സ്റ്റീവനേജ്: ഹർട്ഫോർഡ്‌ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതു വർഷത്തോളമായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും, മലയാള ഭാഷക്കും,കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന സംഘടന എന്ന നിലയിൽ, യു കെ യിൽ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ‘സർഗ്ഗം സ്റ്റീവനേജ്’.
സർഗ്ഗം സ്റ്റീവനേജിന്റെ മുൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷീക ജനറൽ ബോഡി യോഗത്തിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബർമാരിൽ നിന്നും അപ്പച്ചൻ കണ്ണഞ്ചിറയെ പ്രസിഡണ്ടായും, സജീവ് ദിവാകരനെ സെക്രട്ടറിയായും, ജെയിംസ് മുണ്ടാട്ടിനെ ഖജാൻജിയായും തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഭരണ സമിതിയിൽ ജിൻടോ മാവറ വൈസ് പ്രസിഡണ്ടും, പ്രവീൺ സി തോട്ടത്തിൽ ജോ. സെക്രട്ടറിയുമാണ്.
മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, അലക്‌സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ,ചിണ്ടു ആനന്ദൻ, നീരജ പടിഞ്ഞാറയിൽ, വിൽസി പ്രിൻസൺ, ഷഹ്നാ ചിണ്ടു എന്നിവർ കമ്മിറ്റി മെമ്പർമാരായി സേവനം ചെയ്യുന്നതോടൊപ്പം,വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണം തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു. നിലവിൽ ചെണ്ട ക്‌ളാസുകൾ വളരെ ഊർജ്ജസ്വലമായി നടക്കുന്നുണ്ട്.
ഏറെ ശ്രദ്ധേയവും വിജയപ്രദവുമായി മാറിയ ‘സെവൻ ബീറ്റ്‌സ്’ സംഗീത- നൃത്ത കലോത്സവത്തിന് ആതിഥേയത്വം അരുളി തുടക്കം കുറിച്ച പുതിയ കമ്മിറ്റി, ഏപ്രിൽ 7 നു ഞായറാഴ്ച ഡച്ച്‌വർത്ത് വില്ലേജ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ഈസ്റ്റർ- വിഷു- ഈദ് സംയുക്ത ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. സ്റ്റീവനേജ് മേയർ കൗൺസിലർ മൈലാ ആർസിനോ ആഘോഷം ഉദ്ഘാടനം ചെയ്യും. സർഗ്ഗം സ്റ്റീവനേജിൽ നിലവിൽ അറുന്നൂറോളം മെംബർമാർ ഉണ്ട്
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജേഷിനെയാണ് (44) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ഏഴ് ലക്ഷം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു.
ഇത്തരത്തില്‍ വിവിധ കേസുകളില്‍പെട്ട് ഒളിവില്‍കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇയാള്‍ ഇവിടെ വ്യാജപേരിലാണ് കഴിഞ്ഞുവന്നിരുന്നത്.
വാകത്താനം എസ്.എച്ച്.ഒ എ.ഫൈസല്‍, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഒമാരായ ലൈജു ടി.എസ്, ചിക്കു ടി.രാജു എന്നിവരാണ് എസ്.പിയുടെ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര ഏജന്‍സികൾ ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അഫ്ഗാൻ മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കാണ്ഡഹാര്‍ ജയിലിലാണെന്നും താജിക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിസ്ഥാനിൽ എത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകൾ. ഈ സംഭവത്തിൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികളോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
ഇയാൾക്ക് അഫ്‌ഗാനിസ്ഥാനിൽ എത്തിയതിന്റെ കാരണം വിശദീകരിക്കാൻ കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറൽ പറഞ്ഞതായി വാര്‍ത്തകളിലുണ്ട്. ഇതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളെന്ന സംശയം ബലപ്പെട്ടതെന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഇന്ത്യാക്കാരായ 14 പേരെ 2014 ന് ശേഷം അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും അഫ്ഗാനിൽ നിന്നുള്ള വാര്‍ത്തകളിൽ പറയുന്നു.
ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം.
എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്‌ഫോടനമുണ്ടായത്. ഭക്ഷണശാലയില്‍ മറ്റ് ആറുപേര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നില്‍ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ ടി.എന്‍.ശിവശങ്കര്‍ പറഞ്ഞു.
‘നീ വെറും കാവല്‍ക്കാരനാണ്, നിന്റെ മകളെ വിദേശത്തേക്ക് അയക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞവര്‍ക്ക് മധുര പ്രതികാരത്തിലൂടെ മറുപടി നൽകിയ കഥ സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരിക്കുയാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ധൻശ്രീ ഗെയ്ക്ക് വാദ് . യുകെയില്‍ നിന്നും ബിരുദം നേടിയതിന്റെ വിഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചാണ് വേദനിപ്പിച്ചവർക്ക് ധൻശ്രീ മറുപടി നല്‍കിയത്. വിഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യൽമീഡിയ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു. പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 37 ലക്ഷം ലൈക്ക് നേടിയ വിഡീയോ രണ്ടര കോടിയിലേറെ പേരാണ് കണ്ടത്.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ധൻശ്രീ ഗെയ്ക്ക് വാദ് തന്റെ അച്ഛനെ കെട്ടിപിടിച്ച് ‘വിശ്വസിച്ചതിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവച്ചത്. അച്ഛനും മകളും ആലിംഗനം ചെയ്യുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. പിന്നാലെ എയര്‍പോട്ടില്‍ മകളെ വിമാനം കയറ്റിവിടാനെത്തിയ അച്ഛനെ കാണാം. തുടര്‍ന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിലെ ബിരുദ ദാന ചടങ്ങിന്റെ ദൃശ്യങ്ങളും ബിരുദ തൊപ്പി വച്ച ധൻശ്രീയുടെ ചില ചിത്രങ്ങളും വിഡിയോയില്‍ കാണാം. വിഡിയോയില്‍ ‘അവന്‍ എന്റെ ലൈഫ് ഗാര്‍ഡ് ആണ്, അവനത് ചെയ്തു..’ എന്നും ധൻശ്രീ എഴുതി ചേർത്തിട്ടുണ്ട്. ധൻശ്രീയെ അഭിനന്ദിച്ചും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തും നിരവധി പ്രമുഖരാണ് എത്തിയത്.
View this post on Instagram
സ്വന്തം ലേഖകൻ
നോർത്താംപ്ടൻ : എം എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ കോ ഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ BMW സ്പെഷ്യൽ എഡിഷൻ 7 സീരിസ് മോഷ്ടിക്കപ്പെട്ടതും , മോഷ്ടാക്കൾ പിടിക്കപ്പെട്ടതും , കാർ മോഷണ മാഫിയയെ തകർത്തതും യുകെ നിവാസികൾക്ക് ആശ്വാസമായി മാറുന്നു.
നോർതാംടണിലുള്ള തന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന റോൾസ് റോയിസ് , റേഞ്ച് റോവർ വോഗ് , ബി എം ഡബ്ലി 7 സീരിസ് എന്നീ വണ്ടികളിൽ നിന്ന് ബി എം ഡബ്ലി 7 സീരിസ് കാർ മാത്രം ഇന്നലെ രാവിലെ 5:30 ന് മോഷ്‌ടിക്കപ്പെട്ടു. ഈ കാർ ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്നതും ടെസ്‌ല പോലെ സെൽഫ് ഡ്രൈവുമായിരുന്നു. ഇത് ബിൽഡ് യുവർ ബി എം ഡബ്ളിയു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച കാറായിരുന്നു. എന്നിട്ടു പോലും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിർവീര്യമാക്കികൊണ്ടായിരുന്നു മോഷ്‌ടാക്കൾ കാർ കടത്തിയത്.
ഇന്നലെ വെളുപ്പിനെ 4:44 ഓടുകൂടി വീട്ടിലേയ്ക്ക് പോലും നോക്കാതെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തന രഹിതമാക്കികൊണ്ട് അവർ കാർ മോഷ്‌ടിക്കുകയായിരുന്നു.
കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാറിനെ കടത്തികൊണ്ട് പോയത്. എന്നാൽ സുഭാഷ് പ്രത്യേകം ഇൻസ്റ്റോൾ ചെയ്ത ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.
മമ്മൂട്ടി ഫിലിംസിന്റെ ഡി എൻ എഫ് റ്റി റൈറ്റസ് വാങ്ങിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോയിരുന്ന സുഭാഷ് ജോർജ്ജ് ഹീത്രോ എയർപോർട്ടിൽ നിന്ന് മടങ്ങി എത്തിയത് മിനിഞ്ഞാന്ന് വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു. എയർ പോർട്ടിൽ നിന്ന് യൂബറിന്റെ പ്രീമിയം സർവീസ് ഉപയോഗപ്പെടുത്തിയാണ് സുഭാഷ് നോർത്താംടണിൽ എത്തിയത്. വീട്ടിൽ എത്തിച്ച യൂബർ ഡ്രൈവറിന്റെ ശ്രദ്ധയും പെരുമാറ്റവും സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ് പറയുന്നു.
ഇന്നലെ രാവിലെ അഞ്ച് മണിക്ക് മോഷ്‌ടിക്കപ്പെട്ട വാഹനത്തെ രാവിലെ 7 മണിയോട് കൂടി തന്നെ മോഷ്‌ടാക്കൾ ഹണ്ടിങ്ടണിലെ ടി സി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും , പോലീസ് ആ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പോലീസ് സുഭാഷിനെ അറിയിക്കുകയായിരുന്നു. മോഷണശേഷം വണ്ടി വഴിയിൽ വച്ച് ഒരു ട്രക്കിൽ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കൾ കാർ ഗാരേജിൽ എത്തിച്ചത്.
അവിടെ നിന്ന് ഇന്നലെ വൈകുന്നേരം 5:21 ഓടുകൂടി മോഷ്‌ടാക്കൾ കാറിനെ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം.
ഹണ്ടിങ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന് വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. അവിടെ എത്തിയ പോലീസ് കണ്ടത് ഇതുപോലെ മോഷ്‌ടിക്കപ്പെട്ട അനേകം കാറുകൾ കഷ്ണങ്ങളാക്കി മാറ്റി കടത്താൻ തയ്യാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ്. പോലീസ് നൽകിയ വിവരം അനുസരിച്ച് ഓർഡർ ലഭിക്കുന്നതനുസരിച്ച് കാറുകൾ മോഷ്‌ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു ഈ മോഷ്‌ടാക്കൾ. ഇവരെ പിടിക്കാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രുപ്പിന്റെ എല്ലാ കണ്ണികളിലേയ്ക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഈ മാഫിയ തകർക്കപ്പെട്ടത് വാഹനമോഷണത്തെ ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഒരു ആശ്വാസം കൂടിയാണ്. ഈ കാറ് പാർട്സുകളായി മാറ്റപ്പെട്ടതിനാൽ ഇൻഷ്വറൻസുകാർ വണ്ടി എഴുതി തള്ളും. എന്നിരുന്നാലും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസുമുള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ലഭിക്കും.
അതുകൊണ്ട് തന്നെ എല്ലാവരും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസും കൃത്യമായി എടുക്കുകയും ആപ്പിൾ എയർ ടാഗ് പോലെയുള്ള എക്സ്ട്രാ ട്രാക്കിങ്ങ് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്‌താൽ കഷ്ണങ്ങൾ ആക്കിയാലും വാഹനത്തെ കണ്ടുപിടിക്കുവാൻ അവ നിങ്ങളെ സഹായിക്കും. ഇങ്ങനെയുള്ള മുൻകരുതലുകൾ എടുക്കാൻ സാധിച്ചാൽ എല്ലാതരം മാഫിയകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരുവാനും , അവർ ശിക്ഷിക്കപ്പെടുവാനും , അങ്ങനെ അത് ഒരു സമൂഹനന്മയ്ക്ക് കാരണമായി മാറുകയും ചെയ്യും.
