യെമനില്‍നിന്നു മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മോചനശ്രമങ്ങള്‍ എങ്ങുമെത്താത്തത് ആശങ്കയുളവാക്കുന്നുണ്ട്.ബന്ധുക്കളും വിശ്വാസികളും അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ഥനയോടെ ഇപ്പോഴും കാത്തിരിക്കുകയാണ് .
യെമനിലെ ഏഡനില്‍ മിഷണറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തുന്ന അഗതിമന്ദിരത്തിനു നേരേ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാലു സന്യാസിനികളും 12 അന്തേവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഗതിമന്ദിരത്തിലെ ചാപ്പലില്‍ കുര്‍ബാന അര്‍പ്പിച്ച ശേഷം പ്രാര്‍ഥിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം പിടിയിലായത്.
കഴിഞ്ഞ ജൂണിലും ഡിസംബറിലും വൈദികന്‍ ഫെയ്‌സ്‌ബുക്ക് പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലുള്ളത് ഫാ. ടോം തന്നെയാണെന്ന് ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യു.എ.ഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും സ്‌ഥിരീകരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന മൂന്ന് അല്‍ഖ്വയ്‌ദ ദീകരരെ യെമനിലെ സൈലയില്‍നിന്നു പിടിച്ചിരുന്നെങ്കിലും ഫാ.ടോമിനെക്കുറിച്ച് ഇവരില്‍നിന്നു കാര്യമായ വിവരം ലഭിച്ചിട്ടില്ല.
വൈദികനെ തട്ടിക്കൊണ്ടുപോയത് ഏതു ഭീകരസംഘടനയില്‍പ്പെട്ടവരാണെന്നു സ്‌ഥിരീകരിച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വത്തിക്കാനും യു.എ.ഇ. സര്‍ക്കാരും മോചനശ്രമം തുടരുകയാണ്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയും സലേഷ്യന്‍ കോണ്‍ഗ്രിഗേഷനും കൂട്ടായി വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വൈദികന്റെ മോചനശ്രമം ഊര്‍ജിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സഭാതലവന്മാര്‍ ആവശ്യപ്പെട്ടിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസിയോ സര്‍ക്കാരിന്റെ പ്രതിനിധിയോ ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകുന്നില്ല.
ഒരു വര്‍ഷമായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ടോമിന് വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെങ്കില്‍ ആരോഗ്യസ്‌ഥിതി വഷളാകുമെന്ന് അദ്ദേഹത്തോടൊപ്പം യെമനില്‍ ശുശ്രൂഷ ചെയ്‌ത ഫാ. ജോര്‍ജ് മുട്ടത്ത് പറമ്പില്‍ പറഞ്ഞു
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ സംബന്ധിച്ച വെളിപ്പെടുത്തലുമായി എഐഎഡിഎംകെ നേതാവ്. സെപ്തംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണെന്നാണ് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് സ്പീക്കറുമായിരുന്ന പി എച്ച് പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍.
ജയലളിതയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്ക് അവസാനമാകാത്ത സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെ നേതാവിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. സെപ്തംബര്‍ 22 മുതല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിലിരിക്കെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി നേരത്തെ ജയലളിതയുടെ ബന്ധുക്കളും പരസ്യമായി രംഗത്തെത്തിയിരുന്നു.
പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അതിന് ശേഷം അമ്മയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ലെന്നും പോലീസ് ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും പാണ്ഡ്യന്‍ പറയുന്നു. പനീര്‍ശെല്‍വത്തിന്റെ വീടിന് സമീപത്തുവച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലിസിന് എല്ലാ തെളിവും ലഭിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഡിജിപിയുടെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. സമഗ്രമായ കുറ്റപത്രം 90 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഡിജിപി അവകാശപ്പെട്ടു. വിശദാംശങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്തില്ല. മാധ്യമങ്ങളോട് ഒന്നും പറയാറായിട്ടില്ലെന്നം ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആവശ്യമായ തെളിവുകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുടെ പീഡനത്തിനിരയായി പ്രസവിച്ച 16 കാരി തെറ്റുകാരിയാണെന്നും ദൈവത്തിന് മുന്നില്‍ ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക പെണ്‍കുട്ടിയാകുമെന്നും
‘കൊട്ടിയൂരില്‍ നടന്ന സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. തെറ്റ് ചെയ്ത വൈദികന് അതിന്റെ ശിക്ഷ ലഭിക്കുക തന്നെ വേണം’ എന്ന രീതിയില്‍ തുടങ്ങുന്ന ലേഖനത്തിന്റെ സ്വരം താഴേയ്‌ക്കെത്തുമ്പോള്‍ മാറുന്നു. പെണ്‍കുട്ടിയെ പരാമര്‍ശിക്കുന്ന ഭാഗമെത്തുമ്പോഴാണ് ക്രൂരമായ പരാമര്‍ശങ്ങള്‍ കടന്നുവരുന്നത്.
‘ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?’ എന്ന് ലേഖനത്തില്‍ ചോദിക്കുന്നു.
‘ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്. പ്രലോഭനങ്ങള്‍ സംഭവിക്കുന്നതാണ്. വി. കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ? ഒരിക്കലും എനിക്ക് നിന്നോട് സഹതാപം ഇല്ല മോളേ, പ്രാര്‍ത്ഥിക്കുന്നു’ ലേഖനം പറയുന്നു.
ഈശോയുടെ ത്യാഗപൂരിതമായ പൗരോഹിത്യം കല്ലെറിയാന്‍ വിട്ടുകൊടുക്കാതെ, കത്തോലിക്ക തിരുസഭയുടെ പുണ്യമായ വൈദികബ്രഹ്മചര്യത്തെ പിച്ചിച്ചിന്താന്‍ സമ്മതിക്കാതെ കുമ്പസാരം ഉള്‍പ്പെടെയുള്ള കൂദാശകളെ ആക്ഷേപ ചര്‍ച്ചയ്ക്ക് വലിച്ചെറിയാതെ നമ്മുടെ നിയോഗങ്ങളെ ശുദ്ധീകരിക്കാം’ എന്ന് വൈദികരെ വളരെ മയപ്പെടുത്തി ഉപദേശിക്കുന്നുമുണ്ട് ലേഖനത്തില്‍. ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നിയമ നടപിടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
നടിയെ തട്ടികൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പൾസർ സുനി എന്ന സുനില്‍ കുമാര്‍ പെണ്‍വാണിഭ കേസില്‍ ദുബായ് പോലീസ് അന്വേഷിക്കുന്ന സുനില്‍ സുരേന്ദ്രനെന്നയാളാണെന്ന് സൂചന. സിനിമയില്‍ അവസരം തേടിയെത്തുന്ന പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലെത്തിക്കുകയായിരുന്നു ഇയാള്‍.2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലതവണ ഇയാള്‍ ദുബായില്‍ എത്തിയിരുന്നു.സിബഐ അന്വേഷിക്കുന്ന പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ലിസി സോജനൊപ്പം സുനിലും ഉണ്ടായിരുന്നു. മറ്റു പ്രതികളുടെ മൊഴികളിലും ഡ്രൈവറായിരുന്ന സുനിലിനെക്കുറിച്ച് പറയുന്നുണ്ട്.
സെക്‌സ് റാക്കറ്റിനെക്കുറിച്ച് ദുബായ് പോലീസിന് സൂചന ലഭിച്ചതോടെ സുനി കേരളത്തിലേയ്ക്ക് കടന്നു. മൂന്നു പേരുകളില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉള്ളതിനാല്‍ ദുബായ് പോലീസിന് ഇയാളെ പിടികൂടാനായില്ല.നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇട്ടതോടെയാണ് മൂന്നു പാസ്‌പോര്‍ട്ട് ഉള്ള കാര്യം വ്യക്തമായത്.ദുബായ് പോലീസ് പെണ്‍വാണിഭ കേസ് സിബിഐയ്ക്ക് കൈമാറിയപ്പോള്‍ അജ്ഞാതനായ സുനില്‍ സുരേന്ദ്രന്‍ പതിയെ ഒഴിവാക്കപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതികള്‍ പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയാല്‍ സിബിഐ പ്രതി ചേര്‍ത്ത് ചോദ്യം ചെയ്യും.
പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‍ച ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ധനയാണ് പദ്ധതി വിഹിതത്തില്‍ ഉള്ളത്. ഇതൊടൊപ്പം കേന്ദ്ര സഹായം കൂടി ചേരുമ്പോൾ 34538.95 കോടി രൂപയാകും സംസ്ഥാനത്തിന്‍റെ വാര്‍ഷിക പദ്ധതി.
പദ്ധതി വിഹിതത്തില്‍ 6227.5 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.23 ശതമാനത്തിന്‍റെ വര്‍ധനയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തുകയില്‍ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5500 കോടി രൂപയായിരുന്നു തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായ സംഭവത്തില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികചൂഷണം നടത്തിയിരുന്നോയെന്ന് പോലീസിന് സംശയം. വിശദമായ ചോദ്യംചെയ്യലിനു വേണ്ടി ഫാ. റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കൊട്ടിയൂര്‍ മേഖലയില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള ഇരുപതോളം പെണ്‍കുട്ടികളെ ഫാ. റോബിന്‍ വിദേശത്തുപോകാന്‍ സഹായിച്ചിരുന്നു.
ഫാ.റോബിന്റെ സഹായത്താല്‍ വിദേശത്ത പോയവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കും. പെണ്‍കുട്ടി ഗര്‍ഭിണിയായതും അമ്മയായതും മറച്ചുവയ്ക്കാന്‍ ഫാ. റോബിനെ സഹായിച്ചവരെപ്പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇപ്പോള്‍ അമ്മയായ പെണ്‍കുട്ടിയെ പള്ളിയില്‍വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഗര്‍ഭം ധരിച്ചെന്നറിഞ്ഞതോടെ മാതാപിതാക്കളെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു.
വികാരിയെക്കൂടാതെ ഇടവകയിലെ പല പ്രമുഖരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന് 10 ലക്ഷം രൂപ നല്‍കി മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം ഫാ. റോബിന്‍ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടില്‍ നിന്ന പെണ്‍കുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കാര്യമറിയിച്ചതെന്നാണു സൂചന. ഫാ. റോബിന്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരിയായിരിക്കെയായിരുന്നു സംഭവം.കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ പണമടച്ചത് ഫാ. റോബിനായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. പീഡനവിവരം പുറത്തായതോടെ ഫാ. റോബിനെ സഹായിക്കാന്‍ ഇടവകയിലെ ചില പ്രമുഖര്‍ ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.കേസില്‍ വൈദികനെ തലശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാനഭംഗക്കുറ്റവും ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്‌സോ) ചുമത്തിയാണു കേസ് എടുത്തത്.
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയകേസിൽ മലയാളിയടക്കം രണ്ടുപേർ മുംബൈയിൽ അറസ്റ്റിൽ. കുട്ടനാട് പുളിങ്കുന്ന് സ്വദേശി ശ്രീരാഗ് ആണ് അറസ്റ്റിലായ മലയാളി. എഴുപതുപേരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ഇവർക്കെതിരെയുള്ള പരാതി.
നേവിമുംബൈയിലെ വാശിയിൽ പ്രവർത്തിച്ചിരുന്ന രാജഗോപാൽ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൻറെ നടത്തിപ്പുകാരാണ് അറസ്റ്റിലായത്. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലിവാഗ്ദാനം ചെയ്ത് കേരളത്തിൽ വിവിധയിടങ്ങളില്‍നിന്നുള്ള എഴുപതുപേരെ തട്ടിപ്പിനിരയാക്കിയെന്നാണ് കേസ്. മാൾട്ടയിലുള്ള സെൻറ് ജെയിംസ് ഹോസ്പിറ്റലിലേക്ക് ഒഴിവുണ്ടെന്നുകാട്ടി പരസ്യംനൽകിയശേഷം, ബന്ധപ്പെടുന്നവരിൽനിന്ന് ആദ്യം അൻപതിനായിരംരൂപയും പിന്നീട് പന്ത്രണ്ടായിരത്തി അഞ്ഞൂറുരൂപയും ഈടാക്കും.
മൂന്നുമാസത്തിനുള്ളിൽ ജോലിതരപ്പെടുമെന്നാണ് പണംവാങ്ങുമ്പോഴുള്ള ഉറപ്പ്. എന്നാൽ, മൂന്നുമാസം എന്നതുമാറി, ഒരുവർഷമായിട്ടും ജോലി തരപ്പെടാതായതോടെ പണംനഷ്ടപ്പെട്ടവർ സ്ഥാപനത്തിനെിരെ രംഗത്തെത്തി. ഇതിനിടെ പണംനഷ്ടമായവർചേർന്ന് മാൾട്ടയിലുള്ള ആശുപത്രിയുമായി നേരിൽബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലൊരു സ്ഥാപനവുമായി യാതൊരുബന്ധവുമില്ലെന്ന് അറിയിച്ചു. പിന്നീടാണ് മുംബൈ വാശി പൊലീസിൽ പരാതിനൽകിയത്.
