കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണത്തില്‍ പ്രതി ക്രോണിന് അലക്സാണ്ടര്‍ ബേബിക്കെതിരെ പോക്സോ ചുമത്തി. പ്രായപൂര്‍ത്തിയാകുംമുമ്പ് മിഷേലിനെ ഉപദ്രവിച്ചു എന്ന കുറ്റത്തിനാണു കേസെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈബ്രാഞ്ച് കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രോണിന് രണ്ടുവര്‍ഷമായി മിഷേലിനെ ഉപദ്രവിച്ചിരുന്നതായി ഇരുവരുടേയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നും ക്രൈംബ്രാഞ്ചിനു തെളിവു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളെ പീഡിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പായ പോക്സോ ക്രോണിനെതിരെ ചുമത്തിയത്.
ഈ ജനുവരിയിലാണ് മിഷേലിനു 18 വയസ് പൂര്‍ത്തിയായത്. മിഷേലുമായി ക്രോണിന് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം ഇയാള്‍ അന്വേഷണ സംഘത്തോടു നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മിഷേലിനെ ഉപദ്രവിച്ച കാര്യം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണു വ്യക്തമായത്. ഈ മാസം അഞ്ചിനാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍ നിന്നു കലൂര്‍ പള്ളിയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ മിഷേലിനെ കാണാതാവുകയും പിന്നീട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മിഷേലിന്റെ ഫോണ്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് മരണത്തില്‍ ക്രോണിനു പങ്കുള്ളതായി പൊലീസിനു വ്യക്തമായത്. തുടര്‍ന്ന് ചത്തീസ്ഗഡില്‍ ജോലി ചെയ്തുവന്നിരുന്ന ക്രോണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലണ്ടന്‍ ഭീകരാക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന യുവതിയെക്കുറിച്ച് അറിയില്ലേ ? ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ വേദനകൊണ്ട് പുളയവെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ മൊബൈല്‍ ഫോണില്‍ നോക്കി നടന്ന മുസ്ലിം യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലോകത്തുനടക്കുന്ന മറ്റൊന്നും തന്നെ ബാധിക്കില്ലെന്ന മനോഭാവാണ് ഇവര്‍ക്കെന്ന് ഒരുകൂട്ടം വാദിച്ചപ്പോള്‍, പെണ്‍കുട്ടി ആകെ ഭയചകിതയായിരുന്നുവെന്ന വാദവുമായി വേറെ കുറേപ്പേരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു.
ആ നിമിഷം എന്താണ് സംഭവിച്ചതെന്ന വിശദീകരണവുമായി പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. ഭീകരാക്രമത്തിലുണ്ടായ നിരാശയും പേടിയും ആശങ്കയുമായിരുന്നു അപ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്നതെന്നും സംഭവത്തെക്കുറിച്ച് വീട്ടിലേക്ക് വിളിച്ചുപറയുന്നതിനാണ് ഫോണെടുത്തതെന്നും യുവതി വിശദീകരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിച്ചശേഷമാണ് താന്‍ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചതെന്നും യുവതി പറഞ്ഞു. തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ താന്‍ വീണ്ടും തകര്‍ന്നുപോയെന്ന് യുവതി പറയുന്നു. തന്നെ കളിയാക്കിയവര്‍, അത്തരമൊരു നിമിഷത്തില്പ്പെട്ടുപോകുന്ന ഒരാളുടെ മാനസികാവസ്ഥ മനസ്സിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അപകടത്തില്‍പ്പെട്ടവരെ സഹായിച്ചശേഷമാണ് താന്‍ വീട്ടിലേക്ക് വിളിക്കാന്‍ തീരുമാനിച്ചത്. ബഹളത്തില്നിന്നുമാറി നിന്ന് വിളിക്കാമല്ലോ എന്ന് കരുതി നടന്നുപോയപ്പോള്‍ ജാമി ലൂറിമന്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വന്നതും തന്നെ അവഹേളിക്കാനായി ഉപയോഗിച്ചതെന്നും യുവതി പറയുന്നു. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്നും അവര്‍ പറഞ്ഞു. ചിത്രമെടുത്ത ലൂറിമന്‍ പിന്നീട് പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരുന്നു.
കൊല്ലത്ത് ബാലതാരത്തെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതി മറ്റൊരു കേസിൽ പിടിയിലായി. കൊല്ലം സ്വദേശിനിയായ രേഷ്മയാണ് പിടിയിലായത്. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്.കേസിൽ തൂപ്പൂണിത്തുറ പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ യുവതിയാണ് കൊല്ലത്ത് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം തൃപ്പൂണിത്തുറ പോലീസിന് കൈമാറി. ഇവർ സീരിയൽ താരമാണെന്നും മറ്റും അഭ്യൂഹം പരന്നെങ്കിലും പോലീസ് അത് നിഷേധിച്ചു. മാസങ്ങൾക്ക് മുന്‍പാണ് കൊല്ലത്ത് പോളയത്തോട്ടിലുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബാലതാരത്തെ പീഡിപ്പിച്ചത്.
