കൊച്ചി: വിശുദ്ധ പ്രണയങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി. സംസ്ഥാനത്ത് ഏതെങ്കിലും മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഏതു വിഭാഗത്തിന്റേതാണെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളോ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഇത്തരം കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തി കേസെടുക്കാണമെന്നും കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ് മുഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇവരുടെ വിവാഹം സാധുവാണെന്ന് കണ്ടെത്തിയ കോടതി ശ്രുതിയെ അനസിനൊപ്പം പോകാനും അനുവദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രുതിയെ വിധേയമാക്കില്ലെന്ന് അനസ് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്.
താന്‍ ഹിന്ദുവായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രുതിയും കോടതിയില്‍ ബോധിപ്പിച്ചു. നിര്‍ബന്ധിച്ച് മതം മാറില്ലെന്ന് പെണ്‍കുട്ടിയും കോടതിയില്‍ ഉറപ്പ് നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മതമൗലിക സംഘടനകള്‍ മകളെ ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രുതിയുടെ മാതാപിതാക്കളുടെ ആശങ്കയും കോടതി പരിഗണിച്ചു.
ജാതിയും മതവും കണക്കിലെടുത്ത് പ്രണയ വിവാഹങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ആക്കി മാറ്റാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. വിശുദ്ധ പ്രണയങ്ങളെ പോലും ആ രീതിയില്‍ ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കുന്നതില്‍ തടസ്സമില്ല. അങ്ങനെയുള്ള വിവാഹങ്ങളെ ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ കാണാനുള്ള ശ്രമമാണ് നടക്കുന്നത്.
ജനാധിപത്യ രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നും കോടതി പരാമര്‍ശിച്ചു.
നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയിലാണ് ഉണ്ടായിരുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പൊലീസ്. ആലുവയിലെ ആശുപത്രിയില്‍ നാലുദിവസം ദിവസം ചികിത്സ തേടിയെന്നതിന് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 മുതല്‍ 21വരെ പനിയ്ക്കു ചികിത്സയില്‍ കഴിയുകയാണ് എന്ന രേഖയാണ് ദിലീപ് ഉണ്ടാക്കിയത്. ദിലീപിനെ ചികിത്സിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ആശുപത്രി രേഖയിലുണ്ടായിരുന്നു.
എന്നാല്‍ ഈ ദിവസങ്ങളില്‍ ദിലീപ് സിനിമയില്‍ അഭിനയിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നടി ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് അമ്മ നടത്തിയ യോഗത്തില്‍ ദിലീപ് പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാജരേഖയാണെന്ന സംശയമുയര്‍ന്നത്.
ഇതേത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെ ഡോക്ടറേയും ദിലീപിനെ ചികിത്സിച്ചെന്നു പറയുന്ന നഴ്‌സുമാരെയും ചോദ്യം ചെയ്തിരുന്നു. ദിലീപ് ആവശ്യപ്പെട്ടതു പ്രകാരമാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നാണ് സൂചന. കൃത്യം നടത്തിയതു ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷൻ ഏറ്റെടുത്തയാളാണു സുനിൽ കുമാർ.
എട്ടു വകുപ്പുകൾ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ് താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങൾ. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുളള തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്. ഇരുപതിലേറെ നിർണായക തെളിവുകൾക്കു പുറമെ ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടാകും.
