Latest News

ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരണത്തിനു കീഴടങ്ങി. ബര്‍മിംഗ്ഹാമിലെ നെഷേല്സ് കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ ഹക്കീം ഹുസൈന്‍ (ഏഴ്) ആണ്  ദാരുണമായ രീതിയില്‍ മരണമടഞ്ഞത്.

ഞായറാഴ്ച രാവിലെ ഏഴു മുപ്പതിന് ആയിരുന്നു ഹക്കീമിനെ മരിച്ചനിലയില്‍ വീടിനു മുന്‍പിലെ ഗാര്‍ഡനില്‍ കണ്ടെത്തിയത്. കാലത്തെ ഏഴരയോടെ എമര്‍ജന്‍സി കാള്‍ ലഭിച്ചതനുസരിച്ച് ഹക്കീമിന്റെ വീട്ടിലെത്തിയ ആംബുലന്‍സ് സര്‍വീസുകാര്‍ ആണ് ഹക്കീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക് സംഘം എത്തുന്നതിനും ഏറെ മുന്‍പ് തന്നെ ഹക്കീം മരണപ്പെട്ടിരുന്നതായ് വെസ്റ്റ് മിഡ് ലാണ്ട്സ് ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കടുത്ത തണുപ്പു മൂലം ശരീരോഷ്മാവ് കുറഞ്ഞ് ഹൈപോതെര്‍മിയ എന്ന അവസ്ഥ ഉണ്ടായതാണ് ഹക്കീമിന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശരീരോഷ്മാവ് ക്രമാതീതമായ് താഴ്ന്നതിനെ തുടര്‍ന്നുള്ള കാര്‍ഡിയാക് അറസ്റ്റ് മൂലമാണ് ഹക്കീം മരണത്തിനു കീഴടങ്ങിയത് എന്ന് കരുതപ്പെടുന്നു. ഹക്കീമിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു.

ഹക്കീം എങ്ങനെയാണു വീടിനു പുറത്തെ കൊടും തണുപ്പില്‍ ചെലവഴിക്കേണ്ടി വന്നത് എന്നത് വ്യക്തമല്ല. ഹക്കീമിന്റെ അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (56) താമസിച്ചിരുന്ന വീടിനു മുന്‍പിലാണ് സംഭവം നടന്നത്. ഹക്കീമിന്റെ അമ്മ ലോറ ഹീത്തും ഹക്കീമും രണ്ടാഴ്ച മുന്‍പാണ്‌ അമ്മാവന്റെ വീട്ടിലെത്തിയത്.   ഹക്കീമിന്റെ  മരണത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മരണകാരണമായേക്കാവുന്ന രീതിയില്‍ കുട്ടിയെ അവഗണിച്ചു എന്നതാണ് ഇപ്പോള്‍ അവരുടെ പേരില്‍ ചാര്‍ജ്  ചെയ്തിരിക്കുന്ന കുറ്റം. കൂടുതല്‍ അന്വോഷനങ്ങള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂ.

ഹക്കീമിന്റെ അമ്മ ലോറ സൂദ് (ഇടത്ത്), അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (വലത്)

പഠനത്തിലും കളിയിലും ഒക്കെ മിടുക്കനായിരുന്ന ഹക്കീമിന്റെ മരണം സഹപാഠികളെയും ബന്ധുക്കളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ഹക്കീമിന്റെ വേര്‍പാട്‌ മൂലം ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് ഉണ്ടായ ആഘാതം കുറയ്കുന്നതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഹക്കീം പഠിച്ചിരുന്ന നെയ്ഷേല്‍സ് പ്രൈമറി സ്കൂള്‍ ഹെഡ് ടീച്ചര്‍ ജുലി റൈറ്റ് അറിയിച്ചു.

മികച്ച ഭാവി ഉണ്ടായിരുന്ന മിടുക്കനായ കുട്ടിയായിരുന്നു ഹക്കീമെന്ന് ഹക്കീമിന്റെ ആന്‍റിയായ അരൂസ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് ഹക്കീമിന്റെ പിതാവ് ആകെ തകര്‍ന്നിരിക്കുകയാണെന്നും അവന്‍റെ കളിചിരികള്‍ നിലച്ചെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നതായും ഇവര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ഒരാഴ്ച ആയിരുന്നു ഇംഗ്ലണ്ടില്‍ കടന്നു പോയത്. വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരാനും സാദ്ധ്യതയുണ്ട്.

