കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതി മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം കളക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയിലെ ഒരംഗത്തിന് സാധിക്കുമോ എന്ന് കോടതി ചോദിച്ചു.
ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന് ചോദിച്ച കോടതി മന്ത്രിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നും സര്‍ക്കാരിനോട് ചോദിച്ചു. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ നാല് കേസുകളാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കോണ്‍ഗ്രസ് എംപി കൂടിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഇപ്പോളും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് ഉച്ചക്കു ശേഷമാണ് എന്‍സിപി സംസ്ഥാന സമിതി യോഗം.
ഒരു സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെതിരെ തന്നെ കോടതിയില്‍ പോകുന്ന മന്ത്രി തോമസ് ചാണ്ടി ഭരണഘടനാ വിഭാവനം ചെയ്യുന്ന കൂട്ടുത്തരവാദിത്തമെന്ന തത്വത്തിന്റെ ലംഘനമാകയാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം സംബന്ധിച്ച വിശദമായ ഒരു മെമ്മോറാണ്ടം പാര്‍ട്ടി ഗവര്‍ണര്‍ക്കു ഫാക്‌സ് വഴി അയച്ചു. മുഖ്യമന്ത്രിക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ അധികാരം സംസ്ഥാന മന്ത്രിസഭക്കായിരിക്കെ ആ മന്ത്രി സഭയിലെ ഒരംഗം തന്നെ അതിനെതിരെ കോടതിയെ സമീപിക്കുന്നു എന്നത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രിക്ക് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം മന്ത്രിക്കു സ്വീകാര്യമല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. അത്തരമൊരാളെ മന്ത്രി സഭയില്‍ തുടരാന്‍ അനുവദിക്കുന്നത് വഴി മുഖ്യമന്ത്രിയും ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് ഇടപെട്ടു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം പരിഗണിച്ച് ഇതില്‍ ഇടപെടണമെന്നാണ് ആവശ്യം.
ലോക വ്യാപകമായി പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരിന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മന്‍ അഭിഭാഷകരാണ് അഹമ്മദ് എന്ന് വിളിക്കുന്ന 26 കാരനായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഒരാളെ കൊല്ലുകയും, കൊലപ്പെടുത്തുവാനായി ആറുപേരെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്തതിനാണ് അഹമ്മദ് ജര്‍മ്മനിയില്‍ പിടിയിലായത്.
യു.എ.ഇ സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആക്രമണം നടത്തിയത്. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ അലമാരയില്‍ നിന്നും കത്തിയെടുത്ത് നിരപരാധികളായ ആളുകളെ ആക്രമിക്കുകയായിരുന്നു. മുസ്ളീങ്ങള്‍ക്കെതിരായ അനീതിക്ക് പകരം വീട്ടുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും കഴിയുന്നത്ര ക്രിസ്ത്യാനികളെ കൊല്ലുവാനാണ് തീരുമാനിച്ചിരുന്നതെന്നും അഹമ്മദ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. വ്യക്തിസ്വകാര്യതയെ സംബന്ധിച്ച ജര്‍മ്മന്‍ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഇയാളുടെ മുഴുവന്‍ പേരും പുറത്തുവിട്ടിട്ടില്ല.
ആക്രമണം നടത്തിയ ദിവസം തന്നെയാണ് അഹമ്മദ് ക്രിസ്ത്യാനികള്‍ക്കെതിരായ കൂട്ടക്കുരുതിയ്ക്ക് തീരുമാനമെടുത്തതെന്നും അഭിഭാഷകര്‍ വെളിപ്പെടുത്തി. ഹാംബര്‍ഗ് പോലീസ് സംശയത്തോടെ നിരീക്ഷിച്ചിരുന്ന മുസ്ലീം മതമൗലീകവാദിയായിരുന്നു അഹമ്മദെങ്കിലും ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കായി തയാറെടുത്ത ജിഹാദിയായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു.
പ്രതിയ്ക്ക് ഐഎസ് പോലുള്ള ഇസ്ളാമിക തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികെയാണ്. ലോകത്ത് വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉദാഹരണമായിട്ടാണ് അഹമ്മദിന്റെ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്.
90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.
രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.
‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’
റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ക്കുണ്ടായ പീഡനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.കേരളത്തിലും ക്യാമ്പെയിനിന്റെ അനുരണനങ്ങള്‍ ഉണ്ടായി.