ഡോ. മായാഗോപിനാഥ്
ട്രെയിനിൽ തനിക്കഭിമുഖമായിരിക്കുന്ന ഉമയുടെ മുഖത്തെ കൗതുകം ശ്രദ്ധിച്ചിരുന്നു അയാൾ. ഓടുന്ന ട്രെയിനിന്റെ പിന്നീലേക്ക് പായുന്ന മരങ്ങളും കെട്ടിടങ്ങളുമൊക്കെ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ആസ്വദിക്കുകയാണവൾ
.മുഖത്തേക്ക് വീണ് കിടക്കുന്ന പാറിയ നരമുടികളും വലതു കവിളിൽ പടർന്ന കരിമംഗല്യവും ഒഴിച്ചാൽ പണ്ടത്തെ ആ മെല്ലിച്ച പെൺകുട്ടി തന്നെ ഇന്നും…നിറഞ്ഞ ചിരിയുള്ള സ്നേഹത്തിന്റെ നിറകുടമായ തന്റെ ഉമ.
ചുറ്റിലുമുള്ള ചെറിയ സുഖങ്ങളിൽ അലിഞ്ഞു ചേർന്നു സന്തോഷിക്കാൻ അവൾക്ക് പണ്ടേ നല്ല കഴിവാണ്. തനിക്കാകട്ടെ സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ അവസരം ഉണ്ടായാലും പിശുക്കി സന്തോഷിക്കുന്ന ശീലമാണ്.
സമ്പാദിക്കുന്നതൊക്കെ ചുരുക്കി ചിലവാക്കിയും മിച്ചം പിടിച്ചും കണക്ക് കൂട്ടി വീടുവച്ചും മക്കൾക്ക് വേണ്ടി നിക്ഷേപിച്ചും ഒക്കെയാണ് താൻ സന്തോഷിക്കുക.
ഉമയും താനും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്തഞ്ചു വർഷം കഴിഞ്ഞു. തന്റെ കഷ്ടപാടുകളിൽ ക്ഷമയോടെ കൂടെ നിന്നവളാണ്. സ്വകാര്യമായ ഒരാവശ്യവും കൊണ്ട് തന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്തവൾ
ഉമയെ പെണ്ണ് കാണാൻ പോയ ദിവസം ഓർത്തുപോയി.
സർക്കാർ ജോലി ഉള്ളത് കൊണ്ട് സാമാന്യം സ്ത്രീധനമൊക്കെ ഉറപ്പാക്കിയാണ് അമ്മാവൻ
തന്നെ അവളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയത്.
തലേന്നത്തെ മഴയിൽ അടർന്നു വീണ് കിടന്ന മാമ്പൂക്കൾ മണക്കുന്ന മാവിന് കീഴെ ചമയങ്ങളില്ലാതെ നിറം കുറഞ്ഞ സാരി ചുറ്റി ഇതാണ് ഞാൻ എന്ന തുറന്ന ചിരിയോടെ നിന്ന പെൺകുട്ടിയുടെ കണ്ണുകളിൽ വിടർന്നു നിന്ന കൗതുകം തന്നെ വല്ലാതെ ആകർഷിച്ചു. നഷ്ട പ്രണയത്തിന്റെ ഗൃഹാതുരതകളൊന്നും രണ്ട് പേർക്കും ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഊഷ്മളമായ ഒരു പെണ്ണ് കാണൽ തന്നെ ആയിരുന്നു അത്.
ഉമാ മഹേശ്വരി എന്ന പേരും ആളും അന്നേ തന്റെ മനസ്സിൽ ഇടം പിടിച്ചു.
ഇന്നത്തെ പോലെ ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലാത്ത അന്ന് വെറും പത്തോ അമ്പതോ പേർക്ക് സദ്യ വിളമ്പിയ സാധാരണ കല്യാണമായിരുന്നു തന്റേതും.
