Latest News

രണ്ട് പെൺകുട്ടികൾ ശബരിമലദർശനം നടത്തുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററിൽ കറങ്ങി നടക്കുകയാണ്. വിഐപി ദർശനം നടത്തുന്നവർക്ക് പ്രായപരിധി ഇല്ല എന്നുളള തരത്തിലുള്ള കമന്റുകളുമായി ഈ ചിത്രം വാട്സ് ആപ്പിലും സജീവമായിരുന്നു. ബിജെപി ഇന്റലിജന്റ്സെൽ കൺവീനർ മോഹൻദാസ് ഈ ചിത്രം തന്റെ ട്വിറ്റർ വോളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ചർച്ച രൂക്ഷമായത്. ചുരിദാർ അണിഞ്ഞ് ക്യൂവിനിടയിലൂടെ മുൻനിരയിൽ പ്രാർഥിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് മോഹൻദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 12 ന് ട്വീറ്റ് പുറത്ത് വന്നതുമുതൽ ഇത് സ്ത്രീകളുടെ ശബരിമലദർശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി. കൊല്ലത്തെ പ്രശസ്തനായ ഒരു വ്യവസായിയും ശബരിമല വിശ്വാസിയുമായ വ്യക്തിയുടെ സ്വാധീനം ഉപയോഗിച്ചാണ്  ഇവർ വിഐപി ദർശനം നടത്തിയതെന്നുമാണ് പുറത്തുവന്ന വിവരം.

 ഇതിനെതുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അന്വേഷണത്തിന് തിരുമലദേവസ്വം ബോർഡ് വിജിലൻസ് വിങ്ങിന് നിർദേശം നൽകിയിരുന്നു. വിഐപി ദർശന സൗകര്യം ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നത് കർശനമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.  എന്നാല്‍ വിശ്വാസികളെ കടത്തിവിടുന്ന ചുമതലുള്ള പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത് പെൺകുട്ടികളെന്നു തോന്നിച്ചിരുന്ന സ്ത്രീകൾ 50 വയസിന് മേൽ പ്രായമുള്ളവരാണെന്നാണ് .  അവരുടെ ഐഡി പ്രൂഫും മറ്റ് പ്രായം തെളിയിക്കുന്ന രേഖകളും സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. അവരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളും പലരും പുറത്ത് വിട്ടിട്ടുണ്ട്. മോഹൻദാസിന് മറുപടിയുമായി രാഹുൽ ഈശ്വറും ട്വിറ്ററിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.

കുടുംബകലഹത്തെ തുടർന്ന് മകളുമായി വീട്ടിൽ നിന്നിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽവെച്ച് മകള്‍ക്ക്  വിഷം നല്‍കി സ്വയം വിഷം കുടിച്ചു .തുടര്‍ന്ന് അവശനിലയിലായ ഇരുവരും മാതാപിതാക്കൾ നടത്തുന്ന ചായക്കടയ്ക്ക് മുന്നിലെത്തി കുഴഞ്ഞു വീണുമരിച്ചു .പത്തനംതിട്ട കല്ലറക്കടവ് കിഴക്കേ മട്ടത്തിൽ ആർ. ശ്രീകുമാർ (42), മകൾ അനുഗ്രഹ(അഞ്ച്) എന്നിവരാണ് ഇന്നു രാവിലെ 11 മണിയോടെ മരിച്ചത്.

സംഭവത്തെക്കുറിച്ച് അയൽവാസികൾ പറഞ്ഞത് ഇങ്ങനെ: പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് ശ്രീകുമാർ. ഇതിന് എതിർവശത്തായി തട്ടുകട നടത്തുകയാണ് പിതാവ് രാജൻ നായരും മാതാവ് ഓമനയും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശ്രീകുമാറെന്ന് പറയപ്പെടുന്നു.കുടുംബസ്വത്ത് പിതാവ് രാജൻ നായർ ശ്രീകുമാറിന്റെ പേരിൽ എഴുതി വച്ചിരുന്നു. എന്നാൽ, അതിൽ മകൾ അനുഗ്രഹയ്ക്ക് കൂടി അവകാശം വച്ചിരുന്നു. ഇതു കാരണം ആധാരം പണയം വച്ച് ബാങ്കിൽ ലോണെടുക്കാനും കഴിഞ്ഞിരുന്നില്ല. മൂന്നുലക്ഷം രൂപയുടെ ബാധ്യതയാണ് ശ്രീകുമാറിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നത്.

ഇതിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി ശ്രീകുമാർ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇന്നു രാവിലെയും ഭാര്യയുമായി വഴക്ക് തുടർന്നു. അതിന് ശേഷം മകളെയും കൂട്ടി രാവിലെ ഒമ്പതരയോടെ വീട്ടിൽ നിന്ന് ഇറങ്ങി. പിന്നെ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള പിതാവിന്റെ ചായക്കടയുടെ സമീപമാണ് ഇരുവരെയും കണ്ടത്.

അവശനിലയിലായിരുന്ന ശ്രീകുമാറും മകൾ അനുഗ്രഹയും ഓട്ടോയിൽനിന്നിറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ട് സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ ചേർന്ന് ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

ഭോപ്പാല്‍:  കശ്മീരിലെ കലാപകാരികളുടെ കല്ലേറ് സൈന്യത്തിന് ഭീഷണിയാകുമ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണങ്ങളെ നേരിടാന്‍ തങ്ങള്‍ സൈന്യത്തെ സഹായിക്കാമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.

തങ്ങളുടെ പരമ്പരാഗതമായ ആയുധമായ ഗോഫാന്‍( പ്രത്യേക തരം കവണ) ഉപയോഗിച്ച് കല്ലെറിയുന്ന പ്രതിഷേധക്കാരെ നേരിടാമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ജാബ്വ ജില്ലയില്‍ ഉള്ള ഭില്‍ ഗോത്രത്തില്‍ പെട്ടവരാണ് പ്രധാനമന്ത്രിക്കയച്ച നിവേദനത്തില്‍ സൈന്യത്തെ സഹായിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. കശ്മീരില്‍ ആള്‍ക്കുട്ടത്തിന്റെ കല്ലേറില്‍ നിസഹായരായി നില്‍ക്കുന്ന സുരക്ഷാ സൈന്യത്തിന്റെ ഗതികേട് അറിഞ്ഞാണ് ഇവര്‍ നിവേദനം അയച്ചിരിക്കുന്നത്.. കല്ലിനുപകരം കല്ലുപയോഗിച്ച് ഉചിതമായ മറുപടി നല്‍കാമെന്ന് അവര്‍ പറയുന്നു. അങ്ങനെ അവരെ പിന്തിരിപ്പിക്കാമെന്നും നിവേദനത്തില്‍ പറയുന്നു.

ചെറിയ കയര്‍ ഉപയോഗിച്ചു ലളിതമായി നിര്‍മ്മിക്കാവുന്നതാണ് ഗോഫാന്‍ എന്ന കവണ. ഇതിന്റെ മധ്യഭാഗത്ത് റബ്ബര്‍ അല്ലെങ്കില്‍ തോല്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക ഭാഗമുണ്ടാകും. ഇതിലാണ് എറിയാനുള്ള കല്ല് വെയ്ക്കുന്നത്. തുടര്‍ന്ന് ഈ കവണ കറക്കുന്നതിനൊപ്പം കയറിന്റെ ഒരുഭാഗം അയച്ചുവിടുന്നു. അപ്പോള്‍ ഇതില്‍ വെച്ചിരിക്കുന്ന കല്ല് വളരെ ശക്തിയില്‍ ലക്ഷ്യത്തിലേക്ക് കുതിക്കും. ആദിവാസികള്‍ വേട്ടയാടാനും ആക്രമണങ്ങളെ പ്രതിരോധിക്കാനുമായാണ് ഗോഫാന്‍ ഉപയോഗിക്കുന്നത്.

ഇത്തരം കവണ ഉപയോഗിക്കുന്ന ബറ്റാലിയന്‍ തന്നെ സൈന്യത്തില്‍ ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കസത്തില്‍ ആദിവാസികള്‍ ആവശ്യപ്പെടുന്നത്. ഒരാള്‍ കല്ലെറിയുന്നതിനേക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ ഗോഫാന്‍ ഉപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും പരിചയസമ്പന്നരായ ഇവര്‍ക്ക് 50 മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് ഇതുപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും പോലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടുകളായി ഇവര്‍ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധമാണ് ഗോഫാന്‍.

