Latest News

ലണ്ടന്‍: പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗങ്ങള്‍ മെയ്യനങ്ങാതെ സ്വന്തമാക്കിയത് ആയിരക്കണക്കിന് പൗണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു സംഭാവനയും പൊതുജനങ്ങള്‍ക്കോ പാര്‍ലമെന്റിനോ ഇവരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാസം തോറും ശരാശരി 4000 പൗണ്ടിലേറെയാണ് ഇവര്‍ പോക്കറ്റിലാക്കിയത്. സ്ത്രീകളും പുരുഷന്‍മാരുമായി 117 പേരാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഇപ്പോഴുളളത്. ഇവരില്‍ ഏഴിലൊരാള് പോലും കഴിഞ്ഞ വര്‍ഷം സഭയില്‍ ഒരു കാര്യവും ഉന്നയിച്ചിട്ടില്ല. എന്നാല്‍ 49 പേര്‍ ദിവസവും ഹാജര്‍ ബുക്കില്‍ ഒപ്പിടുകയും ദിവസ അലവന്‍സായ മുന്നൂറ് പൗണ്ട് കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. ഇവരില്‍ ചിലര്‍ ഒരു മാസം ശരാശരി 4000 പൗണ്ടാണ് സ്വന്തമാക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സാധാരണയായി കമ്മിറ്റികളിലോ സഭയുടെ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഇവര്‍ പങ്കെടുക്കാറില്ല. ചര്‍ച്ചകളിലും ഇവരുടെ സാന്നിധ്യം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇവരെ ഇങ്ങനെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടതുണ്ടോയെന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുളളത് എന്നതും ശ്രദ്ധേയമാണ്. ഹൗസ് ഓഫ് കോമണ്‍സിലെയും അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ അംഗസംഖ്യ 822 വരെയാകാമെന്ന വ്യവസ്ഥയുണ്ട്. അങ്ങനെ വന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ സഭയാകുമിത്.

ആധുനിക ജനാധിപത്യത്തില്‍ ഇങ്ങനത്തെ നിഷ്‌ക്രിയത്വമല്ല വേണ്ടതെന്നാണ് അബര്‍ദീന്‍ നോര്‍ത്തില്‍ നിന്നുള്ള എംപി കിര്‍സ്റ്റി ബ്ലാക്ക്മാന്‍ അഭിപ്രായപ്പെടുന്നത്. രാജ്യവും ഇങ്ങനെയാകരുത്. ഈ ആളുകള്‍ മുഴുവന്‍ ഇവിടെ തുടരുമെന്നും ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ എസ്എന്‍പി വക്താവായ ഇവര്‍ പറയുന്നു. ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ നികുതി രഹിത ദിവസ അലവന്‍സിന് അര്‍ഹതയുണ്ടാകാവൂ. 2015ലെ ആദ്യപകുതിയില്‍ പകുതിയിലേറെ അംഗങ്ങളും സഭ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇവരാരും അലവന്‍സ് അവകാശപ്പെട്ടിട്ടില്ലെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. പ്രായാധിക്യവും മറ്റും മൂലം തങ്ങള്‍ക്ക് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാകുന്നില്ലെന്നും ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി തങ്ങളുടെ അംഗത്വം നിലനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

മുന്‍ ലേബര്‍ കൗണ്‍സിലറായ ലോര്‍ഡ് ടെയ്‌ലറിന്റെ അംഗത്വം മാത്രമാണ് ഇതുവരെ സഭയുടെ ചരിത്രത്തില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുളളത്. 2009ലെ ഒരു ന്യൂസ് പേപ്പര്‍ സ്റ്റിംഗ് ഓപ്പറേഷനാണ് ഇദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കാന്‍ കാരണമായത്. ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ 2001ന് ശേഷം ഇദ്ദേഹം സഭയില്‍ എത്തിയിട്ടേയില്ലെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. എന്നിട്ടും കഴിഞ്ഞ കൊല്ലം അദ്ദേഹം ആറ് മാസത്തെ അലവന്‍സ് ആവശ്യപ്പെട്ടിരുന്നു. താന്‍ സഭയിലെത്താറുണ്ടായിരുന്നതായും വോട്ട് ചെയ്തതായും അദ്ദേഹം പറയുന്നു. തന്നോട് മന്ത്രിമാര്‍ ഉപദേശങ്ങള്‍ തേടുമ്പോഴെല്ലാം അത് നല്‍കാറുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പല അംഗങ്ങളും സഭയില്‍ സംസാരിക്കണ്ടേതില്ലെന്ന പക്ഷക്കാരാണ്.
സഭയിലെ വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടില്ല. സഭാംഗങ്ങള്‍ക്ക് സ്വമേധയാ വിരമിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ്, അന്തരിച്ച ബാരണ്‍ ഹോവ് എന്നിവര്‍ 2014ല്‍ പാസാക്കിയ വിരമിക്കല്‍ ചട്ടം ഫലപ്രദമായി വിനിയോഗിച്ചിരുന്നു. ലോര്‍ഡ് എസ്‌റയായിരുന്നു സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം. 96വയസില്‍ മരിക്കുന്നത് വരെ അദ്ദേഹം സഭയിലെ അംഗമായിരുന്നു. ജൂണില്‍ പോലും അദ്ദേഹം ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ അലവന്‍സ് ആവശ്യപ്പെട്ടിരുന്നില്ല. ആറ് മാസത്തോളം ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ കൗണ്‍സിലര്‍മാരുടെ അംഗത്വം റദ്ദാകുമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗങ്ങള്‍ക്ക് അത് ബാധകമല്ല.

RECENT POSTS
Copyright © . All rights reserved