Latest News

ജനീവ: മനുഷ്യന് ഭക്ഷ്യയോഗ്യമായ ജീവികളെ എങ്ങനെ വേണമെങ്കിലും കൊന്ന് തിന്നാം എന്നാഗ്രഹമുണ്ടെങ്കില്‍ പല വിദേശ രാജ്യങ്ങളിലും അത് നടപ്പാകില്ല. അത്തരത്തില്‍ കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ വരെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്നാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ വിധി നടപ്പാക്കിത്തുടങ്ങും.

കൊഞ്ചിനെ തിളപ്പിക്കുന്നതിനു മുന്‍പ് ജീവനില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. പാചകം ചെയ്യുന്നതിനു മുന്‍പ് ഷോക്കടിപ്പിച്ചോ തലക്ക് ക്ഷതമേല്‍പ്പിച്ചോ കൊഞ്ചിന്റെ ജീവന്‍ കളഞ്ഞിരിക്കണം. ഉത്തരവിനു ശേഷം കൊഞ്ചിന് വേദന അനുഭവിക്കാന്‍ കഴിയുന്ന ജീവിയാണോ എന്ന തരത്തില്‍ വരെ സജീവ ചര്‍ച്ചകളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്നത്.

കട്ടിയുള്ള പുറം തോടുയുള്ള കടല്‍ ജീവികളായ ഞണ്ടുകള്‍ക്ക് വേദനയും ഇലക്ട്രിക്ക് ഷോക്കുകളും അനുഭവവേദ്യമാകുമെന്ന് 2010ല്‍ പുറത്തുവന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും പ്രാണികളെപ്പോലെ കൊഞ്ചിനും തലച്ചോറോ സങ്കീര്‍ണ്ണമായ നാഡീവ്യൂഹമോ ഇല്ലാത്തതിനാല്‍ വേദന അറിയാന്‍ സാധിക്കില്ലെന്ന് ലോബ്സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് വിഭാഗം പറയുന്നത്.

മൃഗങ്ങളെ ദയാപൂര്‍വ്വം കൊല്ലാവുന്ന അനേകം മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും അവ പാലിച്ചുകൊണ്ട് വേണം മൃഗങ്ങളെ കൊല്ലേണ്ടെതെന്നും മൃഗക്ഷേമ വകുപ്പ് പറയുന്നു. കൊഞ്ചിനെ കൊല്ലുന്ന കാര്യത്തിലും ഇത്തരം ദയാപൂര്‍ണ്ണമായ ഇടപെടല്‍ ആവശ്യമാണെന്നും മൃഗക്ഷേമ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ സിപിഎം നേതാവ് കെ.കെ.രാമചന്ദ്രന്‍ നായരെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. 2006-ല്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയ കാലം തൊട്ട് തനിക്ക് രാമചന്ദ്രന്‍നായരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും, എംഎല്‍എ എന്ന നിലയില്‍ താന്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിഷ്ണുനാഥ് കുറിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു. തോറ്റതില്‍ ദുഖമുണ്ട്, പക്ഷേ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വസമുണ്ട്… mകെ.കെ.ആര്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ശനിയാഴ്ച്ച ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അസുഖം ഭേദമായി അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ തകര്‍ത്താണ് അദ്ദേഹം വിടവാങ്ങിയതെന്നും വിഷ്ണുനാഥ് പറയുന്നു.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.കെ.രാമചന്ദ്രന്‍ നായരും,യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി.വിഷ്ണുനാഥും,എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.എസ്.ശ്രീധരന്‍പ്പിള്ളയുമായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് സ്വതന്ത്രസ്ഥാനാര്‍ഥിയായും മത്സരിച്ചു. ശക്തമായ മത്സരത്തിനൊടുവില്‍ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിഷ്ണുനാഥിനെ കെ.കെ.രാമചന്ദ്രന്‍നായര്‍ പരാജയപ്പെടുത്തിയത്.