ഉള്ള പുരയിടത്തിന്റ മുക്കാൽ പങ്കും പത്തു മുപ്പത് പവനും ഒക്കെ തന്ന് അവളുടെ അച്ഛൻ പൊന്നു പോലെ നോക്കണം എന്ന് പറഞ്ഞാണ് തന്റെ വലം കൈ അവളുടേതിനോട് ചേർത്തു വച്ചത്.
വിവാഹ വിരുന്നു നാളുകളിൽ മിക്കപ്പോഴും പാടവരമ്പിലൂടെ കൈകോർത്തു പിടിച്ച് സംസാരിച്ചു നടന്നിട്ടുണ്ട് തങ്ങൾ. വയൽപ്പൂക്കൾക്കിടെ മറ്റൊരു പൂവിന്റെ കാന്തിയിൽ തുടുത്ത മുഖത്തോടെ അന്നൊരിക്കൽ ഉമ പറഞ്ഞ മോഹമാണ് വൃന്ദാവനം കാണണമെന്നും യമുനയുടെ കരയിൽ ഒന്നു നിൽക്കണമെന്നുമൊക്കെ .
അടങ്ങാത്ത കൃഷ്ണഭക്തിയാണുമയ്ക്ക്.
അതിനാൽ തന്നെ ഭഗവാന്റെ പാദം പതിഞ്ഞ മണ്ണും ആ ജീവിതത്തിന് സാക്ഷിയായ യമുനാദേവിയും അവളെ വല്ലാതെ മോഹിപ്പിച്ചു
അതിരില്ലാത്ത മോഹങ്ങൾ അവൾ ഒരിക്കലും കാത്തു വച്ചില്ല. ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ഒപ്പം വക്കാനാവും വിധം അവൾ ഒന്നും തന്നെ ആഗ്രഹിച്ചതുമില്ല
ജീവിത പ്രാരാബ്ദങ്ങൾക്കിടെ അവളുടെ പല ചെറിയ ആഗ്രഹങ്ങളും അവൾ പോലും ഓർത്തതുമില്ല. തന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു വല്ലപ്പോഴും ഒന്ന് അമ്പലത്തിൽ പോവുന്നതല്ലാതെ അവളെയും കൂട്ടി താൻ ഒരു പാർക്കിലും കടലോരത്തും പോയതുമില്ല. എങ്കിലും തങ്ങൾക്കിടയിൽ പരസ്പരമുള്ള ഇഷ്ടം ആഴത്തിൽ വേരു പടർത്തി നിന്നു.
മക്കളുണ്ടായതിൽ പിന്നെ അവൾ എപ്പോഴും അവരുടെ ലോകത്തായിരുന്നു. അവരുടെ കളികളും ചിരിയും കുറുമ്പും മാത്രമായി അവളുടെ ലോകം. ബാലരമയും പൂമ്പാറ്റയുമൊക്കെ വായിച്ച് അവളും പൊട്ടിച്ചിരിക്കുമായിരുന്നു. മിക്കപ്പോഴും അമ്മയുടെ അടുത്തേക്ക് പോകാൻ കുഞ്ഞു മൃഗങ്ങളെ വഴികണ്ടു പിടിക്കുന്ന കളി മക്കൾക്ക് വേണ്ടി അവളാണ് വരയ്ക്കുമായിരുന്നത്.
പദപ്രശ്നം പൂരിപ്പിക്കാനോ ക്ലാസ്സിൽ കണക്കിന് ഉത്തരം കണ്ടുപിടിക്കാനോ ഒന്നും മക്കൾ തന്നെ ആശ്രയിച്ചില്ല.
ഉമയുടെ വിഷയം ജിയോഗ്രാഫി ആയത് കൊണ്ട് ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങളെയും നദികളെയും കുറിച്ചും മറ്റും അവൾക്ക് നല്ല അറിവുമുണ്ടായിരുന്നു.
