Latest News

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചര്‍ച്ചകള്‍ സജീവമായി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. ഇതിനായി യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരാണ് പരിഗണനയിലുള്ളവരില്‍ മുന്‍പന്തിയില്‍. മുന്‍ ഉപപ്രധാനമന്ത്രി ബാബു ജഗ്ജീവന്‍ റാമിന്റെ മകളും, മുന്‍ ലോക്‌സഭാ സ്പീക്കറുമായ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍. ഐഎഎസുകാരനും നയതന്ത്രജ്ഞനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പൊതുവെ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അനുകൂല നിലപാടാണെന്നാണ് സൂചന. ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് എന്നിവരും ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ സംസാരിച്ചെന്നും, എന്നാല്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഗോപാല്‍കൃഷ്ണ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഇളയമകന്‍ ദേവദാസ് ഗാന്ധിയുടെയും സി.രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടെയും മകനാണ് 72 കാരനായ ഗോപാല്‍കൃഷ്ണ ഗാന്ധി. 1945 ഏപ്രില്‍ 22 നാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ ജനനം. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഗോപാല്‍കൃഷ്ണ ഗാന്ധി 1968 മുതല്‍ 1992 വരെ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. 1992 ല്‍ അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 1985 മുതല്‍ 1987 വരെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും 1987 മുതല്‍ 1992 വരെ രാഷ്ട്രപതിയുടെ ജോ.സെക്രട്ടറിയായും 1997 ല്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചി്ട്ടുണ്ട്.

കോട്ടയം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. കുമരകത്ത് ബിജെപി നേതാവിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കുമരകം പഞ്ചായത്തിലെ ബിജെപി അംഗമായ പി.കെ സേതുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽവെച്ചാണ് സേതുവിനെ മുഖംമൂടി സംഘം ആക്രമിച്ചത്. സേതുവിന് ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനും മർദ്ദനം ഏറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ സിപിഐഎം പ്രവർത്തകർക്ക് ഈ സംഭവത്തിൽ പങ്കില്ലെന്ന് നേതാക്കൾ പറഞ്ഞു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ളവരെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. മികച്ച ശമ്പളമുള്ള ജോലിയും താമസവും വാഗ്ദാനം ചെയ്ത് കിഴക്കന്‍ യൂറോപ്പിലെ യുവതികളെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരായ വൃദ്ധന്മാര്‍ക്ക് പാസ്‌പോര്‍ട്ടിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള തട്ടിപ്പ് വിവാഹത്തിന് വേണ്ടി നല്‍കുന്ന സംഘം സ്കോട്ട്ലന്റ്ല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും ഒരു വിദേശമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാക്കാരും പാകിസ്താന്‍കാരുമാണ് തട്ടിപ്പ് വിവാഹത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ യുവതികളുടെ വലിയ ആവശ്യക്കാര്‍. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും മോഹിപ്പിച്ച് കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഗ്യാംഗുകളും ലൈംഗിക ചൂഷണത്തിന് ഇരയാക്കും.

യുവതികളെ നിയന്ത്രിക്കുന്ന മനുഷ്യക്കടത്തുകാര്‍ തന്നെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടിന് വേണ്ടിയുള്ള തട്ടിപ്പ് വിവാഹത്തിന് ഇവരെ നിര്‍ബ്ബന്ധിക്കുന്നതും സജ്ജമാക്കുന്നതും.പ്രധാനമായും ഇന്ത്യാക്കാരും പാകിസ്താന്‍കാരുമാണ് സ്‌കോട്‌ലന്റില്‍ ജീവിക്കാന്‍ വേണ്ടി ഈ തട്ടിപ്പ് വിവാഹത്തിനായി സ്ത്രീകളുടെ ആവശ്യക്കാരെന്ന് യൂറോപ്യന്‍ യൂണിയന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ യൂറോപോള്‍ പറയുന്നു.