ലെബനീസ് പ്രധാനമന്ത്രിയെ സൗദി തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി ലെബനന്‍. സൗദി അറേബ്യയിലെത്തി അവിടെവെച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും സ്വയം അറസ്റ്റിന് വഴങ്ങുകയും ചെയ്ത ലെബനീസ് പ്രധാനമന്ത്രി സൗദ് ഹരീരി അന്നേ ദിവസം തന്നെ ലെബനന്‍ പ്രസിഡന്‍റ് ഔണിനെ വിളിച്ച് രാജിക്കാര്യം അറിയിച്ചിരുന്നു.
പ്രസിഡന്‍റ് രാജി നിരസിച്ചെങ്കിലും പിന്നീട് ഹരീരിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഈയാഴ്ചത്തെ പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല. ശനിയാഴ്ചയാണ് സാദ് ഹരീരി റിയാദിലെത്തിയതും അവിടെ നടത്തിയ പ്രസംഗത്തിനിടെ രാജിവെക്കുകയും ചെയ്തത്. സൗദി നടത്തിയിരിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള നേതാവ് സയ്യദ് ഹാസന്‍ നസ്‌റള്ള പ്രഖ്യാപിക്കുക കൂടി ചെയ്തു.
ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് സൗദിക്കെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി ഹിസ്ബുള്ള തലവന്‍ രംഗത്തെത്തിയത്. ലെബനീസ് രാഷ്ട്രീയത്തില്‍ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള ഇടപെടല്‍ സൗദി നടത്തിയതിന്‍റെ ഫലമാണ് ഹരീരിയുടെ രാജിയെന്നാണ് ഹിസ്ബുള്ള തലവന്‍റെ ആരോപണം. ഹരീരിയെ സുരക്ഷിതനായി ലെബനനിലെത്തിക്കാന്‍ സൗദി തയ്യാറാകണമെന്നും നസ്‌റള്ള ആവശ്യപ്പെട്ടു. ലെബനനിലെ സര്‍ക്കാര്‍ നിയമാനുസൃതമുള്ളതാണെന്നും രാജിവെച്ചിട്ടില്ലെന്നും നസ്‌റള്ള പറഞ്ഞു.
വീണ്ടും ലെബനന്‍ കഴിഞ്ഞവര്‍ഷം സുസ്ഥിരതയിലേക്ക് തിരിച്ചുവന്നിരുന്നു. പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുകയും പ്രധാനമന്ത്രിയും പുതിയ സര്‍ക്കാരും നിലവില്‍ വരികയും ചെയ്തു. ഇതവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് സൗദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
ആഭ്യന്തര കാര്യങ്ങളില്‍ സൗദി ഇടപെടുന്നതിനെ ശക്തമായി അപലപിക്കുന്നതായും നസ്‌റള്ള പറഞ്ഞു. ലെബനീസ് പ്രധാനമന്ത്രിക്കുനേരെയുള്ള ഏതതിക്രമത്തെയും ലെബനനുനേരെയുള്ള ആക്രമണമായാകും കാണുകയെന്നും നസ്‌റള്ള മുന്നറിയിപ്പ് നല്‍കി.
ബാഹുബലിയിലെ രംഗം പോലെ ആനയെ കീഴടക്കാൻ ഇറങ്ങിയ തൊടുപുഴക്കാരനായ യുവാവിനെ ആന ചുരുട്ടി എറിഞ്ഞു. അൽപ്പം ഭാഗ്യം കൊണ്ട് ജീവൻ ബാക്കിയുണ്ട്.
ഞായറാഴ്ച അടിച്ചുപൊളിക്കാൻ ഇറങ്ങിയതാണ് തൊടുപുഴ ബാഹുബലിയും കൂട്ടുകാരും. ലഹരി തലയ്ക്ക് കറക്കത്തിനിടയിൽ ആരുടേയോ പറമ്പിൽ ആനയെ തളച്ചിരിക്കുന്നു. ഉശിരൻ കൊമ്പൻ. ചെവിയൊക്കെ ആട്ടി റബർ മരങ്ങൾക്കിടയിൽ ആശാൻ ചാഞ്ഞും ചരിഞ്ഞും നിൽപ്പാണ്. ബാഹുബലി ബൈക്ക് നിർത്തി. ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്തു. സുഹൃത്തിന്റെ കയ്യിൽ ഫോണും നൽകി. എന്നിട്ട് ഒരൊറ്റ ഡയലോഗ്. എന്റെ പെർഫോർമൻസ് വേണേൽ കണ്ടോ.