ജില്ലാകളക്ടറെയാണ് ഇവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പ്രധാനമന്ത്രിക്കയക്കാനായി ഏല്‍പ്പിച്ചത്. കശ്മിരില്‍ സുരക്ഷാ സൈന്യം നിസഹായരായി നില്‍ക്കുന്നതുകണ്ട് രാജ്യസ്‌നേഹികളായ തങ്ങള്‍ക്ക് സഹിക്കുന്നില്ലെന്നും എത്രയും പെട്ടന്ന് ഒരു ഗോഫാന്‍ ബറ്റാലിയന്‍ രൂപീകരിച്ച് കശ്മീരിലേക്കയക്കണമെന്നും അവര്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പാരമ്പര്യമുള്ള തങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

അമേരിക്കയ്ക്ക് പിന്നാലെ വിദേശ പൗരന്മാർക്കുള്ള താൽക്കാലിക തൊഴിൽ വിസ റദ്ദാക്കി ഓസ്‌ട്രേലിയയും. സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി വിസ നിരോധിച്ച നടപടി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മൽകോം ടേൻബൻ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

95000 വിദേശ പൗരന്മാരാണ് താൽക്കാലിക തൊഴിലുകൾക്കായി ഓരോ വർഷവും ഓസ്‌ട്രേലിയയിൽ എത്തുന്നത്. ഉദ്യോഗാർഥികളുടെ രണ്ട് വർഷത്തെ തൊഴിൽ പരിചയം, ക്രിമിനൽ റെക്കോർഡ് പരിശോധന, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ പരിശോധിച്ചതിന് ശേഷം മാത്രമേ ഇനി വിസ അനുവദിക്കുകയുള്ളൂ.ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും കൈക്കൊണ്ട നടപടി. ഇന്ത്യയിൽനിന്ന് നിരവധി പേരാണ് ഓരോ വർഷവും താൽക്കാലിക വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്നത്.

പാറശാല മുണ്ടപ്ലാവിളയിൽ  ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.രണ്ടാം പാപ്പാൻ തൊഴുക്കൽ സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടത്. പാറശാല മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ശിവശങ്കരനാണ് ഇടഞ്ഞത്. ക്ഷേത്രത്തിനു സമീപം തളച്ചിരുന്ന ആന തീറ്റ കൊടുക്കുന്നതിനിടയിൽ പാപ്പാനെ ആക്രമിക്കുകയായിരുന്നു.  നേരത്തെ രണ്ടുതവണ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാൻമാൻക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.ആനപ്പുറത്ത് ഈ സമയമാത്രയും ഉണ്ടായിരുന്ന സഹായി അത്ഭുതമായി രക്ഷപ്പെട്ടു, ആനയുടെ പുറത്തുനിന്നും തെങ്ങിലേക്കു ചാടികയറിയതിനാൽ ഒരു ജീവൻകൂടി പൊലിഞ്ഞില്ല

ഐപിഎല്‍ 2017 ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഭിമുഖം എടുക്കാന്‍ വന്ന ടി വി അവതാരകയുടെ കീറിയ ജീന്‍സില്‍ നോക്കിയിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അനോണിമസ് എന്ന് പറഞ്ഞ് ഒരാള്‍ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതാണ് ഈ ചിത്രം. ഐപിഎല്‍ 2017ലെ ആങ്കര്‍മാരില്‍ ഒരാളാണ് അര്‍ച്ചന വിജയാണ് കൊഹ് ലിയെ ഇന്റര്‍വ്യൂ ചെയ്തത്. ഇന്ത്യയിലെ ഗ്ലാമര്‍ ടി വി അവതാരകരില്‍ ഒരാളാണ് അര്‍ച്ചന. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ചോദ്യം ചോദിക്കാന്‍ എത്തിയപ്പോഴാണ് കൊഹ്‌ലി അര്‍ച്ചനയുടെ കീറിയ ജീന്‍സില്‍ നോക്കിയത്.

ഐപിഎല്ലിലെ ഗ്ലാമര്‍ അവതാരികമാരില്‍ ഒരാളാണ് 34കാരിയായ അര്‍ച്ചന വിജയ. എന്നാല്‍ കൊഹ് ലിയുടെ നോട്ടത്തിന്റെ ടൈമിങ് കുറച്ച് പിഴച്ചുപോയോ എന്നാണ് സംശയം. കാരണം അര്‍ച്ചന വിജയയുടെ ജീന്‍സിലേക്കാണോ അവരുടെ മടിയില്‍ വെച്ചിരുന്ന ഐ പാഡിലേക്കാണോ കൊഹ്‌ലി നോക്കുന്നത് എന്നും സംശയമുണ്ട്.

അതേസമയം എങ്ങനെയാണ് സെലിബ്രിറ്റികള്‍ വിവാദത്തില്‍ പെടുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവം എന്നാണ് ആളുകള്‍ പറയുന്നത്.ഐപിഎല്ലില്‍ പത്താം എഡിഷനില്‍ വളരെ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് അര്‍ച്ചന വിജയ. സോണി മാക്‌സിന് വേണ്ടിയാണ് അര്‍ച്ചന ഐപിഎല്‍ കവര്‍ ചെയ്യുന്നത്. ഐപിഎല്‍ അല്ലാതെ മറ്റ് പല ഷോകളും അര്‍ച്ചന വിജയ കൈകാര്യം ചെയ്യുന്നുണ്ട്.