കൂട്ടുകാരിയുടെ ജന്മദിനപാർട്ടിയിൽ പങ്കെടുക്കുന്നതിനായി രേഷ്മയാണ് താരത്തെ കൂട്ടിക്കൊണ്ടുപോയതെന്ന് അവർ പോലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. താരത്തെ പീഡിപ്പിച്ച സിപിഎം നേതാവിന്റെ ബന്ധുവായ ഫൈസലിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എട്ടുമാസം മുന്‍പ് പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്‍ന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം.
ഈവന്റ് മാനേജ്മെന്റ് പങ്കാളികളായ രണ്ടു പെണ്‍കുട്ടികളുടെ ഒത്താശയോടെയാണ് പീഡനമെന്നാണ് സൂചന. ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ഫൈസലും കൂട്ടുകാരും ചേർന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. പിറന്നാൾ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം. ഈവന്റ് മാനേജ്മെന്റ് പങ്കാളികളായ രണ്ടു പെൺകുട്ടികളുടെ ഒത്താശയോടെയാണ് പീഡമെന്നാണ് സൂചന.ഇതിൽ ഒരാളാണ് പിടിയിലായ രേഷ്മ. ഈ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസലിന് പുറമേ കൂടുതൽ പേരുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോൾ സ്ഥിരീകരിക്കുന്നത്. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി ആരോപണം ഉയർന്നെങ്കിലും യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നുറിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ആരും അതിജീവിക്കാൻ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നൽകുന്ന വിവരം.
അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര് വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്
അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ ‘ഇവരെ സൂക്ഷിക്കുക’ ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.സിനിമയിലെ പ്രസ്തുതഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന് വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആമി വ്യക്തമാക്കി. നീക്കം ചെയ്തില്ലെങ്കില്‍ ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി പറഞ്ഞു.
ഒരു മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം ‘ഇവരെ സൂക്ഷിക്കുക’ എന്ന തലക്കെട്ടില്‍ നല്‍കിയത് യാദൃച്ഛികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി പറഞ്ഞു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല ഷൈനയ്ക്ക് മേലുള്ള കുറ്റം. മറിച്ച് മർദ്ദിതരെ നിർമ്മിക്കുന്ന, നിലനിൽക്കുന്ന ഈ ജീർണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകർത്തെറിഞ്ഞ് സമത്വാധിഷ്ഠിതമായ ലോകത്തിനായി പ്രവർത്തിച്ചു എന്നതാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു തെളിയുന്നതിന് മുൻപ് തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്റെ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നതെന്നും ആമി കുറ്റപ്പെടുത്തി.
കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പരേതനായ പൈലിയുടേയും ഏലീശ്വയുടേയും മകളായിരുന്നു സിസ്റ്റര്‍ റാണി. 1995 ഫെബ്രുവരി 25ന് ഇന്റോറില്‍ വച്ചാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.എഫ് സിസി സന്യാസ സഭാംഗമായ മധ്യപ്രദേശില്‍ മിഷന് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു സിസ്റ്റര്‍. വാടക കൊലയാളിയായ സമന്ദര്‍ സിങ്ങാണ് സിസ്റ്ററിനെ കൊന്നത്. നാല്പത്തിയൊന്നാം വയസ്സിലാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.കൊലയാളി ജയിലില്‍ കിടന്ന് മാനസാന്തരപ്പെടുകയും സിസ്റ്ററിന്റെ വീട്ടിലെത്തി മാപ്പ് ചോദിക്കുകയും ചെയ്തു. അവര്‍ ഇയാളെ മകനായി സ്വീകരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ബസ് യാത്രയ്ക്കിടെ മറ്റ് യാത്രക്കാരുടെ മുന്നിലിട്ട് അമ്പത്തിനാല് കുത്താണ് സമന്ദര്‍ സിംഗ് സിസ്റ്ററെ കുത്തിയത്. കൊലപാതകം ചെയ്യുമ്പോള്‍ 22വയസ്സാണ് ഇയാള്‍ക്ക്. കോടതി ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരിയും കന്യാസ്ത്രീയുമായ സെല്‍മി ജയില്‍വാസത്തിനിടെ സമുന്ദര്‍ സിംഗിന്റെ കൈയില്‍ എല്ലാ വര്‍ഷവും രാഖി കെട്ടിയിരുന്നു.ഇപ്പോള്‍ ദൈവദാസി എന്ന ഗണത്തിലാണ് സിസ്റ്റര്‍. രക്തസാക്ഷിത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ നാമകരണ നടപടികള്‍ വേഗത്തിലാക്കും. ഇന്റോര്‍ ഉദയനഗറിലെ ശാന്തി നഗര്‍ പള്ളിയിലെ കബറിടത്തില്‍ നിന്ന് സിസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കഴിഞ്ഞ നവംബറില്‍ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
അമ്മയ്ക്കെതിരെ പരാതിയുമായി മകന് പോലീസ് സ്റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന് രേഖാമൂലം പരാതി നല്കി.
