Latest News

കൊച്ചി: നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ അറിയിക്കുമെന്ന് പോലീസ്. നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂ. അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുള്ളതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ പറയുന്നു. ഹര്‍ജി 13ന് കോടതി പരിഗണിക്കും. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം വഴിതിരിച്ചു വിടാനും ദിലീപിനെ സംരക്ഷിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്നും പോലീസ് പറയുന്നു.

കൊച്ചി: മലയാള സിനിമയില്‍ പുരുഷാധിപത്യമെന്ന് നടി ഭാവന. മലയാള മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ എല്ലാക്കാര്യങ്ങളിലും തനിക്കുണ്ടെന്നും ഭാവന പറഞ്ഞു. സിനിമകള്‍ തെരഞ്ഞെടുക്കാന്‍ നായകൻമ്മാർക്കുള്ളതുപോലെ നടിമാര്‍ക്ക് സ്വാതന്ത്ര്യമില്ല.  തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു, ഭാവന പറഞ്ഞു. താന്‍ ഒറ്റയ്ക്കല്ല സമൂഹം എന്റെ കൂടെ നിന്നപ്പോൾ മനഃശക്തി കരുത്തായെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം. വിമന്‍ കളക്ടീവ് പോലുള്ള സംഘടനകള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയില്‍ നായികയുടെ സ്ഥാനം രണ്ടാമതാണ്. ഒരു സിനിമ വിജയിച്ചതുകൊണ്ട് പ്രത്യേക വേതനം ഒന്നും കൂട്ടി കിട്ടിയിട്ടില്ല എന്നും ഭാവന കൂട്ടിച്ചേർത്തു. നായകന്‍മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാര്‍ക്കില്ലെന്നും ഭാവന പറഞ്ഞു.

പൃഥിരാജ് നല്ല സുഹൃത്താണ്. പൃഥിയോട് ബഹുമാനം മാത്രമാണെന്നും ഭാവന പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയതാണ്. അത് കല്യാണം കഴിഞ്ഞും തുടരും. എല്ലാറ്റിനും പ്രേക്ഷകരോട് നന്ദിയുണ്ട്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

[ot-video][/ot-video]

അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിൽ ആണ് കാഞ്ഞിരപ്പള്ളിയും അമൽ ജ്യോതി എൻജിനീനിയറിങ് കോളജും. കളിചിരികളുമായി പോയ വിദ്യാർഥി സംഘം അപകടത്തിൽപെട്ടതും രണ്ടുകുട്ടികൾ മരിച്ചതും ഒരുനാടിനെയാകെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ സാരമായി പരുക്കേറ്റ ഒരു വിദ്യാർഥിയൊഴികെ ബാക്കി ഒമ്പതുപേരും ആശുപത്രി വിട്ടു.

ഇന്നലെ വരെ തോളിൽ കയ്യിട്ട് ഒപ്പമുണ്ടായിരുന്നവർ ഇന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർഥികൾ. താങ്ങാനാവാത്ത ദുഖം ഉള്ളിലൊതുക്കി അധ്യാപകരും രക്ഷിതാക്കളും. അപകടവിവരം അറിഞ്ഞയുടൻ കോളജിലെത്തിയ രക്ഷിതാക്കൾ മരണവാർത്തയറിഞ്ഞതോടെ നിയന്ത്രണം വിട്ടു കരഞ്ഞു. കോളജിലെത്താൻ കഴിയാത്തവർ അധ്യാപകരെയും കാഞ്ഞിപ്പള്ളി രൂപതാധികൃതരെയും തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നു.

പഠനക്യാംപിനും വിനോദയാത്രയ്ക്കുമായി കോളജിലെ പല വകുപ്പുകളും ഒാണാവധിയായിരുന്നു തിരഞ്ഞെടുത്തത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് മൂന്നാം വർഷ ബാച്ചിലെ 74 വിദ്യാർഥികളാണ് രണ്ടു ബസുകളിലായി ചൊവ്വാഴ്ച ഇവിടെ നിന്നും തിരിച്ചത്. മരിച്ച ഐറിൻ ജോർജിന്റെ മൃതദേഹം സ്വദേശമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ സംസ്കരിക്കും. അപകടത്തൽ മരിച്ച രണ്ടാമത്തെ വിദ്യാർഥിനിയായ മെറിൻ സെബാസ്റ്റ്യന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സ്വദേശമായ മുണ്ടക്കയം മുപ്പത്തിനാലാം മൈലിലെ വ്യാകുലമാതാ പളളി സെമിത്തേരിയിൽ സംസ്കരിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുഖ്യ പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉപയോഗിച്ച മൊബൈല്‍ ഫോണിനെ സംബന്ധിച്ചു പൊലീസിനു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം.