വിഷ്ണുനാഥിന്‍റ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

കെ കെ ആര്‍ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ എം എല്‍ എ നമ്മെ വിട്ടുപിരിഞ്ഞു .
2006 ല്‍ ആദ്യമായി എംഎൽഎ ആയ കാലം മുതല്‍ അദ്ദേഹവുമായി എനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു .കര്‍ണാടക സംഗീതത്തിലും കഥകളിയിലും അവഗാഹമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിനു;

അദ്ദേഹം പ്രസിഡന്റ്‌ ആയ ‘സര്‍ഗ്ഗവേദി’ യുടെ എല്ലാ പരിപാടികള്‍ക്കും എന്നെ ക്ഷണിക്കുമായിരുന്നു .ഞാന്‍ എം എല്‍ എ എന്ന നിലയില്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടിയുടെയും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു , തോറ്റതില്‍ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട് . ഗുരുതരാവസ്ഥയില്‍ ആണു എന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു . സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു . അദ്ദേഹത്തിന്‍റെ വിയോഗത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനകീയനായ , മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് . കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികൾ

ഫെയ്‌സ്ബുക്ക് തങ്ങളുടെ ന്യൂസ്ഫീഡില്‍ വരുത്താനൊരുങ്ങുന്ന അഴിച്ച് പണി വന്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് കാരണം ബിസിനസുകളെ പ്രമോട്ട് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് പകരം സൂഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്കും മെസേജുകള്‍ക്കുമായിരിക്കും ഇനി മുതല്‍ ഫെയ്‌സ്ബുക്ക് മുന്‍ഗണനയേകുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതോടെ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത് 20,000 കോടി രൂപയാണ്. ഫെയ്‌സ്ബുക്കിന്റെ ആല്‍ഗ്വരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന ഉടമയുടെ ഈ പോസ്റ്റ് വിപണി മൂല്യത്തില്‍ ഇടിവുണ്ടാക്കുന്നത് 4.5 ശതമാനമാണ്.ഇതോടെ ആഗോള ഭീമനെ പഴിച്ച് ഷെയര്‍ ഹോള്‍ഡര്‍മാര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

വെള്ളിയാഴ്ച വാള്‍സ്ട്രീറ്റില്‍ ക്ലോസിങ് ബെല്‍ അടിക്കുന്ന അവസരത്തിലാണ് ഫെയ്‌സ്ബുക്കിന്റെ ഓഹരി വിലയില്‍ 4.5 ശതമാനം താഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വിപണി തുടങ്ങുമ്പോള്‍ 77.8 ബില്യണ്‍ ഡോളറായിരുന്നു ഫെയ്‌സ്ബുക്ക് ഓഹരികളുടെ ആകെയുള്ള വിലയെങ്കില്‍ അന്ന് വൈകുന്നേരമാകുമ്പോഴേക്കും അത് 74 ബില്യണ്‍ ഡോളറായി ഇടിഞ്ഞ് താഴുകയായിരുന്നുവെന്നാണ് ബ്ലൂംബര്‍ഗ് വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും പണക്കാരില്‍ നാലാം സ്ഥാനത്തേക്ക് സക്കര്‍ ബര്‍ഗ് തള്ളപ്പെടുകയും സ്പാനിഷ് റീട്ടെയില്‍ ബില്യണയറായ അമാനികോ ഓര്‍ടെഗ സക്കര്‍ബര്‍ഗിനെ ഇക്കാര്യത്തില്‍ പിന്നിലാക്കിയിരിക്കുകയാണ്.

പുതിയ മാറ്റം യൂസര്‍മാര്‍ക്കും ബിസിനസുകാര്‍ക്കും ദീര്‍ഘകാലത്തേക്ക് നേട്ടമാണുണ്ടാക്കുകയെന്നാണ് സക്കര്‍ ബര്‍ഗ് പറയുന്നതെങ്കിലും മാര്‍ക്കറ്റ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുയും ഫെയ്‌സ്ബുക്ക് ഓഹരി വില ഇടിയുകയും ചെയ്തിരിക്കുകയാണ്. പബ്ലിഷര്‍മാരില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും ഫെയ്‌സ്ബുക്ക് ന്യൂസ്ഫീഡിലെത്തുന്ന നോണ്‍അഡ് വര്‍ടൈസിങ് കണ്ടന്റുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കംനടത്തുന്നതെന്ന് വ്യാഴാഴ്ച ഇട്ട പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് വിശദീകരിച്ചിരുന്നു. ഇതിന് പകരം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയര്‍ ചെയ്യുന്നവയ്ക്കും പോസ്റ്റുകള്‍ക്കും ന്യൂസ് ഫീഡില്‍ മുന്‍ഗണന നല്‍കുമെന്നുമായിരുന്നു സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നത്.

