Latest News

അഴിമതിക്കേസില്‍ പിടിയിലായ സാംസങ്ങിന്റെ തലവന്‍ ജയ് വൈ ലീയ്ക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെട്ട കേസില്‍ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവില്‍ വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകള്‍ക്ക്’ വന്‍തുക സംഭാവന നല്‍കിയെന്നതാണു കേസ്.

പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയര്‍മാനും ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനുമാണ് ലീ. സംഭാവനയായി 1.7 കോടി ഡോളര്‍ (ഏതാണ്ട് 114 കോടി രൂപ) നല്‍കിയതാണ് സാംസങ് തലവന് തിരിച്ചടിയായത്. സാംസങില്‍ അനധികൃതമായി അധികാരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് നല്‍കിയ കൈക്കൂലിയാണിതെന്ന് കോടതി നിരീക്ഷിച്ചു. കേസിനെത്തുടര്‍ന്ന് പാര്‍ക് ഗ്യൂന്‍ ഹൈയെ (64) പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. സ്വത്തുക്കള്‍ വിദേശത്ത് ഒളിപ്പിച്ച സംഭവത്തിനും ലീ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് എതിര്‍ത്ത ലീ കീഴക്കോടതി വിധിക്കെതിരേ അപ്പീല്‍ കൊടുക്കാനുള്ള നീക്കത്തിലാണ്

വീട്ടുകാര്‍ക്കു താല്‍പ്പര്യം ഇല്ലാതെ നടത്തിയ പ്രണയ വിവാഹത്തിനിടയില്‍ ബന്ധുക്കളുടെ കൂട്ടത്തല്ല്. പാല നഗരത്തിലെ പള്ളിയിലായിരുന്നു വിവാഹം. പള്ളിയോടു ചേര്‍ന്ന പാരിഷ് ഹാളില്‍ വിരുന്നും. മധുരം വയ്ക്കലിനു വരനും വധുവും മണ്ഡപത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.

വേദിയില്‍ വരന്റെയും വധുവിന്റെയും കൂട്ടര്‍ തമ്മില്‍ തല്ലു തുടങ്ങി. വരന്റെ ബന്ധുവായ സ്ത്രീയും വധുവിന്റെ ബന്ധുവായ മറ്റൊരു സ്ത്രീയും തമ്മില്‍ തുടങ്ങിയ കശപിശയാണു കൂട്ടത്തല്ലായി മാറിയത് എന്നു പറയുന്നു.

പെണ്ണിന്റെയും ചെറുക്കന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കള്‍ക്ക് ഇതിനോടു താല്‍പ്പര്യം ഉണ്ടായിരുന്നില്ല. കശപിശ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു എന്നു പറയുന്നു. കൂട്ടത്തല്ലിനെ തുടര്‍ന്നു പാരീഷ് ഹാളിനും കേടുപാടു സംഭവിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളിയില്‍ നിന്നു വിളിച്ച് അറിയച്ചതിനെ തുടര്‍ന്നാണു പോലീസ് എത്തിയത്. ബഹളത്തിനിടയില്‍ വധു പള്ളിവികാരിയുടെ അടുത്തു പരാതിയുമായി എത്തി എന്നും പറയുന്നു.

അടിപിടക്കിടയില്‍ കല്ല്യാണത്തിന് എത്തിയവരുടെ വസ്ത്രത്തില്‍ കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണാവശിഷ്ട്ടങ്ങള്‍ പുരണ്ടതു മൂലം വൃത്തികേടായി എന്നും ആക്ഷേപം ഉണ്ട്. അടിയെ തുടര്‍ന്നു വിരുന്നിനെത്തിയവര്‍ ഭക്ഷണം പോലും കഴിക്കാതെ സ്ഥലം കാലിയാക്കി. തുടര്‍ന്നു വികാരിയച്ചന്‍ ഇടപെട്ടു വധുവിനേയും വരനേയും വീട്ടുകാരേയും സാമാധപ്പനിച്ചു പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ എന്തിനാണു തല്ല് ഉണ്ടായത് എന്നു വീട്ടുകാര്‍ക്കു പോലും നിശ്ചയമില്ല എന്നും പറയുന്നു. വധുവരന്മാര്‍ പാല സ്വദേശികളാണ്.