ഈ ഫോണ്‍ നടന്‍ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചതായി സുനില്‍ മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവര്‍ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തല്‍.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായുള്ള മൊഴികള്‍ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയെന്നു പൊലീസ് ആരോപിക്കുന്ന നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത സുഹൃത്തായ നാദിര്‍ഷായും മറ്റു ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പങ്കാളിത്തമുള്ള പ്രതികളെ വിട്ടയയ്ക്കുമ്പോള്‍ കേസില്‍ അവശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഇതു നീരീക്ഷിക്കാന്‍ പൊലീസ് നടത്തിയ നീക്കം വിജയിച്ചതിന്റെ സൂചനയാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെന്നാണു പൊലീസ് നിലപാട്.

അതിലും കഷ്ടമാണ് കാവ്യയുടെ സ്ഥിതി ഭർത്താവിനെതിരേ മൊഴിനല്കുമോ? അറസ്റ്റ് വരിക്കുമോ? ഇതാണ്‌ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. സത്യം പറഞ്ഞ് കീഴടങ്ങിയാൽ ഭർത്താവ്‌ ദിലീപിനു 10 കൊല്ലം വരെ തടവ്‌ ഉറപ്പാകും. തെളിവുകൾക്കെതിരായി മൊഴി നല്കിയാൽ നിലവിലുള്ള തെളിവു വയ്ച്ച് കാവ്യയേ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റകൃത്യം നടത്തിയവരെ സഹായിച്ചതായുള്ള സംശയത്തിന്‍റെ പേരിലാണ് കാവ്യയ്ക്കെതിരായ നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്. തന്‍റെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ തുറന്നുപറച്ചിലും കാവ്യയ്ക്കെതിരായ നീക്കത്തിന് ആക്കം കൂട്ടും. കാവ്യക്കെതിരായ മൊഴി ഇനിയും പൾസർ മാറ്റി പറഞ്ഞിട്ടില്ല. നാദിര്‍ഷ, കാവ്യ, അപ്പുണ്ണി എന്നിവരുടെ കാര്യത്തില്‍ നടപടിയെടുത്ത ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡി ജി പി പൊലീസ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചികില്‍സ തേടി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. മകനെ കളളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച് ദിലീപിന്റെ അമ്മ നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ന്യൂഡല്‍ഹി: ബീഫില്‍ വീണ്ടും മലക്കംമറിഞ്ഞ് കണ്ണന്താനം. ബീഫ് കഴിക്കുന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും താന്‍ ബീഫ് കഴിക്കാറില്ലെന്നും കണ്ണന്താനം പറഞ്ഞു. എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഓരോ സംസ്ഥാനത്തിലെ ആളുകള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാമെന്നും കണ്ണന്താനം പറഞ്ഞു.

വിദേശികള്‍ വരുന്നത് ബീഫ് കഴിക്കാനല്ല, ഇന്ത്യ കാണാനാണ് എന്നാണ് താന്‍ പറഞ്ഞത്. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വരുന്നതായിരിക്കും ഉചിതമെന്നായിരുന്നു കണ്ണന്താനം ഇന്നലെ പറഞ്ഞത്. എന്തു കഴിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും കേരളത്തില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും പറഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു കണ്ണന്താനം അഭിപ്രായം മാറ്റിയത്.

മലയാളികള്‍ ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞത്. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ഞങ്ങള്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് കണ്ണന്താനം പറഞ്ഞിരുന്നു.

ഗജിനി എന്ന സിനിമയില്‍ വേഷം മാറി കാമുകിക്കൊപ്പം തട്ടുകടയില്‍ നിന്ന് ചായക്കോപ്പയില്‍ ചായ ഊതിക്കുടിക്കുന്ന സൂര്യയെ കണ്ടിട്ടില്ലേ. ഇതാ അതിനെക്കാള്‍ ത്രില്ലടിപ്പിക്കും ധ്രുവ് എന്ന ഈ പതിനെട്ടുകാരനായ കോടീശ്വര പുത്രന്റെ കഥ. തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് എന്ന റെസ്റ്റോറന്റില്‍ ക്ലീനിങ് ബോയിയായി ജോലി നല്‍കുമോ എന്നു ചോദിച്ച് ഒരു പയ്യന്‍ എത്തിയിരുന്നു. എന്നാല്‍ പയ്യനെ ഓരോന്നും പറഞ്ഞ് ഒഴിവാക്കി വിട്ടപ്പോള്‍ മറ്റൊരാളെ കൊണ്ട് ശുപാര്‍ശ ചെയ്യിച്ച് അവന്‍ പാത്രം കഴുകാനും സെര്‍വ് ചെയ്യാനുമൊക്ക കയറിക്കൂടി. തുച്ഛമായ ശമ്പളമൊന്നും പ്രശ്‌നമല്ലാതിരുന്ന അവന്‍ വളരെ ഭംഗിയായി തന്നെ ജോലി ചെയ്തു. ഹിന്ദിക്കാരെ പൊതുവെ ബംഗാളി എന്നു പേരിട്ട് വിളിക്കുന്ന മലയാളികള്‍ ജോലിക്കാരന്റെ ആത്മാര്‍ത്ഥതയെ പ്രശംസിച്ചു. കൂടെ ജോലി ചെയ്തവര്‍ക്കും അവന്‍ പ്രിയങ്കരനായി.

രണ്ടാഴ്ചയ്ക്ക് ശേഷം നാട്ടിലേക്ക് ലീവ് എടുത്ത് പോയതാണ് ഹിന്ദിക്കാരന്‍ പയ്യന്‍ എന്നു വിചാരിച്ചിരുന്ന കടയുടമയുടെ മുന്നിലേക്ക് കഴിഞ്ഞ ദിവസം കേരളത്തിലെ വലിയ സ്വര്‍ണ്ണവ്യാപാരികളുടെ മൂന്ന് ആഡംബര കാറുകളെത്തി. ധ്രുവും സംഘവും സിനിമാ സ്‌റ്റൈലില്‍ റസ്റ്റോറന്റിനുള്ളിലേക്ക് കയറി. കടയുടമയും ജോലിക്കാരും കണ്ണുനട്ടു നിന്നു. ഒടുവില്‍ ട്വിസ്റ്റ്. ഗുജറാത്ത് സൂറത്തിലെ കോടീശ്വരനായ രത്‌നവ്യാപാരിയുടെ മകനാണ് ധ്രുവ്. പേഴ്‌സണല്‍ മാനേജറും ബന്ധുക്കളുമടങ്ങുന്ന സംഘം ലക്ഷങ്ങളുടെ സമ്മാനവുമായാണ് എത്തിയത്. വജ്രവും വിലകൂടിയ വാച്ചുകളും പേനകളും കൂടാതെ പണവും ഇവര്‍ ജീവനക്കാര്‍ക്ക് കൈമാറി. ഗജിനി സിനിമയില്‍ കണ്ട കാഴ്ച കണ്‍മുന്നില്‍ സംഭവിച്ചതിന്റെ അത്ഭുതത്തിലായിരുന്നു തങ്ങളെന്ന് അല്‍ അമീന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രത്‌നവ്യാപാരികളുടെ കുടുംബത്തിന്റെ ഭാഗമാണ് ധ്രുവ്. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര്‍ നല്‍കിയ അസൈന്‍മെന്റായിരുന്നു ഈ റെസ്റ്റോറന്റ് ജീവിതം. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മുമ്പൊരിക്കല്‍ കൊച്ചിയിലെ ഒരു ഹോട്ടലിലും ഇതേരീതിയില്‍ ധ്രുവ് ജോലി ചെയ്തത് വാര്‍ത്തയായിരുന്നു.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആത്മഹത്യയുടെ കണക്കില്‍ കേരളത്തിന് എട്ടാം സ്ഥാനം. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരായ പുരുഷന്മാരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കര്‍ഷക ആത്മഹത്യകളേക്കാള്‍ കൂടുതല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകളാണു നടക്കുന്നതെന്നു ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നതായി തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.എന്‍.സുരേഷ് കുമാര്‍ പറഞ്ഞു. 2015ലെ കേരളത്തിലെ ആത്മഹത്യാ നിരക്ക് ലക്ഷത്തില്‍ 21.2 % ആയിരുന്നു. അതായത് 7692 പേര്‍ ആത്മഹത്യ ചെയ്തു. കേരളത്തിലെ ആത്മഹത്യകളില്‍ 24.1 ശതമാനം മാനസിക, ശാരീരക രോഗങ്ങള്‍ കാരണവും 36.5 ശതമാനം കുടുംബ പ്രശ്‌നങ്ങള്‍ മൂലവുമാണെന്നു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 10 വര്‍ഷമായി കുടുംബ ആത്മഹത്യയുടെ കാര്യത്തിലും സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ട്. പുരുഷന്മാരുടെ ഇടയില്‍ നടക്കുന്ന ആത്മഹത്യകളില്‍ 50 ശതമാനവും 15 വയസിനും 45നും ഇടയിലാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷം കേരളം ആത്മഹത്യ നിരക്കില്‍ പിറകോട്ടു പോയതായി ‘തണല്‍’ ആത്മഹത്യ പ്രതിരോധ കേന്ദ്രം വിശദീകരിക്കുന്നുണ്ട്.

രണ്ടു വര്‍ഷം മുമ്പുവരെ രാജ്യത്ത് ആത്മഹത്യ നിരക്കില്‍ കേരളമായിരുന്നു മുന്നില്‍. 2013ല്‍ 24.3 ശതമാനമായിരുന്നു കേരളത്തിലെ ആത്മഹത്യ നിരക്കെങ്കില്‍ 2014, 15 വര്‍ഷങ്ങളില്‍ ഇത് 21.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി കുടുംബ ആത്മഹത്യയിലും കേരളത്തില്‍ ഗണ്യമായ കുറവുണ്ടായി. 50 ശതമാനം ആത്മഹത്യകളും 15 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഭാരവാഹികള്‍ വിശദീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെക്കാള്‍ (33 ശതമാനം) തൂങ്ങിമരണങ്ങള്‍ (57 ശതമാനം) കൂടിയതായും ഭാരവാഹികള്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ഇനി മുതല്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യം ലഭിക്കും. സര്‍ക്കാര്‍ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരവിറങ്ങി. ആദ്യ ലൗഞ്ച് ബാര്‍ തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ തുടങ്ങാനുള്ള അപേക്ഷ എക്‌സൈസ് വകുപ്പിനു ലഭിച്ചു. ആഭ്യന്തര ടെര്‍മിനലുകളില്‍ ഫോറിന്‍ ലിക്വര്‍ 7 എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് ലൗഞ്ച് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ തുടങ്ങുക. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയോടൊപ്പം അപേക്ഷ സമര്‍പ്പിച്ചാല്‍ എക്‌സൈസ് കമ്മിഷണര്‍ അനുമതി നല്‍കും. എക്‌സൈസ് വകുപ്പിനു നല്‍കേണ്ട വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.

ഇതുവരെ വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെര്‍മിനലുകളില്‍ മാത്രമേ വിദേശ മദ്യവില്‍പന കേന്ദ്രങ്ങളും ലൗഞ്ച് ബാറുകളും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. നേരത്തെ കൊട്ടാരക്കരയിലെ ബാര്‍ ഉടമ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശ മദ്യവില്‍പന അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ സൗകര്യം ന്യൂഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളില്‍ ഉണ്ടെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അബ്കാരി നയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അനുവദിക്കാനാകില്ലെന്ന് എക്‌സൈസ് വകുപ്പ് നിലപാടെടുത്തു. അതിനിടെയാണ് ഇടതുസര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. മദ്യനയത്തില്‍ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം ഉള്‍പ്പെടുത്തി.

ഭുവനേശ്വര്‍: ബീഫ് കഴിക്കണമെന്നുള്ള വിദേശികള്‍  സ്വന്തം രാജ്യത്തിരുന്ന് കഴിച്ചിട്ട്  ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫിന്റെ കാര്യത്തില്‍ കേരളത്തിലുള്ളവര്‍ ബീഫ് കഴിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ ഒഡീഷയില്‍ നടന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷന്റെ 33 ാമത് വാര്‍ഷികത്തില്‍ സംസാരിക്കുമ്പോഴായായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം മലക്കം മറിഞ്ഞത്.

കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ ഭാഗമായി അധികാരമേറ്റതിന് തൊട്ടു പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ ജനങ്ങള്‍ ബീഫ് തിന്നുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ പോലെ തന്നെ ഇറച്ചി തിന്നുന്നവര്‍ തിന്നട്ടെയെന്ന  ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ പ്രസ്താവനയെ ഊന്നി പറയുകയും ചെയ്തിരുന്നു.

ഇതിന് തൊട്ടു പിന്നാലെയാണ് വിദേശികള്‍ അവരവരുടെ രാജ്യത്തിരുന്ന ഇറച്ചി കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധ നിരോധനം ഇന്ത്യയുടെ ആതിഥേയ ഭാഗധേയത്വത്തെ കാര്യമായി ബാധിക്കില്ലേ എന്നായിരുന്നു കണ്ണന്താനം നേരിട്ട ചോദ്യം.

മറുപടിക്ക് പിന്നാലെ നേരത്തേ കേരളത്തില്‍ നടത്തിയ ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊരു കെട്ടുകഥയാണെന്നും അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ താന്‍ ഭക്ഷ്യമന്ത്രി അല്ലെന്നുമായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി. ഇന്ത്യയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിനായി പുതിയ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുമെന്നും ഒരു മാസത്തിനുള്ളില്‍ നടപടികള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ്‌ കോളജില്‍ നിന്നു കര്‍ണാടകത്തില്‍ വിനോദയാത്രയ്‌ക്കു പോയ ബസ്‌ മറിഞ്ഞു രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. പന്ത്രണ്ടു പേരുടെ നില ഗുരുതരം. ഇലക്‌ട്രോണിക്‌സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ വയനാട്‌ സുല്‍ത്താന്‍ ബത്തേരി പാലിയത്ത്‌ മുകളേല്‍ പി.സി. ജോര്‍ജിന്റെ മകള്‍ ഐറിന്‍ മരിയ ജോര്‍ജ്‌, മുണ്ടക്കയം ഏന്തയാര്‍ വളയത്തില്‍ ദേവസ്യയുടെ മകള്‍ മെറിന്‍ സെബാസ്‌റ്റ്യന്‍ എന്നിവരാണു മരിച്ചത്‌. ഇന്നലെ രാത്രി ഒന്‍പതിനു കര്‍ണാടകത്തിലെ ചിക്‌മംഗളൂര്‍ മാഗഡി അണക്കെട്ടിനു സമീപത്താണ്‌ അപകടം നന്നത്‌.

സ്‌ഥലത്തു മഴയും മറ്റും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു ബസ്‌ റോഡില്‍ നിന്നു തെന്നിമാറി ഉയര്‍ന്ന പ്രദേശത്തു നിന്നു താഴേയ്‌ക്കു പതിയ്‌ക്കുകയായിരുന്നു. മൂന്നു തവണ മലക്കം മറിഞ്ഞാണു ബസ്‌ താഴേയ്‌ക്കു പതിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ചയാണു അമല്‍ ജ്യോതി എന്‍ജിനീയറിങ്‌ കോളജിലെ മൂന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ വിനോദ യാത്രയ്‌ക്കു പോയത്‌. മൈസുര്‍, കുടക്‌, ബംഗളൂര്‍, എന്നിടം സന്ദര്‍ശിച്ച ശേഷമാണു ബസ്‌ ചിക്‌മംഗളൂരിലെത്തിയത്‌..ഞായറാഴ്‌ച മടങ്ങിയെത്താനിരിക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌.
ഇലക്‌ട്രോണിക്‌സ്‌ വിഭാഗം ബി ബാച്ചിലെ 36 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. രണ്ടു ബസുകളിലായി എഴുപതു പേരടങ്ങുന്ന സംഘമാണു വിനോദയാത്രയ്‌ക്കു പോയത്‌. അപകടം നടന്ന ഉടനെ നാട്ടുകാരും പിന്നാലെ എത്തിയ ബസിലെ യാത്രക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ന്നം നടത്തി. പരുക്കേറ്റവരെ ഹാസനിലും ചിക്‌മംഗ്‌ളുരുവിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.. അപകടത്തെ തുടര്‍ന്ന്‌ മറിഞ്ഞു കിടന്ന ബസ്‌ ജെ.സി.ബി ഉപയോഗിച്ച്‌ ഉയര്‍ത്തി മാറ്റിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. പരുക്കേറ്റവരില്‍ പന്ത്രണ്ടു പേരുടെ നില നില ഗുരുതരമായി തുടരുകയാണ്‌. അതേസമയം അപകടവിവരമറിഞ്ഞ്‌ കോളജ്‌ അധികൃതരും വിദ്യാര്‍ഥികളുടെ ബന്ധുക്കളും ചിക്‌മംഗ്ലുരിലേയ്‌ക്കു പുറപ്പെട്ടിട്ടുണ്ട്‌.

Copyright © . All rights reserved