കാണാനില്ലായിരുന്നൂ.എങ്കിലും ഇതേക്കുറിച്ചു പോലീസിൽ പരാതി ലഭിച്ചിരുന്നില്ല.
മണിമേഖല, മക്കളായ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.മറ്റു ജില്ലകളിലും ജോലിക്കു പോകുന്ന ആശൈകണ്ണൻ പലപ്പോഴും ആഴ്ചകൾ കഴിഞ്ഞാണ് വീട്ടിൽ വരാറ്. കഴിഞ്ഞ രണ്ടര വര്‍ഷമായി പയിങ്ങാട്ടിരിയിലെ സുലൈമാന്‍ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്.
കഴിഞ്ഞദിവസം ഉച്ചയോടെ തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പ്രാഥമിക പരിശോധനനടത്തുകയായിരുന്നു.
പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള രൂപത്തില്‍ വിമാനം പറത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അമേരിക്കന്‍നാവിക സേന. നൂറടി ഉയരത്തില്‍ ആകാശത്തിലാണ് അമേരിക്കയിലെ ഒകനോഗില്‍ പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനം പറത്തിയതാണ് ഇത്തരത്തില്‍ ഒരു രൂപം ആകാശത്ത് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് വ്യക്തമായി.
വിഡ്‌ബേ അയര്‍ലന്റിലെ നേവല്‍ സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന നാവിക സേനയുടെ ഇഎ18ജി ഗ്രൗളര്‍ ജെറ്റ് വിമാനമാണ് ഇത്തരത്തില്‍ രൂപമുണ്ടാക്കുന്ന രീതിയിൽ പറന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അമേരിക്കന്‍ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാര്‍ഡിലെ വിമാനമാണ് ഇഎ18ജി ഗ്രൗളര്‍ ജെറ്റ്. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല.
നാവിക സേന പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള പെരുമാറ്റമാണ്, ഇതിന് ഔദ്യോഗിക പരിപാടിയുമായി ബന്ധമില്ല. അന്വേഷണം നടത്തി സംഭവത്തില്‍ പങ്കുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലഫ്റ്റ്‌നന്റ് കമാന്‍ഡര്‍ ലെസ്ലി ഹബ്ബെല്‍ സംഭവത്തോട് പ്രതികരിച്ചു.
കൊച്ചി: വാഹന രജിസ്‌ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ഇവരുടെ വിശദീകരണം കേട്ട ശേഷം കേസെടുക്കാനാണ് തീരുമാനമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി. താരങ്ങള്‍ നികുതി വെട്ടിപ്പ് നടത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ താമസിക്കുന്നുവെന്ന് കാണിക്കാന്‍ വ്യാജ വാടകക്കരാര്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് വ്യക്തമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പും ക്രമക്കേട് നടന്നതിന്റെ റിപ്പോര്‍ട്ടുകളും വീഡിയോ തെളിവുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. നടനും എം.പിയുമായ സുരേഷ് ഗോപിയ്ക്കെതിരേയും നികുതിവെട്ടിപ്പ് നടത്തിയതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
തനിക്ക് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റുണ്ടെന്നായിരുന്നു സുരേഷ് ഗോപി നല്‍കിയ മറുപടി. എന്നാല്‍ പോണ്ടിച്ചേരിയിലെ ഫ്ളാറ്റ് ഉപയോഗിക്കുന്നില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ ഫ്‌ളാറ്റിന് അടുത്ത് താമസിച്ചിരുന്നത് പോണ്ടിച്ചേരി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. സുരേഷ് ഗോപിയെ അറിയില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. അമല പോള്‍ തായ്‌ലന്‍ഡിലാണെന്നാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.
ലോകത്ത് ആദ്യമായി തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്ന സര്‍ജന്‍ മൃതദേഹങ്ങളില്‍ വളരെ വിജയകരമായി തലമാറ്റിവെക്കല്‍ ചെയ്തുവെന്ന അവകാശവാദവുമായി രംഗത്ത്. സെര്‍ജിയോ കനാവെരോ എന്ന സര്‍ജനാണ് മനുഷ്യന്റെ തല മാറ്റിവെക്കാനാകുമെന്ന് പറഞ്ഞത്. മൃതദേഹങ്ങളിലെ തല മാറ്റിവെക്കല്‍ വിജയകരമായിരുന്നുവെന്ന് കനാവെരോ പറഞ്ഞു. നട്ടെല്ലിനെയും നാഡികളെയും രക്തക്കുഴലുകളെയും യോജിപ്പിക്കാന്‍ താന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സങ്കേതത്തിന് സാധിക്കുമെന്നും കനാവെരോ പറഞ്ഞു.