കരിങ്ങാംതുരുത്ത് തത്തപ്പള്ളി പുഴയില്‍ ചാടി പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നു. ഇതറിഞ്ഞ അധ്യാപകർ പ്രണയത്തിന്റെപേരിൽ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതരുടെ പീഡനവും അധിക്ഷേപവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. കൂനമ്മാവ് സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെ അധ്യാപകർ പ്രണയബന്ധത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും കളിയാക്കി, മോശമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് നാട്ടുകാരിൽ ചിലർ ആരോപിക്കുന്നത്. പെണ്‍കുട്ടി കാമുകനുമായി സ്‌കൂളിന് പുറത്തുവച്ച് കാണുകയും മിണ്ടുകയും ചെയ്തത് അധ്യാപകർ കാണുകയും അത് വലിയ വിഷയമാക്കിക്കൊണ്ട് 11 ദിവസത്താളം കുട്ടിയെ ക്ലാസ്സിന് പുറത്ത് നിര്‍ത്തി ശിക്ഷിക്കുകയും ചെയ്തിരുന്നതായാണ് വിവരം ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ഇറങ്ങി പെണ്‍കുട്ടി തത്തപ്പള്ളി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ചൊവ്വാഴ്ച സ്‌കൂളിലെത്തിയ കുട്ടിയോട് വീട്ടില്‍ നിന്ന് രക്ഷിതാക്കളെയും കൊണ്ട് സ്‌കൂളിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞ് മടക്കിയയച്ചു. ഇതിനിടെ കാര്യം അധ്യാപകര്‍ വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായെന്നും വിവരമുണ്ട്. അതേസമയം സ്‌കൂളില്‍ നിന്ന് ആ കുട്ടിയെ പറഞ്ഞുവിട്ടിട്ടില്ല. സ്‌കൂളില്‍ 16 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം പോലും കുട്ടിയെ ക്ലാസ്സിന് പുറത്ത് നിര്‍ത്തിയിട്ടുമില്ലെന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണെന്ന് പി.ടി.എ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വരാറില്ലായിരുന്നെന്നും. ഒകേ്ടാബര്‍ ആദ്യമാണ് അവസാനം വന്നത്. അന്ന് നാല് മണിക്ക് കുട്ടിയുടെ അച്ഛന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പറയുന്നു. മരിച്ച പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു. അതില്‍ അസ്വസ്ഥരായ അച്ഛനും അമ്മയും തന്നെയാണ് ആ വിവരം സ്‌കൂളില്‍ വന്ന് പറഞ്ഞത്. എന്നാല്‍ അതിന്റെ പേരില്‍ സ്‌കൂളിലെ അധ്യാപകരാരും തന്നെ കുട്ടിയെ ചോദ്യം ചെയ്തിട്ടില്ല. കൗണ്‍സലിങ്ങിന് കൊണ്ടുപോവാന്‍ അച്ഛനോട് ഉപദേശിക്കുകമാത്രമാണ് ചെയ്തത്. കൗണ്‍സലിങ് പൂര്‍ത്തിയാക്കി 16ന് സ്‌കൂളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അന്ന് ഹര്‍ത്താല്‍ ആയിരുന്നു. പിറ്റേന്ന്, അതായത് ചൊവ്വാഴ്ച കുട്ടിയുടെ അമ്മയാണ് സ്‌കൂളില്‍ എത്തി. കുട്ടിയുടെ അച്ഛന്‍ അവളുമായി അടുപ്പമുള്ളയാളെ പിടികൂടിയിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് അവര്‍ തിരിച്ചുപോയി. പിന്നീട് കേള്‍ക്കുന്നത് ഈ വാര്‍ത്തയാണെന്നും പിടിഎ പറയുന്നു. കുട്ടിയുമായി ബന്ധപ്പെട്ട സിസിസടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും പറയുന്നു. സംഭവത്തില്‍ പറവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അടിമാലി പതിനാലാം മൈല്‍ ചാരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയെ (41) കൊലപ്പെടുത്താനുള്ള കത്തി ഒന്നര വര്‍ഷം മുമ്പുതന്നെ ഗിരോഷ് കൈയില്‍ കരുതിവച്ചിരുന്നു. ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സെലീനയെ അതിക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിന് (30) അല്‍പ്പം പോലും മനസ്സ് ഇടറിയില്ല. അരുംകൊലയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഗിരോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. റിമാന്‍ഡിലായ ഗിരോഷിന്റെ മൊഴിയില്‍ വിശ്വസിച്ചു നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെയാണ് ധൃതഗതിയില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍, കൊലപാതകത്തിനു ശേഷം സെലീനയുടെ മൊെബെല്‍ ഫോണ്‍ കവര്‍ന്നതായി പ്രതി സമ്മതിച്ചു. ആദ്യമൊഴിയില്‍ ഇത് പ്രതി നിരസിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ വീണ്ടും വിശദമായി ചോദ്യം ചെയ്തു വരികയാണ്. കത്തി കൊണ്ട് സെലീനയെ തൊണ്ടക്കുഴിയില്‍ കുത്തി വീഴ്ത്തി മരണം ഉറപ്പാക്കുന്നതിനു മുന്‍പ് ഭാഗികമായ നിലയില്‍ ലൈംഗിക പീഡനവും നടത്തി. തുടര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷം മൊെബെല്‍ കവര്‍ന്ന് റോഡിലെത്തി. അടിമാലി ഭാഗത്തേക്ക് 250 മീറ്ററോളം സഞ്ചരിച്ച് ഫോണ്‍ പ്രവര്‍ത്തന ക്ഷമമാക്കി കാട്ടിലെറിഞ്ഞു കളഞ്ഞു. തിരികെ വീട്ടിലെത്തിയാണ് കത്തി ഉപയോഗിച്ച് ഇരുപതോളം മാരകമുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടാക്കുകയും മാറിടം മുറിച്ച് തൊടുപുഴക്ക് കൊണ്ടുപോയതും. ഇതിനിടെ ഇരുമ്പുപാലത്തിനു സമീപം മെഴുകുംചാലിലെ സര്‍ക്കാര്‍ മദ്യശാലയിലുമെത്തി. ഇവിടെയെല്ലാം പ്രതിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. കാടുവെട്ടിത്തെളിച്ച് പരിശോധിച്ചെങ്കിലും മൊെബെല്‍ കണ്ടെത്താനായില്ല. ഇന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന തുടരും. പ്രതിയുടെ മൊഴിയില്‍ മാറ്റങ്ങള്‍ വരുന്നത് അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയായ ബസുടമയ്ക്കും ഇയാളുടെ ബസില്‍ മുന്‍പ് ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവിനും സംഭവത്തില്‍ പങ്കുള്ളതായി എസ്.പിക്ക് ഗിരോഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ പലവട്ടം ചോദ്യം ചെയ്‌തെങ്കിലും തമ്പുണ്ടായിട്ടില്ല. ഗിരോഷ് മൊഴിയില്‍ പറഞ്ഞിട്ടുള്ള ബാങ്കിടപാടുകളുടെ രേഖകള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളില്‍ ഒന്നൊന്നായി പോലീസ് കൃത്യത ഉറപ്പുവരുത്തി വരികയാണ്. ശനിയാഴ്ചയോടെ ഗിരോഷിനെ തിരികെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം: താന്‍ നല്‍കിയ പരാതികള്‍ മുന്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സരിത നായര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചത്. കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നതായും സരിത പറയുന്നു.
രണ്ട് പരാതികളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് സര്‍ക്കാരിന്റെ ഭാഗമായിരുന്നവരാണ്. അതുകൊണ്ടുതന്നെ കേസുകള്‍ അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. തനിക്ക് നീതി ലഭിച്ചില്ലെന്നും സരിത പറയുന്നു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് സരിത പരാതിയില്‍ ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
ഹോളണ്ട്: സ്വഭാവങ്ങളിലും ജീവിത രീതികളിലും മനുഷ്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ജീവികളാണ് ചിമ്പാന്‍സികള്‍. അവയുടെ ഓര്‍മശക്തിയും പ്രതികരണങ്ങളും മനുഷ്യനോട് സാമ്യമുള്ളവയാണെന്ന് ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. ഹോളണ്ടിലെ റോയല്‍ ബര്‍ഗേഴ്‌സ് മൃഗശാലയിലുണ്ടായ ഒരു സംഭവം ഇതിനെ ഒന്നുകൂടി അടയാളപ്പെടുത്തുകയാണ്. വൃദ്ധയും മരണാസന്നയുമായ മാമ എന്ന ചിമ്പാന്‍സി തന്റെ പഴയ മനുഷ്യ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളാണ് അവ. 1972 മുതല്‍ മാമയെ പരിചരിച്ചിരുന്ന പ്രൊഫ.ജാന്‍ വാന്‍ ഹൂഫ് സന്ദര്‍ശിക്കാനെത്തിയപ്പോളായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്.