ഒളിക്യാമറാ ഓപ്പറേഷനുകളിലൂടെ ഇന്ത്യയിലെ വന്‍കിട രാഷ്ട്രീയനേതാക്കളെയും കേന്ദ്രമന്ത്രിമാരെയും തിഹാര്‍ ജയിലിലേക്കെത്തിച്ച സ്റ്റിംഗ് ഓപ്പറേഷന്‍ വിദഗ്ധന്‍ മാത്യു സാമുവല്‍ തന്റെ സാഹസിക മാധ്യമ പ്രവര്‍ത്തനത്തിന്റെ കഥകള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ടര്‍ സംപ്രേക്ഷണം ആരംഭിച്ച ‘അന്ന് എന്ത് സംഭവിച്ചു’ എന്ന അന്വേഷണ പരമ്പരയിലെ ആദ്യ എപ്പിസോഡില്‍ മാത്യു സാമുവലാണ് തെഹല്‍കയിലെ ഒളിക്യാമറാ ഓപ്പറേഷന്‍ നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലേക്ക് നയിച്ച ആയുധക്കോഴ സ്റ്റിംഗ് ഓപ്പറേഷനില്‍ ഇന്ത്യന്‍ മിലിട്ടറിയിലെ ഉന്നതരില്‍ ചിലര്‍ക്ക് ആയുധഇടപാടിന് പ്രത്യുപകാരമായി സ്ത്രീകളെ എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി നിന്നത് പ്രമുഖ ക്രിക്കറ്റ് താരം മനോജ് പ്രഭാകറാണെന്ന വെളിപ്പെടുത്തലും ഈ എപ്പിസോഡില്‍ മാത്യുസാമുവല്‍ നടത്തുന്നുണ്ട്.
പരിപാടി എല്ലാ ബുധനാഴ്ചയും രാത്രി 7.30 ന്.

ആദ്യ എപ്പിസോഡ് കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക

വിമാര്‍ശിക്കുന്നവരെ എല്ലാം രാജ്യദ്രോഹികളാക്കി പാക്കിസ്ഥാനിലേക്ക് പറഞ്ഞ് അയക്കുന്നതായിരുന്നു കഴിഞ്ഞ കാലം വരെ സംഘപരിവാര്‍ സംഘടനകളുടെ രീതി. എന്നാൽ അത് മാറി ഇപ്പോള്‍ തങ്ങള്‍ക്കെതിരായ  കാര്യങ്ങള്‍ പറയുന്നവരുടെ മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി  ആക്രമിക്കുന്ന പുതിയ രീതികള്‍ സംഘ പരിവാർ കണ്ടു പിടിച്ചിരിക്കുന്നു.

സംഘപരിവാറിന്റെയും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എറിയ ശേഷം സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുന്നത് നിരന്തര സംഭവമാണ്. തമിഴ്‌നടന്‍ വിജയ് തന്റെ പുതിയ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാരത്തിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.

എന്നാല്‍ ഈ പ്രചരണത്തെ വിജയ് പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് എന്ന പേരില്‍ നിന്നുകൊണ്ട് തന്റെ പേര് ജോസഫ് വിജയ് എന്നാണ് അതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചു കൊണ്ടായിരുന്നു. ഈ നിരയിലേക്ക് എത്തിയ ആളാണ് മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍. സംഘപരിവാര്‍ സംഘടനകളെയും ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളെയും നിരന്തരം വിമര്‍ശിക്കുന്ന ഷാനി സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്.


നോട്ടു നിരോധനത്തിന്റെ സമയത്ത് ഷാനിയുടെ വീട്ടില്‍ നിന്ന് കള്ളപ്പണം പിടിച്ചെടുത്തെന്നായിരുന്നു ആദ്യ ആരോപണം. ഇത് പൊളിഞ്ഞതോടെ ഷാനി പ്രഭാകറിന്റെ ഭര്‍ത്താവ് ക്രിസ്ത്യാനിയായതുകൊണ്ട് ഷാനി ക്രിസത്യാനിയാണെന്നും അത് കൊണ്ടാണ് ബി.ജെ.പിയെ ഷാനി വിമര്‍ശിക്കുന്നതെന്നുമായിരുന്നു സംഘപരിവാറുകാരുടെ അടുത്ത പ്രചരണം.

