Latest News

ഭാവന ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞതോടെ ചിലര്‍ താരത്തെ തെറിവിളിക്കാന്‍ തുടങ്ങി. മറ്റ് ചിലര്‍ പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ഏതു ഭാവനയാണെന്ന് നോക്കാതെയാണ് എല്ലാം നടന്നത്. കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ തെറി മുഴുവന്‍ ലഭിച്ചത് മലയാളി നടി ഭാവനയ്ക്കും.

മലയാളി നടി ഭാവന പാര്‍ട്ടിയില്‍ അംഗമായെന്ന് അറിഞ്ഞതോടെ സംഭവം കേട്ടപാതി കേള്‍ക്കാത്തപാതി ഒരൂ കൂട്ടം പേര്‍ ഭാവനയുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് വച്ചുപിടിച്ചു. പിന്നെ കമന്റുകളുടെ പൂരമായിരുന്നു.

‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്’ എന്നിങ്ങനെ പോയി കമന്റുകള്‍. ഭാവനയുടെ അക്കൗണ്ടില്‍ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.

ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കിയ ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു.

തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ വിവരം അറിയിക്കണം. ഫോണ്‍: 9497990035.

ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തെതുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലും തുടര്‍ന്ന് മൈസൂരിലേക്കു കടന്നുവെന്ന സൂചനയില്‍ അവിടെയും തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസിനു തിരിക്കേണ്ടി വന്നു. ധര്‍മാരാമിലെ ആശ്വസഭവവനിലും നിംഹാന്‍സ് ആശുപത്രിയിലും കണ്ടുവെന്ന സൂചനയില്‍ അവിടുത്തെ സിസിടിവിയില്‍ പരിശോധിച്ചുവെങ്കിലും ജെസ്‌നയുടെ മുഖം പതിഞ്ഞിട്ടില്ലെന്ന് വടശ്ശേരിക്കര സിഐ എംഐ ഷാജി പറഞ്ഞു. ആശ്രമത്തില്‍ ജെസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി ഒഴികെ മറ്റാര്‍ക്കും ജെസ്‌നയെ കണ്ടതായി ഓര്‍മ്മയില്ല.

ജെസ്‌ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ജെസ്‌നയ്‌ക്കൊപ്പം തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഒരു സംഘം തൃശ്ശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.

 

കൊച്ചി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ രംഗത്ത്. രാഷ്ട്രീയ ഗൂഡാലോചന അനുസരിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് എന്നും അമ്മ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ചാണ് ഗൂഡാലോചന നടന്നത്.

പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാക്കളായ ഭരതന്‍, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരത്തില്‍ ശ്രീജിത്ത് ഉള്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും അന്വേ,ണം ഇവരിലേക്ക് നീങ്ങണമെന്നും

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിന്റെ സസ്പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.

കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിനെ സസ്പെന്റ് ചെയ്താല്‍ പോരെന്നും പ്രതിചേര്‍ക്കണമെന്നും ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു.

സ്വാധീനം ഉപയോഗിച്ച് എ.വി ജോര്‍ജ് രക്ഷപ്പെടുമോ എന്ന് ആശങ്കയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആശങ്ക പ്രകടിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉന്നതര്‍ രക്ഷപെടുവാനുള്ള സാധ്യത ഒഴിവാക്കുന്നതിന് കേസ് സിബിഐക്ക് വിടണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പ്രിയ ഭരതന്‍ ഇവരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

അജ്മീര്‍: സ്വാതന്ത്ര്യസമര സേനാനി ലോക്മാന്യ ബാല ഗംഗാധര തിലകിനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. ബാല്‍ ഗംഗാധര തിലക് ‘ഭീകരവാദത്തിന്റെ പിതാവ് ‘ ആണെന്ന് രജസ്ഥാനിലെ എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ പറയുന്നു. സോഷ്യല്‍ സ്റ്റഡീസിന്റെ 22ാം അധ്യായത്തിലാണ് വിവാദ പാഠഭാഗം. 18 ഉം 19ഉം നൂറ്റാണ്ടുകളില്‍ നടന്ന ദേശീയ പ്രസ്ഥാനത്തെ കുറിച്ചുള്ള പാഠത്തിലെ ഒരു ഉപ അധ്യായത്തിലാണ് തിലകിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിലേക്ക് വഴി തെളിച്ചത് തിലകാണ്. അതുകൊണ്ട് അദ്ദേഹത്തെ ‘ഭീകരവാദത്തിന്റെ പിതാവ് ‘എന്നു വിളിക്കാമെന്നും പുസ്തകത്തിലെ 267ാം പേജില്‍ പറയുന്നു.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന് കീഴിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ പുസ്തകം. മഥുരയിലെ ഒരു പ്രസാധകരാണ് പുസ്തകമിറക്കിയിരിക്കുന്നത്.