പുതിയ ശരീരം സ്വീകരിക്കുന്ന തലയ്ക്ക് അതുമായി ചേര്‍ന്ന് ജീവിക്കാന്‍ കഴിയുമെന്നാണ് കനാവെരോ അഭിപ്രായപ്പെടുന്നത്. തന്റെ സംഘത്തിന് ഈ ശസ്ത്രക്രിയക്കായി 18 മണിക്കൂര്‍ സമയമാണ് ആവശ്യമായി വരുന്നതെന്നും ഈ ലക്ഷ്യം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കാരനായ വലേറി സ്പിരിഡിനോവ് എന്നയാളാണ് ഈ ശസ്ത്രക്രിയക്കായി സന്നദ്ധത അറിയിച്ച് കനാവെരോയെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ തല മറ്റൊരു ശരീരത്തില്‍ ഘടിപ്പിക്കാനാണ് പദ്ധതി.
മസ്തിഷ്‌ക മരണം സംഭവിച്ച ശരീരത്തിലായിരിക്കും തല ഘടിപ്പിക്കുക. ഇപ്പോള്‍ മൃതശരീരത്തിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. അടുത്ത ഘട്ടം ജീവനുള്ള തല മാറ്റിവെക്കുക എന്നതാണെന്ന് കനാവെരേ അവകാശപ്പെടുന്നു. എലികളിലും കുരങ്ങുകളിലും വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയതായി കനാവെരോയുടെ സംഘം അവകാശപ്പെട്ടിരുന്നു.
കാട്ടുപ്പന്നിയുടെ മാംസം കഴിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേർ ഭക്ഷ്യവിഷബാധയേറ്റ് ന്യൂസിലാന്‍റിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, മാതാവ് ഏലിക്കുട്ടി എന്നിവരാണ് വൈകിട്ടോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വീട്ടിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 1983ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇവരെ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാര്‍ പറയുന്നു. ഇവരുടെ ഒന്നും ഏഴും വയസ് പ്രായമായ രണ്ട് കുട്ടികൾ ഇറച്ചി കഴിക്കാത്തതിനാൽ വിഷബാധയേൽക്കാതെ രക്ഷപ്പെട്ടു. ദ ടെലഗ്രാഫ് ന്യൂസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ മലയാളി കുടുംബത്തിന്റെ അപകടം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഇവരെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതെന്ന് ഇവരുടെ കുടുംബസുഹൃത്തായ ജോജി വർഗീസ് പറയുന്നു.
ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം ശക്തമായ ഛർദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബാബു എമർജൻസി സർവീസിൽ സഹായം തേടി. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂവരും പ്രതികരിക്കുന്നുമില്ല. ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ചികിൽസയിൽ പുരോഗതി കാണാനാകൂ എന്നാണ് വിദഗ്ദ മെഡിക്കൽ സംഘം പറയുന്നത്. അഞ്ച് വർഷം മുമ്പാണ് ഇവർ ന്യൂസിലൻറിൽ എത്തിയത്. മാതാവ് സമീപകാലത്ത് വിസിറ്റിങ് വിസയിൽ എത്തിയതുമായിരുന്നു.
വേട്ടയാടി കഴിച്ച കാട്ടുപ്പന്നിയുടെ മാംസമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് നിഗമനം. ന്യൂസിലാന്‍റിലെ ആരോഗ്യവകുപ്പ് അപകട കാരണം പരിശോധിച്ചുവരികയാണ്. ആരോഗ്യ അവസ്ഥയിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ ഷിബുവിന്റെ രണ്ട് കുട്ടികളെയും ‘ഹാമിൽട്ടൺ മാർത്തോമാ കോൺഗ്രിഗേഷന്റെ’ സംരക്ഷണയിൽ പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം, മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായുള്ള ചികിത്സക്കായി ഭീമമായ തുക ആവശ്യമായി വന്നിരിക്കുകയാണ്. ബാബുവിന്റെ മാതാവ് വിസിറ്റിങ് വിസയിൽ എത്തിയതിനാൽ ഇവർക്ക് ഇൻഷുറൻസ് സൗകര്യം പോലും ലഭിക്കില്ല. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ശ്രമം ആരംഭിച്ചു. ചികിൽസക്ക് ആവശ്യമായ ഭീമമായ തുക സമാഹരിക്കാൻ ഹാമിൽടൺ മാർത്തോമ സഭ തുക സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് എല്ലാവരുടെയും സഹായങ്ങൾ പ്രവഹിക്കണമെന്ന് സുഹൃത്തുക്കൾ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർഥനയുമായി എത്തിയിട്ടുണ്ട്.