തട്ടിപ്പ് വരന്മാരുടെ കയ്യിലെത്തും മുമ്പ് തന്നെ പെണ്‍കുട്ടികള്‍ എത്തിച്ചേരുക പെണ്‍വാണിഭ സംഘത്തിന്റെ മുന്നിലായിരിക്കുമെന്ന് ഇരകളില്‍ ഒരാള്‍ ബിബിസി യോട് പറഞ്ഞു. സ്‌കോട്‌ലന്റില്‍ വന്‍ പ്രതിഫലവും താമസസൗകര്യവും ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ മോഹിപ്പിക്കുക. പിന്നീട് ഇവിടെ എത്തിയ ശേഷം ജോലി ലഭ്യമായില്ലെന്നും തല്‍ക്കാലം ഒരു പാകിസ്താന്‍കാരനുമായി കല്യാണം കഴിക്കാനുമാണ് ആവശ്യപ്പെടുക. വിവാഹം കഴിയുന്നതോടെ പെണ്ണിനെ സംഘം കൊണ്ടുപോകുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യും. അതിന് ശേഷം വിവാഹം കഴിച്ചയാള്‍ക്ക് ബലാത്സംഗമോ ശാരീരിക പീഡനമോ ശമ്പളം നല്‍കാതെ ജോലി ചെയ്യിക്കലോ ഏതു രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാനായി നല്‍കും. പാസ്‌പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ വിവാഹമോചനം നേടും.

പെണ്‍കുട്ടികളെ കുടുക്കാനായി സ്‌കോട്ട്‌ലന്റിലെ ഗ്‌ളാസ്‌ഗോയിലും മറ്റും അനേകം ഗ്യാംഗുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള വൃദ്ധന്മാര്‍ കിഴക്കന്‍ യൂറോപ്പിലെ കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം മാര്യേജുകള്‍ കൊണ്ട് സ്‌കോട്‌ലന്റിലെ വിവാഹ റെക്കോഡുകള്‍ നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ഗ്‌ളാസ്‌ഗോവില്‍ റജിസ്റ്റര്‍ ചെയ്ത എഴുതപതിലധികം വിവാഹങ്ങളില്‍ മൂന്നിലൊന്നും ഗോവന്‍ഹില്ലില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 40 ശതമാനവും അഞ്ചു വര്‍ഷം പോലും നീളാത്ത ദാമ്പത്യമായിരുന്നത്രേ. കഴിഞ്ഞ വര്‍ഷം പെണ്‍വാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിന് വേണ്ടി സ്‌കോട്‌ലന്റില്‍ എത്തിയത് 150 ലധികം പേരായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വയം എടുത്ത തീരുമാനമാണിതെന്നും ഐശ്വര്യ വ്യക്തമാക്കിയ കുറിപ്പ് പൊലീസ് കണ്ടെത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. മലപ്പുറം എടപ്പാൾ പരിയപ്പുറത്ത് ആനന്ദഭവനിൽ ഐശ്വര്യ മെഡിക്കൽ കോളേജിലെ വനിതകളുടെ പി.ജി ഹോസ്റ്റലിൽ സ്വയം മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തൽ. രോഗം കാരണം ഞാൻ ഇവിടം വിട്ട് പോകുന്നുവെന്നും എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പാണ്  പൊലീസിന് ലഭിച്ചത്.

വിഷാദ രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘രോഗം കാരണം ഞാന്‍ ഇവിടം വിട്ട് പോകുന്നു. ഭര്‍ത്താവിനെയും മകനെയും സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല. എല്ലാവരും ക്ഷമിക്കണം, പൊറുക്കണം. എന്നെ മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്’ എന്നാണു കുറിപ്പില്‍ ഐശ്വര്യ പറയുന്നത്.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ഐശ്വര്യയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വയം മരുന്നു കുത്തിവച്ചാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. മലപ്പുറം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്‌കരന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരൻ അമേരിക്കയിലാണ്. എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടറായ രാഹുൽരാജ് ആണ് ഭർത്താവ്. നാല് വയസുള്ള മകനുണ്ട്.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡോക്ടർമാർ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പിന്നീട് അച്ഛന്റെ സ്വദേശമായ എടപ്പാൾ വട്ടംകുളത്തേക്ക് കൊണ്ട് പോയി. എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഐശ്വര്യ ലീവെടുത്താണ് പിജി പഠനത്തിനുചേർന്നത്.

എം എം മണിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് പെമ്പിളൈ ഒരുമൈ 18 ദിവസമായി മൂന്നാറില്‍ തുടരുന്ന സത്യാഗ്രഹത്തിന് പിന്തുണയുമായി മെയ് 12ന് വിവിധ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ മൂന്നാറില്‍ സമര പന്തലില്‍ എത്തുന്നു. ഇന്ദിര കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ്, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പെമ്പിളൈ ഒരുമൈ നേതാക്കളായ രാജേശ്വരി,ഗോമതി, കൌസല്യ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് പെമ്പിളൈ ഒരുമൈക്ക് വേണ്ടി രാജേശ്വരി അറിയിച്ചു.

മൊബൈല്‍ : 9495777347

‘ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കണ്ട അവസ്ഥ വന്നവരാണ് മലയാളികളായ  ഇപ്പോളത്തെ സെലിബ്രറ്റികളിൽ മിക്കവരും  അതിന്റെ അവസാനത്തെ ഇരയായി മാറിയത് ഇന്നലെ വിജയരാഘവനാണ് മരിച്ചോ എന്ന് ചോദിച്ചു   വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് ഇപ്പോഴെനിക്ക്’ . വിജയരാഘവന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനിടെ വിളിച്ചപ്പോഴാണ്, അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞതെന്നും വിജയരാഘവന്‍ ചിരിയോടെ പറയുന്നു. ഇന്നലെ വൈകിട്ടു മുതലാണ് നടന്‍ വിജയരാഘവന്‍ അന്തരിച്ചെന്ന വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘മൃതദേഹം’ കൊണ്ടുപോകുന്ന ആംബുലന്‍സിന്റെ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോ സഹിതമാണ് വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. ഒരു മാസം മുമ്പ് എറണാകുളത്ത് ഫിഷറീസ് കോളേജില്‍ വെച്ച് നടന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആരോ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. രാമലീലയില്‍ താന്‍ മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇതാണ് യഥാര്‍ത്ഥ മരണമാക്കി മാറ്റി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ആരെപ്പറ്റിയും എന്തും പറയാമെന്ന് വന്നിരിക്കുന്ന കാലത്ത് ഇനി എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു. അല്ലെങ്കില്‍ തന്നെ ആരാണ് ഇവിടെ നിയമം പാലിക്കുന്നത്? ഇതിനൊക്കെ എന്ത് നിയമമാണ് ഈ നാട്ടിലുള്ളത്’-വിജയരാഘവന്‍ ചോദിക്കുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും പരാതി നല്‍കാനോ നിയമ നടപടി സ്വീകരിക്കാനോ ഒന്നും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെയൊക്കെ വെറുതെയങ്ങ് അവഗണിക്കാം അത് മാത്രമാണ് ഇതിനുള്ള വഴിയെന്നാണ് വിജയരാഘവന്റെ നിലപാട്. ദിലീപ് നായകനാകുന്ന രാമലീല നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയരാഘവനോടൊപ്പം മുകേഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് നായിക.

മാതാ അമൃതാനന്ദമയിക്ക് കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണു സുരക്ഷ അനുവദിച്ചത്.

24 മണിക്കൂറും അമൃതാനന്ദമയിക്കും സുരക്ഷ ഉദ്യോഗസ്ഥരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഇതിന്റെ ഭാഗമായി അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിനും സുരക്ഷയ്ക്കായി 40 സിആര്‍പിഎഫ് ജവാന്‍മാരെ നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി അമൃതാനന്ദമയിക്ക് രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. യോഗ ഗുരു ബാബ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.

ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയ വാര്‍ത്ത‍യ്ക്ക് ഒപ്പം തന്നെ വൈറല്‍ ആയ വാര്‍ത്തയാണ് ബീബറിനു ഇന്ത്യയില്‍ വേണ്ട സൗകര്യങ്ങളുടെ നീണ്ടനിര. സംഗീത നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ എസ്. രവിയാണ് ബീബറിന്റെ നിബന്ധനകളുടെ പട്ടിക പുറത്ത് വിട്ടത്. മുംബൈയില്‍ പരിപാടി അവതരിപ്പിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള തിരുമ്മുകാരിയെ ഉള്‍പ്പെടെയാണ് ബീബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ബീബര്‍ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.

ബീബറുടെ നിബന്ധനകള്‍ ഇങ്ങനെ:

തന്റെ സംഘത്തിലുള്ളവരുടെ യാത്രയ്ക്ക് 10 ആഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസുകളും. തന്റെ യാത്രയ്ക്കായി റോള്‍സ് റോയ്‌സ് കാര്‍. പരിപാടി കഴിഞ്ഞ് വിശ്രമിക്കുന്നതിന് പിങ്‌പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ്. ഹോട്ടല്‍ മുറിയില്‍ ആഡംബര സോഫകളും വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, മസാജ് ടേബിള്‍ അടക്കമുള്ള സൗകര്യങ്ങള്‍. പരിപാടി നടക്കുന്ന സ്‌റ്റേജിലേക്ക് പറക്കാന്‍ പ്രത്യേക ഹെലികോപ്റ്റര്‍, വാനില റൂം ഫ്രെഷര്‍, ബീബര്‍ക്ക് മാത്രമായി പ്രത്യേക ലിഫ്്റ്റ്, ചൂടുജല പ്രവാഹമുള്ള പ്രത്യേക നീന്തല്‍ക്കുളം. കേരളത്തില്‍ നിന്നുള്ള അംഗീകാരമുള്ള തിരുമ്മുകാരി, പാചകം ചെയ്യാന്‍ പ്രശസ്തരായ അഞ്ച് പാചകക്കാര്‍. വേദിക്ക് പിന്നില്‍ 30 വിശ്രമമുറികള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

 

മുറിയില്‍ വെള്ളിപാത്രങ്ങള്‍, സുഗന്ധ മെഴുകുതിരികള്‍, കരിക്കിന്‍വെള്ളം, ബദാം, പാല്‍, തേന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും മുറിയില്‍ വേണം. വെളുത്ത നിറമുള്ള കിടക്ക, വിരിപ്പ്, പുതപ്പ് കര്‍ട്ടണ്‍ എന്നിവ മാത്രമേ നല്‍കാന്‍ പാടുള്ളൂ. പരിപാടി സമയത്തും കിടപ്പ് മുറിയിലും 24 വെള്ളക്കുപ്പികള്‍, 24 ആല്‍ക്കലൈന്‍ വെള്ളക്കുപ്പികള്‍, എനര്‍ജി ഡ്രിങ്കുകള്‍, പ്രോട്ടീന്‍ ഡ്രിങ്കുകള്‍ എന്നിവയും ഉണ്ടാകണം. സംഘത്തിലുള്ളവര്‍ക്ക് കഴിക്കുന്നതിനായി ബ്രഡ്, ചോക്ലേറ്റ്, ധാന്യങ്ങള്‍, വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള ച്യുയിംഗ് ഗം. യോഗ ചെയ്യാന്‍ പ്രത്യേക മുറി, യോഗാവിധികള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍. ഒരുങ്ങാനായി പ്രത്യേക ബ്യുട്ടി പാര്‍ലര്‍, സൂക്ഷി വിഭവങ്ങള്‍ ലഭിക്കുന്ന റെസ്‌റ്റോറന്റ്, തീയറ്ററുകള്‍, ബീബര്‍ക്കും സംഘത്തിനുമായി പ്രത്യേക നിശാ ക്ലബ്ബുകള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

പോപ് സംഗീതത്തിൽ പുതുതരംഗമായ ജസ്റ്റിൻ ബീബർ എന്ന അഭിനവ മൈക്കൽ ജാക്സൻ ഇന്ത്യയിലെത്തി. വേൾഡ് ടൂറിന്റെ ഭാഗമായി ദുബായില്‍ അവതരിപ്പിച്ച സംഗീത പരിപാടിക്കു ശേഷം സ്വകാര്യ ജറ്റ് വിമാനത്തിൽ പുലർച്ചെ 1.30 നാണ് അദ്ദേഹം മുംബൈയിലിറങ്ങിയത്. ജസ്റ്റിൻ ബീബറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഷേരയും ബീബറെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നും കാറിൽ കയറിയ സംഘം നേരെ ബീബറിന് ഒരുക്കിയ ആഡംബര ഹോട്ടലിലേക്ക് പോയി. അഞ്ച് ദിവസമാണ് ഇന്ത്യയിലെ സന്ദർശനം. അറുപതിനായിരം പേരെ ഉൾക്കൊള്ളുന്ന മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബീബറിന്റെ സംഗീത പരിപാടി നടക്കുക. ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന പരിപാടി കാണാൻ നിർധനരായ നൂറ് കുട്ടികള്‍ക്കും അവസരം നൽകിയിട്ടുണ്ട്.

ബീബറിനെ കാണാനും സംഗീത പരിപാടി ആസ്വദിക്കാനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും ആസ്വാദകർ എത്തിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ മിക്ക ഹോട്ടലുകളും നിറഞ്ഞുകഴിഞ്ഞു.

കനത്ത സുരക്ഷയാണ് വേദിക്ക് ഒരുക്കിയിരിക്കുന്നത്. സംഗീത പരിപാടിയെ കൂടാതെ ഡൽഹി, ജയ്പൂർ, ആഗ്ര എന്നീ നഗരങ്ങളും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, കാലാഘോഡ തുടങ്ങിയ സ്ഥലങ്ങളും ബീബര്‍ സന്ദർശിക്കും.

റോൾസ് റോയിസ്, സ്വകാര്യ ജെറ്റ്, ഹെലികോപ്ടർ എന്നിവ അടക്കം പറഞ്ഞാൽ തീരാത്ത അത്യാ‍ഡംബര സൗകര്യങ്ങൾ ഒരുക്കണമെന്നാണു താരം ആവശ്യപ്പെട്ടത്. സെഡ് പ്ലസ് സുരക്ഷയാണ് ഇരുപത്തിമൂന്നുകാരനായ ആഗോള താരത്തിനുള്ളത്. ഒപ്പമെത്തുന്ന 120 അംഗ സംഘത്തിനും ആഡംബര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബീബർ താമസിക്കുന്ന നക്ഷത്ര ഹോട്ടലിന്റെ മൂന്നുനിലകൾ അദ്ദേഹത്തിന്റെ ‘സ്വകാര്യ വില്ല’യാക്കി മാറ്റി.

525 പൊലീസുകാരടക്കം 1,500 സുരക്ഷാ ഭടന്മാരാണു പരിപാടിക്കു സുരക്ഷയൊരുക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചു. ആരാധകർ വൻ ആഘോഷത്തിലാണെങ്കിലും ബീബർ ആർക്കും ഓട്ടോഗ്രാഫ് നൽകില്ല. താരവുമായി ഇടപഴകാനും ആർക്കും അവസരമുണ്ടാകില്ല. സെൽഫോണും അനുവദിക്കില്ല.

ആന്ധ്ര പ്രദേശ് മന്ത്രി പി നാരായണയുടെ മകന്‍ നിതീഷ് നാരായണ വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു. 23 വയസായിരുന്നു. നിതീഷിന്റെ സുഹൃത്ത് രാജാ രവി വര്‍മയും അപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ആന്ധ്ര പ്രദേശിലെ മുനിസിപ്പല്‍-അര്‍ബന്‍ വികസന വകുപ്പ് മന്ത്രിയാണ് നാരായണ.

ഇരുവരും സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ മെട്രോ റെയിലിന്റെ തൂണില്‍ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പെടമ്മ ക്ഷേത്രത്തിലേക്കുള്ള റോഡില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപമുള്ള കൊടുംവളവിലാണ് അപകടം ഉണ്ടായത്.

 

Image result for ANDHRA MINISTER'S SON KILLED IN ROAD ACCIDENT
അമിത വേഗതയില്‍ വന്ന കാര്‍ വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണില്‍ ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിലെ എയര്‍ ബാഗ് പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

Copyright © . All rights reserved