Latest News

റിയാദ്: ഐസിസിനെതിരെ പോരാടാന്‍ സിറിയയിലേക്ക് കരസേനയെ അയക്കാമെന്ന വാഗ്ദാനവുമായി സൗദി അറേബ്യ. സൗദിയില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു വാഗ്ദാനം. ഐസിസിനെതിരെയുളള ഏതൊരു കരസൈനിക നീക്കത്തിനും സഖ്യവുമായി സഹകരിക്കാമെന്നും സൗദി അറിയിച്ചിട്ടുണ്ട്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസിരി അറേബ്യ ടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. തുര്‍ക്കിയുമായി സഹകരിച്ച് പ്രത്യേക സേനയെ വിന്യസിക്കാന്‍ കഴിയുമെന്നും സൗദി പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. സൈനിക സമ്മര്‍ദ്ദമില്ലാതെ സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന നിലപാടും സൗദി പങ്ക് വയ്ക്കുന്നു. സൗദിയും തുര്‍ക്കിയും തമ്മില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഒരു സൈനിക സഖ്യം രൂപീകരിച്ചിരുന്നു. ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ സഖ്യമാകുന്ന ആദ്യ അറബ് രാജ്യമാണ് സൗദി. 2014 സെപ്റ്റംബറിലാണ് സൗദി സഖ്യത്തില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്നാണ് വ്യോമാക്രമണം രൂക്ഷമായത്. എന്നാല്‍ പിന്നീട് മാര്‍ച്ചില്‍ യെമനില്‍ സൈനിക ഇടപെടലുകള്‍ തുടങ്ങിയതോടെ സഖ്യവുമായുളള ബന്ധം കുറഞ്ഞു. ഇപ്പോഴുളള സഖ്യ പ്രഖ്യാപനം ഔദ്യോഗികം മാത്രമാണെന്ന വിലയിരുത്തലുമുണ്ട്.

തീവ്രവാദത്തെ തുരത്താനുളള തങ്ങളുടെ ഉദ്ദേശ്യം സൗദി വ്യക്തമാക്കുന്നുണ്ടെങ്കിലും തങ്ങളുടെ ശത്രുവായ ഇറാനുമായുളള ആണവ ഇടപാടുകളെ തുടര്‍ന്ന് അമേരിക്കയുമായി സൗദി അത്ര നല്ല ബന്ധത്തില്ല. അടുത്തിടെയായി സൗദിയെയും ഐസിസ് ലക്ഷ്യമിടുന്നുണ്ട്. പലപ്പോഴും തീവ്രവാദത്തെ വളര്‍ത്തിയത് സൗദിയാണെന്ന ആരോപണത്തിനിടെയാണ് ഇത്. യെമനിലെ യുദ്ധത്തില്‍ ഹൂതി വിമതര്‍ക്കെതിരെ നടത്താനായ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലും തങ്ങള്‍ക്ക് സ്വതന്ത്രമായി സൈനിക വിന്യാസം നടത്താനാകുമെന്നാണ് അസീരി പറയുന്നത്. ഇതേക്കുറിച്ചുളള തീരുമാനം അടുത്താഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ തീരുമാനിക്കും.