പൊതുവേ സമയമത്ര ശരിയല്ലാത്ത കൊഹ്‌ലിയുടെ ബംഗളൂര്‍ ടീം ഇപ്പോള്‍ ആറില്‍ നാല് കളികളും തോറ്റ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

കുടുംബ വഴക്കിനെ തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്ന ഭര്‍ത്താവ് ഭാര്യയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്ന വിട്ടിലെത്തി തീ കൊളുത്തി മരിച്ചു. വീടിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മണര്‍കാട് കുറ്റിയക്കുന്നില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വാകത്താനം കോട്ടപ്പുറം വീട്ടില്‍ മാത്യു (48)വാണ് മരിച്ചത്. ഭാര്യ മിനി വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തുമ്പോള്‍ വീടിന്റെ ഹാളില്‍ മാത്യു കത്തിക്കരിഞ്ഞ് കരിക്കട്ടയായി കിടപ്പുണ്ടായിരുന്നു. ഇയാളുടെ ഫോണ്‍ സമീപത്തു കിടപ്പുണ്ടായിരുന്നു.

ഭര്‍ത്താവിന്റെ നമ്പരിലേക്ക് പോലീസ് ഫോണ്‍ ചെയ്താണ് ആളെ തിരിച്ചറിഞ്ഞത്. മരിച്ച മാത്യു ബിവറേജസ് കോര്‍പറേഷന്റെ എസ്എച്ച് മൗണ്ടിലുള്ള ഗോഡൗണിലെ ഡ്രൈവറാണ്.മാത്യുവും ഭാര്യ പാറമ്പുഴ സ്വദേശി മിനിയും രണ്ടു വര്‍ഷമായി പിണങ്ങിക്കഴിയുകയാണ്. കോടതിയില്‍ കേസും നിലവിലുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത കുട്ടി പത്താം ക്ലാസില്‍ പരീക്ഷ എഴുതി നില്‍ക്കുന്നു. ഇളയ കുട്ടിക്ക് അഞ്ചു വയസുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ:

ഇന്നലെ ഇവരുടെ കേസിന്റെ അവധിയായിരുന്നു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ മാത്യു ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുന്‍പും പല തവണ ഇത്തരം ഭീഷണിയുണ്ടായിരുന്നു. ഇന്നലെ  പുലര്‍ച്ചെ മൂന്നരയോടെ മാത്യു മിനി താമസിക്കുന്ന കുറ്റിയക്കുന്നിലെ വാടക വീട്ടില്‍ എത്തി. ബൈക്ക് പുറത്തു വച്ചശേഷം വീടിന്റെ ടെറസില്‍ കയറി തടി കഷണം കൈക്കലാക്കി വീടിന്റെ മുന്‍വാതില്‍ തല്ലിത്തകര്‍ക്ക് അകത്തുകയറി. ശബ്ദം കേട്ട് മിനിയും കുട്ടികളും മുറിക്കുള്ളില്‍ കയറി കതകടച്ചു. എന്നാല്‍ ഇവരുടെ മുറിയുടെ കതകും തല്ലിപ്പൊളിക്കാന്‍ ശ്രമം നടത്തി.

മിനിയും കുട്ടികളും ചേര്‍ന്ന് കതകില്‍ തള്ളിപ്പിടിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂമിലേക്കും വിളിച്ചു. പോലീസിനെ വിളിക്കുന്ന ശബ്ദം കേട്ട് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പോലീസ് പെട്ടെന്നു തന്നെ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മാത്യു കത്തിക്കരിഞ്ഞു തീര്‍ന്നിരുന്നു. ഹാളില്‍ നിന്ന് പെട്രോള്‍ ഒഴുകി മിനിയും കുട്ടികളും ഇരുന്ന മുറിയിലേക്ക് പടര്‍ന്ന് ഇവരുടെ കാലിലും മറ്റും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് മിനിയെയും കുട്ടികളെയും പുറത്തിറക്കിയത്. മുറിയിലേക്ക് പുകയും മറ്റും പടര്‍ന്ന് ഇവര്‍ക്ക് ശ്വാസ തടസമുണ്ടായിരുന്നതിനാല്‍ പോലീസ് എത്തി ആദ്യം ജനല്‍ പൊട്ടിച്ച് വായു കടത്തിയിരുന്നു. സയന്റിഫിക്, ഫോറന്‍സിക് വിദഗ്ധരും മറ്റും സ്ഥലത്തെത്തി മൃതദേഹം പരിശോധനക്കു വിധേയമാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പാമ്പാടി സിഐ സാജു വര്‍ഗീസ്, മണര്‍കാട് എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണ ആരംഭിച്ചു.

ദിലീപ് നായകനായെത്തുന്ന രാമലീലയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല ഒരുക്കുന്നത്. വെളള ഷര്‍ട്ടും മുണ്ടും ധരിച്ച് നല്ല കലിപ്പ് ലുക്കില്‍ കസേരയില്‍ ഇരിക്കുന്ന ദിലീപാണ് പോസ്റ്ററിലുളളത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് രാമലീലയിലെത്തുന്നത്.

ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. ദിലീപിന്റെ വ്യത്യസ്തമായ വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള്‍. അടുത്തിറങ്ങിയ ദിലീപിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് അടിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഈ സിനിമ ദിലീപിന്റെ തുടര്‍ കരിയറിന്റെ പിടിവള്ളികൂടിയാണ്.

ramaleela

ഒരേ മുഖം, ഫുക്രി എന്നീ സിനിമകളുടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രയാഗ മാര്‍ട്ടിനാണ് സിനിമയില്‍ നായികയായെത്തുന്നത്.സലീം കുമാര്‍, മുകേഷ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാധികാ ശരത് കുമാറാണ് വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നത്. വലിയൊരിടവേളയ്ക്ക് ശേഷമാണ് രാധിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നതെന്നതും ശ്രദ്ധേയമാണ്.ടോമിച്ചന്‍ മുളക് പാടമാണ് രാമലീല നിര്‍മ്മിക്കുന്നത്. പുലിമുരുകനെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളക് പാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. സച്ചിയാണ് ഈ ദിലീപ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കി. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്. ശക്തമായ പൊലീസ് കാവലിലാണ് റവന്യു സംഘത്തിന്റെ ഒഴിപ്പിക്കൽ പുരോഗമിക്കുന്നത്. അതേസമയം കുരിശിന് സമീപമുണ്ടായിരുന്ന താത്കാലിക ഷെഡ് ദൌത്യസംഘം പൊളിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുരിശടിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുന്നുണ്ട്.


മൂന്നാർ വാസികളല്ല പുറത്ത് നിന്നുള്ളവരാണ് ഈ കുരിശടി നിർമ്മിച്ചത് എന്നാണ് റവന്യു സംഘത്തിന്റെ കണ്ടെത്തൽ. പ്രദേശത്ത് പള്ളി നിർമ്മിക്കാനുള്ള ചില പണികളും ഉണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ റവന്യു സംഘം പൊളിച്ച് നീക്കിയിട്ടുണ്ട്. അതേസമയം കൈയേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട് കയേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് അധികൃതര്‍ വാഹനങ്ങള്‍ നീക്കുകയായിരുന്നു.ജനങ്ങള്‍ കൂട്ടംകൂടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ അന്ന് കുരിശ് പൊളിച്ചുമാറ്റാന്‍ എത്തിയ സംഘത്തെ കയ്യേറ്റക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ കല്ലിന്റവിട കടല്‍ തീരത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ചീഞ്ഞളിഞ്ഞ് വികൃതമായ നിലയിലാണ്. ഇന്നലെ രാവിലെയാണ് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൂര്‍ണ നഗ്‌നമായ മൃതദേഹത്തിന്റെ തലയറ്റ നിലയിലാണ്. രണ്ടാഴ്ചയിലേറെ പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. ഈ മേഖലയില്‍ നിന്ന് ആരെയും കാണാതായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ആളെ തിരിച്ചറിയാനാവാത്ത വിധത്തിലാണുള്ളത്. 18നും മുപ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ മനസിലായതായി ഡി.വൈ.എസ്.പി കെ സുദര്‍ശനന്‍ പറഞ്ഞു. അതേസമയം, താനൂര്‍ ‘ഭാഗത്തും ഇതുപോലെ സമാനമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. അതിനാല്‍ ബോട്ടുമറിഞ്ഞ് മരിച്ചതാവാമെന്നും സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. റൂറല്‍ എസ്പി കെ.പുഷ്‌കരന്‍, ഡിവൈഎസ്പി കെ.സുദര്‍ശനന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതു സംബന്ധിച്ച് എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയതായി എസ്.പി അറിയിച്ചു. വടകര എസ്.ഐ ജെ.ഇ.ജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഉള്ളത്.

RECENT POSTS
Copyright © . All rights reserved