‘ബ്രിട്ടീഷുകാരോട് അപേക്ഷിച്ചുകൊണ്ട് മാത്രം ഒന്നും നേടാന്‍ കഴിയില്ലെന്ന് തിലക് വിശ്വസിച്ചിരുന്നു. ശിവാജി, ഗണപതി ഉത്സവങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം പ്രചരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്ര്യം എന്ന മന്ത്രം അദ്ദേഹം കൊണ്ടുവന്നു. അതുവഴി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയെന്നും’ പുസ്തകത്തില്‍ തുടര്‍ന്ന് പറയുന്നു.

പുസ്തകത്തിലെ പരാമര്‍ശത്തെ അപലപിച്ച് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തി. ഇത്തരം മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മുന്‍പ് ചരിത്രകാരന്മാരുമായി ആലോചിക്കുക എങ്കിലും വേണമെന്ന് സ്‌കൂള്‍ അസോസിയേഷന്‍ പറയുന്നു.

പുസ്തകത്തിന്റെ വിവാദ പേജ് ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്. തെറ്റു തിരുത്താനും കുറ്റക്കാരെ ശിക്ഷിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് സിംഗ് ആവശ്യപ്പെട്ടു.

ഇതാദ്യമായാല്ല രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ മണ്ടത്തരങ്ങള്‍ കടന്നുകൂടുന്നത്. 2017ല്‍ ഹിന്ദുത്വ ആശയവാദത്തിന്റെ നേതാവ് വീര്‍ സവാര്‍ക്കറെ പുകഴ്ത്തിയ പുസ്തകം സംസ്ഥാന സിലബസ് പുറത്തിറക്കിയിരുന്നു. ഗാന്ധിയ്ക്കും നെഹ്‌റുവിനും ഈ പുസ്തകത്തില്‍ ഒരു മൂലയിലായിരുന്നു സ്ഥാനം.

 

ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇകൊമേഴ്‌സ് ഏറ്റെടുക്കലിലൂടെയാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയിരിക്കുന്നത്. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെ ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് സ്വന്തമാകും. ഇടപാടുകൾ പൂർത്തിയാകുന്നതോടെ 2080 കോടി ഡോളർ (ഏകദേശം 1.4 ലക്ഷം കോടി) മൂല്യമുള്ള കമ്പനിയായി ഫ്ലിപ്കാർട്ട് മാറും. ആരംഭിച്ച് 11 വര്‍ഷത്തിനുള്ളില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഫ്ലിപ്കാര്‍ട്ട് നേടിയത്.

ആമസോണില്‍ പണിയെടുത്തിരുന്ന ഇന്ത്യക്കാരായ സച്ചിന്‍ ബന്‍സാലിന്റെയും ബിന്നി ബന്‍സാലിന്റെയും തലയിലുദിച്ചതാണ് ഇന്ത്യക്കാര്‍ക്കൊരു ഇ–കൊമേഴ്‌സ് വെബ്‌സൈറ്റ് എന്ന ആശയം. ഐഐടി ബിരുദദാരികളായ ഇവര്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ആമസോണില്‍ നിന്നും രാജിവെക്കുകയായിരുന്നു. 2007ലാണ് സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുന്നത്.

രണ്ട് ബെഡ്‌റൂം ഫ്ലാറ്റില്‍ ആരംഭിച്ച ആദ്യ ഓഫീസില്‍ നിന്നും ഒരു പതിറ്റാണ്ടിനുള്ളില്‍ 8.3 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഓഫീസിലേക്കെത്തിയിരിക്കുന്നു ഫ്ലിപ്കാര്‍ട്ടിന്റെ വളര്‍ച്ച. ബംഗളൂരുവിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വാള്‍മാര്‍ട്ടിന്റെ വാഗ്ദാനമാണ് അവര്‍ സ്വീകരിച്ചത്. ഫ്ലിപ്കാര്‍ട്ടിന് പിന്നിലെ ചില വസ്തുതകള്‍.