പ്രണയിക്കാന്‍ തടസം നില്ക്കുന്ന അമ്മയ്ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് മകന്റെ ആവശ്യം. പോലീസ് മകനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ചെറുപ്പക്കാരന് ഉറച്ചു നില്ക്കുന്നു. പലതവണ ഇതേ ആവശ്യവുമായി ചെറുപ്പക്കാരന് സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസിന് തലവേദനയായി.
ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ പോലീസ് അമ്മയേയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിളിച്ചുവരുത്തി. ചര്‍ച്ച ചെയ്തിട്ടും മകന് വിട്ടു കൊടുത്തില്ല. ഒടുവില്‍ മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് അമ്മ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന് തടസം നിന്നു. വിവാഹം കഴിഞ്ഞ് പ്രണയം എന്ന വാദത്തില്‍ അവര്‍ നിന്നു. ഇപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നും പ്രണയം മതിയെന്നുമായിരുന്നു പരാതിക്കാരന്റെ നിലപാട്. ഒടുവില്‍ പോലീസിന്റെ സ്വരം മാറിയപ്പോള്‍ ചെറുപ്പക്കാരന് സ്ഥലം വിട്ടു.<
എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പക്ഷിയിടിച്ചതിനെ തുടര്‍ന്നു വിമാനത്തിന്റെ നോസ് തകര്‍ന്നു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചതിനുശേഷമെ അടുത്ത യാത്ര ആരംഭിക്കുകയുള്ളുവെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ലണ്ടനില്‍നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രക്കാര്‍ക്കായി ലണ്ടന്‍-മുംബൈ വിമാനം ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.
1911 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ടി.പി കേസിലെ 11 പ്രതികള്‍ ഇതല് ഉള്‍പ്പെടുന്നു. കൊടി സുനി, കിര്‍മാണി മനോജ്, കെ.സി രാമചന്ദ്രന്, കുഞ്ഞനന്തന്, അണ്ണന് സിജിത്ത്, റഫീഖ്, രജീഷ്, ഷാഫി, ഷിനോജ്, അനൂപ് എന്നവരെല്ലാം പട്ടികയിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമും സര്‍ക്കാറിന്റെ പട്ടികയിലുണ്ട്. കാപ്പ ചുമത്തപ്പെട്ട പ്രതിയടക്കം പട്ടികയില്‍ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഈ പട്ടിക അങ്ങനെ തന്നെ അംഗീകാരത്തിനായി ഗവര്‍ണ്ണര്‍ക്ക് നല്‍കിയില്ലെന്ന് സൂചനയുണ്ട്. ജയില്‍ ഡി.ജി.പി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതി പരിശോധിച്ച ശേഷം ചില മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് പട്ടിക ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍ ഇതില്‍ ആരെയൊക്കെ മാറ്റി എന്ന കാര്യം വ്യക്തമല്ല. ഇതില്‍ പലരെയും സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് മോചിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു.
സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ച അന്തിമ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക, വിവരാവകാശ നിയമപ്രകാരം മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇതില്‍ വാടക കൊലയാളികളായ ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് വാടക കൊലയാളികള്‍ക്ക് വിടുതലോ ശിക്ഷാ ഇളവോ നല്കാന് പാടില്ല. ഇത് നിലനില്‍ക്കെ ഇവര്‍ ഉള്‍പ്പെട്ട പട്ടിക ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ എങ്ങനെ ഉള്‍പ്പെട്ടു എന്നതാണ് ഉയരുന്ന ചോദ്യം.
കൊച്ചി പൊന്നുരുന്നിയിലെ മദ്യശാലക്കെതിരെ സമരം ചെയ്ത എംഎൽഎ അടക്കമുള്ളവര്‍ക്ക് നേരെ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ മൂത്രം നിറച്ച കുപ്പികള്‍ എറിഞ്ഞു. തുടര്‍ന്ന് സമരക്കാരും കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരും തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. വൈറ്റിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല പൊന്നുരുന്നി ചെട്ടിചിറയിലേക്ക് മാറ്റിസ്ഥാപിച്ചതിനെതിരെ കഴിഞ്ഞ രണ്ടുദിവസമായി നാട്ടുകാര്‍ സമരത്തിലാണ്. ഷട്ടര്‍ താഴ്ത്തി മദ്യശാല അടയ്ക്കാന്‍ സമരക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ മൂത്രം നിറച്ച കുപ്പികള്‍ എറിഞ്ഞത്.