മക്കളെ പഠിപ്പിക്കുമ്പോൾ ഉത്തരെന്ത്യൻ രേഖാചിത്രം വരച്ചു യമുനോത്രി മുതൽ എങ്ങനെ ഹരിയാന വഴി ഉത്തർപ്രദേശിലൂടെ ഒഴുകി അല്ലഹബാദിൽ വച്ച് യമുന ഗംഗയിൽ ലയിക്കുന്നു എന്നൊക്കെ അവൾ പഠിപ്പിക്കുന്നത് താൻ സാകൂതം നോക്കി നിന്നിട്ടുണ്ട്.
സൂര്യ പുത്രിയായി സങ്കല്പിക്കപ്പെടുന്ന യമുനയുടെ തപസ്സിന്റെ പുണ്യത്താൽ നദിയായി മാറിയ കഥയൊക്കെ താൻ ഉമയിൽ നിന്നാണറിഞ്ഞത്.
ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒരു നദിയായി ജനിക്കാനാണ് അവളാഗ്രഹിക്കുന്നതെന്നു പലപ്പോഴും പറഞ്ഞതോർത്തു അയാൾ.
പൊതുവെ മിതഭാഷിയായ ഉമ നദികളെ കുറിച്ചു പറഞ്ഞാൽ വാചാലയാവും.
പർവതം മുതൽ സമുദ്രം വരെ ഒഴുകുന്നതിനിടെ തനിക്ക് ചുറ്റിലുമുള്ള സകല ജീവജാലങ്ങളുടെയും ജീവനാഡിയാണ് നദി.
ഓരോ നദിക്കും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നവൾ പറയുന്നത് ശരിയാണെന്നു തനിക്കും തോന്നിയിട്ടുണ്ട്.
ഒരു നദിക്കും മുന്നോട്ടോഴുകേണ്ട വഴി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
നേരിന്റെ വിശുദ്ധിയാണ് മനുഷ്യന്റെ സ്വാർത്ഥതയിലും നദികളെ വരണ്ട് പോകാതെ കാക്കുന്നതെനാണവളുടെ പക്ഷം.
നേരിന്റെ വിശുദ്ധി പകർന്നു കൊടുത്തു തന്നെയാണ് ഉമ മക്കളെ കൈപിടിച്ച് മുന്നോട്ടു നടത്തിയതും.
അവർ രണ്ട് പേരും ഉപരിപഠനവും ജോലിയും തേടി യൂ കെ യ്ക്ക് പോകും വരെ അവൾ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു.
ഒരിക്കലും വയ്യെന്ന് പറഞ്ഞു ഒതുങ്ങിയിരിക്കാൻ ഇഷ്ടപെടാത്ത ഉമ മക്കൾ പോയശേഷം ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെയായി.
ഉത്സാഹമൊക്കെ നശിച്ച് പെട്ടെന്നു വാടിപ്പോയി. പറക്കമുറ്റുമ്പോൾ പുതിയ ചില്ലകൾ തേടി പറന്നു പോകുന്ന കിളികുഞ്ഞുങ്ങളെ ആർക്കാണ് തടയാനാവുക?
ഉമയുടെ അച്ഛൻ തന്ന പറമ്പും വീടിരിക്കുന്നത് ഒഴികെയുള്ള തന്റെ മുഴുവൻ പറമ്പും വിറ്റാണ് കുട്ടികൾക്ക് വേണ്ടി പത്തു നാൽപതു ലക്ഷം ഉണ്ടാക്കിയത്..
ഓരോന്നോർത്തിരിക്കെ ഉമ പിന്നിലേക്ക് ചാരി കണ്ണടച്ചിരിക്കുന്നത് കണ്ടു.
യാത്ര പല സ്റ്റേഷനുകൾ പിന്നീട്ടിരുന്നു.
ഉമയുടെ ആഗ്രഹം പോലെ യമുന കാണാൻ, ദില്ലി കാണാൻ പിന്നെ എയിംസ് ലെ ന്യൂറോസർജനെ കാണാൻ.
ഉത്സാഹം നശിച്ചതിനൊപ്പം വഴികൾ തിരിച്ചറിയാൻ അവൾക്ക് ബുദ്ധിമുട്ട് തുടങ്ങി.
പെട്ടെന്നൊരു നാൾ മാർക്കറ്റിൽ പോയി വന്ന ഉമ ഓട്ടോയിൽ വീടിന് മുന്നിലെ വഴിയിൽ ഇറങ്ങി വീട് കണ്ടു പിടിക്കാനാവാതെ പലവുരു നടന്നു എന്ന് പറഞ്ഞത് തന്നെ വല്ലാതെ അസ്വസ്ഥാനക്കി.
അന്ന് കനത്തു പെയ്ത മഴയിൽ അവൾ വേദന മറച്ചു പിടിച്ചു പുലരുവോളം തേങ്ങിയത് മുഖം തിരിഞ്ഞു കിടന്നാണ്.തന്റെ ഉള്ളിളും വല്ലാത്തൊരു കാളൽ ആയിരുന്നു.
മാസത്തിലെ രണ്ട് ഞായറാഴ്ച വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുറച്ച് ചോറുപൊതികൾ കൊടുക്കുന്ന ഒരു ശീലം അവൾക്കുണ്ടായിരുന്നു. മറ്റെന്തു ജോലിയുണ്ടായാലും കൊല്ലങ്ങളോളം മുടങ്ങാതെ തുടർന്ന ഒരു ശീലം
എന്നാൽ പിന്നീട് വന്ന ഞായറാഴ്ച ദിവസം അവിടേക്കു പോകാൻ ഇറങ്ങി വഴി മറന്നു ഇടവഴികളിലൂടെ ചുറ്റിതിരിഞ്ഞ ഉമയ്ക്ക് കരച്ചിൽ വന്ന് തന്നെ ഫോൺ ചെയ്തു വിളിച്ചു വരുത്തി.
അവൾക്കെന്തോ സാരമായ അസുഖം ഉണ്ടെന്നു അവൾ ഉറപ്പിച്ചിരുന്നു.
അങ്ങനെയാണ് ഡോക്ടർ ബ്രെയിൻ സ്കാൻ നിർദേശിച്ചത്…
സ്ഥലങ്ങളും ദിക്കും തിരിച്ചറിയുന്ന മസ്തിഷ്ക ഭാഗത്താണ് ഒരു മുഴ രൂപപ്പെട്ടത്.
റിപ്പോർട്ട് അറിഞ്ഞ നാൾ മുതൽ ഒന്നും മക്കളെ അറിയിച്ചു വേദനിപ്പിക്കരുതെന്നു ഉമ നിർബന്ധം പിടിച്ചു.
ദില്ലി യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒത്ത് കാണാത്ത നാടുകളിൽ യാത്ര പോകുന്നതോർത്തു മക്കൾ സന്തോഷിക്കട്ടെ എന്നാണ് ഉമ പറഞ്ഞത്.
ഏത് പ്രതിസന്ധിയിലും സാരമില്ല നന്ദേട്ടാ ഞാനില്ലേ കൂടെ എന്ന് പറയുന്ന ഉമ…
ദാമ്പത്യത്തിൽ അതിനപ്പുറം എന്താണ് വേണ്ടത് എന്നോർത്തുപോയി അയാൾ..
ഒപ്പം നടന്ന് നെഞ്ചിലെ നോവറിഞ്ഞു സാരമില്ലെന്നു പറയാൻ ഒരാൾ. ഒരുമിച്ചിരുന്നു പൊട്ടിച്ചിരിക്കാനും ആയാസപ്പെടുമ്പോൾ തോളിലേക്കൊന്നു ചായാനും ഒരാൾ.. പരസ്പരം മടുക്കാതെ, വെറുക്കാതെ കൈപിടിച്ച് കൂടെ നടക്കാൻ ഒരാൾ…
തന്റെ അർദ്ധനാരീശ്വരി
ഉമ…
ഒരു രോഗത്തിനും വിട്ട് കൊടുക്കാനാവില്ല തന്റെ ഉമയെ.
യമുന മാത്രമല്ല അവളുടെ ആഗ്രഹം പോലെ തന്നെ കൊണ്ടാവുന്നിടത്തൊക്കെ കൊണ്ട് പോകണം..ഒരു കുഞ്ഞിനെ എന്ന വണ്ണം കൈപിടിച്ച് കൂടെ കൊണ്ട് നടക്കണം..അവൾക്ക് പ്രിയപ്പെട്ട കുപ്പിവളകളും കരിമണി മാലയും വാങ്ങി കൊടുക്കണം..
വിവാഹ നാളുകളിലേതു പോലെ കനകാംബരവും മുല്ലയും അടുക്കി കെട്ടിയ പൂമാല മുടിയിൽ തിരുകി കൊടുക്കണം…
ബെർത്തിൽ വിരിപ്പ് വിരിച്ചു അയാൾ സീറ്റിൽ ചാരി യിരുന്ന ഉമയെ വിളിച്ചു. പിന്നെ അവിടേക്കു അവരെ താങ്ങി കിടത്തി.
ഉമ മെല്ലെ മയക്കത്തിലേക്കു വഴുതി വീഴുന്നത് അയാൾ നോക്കിയിരുന്നു.
യമുന അയാളുടെ കണ്ണുകളിൽ നീലച്ചു നീലച്ചു കിടന്നു ..ഉത്തര
മഥുരാപുരിയും യമുനയുടെ പുളിനങ്ങളും സ്വപ്നം കണ്ടു ഉമ ട്രെയിനിന്റെ താളത്തിൽ ലയിച്ചുറങ്ങി.
യമുനയൊഴുകും വഴി മനസ്സിൽ ഒരു ചിത്രം പോലെ സൂക്ഷിച്ചു വച്ച ഉമ തന്റെ പുളിനങ്ങളെ തലോടാൻ വരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ യമുനയുടെ നെഞ്ചു മിടിച്ചു. നേരിന്റെ ഹൃദയതാളം യമുനയോളം മറ്റാരാണറിയുക?
ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷൻ പാലോട് രവി. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എൽ.എ ഉടൻ തന്നെ ഇടപെട്ട് ‘പാടല്ലേ’ എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം.
മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുകയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എം.പി., രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.
അതേസമയം, സമരാഗ്നി സമാപന വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സാധാകരന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. മുഴുവന്‍ സമയം ഇരിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നും പ്രസിഡന്റിന് അക്കാര്യത്തില്‍ ഒരു വിഷമം വേണ്ടെന്നും വി.ഡി. സതീശന്‍ സുധാകരനെ തിരുത്തി. നമ്മുടെ പ്രവര്‍ത്തകരല്ലേയെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ചില സ്ത്രീകള്‍ മീടൂ ആരോപണം ഉന്നയിച്ചെന്ന സുപ്രീംകോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ശശി തരൂർ എംപി.
ദിവസവും നൂറ് കണക്കിന് സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതുവരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തരൂർ പറയുന്നു.
“ഞാൻ എല്ലാ ദിവസവും നൂറ് കണക്കിന് സ്ത്രീകളെ കാണുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. അത് അവർ ആവശ്യപ്പെട്ടിട്ടാണ്. ഞാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ എനിക്കെതിരെ ഒരു ആരോപണം എതെങ്കിലും മഹിള പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ ഞാൻ കേള്‍ക്കാൻ തയ്യാറാണ്. എന്റെ ജീവിതത്തില്‍ ഞാൻ ഇത്തരത്തില്‍ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല”.
“സ്ത്രീകളെ ബഹുമാനിക്കുകയും അവരോട് നല്ല രീതിയില്‍ പെരമാറുകയും ചെയ്യുന്ന ആളാണ് ഞാൻ. അമേരിക്കയിലോ, സിംഗപ്പൂരിലോ, ഇന്ത്യയിലോ ജീവിക്കുന്നത് വ്യത്യാസമായല്ല.
എനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നരം വരെ ആള്‍ക്കാരെ എനിക്ക് നോക്കണ്ടേ. എനിക്ക് നോക്കി സംസാരിക്കാനൊന്നും സമയം കിട്ടാറില്ല. ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്, അതാണ്”- ശശി തരൂർ എംപി പറഞ്ഞു.