ഷാനി പ്രഭാകരന്‍ എന്ന പേര് ഉപയോഗിക്കരുതെന്നും ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് ഷാനി പ്രിജി ജോസഫ് എന്ന് ഉപയോഗിക്കണമെന്നുമാണ് സംഘപരിവാറുകാരുടെ ആവശ്യം. കോട്ടയത്തെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ഷാനിപ്രഭാകര്‍ മതം മാറി അന്ന എന്ന പേര് സ്വീകരിച്ചെന്നും ഹിന്ദു മതത്തെ അപമാനിക്കാനാണ് ഷാനി പ്രഭാകര്‍ എന്ന പേര് ഇപ്പോഴും ഉപയോഗിക്കുന്നതെന്നുമാണ്‌ വിവിധ സംഘ പരിവാര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രചരണം. ‘ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ എറണാകുളം ചമ്പക്കര പള്ളിയില്‍ വച്ച് മതംമാറി അന്നയെന്ന പേര് സ്വീകരിച്ച പെണ്‍കുട്ടിയെ അന്നയെന്ന് വിളിക്കേണ്ടേ എന്നായിരുന്നു പുതിയ പ്രചരണം. മാധ്യമപ്രവര്‍ത്തനരംഗത്തെ ചില തുടക്കക്കാരും ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

കഴിഞ്ഞ ദിവസം കൗണ്ടര്‍ പോയിന്റ് എന്ന ഷാനി പ്രഭാകര്‍ അവതാരകയായ ചര്‍ച്ചയില്‍ ഹാദിയ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഹാദിയെ അഖില എന്ന പഴയ പേരില്‍ പരാമര്‍ശിച്ച ബി.ജെ.പി നേതാവ് ജെ.ആര്‍ പത്മകുമാറിനെ തിരുത്തിയതാണ് ‘സംഘ ശക്തികളെ’ ഇപ്പോള്‍ ചൊടിപ്പിച്ചത്.
ചര്‍ച്ചക്കിടെ അഖിലയെന്ന് ഉപയോഗിച്ച ജെ.ആര്‍ പത്മകുമാറിനോട് പെണ്‍കുട്ടിയുടെ പേര് ഹാദിയ ആണെന്നും ഹാദിയയുടെ മതം മാറ്റം കോടതി അംഗീകരിച്ചതാണെന്നും വിവാഹം മാത്രമാണ് അംഗീകരിക്കാത്തതെന്നും ഹാദിയ എന്ന് തന്നെ വിളിക്കുന്നതാണ് ആ കുട്ടിയോട് ചെയ്യാന്‍ കഴിയുന്ന ആദരവ് എന്നും ഷാനി പ്രഭാകര്‍ ഓര്‍മിപ്പിച്ചു. തനിക്ക് അഖില എന്നു വിളിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ പത്മകുമാറിനോട് ചര്‍ച്ച ചെയ്യുന്നത് വ്യക്തി സ്വാതന്ത്യത്തെ കുറിച്ചാണെന്നും നമുക്ക് ഇഷ്ടമുള്ള പേര് ഒരാളെ വിളിക്കാന്‍ കഴിയില്ലെന്നും ഷാനി ഓര്‍മിപ്പിച്ചിരുന്നു.

സ്വന്തം താല്‍പര്യപ്രകാരം മുസ്‌ലിം മതം തെരഞ്ഞെടുക്കുകയും ഹാദിയ എന്ന പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നും തുറന്ന് പറഞ്ഞ യുവതിയെ ഹാദിയ എന്നുതന്നെ വിളിക്കുന്നതില്‍ എന്താണ് തെറ്റ്. താന്‍ സ്വയം തെരഞ്ഞെടുക്കുന്നത് എന്താണോ അതാണ് തന്റെ പേര്, അങ്ങനെയാണ് താന്‍ വിളിക്കപ്പെടേണ്ടത് എന്നു തീരുമാനിക്കാനുള്ള പൗരന്റെ അവകാശത്തിനുമേല്‍ കടന്ന് കയറാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
വ്യക്തികളുടെ പേരുകള്‍ക്കുപോലും മതം വേണമെന്നാണ് സംഘപരിവാറിന്റെ എറ്റവും പുതിയ നിബന്ധന. എന്നാല്‍ സംഘപരിവാറിന്റെ ഇത്തരം പ്രോ അജണ്ടകളെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഷാനി പ്രഭാകര്‍ പറയുന്നത്. ഇത്രയും കാലം ഇത്തരം പ്രചരണങ്ങളോട് എങ്ങിനെയാണോ പ്രതികരിച്ചത്. അതേ രീതിയില്‍ മൗനം പാലിക്കാനാണ് താല്‍പര്യമെന്നും ഷാനി പറയുന്നു.

തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ ‘അഹിന്ദുക്കളായ രാജ്യദ്രോഹികളാക്കുന്നത്’ ആദ്യമല്ല. ജെ.എന്‍.യു വിവാദം കത്തി നില്‍ക്കുമ്പോളായിരുന്നു മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ ദുര്‍ഗ്ഗാ ദേവിയെ വേശ്യയെന്ന് വിളിച്ചെന്നാരോപിച്ച് വ്യാപക സൈബര്‍ ആക്രമണങ്ങളും വധഭീഷണിയും നടത്തിയത്. സംവിധായകന്‍ കമലിനെതിരെയും ഇതേ രീതിയില്‍ ആക്രമണം നടത്തിയിരുന്നു. ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ വിമര്‍ശനമുന്നയിച്ചതിനായിരുന്നു കമലിന്റെ മതം പറഞ്ഞു കൊണ്ട് സൈബര്‍ ആക്രമണം നടത്തിയത്. കമല്‍ എന്ന് കമാലുദ്ധീന്‍ മുസ്‌ലിം ആയത് കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സംഘപരിവാറിന്റെ കണ്ടെത്തല്‍.
സംഘപരിവാറുകാര്‍ ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാനും ഷാരൂഖ് ഖാനും അടക്കം നിരവധി ‘അഹിന്ദു’ക്കളായ വിമര്‍ശകരെ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുന്ന എജന്റുകളാവുന്നതും ശ്രമിക്കുന്നതും ഇതേ തിയറി ഉപയോഗിച്ചാണ്.

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ നടി രഞ്ജിത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോര്‍ഫ് ചെയ്തതല്ലെന്നും വീഡിയോ യാഥാര്‍ത്ഥമാണെന്നും സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.

കേസിനെക്കുറിച്ചു സിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബംഗളുരു കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇതിനു പിന്നാലെ ബംഗളുരുവിലെ ഫോറന്‍സിക് ലബോറട്ടറി വീഡിയോ കെട്ടിച്ചമച്ചതല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവംബര്‍ 22ന് കേന്ദ്ര ഫോറന്‍സിക് വിഭാഗം വീഡിയോ പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതു വ്യാജമല്ലെന്നു വ്യക്തമാക്കുന്നു.

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിതയുടെയും നിത്യാനന്ദ സ്വാമിയുടെയും വീഡിയോ പുറത്തുവന്നത്. എന്നാല്‍ ഈ വീഡിയോയിലെ സ്ത്രീ താനല്ലെന്നായിരുന്നു രഞ്ജിതയുടെ വാദം. വീഡിയോ കെട്ടിച്ചമച്ചതാണെന്ന് രഞ്ജിത പറഞ്ഞിരുന്നു.

 

ഭൂചലനം, കൊടുങ്കാറ്റ്, ദു:ഖ വെള്ളിക്ക് മുമ്പായി നാശനഷ്ടങ്ങളുടെ നീണ്ടനിര… ‘മാരക’ പ്രവചനങ്ങളുമായി യുവാവ്…പ്രശസ്തരായ മൂന്ന് പേരുടെ മരണവും ഇയാൾ പ്രവചിച്ചത് സത്യമായതും ശ്രദ്ധേയമാകുന്നു.

ഉഴവൂർ വിജയൻ, ഐ.വി. ശശി തുടങ്ങിയവരുടെ മരണം ഇയാൾ കൃത്യാമായി പ്രവചിച്ചിരുന്നു എന്ന് വിഡിയോയിൽ അവകാശപ്പെടുന്നുണ്ട്. പ്രശസ്തരായ മൂന്ന് പേരുടെ മരണം കൂടിയുണ്ടെന്നാണ് വിഡിയോയിൽ പറയുന്നത്. 2018 ലെ ദു:ഖവെള്ളിക്ക് മുൻപ് ഈ ദുരന്തങ്ങളെല്ലാം എത്തുമെന്നാണ് പ്രവചനം. ജി.എസ്.ടിക്ക് പരിഹാരം വരുമെന്നും ഇയാൾ പറയുന്നു.

2017 ഒക്ടോബർ 26 ന് നടത്തിയ പ്രവചനങ്ങളിൽ ഭൂരിഭാഗവും നടന്നതോടെ ഇയാൾ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. മലയാറ്റൂർ മലമുകളിൽ നിന്നാണ് യുവാവ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

നവംബർ അവസാനം സിനിമ മേഖലയിലെ ഒരു പ്രഗത്ഭൻ മരിക്കുമെന്നും കേരളത്തിൽ കൊടുങ്കാറ്റു ഉണ്ടാകുമെന്ന ഇദേഹത്തിന്റെ പ്രവചനം സത്യമായതോടെ ആ പ്രവചന വിഡിയോ സമൂഹമാധ്യമത്തിൽ വീണ്ടും വൈറലാവുകയാണ്.

സൂര്യ ടിവിയുടെ സ്റ്റാര്‍ വാര്‍ എന്ന അഡ്വെഞ്ച്രര്‍ പരിപാടിയുടെ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തില്‍ നടി സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സരുയു- അനീഷ് റഹ്മാന്‍ എന്നിവരുടെ ടീം പര്‍വതാരോഹണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പാറ കക്ഷണം അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.

താഴെ നിന്ന് ഇരുവരുടെയും പര്‍വതാരോഹണം കണ്ട് നില്‍ക്കുന്ന സഹപ്രവര്‍ത്തകരുടെ ഞെട്ടലോടെയുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

തിരുവനന്തപുരം: തമിഴ്‌നാട്ടിലും കേരളത്തിലും ഭീതി വിതച്ച ഓഖി ചുഴലിക്കാറ്റിനേക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലില്‍ അപകടത്തില്‍പ്പെട്ട 33 പേര്‍ തിരികെയെത്തിയിട്ടുണ്ട്. 33 വള്ളങ്ങളിലുള്ള മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയെങ്കിലും വള്ളം ഉപേക്ഷിച്ച് കപ്പലില്‍ കയറാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഭക്ഷണം ലഭിച്ചാല്‍ മതി, കടലില്‍ത്തന്നെ തുടരാമെന്നാണ് ഇവര്‍ പറയുന്നത്. അല്ലെങ്കില്‍ വള്ളം കരയിലേക്ക് എത്തിക്കണെന്നാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി. കാണാതായവര്‍ എത്ര പേരുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. നേവി, എയര്‍ഫോഴ്‌സ് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തത് തടസമുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഏഴ് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞത്ത് കണ്‍ട്രോള്‍ റൂം തുറന്നു. തീരദേശത്തുള്ളവരെ ഒഴിപ്പിക്കുന്നതിനായി 13 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും കേരളത്തിലും ഒരുപോലെ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്‌നാട്ടിലുമായി എട്ട് പേരുടെ ജീവനെടുത്തുവെന്നാണ് വിവരം.

നടനും മിമിക്രി രംഗത്തെ പ്രതിഭയുമായ കലാഭവന്‍ അബിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. മരണവാര്‍ത്ത വന്നതോടെ അബിയെ കുറിച്ച് വാചാലരാവുകയാണ് എല്ലാവരും.

ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജീവിക്കുമ്പോള്‍ അംഗീകരിക്കാതെ ജീവന്‍ പോയീന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു എന്നാണd കൂട്ടിക്കലിന്റെ വിമര്‍ശനം.

അബിയുമൊത്തുള്ള തന്റെ ഓര്‍മകളും കൂട്ടിക്കല്‍ പങ്കുവെച്ചിട്ടുണ്ട്.

“വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം. മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി…അബി… “കൂട്ടിക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വ്യാഴാഴ്ച രാവിലെയാണ് അബി അന്തരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ദില്ലി : ഇത് ദീപ മനോജ്‌ എന്ന മലയാളിയുടെ കര്‍മ്മ വിജയം. ദില്ലി മലയാളിയായ ദീപ ഒരു വന്‍ ദൗത്യം പൂര്‍ത്തിയാക്കി. ദില്ലി ദില്‍ഷാദ് മെട്രോ സ്റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്ന് വൈകിട്ട് 7.00 മണിക്ക് ദീപ അവളെ തിരിച്ചറിഞ്ഞു.. കിട്ടിയതും വാരി പുണര്‍ന്ന് മാറോട് ചേര്‍ത്തുവച്ചു. ഇനി അവള്‍ ഭിക്ഷയാചിക്കാന്‍ തെരുവില്‍ വരില്ല. അവള്‍ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും സ്‌കൂളിലേക്ക് പോകും. ബാംഗ്‌ളൂര്‍ സുഹൃത്ത് ആഷ്ണ , മധു പരമേശ്വരന്‍ , പ്രതാപന്‍ എന്നി സുഹൃത്തുക്കളും ഈ ഓപ്പറേഷനില്‍ ആദ്യവസാനം വരെ ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു രാത്രി 10 മണിക്ക് ദില്ലിയിലെ തെരുവില്‍ നിന്നും ദീപ ഇവളെ കാണുന്നത്. എല്ലാ ദിവസവും ദീപ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒരു പയ്യന്‍റെ മടിയില്‍ ഇരുന്ന് ഈ കൊച്ചു സുന്ദരി ഉറങ്ങും. അവന്‍ അവളെ കാണിച്ച് ഭിക്ഷയാചിക്കും.. സംശയം തോന്നിയ ദീപ അവനെ ചോദ്യം ചെയ്ത് ആ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. വൈറലായ ആ വാര്‍ത്തയും വീഡിയോയും ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു.


അന്നു മുതല്‍ ദീപയും സുഹൃത്തുക്കളും ആ കൊച്ചു സുന്ദരിക്കായി അന്വേഷണത്തിലായിരുന്നു. ദില്ലിയിലെ പല കോളനികളും രാത്രി അവര്‍ അരിച്ചുപെറുക്കി. ഭിക്ഷക്കാരുടെ താവളങ്ങള്‍ അവര്‍ റെയ്ഡ് പോലെ പരിശോധന നടത്തി. ഭിക്ഷക്കാര്‍ ചെല്ലാന്‍ സാധ്യതയുള്ള ഡോക്ടര്‍മാരുടെ അടുത്ത് ഫോട്ടോകള്‍ നല്കി. അങ്ങിനെ ഈ കുഞ്ഞ് ഉണ്ടെന്ന് വിവരം ലഭിച്ച് ഒരു കോളനി ഇന്നലെ രാത്രിയില്‍ ദീപയും സംഘവും പരിശോധിച്ചു.. അവളെ കിട്ടിയില്ല. ഇന്ന് രാത്രി 7 മണിക്കാണ് ദീപയ്ക്ക് ദില്ലിയിലെ ഭിക്ഷക്കാര്‍ ചികില്‍സക്ക് വരുന്ന ഒരു ഡോക്ടറുടെ കോള്‍ വരുന്നത്. ( ഡോക്ടറുടെ പേര്‍ കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് ). ഉടന്‍ ദീപയും സംഘവും കാറില്‍ അവിടെ പാഞ്ഞെത്തി. ആ കുട്ടിയെ തിരിച്ചറിഞ്ഞു. അവള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നു.


അവളുടെ പേര്‍ സാജിയ

സാജിയ ആണവള്‍. അമ്മയും എല്ലാവരും അവള്‍ക്കുണ്ട്. രാത്രിയില്‍ അവളെ കുടുംബത്തിലെ ബന്ധു ഭിക്ഷ ഇരക്കാന്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോകും. അകന്ന ബന്ധുവാണെന്ന് അമ്മ പറഞ്ഞു. അമ്മയും ഇതിന് കൂട്ട്. ഇനി ആവര്‍ത്തിക്കില്ലെന്നും തെറ്റു പറ്റി പോയി എന്നും അമ്മ കരഞ്ഞു പറഞ്ഞു. ദീപ ചോദിച്ചു.. നീ ഒരു അമ്മയാണോ ? . നിനക്ക് നാലര വയസുള്ള ഈ കുഞ്ഞിനെ ഒരു നിക്കര്‍ ഇടീപ്പിച്ച് വിടാന്‍ മേലായിരുന്നോ.. ഒരു വസ്ത്രം പോലും ഇല്ലാതെ നീ കൊടുത്തുവിടുന്നു. അപ്പോള്‍ തെറ്റു പറ്റി പോയെന്നും ഉപദ്രവിക്കരുതെന്നും അമ്മ. കുഞ്ഞിനെ രാത്രി 10 മണിക്കും കാണാതാകുമ്പോള്‍ നീ അന്വേഷിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അന്വേഷിക്കാറില്ലെന്നും അമ്മ പറഞ്ഞു. പിന്നെയും ദീപ ചോദിച്ചു.. നീ ഒരു സ്ത്രീയാണോ.. പ്രസവിച്ച അമ്മയാണോ?.. എന്നെ ഉപദ്രവിക്കരുത്.. ഇനി ചെയ്യില്ല എന്നു പറഞ്ഞ് പിന്നെയും അമ്മ കരഞ്ഞു.. അവളോട് ചോദിച്ചു.. കുഞ്ഞിനെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി. അങ്ങനെ ദീപയും സുഹൃത്തുക്കളും ആ ചുമതലയും ഏറ്റെടുത്തു. സാജിയ മോള്‍ ഇനി സ്കൂളില്‍ പോകും, പഠിച്ച് മിടുക്കിയാകും.

സാജിയ മോള്‍ ദീപയുടെ മടിയില്‍

ദീപയുടെ ഈ വിജയം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്. ദീപ ഈ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഇട്ടപ്പോള്‍ വിമര്‍ശകര്‍ വന്നു. നിങ്ങള്‍ പബ്ളിസിറ്റിക്കാണ്.. ഈ ചിത്രം ഇടുന്ന സമയത്ത് കുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലേ .. പോസ്റ്റിടുന്ന സമയത്ത് ഉടന്‍ പോയി ആ കുഞ്ഞിനെ രക്ഷിക്കൂ. നിങ്ങള്‍ ഇത് വയ്ച്ച് പബ്‌ളിസിറ്റി അടിക്കുന്നോ.. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍. എന്നാല്‍ അതല്ല സത്യം.. ആ പോസ്റ്റുകള്‍.. ചിത്രങ്ങള്‍ ആണ് ഇന്ന് ആ കുഞ്ഞിന്റെ ഭിക്ഷാടനം അല്ലാതാക്കിയത്. കണ്ടെത്താനായത്. മാത്രമല്ല പോസ്റ്റിടാന്‍ മാത്രമല്ല ദീപ ചിലവിട്ടത്. അന്നു മുതല്‍ ദീപയും സംഘവും അന്വേഷണം ആയിരുന്നു. ടീം വര്‍ക്കില്‍ ആയിരുന്നു. അതായിരുന്നു സത്യം.. എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇവരെ നന്നായി വിമര്‍ശിക്കാന്‍ പലരും സമയം കണ്ടെത്തി.. ഒരു മലയാളി യുവതിയുടെ ഇടപെടലില്‍ ഞടുങ്ങിയത് ദില്ലിയിലെ ഭിക്ഷാടന മാഫിയയാണ്. നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഇതോടെ ദില്ലിയിലെ തെരുവുകളില്‍ നിന്നും ഭിക്ഷയാചിക്കാന്‍ പിറ്റേന്ന് മുതല്‍ വരാതായത്. അത് വിജയമല്ലേ..നേട്ടമല്ലേ..? ദീപയ്ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

ദീപ ഷെയര്‍ ചെയ്ത വീഡിയോ താഴെ

വാര്‍ത്തയ്ക്ക് കടപ്പാട്: പ്രവാസിശബ്ദം 

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീര്‍. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബിയെന്ന് കോട്ടയം നസീര്‍ പറഞ്ഞു.

കോട്ടയം നസീറിന്റെ വാക്കുകളിലേക്ക്:
ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകള്‍ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാള്‍ ഉപരി ജ്യേഷ്ഠസഹോദരന്‍. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വലിയ ഷോക്ക് ആയിപ്പോയി.
ഞങ്ങള്‍ക്ക് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരില്‍ കാണുന്നവര്‍ക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാര്‍ത്ത പെട്ടന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്തത്. അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.
മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനല്‍ കലാകാരനായിരുന്നു. വേദിയിലെ കര്‍ട്ടന്‍ ചുളുങ്ങി ഇടാന്‍ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോള്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. കൊച്ചിന്‍ ഓസ്‌കര്‍ എന്ന ട്രൂപ്പില്‍ എനിക്ക് അവസരം കിട്ടുകയും, സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും അബി ഇക്ക വഴിയാണ്.

RECENT POSTS
Copyright © . All rights reserved