പുതിയ മാറ്റം ഫെയ്‌സ്ബുക്കിന് ലഭിക്കുന്ന പരസ്യങ്ങളെ ബാധിക്കില്ലെങ്കിലും തങ്ങളുടെ വെബ്‌സൈറ്റുകളിലേക്ക് വന്‍ തോതില്‍ യൂസര്‍മാരെ തിരിച്ച് വിടുന്നതിനായി വന്‍ തോതില്‍ ഫെയ്‌സ്ബുക്ക് പേജുകളെ ഉപയോഗിക്കുന്ന നിരവധി കമ്പനികളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുന്നു. അവര്‍ അതിന് പകരം സംവിധാനമായി എന്ത് അനുവര്‍ത്തിക്കുമെന്ന ഗൗരവപരമായ ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ച് തങ്ങളുടെ സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വര്‍ധിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. ഇക്കാര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജോണ്‍ റൈഡിങ് രംഗത്തെത്തുകയും ചെയ്തിരുന്നു

ഭുവനേശ്വര്‍: മല തുരന്ന് റോഡ് നിര്‍മിച്ച ദശരഥ് മാഞ്ചിയെ അറിയില്ലേ? മാഞ്ചിയുടെ 22 വര്‍ഷത്തെ കഠിനപ്രയത്‌നത്തിനു മുന്നില്‍ മല തോറ്റ കഥ സിനിമയുമായി. അതേ പാതയില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കാട് തെളിച്ച് ഒറ്റക്ക് പാതയുണ്ടാക്കിയിരിക്കുകയാണ് ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ഗുംസാഹി സ്വദേശിയായ ജലന്ധര്‍ നായക്. ഗുംസാഹിയിലെ കാട്ടുപാത കടന്ന് സ്‌കൂളിലേക്ക് പോകുന്നത് കുട്ടികള്‍ക്ക് ദുഷ്‌കരമാണ്. ഇതേതുടര്‍ന്നാണ് ഏതാണ്ട് 8 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മലമ്പാത ജലന്ധര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജലന്ധറിന്റെ ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഈ പാത നിര്‍മ്മിക്കപ്പെട്ടത്.

ഗ്രാമത്തിലെ പച്ചക്കറി വില്‍പ്പനയാണ് ജലന്ധര്‍ നായിക്കിന്റെ ഉപജീവന മാര്‍ഗം. റോഡ് നിര്‍മ്മിക്കാനായി ഒരു ദിവസം ഏതാണ്ട് 8 മണിക്കൂറോളം ഇദ്ദേഹം ചെലവഴിച്ചു. തന്റെ ഗ്രാമമായ ഗുംസാഹിയെ ഫുല്‍ബാനി നഗരത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് ജലന്ധര്‍ നിര്‍മ്മിച്ച പുതിയ പാത. ഇതുപയോഗിച്ച് ഗ്രാമത്തിലെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലെത്താന്‍ കഴിയും. രണ്ടു വര്‍ഷത്തെ ജലന്ധറിന്റെ കഠിന പ്രയത്‌നം ഗുംസാഹിയിലെ കുട്ടികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.

നിലവില്‍ ഈ പാത ഉപയോഗിക്കുന്നത് ജലന്ധറിന്റെ കുട്ടികള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഗ്രാമം വാസയോഗ്യമല്ലെന്ന് കണ്ട് ഗ്രാമത്തിലെ പലരും അവിടെ നിന്ന് പലായനം ചെയ്തിരുന്നു. എന്നാല്‍ ജലന്ധറും കുടുംബവും മാറി താമസിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം നിലവിലുണ്ടായിരുന്ന പാത സഞ്ചാരയോഗ്യമാക്കുകയാണ് ജലന്ധര്‍ ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം.

മിഡ്‌നാപൂര്‍: ലൈംഗീക ചൂഷണത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി മരിക്കാന്‍ അനുമതി തേടി കോടതിയില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി തേടി കോടതിയിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പെണ്‍കുട്ടി അപേക്ഷ നല്‍കിയത്.