59 വയസുണ്ടായിരുന്ന മാമ വാര്‍ദ്ധക്യത്തിന്റെ അവശതകളിലായിരുന്നു. പരിചരിക്കുന്ന മൃഗശാലാ ജീവനക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാന്‍ അവള്‍ വിസമ്മതിച്ചു. ചുരുണ്ടുകൂടി കിടക്കുക മാത്രമായിരുന്നു മാമ ചെയ്തിരുന്നത്. പ്രൊഫസര്‍ എത്തിയപ്പോള്‍ അവള്‍ തിരിച്ചറിയുകയും ചിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖത്ത് തൊടുകയും ആശ്ലേഷിച്ച് തന്റെ മുഖത്തേക്ക് ചേര്‍ക്കുകയും ചെയ്തു. ഈ സമാഗമത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഒരാഴ്ചക്കു ശേഷം മാമ മരിച്ചു ബിഹേവിയറല്‍ ബയോളജിയില്‍ പ്രൊഫസറായ വാന്‍ ഹൂഫ് ആണ് മാമയുടെ ചിമ്പാന്‍സി കോളനി കണ്ടെത്തിയതും മൃഗശാലയില്‍ ഇവയെ എത്തിച്ചതും. 1970കളില്‍ സ്ഥാപിതമായ ഈ മൃഗശാലയാണ് ചിമ്പാന്‍സികളെ സംരക്ഷിക്കാനായി ലോകത്ത് ആദ്യം ആരംഭിച്ചത്. തന്റെ കോളനിയുടെ നേതാവായിരുന്നു ഈ പെണ്‍ ചിമ്പാന്‍സി.
വീഡിയോ കാണാം
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകാൻ സാധ്യത. കുറ്റകൃത്യം നേരിട്ട് ചെയ്തവരേക്കാൾ, അത് ചെയ്യിച്ചവർക്കാണ് ഉത്തരവാദിത്തമെന്ന നിലപാടിലാണ് അന്വേഷണസംഘത്തിന്റെ അപ്രതീക്ഷിത നീക്കം. നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിൽ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി, ദിലീപ് പതിനൊന്നാം പ്രതിയും.
പൾസർ സുനിയെന്ന സുനിൽ കുമാർ ഒന്നാംപ്രതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റുള്ളവരാണ് പ്രതിപ്പപട്ടികയിൽ താഴേക്കുള്ളത്. ഗുഡാലോചന കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണത്തിൽ ഇവർക്കെല്ലം ശേഷം പതിനൊന്നാം പ്രതിയായാണ് ദിലീപിനെ ചേർത്തത്. ഗൂഡാലോചനയിലെ പങ്ക് പരിഗണിച്ച് ഈ സ്ഥാനം മുകളിലേക്കാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ഒന്നാം പ്രതിയാക്കാനുള്ള നീക്കം അപ്രതീക്ഷിതമാണ്. കുറ്റം ചെയ്തവരേക്കാൾ അത് ചെയ്യിച്ചവർക്കാണ് ഉത്തരവാദിത്തമെന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിച്ചിരിക്കുന്നത്. സുനിൽ കുമാറിന് നടിയോട് മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ദിലീപിന് വേണ്ടിയാണ് എല്ലാം ചെയ്തത്. ആസൂത്രണമെല്ലാം ദിലീപ് നേരിട്ടായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിലൂടെ ഇക്കാര്യമെല്ലാം ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എഡിജിപിയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാനാണ് ഇതുവരെ ധാരണയായിട്ടുള്ളത്. അതേസമയം നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇനി വീണ്ടെടുക്കാനാകില്ല എന്ന നിലപാടിലേക്ക് അന്വേഷണസംഘം എത്തിയതായും സൂചനയുണ്ട്.
തിരുവനന്തപുരം: സോളാര്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നതായി ഡിജിപി എ.ഹേമചന്ദ്രന്‍. പോലീസ് മേധാവിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തിലാണ് ഹേമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടികള്‍ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
എസ്പിമാരായ റെജി ജേക്കബ്, വി.അജിത്, കെ.എസ്. സുദര്‍ശന്‍, ഡിവൈഎസ്പി ജെയ്സണ്‍ കെ. എബ്രഹാം എന്നിവരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയിരുന്നു. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ ചുമതല തനിക്കായിരുന്നു. മറ്റ് നാല്‌പേരെ താനാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ മാത്രമാണ് അവര്‍ ഇടപെട്ടത്. മറ്റൊരു വീഴ്ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടിക്കെതിരായുള്ള കത്ത് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫീസില്‍ പ്രത്യേക ദൂതന്‍ വഴിയാണ് എത്തിച്ചത്. തുടര്‍നടപടിയെടുക്കാന്‍ അദ്ദേഹം തയ്യാറാകാത്തതിനെത്തുടര്‍ന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കുകയായിരുന്നു.
