ഗള്‍ഫില്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമായി പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതാണ് പുതിയ നിയമം.

വീട്ടുജോലിക്കാര്‍, ബോട്ട്‌തൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങള്‍ക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. പുതിയ നിയമമനുസരിച്ച് നടപടികള്‍ പുനക്രമീകരിക്കാന്‍ ഏജന്‍സികള്‍ക്ക് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എല്ലാവിധ ചൂഷണങ്ങളും പുതിയ നിയമത്തിലൂടെ തടയാനാകും.

നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

: ഗാര്‍ഹികത്തൊഴിലാളിയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സ്

: ആഴ്ചയില്‍ ഒരു ദിവസം അവധി

: വര്‍ഷത്തില്‍ 30 ദിവസം ശമ്പളത്തോടുകൂടി അവധി

: പാസ്‌പോര്‍ട്ടടക്കമുള്ള വ്യക്തിഗത രേഖകള്‍ കൈവശം വെയ്ക്കാനുള്ള അവകാശം

: എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതടക്കം ദിവസം 12 മണിക്കൂര്‍ വിശ്രമ സമയം

: മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

: വര്‍ഷം 30 ദിവസം മെഡിക്കല്‍ ലീവ്

: രണ്ടു വര്‍ഷം കൂടുമ്പോള്‍ വീട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ്

: അനുയോജ്യമായ താമസസ്ഥലം

: തൊഴിലുടമയുടെ ചിലവില്‍ നല്ല ഭക്ഷണം

: വസ്ത്രം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ തൊഴിലുടമയുടെ ചിലവില്‍ നല്‍കണം

: ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വന്തം രാജ്യത്ത് നിന്ന് പോരും മുന്‍പ് തൊഴിലാളിയെ അറിയിച്ചിരിക്കണം. ഇതില്‍ വീഴ്ച വന്നാല്‍ തിരിച്ചു പോകാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. ഇതിനുള്ള ചിലവ് ഏജന്‍സി വഹിക്കണം.

: ആദ്യത്തെ ആറുമാസത്തെ പ്രൊബേഷന്‍ പിരിഡില്‍ തൊഴിലുടമ പിരിച്ചു വിട്ടാല്‍ പൂര്‍ണ്ണ ചിലവ് ഏജന്‍സി വഹിക്കണം.

: എല്ലാ മാസവും പത്താം തിയതിക്ക് മുന്‍പ് ശമ്പളം നല്‍കണം

: ശമ്പളത്തില്‍ നിന്ന് പണം പിടിക്കാന്‍ പാടില്ല. ഏതെങ്കിലും നാശ നഷ്ടത്തിന് പണം ഈടാക്കണമെങ്കില്‍ കോടതിയുടെ അനുമതി തേടണം.

: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ട്രിബ്യൂണലുകളെ സമീപിക്കാം. രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനമായില്ലെങ്കില്‍ കോടതിയിലേയ്ക്ക് കേസ് മാറും. കോടതി ചിലവുകള്‍ സൗജന്യം.

: ജോലി വിടുന്നതിന് മുന്‍പ് മന്ത്രാലയത്തെ 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം

: ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഏജന്‍സിയുടെ കത്ത് മന്ത്രാലയത്തെ കാണിക്കണം. എന്നാണ് നാട്ടിലേയ്ക്ക് തിരിച്ചു പോകാനാവുക എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം