Latest News

മഹാരാജാസ് കോളേജിലെ ആയുധ ശേഖരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ആംആദ്മി പാര്‍ട്ടി. ക്യാമ്പസില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച എസ്എഫ്‌ഐ ഗുണ്ടകള്‍ കോളേജില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും വിദ്യാര്‍ഥികളെയും അധ്യാപകരെയും ശക്തമായ ആയുധ ഭീഷണിയിലൂടെ അടക്കി നിര്‍ത്തി ഭരിക്കുകയും പ്രിന്‍സിപ്പലിന്റെ കസേര വരെ കത്തിക്കുകയും ചെയ്ത വിധ്വംസക നയത്തിന് കൂട്ട് പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി നിയമസഭയില്‍ പ്രസ്താവന നടത്തിയത് വളരെ അപകടരമായ ഒരു കീഴ്‌വഴക്കമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

വളരെ മാരകമായ ആയുധങ്ങള്‍ ആണ് മഹാരാജ് കോളേജ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ, അതിനു വിരുദ്ധമായി അവിടെ അത്തരത്തില്‍ അപകടരമായ ആയുധങ്ങള്‍ ഒന്നുമില്ല എന്നും ചെറിയ ചില വസ്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണം. അല്ലാത്ത പക്ഷം അവകാശ ലംഘനത്തിന് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് എതിരെ നോട്ടീസ് നല്‍കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അസാധ്യമാക്കി തീര്‍ത്തതില്‍ എസ്എഫ്‌ഐ യുടെ പങ്ക് പരിശോധിക്കാനുള്ള സമയമായി. തങ്ങള്‍ക്ക് ആധിപത്യം ഉള്ള സ്ഥലങ്ങളില്‍ മറ്റാര്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കാത്ത ഫാസിസ്റ്റ് നയമാണ് എസ്എഫ്‌ഐ പല സ്ഥലങ്ങളിലും പ്രയോഗിക്കുന്നത്. ഇതിനെ തുടര്‍ന്ന് പല കോളേജുകളിലും എബിവിപി പോലെയുള്ള പല സംഘടനകളും ഇതേ നിലപാട് തുടര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം എംജി കോളേജ് അതിനൊരുദാഹരണമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യഥാര്‍ത്ഥ ജനാധിപത്യം അഭ്യസിപ്പിക്കുന്നതിനും നേരിന്റെ രാഷ്ട്രീയം ശരിയായ രീതിയില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയം അപകടകരമായ നിലയിലേക്ക് മാറ്റിയതില്‍ എസ്എഫ്‌ഐ, എബിവിപി, കെഎസ്യു പോലെയുള്ള സംഘടനകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതിനു കൂട്ട് നില്‍ക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ നിഷേധമാണ്. കലാലയ അന്തരീക്ഷം സമാധാനപരമായിരിക്കാനും ആശയ സമ്പുഷ്ടമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഇടമാക്കാനും ശ്രമിക്കണം എന്ന് എല്ലാ വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെടുന്നു.

മോഹൻലാലിനെ നായകനാക്കി രാജ്യാന്തര ഭാഷകളിലുളള ആക്ഷൻ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ. പ്രമുഖ ന്യൂസ് ചാനലിന്  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ നായകനായെത്തിയ പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ചെയ്‌തത് പീറ്റർ ഹെയ്നായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആദ്യ ആക്ഷൻ കൊറിയോഗ്രാഫറാണ് പീ​റ്റർ ഹെയ്‌ൻ.

ഒരു രാജ്യാന്തര ചിത്രമൊരുക്കാനാണാഗ്രഹിക്കുന്നത്. അതിൽ മോഹൻലാലിനെ നായകനാക്കണമെന്നാണ് ആഗ്രഹം. ഇന്ത്യൻ ചിത്രമെന്നതിലുപരി ചൈനീസ്, ഇംഗ്ളീഷ് ഉൾപ്പെടെയുളള ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക്കുകയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിന് ദേശീയ പുരസ്കാരം നേടിയെങ്കിലും ചിത്രത്തിൽ പീറ്റർ ഹെയ്‌ൻ സംതൃപ്തനല്ല. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ”ഞാൻ പുലിമുരുകൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ മറ്റൊന്നാകുമായിരുന്നു. കേരളത്തിലെ ആസ്വാദകരെ മാത്രം ലക്ഷ്യമിട്ട് ചിത്രമൊരുക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ ഞാൻ പുലിമുരുകൻ മറ്റൊരു രൂപത്തിൽ പുനഃസൃഷ്ടിച്ചക്കും” പീ​റ്റർ ഹെയ്‌ൻ അഭിമുഖത്തിൽ പറഞ്ഞു

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന വില്ലൻ, രണ്ടാമൂഴം എന്നീ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതും പീറ്റർ ഹെയ്‌നാണ്.

പുലിമുരുകനിൽ പുലിക്ക് പകരം കടുവയെ ഉപയോഗിച്ചത്തിന്റെ രഹസ്യം പീറ്റർ വെളിപ്പെടുത്തി, അതിനു കാരണം ഞാൻ തന്നെ. പുലി എന്ന് പറഞ്ഞാൽ ചിറ്റ അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഇരയുടെ പിറകെ പായുന്ന മൃഗം പുലി ആണ്, ലാൽ സാറിന്റെ പിറകിൽ പുലി ഓടുന്ന രംഗം എടുത്താൽ അത് ക്ലിക് ആകുമോ എന്നതുകൊണ്ടാണ് പുലിക്ക് പകരം കടുവ ആക്കിയത്

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീം അംഗങ്ങളെ ഉടൻ തിരഞ്ഞെടുക്കാനുള്ള ബിസിസിഐ തീരുമാനം. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി കഴിഞ്ഞ മാസം 25 ആയിരുന്നു.

എല്ലാരാജ്യങ്ങളും  15അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരുന്നില്ല. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇക്കാര്യത്തില്‍ ബി.സി.സി.ഐ മെല്ലപ്പോക്ക് നയം സ്വീകരിക്കാന്‍ ഇടയാക്കിയത്. അടുത്ത ജൂൺ ഒന്ന് മുതല്‍ ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ

ഒരുകാറില്‍ ഒരുമിച്ചു യാത്ര ചെയ്യവേ ഉണ്ടായ   വാക്കേറ്റത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുവീഴ്ത്തി. ബെംഗളുരു നഗരത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
48 കാരിയായ ഹസ്മയാണ് തന്റെ ഭര്‍ത്താവ് സായിറാമിനെ വെടിവെച്ചത്. ശരീരത്തില്‍ മൂന്നു വെടിയുണ്ടകള്‍ തുളച്ചുകയറിയ ഭര്‍ത്താവ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും ഹൊസൂരിലേക്കുള്ള യാത്രകഴിഞ്ഞ് തിരികെ തങ്ങളുടെ ഫോര്‍ച്യൂണര്‍ കാറില്‍ നഗരത്തിലേക്ക് മടങ്ങവേയാണ് സംഭവം. ബെംഗളുരു നഗരത്തിന് സമീപമുള്ള അനെകാലില്‍ വച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും മദ്യപിക്കുകയും തുടര്‍ന്ന് യാത്രക്കിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.
ബെംഗളുരു നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഹസ്മ തന്റെ ഭര്‍ത്താവ് സായിറാമിന് നേര്‍ക്ക് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു.
കാറില്‍ നിന്ന് ചാടിയിറങ്ങി പ്രാണരക്ഷാര്‍ഥം ഓടിയ സായിറാം പിന്നാലെ എത്തിയ ബെംഗളുരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ചാടിക്കയറി രക്ഷപെടാന്‍ ശ്രമിച്ചു.
എന്നാല്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ ഹസ്മ ബസിനെ മറികടന്ന് കുറുകെ വാഹനം ഇട്ട് ബസ് തടയുകയും ബസിനുള്ളില്‍ കയറി സായിറാമിനെ വീണ്ടും ആക്രമിക്കാന്‍ ഒരുങ്ങി. ഇതോടെ സംഘര്‍ഷത്തിലിട പെട്ട ബസ്സിലെ യാത്രക്കാരാണ് ഹസ്മയ തടഞ്ഞ് സായിറാമിനെ രക്ഷിച്ചത്.
ബെംഗളൂരുവില്‍ സെക്യൂരിറ്റി എജന്‍സി നടത്തുകയാണ് ഹസ്മയും സായിറാമും. ഹസ്മ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതക ശ്രമത്തിന് ഹസ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദിനേശ് വെള്ളാപ്പള്ളി 

ഡെര്‍ബി : മനുഷ്യരാശിക്ക് മുന്നില്‍ നന്മയുടെ വെളിച്ചം തുറന്നിടാന്‍ സാധിച്ച ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ ‘സേവനം യുകെ’ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. മെയ് 21ന് ഡെര്‍ബി ഗീതാഭവന്‍ ഹാളാണ് ഈ ആഘോഷങ്ങള്‍ക്ക് വേദിയാവുക. ഗുരുദേവന്‍ മുന്നോട്ട് വെച്ച് വിശ്വമാനവികതയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സേവന മനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ‘സേവനം യുകെ’. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. ഗീതാഭവന്‍ ഹാളില്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ചടങ്ങുകള്‍. കുടുംബത്തിന്റെ സര്‍വ്വൈശ്യരത്തിനായി ‘ഗുരുദേവ അഷ്ടോത്തര ശതനാമാവലി മന്ത്രാര്‍ച്ചനയും’, ലോകശാന്തിക്കായി ‘ശാന്തി ഹവന ഹോമവും’ ചടങ്ങുകളുടെ ഭാഗമാണ്. യുകെയിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ശാന്തിഹവന മഹായജ്ഞം അരങ്ങേറുക. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകശാന്തിക്കായുള്ള ഈ യജ്ഞം. 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രഹ്മഗിരി ഗുരുപ്രസാദ് സ്വാമികള്‍ ‘ഗുരുദര്‍ശനത്തിന്റെ അകംപൊരുള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തും. 2 മണി മുതല്‍ സമ്മേളനവേദി കലാപരിപാടികള്‍ക്ക് വേദിയൊരുക്കും. 3 മണി മുതല്‍ ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുടുംബ ഐശ്വര്യ പൂജയും നടക്കും. ശ്രീ രാജു പപ്പുവിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് മിഡ് ലാന്‍ഡ് ഹിന്ദു കള്‍ചറല്‍ സമാജം അവതരിപ്പിക്കുന്ന വാദ്യമേളം ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകും.

 

യുകെയിലെ വ്യത്യസ്തമായ ജീവിത രീതികള്‍ കുടുംബ ബന്ധങ്ങളെ ബാധിക്കുന്നുണ്ട്. കുടുംബങ്ങളുടെ പവിത്രത നമ്മുടെ സംസ്‌കാരത്തിന്റെ സവിശേഷതയാണെന്നുള്ള തിരിച്ചറിവോടെയാണ് ഈ വര്‍ഷത്തെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടത്തിലും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വാര്‍ഷികാഘോഷ വേദിയില്‍ ചാരിറ്റി സ്റ്റാള്‍, കലാപരിപാടികള്‍ എന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സേവനം യുകെ വനിതാ സംഘം കണ്‍വീനര്‍ ഹേമ സുരേഷ് അറിയിച്ചു. യുകെയിലെ വിദൂരസ്ഥലങ്ങളില്‍ നിന്നും തലേദിവസം ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുന്ന ഗുരുദേവ വിശ്വാസികള്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് കുടുംബ യൂണിറ്റ് കണ്‍വീനര്‍ പ്രമോദ് കുമരകം വ്യക്തമാക്കി. ഗുരുദേവ ദര്‍ശങ്ങളുടെ വിളംബരമായി ‘സേവനം യുകെ’ വാര്‍ഷികാഘോഷങ്ങള്‍ മാറ്റാനാണ് സംഘാടകരുടെ പരിശ്രമം.

പണത്തിനും സ്വർണത്തിനുമായി യുവാവ് സുഹൃത്തിനെ കൊന്ന് കൊക്കയിൽ തള്ളി.കോതമംഗലം വാഴക്കുളത്താണ് ദാരുണമായ സംഭവം. ഹോട്ടലുകളിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കോതമംഗലം വാഴക്കുളം സ്വദേശി സന്തോഷിന്റെ മൃതദേഹം വ്യാഴാഴ്ച്ച രാത്രിയാണ് നേര്യമംഗലം വനത്തിനുള്ളിലെ കൊക്കയില്‍നിന്ന് കണ്ടെത്തിയത്. തലയിലെ ആഴത്തിലുള്ള മുറിവാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

സുജിത്തെന്ന സുഹൃത്തിനൊപ്പമാണ് സന്തോഷിനെ അവസാനം കണ്ടതെന്ന് പൊലീസിന് വിവരം കിട്ടി. സുജിത്തിനെ ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇരുവരേയും മദ്യശാലയില്‍ കണ്ടെന്ന വിവരം കിട്ടി.

നേര്യമംഗലത്തെ ഒരു ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ കൊല്ലപെട്ട സന്തോഷും സുഹൃത്ത് സുജിത്തും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ സന്തോഷിനെ കൊന്നതാണെന്ന് സമ്മതിച്ചു. സന്തോഷിന്റെ പക്കലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും അമ്പതിനായിരം രൂപയും തട്ടിയെടുക്കാനായിരുന്നു കൊലപാതകം. സന്തോഷിന് ചിട്ടി അടിച്ച പണം കയ്യിലുണ്ടെന്ന ധാരണയും കൊലപാതകത്തിന് കാരണമായി. കല്ല് കൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ചു.

കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുജിത്തിനേക്കാള്‍ ഭാരമുള്ള സന്തോഷിനെ വലിച്ചുകൊണ്ടുവന്ന് കൊക്കയില്‍ തള്ളിയെന്നതില്‍ സംശയുമുണ്ട്. കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോൺ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നുണ്ട്.

പെയിന്‍റിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. സുജിത്തിന് ഒരു ചായക്കടയില്‍ ജോലി വാങ്ങിക്കൊടുത്തതും സന്തോഷായിരുന്നു.

കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി പോലീസ് റിപ്പോര്‍ട്ട്. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും സേര്‍ച്ച് ലിസ്റ്റിലും പോലീസ് പറയുന്നു. ഇന്നലെ നിയമസഭയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആയുധനിയമ പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണെന്നും അവകാശ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നല്‍കുമെന്നും പിടി തോമസ് എംഎല്‍എ വ്യക്തമാക്കി. വടിവാളോ, ബോംബോ പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. കറുത്ത ഫ്ളെക്സില്‍ പൊതിഞ്ഞ ഇരുമ്പുപൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്, വാര്‍ക്കകമ്പികള്‍, ഇരുമ്പ് വെട്ടുകത്തി, കുറുവടി, മുളവടി, പലകക്കഷണങ്ങള്‍ എന്നിവ കണ്ടെത്തിയാണ് പൊലീസ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് മഹാരാജാസ് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. അവധിക്കാലമായതിനാല്‍ ക്വാര്‍ട്ടേഴ്‌സിലെ മൂന്നു മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്നു. ഇവിടെ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ രണ്ടു വിദ്യാര്‍ത്ഥികള്‍ പരിശോധനയ്‌ക്കെതിരെ പ്രിന്‍സിപ്പലിനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സഹായം തേടിയത് സംബന്ധിച്ച് അഭിപ്രായ വ്യത്യസമുണ്ടെന്ന് പി.ജെ.ജോസഫ്. കെ.എം.മാണിയും ജോസ് കെ.മാണിയും സ്വീകരിച്ച നിലപാടുകളെ സംബന്ധിച്ച് ജോസഫ് ഗ്രൂപ്പ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. അസൗകര്യം മൂലമാണ് താൻ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും തിങ്കളാഴ്ച ചേരുന്ന പാർലമെന്ററി യോഗത്തിൽ പങ്കെടുക്കുമെന്നും പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിനെ കൂട്ടുപിടിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് കേരള കോൺഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.

സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി. 22 അംഗങ്ങളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുളളത്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറിലെ ജനങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ തോത് കാണിക്കാന്‍ പോലീസ് പുറത്തുവിട്ട ചിത്രം ശ്രദ്ധേയമാകുന്നു. മയക്കുമരുന്നുകള്‍ കുത്തിവെച്ച ശേഷം ഉപേക്ഷിക്കുന്ന സിറിഞ്ചുകള്‍ ഉപയോഗിച്ച് പ്രാവുകള്‍ നിര്‍മിച്ച കൂടിന്റെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള ഒറ്റമുറി വീട്ടില്‍ കണ്ടെത്തിയതാണ് ഈ പ്രാവിന്‍ കൂടെന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോലീസ് സൂപ്പറിന്റെന്‍ഡന്റ് മിഷേല്‍ ഡേവി പറയുന്നത്. നഗരം നേരിടുന്ന മയക്കുമരുന്ന് വിപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് അവര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഇത് തട്ടിപ്പാണെന്നാണ് സോ്ഷ്യല്‍ മീഡിയ വിശദീകരിക്കുന്നത്. ക്യൂബെക് ആന്‍ഡ് മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ലുക് അലെയ്ന്‍ ജിറാള്‍ഡോ ഇത് യഥാര്‍ത്ഥത്തിലുള്ള പ്രാവിന്‍കൂട് അല്ലെന്ന് വ്യക്തമാക്കി. പ്രാവുകള്‍ സാധാരണയായി രണ്ട് മുട്ടകള്‍ മാത്രമാണ് ഇടാറുള്ളത്. ചിത്രത്തില്‍ കൂടുതല്‍ മുട്ടകള്‍ കാണുന്നുണ്ട്. പ്രാവിന്‍ കൂട്ടില്‍ മുട്ടകള്‍ക്ക് ചൂട് കിട്ടുന്നതിനായി പ്രാവുകളുടെ കാഷ്ഠം ഉപയോഗിക്കാറുണ്ട്. ചിത്രത്തില്‍ അത് കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. പരന്ന പ്രതലത്തിലാണ പ്രാവുകള്‍ കൂടുകൂട്ടുന്നത്. ഒരു വാഷ്‌ബേസിനിലാണ് സിറിഞ്ച് കൂട് കാണപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇത് പ്രാവിന്റെ കൂട് അല്ലെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.

എന്നാല്‍ ഇത്തരം തര്‍ക്കങ്ങളേക്കാള്‍ നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ മയക്കുമരുന്നായ ഫെന്റാനില്‍ അമിത അളവില്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് 9 പേര്‍ 24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് മരിച്ചിരുന്നു. ചിത്രത്തില്‍ കൃത്രിമത്വം ഇല്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ലണ്ടന്‍: ബ്രിട്ടീഷുകാരില്‍ മൂന്നില്‍ രണ്ടുപേരും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് വെളിപ്പെടുത്തല്‍. അമിത ആകാംക്ഷ, വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ 65 ശതമാനം പേരും വ്യക്തമാക്കി. 26 ശതമാനം പേര്‍ അക്രമാസക്തരായിട്ടുണ്ടെന്നും 42 ശതമാനം പേര്‍ വിഷാദരോഗികളായിരുന്നെന്നും വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

18 മുതല്‍ 34 വയസ് വരെ പ്രായമുള്ളവരിലാണ് ഈ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. ഈ പ്രായ വിഭാഗത്തിലുള്ള 70 ശതമാനം പേരും തങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ അറിയിച്ചു. 35 മുതല്‍ 54 വയസ് വരെ പ്രായമുള്ളവരാണ് തൊട്ടു പിന്നിലുള്ളത്. 68 ശതമാനം പേര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 55 വയസിനു മുകളില്‍ പ്രായമുള്ള 58 ശതമാനം ആളുകള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ പ്രായമുള്ളവരില്‍ മാനസിക പ്രശ്‌നങ്ങള്‍ കുറയാന്‍ കാരണം അവര്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ചെലവഴിക്കാന്‍ സമയം ലഭിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നതുമാണെന്ന് വിലയിരുത്തപ്പെടുന്നു.

വരുമാനം മാനസികാരോഗ്യത്തെ ബാധിക്കുന്ന വലിയൊരു ഘടകമാണ്. 1200 പൗണ്ടിന് താഴെ പ്രതിമാസം വരുമാനം ലഭിക്കുന്നവരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 3700 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ ഇതിന്റെ നിരക്ക് കുറവാണെന്നും വ്യക്തമാണ്. തൊഴില്‍രഹിതരായവരില്‍ 85 ശതമാനവും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും പഠനം കണ്ടെത്തി.

RECENT POSTS
Copyright © . All rights reserved