വണ്ടിക്കുള്ളില് എന്താണ് നടക്കുന്നതെന്ന് ചോദിച്ച് വണ്ടിയിലേക്ക് തലയിട്ടു നോക്കി പൊലീസ് അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ ചിത്രം പകര്ത്തിയെന്നും, താരങ്ങളുടെ പേര് മാറ്റി ക്രിമിനലുകളുടെ പേര് പോലെയാക്കണോ എന്നുവരെ ചോദിച്ചതായും ലിജോ ജോസ് പെല്ലിശ്ശേരി വീഡിയോയില് പറയുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് പരിശോധന നടത്തിയതെന്നും ലിജോ ജോസ് വീഡിയോയില് വ്യക്തമാക്കുന്നുണ്ട്.
സദാചാര ഗൂണ്ടായിസത്തെ കുറിച്ച് നിരവധി റിപ്പോര്ട്ടുകള് നിത്യേനയെന്നോണം പുറത്തുവരുന്ന പശ്ചാത്തലത്തില് സംരക്ഷണം തരേണ്ടവരില് നിന്നു തന്നെ ഇത്തരം ആക്രമണങ്ങളും പെരുമാറ്റവും ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാന് പറ്റില്ലെന്നും ലിജോ ജോസ് ഫെയ്സ്ബുക്ക് വീഡിയോയില് പറയുന്നു.
അതേസമയം സിനിമയുടെ പരസ്യം വണ്ടിയുടെ ഗ്ലാസ്സിലടക്കം ഒട്ടിച്ച് അകം കാണാന് പറ്റാത്ത രീതിയില് പോവുന്നത് കണ്ടാണ് വാഹനം തടഞ്ഞത്, വാഹനത്തിനുള്ളില് കുറേ ചെറുപ്പക്കാരേയും ഒരു പെണ്കുട്ടിയേയും മാത്രമാണ് കണ്ടതെന്നും വാഹനം പതുക്കെ പോവുന്നത് കണ്ട് സംശയം തോന്നിയതിനാല് ഇത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന് പറഞ്ഞു.