ബലാല്‍സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന വിധിയെ തുടര്‍ന്നുണ്ടായ കലാപം രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചു. ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം രാജ്യവ്യാപകമായി പടരുകയാണ്. ദില്ലിയിലെ ആനന്ദ് വിഹാറില്‍ ഗുര്‍മീത് അനുയായികള്‍ ട്രെയിന്‍ കത്തിച്ചു. ദില്ലിയിലെ വിവിധ പ്രദേശങ്ങളില്‍ കലാപം പടരുകയാണ്.

ഉത്തരേന്ത്യയില്‍ ശക്തമായ കലാപം രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലേക്കും പടരുകയാണ്. കലാപം നിയന്ത്രിക്കാന്‍ 50 ബറ്റാലിയന്‍ സൈന്യത്തെ കേന്ദ്രം വിന്യസിച്ചു കഴിഞ്ഞു. കലാപത്തില്‍ ഇതുവരെ 17 പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

Image result for gurmeet ram in case delhi train blasted

പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതിയാണ് വിധിപുറപ്പെടുവിച്ചത്. ഗുര്‍മീത് റാമിനെതിരെയുള്ള ശിക്ഷ 28ന് പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി.

Image result for gurmeet ram in case dhil blasting

പാഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ ചണ്ഡീഗഡിലെ സര്‍ക്കാസ് ഓഫീസുകള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ദേശീയപാത 19ലൂടെയുള്ള ഗതാഗതം ഇന്നലെ വൈകുന്നേരം മുതല്‍ നിരോധിച്ചു. 150 റൂട്ടുകളിലുള്ള സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. മേഖലയില്‍ നിരാധനാജ്ഞയും പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ പാഞ്ചകുള സിവില്‍ ആശുപത്രിയില്‍ 100 ബെഡ്ഡുകള്‍ ഒഴിച്ചിട്ടു. 30 ആംബൂലന്‍സുകളും സജ്ജ്മാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റയും ലഭ്യമാകില്ല.

 

Image result for gurmeet ram in case delhi train blasted2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ ദമാമില്‍ പിടിയിലായി. ഇവര്‍ക്കെതിരെ സൗദി ആരോഗ്യമന്ത്രാലയം ക്രിമിനല്‍ കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരാണ് പിടിയിലായത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം, കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുളളവരാണ് പിടിയിലായത്. ഇവരുടെ പേരു വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൌദിയില്‍ നഴ്സുമാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണമെന്ന് നിബന്ധന കര്‍ശനമാക്കിയതോടെയാണ് മലയാളികളുള്‍പ്പെടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ തുടങ്ങിയത്. ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേരാണ് ആശങ്കയിലായത്. പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. വ്യാജ രേഖകള്‍ ഹാജരാക്കിയവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും അറിയുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നാണ് സൂചന.

മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ ആലുവയിലെ തറവാട്ടു വീട്ടില്‍ മഞ്ജു വാരിയര്‍ എത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മഞ്ജുവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിലും മഞ്ജുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് മീനാക്ഷിയ്ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് മഞ്ജു തറവാട്ടില്‍ എത്തിയതെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മഞ്ജു വാരിയര്‍ കൊല്‍ക്കത്തയിലാണെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം.

എന്നാല്‍, കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപിനെ പോലെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.എന്നാല്‍ 200 രൂപ നോട്ടിനൊപ്പം 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ വിതരണത്തിനായി എത്തിയിട്ടുള്ളൂ. ആര്‍ബിഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളിലും മാത്രമാണ് നിലവില്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്. അതേസമയം എടിഎമ്മില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ എടിഎമ്മില്‍ മാറ്റം വരുത്തേണ്ടി വരും എന്നതിനാലാണ് ഇത്.

ആര്യനാട് ആഡംബര വിവാഹം കഴിഞ്ഞ് രണ്ടാംദിനത്തില്‍ കാമുകനൊപ്പം ജീവിക്കാന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്‌. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മൊഴിചൊല്ലി. പിന്നീട് കാമുകനെ തേടിപോയപ്പോള്‍ അവര്‍ക്ക് വിവാഹത്തിന് സമ്മതമായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കാമുകന്റെ കുടുംബം പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി.

കഴിഞ്ഞ 20ന് ആതിര ഓഡിറ്റോറിയത്തിലായിരുന്നു അരുവിക്കര സ്വദേശി വരന്റെയും പറണ്ടോട് സ്വദേശിനി വധുവിന്റെയും വിവാഹം. ആചാരപ്രകാരം വിവാഹശേഷം യുവതിയുടെ വീട്ടിലായിരുന്നു താമസം. ഈ സമയം വിവരങ്ങള്‍ ഇവര്‍ ഭര്‍ത്താവിനോടു വെളിപ്പെടുത്തി. അടുത്തദിവസം രാവിലെ ബന്ധുക്കളെത്തി ഇരുവരെയും ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. തനിക്കു കാമുകനുണ്ടെന്നും അയാള്‍ക്കൊപ്പമേ താമസിക്കൂവെന്നും വീട്ടിലെത്തിയ യുവതി ശാഠ്യം പിടിച്ചു. തുടര്‍ന്നാണ് ഇവര്‍ കയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.

ഇതെല്ലാം കണ്ടു പ്രവാസിയായ ഭര്‍ത്താവിന്റെ കുടുംബം ഭയന്നു. ഒടുവില്‍ മതാചാരപ്രകാരം മൊഴി ചൊല്ലി. യുവതിയുടെ വീട്ടുകാര്‍ നഷ്ടപരിഹാരവും നല്‍കി. തുടര്‍ന്നു തിങ്കള്‍ വൈകിട്ടോടെ യുവതിയുടെ വീട്ടുകാര്‍ പനവൂര്‍ സ്വദേശിയായ കാമുകനെതിരെ പരാതിയുമായി അരുവിക്കര സ്‌റ്റേഷനിലെത്തി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞിട്ടു കബളിപ്പിച്ചെന്നായിരുന്നു പരാതി. ചൊവ്വ ഉച്ചയോടെ ഇരുപക്ഷത്തെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു.

ഈ സമയം കാമുകന്റെ കുടുംബം യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതം അറിയിച്ചു. കാമുകനൊപ്പം കറങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ഇയാള്‍ക്കൊപ്പമേ താമസിക്കൂ എന്നുമായിരുന്നു യുവതിയുടെ നിലപാട്. യുവതിയുടെ സ്വദേശം പറണ്ടോട് ആയതിനാല്‍ തുടര്‍ന്നു പരാതി ആര്യനാട് സ്‌റ്റേഷനിലേക്കു കൈമാറി. ചൊവ്വ രാത്രി ആര്യനാട് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവതിയുടെയും കാമുകന്റെയും കുടുംബങ്ങള്‍ ചര്‍ച്ച നടത്തി. ഒടുവിലാണ് യുവതിയെ വിവാഹം കഴിക്കാമെന്നു കാമുകന്റെ കുടുംബം ഉറപ്പു നല്‍കിയതെന്നു പൊലീസ് പറഞ്ഞു. കാമുകന് 20 വയസേ ആയിട്ടുള്ളൂവെന്നതിനാല്‍ തല്‍ക്കാലം മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താനും ഒരു വര്‍ഷത്തിനു ശേഷം വിവാഹ പ്രായമെത്തിയതിന് ശേഷം കല്യാണത്തിനും തീരുമാനമെടുത്തതായി ആര്യനാട് സിഐ അനില്‍കുമാര്‍ അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പളളി ശിവക്ഷേത്രമാണെന്ന ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന്റെ വാദങ്ങളെ തള്ളി രാഹുല്‍ ഈശ്വര്‍. ടിജി മോഹന്‍ദാസിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തികച്ചും അന്ധമായ പ്രചരണങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് ചാനൽ സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ഹിന്ദു പ്രസ്ഥാനങ്ങളിലെ 99 ശതമാനം വ്യക്തികളും ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ ഉന്നയിക്കില്ലെന്നും, ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
ബിജെപി പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ മുന്‍പ് താന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ വാവരു പള്ളിയിലെയും അര്‍ത്തുങ്കല്‍ പള്ളിയിലെയുമടക്കം വ്യക്തികളെ ആദരിക്കുന്ന സംസ്‌കാരമാണ് പൊതുവെ കണ്ടിരിക്കുന്നത്.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ മതസൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഇത്തരക്കാര്‍ മനഃപൂര്‍വ്വം ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മില്‍ സംഘര്‍ഷത്തിലാക്കി ഹിന്ദു ഐക്യം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി.

ടിജി മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹവും കുറ്റകരവും, ചരിത്രത്തെ തന്നെ വളച്ചൊടിക്കലാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അര്‍ത്തുങ്കല്‍ പള്ളി ക്രിസ്ത്യന്‍ പള്ളിയാണെന്നും അത് ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ക്രിസ്ത്യാനികളോടുള്ള ദേഷ്യം മനസ്സില്‍വെച്ച് കള്ള പ്രചരണം നടത്തുകയാണ് ചിലരെന്നും രാഹുല്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് അര്‍ത്തുങ്കല്‍ പള്ളി ക്രിസ്ത്യന്‍ പള്ളിയല്ലെന്നും ശിവക്ഷേത്രമാണെന്നും അത് വീണ്ടെടുക്കലാണ് ഹിന്ദുക്കളുടെ ജോലിയെന്നും ആഹ്വാനം ചെയ്ത് ടിജി മോഹന്‍ദാസ് രംഗത്തെത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദപരാമര്‍ശങ്ങള്‍.
അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റുകയായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് ട്വീറ്റില്‍ പറയുന്നു. .അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉത്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിക്കുമെന്നും മോഹന്‍ദാസ് അവകാശപ്പെടുന്നുണ്ട്.

അര്‍ത്തുങ്കല്‍ പള്ളിയുടെ അള്‍ത്താര പണിയ്ക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടിരുന്നുവെന്നും ഇതുകണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജോത്സ്യനെകണ്ട് ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നുമാണ് ടി ജി മോഹന്‍ദാസ് വാദിക്കുന്നത്. ഈ ക്ഷേത്രം തിരിച്ചുപിടിക്കേണ്ടതാണ് ഓരോ ഹിന്ദുവിന്റെയും ജോലിയെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നുണ്ട്.

ഇതിനകം തന്നെ നിരവധി പേര്‍ ടിജി മോഹന്‍ദാസിന്റെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ മുന്നോട്ട് വന്നിരുന്നു. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രധാന ആക്ഷേപം. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കലാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അതിനെ ശക്തമായി എതിര്‍ക്കണമെന്നും വാദിക്കുന്നവരുണ്ട്.

16 വര്‍ഷങ്ങള്‍ക്കു ശേഷം പെറ്റമ്മയുടെ അരികില്‍ എത്തിയ മകളെ കാത്തിരുന്നത് ക്രൂര മരണം. തനിക്കു ‘ശല്യമായി’ മാറിയ മകളെ അമ്മ വിജനമായ കൃഷിയിടത്തില്‍ താമസിപ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊന്ന് കത്തിച്ചുകളയുകയായിരുന്നു. മകളും 16കാരിയുമായ സാവന്ന ലെക്കിയെ കൊലപ്പെടുത്തിയ റെബേക്ക റൂഡ് എന്ന 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി. ജനിച്ച ഉടന്‍ മിനിസോടയിലെ ദമ്പതികള്‍ ഈ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. എന്നാല്‍, ദത്തെടുത്ത മാതാപിതാക്കള്‍ പിന്നീട് വിവാഹമോചിതരായി. മാതാവിന്റെ പുതിയ കാമുകനുമായി ഒത്തുപോവാന്‍ സാവന്നക്കായില്ല. സാവന്നയെ തിരിച്ചേറ്റെടുക്കാമെന്ന് പെറ്റമ്മ റൂഡ് സമ്മതിച്ചു.

തിയോഡോസ്യക്കടുത്തുള്ള 81 ഏക്കര്‍ ഫാമിലായിരുന്നു താമസം. മകള്‍ക്കൊപ്പമുള്ള ചിത്രം ഇവര്‍ ഫസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍, തന്റെ പുതിയ ജീവിതം സാവന്നക്ക് അത്ര വര്‍ണാഭമായിരുന്നില്ല. വീട്ടില്‍തന്നെ സ്‌കൂളായതിനാല്‍ പുറംലോകവുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. അമ്മയും കാമുകനും അടച്ചുറപ്പുള്ള കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ സാവന്നയെ അവഗണിച്ചു. മതിയായ വെളിച്ചമോ വെള്ളമോ അനുവദിച്ചില്ല. ഈ സാഹചര്യം അമ്മയുമായി വഴക്കിടാന്‍ അവളെ നിര്‍ബന്ധിച്ചു. മകള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ തന്റെ പക്കല്‍ സമയം ഇല്ലായിരുന്നുവെന്നാണ് റൂഡ് പിന്നീട് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാണിച്ച് സാവന്നയുടെ വളര്‍ത്തമ്മക്ക് അവര്‍ എഴുതി. ഇത് നടന്ന് ഏതാനും ആഴ്ച പിന്നിട്ടപ്പോള്‍ കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

കുന്നിന്‍മുകളിലെ തന്റെ പുരയിടത്തില്‍ തീപിടിത്തമുണ്ടായെന്നറിയിച്ചു. ഇത് അഗ്‌നിശമനസേനക്കാര്‍ വന്ന് കെടുത്തുകയും ചെയ്തു. എന്നാല്‍, സാവന്ന താമസിക്കുന്ന ഭാഗത്തേക്ക് ചെല്ലാന്‍ അവരെ അനുവദിച്ചില്ല. ഈ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ലെന്നും അവര്‍ തന്റെ പ്രിയപ്പെട്ട സാധനങ്ങളുമായി കടന്നുകളഞ്ഞെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കി. സാവന്നയാണ് വീടിന് തീവെച്ചതെന്നും അവര്‍ പറഞ്ഞു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ സാവന്നക്കുവേണ്ടി അരിച്ചുപെറുക്കി. കാണാതാവുന്നതിനു മുമ്പ് ഈ പെണ്‍കുട്ടി ഒരു പന്നിക്കൂട്ടിനുള്ളിലൂടെ നിരങ്ങി നീങ്ങുന്നതും പുറത്തെ കുളത്തില്‍ കുളിക്കുന്നതും കണ്ടിരുന്നതായി റൂഡിന്റെ മറ്റൊരു കാമുകന്‍ പൊലീസിന് മൊഴി നല്‍കി. സാവന്ന തന്നെ ഒരിക്കല്‍ അവളുടെ കൈ മുറിച്ചുവെന്നും ഇതിനുള്ള ശിക്ഷയായി റൂഡ് എല്ലാ ദിവസവും അതില്‍ ആല്‍ക്കഹോളും ഉപ്പും ഒഴിച്ച് അമര്‍ത്തി ഉരച്ചിരുന്നുവെന്നും അയാള്‍ പറഞ്ഞു. ഇത് പിന്നീട് റൂഡ് പൊലീസിനോട് സമ്മതിച്ചു.ചളിയില്‍ കുഴഞ്ഞ പന്നിക്കൂട്ടങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

തൃശ്ശൂര്‍ : ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നാലംഗ കുടുംബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (മൂന്ന്) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സുനില്‍ (36), ഭാര്യ സുജാത, മക്കളായ ആകാശ്, അമല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ മുറി എടുത്തത്. ക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയോടെ തിരികെ മുറിയില്‍ എത്തിയ ശേഷമായിരുന്നു കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാല്‍പ്പായസത്തില്‍ എലിവിഷം കലര്‍ത്തി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വിഷം ഉള്ളില്‍ ചെന്ന് കുട്ടികള്‍ അവശനിലയിലായതോടെ ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയിലുള്ള അമലിന്റെ നിലയും ഗുരുതരമാണ്. ടാപ്പിങ് തൊഴിലാളിയായ സുനില്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ടെംമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved