ആലുവ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം മമ്പാട് പരതമ്മല്‍ അറപ്പച്ചാലിക്കുഴിയില്‍ അനീഷി(26)നെയാണ് നെടുമ്പാശേരി എമിഗ്രേഷന്‍ അധികൃതര്‍ ഇന്നലെ പിടികൂടിയത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്.
ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡറായിരുന്നു പിടിയിലായ അനീഷ്. അടുത്തിടെ അന്തരിച്ച യുവ ഡോക്ടര്‍ ഷാനവാസായിരുന്നു ഈ സംഘടനയുടെ സ്ഥാപകന്‍. അദ്ദേഹം നടത്തിയിരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായി അടുക്കുന്നത്.
എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎ കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു. തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു.
ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് ഇത്തരത്തില്‍ മറ്റു യുവതികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ പിന്നീട് ഗുരുവായൂര്‍ പോലീസിന് വിട്ടുകൊടുത്തു. സിഐയുടെ നേതൃത്വത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞതുകൊണ്ടാണ് അതിന് നേതൃത്വം നല്‍കുന്ന അനീഷുമായി കൂടുതല്‍ അടുത്തതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും ഇനിയൊരു പെണ്‍കുട്ടിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെടാന്‍ ഇടയാവരുതെന്നും യുവതി പറഞ്ഞു. അനീഷിന്റെ ബന്ധുക്കള്‍ യുവതി പരാതി നല്‍കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവതി അത് നിരസിക്കുകയായിരുന്നു
തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും ശിക്ഷ വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി 80 ലക്ഷത്തി 30,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദ്ദേശിച്ചു. ഏഴു കുറ്റങ്ങളും സംശയാധീതമായി തെളിഞ്ഞതിനാലാണ്. കൂടാതെ കള്ളസാക്ഷി പറഞ്ഞതിന് നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുക്കാനും കോടതി വിധിച്ചു.
കൊലപാതകമടക്കം നിഷാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞതായും, കൊലപാതകം മുന്‍വൈരാഗ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചുമാണ് വ്യവസായിയായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്. കുറ്റക്കാരനെന്ന് കണ്ടത്തെിയ നിഷാമിന് എന്തുശിക്ഷ നല്‍കണം എന്നതു സംബന്ധിച്ച് നടന്ന വാദത്തില്‍ വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
നിഷാം സമൂഹത്തിന് ഭീഷണിയാണെന്നും, നിരായുധനായ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രബോസിനെ ആശുപത്രിയിലത്തെിക്കാന്‍ പൊലീസ് വരേണ്ടി വന്നുവെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്നും അഞ്ച് കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍വാദം. എന്നാല്‍ യാദൃശ്ചികമായുണ്ടായ അപകടമാണു മരണ കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിധിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പൊലീസ് വിചാരണ കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മസ്‌കറ്റ്: പ്രവാസി തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയായി ഒമാനില്‍ രണ്ടുവര്‍ഷത്തെ വിസാനിരോധനം കര്‍ശനമാക്കുന്നു ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാനിരോധനം ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. പഴയ സ്‌പോണ്‍സറുടെ എന്‍ഒസിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവുകൂടി എടുത്തുകളയാന്‍ തീരുമാനിച്ചതായി ഒമാനിലെ പ്രമുഖ ദിനപത്രം ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒമാനില്‍നിന്ന് ജോലി ഒഴിവാക്കി പോവുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കണം. പഴയ തൊഴിലുടമ എന്‍ഒസി നല്‍കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കാതെ പുതിയ വിസക്ക് അപേക്ഷിക്കാമെന്ന ഇളവ് നിലവിലുണ്ടായിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഈ ഇളവാണ് എടുത്തുമാറ്റുന്നത്. ഇതോടെ രണ്ടുവര്‍ഷ വിസാ കാലാവധി കഴിഞ്ഞോ അല്ലാതെയോ ഏതുരീതിയില്‍ ജോലിയുപേക്ഷിക്കുന്നവരായാലും പുതിയ വിസക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരും. എന്നാല്‍, അതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലിമാറുന്നവര്‍ക്ക് നിരോധനം ബാധകമല്ല. കഴിഞ്ഞദിവസം പഴയ തൊഴിലുടമയുടെ എന്‍ഒസി സഹിതം നല്‍കിയ വിസ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. പഴയ തൊഴിലുടമ എമിഗ്രേഷനില്‍ നേരി ട്ടെത്തി ആവശ്യപ്പെട്ടാല്‍മാത്രമെ വിസക്ക് ക്ലിയറന്‍സ് ലഭിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. തൊഴിലുടമയത്തെിയതോടെ വിസയും ലഭിച്ചിരുന്നു. ഒമാനില്‍ നേരത്തെ ആര്‍ക്കും എപ്പോഴും തൊഴില്‍മാറാമായിരുന്നു. പുതിയ അവസരം ലഭിക്കുമ്പോള്‍ പഴയ കമ്പനി ഒഴിവാക്കി നിരവധിപേര്‍ പോയിരുന്നു. ഇത് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹവുമായിരുന്നു. പറ്റിയ അവസരം ലഭിച്ചാല്‍ മാറാന്‍ കഴിയുമെന്നത് തൊഴില്‍ സുരക്ഷിതത്വവും നല്‍കിയിരുന്നു.
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. വെള്ളാപ്പള്ളിക്കെതിരേ തെളിവുണ്ടെങ്കില്‍ കെസെടുക്കണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും 2003 മുതല്‍ 2015 വരെയുളള കാലയളവില്‍ എസ്എന്‍ഡിപി വായ്പയെടുത്ത 15 കോടിയോളം രൂപ വ്യാജരേഖകളും, മേല്‍വിലാസവും നല്‍കി വെള്ളാപ്പള്ളി തട്ടിയെടുത്തുവെന്നാണ് വിഎസിന്റെ പരാതി. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശ്വരന്‍, പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ മുന്‍ എംഡി എന്‍. നജീബ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിച്ചത്. വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. ഈ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു.
റിയാദ്: ശ്രീലങ്കന്‍ പ്രവാസിയായ ഡ്രൈവര്‍ക്ക് സൗദി രാജകുടുംബം യാത്രയയപ്പ് നല്‍കിയത് രാജകീയമായി. കഴിഞ്ഞ 33 വര്‍ഷമായി രാജകുടുംബത്തിന്റെ സ്വകാര്യ ഡ്രൈവറായിരുന്നു സാമി എന്ന് വിളിക്കുന്ന വാട്ടി(76)ക്കാണ് രാജകുടുംബം യാത്രയയപ്പ് നല്‍കിയത്.
രാജകുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണദ്ദേഹം ഇത്രയുംനാള്‍ സൗദിയില്‍ കഴിഞ്ഞത്. ഇത്രയും കാലം രാജകുടുംബത്തിലെ ഒരംഗമായാണ് തനിക്ക് തോന്നിയിരുന്നതെന്ന് സാമി പറയുന്നു. കൊട്ടാരത്തില്‍ തനിക്ക് സ്‌നേഹവും വാല്‍സല്യവും സംരക്ഷണവും ബഹുമാനവും നല്ല പെരുമാറ്റവും ലഭിച്ചു. രാജകുമാരന്‍ പ്രിന്‍സ് സാമിയെന്ന് വിളിച്ച് എപ്പോഴും കളിയാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ തന്റെ ഭാര്യയ്ക്കയച്ച പതിനായിരം റിയാല്‍ തന്റെ ഒരു ബന്ധു മോഷ്ടിച്ച വിവരമറിഞ്ഞ് രാജകുമാരന്‍ തന്നെ വിളിച്ച് പതിനായിരം റിയാല്‍ തന്നത് സാമി നന്ദിപൂര്‍വ്വം സ്മരിച്ചു. മരണം വരെ ഇത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമിയില്ലാത്ത കൊട്ടാരത്തെ കുറിച്ച് ഓര്‍ക്കാനാകില്ലെന്ന് സൗദി ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഫണ്ട് ഡയറക്ടറായ അമീര്‍ മന്‍സൂര്‍ ബിന്‍ സാദ് അല്‍ സൗദ് പറഞ്ഞു. പ്രോട്ടോകോള്‍ ലംഘിച്ചാണ് രാജകുടുംബാംഗങ്ങളില്‍ പലരും ചടങ്ങില്‍ പങ്കെടുത്തത്
പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിനെ അറിയാത്തവര്‍ ആരുമില്ല. പക്ഷെ സണ്ണിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? പോണ്‍ പദവിയില്‍ നിന്നും ബോളിവുഡ് ലോകത്തേക്കുള്ള വളര്‍ച്ച കണ്ണടച്ച് തുറക്കും മുമ്പായിരുന്നു. ഇന്ന് സണ്ണി അറിയപ്പെടുന്നത് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ എന്ന പദവിയിലാണ്. താര സുന്ദരിമാര്‍ക്ക് വെല്ലുവിളിയാണ് ഈ സുന്ദരി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സണ്ണിയുടെ ഭൂതകാലം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സണ്ണിയുടെ ആരാധകര്‍ക്ക് വേണ്ടി തന്റെ ഭൂതകാലത്തെക്കുറിച്ച് പറയുന്നു.
സണ്ണി എന്നാണ് യഥാര്‍ത്ഥ പേര്. ഗോഗു എന്നാണ് വീട്ടില്‍ അച്ഛനും അമ്മയും വിളിക്കുന്നത്. സഹോദരന്റെ പോരാണ് ലിയോണ്‍. സന്ദീപ് എന്നാണ് സഹോദരന്റെ പേര്. വീട്ടില്‍ വിളിക്കുന്നതാണ് ലിയോണ്‍ എന്ന്. പിന്നെ അഭിമുഖങ്ങള്‍ വന്നപ്പോള്‍ ഒരു മാറ്റത്തിന് ലിയോണ്‍ എന്ന് കൂട്ടി ചേര്‍ത്തു. പിന്നീട് ആ പേരാണ് എന്നെ തുണച്ചത്. അമ്മയുടെ സംരക്ഷണം ആവോളം അനുഭവിച്ച കുട്ടിയായിരുന്നു സണ്ണി. ചെറിയ പ്രായത്തില്‍ തന്നെ തെറിച്ച പെണ്‍കുട്ടിയായിരുന്നു എന്ന് സണ്ണി സ്വയം പറയുന്നു. താമസിച്ചിരുന്ന തെരുവില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു. അവരുമായി ഹോക്കി കളിച്ചിരുന്ന ഏക പെണ്‍കുട്ടി സണ്ണിയായിരുന്നു.
ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട സൗന്ദര്യം എന്നിക്കുണ്ടായിരുന്നില്ല. നിറമോ, പൊക്കമോ, വണ്ണമോ ഒന്നും. ജീവിതത്തില്‍ ഓര്‍ത്ത് കരയുന്ന നിമിഷങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. തന്നെയാരും പീഡിപ്പിച്ചിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. നല്ല ബാല്യമായിരുന്നു അച്ഛനും അമ്മയും തന്നത്. കാനേഡിയന്‍ കൂട്ടുകാരില്‍ വെള്ളുത്ത നിറമില്ലാത്ത കുട്ടി താന്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗന്ധം അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവരില്‍ ഒരാളായി മാറാന്‍ ഞാന്‍ എന്നെ തന്നെ മാറ്റിയെടുത്തു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ നാണക്കാരിയായിരുന്നു ഞാന്‍. പിന്നീട് ഹൈസ്‌കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ മാറി കിട്ടിയത്. 9ാം വയസ്സിലാണ് മാഗസിനു വേണ്ടി ഫോട്ടോ എടുക്കുന്നത്. അതില്‍ മോശമായി ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സെക്‌സി ലുക്കാണ് തനിക്കെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ആ മാഗസിന്‍ ഫോട്ടോയില്‍ നിന്നാണ് ജീവിതം മാറിമറിയുന്നത്. പിന്നീട് ടെലിവിഷന്‍, റേഡിയോ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.
സെക്‌സ് എന്ന് പറയുന്നത് ഒരിക്കലും മോശമല്ല. അത് ഓരോരുത്തരും എത്തരത്തില്‍ കാണുന്നു എന്നതിലാണ് പ്രശ്‌നം. അടച്ചിട്ട റൂമില്‍ ആനയെ കാണുന്ന ഭയമാണ് ചിലര്‍ക്ക് എന്നെ കാണുമ്പോള്‍. അവാര്‍ഡ് വേദികളില്‍ തന്നോടൊപ്പം നില്‍ക്കാന്‍ മടിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. സ്റ്റേജില്‍ കയറാന്‍ ചിലര്‍ മാത്രമാണ് സമ്മതിച്ചത്. അവരുടെ മനസ്സില്‍ എന്താണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല.
ഇപ്പോള്‍ എല്ലാം ഒരുപാട് മാറിപോയി. ഇന്ന് എന്നോട് സംസാരിക്കാനും സെല്‍ഫി എടുക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എന്റെ വിജയത്തിന് പുറകില്‍ എന്റെ ഭര്‍ത്താവാണ്. ബോളിവുഡില്‍ നായികയാവുക എന്നത് തന്റെ സ്വപ്‌നമായിരുന്നു. മസ്തി സാദെ എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ വളരെ സംതൃപ്തയാണ്. വ്യത്യസ്തമായ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.
കാലിഫോര്‍ണ്ണിയ: കാമുകനെ കൊലപ്പെടുത്തി കൊലപാതക വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണ്ണിയ സാന്‍ ബെര്‍നാഡിനോ സ്വദേശിയായ നകാസിയ ജെയിംസിനെയാണ് കാലിഫോര്‍ണ്ണിയ പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ കാമുകന്‍ ഡോറിയന്‍ പവല്‍ മദ്യം ഉപയോഗിക്കാറുണ്ടെന്നും അതിനെത്തുടര്‍ന്നുണ്ടായ വഴക്കിലും തര്‍ക്കത്തിനിടയിലുമാണ് താന്‍ ആയുധമുപയോഗിച്ച് കാമുകനെ കൊലപ്പെടുത്തിയതെന്നാണ് നകാസിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അവനെ വേദനിപ്പിക്കണമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും നകാസിയ കുറിച്ചു.
പൊലീസ് ചോദ്യം ചെയ്യലിനിടെ കാമുകന്‍ മരിച്ചത് അബദ്ധവശാലാണെന്ന് നകാസിയ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പൊലീസ് പരാമര്‍ശിച്ചിട്ടില്ല.
സൗത്ത് ഇന്ത്യന്‍ സിനിമകളിലും ബോളിവുഡ് സിനിമകളിലും ഒന്ന് പോലെ പ്രശസ്തയായ സിനിമാതാരം അസിന്‍ തോട്ടുങ്കല്‍ വിവാഹിതയായി. പ്രമുഖ വ്യവസായി ആയ മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മ്മ ആണ് വരന്‍. ക്രിസ്ത്യന്‍ വിവാഹാചാര പ്രകാരം ആയിരുന്നു വിവാഹം നടന്നത്. ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹാചാര ചടങ്ങുകള്‍ വൈകുന്നേരം ഡല്‍ഹി ദസിത് ദേവറാണ റിസോര്‍ട്ടില്‍ നടക്കും.
മലയാളിയായ അസിന്‍ സത്യന്‍ അന്തിക്കാടിന്‍റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന സിനിമയിലൂടെ ആണ് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും ഹിന്ദിയിലും വിജയക്കൊടി പാറിക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹ വാര്‍ത്തകളും സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വിവാഹ ക്ഷണക്കത്തും നേരത്തേ വാര്‍ത്തയായിരുന്നു.
ബോളിവുഡ് താരവും ഐപിഎല്‍ ടീം ഉടമയുമാ ശില്‍പ്പാഷെട്ടി ബുര്‍ജ് ഖലീഫയിലുണ്ടായിരുന്ന തന്റെ ഫ്ലാറ്റ് വിറ്റു. ദുബായിയില്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വന്നു പോകുന്ന തനിക്ക് ഇനി മറ്റൊരു പ്രോപ്പര്‍ട്ടി വാങ്ങിക്കാന്‍ താല്‍പര്യമില്ലെന്നും ശില്‍പ്പ ഖലീജ് ടൈംസ് പത്രത്തോട് പറഞ്ഞു.
ബുര്‍ജ് ഖലീഫയില്‍ തനിക്കുണ്ടായിരുന്ന ഫ്ലാറ്റ് രണ്ട് ബെഡ്‌റൂമായിരുന്നു. താനും ഭര്‍ത്താവും മാത്രമുണ്ടായിരുന്ന സമയത്ത് വാങ്ങിയ ഫഌറ്റാണിത്. ഇപ്പോള്‍ കുട്ടി കൂടിയായ സാഹചര്യത്തില്‍ ആ ഫ്ലാറ്റിന് ഇടകുറവാണെന്ന് തോന്നിയതിനാലാണ് അത് വിറ്റതെന്ന് ശില്‍പ പറഞ്ഞു. ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ഫ്ലാറ്റ് വിറ്റതെങ്കിലും ഇപ്പോള്‍ മാത്രമാണ് അത് വാര്‍ത്തയായത്. ദുബൈയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ശില്‍പ്പയുമായി ഖലീജ്‌ടൈംസ് പ്രതിനിധികള്‍ സംസാരിച്ചത്.
2010ല്‍ ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര വിവാഹവാര്‍ഷിക സമ്മാനമായി നല്‍കിയതാണ് ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റ്. ഒരു ചതുരശ്ര അടിക്ക് 3500 ദിര്‍ഹം വിലയുള്ള ഫ്ലാറ്റ് ആയിരുന്നു ഇത്. ഇന്ന് ഇതിന് ഏതാണ്ട് 4000 ദിര്‍ഹം (ഒരു ചതുരശ്രഅടി) വിലയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
160 നിലകള്‍ ഉയരത്തിലുള്ള ബുര്‍ജ് ഖലീഫയില്‍ ആകെയുള്ളത് 900 അപ്പാര്‍ട്ടുമെന്റുകളാണ്.
ചാവക്കാട്: പെണ്‍കുട്ടികള്‍ക്ക് ഉയരങ്ങളിലെത്താനുള്ള ഊര്‍ജ്ജവും കരുത്തും ഉണ്ടെന്ന് തെളിയിച്ച ചാവക്കാട്ടുകാരി…സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് പറഞ്ഞു പഠിപ്പിച്ച ചില മത ചിന്താഗതികളുടെ വേലികെട്ടുകളെ തകര്‍ത്ത് കരാട്ടേ ആയോധനകലയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടി ഏഷ്യയിലെ തന്നെ ആദ്യത്തെ മുസ്ലീം പെണ്‍കുട്ടി എന്ന ബഹുമതി ഇന്ന് ചാവക്കാട് തിരുവത്ര സ്വദേശി അനീഷയെന്ന ഇരുപതുകാരിക്ക് സ്വന്തം. കരാട്ടേയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടി സന്‍സായ് (മാസ്റ്റര്‍) പദവിയിലെത്തിയ അനീഷ 2016 ജനുവരി 10 നാണ് ഷോട്ടോകാന്‍ (JSKA) ചീഫ് ഗോപാലകൃഷ്ണനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഏഷ്യ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ലക്ഷക്കണക്കിന് അംഗങ്ങളുള്ള JSKA യുടെ ആദ്യ മുസ്ലീം വനിതാ സന്‍സായ് എന്ന സ്ഥാനവുമായി ചരിത്രത്തില്‍ ഇടം പിടിച്ചത്.
തിരുവത്ര പാണ്ടികശാലപറമ്പില്‍ പരേതനായ മൊയ്തീന്‍കുട്ടി ആമിനു ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയ പുത്രിയായ അനീഷ സഹോദരന്‍ അന്‍സാറില്‍ നിന്നാണ് കരാട്ടേയുടെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് പറയാം. സഹോദരന്‍ അന്‍സാര്‍ കരാട്ടേ ക്ലാസ്സിനു പോവുകയും വീട്ടില്‍ വന്നു പ്രാക്ടീസ് നടത്തുകയും ചെയ്യാറുണ്ട്. ഇത് കണ്ടാണ് അനീഷക്ക് ആയോധനകലയില്‍ താത്പര്യമുണ്ടായത്. തുടര്‍ന്ന് പതിനൊന്നാം വയസ്സില്‍ ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്റെ കീഴിലുള്ള ഡ്രാഗണ്‍ കരാട്ടേ ക്ലബിന്റെ തിരുവത്രയിലുള്ള ഡോജോ(ക്ലാസ് )യില്‍ ചേര്‍ന്ന് സന്‍സായ് മുഹമ്മദ് സ്വാലിഹിന്റെ ശിക്ഷണത്തില്‍ കരാട്ടേ പഠനം ആരംഭിച്ചു. ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ട അഞ്ചുവയസ്സുകാരി അനീഷയും എഴുവയസ്സുകാരന്‍ സഹോദരന്‍ അന്‍സാറും മാതാവിന്റെ ചിറകില്‍ അമ്മാമന്‍മാരുടെയും ബന്ധുക്കളുടെയും തണലിലാണ് വളര്‍ന്നത്. എങ്കിലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് അനീഷയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍.
കരാട്ടേ ക്ലാസ്സില്‍ കൂടെ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരും പാതിവഴിയില്‍ നിര്‍ത്തുകയോ അലസരാവുകയോ ചെയ്തപ്പോഴും അനീഷ ആയോധനകലയില്‍ തന്റെ പ്രാവീണ്യം തെളിയിക്കുകയും ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന് ശാഠ്യം പിടിച്ചവര്‍ക്ക് തന്റെ ജീവിത ലക്ഷ്യത്തിലൂടെയും അഭിനന്ദാര്‍ഹമായ നേട്ടങ്ങളിലൂടെയും മറുപടി നല്‍കി. ആദ്യകാലങ്ങളില്‍ തന്റെ ഗുരുവായിരുന്നവര്‍ ഇപ്പോഴും സമ്പായ് (ഇന്‍സ്ട്രക്ടര്‍) ആയി തന്നെ നില്‍ക്കെ അവരെയെല്ലാം മറികടന്ന് സന്‍സായ് പദവിയിലെത്തിയതിലൂടെ ആയോധനകലയോടുള്ള അനീഷയുടെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവുമാണ് പ്രകടമാകുന്നത്.
പത്താം ക്ലാസ് വരെ ചാവക്കാട് ഐഡിസി സ്‌കൂളിലും, ഹയര്‍സെക്കന്‍ഡറി പഠനം എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലുമായാണ് പൂര്‍ത്തീകരിച്ചത്. പിന്നീട് സൈക്കോളജിയില്‍ ഡിഗ്രി ചെയ്യാനുള്ള അനീഷയുടെ മോഹം കോളേജ് അധികൃതരുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ ഇന്‍ഡീരിയര്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥിയായ അനീഷ പൊന്നാനി എം ഐ, തൊഴിയൂര്‍ റഹ്മത്ത്, എടക്കഴിയൂര്‍ സീതിസാഹിബ് എന്നീ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കുന്നുണ്ട്.
ബ്രഹ്മകുളം സ്വദേശി നിഹാസുമായുള്ള അനീഷയുടെ നിക്കാഹ് കഴിഞ്ഞത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. നിഹാസിന്റെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് ഊട്ടിയില്‍ നടന്ന തേര്‍ഡ് ഡാന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനീഷക്ക് പ്രചോദനമായത്. എന്നാല്‍ സ്ത്രീകള്‍ക്ക് പഠിക്കുവാന്‍ സുരക്ഷിതമായ ക്ലാസുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കളരി, ജൂഡോ, തായ് ബോക്‌സിംഗ് തുടങ്ങിയ ഇതര ആയോധനകലകള്‍ പഠിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖത്തിലാണ് ഈ പെണ്‍കുട്ടി.
മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠനം ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുമെന്നും ഏകാഗ്രത വര്‍ദ്ധിക്കുന്നത്തിലൂടെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കാകുമെന്നും സ്വന്തം അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ടെന്ന് അനീഷ പറഞ്ഞു. ശബ്ദമുയര്‍ത്തലാണ് ഏറ്റവും നല്ല രക്ഷാമാര്‍ഗ്ഗം എന്ന് സ്ത്രീകളെ അനീഷ ഉണര്‍ത്തുന്നു. അപകട സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കാതെ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നതാണ് സ്ത്രീകള്‍ക്ക് മറ്റുള്ളവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. സമൂഹത്തെ കുറിച്ച ഉത്തമ ബോധത്തോടെയുള്ള വസ്ത്ര ധാരണം, യാത്ര, സമയം, സൗഹൃദം എന്നിവയിലുള്ള ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് സ്ത്രീകള്‍ക്കുള്ള സന്ദേശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.