∙ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഛത്തീസ്ഗഡില്‍ നിന്നുള്ളവരാണെങ്കിലും, അവരുടെ പേരുകള്‍ തമ്മില്‍ സാമ്യമുണ്ടെങ്കിലും അവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഐഐടി ഡല്‍ഹിയില്‍ നിന്നും വ്യത്യസ്ഥ ബാച്ചുകളിലായാണ് ഇവര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ആമസോണില്‍ വെച്ചായിരുന്നു ഇവര്‍ സുഹൃത്തുക്കളായത്. ഇവരുടെ സൗഹൃദം പിന്നീട് ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ എതിരാളിയായ ഫ്ലിപ്കാര്‍ട്ടിന്റെ പിറവിക്ക് കാരണമായി.

∙ ബെംഗളൂരുവിലെ കോറമന്‍ഗല മേഖലയിലെ ഒരു 2 ബെഡ്‌റൂം ഫ്ളാറ്റിലായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം. ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറായാണ് ഫ്ലിപ്കാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ലളിതമായ രീതിയിലായിരുന്നു പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇ–കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം.

∙ ആദ്യമായി ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുടങ്ങുന്നത് 2008ല്‍ ബെംഗളൂരുവിലാണ്. പിന്നീട് ഡല്‍ഹിയിലും മുംബൈയിലും ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുറന്നു. കഴിഞ്ഞ മാസമാണ് 8.3 ലക്ഷം ചതുരശ്ര അടിയുടെ ആസ്ഥാനമന്ദിരം ഫ്ലിപ്കാര്‍ട്ട് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്.

∙ ആദ്യത്തെ ഒൻപത് വര്‍ഷക്കാലം ഫ്ലിപ്കാര്‍ട്ടിന്റെ സിഇഒ സച്ചിനായിരുന്നു. 2016ല്‍ സച്ചിന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായതോടെ ബിന്നി സിഇഒ ആയി.

∙ തങ്ങളുടെ എതിരാളികളായിരുന്ന മിന്ദ്രയെ 2014ല്‍ 300 മില്യണ്‍ ഡോളര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി. മറ്റൊരു ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലനറായ ജബോങിനെ 70 മില്യണ്‍ ഡോളറിന് 2016ലാണ് ഫ്ലിപ്കാര്‍ട്ട് വാങ്ങിയത്.

∙ 2017ല്‍ ഇബേയെ കൂടി 500 മില്യണ്‍ ഡോളറിന് ഫ്ളിപ്കാര്‍ട്ട് വാങ്ങി.

∙ ജപ്പാനിലെ സോഫ്റ്റ്ബാങ്കാണ് ഫ്ളിപ്കാര്‍ട്ടിലെ ഏറ്റവും വലിയ നിക്ഷേപകന്‍. 23-24 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്കിന്റെ പക്കലുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് മാധ്യമ കമ്പനിയായ നാസ്‌പേഴ്‌സിന് ഫ്ളിപ്കാര്‍ട്ടില്‍ 13 ശതമാനം ഓഹരിയുണ്ട്. അമേരിക്കന്‍ കമ്പനികളായ ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍, ആസല്‍ പാര്‍ട്‌ണേഴ്‌സ്, ചൈനീസ് കമ്പനിയായ ടെസെന്റ് ഹോള്‍ഡിങ്‌സ്, മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ എന്നിവരാണ് ഫ്ലിപ്കാര്‍ട്ടിലെ മറ്റു പ്രധാന നിക്ഷേപകര്‍.

ഇന്‍ഡിഗോ-എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍. പൈലറ്റുമാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ ഇരുവിമാനങ്ങളും കൂട്ടിയിടിക്കുമായിരുന്നു. ഇരുവിമാനങ്ങളും 700 മീറ്റര്‍ മാത്രം അകലത്തില്‍ എത്തി. വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓട്ടോമാറ്റിക്ക് അപായ സന്ദേശം വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ലഭിച്ചതാണ് ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവമുണ്ടായത്.

ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോയുടെ വിമാനം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (ടിസിഎഎസ്) മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ഇരുവിമാനങ്ങളും ഏതാണ്ട് 8300 അടി ഉയരത്തിലായിരുന്നു. അപായ സിഗ്‌നല്‍ ലഭിച്ചയുടന്‍ ഇരുവിമാനങ്ങളും സുരക്ഷിതമായ അകലത്തിലേക്ക് പൈലറ്റുമാര്‍ മാറ്റി. അപകടരമായ സാഹചര്യം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമെ വ്യക്തമാകുവെന്ന് അധികൃതര്‍ അറിയിച്ചു.

 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമ രംഗത്തെ പ്രമുഖര്‍ ശ്രമിക്കുന്നതായി ആലുവ മുന്‍ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വം അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എ.വി.ജോര്‍ജ് പറയുന്നു. തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  1. താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെകുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വരാപ്പുഴ കേസിന് മുമ്പ് യാതൊരു ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.വി.ജോര്‍ജ് വ്യക്തമാക്കി. കഞ്ചാവ്, ലഹരി, മണല്‍ മാഫിയഎന്നിവകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു.

 

കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ പ്രീതി സിന്റയും മുഖ്യഉപദേഷ്ടാവായ വിരേന്ദര്‍ സെവാഗും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതിനാല്‍ സെവാഗ് ഫ്രൈഞ്ചൈസി വിടാന്‍ തയാറെടുക്കുകായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിയില്‍ ക്ഷുഭിതയായ പ്രീതി സിന്റ സെവാഗിന്റെ പല നീക്കങ്ങളെയും ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്നാമനായി ആര്‍ അശ്വിനെ ഇറക്കിയ നീക്കം പരാജയപ്പെട്ടതാണത്രെ പ്രീതി സിന്റയെ ചൊടിപ്പിച്ചത്. മല്‍സരം കഴിഞ്ഞ ഉടന്‍ സെവാഗിനടുത്തെത്തിയ പ്രീതി മല്‍സരത്തിനായി തയാറാക്കിയ പദ്ധതികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് പോകും മുന്‍പ് അവരുടെ മുന്നില്‍ വച്ചായിരുന്നു പ്രീതിയുടെ ആക്രോശമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സെവാഗ് ക്ഷമയോടെ കേട്ടു നിന്നുവെന്നും പ്ലേയിങ് ഇലവനിലെ അനാവശ്യ പരീക്ഷണമാണ് തോല്‍വിക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാമനായി ഇറങ്ങിയ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. കളിക്കാരുടെ മുന്നില്‍ വച്ച് ക്ഷമയോടെ കേട്ടു നിന്ന സെവാഗ്, നെസ് വാഡിയ, മൊഹിത് ബര്‍മന്‍ എന്നീ മറ്റ് ഉടമസ്ഥരെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് വിവരം. തന്റെ ജോലിയില്‍ പ്രീതി സിന്റെ ഇടപെടരുതെന്നും താരത്തെ നിയന്ത്രിക്കണമെന്നുമാണ് സെവാഗിന്റെ നിലപാട്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ട് ശര‌ിയല്ലെന്നാണ് പ്രീതിയുടെ വിശദീകരണം.

മുംബൈ മിറര്‍ തെറ്റാണ് പറയുന്നതെന്ന് പ്രീതി ട്വീറ്റ് ചെയ്തു. മല്‍സരശേഷമുള്ള പതിവ് സംസാരം മാത്രമാണ് നടന്നതെന്നാണ് പ‍ഞ്ചാബ് ടീമിന്റെ വിശദീകരണം. കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടതാണ് പ്രീതിയെ നിരാശപ്പെടുത്തുന്നത്. സെവാഗിന്റെ പദ്ധതികള്‍ക്കനുസരിച്ച് താരലേലത്തില്‍ പങ്കെടുത്ത കിങ്സ് ഇലവന്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. ഐപിഎല്‍ ചരിത്രത്തിലെ മോശം ടീമുകളിലൊന്നായ കിങ്സിന് മികവ് തുടരാനായാല്‍ ഇക്കുറി പ്ലേഓഫിലെത്താം. പ്രീതി സിന്റയ്ക്കെതിരെ 2016ലും കോച്ചിങ് സ്റ്റാഫില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. മോശം പ്രകടനം തുടര്‍ന്നാല്‍ ജോലി തെറിപ്പിക്കുമെന്ന് അന്നത്തെ പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിനെ ഭീഷണിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

കുഞ്ചറിയാ മാത്യൂ

ഒത്തിരിയേറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചാണ് ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായികയും ലേഡിസൂപ്പര്‍സ്റ്റാറുമായി അറിയിപ്പെടുന്ന ശ്രീദേവി മരണത്തിലേക്ക് നടന്നുപോയത്. എന്നാല്‍ ശ്രീദേവിയുടെ ജീവന്‍ വലിയൊരു തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു എന്നാണ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ പേരിലുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസി തന്നെ 240 കോടിയോളം രൂപയുടേതായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നായിരുന്നു പോളിസി എടുത്തിരുന്നത്. ഗള്‍ഫില്‍ വെച്ച് മരിച്ചാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്ന് വ്യവസ്ഥ പോളിസിയില്‍ ഉള്ളതായി പറയപ്പെടുന്നു.

ശ്രീദേവിയുടെ മരണവും വലിയ തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രീദേവിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുള്ള സുനില്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിങ് സുപ്രീം കോടതിയെ അറിയിച്ചു.

ശ്രീദേവി ദുബായിലെ ആഢംബര ഹോട്ടലിന്റെ ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ മരണം. എന്തായാലും ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ തെളിയിക്കുന്നത് തങ്ങളുടെ പ്രിയ താരത്തിന്റെ മരണത്തില്‍ ബോളിവുഡിന് സംശയങ്ങള്‍ ഉണ്ട് എന്നതാണ്.

ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഒരമ്മയെഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയെ കരയിപ്പിക്കുന്നത്. ഓട്ടിസ്റ്റിക്കായ മകന്റെ വന്യമായ പെരുമാറ്റത്തെ കുറിച്ച് കണ്ണീരോടെയാണ് ഈ അമ്മ തുറന്നുപറയുന്നത്.

പ്രീത ജി പി എഴുതിയ കുറിപ്പ്;

ഒന്നര ദിവസത്തെ ആത്മകഥ. ഇതെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുമോയെന്നറിയില്ല. ഉറക്കം അവസാനിപ്പിച്ച് ഒരു വന്യമൃഗത്തെപ്പോലെ എന്റെ മുല കുടിച്ചു, എന്റെ കൈ പിടിച്ചു പിച്ചവെച്ച, എന്റെ മടിയിലിരുന്നൊരായിരം കൊഞ്ചലുകളും, ഉമ്മകളും ഏറ്റുവാങ്ങിയ അവന്‍ ഉണര്‍ന്നു വരുമോയെന്നു എന്റെ ചങ്കിടിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എങ്കിലും എനിക്കെഴുതണം. ഓട്ടിസം പോലെയുള്ള അവസ്ഥകള്‍ അതിന്റെ ഇരകള്‍ എങ്ങനെ നേരിടുന്നുവെന്നു.

എന്തിനിവന്‍ ഇതൊക്കെ ചെയ്യുന്നു എന്നു തിരിച്ചറിയാനാവാതെ പതറി നിന്നിട്ടുണ്ട്. സ്വഭാവങ്ങളിലെ വിചിത്ര രീതികളും, വൈജാത്യങ്ങളും നമ്മുടെ അറിവുകള്‍ കൊണ്ടും, യുക്തി കൊണ്ടും മാനേജുചെയ്തും , അതിജീവിച്ചു വരുമ്പോളാകും നമ്മളെ അടിമുടി തകര്‍ക്കുന്ന പുതിയ പെരുമാറ്റ വൈകല്യങ്ങളുമായാവും അവര്‍ വരിക.

കഴിഞ്ഞ ഒരാഴ്ചയായി അവന്‍ ഇടക്ക് ഏതോ വൈകാര്യകതയുടെ ഭാഗമായി സ്വയം കടിക്കുന്നതിനൊപ്പം എന്നേയും കടിക്കാന്‍ ശ്രമിക്കുന്നു. രാവിലെയോ , വൈകുന്നേരമോ രണ്ടോ മൂന്നോ മിനിറ്റു നീളുന്ന ഒരു പ്രവര്‍ത്തി. ആദ്യ ദിനം പതറിപ്പോയി. കൈ മുഴുവന്‍ കടി കൊണ്ടു കരിനീലിച്ചു കിടന്നു. ഇത്രയും നാളത്തെ അനുഭവം വച്ചു സെന്‍സറി ഇഷ്യു ആകും എന്നു കരുതി , അതിനുള്ള ചില പൊടിക്കൈകള്‍ ചെയ്തു. എങ്കിലും ദിവസത്തില്‍ എപ്പോഴെങ്കിലും ഒരു തവണ ഒരു ഹിംസ്ര മൃഗത്തെപ്പോലെ അവനെന്നെ കടിച്ചു കീറാന്‍ വന്നു .

എന്തു ചെയ്യണമെന്നു ആലോചിച്ചപ്പോള്‍ ഒരു വഴിയേ തെളിഞ്ഞുള്ളു, തിരിച്ചു വയലന്റായി പ്രതികരിക്കുക. അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു… അതിനു ശേഷം അവന്‍ എന്നെ കെട്ടിപ്പിടിക്കും, ഉമ്മകള്‍ കൊണ്ടു മൂടും.. എല്ലായ്‌പ്പോഴും പോലെ. മുമ്പൊക്കെ രാവിലെ ഉണരുമ്പോള്‍ ഞാന്‍ ചെയ്യുന്നതു പോലെ എന്റെ നെറ്റിയില്‍ ഉമ്മ തരും, ഇടക്ക് ഉണര്‍ന്നാല്‍പ്പോലും ചിലപ്പോള്‍ ഉമ്മ തരും, എണീറ്റു പോകുന്നതിനു മുമ്പ് എന്റെ നെറ്റിയില്‍ ഉമ്മ വയ്ക്കും, എന്നിട്ടു ഊഞ്ഞാല്‍ ആടാന്‍ പോകും. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പാട്ടു കേട്ടുറങ്ങും. ചിലപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം എന്നെ ഒപ്പം കിടത്തും. ആ കുട്ടിയാണ് എന്നെ ഒരു വന്യ മ്യഗത്തെപ്പോലെ ആക്രമിക്കുന്നത്.

അതിനിടയിലാണ് അമ്മ പറഞ്ഞത് പരിചയത്തിലുള്ള ഒരു ഓട്ടിസ്റ്റിക്കായ കുട്ടി വല്ലാതെ വയലന്റായപ്പോള്‍ കണ്ട ഡോക്ടറെ കുറിച്ചും , ഉണ്ടായ മാറ്റത്തെ കുറിച്ചും. സിദ്ദിനെയും കൂട്ടി പുറത്തു പോകുക എളുപ്പമല്ല. അവനിഷ്ടമല്ല. എങ്കിലും ഡോക്ടറെ വിളിച്ചു, അവന് സിറ്റിംഗ് ടോളറന്‍സ് ഇല്ലാത്തതു കൊണ്ട് ഫോണില്‍ പറയട്ടെ കാര്യങ്ങള്‍ എന്നു ചോദിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, കുട്ടിയെ ആരെയെങ്കിലും ഏല്‍പ്പിച്ചു നിങ്ങള്‍ തനിയെ വരൂ. ഞാന്‍ : അങ്ങനെ ഏല്‍പ്പിക്കാന്‍ ആരും ഇല്ല. കഴിഞ്ഞ ദിവസം ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ അമ്മയെ ഏല്‍പ്പിച്ചു പോയ അനുഭവം ആയിരുന്നു മുമ്പില്‍.

പിറ്റേന്ന് ഡോക്ടറെ കാണുന്നതിനു മുമ്പ് പറയാന്‍ ഉള്ളതൊക്കെ ഒരു ബുക്കില്‍ എഴുതി. അവനെ പുറത്ത് ഞാന്‍ മാനേജ് ചെയ്യാംമെന്നും, ഡോക്ടര്‍ അതൊക്കെ വായിച്ചു ക്ലാരിഫിക്കേഷന്‍ ആവശ്യപ്പെട്ടാല്‍ കൊടുത്താല്‍ മതിയല്ലോയെന്നും കരുതി. പക്ഷേ അവനെന്നെ അവിടെ നിലം തൊടീച്ചില്ല. ഡോക്ടര്‍ പെട്ടന്ന് ഞാന്‍ മരുന്നെഴുതാം. കുട്ടി വല്ലാതെ ഇറിറ്റബിളാണ്. അത് കുറയട്ടെ എന്നു പറഞ്ഞു പ്രിസ്‌ക്യപ്ഷന്‍ എഴുതി . അതിനിടക്ക് സിദ്ദ് പുറത്തേക്കോടി. ഞാന്‍ പ്രിസ്‌ക്യപ്ഷനും വാങ്ങി ഫീസ് പോലും കൊടുക്കാന്‍ മറന്ന് പുറത്തേക്കോടി.