പിതാവിനെ ഗുണ്ടകള്‍ വെടിവച്ച് കൊല്ലുമ്പോള്‍ വെറും നാലു വയസ്സ് മാത്രമായിരുന്നു അന്‍ജും സെയ്ഫിയുടെ പ്രായം. 1992ല്‍ ആണ് മാര്‍ക്കറ്റിലെ പിടിച്ചുപറിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അവരെ നേരിടാന്‍ തയ്യാറായി മുന്നോട്ടുവരികയും ചെയ്തിന്റെ പേരില്‍ അന്‍ജും സെയ്ഫിയുടെ പിതാവ് റഷീദ് അഹമ്മദിനെ ഗുണ്ടകള്‍ കൊന്നത്.
കടയില്‍ കയറി പണമെടുക്കാന്‍ ശ്രമിച്ചവരെ തടയുമ്പോള്‍ ഗുണ്ടകള്‍ റഷീദിനെ വെടിവച്ചുവീഴ്ത്തി. പിതാവിനെ കുറിച്ചുള്ള നേരിയ ഓര്‍മ്മകള്‍ മാത്രമേ അന്‍ജുമിനുള്ളൂ. എങ്കിലും കാല്‍നൂറ്റാണ്ടുമുന്‍പ് പിതാവ് തന്നെകുറിച്ച് കണ്ട സ്വപ്നം അവള്‍ നിറവേറ്റിയിരിക്കുകയാണ്.
മകളെ ജഡ്ജിയായി കാണണമെന്നായിരുന്നു റഷിദിന്റെ ആഗ്രഹം. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 29ാം വയസ്സില്‍ അന്‍ജും ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷയില്‍ ഉന്നത വിജയമാണ് അന്‍ജും നേടിയത്. അഞ്ച് സഹോദരന്മാരുടെ ഏക സഹോദരിയാണ് അന്‍ജും.
പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൗമാരക്കാരനായ മൂത്തമകന്റെ ചുമലിലായി. 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ കുടുംബത്തെ കരകയറ്റാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം. കടന്നുപോയത് ഏറെ യാതനകള്‍ നിറഞ്ഞ കാലങ്ങളായിരുന്നു. പിതാവിന്റെ സ്വപ്നം അപ്പോഴും അവര്‍ കൂടെ സൂക്ഷിച്ചു. മക്കളുടെ ഭാവിയെ കരുതി ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരായ കേസ് പോലും അന്‍ജുമിന്റെ മാതാവ് ഹമിദ ബീഗത്തിന് ഉപേക്ഷിക്കേണ്ടിവന്നു. മക്കളെ കുറിച്ച് പിതാവ് കണ്ട സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് ഇന്ന് ഹമിദ ബീഗം പറയുന്നു.
ശരിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടെയാണ് തന്റെ പിതാവിന് ജീവന്‍ നഷ്ടമായതെന്ന് അന്‍ജും പറയുന്നു. നല്ലത് വരുത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ശരിയായ കാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തുന്നതുമാണ് തന്റെ ലക്ഷ്യം.
സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരം ഇന്ന് ദൈവം നല്‍കിയിരിക്കുന്നു. പിതാവിന്റെ ത്യാഗം ഒരിക്കലും പാഴായി പോകില്ലെന്നും അന്‍ജും ഉറപ്പുപറയുന്നു.
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ അമിത് ഷാ സി.പി.മ്മിനെ വെല്ലുവിളിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പതിമൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച അമിത് ഷാ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്നും ആരോപിച്ചു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനരക്ഷായാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തനാക്കി. സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല. സി.പി.എം സാന്നിധ്യമുള്ള ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയലും അക്രമവും മൂലമാകുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിന്റെ വികസനത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ജനരക്ഷാ യാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ച് ഞങ്ങള്‍ പറയാം. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അമിത് ഷാ ചോദിച്ചു. ബി.ജെ.പിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു.