നെടുമ്പാശ്ശേരി: മാതാപിതാക്കളറിയാതെ കാമുകനുമൊത്ത് രണ്ട് വട്ടം ദുബായി സന്ദര്‍ശിച്ചത് പുറത്തറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച യുവതി അറസ്റ്റില്‍. കോട്ടയം കടത്തുരുത്തി സ്വദേശിനി അനു (22) വിനെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് പോകാനെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ രണ്ട് പേജ് വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
യുവതിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ്. യുവതി ബിരുദത്തിന് പഠിച്ചത് മംഗളൂരുവിലാണ്. ഇവിടെ വെച്ച് പരിചയപ്പെട്ട കാമുകനുമൊത്താണ് യുവതി രണ്ട് വട്ടം ദുബായ് സന്ദര്‍ശിച്ചത്. ഈ വിവരം മാതാപിതാക്കള്‍ അറിയാതിരിക്കുന്നതിനാണ് കാമുകന്റെ നിര്‍ദേശപ്രകാരം പാസ്‌പോര്‍ട്ടില്‍ നിന്നു രണ്ട് പേജ് കീറിക്കളഞ്ഞത്. തുടര്‍ന്ന് വ്യാജ പേജ് തയ്യാറാക്കി പതിപ്പിക്കുകയായിരുന്നു. യുവതിയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
ഫാ. മാത്യു പിണക്കാട്ട്
പ്രസ്റ്റൺ: അഭിഷേകാഗ്നി കൺവൻഷനായി സെന്റ് അൽഫോൻസാ ഇമാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ഒരുങ്ങി. മുതിർന്നവർക്കുള്ള ധ്യാനം (PR1 1TT, St. Ignatius Square), 5 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കുള്ള ധ്യാനം സെന്റ് മരിയാ ഗൊരേത്തി പള്ളിയിലും (Gamul ln, PR2 6SJ) ആയിരിക്കും നടക്കുക. 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 6 മണിക്ക് തീരുന്നതാണ്. കാറുകൾക്ക് പാർക്കു ചെയ്യാനായി കത്തീഡ്രൽ പള്ളിക്കു സമീപമുള്ള പേ ആൻഡ് പാർക്ക് (Noor Street, PR1 1QS) ആണ് സൗകര്യപ്രദമായുള്ളത്.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ വചന സന്ദേശത്തോടെയാണ് ധ്യാനം ആരംഭിക്കുക. അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമുലം ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ കൊയ്‌ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം.
ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്‍ന്ന്സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് കുടുംബം പലായനം ചെയ്തു. പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക്തരണി സാഹു എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഭയം നല്‍കുകയായിരുന്നു.
കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പോലീസ് പറയുന്നത്.സംഭവം വാര്‍ത്തയായതോടെ ഇവരെ പോലീസ് സംരക്ഷണത്തോടെ തിരികെ ഗ്രാമത്തിലെത്തിച്ചു.
കൊയ്‌ലി ദേവിയുടെ മകള്‍ സന്തോഷി കുമാരിയാണ് പട്ടിണികിടന്ന് മരണമടഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടി മരിക്കുന്നത്.
എന്നാല്‍ വിവരം പുറത്തുവന്നത് കുറച്ചുകഴിഞ്ഞാണ്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രദേശത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊയിലി ദേവിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്.
റേഷന്‍ വിതരണക്കാരുടെ ആളുകളും നാട്ടിലെ ചിലരുമാണ് ആക്രമണത്തിന് പിന്നില്‍. എന്നാല്‍ സന്തോഷി മരിച്ചത് മലേറിയ ബാധിച്ചാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിന്റെ പേരില്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകള്‍ അസുഖം ബാധിച്ചല്ല മരിച്ചതെന്നും അവസാനമായി തന്നോട് ആഹാരമാണ് ആവശ്യപ്പെട്ടതെന്നും കോയിലി ദേവി പറയുന്നു.
കോഴിക്കോട് : ‘വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ട് വരൂ’… വിവാഹ സര്‍ട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികള്‍ക്ക് മറുപടി കേട്ട് ദമ്പതികള്‍ ഞെട്ടി.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി മുക്കം നഗരസഭയെ സമീപിച്ച കോരുത്തോട് സ്വദേശി ജോഷി ജയിംസിനും ഭാര്യ ബിന്ദുവിനുമാണ് ദാരുണ അനുഭവം ഉണ്ടായത്. സെപ്റ്റംബര്‍ 11 നാണ് വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞ രേഖകളെല്ലാം നല്‍കി ഒടുവില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറായത് വ്യാഴാഴ്ച.
അന്നു തന്നെ മുക്കം നഗരസഭയിലെ രജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവെച്ചു. ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് കിട്ടുകയേ വേണ്ടൂ എന്ന മറുപടിയും ലഭിച്ചു. എന്നാല്‍, സാങ്കേതിക പ്രശ്‌നം അവിടെ വില്ലനായെത്തി. അതോടെ ‘ബ്ലോക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാളെ വരും, രാവിലെ വന്നാല്‍ കയ്യോടെ പ്രിന്റ് തരാം’ എന്നായി ഉദ്യോഗസ്ഥയുടെ മറുപടി.
പിറ്റേന്ന് 10 മണിയോടെ ദമ്പതികള്‍ വീണ്ടും എത്തി. ഭക്ഷണം പോലും കഴിക്കാതെ അഞ്ചു മണിവരെ കാത്തിരുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റും വന്നില്ല, ഉദ്യോഗസ്ഥ അകത്തേയ്ക്ക് വിളിപ്പിച്ചുമില്ല. ഒടുവില്‍ അഞ്ചു മണി കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും ഉദ്യോഗസ്ഥ എഴുന്നേറ്റതോടെ ദമ്പതികള്‍ വീണ്ടും ആവശ്യവുമായെത്തി. ‘പ്രിന്റായി’ എത്തുന്ന സര്‍ട്ടിഫിക്കറ്റ് കാത്തിരുന്ന ദമ്പതികള്‍ ‘ആ മറുപടി’ കേട്ട് ഞെട്ടി. ‘നിങ്ങളുടെ അപേക്ഷ അപ്രൂവല്‍ ലഭിക്കാന്‍ സിവില്‍ സ്‌റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്.’
സിവില്‍ സ്‌റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഇനി പ്രിന്റു മാത്രമേയുള്ളൂ എന്ന മറുപടിയില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ദമ്പതികള്‍ വീണ്ടും വെട്ടിലായി. ഇതോടെ ഉദ്യോഗസ്ഥ സത്യം പറഞ്ഞു: ശ്രദ്ധിക്കാതെ അപേക്ഷ കാന്‍സല്‍ ചെയ്തു പോയത്രേ. പുതിയ സര്‍ട്ടിഫിക്കറ്റിനു നിയമപരമായി വീണ്ടും വിവാഹം കഴിക്കണമത്രേ…! ദമ്പതികള്‍ വിട്ടില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഓഫിസ് അടയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു കവാടത്തില്‍ തന്നെ നിലയുറപ്പിച്ചു. നേതാക്കളുമായി ബന്ധപ്പെട്ടു. ഒടുവില്‍ വീട്ടില്‍ പോയ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കി.
ഇസ്രയേലില്‍ ജോലിക്കായി നാളെ മുംബൈയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ നിവൃത്തികെട്ടായിരുന്നു ഈ കാത്തിരിപ്പെന്ന് ദമ്പതികള്‍ പറയുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ചട്ടം എന്നിരിക്കെയാണ് ദമ്പതികള്‍ക്ക് ഇത്തരമൊരു ദാരുണ അനുഭവം നേരിടേണ്ടി വന്നത്.
കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സംഭവത്തില്‍ ദിലീപ് വിശദീകരണം നല്‍കണമെന്ന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപിന് പോലീസ് നോട്ടീസ് നല്‍കി. ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണമെന്നും എന്തിനാണ് സുരക്ഷ തേടിയതെന്ന് വ്യക്തമാക്കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു.
ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ മൂന്ന് പേരാണ് ദിലീപിന് സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ ഏജന്‍സിയുടെ ഒരു വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
11 സംസ്ഥാനങ്ങളില്‍ തണ്ടര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതല വഹിക്കുന്നത്. ആയിരത്തോളം വിമുക്തഭടന്‍മാര്‍ ഈ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
സ്‌കൂളിലെ സ്റ്റാഫ് ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ആഘോഷപരിപാടികള്‍ നിര്‍ത്തിവെക്കാതെ ചടങ്ങുകള്‍ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു .
പൊന്നാനി തവനൂരിന് സമീപത്തെ ഐഡിയൽ എഡ്യൂക്കേഷൻ സ്‌കൂളിനെതിരെയാണ് വിദ്യാര്‍ത്ഥികളും മരണപ്പെട്ട ടീച്ചറുടെ നാട്ടുകാരും പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ദീപാവലി ദിവസമാണ് പൊന്നാനി സ്വദേശിയായ ശ്രീഷ്മ എന്ന അധ്യാപിക സ്‌കൂളിലെ ആഘോഷ പരിപാടികള്‍ക്ക് പോകുന്നതിനിടെ ചമ്രവട്ടത്ത് വെച്ച് ലോറിയിടിച്ച് തല്‍ക്ഷണം മരിച്ചത്.
കൂടെയാത്ര ചെയ്തിരുന്ന ചെയ്തിരുന്ന ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപികയായ പ്രജുലയെ പരുക്കുകളൊന്നുമില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു .എന്നാല്‍ അപകടവിവരം സ്‌കൂളിലെ പ്രധാനികള്‍ അറിഞ്ഞിട്ടും ചടങ്ങ് മാറ്റിവെക്കാന്‍ തയ്യാറാകാത്തതില്‍ സഹപ്രവര്‍ത്തകരിലും കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട് .ചടങ്ങില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ രാവിലെ ഏഴരയ്ക്കുണ്ടായ അപകടം ഇവരെ അറിയിച്ചതുതന്നെ പതിനൊന്ന് മണിക്ക് ശേഷമാണ് .
അദ്യാപകര്‍ക്കുള്ള ട്രോഫി വിതരണവും മറ്റു ചടങ്ങുകളും പതിനൊന്നരക്കകം പൂര്‍ത്തിയാക്കിയാണ് സഹപ്രവര്‍ത്തകര്‍ മരിച്ച അധ്യാപികയുടെ വീട്ടിലെത്തിയത് .മരിച്ചതറിഞ്ഞിട്ടും ചടങ്ങ് നടത്തിയതാണ് വ്യാപക പ്രതിഷേധമുണ്ടാക്കിയത് .സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സ്‌കൂളിനെതിരെ കടുത്ത ഭാഷയിലാണ് വിദ്യാര്‍ത്ഥികളും മറ്റും പ്രതിഷേധം അറിയിച്ചിട്ടുള്ളത് .
കാലത്ത് 9.30ന് തുടങ്ങേണ്ട പരിപാടിയില്‍ പങ്കെടുക്കേണ്ട ഒരഥിതിക്ക് മറ്റൊരു പ്രോഗ്രാമും കൂടെ ഉള്ളത് കൊണ്ട് 9 മണിക്ക് മുമ്പുതന്നെ സ്‌കൂളിലെത്തുകയും പെട്ടെന്ന് പോകണമെന്ന് അറിയിക്കുകയും ചൈതതിന്റെ അടിസ്ഥാനത്തില്‍ എത്തിപ്പെട്ട സ്റ്റാഫുകളുമായി പരിപാടി തുടങ്ങുകയും ചെയ്യുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം . ഇതിനിടയിലാണ് അദ്ധ്യാപികക്ക് ദുരന്തം സംഭവിച്ചതായി അറിയുന്നത്
അറിഞ്ഞയുടനെ തന്നെ പരിപാടി നിര്‍ത്തുകയും തുടര്‍ന്നു നടക്കേണ്ട സെഷനുകളില്‍ പങ്കെടുക്കേണ്ട വി ടി ബല്‍റാം എം എല്‍ എ അടക്കമുള്ള ആളുകളെ വിളിച്ച് പരിപാടി ക്യാന്‍സല്‍ ചെയ്തതായി അറിയിക്കുകയും മുഴുവന്‍ അദ്ധ്യാപരേയും കൂട്ടി മരണപ്പെട്ട ടീച്ചറുടെ വീട്ടിലേക്ക് പോകുകയുംഅവിടെ മറ്റു കാര്യങ്ങളക്കം ചെയ്തതിന് ശേഷമാണ് മാനേജര്‍ അടക്കമുള്ള സ്റ്റാഫുകളും ട്രസ്റ്റ് മെമ്പര്‍മാരും അവിടെ നിന്നും തിരികെ പോന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു .
സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വ്യാഴാഴ്ച നടക്കേണ്ട പാരന്റ്‌സ് മീറ്റ് മാറ്റിവെക്കുകയും മരണപ്പെട്ട ടീച്ചര്‍ പഠിപ്പിച്ചിരുന്ന യുപി വിഭാഗത്തിന് അവധി നല്‍കുകയും ചെയ്തിരുന്നു .അതേ സമയം സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു .
വാഹനപരിശോധനയുടെ പേരിൽ ബൈക്ക് യാത്രികനെ തടഞ്ഞു വച്ച് ബലപ്രയോഗം നടത്താനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാരുടെ ഇടപെടലിൽ പൊളിഞ്ഞു. എസ്ഐ പിടിച്ചെടുത്ത താക്കോലും മൊബൈൽ ഫോണും തിരികെ നൽകി പൊലീസ് സ്ഥലം കാലിയാക്കി.
ഇന്നലെ രാവിലെ പതിനൊന്നേകാലോടെ കടപ്പാക്കട പ്രതിഭാ ജംക്‌ഷനു സമീപമായിരുന്നു സംഭവം.ചിന്നക്കട സ്വദേശി മണി സഹോദരഭാര്യയുമായി സ്കൂട്ടറിൽ പോകവെ പൊലീസ് തടഞ്ഞതോടെയാണു തുടക്കം. ഹെൽമറ്റ് ധരിക്കാത്തതിനാൽ 100 രൂപ പിഴ ചുമത്തി. കൈവശം പണമില്ലാത്തതിനാൽ മണി സഹോദരനായ അനീഷിനെ ഫോണിൽ വിളിച്ചു. പണവുമായി അനീഷ് എത്തുന്നതിനിടയിൽ മറ്റൊരു സുഹൃത്ത് നൽകിയ പണം ഉപയോഗിച്ചു പിഴ ഒടുക്കുകയും ചെയ്തു.
ഇരുചക്ര വാഹനയാത്രികരും പൊലീസും തമ്മിൽ വാക്കേറ്റമായപ്പോള്‍.
ഇതിനിടെ എത്തിയ അനീഷിനോട് 500 രൂപ പിഴ അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഭാര്യയും അനുജനും വിളിച്ചിട്ടാണു വന്നതെന്നും കയ്യിൽ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടെന്നും ഹെൽമറ്റ് ധരിച്ചിരുന്നെന്നും അനീഷ് പറഞ്ഞു.
മൊബൈലിൽ സംസാരിച്ചു എന്നു പറഞ്ഞാണു പിഴ ചുമത്താൻ ശ്രമിച്ചത്. സംഭവങ്ങൾ അനീഷ് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഇതോടെ ഫോൺ എസ്ഐ പിടിച്ചെടുത്തു. പൊലീസുകാർ ചേർന്ന് ജീപ്പിലേക്കു ബലംപ്രയോഗിച്ച് കയറ്റാനും ശ്രമിച്ചു. അനീഷ് പ്രതിരോധിക്കുകയും ഭാര്യ നിലവിളിക്കുകയും ചെയ്തതോടെയാണു നാട്ടുകാർ ഇടപെട്ടത്.
ഫോണും വാഹനത്തിന്റെ താക്കോലും പൊലീസ് പിടിച്ചെടുത്തെന്ന് അനീഷ് പറഞ്ഞത് ആദ്യം പൊലീസ് നിഷേധിച്ചു. ഉടൻ തന്റെ നമ്പരിൽ വിളിക്കാൻ നാട്ടുകാരോട് അനീഷ് പറഞ്ഞു. ഫോണിൽ വിളിയെത്തി. റിങ് ടോൺ കേട്ടതു വനിത പൊലീസിന്റെ പോക്കറ്റിൽനിന്നും. കള്ളം പൊളിഞ്ഞതോടെ ഫോണും താക്കോലും മടക്കി നൽകി പൊലീസ് സ്ഥലം വിട്ടു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണ വലയത്തില്‍. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിരമിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുരക്ഷാ സംഘത്തെ നയിക്കുന്നത്. ഇവരുടെ സംഘം ഇന്നലെ രാത്രിയോടെ ദിലീപിന്റെ വീട്ടിലെത്തി. സംഘത്തിലെ മൂന്ന് പേര്‍ ദിലീപിനൊപ്പം സിനിമയുടെ ലൊക്കേഷനിലും മറ്റു യാത്രയിലും അനുഗമിക്കും. ലൊക്കേഷനിലും മറ്റുമുള്ള യാത്രയില്‍ ദിലീപിനു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ മറ്റോ ഉണ്ടാവുന്നത് തടയുകയാണ് സുരക്ഷാ ഏജന്‍സിയുടെ ചുമതല. ഇന്നലെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലാണ് തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷാ വാഹനങ്ങളില്‍ സംഘം എത്തിയത്.
നിരവധി സുരക്ഷാ വാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര കാറുകളാണ് ദിലീപിന്റെ വീട്ടിലേത്തിയത്. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. സന്ദര്‍ശകര്‍ അരമണിക്കൂറോളം ദിലീപിനൊപ്പം ചെലവഴിച്ചു. ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പികളാരെണെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇതേക്കുറിച്ച് പൊലീസുകാര്‍ വിവരമറിഞ്ഞത് തന്നെ. സംഘം ആലുവയിലെ ഒരു ഒരു കടയില്‍ നിന്ന് 37,000 രൂപയുടെ ഒരു നിലവിളക്ക് വാങ്ങിയിരുന്നു. അതേസമയം, ദിലീപ് സ്വകാര്യ സുരക്ഷ തേടിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ആയുധങ്ങളുടെ സഹായത്തോടെയാണോ ദിലീപിന്റ സുരക്ഷയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തനിക്ക് സുരക്ഷാഭീഷണി ഉള്ളതായി ദിലീപ് പൊലീസിന് പരാതിയൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ പൊലീസ് ഇതിനെ ഗൗരവമായാണ് കാണുന്നത്.