ഇതിനിടയില്‍ അവന്‍ ഏതോ ആളുകള്‍ അവിടെ വന്ന ഓട്ടോയില്‍ കയറി ഇരിപ്പുറപ്പിച്ചു. ഡ്രൈവറെ കൊണ്ടു, വരുന്ന വഴി മരുന്നു വാങ്ങിയിച്ചു. ബസില്‍ ഇരുന്നപ്പോള്‍ ആണോര്‍ ത്തത് ഡോക്ടറുടെ ഫീസിന്റെ കാര്യം. വിളിച്ചു സോറി പറഞ്ഞു. ഇനിയും വരുമ്പോള്‍ തരാംന്നും. രാത്രിയില്‍ മരുന്നു കഴിച്ചു 8.30 ക്കുറങ്ങിയ കുഞ്ഞ് 9.45 വരെ ഉറങ്ങി. ഉണര്‍ന്നത് എന്നത്തേയും പോലെ ശാന്തമായോ , ഊഞ്ഞാലിലേക്കോ ആയിരുന്നില്ല. ഒരു തരത്തില്‍ പല്ലു തേപ്പിച്ചു കുളിപ്പിച്ചു . ബ്രേക്ക് ഫാസ്റ്റ് കൊടുത്തു.

അതിനുശേഷം മയക്കത്തിനും ഉറക്കത്തിനുമിടയില്‍ അവന്‍ വന്യമൃഗത്തെപ്പോലെ എന്നെ ഉപദ്രവിച്ചു. ഓരോ തവണയും ഞാന്‍ പലതവണ കടി കൊണ്ടു. പ്രതിരോധിക്കുന്നതിനിടയില്‍ എന്റെ നഖം കൊണ്ടുമൊക്കെ എന്റെ കുഞ്ഞിന്റെ മുഖം മുറിഞ്ഞു. ഓരോ പത്തു മിനിറ്റിലും ഇതൊക്കെ ആവര്‍ത്തിച്ചു. അവളെ കൊല്ലല്ലേ, നിന്നെ എങ്ങനയാ അവള്‍ നോക്കുന്നത്, പൊന്നു പോലയല്ലേ എന്നൊക്കെ അമ്മ അലറിക്കരഞ്ഞു.

ഇതിനിടക്ക് ചില ഡോക്ടര്‍മാരേയും സുഹൃത്തുക്കളോടുമൊക്കെ പ്രസ്തുത മരുന്ന് ഇത്തരം കേസില്‍ കൊടുക്കുന്നതാണെന്ന് ഉറപ്പു വരുത്തി. മയക്കം വിട്ടുമാറാത്തതു കൊണ്ട് അവന്റെ റൂട്ടിന്‍ , ഊഞ്ഞാലാട്ടം ഒക്കെ മുടങ്ങിയതിലുള്ള ഇറിറ്റേഷന്‍ ആകുമെന്ന എന്റെ ഒബ്‌സര്‍വേഷന്‍ ചിലപ്പോള്‍ ശരിയാകാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. എങ്കില്‍ പകുതി doze നല്കാമെന്ന് സുഹൃത്തിന്റെ ഒപ്പം ഞാന്‍ തീരുമാനിച്ചു . അങ്ങനെ ഈ രാത്രി പകുതി doze നല്കി. പക്ഷേ ഉറക്കത്തിനും മയക്കത്തിനുമിടയില്‍ വീണ്ടും അവനെന്നെ ഉപദ്രവിക്കാനെത്തി. അമ്മ അവളെ കൊല്ലല്ലേയെന്ന് അലറി കരഞ്ഞു. അവര്‍ ദ്രാന്തിയെപ്പോലെ തന്നത്താന്‍ അലച്ചു.