തുടർന്ന് കുട്ടനാട് സ്വദേശിയായ ശ്രീരാഗ്, തമിഴ്നാട് സ്വദേശി രാജഗോപാൽ എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ശ്രീരാഗിൻറെ ഭാര്യ ആതിര ഇപ്പോൾ കേരളത്തിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെയും പരാതിയുണ്ട്. അതേസമയം, പരാതി നൽകിയവരെകൂടാതെ മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശോഭനയ്ക്ക് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ മഞ്ജു നടി ശോഭനയെ ഇഷ്ടപ്പെടുന്നതില്‍ ആരും ഒരു അപാകതയും പറയില്ല.പുതുതലമുറയില്‍ ആരാണ് ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചാലോ? മഞ്ജു വാര്യര്‍ പറയുന്ന പേരുകളില്‍ ഒന്ന് റിമ കല്ലിങ്ങല്‍ എന്നായിരിക്കും. റിമയുടെ 22 ഫീമെയില്‍ കോട്ടയം കണ്ട് റിമയെ ഇഷ്ടപ്പെട്ടതാണ് മഞ്ജു. പിന്നെ മമ്ത, എന്തിനധികം നസ്രിയ വരെ മഞ്ജുവിന്റെ ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ട്.എന്നാല്‍ കാവ്യ മാധവനോ ?
ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ചോദിച്ച ആരാധികയോടാണ് മഞ്ജു വാര്യര്‍ ഇത് പറഞ്ഞത്. ശോഭന മാഡം തനിക്ക് ഒരു ഹരമാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പേര് താന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്ന് തനിക്ക് തന്നെ അറിയില്ല. തന്റെ ഫേവറിറ്റ് നടിയാണ് ശോഭന.ആദ്യമായി ബാംഗ്ലൂര്‍ വെച്ചാണ് ശോഭന മാഡത്തെ കണ്ടത്. ഒരു ഡാന്‍സ് പ്രോഗ്രാമിന് വേണ്ടി പോയതായിരുന്നു. അന്ന് കണ്ണ് നിറയെ നോക്കി നിന്നു. ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എനിക്ക് ഭയങ്കര സന്തോഷമായിരിക്കും. പക്ഷേ അത് ശോഭന മാഡം കേള്‍ക്കണ്ട. ആത്മഹത്യ ചെയ്തുകളയും. – ചിരിച്ചുകൊണ്ട് മഞ്ജു വാര്യര്‍ പറയുന്നു.
മലയാളത്തിലെ യുവനായികമാര്‍ എല്ലാവരും വളരെ ടാലന്റഡ് ആണ് എന്ന അഭിപ്രായമാണ് മഞ്ജു വാര്യര്‍ക്ക്. ചിലരെ മഞ്ജു വാര്യര്‍ പേരെടുത്ത് പറയുകയും ചെയ്തു. 22 ഫീമെയില്‍ കോട്ടയത്തില്‍ അഭിനയിച്ചതിന് റിമ കല്ലിങ്ങലിനെ, മമത് മോഹന്‍ദാസിനെ,എന്തിനധികം പറയുന്നു, ആകെ വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ ചെയ്ത നസ്രിയയെ വരെ മഞ്ജു പേരെടുത്ത് പറഞ്ഞു.
മലയാളത്തില്‍ മഞ്ജു വാര്യര്‍ക്ക് ശേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടിയാണ് കാവ്യ മാധവന്‍. ഒരു പതിറ്റാണ്ടിലധികമായി നായിക വേഷങ്ങളില്‍ അഭിനയിച്ച് ഇന്‍ഡസ്ട്രിയിലുണ്ട്. ഇത്രകാലം നായികയായി പിടിച്ചുനിന്നവര്‍ വിരളമാണ്. എന്നിട്ടും കാവ്യയുടെ പേര് മഞ്ജു പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. ശരിക്കും മഞ്ജുവിനെ കാവ്യയെ ഇഷ്ടമല്ലേ എന്നും ചോദിക്കുന്നവരുണ്ട്.മോഹന്‍ലാലിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാന്‍. അടുത്ത ചിത്രം ലാലേട്ടന്റെ കൂടെയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍ ഭയങ്കര ആഘോഷമായിരുന്നു. അടുത്ത പടം മോഹന്‍ലാലിന്റെ കൂടെയാണ് എന്നൊക്കെ പറഞ്ഞ് ആളുകള്‍ അഭിനന്ദിച്ചു. നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്ന പേരല്ലേ. പക്ഷേ സ്‌നേഹത്തോടെയാണ് ആറാം തമ്പുരാനിലെ ഷൂട്ടിങില്‍ പെരുമാറിയത്.
കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് തോന്നും ലാലേട്ടന്‍ ഇതിലൊന്നും അഭിനയിച്ചില്ലല്ലോ. ഇത് പക്ഷേ നമ്മുടെ മണ്ടത്തരം കൊണ്ട് തോന്നുന്നതാണ്. സ്‌ക്രീനില്‍ ആ സീനുകള്‍ ഉണ്ടാക്കുന്ന ഇംപാക്ട് എന്താണെന്ന് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ഞാന്‍. അതൊരു മാജിക്കാണ്. അദ്ദേഹത്തെ പോലെ ഒരു കലാകാരന്‍ നമുക്ക് പണ്ടും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല, ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ്.പണ്ട് മമ്മൂട്ടിക്കൊപ്പം ഒരു പടം ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോഴും അങ്ങനെ ഒരു അവസരം വന്നിട്ടൊന്നും ഇല്ല. എല്ലാം ഒത്തുവരികയാണെങ്കില്‍ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണല്ലോ മമ്മുക്കയെ പോലെ ഒരു മഹാനടന്റെ കൂടെ അഭിനയിക്കുക എന്നത്. – മമ്മൂട്ടിചിത്രത്തെപ്പറ്റി ചോദിച്ചാല്‍ മഞ്ജു വാര്യരുടെ മറുപടിയിങ്ങനെ.
ഹെവി റൊട്ടീന്‍ ഒന്നുമില്ല. ഡാന്‍സ് ചെയ്യുന്നുണ്ട്. വല്ലപ്പോഴും ജിമ്മിലൊക്കെ പോകും. റെഗുലര്‍ ആയി വര്‍ക്കൗട്ടൊന്നും ചെയ്യാറില്ല. ഡാന്‍സ് എന്റെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് അതങ്ങനെ നടന്നുപോകും. അല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഫേവറിറ്റ് ഫുഡ് എന്നൊന്നും ഇല്ല. എന്ത് കിട്ടിയാലും കഴിക്കും. കേരള ഭക്ഷണം ഇഷ്ടമാണ്. അങ്ങനെ എന്ത് കിട്ടിയാലും കഴിക്കാം.ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ നല്‍കിയ ഒരു ഫേസ്ബുക്ക് ലൈവിലാണ് മഞ്ജു വാര്യര്‍ ഈ അഭിപ്രായമെല്ലാം പറഞ്ഞത് എന്നതാണ് ഏറെ രസകരം. രണ്ട് വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.
ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യത്തെ പ്രതികരണം എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് – കാവ്യ വിവാഹം നടന്നപ്പോള്‍ ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജു വാര്യര്‍ എന്ത് പറയുന്നു എന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ മഞ്ജു അന്നൊന്നും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ പരക്കുന്നത്.
എന്നാല്‍ ദിലീപിന്റെയും തന്റെയും വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നോ അത് സംബന്ധിച്ച സത്യാവസ്ഥ എന്താണെന്നോ മഞ്ജു ഇത് വരെ എവിടെയും പറഞ്ഞിട്ടില്ല. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ശേഷവും മഞ്ജു വാര്യര്‍ എവിടേയും ഇരുവരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. മഞ്ജു വാര്യര്‍ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇങ്ങനെ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
40 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയോക്കാവുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാന്‍ ഒരു പ്രതീക്ഷയുടെ തിരിനാളം. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങള്‍ മലയാളികള്‍ സജീവമാക്കുമ്പോള്‍ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഓമാനിലെ ആശുപത്രികള്‍ ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി ഏറ്റെടുക്കുമെന്ന വാര്‍ത്തയാണ് ഇത്. അങ്ങനെ വന്നാല്‍ യുഇഎയിലെ നിയമനടപടികള്‍ പോലും പണമടച്ച് ഒഴിവാക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിനാകും.
മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകള്‍ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനായാല്‍ തന്നെ മലയാളികള്‍ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയില്‍ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ അറ്റ്ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വരും.
കടക്കെണിയില്‍ നിന്ന് രാമചന്ദ്രനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ ബിആര്‍ ഷെട്ടിയുടെ ഗ്രൂപ്പ് തയ്യാറാകുന്നതെന്നാണ് സൂചന. അബുദാബി കേന്ദ്രീകരിച്ചാണ് ഷെട്ടിയുടെ എന്‍ എം സി ഹെല്‍ത്തിന്റെ പ്രവര്‍ത്തനം. അറ്റ്‌ലസ് ഗ്രൂപ്പിന് യു.എ.ഇ.യില്‍ ഇരുപതോളം ജൂവലറികളും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ 18 സ്ഥാപനങ്ങളും ആണ് ഉള്ളത് . ഇതെല്ലാം പൂട്ടിപ്പോയി. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നത് ഒമാനിലെ അറ്റ്‌ലസ് ആശുപത്രികളാണ്.ഈ ആശുപത്രികള്‍ ഷെട്ടി വിലയ്ക്ക് വാങ്ങിയാല്‍ വണ്ടി ചെക്ക് കേസെല്ലാം ഒത്തുതീര്‍പ്പാകും. ഇത് യാഥാര്‍ത്ഥമായാല്‍ രാമചന്ദ്രനു മകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് സൂചന.