കേരളത്തിലെ മഹാനഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയും സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്നും ഒട്ടും മുക്തമല്ല. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ നിന്നുള്ള സദാചാര ഗുണ്ടകളുടെ വിളയാട്ടം പുരോഗമനവാദികള്‍ എന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.
പാര്‍ക്കില്‍ വന്നിരുന്ന യുവാവിനെയും, യുവതിയെയും സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും, അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. കാക്കനാട് മുന്‍സിപ്പല്‍ പാര്‍ക്കില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുവാവിനോട് തട്ടികയറിയ ശേഷം യുവതിയെ കേട്ടാലറയ്ക്കുന്ന അസഭ്യവും സദാചാര ഗുണ്ടകളില്‍ ഒരാള്‍ വിളിച്ച് കൂവുന്നുണ്ട്. താന്‍ ഈ നാട്ടുകാരനാണെന്നും, ഇവിടെ വന്ന് വെറുതെ മുട്ടാന്‍ നില്‍ക്കണ്ടയെന്നും ഇയാള്‍ പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തം. പോലീസ് ഈ സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വൈറലായ വീഡിയോയ്ക്ക് കീഴെ പ്രത്യക്ഷമാകുന്ന പൊതുവികാരം.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ഐ.സി.യുവില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് മലയാളി കായിക താരം മരിച്ചു. കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ കെ.കെ ഹരികൃഷ്ണനാണ് മരിച്ചത്.
റായ്പൂരിലെ ജൂനസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10ന് നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അംബേദ്കര്‍ ആശുപത്രിയിലെത്തിച്ച ഹരികൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ നടത്തി.
കേരള സര്‍ക്കാരും സംസ്ഥാന – ദേശീയ കിക്ക് ബോക്സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ വി.വി.ഐ.പി ബ്ലോക്കിലെ ഐ.സി.യുവും അനുവദിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി കൊണ്ടുവന്ന സമയത്ത് ഒരു ബ്ലോക്കിലെ എല്ലാ രോഗികളെയും ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ ബ്ലോക്കിലുള്ള രോഗികളെ താഴത്തെ നിലയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന ഹരികൃഷ്ണന്റെ നില അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഗുരുതരമായി. തുടര്‍ന്ന് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 15 ന് പുലര്‍ച്ചെ എയര്‍ ആംബുലന്‍സില്‍ ഹരിയെ വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നില മെച്ചപ്പെടും മുന്‍പ് ഐ.സി.യുവില്‍ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായതെന്ന് ആക്ഷേപമുണ്ട്. ദേശീയതലത്തില്‍ ആറു തവണ സ്വര്‍ണ്ണ മെഡലും 12 തവണ വെള്ളിമെഡലും നേടിയിട്ടുള്ള താരമാണ് ഹരികൃഷ്ണന്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഏതാണ്ട് 1200ഓളം രോഗികളെയാണ് ഇത്തരത്തില്‍ വാര്‍ഡില്‍ നിന്നും മാറ്റിയത്.
ഒന്നാം നിലയിലേക്ക് രോഗികളെ മൊത്തം മാറ്റിയതോടെ ഒരു ബെഡില്‍ രണ്ടുപേര്‍ കിടക്കേണ്ട സ്ഥിതിയായി. സംഭവം വിവാദമായപ്പോള്‍ മന്ത്രിയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. മറ്റു പ്രൈവറ്റ് ആശുപത്രികള്‍ ഉണ്ടായിട്ടും മന്ത്രിയുടെ മരുമകളെ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകര്‍ പറഞ്ഞിരുന്നു.
കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മ ലീലയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നാല് അന്യ സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് കൊല നടത്തിയതെന്നും ഇയാള്‍ ഇരുപത് വയസുകാരനാണെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ പ്രതിയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.
കഴിഞ്ഞ ബുധനാഴ്ച്ച ഇരിയ പൊടവടുക്കത്ത് ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീല(45)യെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെ സ്‌കൂളില്‍ നിന്നെത്തിയ മകന്‍ പ്രജിത്താണ് അമ്മ ലീലയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മുറിവും മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാല വീടിന് പുറകിലെ പറമ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
മൃതദേഹ പരിശോധനയില്‍ കഴുത്തിലെ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിനിടെ ലീലയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച വീടിന്റെ തേപ്പ് പണിക്കെത്തിയ നാല് മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നിവരാണ് ലീലയുടെ മറ്റ് മക്കള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.