നീ ഏതെങ്കിലും കയത്തില്‍പ്പോയി ചാടി ചത്തോ, അവള്‍ വല്ലയിടത്തും പാത്രം കഴുകിയായാലും ജിവിക്കുമെന്നവര്‍ കരഞ്ഞു. ഞാന്‍ അമ്മയോട് നിങ്ങള്‍ അടുത്ത വീട്ടില്‍ പൊക്കോ .. ഞാന്‍ അവനെ മാനേജ് ചെയ്‌തൊളാം. ഞാന്‍ എങ്ങനെ പോകും . ‘നിന്നെ കൊല്ലുമവന്‍ … ഇതിനിടക്ക് അമ്മ അടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്തു . കസിന്‍സ് വന്നു.. എല്ലാവരും ഇരിക്കെ ബഹളങ്ങള്‍ കുറച്ചു കുറച്ചുഅവന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ പതിയെ തട്ടി കൊടുത്തു . 10 30 തോടവന്‍ ഉറങ്ങി. അവരും പോയി.

നാളെ നേരം വെളുക്കുന്നതോര്‍ത്തെനിക്കു പേടിയാണ്. ഇനിയും കടി കൊള്ളാന്‍ കൈയില്‍ സ്ഥലമില്ല. ഉണരാതെ എന്നന്നേക്കും ഉറങ്ങിപ്പോകണമെന്നു ആഗ്രഹിക്കാന്‍ പോലും കഴിയില്ല. ആരവനെ എങ്ങനെ നോക്കും. മരണം പോലും ലക്ഷറിയാണ് ചിലപ്പോള്‍.
എത്ര ഫോണ്‍ കോളുകള്‍ക്കു വേണ്ടി കാത്തിരുന്നു. എത്ര പേരെ ബുദ്ധി മുട്ടിച്ചു. ശല്യമാകുമോയെന്നു ഭയന്നു. അവര്‍ എന്തു കരുതുമെന്ന് ആകുലപ്പെട്ടു. എന്നിട്ടും വിളിച്ചു ബുദ്ധിമുട്ടിച്ചു. അതിനിടക്ക് മരുന്നു തന്ന ഡോക്ടര്‍ എവിടെയെങ്കിലും കൊണ്ടു അഡ്മിറ്റ് ചെയ്തു, ഐസലേറ്റ് ചെയ്യൂ എന്ന് പറഞ്ഞു. എവിടെ എങ്ങനെ കൊണ്ടു പോകുമെന്ന് നെഞ്ചകം അലറി കരഞ്ഞു.

അവന്റെ നെറ്റിയില്‍ ഉമ്മ കൊടുത്തു എന്നത്തേയും പോലെ അവനൊപ്പം ഉറങ്ങാന്‍ ഇന്നെനിക്കു പേടിയാണ്. ഇപ്പളാണ് ഇത്തിരി ചോറുണ്ടത്. ദിവസം മുഴുവന്‍ ഒന്നും കഴിച്ചില്ല. കുളിച്ചില്ല. കുളിച്ചിട്ടുള്ള ഞങ്ങളുടെ വൈകിട്ടത്തെ നടത്തവും ഇല്ല. എന്റെ കുഞ്ഞിന്റെ മുഖം …. നുണക്കുഴികളില്‍ കുസൃതി എഴുതിയ കുഞ്ഞിമുഖം. എന്തിനാണ് എന്റെ കുഞ്ഞേ ഈ വന്യഭാവങ്ങള്‍.

ഇതെഴുതിയത് മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ്. ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങള്‍ കരുണ ഉള്ളവരാകണം . എനിക്ക് ഉപദേശം വേണ്ട. Be bold , brave , ഈ സമയം കടന്നു പോകും എന്നൊന്നും. പറ്റുമെങ്കില്‍ ജീവിതത്തില്‍ ഇത്തരം മനുഷ്യരോടെ കരുണയുള്ളവര്‍ ആകുക. മനുഷ്യന്റെ കാരുണ്യത്തിലാണ് അതിജീവിച്ചതൊക്കെയും. ചേര്‍ത്തു നിര്‍ത്തിയ സുഹൃത്തുക്കളുടെ ധൈര്യത്തിലും…… നാളെത്തെ ദിവസം ഉണരുന്നതോര്‍ത്തൊരു ചങ്കിടിക്കുന്നുണ്ട്, ഭയാശങ്കകളാല്‍…. മരണം പോലും ആര്‍ഭാടമായ മനുഷ്യരുണ്ടി ഭൂമിയില്‍……

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved
➤