അവിവാഹിതയായി അമ്മയായി തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷയുമായി പെണ്‍കുട്ടി രംഗത്തുവന്നെതെന്ന് കേസ് അന്വേഷിക്കുന്ന സുതഹാത പൊലീസ് സ്റ്റേഷന്‍ മേധാവി ജലേഷ്വര്‍ തിവാരി പറഞ്ഞു. സ്വന്തം ഗ്രാമത്തിലെ ഒരു യുവാവാണ് വിവാഹം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും തിവാരി പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിയാണ് എന്നറിഞ്ഞ ശേഷം പീഡനത്തിനിരയാക്കിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പിന്നീട് പിന്‍മാറുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.

പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ശ്രീജിത്തിനെ സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഡിവൈഎഫ്‌ഐക്കാരനെന്നും കൂലിത്തല്ലുകാരനെന്നും വിളിച്ചതില്‍ പ്രതികരണവുമായി ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡ്. ‘എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് പൊലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന്’ ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല എന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയറിയിച്ച് എത്തിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ചോദ്യം ചെയ്തതാണ് രമേശ് ചെന്നിത്തലയെ പ്രകോപ്പിച്ചത്.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്ന് ചോദിച്ച ശ്രീജിത്തിന്‍രെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്‌സനോട് തട്ടിക്കയറുകയാണ് ചെന്നിത്തല ചെയ്തത്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ അപഹാസ്യനായി മടങ്ങിയ ശേഷമാണ് ചെന്നിത്തല യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചത്.

ആന്‍ഡേഴ്‌സണ്‍ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണെന്ന് ഒരു മടിയുമില്ലാതെ ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത് നേരത്തെ കരുതിക്കൂട്ടിയെടുത്ത ഷൂട്ടിംഗ് ആയിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ ശ്രീജിത്തിനെ സഹായിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവം സര്‍ക്കാറിനെതിരെ തിരിയുമെന്നായപ്പോള്‍ സിപിഐഎം ഇറക്കിയ കൂലിത്തല്ലുകാരനാണ് ആന്‍ഡേഴ്‌സണ്‍ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്കിലൂടെ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ആന്‍ഡേഴ്‌സണ്‍ മറുപടി നല്‍കിയത്. ‘ഞാന്‍ അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. എന്റെ അപ്പ ഉള്‍പ്പടെയുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്. തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല എന്നത് സത്യം.

Image may contain: 2 people, people smiling, selfie, beard, close-up and indoor
ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ നേരില്‍ വന്ന് കണ്ടപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ബഹുമാനത്തോടെയുമാണ് ഓര്‍മ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയില്‍ എനിക്ക് മറുപടി തന്നപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതില്‍ വിറളി പൂണ്ടത് എന്തിന്? ഞാന്‍ പറഞ്ഞതില്‍ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്?

തെറ്റ് ആരു ചെയ്താലും ഞാന്‍ ചോദിയ്ക്കും. സ്വന്തം തെറ്റ് മറയ്ക്കാന്‍ എന്നെ കൂലിത്തല്ല്കാരന്‍ എന്ന് വിളിച്ച താങ്കള്‍ സ്വയം ലജ്ജിക്കുക. കാരണം ഞാന്‍ എന്റെ ജന്മനാട്ടില്‍ കോണ്‍ഗ്രസ്സിനും കെഎസ്‌യു വിനും വേണ്ടിയാണ് തല്ല്കാരനായതും കേസുകള്‍ നേരിട്ടതും. സംശയമുണ്ടെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക.

എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടിവിയ്ക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് കൊടുത്തത്. കോണ്‍ഗ്രസ്സ് നേതാവ് ആര്‍.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോണ്‍ഗ്രസ്സിന്റെ ചാനല്‍ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജില്‍ ഞാന്‍ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരില്‍ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരില്‍ ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ പിടിച്ചത് മൂവര്‍ണ്ണക്കൊടിയായിരുന്നു. ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി.

അനുജന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ആരംഭിച്ച പോരാട്ടം ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീജിത്തിന്റെ നിരാഹാര സമരവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വാര്‍ത്ത പ്രാധ്യാന്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

ട്രോള്‍ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകളും വ്യക്തികളും സമരപ്പന്തലിലേക്ക് ഒഴുകി എത്തുകയാണ്. അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.