തണ്ടര്‍ ഫോഴ്‌സ്
വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്ന തണ്ടര്‍ ഫോഴ്‌സ് ഗോവയിലെ പോര്‍വോറിം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ഗോവയിലെ ഹാര്‍വെലിമില്‍ കന്പനിക്ക് സുരക്ഷാ കാര്യങ്ങളില്‍ പഠനവും പരിശീലനവും നല്‍കുന്ന അക്കാഡമിയും തണ്ടര്‍ ഫോഴ്‌സിനുണ്ട്. റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ പി.എ. വല്‍സനാണ് തണ്ടര്‍ഫോഴ്സിന്റെ കേരളത്തിലെ ചുമതല. മലയാളിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അനില്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പോണ്ടിച്ചേരി, ദുബായ് എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സേവനം നല്‍കുന്നുണ്ട്. 50,000 രൂപയാണ് ഭടന്‍മാര്‍ക്കുള്ള പ്രതിഫലം. 24 മണിക്കൂറും ഇവര്‍ ഡ്യൂട്ടിയിലുണ്ടാകും.
ചെന്നൈ: ബിജെപി വിമര്‍ശനങ്ങള്‍ക്കു പിന്നാലെ വിജയ് ചിത്രം ‘മെര്‍സലി’നു പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. കമല്‍ഹാസനും പാ രഞ്ജിത്തും അടക്കമുള്ളവര്‍ സിനിമയ്‌ക്കെതിരായ നീക്കങ്ങളെ അപലപിച്ചു. ‘മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനുശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണു വിവാദത്തിന് കാരണമായത്.
സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. ‘കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്’. ഈ സംഭാഷണമാണ് ബിജെപി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.അതേസമയം, ചിത്രത്തിനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ് സംവിധായകന്‍ പാ രഞ്ജിത്തും പിന്തുണയുമായെത്തി. അതിനിടെ ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തി. ചിത്രം തിയറ്ററില്‍ െചന്നുകാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നടൻ ദിലീപിന്റെ കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായിക്കൊണ്ടിരുന്ന പോലീസിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ട ദിവസം ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വാദം കള്ളമാണെന്ന് വാദിച്ച പോലീസിനെ വെട്ടിലാക്കി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. അസുഖ ബാധിതനായ ദിലീപിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നെന്ന അരുണ്‍ ഗോപിയുടെ മൊഴിയാണ് പോലീസിനെ കുരുക്കുന്നത്. ആശുപത്രിയിലെ നേഴ്‌സ് രഹസ്യ മൊഴി നല്‍കിയെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ ഇതു തള്ളി ഡോക്ടറും രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികിത്സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരാലി പറഞ്ഞു.
പനിയായതിനാല്‍ രാവിലെ ആശുപത്രിയില്‍ വന്ന് കുത്തിവെയ്പ്പ് എടുക്കുകയും വൈകിട്ട് തിരിച്ച് വീട്ടില്‍ പോവുകയുമായിരുന്നു. രാത്രിയില്‍ നഴ്‌സ് വീട്ടിലെത്തി കുത്തിവെയ്പ്പു നല്‍കുകയുമായിരുന്നു പതിവ്. 17ന് രാവിലെ വരെയായിരുന്നു ആശുപത്രിയിലെത്തിയത്. അഡ്മിറ്റ് ആകാത്തതിനാല്‍ ഒ.പി ചീട്ട് മാത്രമാണ് നല്‍കിയത്. അതെല്ലാം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടു പോയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുന്‍പ് പല തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഇതെല്ലാം പോലീസിന്റെ വാദത്തെ പൊളിക്കുന്നതായി. ഇപ്പോള്‍ വരെ ദിലീപ് കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല.
രാമലീലയുടെ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് അസുഖ ബാധിതനായത്. അത് വ്യാജമല്ല. അദ്ദേഹത്തെ പോയി കണ്ടതുമാണ് എന്ന് അരുണ്‍ ഗോപി ഉറപ്പിച്ചു പറയുന്നു. ജാമ്യം ലഭിച്ച ദിലീപിനെ മറ്റൊരു കേസില്‍പ്പെടുത്തി വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമായിരുന്നു പോലീസിന്റേത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.