സുഹൃത്തുക്കൾ അതിനേക്കാൾ കേമൻ കംമെന്റോടെ ഫേസ്ബുക്ക് ലൈവിൽ ബാഹുബലിയെ പിന്തുടർന്നു.
ബാഹുബലി ആനയുടെ അടുത്ത് ചെല്ലുന്നു. എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞു. രണ്ട് കിലോ പഴമുണ്ട്. ഒരു കിലോ പഴം കയ്യിലെടുത്ത് ആനവായിലേക്ക് നീട്ടി. മൊത്തം കൊടുത്താൽ ഒറ്റയടിക്ക് തിന്നുമെന്ന് ഉറപ്പായതിനാൽ ഓരോ പഴം വീതം ആനയ്ക്ക് പിഴുതെടുത്ത് നൽകി. ഒരു ഘട്ടത്തിൽ പഴത്തിന്റെ തൊലിയും കളഞ്ഞാണ് ആനയ്ക്ക് നൽകിയത്. ഓരോ പഴം തിന്ന് ആനയ്ക്കും ബോറടിച്ചു തുടങ്ങി. ഇതിനിടയിൽ ആനയോട് എന്തൊക്കെയോ ബാഹുബലി പറയുന്നുണ്ട്. ഒടുവിൽ കവറിൽ നിന്ന് അടുത്ത കിലോ പഴവും എടുത്തു. പെരുവയറൻ ആനയുടെ വയറിൽ ഒണക്കമുന്തിരി പോലെയാണ് പഴം. എന്തൊ കഴിച്ചു താനും വിയറൊട്ടു നിറഞ്ഞതുമില്ല. ആന കട്ടകലിപ്പിൽ നിൽക്കുമ്പോളാണ് ബാഹുബലിയുടെ സാഹസിക പ്രകടനം. കലിപ്പ് കൊമ്പന്റെ കൊമ്പിൽ തൂങ്ങി നിന്ന് ബാഹുബലിയുടെ അത്യുഗ്രൻ ചുമ്പന പ്രകടനം. ആദ്യത്ത ചുമ്പനം ഓക്കെ..രണ്ടാമത്തെയും ഓക്കെ…ഇതിനിടയിൽ ദേ കൊമ്പന്റെ തുമ്പിക്കൈ ബാഹുബലിയുടെ കാലിലേക്ക്. പോടാ കള്ളാ എന്ന് പറഞ്ഞ് ബാഹുബലി മൂന്നാമത്തെ ചുംബനത്തിന് തയ്യാർ. കൊമ്പൻ കെട്ടിപിടിച്ച് ഒരു ഉമ്മ നൽകി….അതിനു മുൻപ് ബാഹുബലി ഫ്ലാറ്റ്…..റബ്ബർ മരത്തിന് കീഴെ പന്തുപോലെ ചുരുണ്ടുകൂടിയ ബാഹുബലിയെ സുഹൃത്തുക്കൾ പിന്നെ താങ്ങിക്കൊണ്ട് പോവുകയായിരുന്നു…
കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ബാഹുബലി….ദൃശ്യങ്ങൾ കണ്ട് ഇന്നലെ രാത്രി മുതൽ ചിരി തുടങ്ങിയതാണ് ബാഹുബലിയുടെ നാട്ടുകാർ….. ആശുപത്രി വാസം വിട്ടാലും ഉടൻ പുറത്തിറങ്ങാൻ മേലാത്തനിലയിൽ ആണ് നാട്ടുകാരുടെ ട്രോള്
വീഡിയോ കടപ്പാട് : മനോരമ ന്യൂസ്
ക്രൂരതയുടെ മുഖം ആ ചെറുപ്പകാരൻ വിവരിച്ചപ്പോൾ ഞെട്ടിയത് അനേഷണ സംഘം .കഴുത്തില്‍ ആദ്യം വരഞ്ഞപ്പോള്‍ തന്നെ രണ്ടാം ക്‌ളാസ്സുകാരന്‍ രക്തം ഛര്‍ദ്ദിച്ചു, പിന്നീട് കത്തിയിലേക്ക് വീണു. ഒരു സെക്കന്റ് എടുത്ത ശേഷം ആഴത്തില്‍ ഒന്നു കൂടി മുറിച്ചു. പ്രദ്യുമ്‌നന്റെ പുറത്തിട്ടിരുന്നു ബാഗ് കൊലയാളിയായ പതിനൊന്നാം ക്‌ളാസ്സുകാരന്റെ ദേഹത്തോ വസ്ത്രങ്ങളിലോ രക്തം പറ്റാതെ മറ പോലെ നിന്നു. പിന്നീട് കത്തി വാഷ് റൂമില്‍ തന്നെ ഇട്ടശേഷം പൂന്തോട്ടക്കാരനെയും അദ്ധ്യാപകരേയും ഉച്ചത്തില്‍ വിളിച്ചു കൊണ്ട് അവന്‍ പുറത്തേക്ക് ഓടി. പരീക്ഷാ പേടിയെ തുടര്‍ന്ന് അത് എന്തു ചെയ്തും മാറ്റി വെയ്ക്കാനായിരുന്നു താന്‍ കൃത്യം നടത്തിയതെന്നായിരുന്നു പയ്യന്‍ കൗണ്‍സിലിംഗില്‍ പറഞ്ഞത്. ഡല്‍ഹി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്ത്യയെ മുഴുവന്‍ നടുക്കിയ രണ്ടാം ക്‌ളാസ്സുകാരനെ പതിനൊന്നാം ക്‌ളാസ്സുകാരന്‍ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ പയ്യന്‍ ഇരയായ പയ്യനെ നേരത്തേയുള്ള പരിചയം മുതലാക്കി ആയിരുന്നു വാഷ്‌റൂമിലേക്ക വിളിച്ചു കൊണ്ടു പോയത്. ഇരുവരും നേരത്തേ തന്നെ ബോണ്ട്‌സി സ്‌കൂളിലെ പിയാനോ ക്‌ളാസ്സിലെ സഹപാഠികളായതിനാല്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് പതിനാറുകാരന്‍ വിളിച്ചപ്പോള്‍ ഏഴു വയസ്സുകാരന് സംശയത്തിന് ഇടയുണ്ടായില്ല. താന്‍ സംഭവം നടത്തിയ രീതി പ്രതി ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ വിവരിച്ചത് ഞെട്ടിക്കുന്നതാണ്. ചിര പരിചയം ഉള്ളതിനാലാണ് പ്രദ്യുമ്‌നനെ തന്നെ ഇരയായി തെരഞ്ഞെടുത്തത്. സെപ്തംബര്‍ 8 ന് സ്‌കൂളിലെത്തിയ പ്രതി ആദ്യം ചെയ്തത് സ്വന്തം ബാഗ് ക്‌ളാസ്സില്‍ കൊണ്ടു വെയ്ക്കുകയായിരുന്നു. അതിന് ശേഷം തലേദിവസം സോഹ്‌നാ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കഠാരയുമായി താഴത്തെ നിലയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദ്യുമ്‌നന്‍ പിയാനോ അഭ്യസിക്കുന്നുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രതിയെ ജുവനൈല്‍ കോടതിയുടെ മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കോടതി ഫരീദാബാദ് ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് നവംബര്‍ 22 ന് അയച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ പ്രതിയെ കുറ്റവാളിയിലേക്ക് നയിക്കാന്‍ പര്യാപ്തമായത് ആയിരുന്നു എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. നിരന്തരം വഴക്കടിക്കുന്ന മാതാപിതാക്കള്‍ മൂലം പ്രതിക്ക് പഠനത്തിലുള്ള താല്‍പ്പര്യം തന്നെ നഷ്ടപ്പെട്ടിരുന്നു. ജില്ല ശിശു സംരക്ഷണ വിഭാഗം മാതാപിതാക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എന്നിവരെ ഉടന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സുചനയുണ്ട്. സംഭവത്തില്‍ ഇവരെ ആസ്പദമാക്കി ഏറെ പ്രാധാന്യമുള്ള ഈ കേസില്‍ ഒരു സാമൂഹ്യാന്വേഷണ റിപ്പോര്‍ട്ടിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നാണ് വിലയിരുത്തല്‍.
വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കത്തികളുമായി കിണറ്റില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വല്ലങ്ങി ബൈപാസ് റോഡ് സ്വദേശിനി മാരിയമ്മ(87)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരിയമ്മയുടെ ഭര്‍ത്താവ് മാണിക്കന്‍ ചെട്ടിയാര്‍ നേരത്തേ മരിച്ചിരുന്നു. വീടു പൂട്ടി കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി സിഐ സുനില്‍കുമാര്‍ പറഞ്ഞു. മകനും കുടുംബത്തിനുമൊപ്പമായിരുന്നു മാരിയമ്മയുടെ താമസം. മകന്‍ സുബ്രഹ്മണ്യനും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് 12ന് ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയായിരുന്നു സംഭവമെന്ന് കരുതുന്നു. മൂന്നു മണിക്ക് തിരിച്ചെത്തിയ പേരമകന്‍ വിഘ്‌നേശ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയുമെത്തി മൃതദേഹം പുറത്തെടുത്തു. തുശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വീടിനു മുന്നിലെ വാതില്‍ പൂട്ടി പിന്‍വാതില്‍ തുറന്നിട്ടാണ് പതിവായി പുറത്തു പോകാറുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡുള്‍പ്പെടെയെത്തി വിശദ അന്വേഷണം ഇന്ന് ആരംഭിക്കും.
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. മന്ത്രിയുടെ രാജിക്കാര്യം നാളെ ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.
നാളെ ചേരുന്ന യോഗത്തിന്റെ അജണ്ട ഒരു മാസം മുമ്പ് തീരുമാനിച്ചതാണ്. അതില്‍ മന്ത്രിയുടെ രാജിയില്ല. എന്നാല്‍ ആവശ്യമാണെങ്കില്‍ തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിനാണ്. രാജിക്കാര്യത്തില്‍ രണ്ട് ദിവസത്തിനനകം തീരുമാനം അറിയിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
സിപിഐയും ജനതാദള്‍ എസുമാണ് രാജി വേണമെന്ന നിലപാട് സ്വീകരിച്ചത്. മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഈ അഭിപ്രായം ഉണ്ടായിരുന്നില്ല. ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ് സിപിഐയുടെ നിലപാട്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമനടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
നോക്കാന്‍ ആളില്ലാതെ വഴിയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന് അവകാശവാദവുമായി മകള്‍ ദീപയും അമ്മ രാജേശ്വരിയും രംഗത്ത്. എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍ നോമിനിയായി വച്ചിരിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. തനിക്ക് ഇതില്‍ നിന്നും നയാപൈസ പോലും വേണ്ടെന്നും നിയമോപദേശം തേടി അര്‍ഹതപ്പെട്ടവര്‍ക്ക് തുക കൈമാറുമെന്നും സരോജിനിയമ്മ വ്യക്തമാക്കി. ബാങ്ക് ചട്ടപ്രകാരം നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പോലീസും ഉള്ളത്.
നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങള്‍ തയ്യാറാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഇത് എങ്ങനെ ശരിയാകുമെന്നാണ് പാപ്പുവിന്റെ മകള്‍ ദീപ ചോദിക്കുന്നത്.
പിതാവ് മരണപ്പെട്ടാല്‍ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ ഭാര്യയും മകളുമാണ് എന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അച്ഛന്റെ സ്വത്തില്‍ നിയമപരമായി അവകാശം ഉന്നയിച്ചാല്‍ തനിക്കും മാതാവിനും ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ ചേര്‍ച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നതാണ് തന്റെ നിലപാടെന്നും ദീപ പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് പാപ്പു തന്നെ നോമിനിയാക്കിയതെന്നും ബാങ്കില്‍ അക്കൗണ്ട് എടുത്ത് രേഖകളെല്ലാം പൂരിപ്പിച്ച് നല്‍കി ആഴ്ചകള്‍ക്ക് ശേഷം പാപ്പു തന്നെ തന്നോട് ഇക്കാര്യം പറയുകയായിരുന്നുവെന്നും സരോജിനിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണ് ഇതെന്നും പാപ്പു തന്നോട് പറഞ്ഞതായി സരോജിനിയമ്മ പറയുന്നു. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികള്‍ക്കും മറ്റുമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ സരോജിനിയമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. പണ്ടു മുതല്‍ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുംബവും തമ്മില്‍ അടുപ്പത്തിലും ആയിരുന്നു. ഇതുകൊണ്ടാകാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ നിഗമനം.
വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്ത് വെസ്‌റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡിലാണ് പാപ്പു കുഴഞ്ഞ് വീണ് മരണപ്പെട്ടത്. വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍പ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പര്‍ 17ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടര്‍ന്ന് പാപ്പുവിന്റെ സാമ്പത്തീക ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചു. സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.
കഴിഞ്ഞ മാര്‍ച്ചില്‍ അമ്പേദ്കര്‍ ഫൗണ്ടേന്‍ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതില്‍ 432000 രൂപ നിലവില്‍ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക ഉണ്ടായിരുന്നു എന്നത് പൊലീസ് വെളിപ്പെടുത്തും വരെ നാട്ടുകാരും വീട്ടുകാരും അറിഞ്ഞിരുന്നില്ല.