കോട്ടയം ജില്ലയില്‍ അഞ്ചു യുവതികളെ കാണാതായി. വൈക്കത്ത് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയും കങ്ങഴയില്‍ പതിനെട്ടുകാരിയെയും കറുകച്ചാലില്‍ രണ്ട് യുവതികളെയും എലിക്കുളത്ത് ഒരു നഴ്‌സിനെയുമാണ് കാണാതായിരിക്കുന്നത്. ഇതില്‍ നഴ്‌സിനെ കാണാതായിരിക്കുന്നതില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് ഭാഗത്തുള്ള നഴ്‌സ് വ്യാഴാഴ്ച രാത്രിയില്‍ ഡ്യൂട്ടിക്ക് പോയതാണ്. സാധാരണ രീതിയില്‍ ഡ;ൂട്ടി കഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്ക് തിരിച്ചെത്തേണ്ടതാണ്. എന്നാല്‍, 10 മണി ആയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ന് യുവതി ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനിടെ, 11 മണിയോടെ മകള്‍ അച്ഛനെ വിളിച്ച് ‘എന്നെ അന്വേഷിക്കേണ്ട, എന്റെ കല്ല്യാണം കഴിഞ്ഞു’ എന്ന് അറിയിച്ചു. ഇതേതുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഒരു യുവാവുമായി യുവതിക്ക് പ്രണയമുള്ളതായി സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആ വഴിക്ക് അന്വേഷണം നടത്തിയെങ്കിലും യുവാവ് വിദേശത്താണെന്ന് മനസ്സിലായി. ഇതോടെ വിളിച്ചത് മകള്‍ തന്നെയാണോ എന്നും ആണെങ്കില്‍ ആര്‍ക്കൊപ്പം പോയി എന്നും അറിയാതെ വിഷമിക്കുകയാണ് വീട്ടുകാര്‍.

ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയാണ് വൈക്കത്തു നിന്നും കാണാതായിരിക്കുന്നത്. 31 കാരിയായ ഭാര്യയെ കാണാതായി എന്ന പരാതിയുമായി ഭര്‍ത്താവാണ് പൊലീസില്‍ സമീപിച്ചത്. ഭര്‍ത്താവിന്റെ മൊബൈലും മോഷണം പോയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികളില്ല. ഇതേച്ചൊല്ലിയുള്ള അസ്വാരസ്യത്തിനിടെ ഭാര്യയ്ക്ക് മറ്റേതോ ചുറ്റിക്കളിയുണ്ടെന്ന സംശയം ഉയരുകയും ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു.

കറുകച്ചാലില്‍ നിന്നും ഇന്നലെ രണ്ട് യുവതികളെയാണ് കാണാതായത്. കണിച്ചുകുളങ്ങര ഭാഗത്തു നിന്നും രണ്ടു കുട്ടികളുടെ മാതാവായ 29 കാരിയെ കാണാനില്ല എന്ന് ഭര്‍ത്താവാണ് പരാതി നല്‍കിയിരിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഭര്‍ത്തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി രണ്ടു കുട്ടികളെയും അവിടെ ഏല്‍പ്പിച്ചശേഷം മുങ്ങുകയായിരുന്നു. കങ്ങഴയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 18 കാരിയെ കാണാനില്ലെന്നാണ് പരാതി. ഇവര്‍ മറ്റൊരു യുവാവിനൊപ്പം പോയതായാണ് നിഗമനം.

കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടുമേന്തി മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര ശബരിമലയില്‍.
പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. വൈകിട്ട് ഏഴിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.

നാളെ രാവിലെ വലിയ നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളു. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര പറഞ്ഞത്രി

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. കരള്‍ രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ കുപ്പായമണിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ കെ.കെ.ആര്‍ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.

സൗമ്യതയുടെ മുഖമായിരുന്നു കെ.കെ.രാമചന്ദ്രന്‍ നായര്‍. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര്‍ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആര്‍ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിലകൊണ്ടു.

2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വീണ്ടും കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് നറുക്ക് വീണു. 7983 വോട്ടുകള്‍ക്ക് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ആദ്യമായി അദ്ദേഹം നിയമസഭയുടെ പടികടന്നു.

ശാസ്ത്രീയ സംഗീതത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചെങ്ങന്നൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനനായി സര്‍ഗവേദിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

Copyright © . All rights reserved