നിലവില്‍ ഐസിസിനെതിരെ നടക്കുന്ന പോരാട്ടം ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സൗദി നിരീക്ഷകനായ മുഹമ്മദ് അല്‍യാഹ്യ പറഞ്ഞു. സിറിയയില്‍ ഇപ്പോഴുളള ശക്തികള്‍ക്കൊന്നും യഥാര്‍ത്ഥത്തില്‍ ഐസിസിനെ തോല്‍പ്പിക്കണമെന്ന ആഗ്രഹമില്ല. ഇറാനും റഷ്യയ്ക്കും ഹിസ്ബുളളയ്ക്കും മറ്റും അസദിന്റെ എതിരാളികളെ തോല്‍പ്പിക്കണമെന്നതാണ് ലക്ഷ്യം. അസദിനെ അധികാരത്തില്‍ നിലനിര്‍ത്തണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടി എത്ര സിറിയന്‍ നിരപരാധികളുടെ ജീവനുകളും ഹോമിക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. അഴിമതി സര്‍ക്കരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണ്ണറെ കണ്ട് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സഭയിലെത്തിയ ഗവര്‍ണ്ണര്‍ പി. സദാശിവം ഭരണഘടനാപരമായ കടമ നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കണമെന്നും ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞതിനാല്‍ നിശബ്ദമായിരിക്കണമെന്നും അല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്തു പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിഷേധമുണ്ടായാലും നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചതോടെ മുദ്രാവാക്യം വിളികളുമായി സഭ വിട്ട പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചു.
അഴിമതി മന്ത്രിമാര്‍ക്ക് വേണ്ടി നയപ്രഖ്യാനം നടത്തരുതെന്ന് ആവശ്യപ്പെട്ടതായി സഭയ്ക്ക് പുറത്തു ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കുള്ള ബഹുമാനം നല്‍കിക്കൊണ്ടാണ് പുറത്തിറങ്ങിയത്. ഗവര്‍ണറോടല്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അഴിമതി മന്ത്രിമാര്‍ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അഴിമതിക്കാരുടെ ചാംപ്യന്‍മാരാണ് മന്ത്രിസഭയിലുള്ളത്. അഴിമതിവീരന്‍മാരായ കെ.ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരെയും വച്ച് സഭ മുന്നോട്ടു പോകാന്‍ സാധിക്കില്ല. പ്രതിഷേധം കേരളമാകെ പ്രചരിപ്പിക്കാന്‍ ജനങ്ങളെ ആകെ അണിനിരത്തി പോവുമെന്നും വിഎസ് പറഞ്ഞു. പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ വിഎസ് മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും ചെയ്തു.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ രാവിലെ സഭയിലെത്തിയത്. ഗവര്‍ണര്‍ നടുത്തളത്തിലൂടെ കടന്നുവന്നപ്പോള്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന പ്രതിപക്ഷം ഡയസിലെത്തിയതോടെ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇത് അവഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ തുടങ്ങിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. തുടര്‍ന്നാണ് പ്രതിപക്ഷത്തോട് നിശബ്ദമായി ഇരിക്കുകയോ സഭയില്‍ നിന്ന് പുറത്തു പോവുകയോ ചെയ്യാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

നയപ്രഖ്യാപനത്തിനുപുറമെ ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കുകയുമാണ് അവസാന സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കും. 29 വര്‍ഷത്തിനുശേഷമാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987ല്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു.

ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന സിക വൈറസിനു വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനമാണ് വാക്‌സിന്‍ കണ്ടു പിടിച്ചതായി അവകാശപ്പെട്ട് രംഗത്തുവന്നത്. സിക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചത്. സിക വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍, പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കയില്‍ സിക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊതുകുകളിലൂടെ പകരുന്ന സിക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന ഇത് ഏറ്റവുമധികം ദുരിതം വിതച്ചതു ബ്രസീലിലാണ്. 3,700 കേസുകളാണു രാജ്യത്തുനിന്നു ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ചാല്‍ കുട്ടികളുടെ തലച്ചോര്‍ ചുരുങ്ങുന്നതിനിടയാക്കും.

ചെറിയ തലകളുമായി ബ്രസീലില്‍ ധാരാളം കുട്ടികള്‍ ജനിച്ചതിനു പിന്നില്‍ സിക്ക വൈറസ് ആണെന്നാണു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഈഡിസ് ഈജിപ്തി എന്നയിനം കൊതുക് പരത്തുന്നതാണ് വൈറസ്. ഇന്ത്യയില്‍ ഇതേവരെ സിക്ക റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 1947ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. വൈറസിന് ഈ പേരു നല്‍കിയത് അതുമൂലമാണ്. സിക്ക വൈറസ് കുട്ടികളില്‍ ജനനവൈകല്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

നാഡീവ്യൂഹത്തിനു കേടുവരുത്തി മസിലുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം വരാനും ഈ വൈറസ് കാരണമാകും. താത്കാലികമായി ശരീരം തളരുന്ന രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം.

ബീജിംഗ്; സിനിമയില്‍ എസ്‌കലേറ്റിന്റെ് വാതില്‍ ചവിട്ടി പൊളിക്കുന്നതും കാര്‍ തകര്‍ക്കുന്നതൊക്കെയുള്ള രംഗങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇത്തരമൊരു സംഭവം യഥാര്‍ഥത്തില്‍ നടന്നാല്‍ എങ്ങനെയിരിക്കും. എന്നാല്‍ കേട്ടോളു ചൈനയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഇതിന് സമാനമായ സംഭവം നടന്നിട്ടുണ്ട്.
എസ്‌കലേറ്ററിന്റെ വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കയറാന്‍ ശ്രമിച്ച യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. എസ്‌കലേറ്റര്‍ വരുന്നത് കാത്തു നില്‍ക്കാതെ ഇയാള്‍ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു.വാതില്‍ തുറന്നശേഷം ഇയാള്‍ തിരിച്ചു നടക്കുന്നുണ്ട്. മറ്റൊരാളെ കണ്ടതോടെ എസ്‌കലേറ്ററിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌കലേറ്ററിന്റെ താഴ്ചയിലേക്ക് വീണു. വീഴ്ചയില്‍ ഇയാളുടെ രണ്ടു കാലുകളും ഒടിഞ്ഞു.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വാഷിംഗ്ടണ്‍: മുസ്ലീം സമൂഹത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. ചില ആളുകളുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഴുവന്‍ മുസ്ലീങ്ങളെയും ഒറ്റപ്പെടുത്തരുതെന്നാണ് ഒബാമ പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ഒബാമ എത്തിയത്.
യുഎസിലേക്ക് മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞാണ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നത്. യുഎസിലെ മസ്ജിദുകള്‍ അടച്ചുപൂട്ടണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. മുസ്ലീങ്ങളെ യുഎസില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് ഒബാമ പറഞ്ഞത്.

ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ മതവിശ്വാസത്തിനും എതിരായ ആക്രമണമാണെന്നാണ് ഒബാമ അഭിപ്രായപ്പെട്ടത്. മുസ്ലീങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. തീവ്രവാദങ്ങള്‍ക്കെതിരെ എല്ലാവരും ഒരുമിച്ചു നിന്ന് പോരാടണമെന്നും ഒബാമ പറയുകയുണ്ടായി. യുഎസിലെ മുസ്ലീം പള്ളി സന്ദര്‍ശിച്ചതിനുശേഷമാണ് ഒബാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസംഗത്തിനിടെ അമേരിക്കയിലെ മുസ്ലീങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഷാര്‍ജ: സൂപ്പര്‍മാര്‍ക്കറ്റ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്ക് വധശിക്ഷ. പാനൂര്‍ കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ സ്വദേശിയും പരേതനായ പക്രു ഹാജിയുടെ മകനുമായ അബൂബക്ക(51)റെ കൊലപ്പെടുത്തി കയ്യിലുണ്ടായിരുന്ന ഒന്നര ലക്ഷം ദിര്‍ഹം(ഏകദേശം 22.18 ലക്ഷം രൂപ) കവര്‍ന്ന കേസിലാണ് മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പത്ത് സുഹ്‌റ മന്‍സിലില്‍ അബ്ദുള്‍ ബാസിതി(24)ന് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചത്.
ഷാര്‍ജ വ്യവസായ മേഖലയിലെ അസര്‍ അല്‍ മദീന ട്രേഡിംഗ് സൂപ്പര്‍മാര്‍ക്കറ്റ് മാനേജറായ അബൂബക്കറിനെ 2013 സപ്തംബര്‍ അഞ്ചിനാണ് താമസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചത്തെ അവധിയായതിനാല്‍ അബൂബക്കറിനെ രണ്ട് സുരക്ഷാ ജീവനക്കാര്‍ മുറിയിലാക്കി മടങ്ങുകയായിരുന്നു. പിന്നീട് പതിനഞ്ച് മിനിറ്റിനുള്ളില്‍ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ അബൂബക്കര്‍ കുത്തേറ്റ് മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.

പണം സൂക്ഷിക്കുന്ന സ്ഥലം കൂടിയായതിനാല്‍ അടുത്ത പരിചയക്കാരല്ലാതെ ആരു വന്നാലും അബൂബക്കര്‍ മുറി തുറക്കാറില്ലായിരുന്നു. അടുത്ത ബന്ധമുണ്ടായിരുന്ന ആരെങ്കിലുമാകാം കൊലയ്ക്കു പിന്നിലെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാസിത് കുടുങ്ങിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ നഷ്ടപ്പെട്ട പണം ബാസിതിന്റെ മുറിയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ബാസിത്ത് അവിവാഹിതനാണ്.

അബൂബക്കര്‍ മുന്‍കൈയെടുത്താണ് ബാസിത്തിന് സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി തരപ്പെടുത്തിയിരുന്നത് രാത്രി താമസസ്ഥലത്ത് പണവുമായി എത്തിയ അബൂബക്കറിനെ ഇരുമ്പുദണ്ഡുകൊണ്ടടിച്ച് കൊലപ്പെടുത്തി പണം അപഹരിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയ പോലീസ് മുറിയില്‍നിന്ന് തൊണ്ടിമുതലും കണ്ടെടുത്തിരുന്നു.

ദുബായ്: വഴിയില്‍ പരിചയപ്പെട്ട പ്രവാസി യുവാവിന് നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്ത് യുവതി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി കേസ്. 29 കാരിയായ എമിറേറ്റി യുവതിയും 28 കാരനായ കൊമോറസ് ദ്വീപ് നിവാസിയുമാണ് കേസില്‍പ്പെട്ടത്. ഇരുവരും അവിവാഹിതരായിരിക്കേ രഹസ്യബന്ധം പുലര്‍ത്തിയതിനും കേസെടുത്തിട്ടുണ്ട്.
ദുബായില്‍ നടന്ന സംഭവത്തില്‍ മക്കളെ സ്‌കൂളിലാക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതി കീക്ക് എന്ന സോഷ്യല്‍ മീഡിയ ആപ് വഴി യുവാവിന് നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ബന്ധം വളര്‍ന്നതോടെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് യുവതി വഴങ്ങാതിരുന്നതോടെ ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ യുവതി തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.

താന്‍ നിരപരാധിയാണെന്നും യുവാവ് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നുമാണ് യുവതിയുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ യുവാവ് ഹാജരാക്കിതോടെ യുവതിയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഈ മാസം അവസാനം ഇരുവര്‍ക്കും എതിരെയുള്ള കുറ്റങ്ങളില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കും.

ന്യൂഡല്‍ഹി: പബ്ലിക് സര്‍വീസ് കമ്മിഷനെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് 2011ലെ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. പി.എസ്.സിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഉത്തരക്കടലാസ് ഉള്‍പ്പെടെ എല്ലാ രേഖകളും വിവരാവകാശത്തിന്റെ പരിധിയില്‍ വരും. അതേസമയം, ഉത്തരകടലാസ് പരിശോധകരുടെ വിവരം പുറത്തുവിടരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് എം.വൈ ഇക്ബാല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പി.എസ്.സി ഭരണഘടനാ സ്ഥാപനമാണെന്നും അതിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് കൊണ്ടുവരുന്നത് രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പി.എസ്.സിയുടെ വാദം കോടതി തള്ളി. നിയമം ബാധകമാക്കിയാല്‍ ജോലി ഭാരവും സാമ്പത്തിക ചെലവും കൂടുമെന്ന വാദം കോടതി അംഗീകരിച്ചില്ല. സുരക്ഷാഭീഷണിയുള്ളതിനാല്‍ ഉത്തരക്കടലാണ് പരിശോധകരുടെ വിവരം പുറത്തുവിടരുതെന്ന പി.എസ്.സിയുടെ വാദം മാത്രമാണ് കോടതി അംഗീകരിച്ചത്.

പി.എസ്.സി നിര്‍ബന്ധമായും വിവരാവകാശ നിയമത്തിന്റെ വരണം. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സംശയത്തിന് അതീതമായി പ്രവര്‍ത്തിക്കണം. വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി നടപടിക്രമങ്ങളിലെ വിശ്വസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
നടപടിക്രമം പാലിച്ച് മൂന്നാമതൊരു കക്ഷിയുടെ വിവരം നല്‍കാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

എക്കാലത്തും തമിഴ് സിനിമാലോകത്തെ പ്രണയകഥകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ചിമ്പു. നയന്‍താരയും ഹന്‍സികയുമെല്ലാം ചിമ്പുവിന്റെ പ്രണയകഥകളിലെ നായികമാരായി. നയന്‍സുമൊത്തുള്ള ചിമ്പുവിന്റെ ചുംബന വീഡിയോ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്പുവിന്റെ പ്രണയിനിയായി ഇപ്പോഴെത്തിയിരിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ്. ഇവര്‍ അടിക്കടി കാണുന്നതും വിവിധ പരിപാടികള്‍ക്ക് ഒന്നിച്ചെത്തുന്നതുമെല്ലാം കോടമ്പാക്കം പാപ്പരാസികളുടെ കണ്ണിലുടക്കിയിട്ടുണ്ട്.
തന്റെ പിറന്നാളിന്റെ തലേദിവസം ശ്രുതി ട്വീറ്റ് ചെയ്ത പോസ്റ്റ് കൂടിയതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. ‘താന്‍ ഒരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും തന്റെ കുറവുകള്‍ അംഗീകരിച്ച് സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തിയെന്നുമായിരുന്നു ആ ട്വീറ്റ്. എന്നാല്‍ ഊഹാപോഹങ്ങള്‍ ആരാധകര്‍ കൊഴുപ്പിച്ചതോടെ ശ്രുതി ഹാസന്‍ ട്വീറ്റ് പിന്‍വലിച്ചു. ഇരുവരേയും കുറിച്ചുള്ള പുതിയ ഗോസിപ്പിനെ കുറിച്ചു ആരെങ്കിലും ഒരാളുടെ പ്രതികരണം വരുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

ഒരുകാലത്ത് നായന്‍താരയുടേയും ഹാന്‍സികയുടേയും കാമുകനായിരുന്ന ചിമ്പു നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ കമുകി നയന്‍താരയുമായി വീണ്ടും അടുക്കുന്നു എന്നും ചില റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇരുവരും വീണ്ടും ഒന്നിച്ചഭിനയിയ്ക്കുന്ന ഇതു നമ്മ ആള്‍ എന്ന തമിഴ് സിനിമയുടെ സെറ്റില്‍ നിന്നും ആയിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇരുവരും ഇത് നിഷേധിച്ചിരുന്നു. നയന്‍താര യുവ സംവിധായകനായ വിഘ്‌നേഷുമായി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിഞ്ഞെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നയപ്രഖ്യാപനം നടത്തരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. അഴിമതി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചത്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. പ്രതിപക്ഷത്തിന് ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
മന്ത്രിസഭയിലെ എല്ലാവരും അഴിമതി ആരോപണം നേരിടുന്നവരാണെന്നും സര്‍ക്കാരിന്റെ ഹീനമായ മുഖം ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും വിഎസ് പറഞ്ഞു. അഴിമതികളുടെ അയ്യരുകളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. നയപ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ നേരിടുന്ന ഗുരുതരാവസ്ഥ ബോധ്യപ്പെടണം. കെഎം മാണി ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും ഗവര്‍ണറെ അറിയിച്ചതായി വിഎസ് കൂട്ടിച്ചേര്‍ത്തു.

മറ്റന്നാളാണ് നിയസഭാ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ബാര്‍ കോഴ ആരോപണത്തേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവതരണം പ്രതിപക്ഷം തടയാന്‍ ശ്രമിച്ചത് സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സരിതാ നായര്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരേ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ത്തുമെന്ന കാര്ം ഉറപ്പാണ്. ധനമന്ത്രി സ്ഥാനത്ത് ആളില്ലാത്തതിനാല്‍ മുഖ്യമന്ത്രിയായിരിക്കും ബജറ്റ് അവതരിപ്പിക്കുക.

RECENT POSTS
Copyright © . All rights reserved