ന്യൂസ് ഡെസ്ക്. മലയാളം യുകെ
യു കെയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് ലിവർപൂൾ വേദിയാകുന്നു. നോർത്ത് വെസ്റ്റിലെ അറുപതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളം വരുന്ന ശനിയാഴ്ച്ച ലിവർപൂളിൽ അരങ്ങേറും. അറുപത് പാട്ടുകളും രണ്ട് മിമിക്രിയും രണ്ട് ഡാൻസും രണ്ട് ടീസർ പ്രമോഷനും കൂടാതെ ലാമ്പ് ലൈറ്റിങ്ങും MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നതാണ് പ്രോഗ്രാം.
ലിവർപൂളിലെ കാർഡിനൽ ഹീനൻ ഹൈസ്കൂൾ ഹാളിൽ വരുന്ന ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് പ്രാർത്ഥനാ ഗാനത്തോടെ സംഗീതോത്‌സവത്തിന് തിരശ്ശീലയുയരും. വൈകിട്ട് 9:30 തോടെ യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള അറുപത് ഗായകരും തങ്ങളുടെ കഴിവ് തെളിയ്ക്കും. തുടർന്ന് DJ യോടു കൂടി പത്ത് മണിക്ക് പരിപാടികൾ അവസാനിക്കും.
12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമായിട്ടാണ് സംഗീതോത്സവത്തിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്ന് അവതരിപ്പിക്കും.
ഷിബു പോൾ, ഡോ. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, സീമ സൈമൺ എന്നിവരാണ് MML NORTH FEST ന്റെ അവതാരകർ.
യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ PRO അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാമൂഹ്യ-പൊതു പ്രവർത്തകൻ സോണി ചാക്കോ, നോർത്ത് വെസ്റ്റിലെ യുവ ബിസിനസ് സംരംഭക ഷൈനു മാത്യു , TV അവതാരകൻ സന്തോഷ് പാലി, ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, MML കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരാണ് വിശിഷ്ഠാതിഥികളായി എത്തുന്നത്.
ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ& ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരാവുന്ന ഈ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കുന്നത് ലിവർപൂളിലെ കറിച്ചട്ടിയാണ്.
പ്രവേശനം ലഭിക്കുന്നതിനായി അന്നേ ദിവസം ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ശ്രീജേഷ് സലിം കുമാർ എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.
ആതിര ശ്രീജിത്ത്
സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഈ വർഷത്തെ ഈസ്റ്റെർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 20 ന് മാനവീയം എന്നാണ് പ്രോഗ്രാമിന് സഘാടകർ പേര് നൽകിയിരിക്കുന്നത്.യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ലിമ.
വിഷു കണി,10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികൾക്കും ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം, കുട്ടികൾക്കായി രാധ, കൃഷ്ണ മത്സരം, വിവിധങ്ങളായ നൃത്തങ്ങൾ, അനുഗ്രഹീത ഗായകരുടെ ഗാനങ്ങൾ, ഡിജെ, കൂടാതെ മറ്റ് കലാ പരിപാടികൾ, കൂടാതെ വിഭവ സമൃദമായ ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ലിമ നേതൃത്വം അറിയിക്കുന്നു.
യുദ്ധവും പട്ടിണിയുംമൂലം ജനങ്ങൾ നരകയാതനയനുഭവിക്കുന്ന ഗാസയിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം 15 കുട്ടികൾ മരിച്ചു. ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിലാണ് ഇവർ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പോഷകാഹാരക്കുറവും വയറിളക്കവുമായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ആറുകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് മന്ത്രാലയവക്താവ് അഷ്‌റഫ് അൽ ഖിദ്‌റ പറഞ്ഞു. ജനറേറ്ററിന്റെ പ്രവർത്തനവും ഒാക്സിജൻ വിതരണവും നിലച്ചതിനാൽ ചികിത്സയും അവതാളത്തിലാണ്. ആഹാരമില്ലാതെ വലയുന്ന ഗാസക്കാർക്ക് ശനിയാഴ്ച യു.എസ്. സൈന്യം വിമാനങ്ങളിൽനിന്ന് മുപ്പതിനായിരത്തോളം ഭക്ഷണപ്പൊതികൾ ഇട്ടുകൊടുത്തിരുന്നു.
അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ്, യു.എസ്., ഖത്തർ പ്രതിനിധികൾ വീണ്ടും ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിലെത്തി. റംസാൻ ആരംഭിക്കുന്നതിനുമുമ്പായി ആറാഴ്ചത്തെ വെടിനിർത്തൽക്കരാർ സാധ്യമാക്കുകയാണ് ചർച്ചയുടെ മധ്യസ്ഥരായ യു.എസ്., ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ലക്ഷ്യം. ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുക, ജീവകാരുണ്യസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇസ്രയേൽ അംഗീകരിച്ചാൽ 24 മണിക്കൂറിനോ 48 മണിക്കൂറിനോ ഉള്ളിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് ഹമാസ് പറഞ്ഞു.
24 മണിക്കൂറിനിടെ ഗാസയിൽ 90 പേർ കൊല്ലപ്പെട്ടു. ആകെ മരണം 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു. യുദ്ധം 5.76 ലക്ഷം ഗാസക്കാരെ കൊടുംപട്ടിണിയിലാക്കിയെന്നാണ് യു.എൻ. കണക്ക്.
അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ബിജെപിയില്‍ പൊട്ടിത്തെറി. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി.
അതിനെ പിന്നാലെയാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളും അതൃപ്തി പരസ്യമായി പറഞ്ഞ് രംഗത്ത് വരുന്നത്. കർഷക മോർച്ച ജിലാ പ്രസിഡന്റ് ശ്യാം തട്ടയിൽ നേതൃത്വത്തെ രൂക്ഷമായ വാക്കുകളിൽ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു.
എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. അനിലിന്‍റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയിൽ ആരോപിച്ചു.
ഫേയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കർഷകമോർച്ച ജില്ലാ പ്രസിഡന്‍റ് കൂടിയായ ശ്യാം തട്ടയിലിനെ കെ. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കി.
ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ അനില്‍ ആന്‍റണി ഒട്ടും അനുയോജ്യല്ലെന്നാണ് ജില്ലയിലെ വലിയ നേതാക്കൾ തന്നെ പറയുന്നത്.
പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൻ പുരയിടം വീട്ടിൽ രാജേഷ്.ആർ (കണ്ണൻ 21 ) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ബന്ധുക്കൾക്ക് അയച്ചു നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച് . ഓ . പ്രകാശ് ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .
ഇയാൾക്ക് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. .
പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഹസന്‍കുട്ടി എന്നയാളെ പിടികൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.
ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.
കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് ഓടയില്‍നിന്ന് കണ്ടെത്തിയത്.
ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡ് മലയാളി അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് അംഗമായ ജിജോ മോൻ ജോർജിന്റെ ഭാര്യ അൻസിൽ ജിജോയുടെ മാതാവ് കൊച്ചുമുട്ടം കൊല്ലപ്പറമ്പിൽ ഏലിയാമ്മ മാത്യു (84) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ തിങ്കളാഴ്ച (4 /3 /2024 ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് ഏനാനല്ലൂർ ബസ്ലേഹം തിരുകുടുംബ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
അൻസിൽ ജിജോയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഗുജറാത്തിലെ ജാംനഗറിപ്പോള്‍ ആഘോഷത്തില്‍ മുങ്ങിയിരിക്കുകയാണ്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെലിബ്രിറ്റി അതിഥികള്‍ ഇവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നടക്കുന്ന പരിപാടി ജാംനഗറിലെ റിലയന്‍സിന്റെ ടൗണ്‍ഷിപ്പിലാണ് നടക്കുന്നത്. 750 ഏക്കറോളം പരന്നുകിടക്കുന്നതാണ് ഈ ഗ്രീന്‍ ടൗണ്‍ഷിപ്പ്.
ഏകദേശം 1250 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി അംബാനി കുടുംബം ചെലവഴിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇതിന് മുന്നോടിയായി ജാംനഗറില്‍ കംകോത്രി ചടങ്ങും അന്നസേവയും ആനന്ദിന്റേയും രാധികയുടേയും കുടുംബം നടത്തിയിരുന്നു.
ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരൊക്കെ അതിഥികളില്‍പ്പെടുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാനടക്കമുള്ള ബോളിവുഡ് താരങ്ങളും ജാംനഗറിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. പോര്‍ ഇറ്റ് അപ്, വൈല്‍ഡ് തിങ്‌സ്, ഡയമണ്ട്‌സ് തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം റിഹാനയും സംഘവും വേദിയില്‍ തകര്‍ത്താടി. ഏകദേശം 66-74 കോടി രൂപയാണ് റിഹാനയെ ചടങ്ങിലെത്തിക്കാന്‍ അംബാനി കുടുംബം ചെലവഴിച്ചത്. രണ്ട് ദിവസം മുമ്പ് റിഹാന ജാംനഗറില്‍ വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോയും റിഹാനയുടെ ലഗേജുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം എയര്‍ബസിലാണ് താരം പറന്നിറങ്ങിയത്. അര്‍ജിത് സിങ്ങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍ എന്നിവരുടെ പരിപാടികളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും.
ജാംനഗറിലെ വിമാനത്താവളത്തിന് താത്കാലികമായി അന്താരാഷ്ട്രപദവിയും നല്‍കിയിട്ടുണ്ട്. വിദേശ അതിഥികളുടെ സ്വകാര്യവിമാനങ്ങള്‍ വരുന്നത് പരിഗണിച്ച് പത്തുദിവസത്തേക്കാണ് ഈ പദവി. മൂന്ന് വിമാനങ്ങള്‍മാത്രം സര്‍വീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ അതിഥികളുമായി എത്തിയത്. ഇതില്‍ 90 ശതമാനവും വിദേശത്തുനിന്നാണ്.
വ്യത്യസ്ത തീമുകളെ ആസ്പദമാക്കിയാണ് പ്രീ വെഡ്ഡിങ് ആഘോഷം. എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് ആദ്യ ദിവസത്തെ തീം. എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കുക. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ തീമിലുള്ള ഡ്രസ്സ് കോഡായിരിക്കും. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം നടക്കും. അതിഥികള്‍ക്കായി ഹെയര്‍സ്‌റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരേയും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 51,000 ഗ്രാമവാസികള്‍ക്ക് അംബാനിയുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടിയാണ് അംബാനി കുടുംബം അന്ന സേവ നടത്തിയത്. മുകേഷ് അംബാനി, ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്റ്, വീരേന്‍ മെര്‍ച്ചന്റ്, ഷൈല മെര്‍ച്ചന്റ് എന്നിവര്‍ ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങള്‍ വിളമ്പി. പ്രശസ്ത ഗുജറാത്തി ഗായകന്‍ കീര്‍ത്തിദന്‍ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഒരുക്കിയിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവാഹം നടക്കുക. ജൂലൈ 12-ന് മുംബൈയിലാണ് വിവാഹം.
ഫാ. ഹാപ്പി ജേക്കബ്ബ്
“പുല്ല് ഉണങ്ങി, പൂ ഉതിർന്നു “എന്ന ആശയവും പ്രയോഗവും വി. വേദപുസ്തകത്തിൽ നാം കാണാറുണ്ട്. ക്ഷണികം, നൈമിഷികം എന്ന അർത്ഥം ആണ് ഈ വിശേഷണം നൽകുന്നത്. എന്നാൽ തുടർച്ചയായ , എന്നും പ്രാപ്യമായി നിലനിൽക്കുന്ന, അനിത്യമായി വ്യാപരിക്കുന്ന ഒരു തലം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം ക്ഷണികം എങ്കിൽ നിത്യജീവൻ എന്നേക്കും ഉള്ളതാണ്. പ്രാർത്ഥിക്കുക എന്ന വാക്ക് പരിചിതമാണ് എങ്കിലും അതിൻറെ ആവർത്തനം എത്ര രുചി തരും നമുക്ക്. എന്നാൽ നിരന്തരം പ്രാർത്ഥിക്കുക എന്ന ക്രിയ നമ്മെ കൊണ്ടെത്തിക്കുന്നത് നിത്യ ദൈവത്തോടുള്ള നിത്യ ബന്ധത്തിലാണ് . അങ്ങനെ നിത്യനായ ദൈവത്തോട് നിരന്തരമായ പ്രാർത്ഥന മൂലം അത്ഭുതം നേടിയ ഒരു സ്ത്രീയുടെ കഥയാണ് ഇന്നത്തെ ചിന്തയുടെ ആധാരം ; വി. മത്തായി 15: 21- 31 വരെയുള്ള വാക്യങ്ങൾ തൻറെ മകളുടെ രോഗശാന്തിക്കായി നിരന്തര അപേക്ഷയുമായി യേശുവിനെ സമീപിച്ച കനന്യക്കാരിയായ സ്ത്രീ ഈ സംഭവം നിരന്തരമായ വിശ്വാസത്തിലൂടെ പരിവർത്തനത്തിന്റെ അനുഭവങ്ങളെ ഉയർത്തി കാണിക്കുകയും ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴമേറിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.
1. നിരാശയുടെ നിലവിളി
കർത്താവേ ദാവീദു പുത്രാ എന്നോട് കരുണയുണ്ടാകണമേ എന്ന് നിലവിളിക്കുന്ന ആ സ്ത്രീയുടെ ചിത്രം, നമ്മളിൽ പലരും കടന്നു പോയിട്ടുള്ള ജീവിത സാഹചര്യം ,ആശ്രയം അറ്റ ദിനങ്ങളിൽ ഒരിറ്റ് ആശ്വാസത്തിനായി കേഴുന്ന ദിനങ്ങൾ, ഇങ്ങനെ എണ്ണമറ്റ വ്യക്തികളുടെ ഹൃദയംഗമമായ നിലവിളിയുടെ പ്രതിധ്വനി. യേശുവിനോടുള്ള തീഷ്ണമായ അഭ്യർത്ഥനയും അവളുടെ പ്രതീക്ഷയും രോഗശാന്തിയിലൂടെ വിടുതലും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പാഠം നമുക്ക് നൽകുന്നു. നമ്മുടെ ജീവിതത്തിൽ ഏത് നിമിഷവും ഇങ്ങനെയുള്ള ദിനങ്ങൾ കടന്നു വന്നേക്കാം, എങ്കിലും നമുക്കും ഒരു ഈ കനന്യ സ്ത്രീയെ പോലെ സൗഖ്യം ലഭിക്കും വരെ അവൻറെ കരുണയും അതിരില്ലാത്ത സ്നേഹത്തോടും നമുക്ക് പ്രാർത്ഥിക്കാം.
2. പരീക്ഷണത്തിൽ തളരാത്ത വിശ്വാസം
യേശുവും ആ സ്ത്രീയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക . ” കുട്ടികളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതമല്ല ” എന്ന പ്രസ്താവന അവളുടെ വിശ്വാസത്തെയും സ്ഥിരതയും പരീക്ഷിക്കുന്നു. എന്നാലും അവൾ പിന്മാറാതെ നായ്ക്കൾ യജമാനന്മാരുടെ മേശമേൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്ന് ജീവിക്കുന്നു എന്ന് മറുപടി പറയുന്നു .യേശുവിൻറെ സമൃദ്ധമായ കൃപയും കാരുണ്യത്തെയും കുറിച്ചുള്ള അവളുടെ അഗാധ ബോധം ആ കൃപയുടെ ഒരു നുറുക്ക് മതി തൻറെ മകളുടെ സൗഖ്യത്തിന് എന്ന് അവൾ പ്രതിവചിക്കുന്നു. ദൈവത്തിൻറെ നന്മയിലും പരമാധികാരത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പരീക്ഷണങ്ങളിലും പ്രത്യക്ഷമായ തിരിച്ചടികളിലും വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ നമ്മെ ഈ ഭാഗം പഠിപ്പിക്കുന്നു.
3. വിശ്വാസത്തിലുള്ള അന്തിമവിജയം.
അവളുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവളോട് പ്രതിവചിക്കുന്നു. “സ്ത്രീയേ നിൻറെ വിശ്വാസം വലിയത്, നിൻറെ അപേക്ഷ കേട്ടിരിക്കുന്നു. ” ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുന്നു. അവളുടെ മകളുടെ രോഗശാന്തി വിശ്വാസത്തിന്റെയും പരിവർത്തന ശക്തിയുടെയും നമ്മുടെ രക്ഷകന്റെ അതിരില്ലാത്ത അനുകമ്പയുടെയും തെളിവായി വർത്തിക്കുന്നു. അവളുടെ വിശ്വാസം മൂലം തൻറെ മകൾ ശാരീരിക ശാന്തി മാത്രമല്ല ആത്മീക സ്ഥിരീകരണവും അനുഗ്രഹവും ലഭിക്കുന്നു. വിശ്വാസത്തോടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നുള്ളതും ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിൽ ദൈവം സന്തോഷിക്കുന്നു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാനും ദൈവത്തിൻറെ നന്മയിലും കരുണയിലും ആശ്രയിക്കാനും അങ്ങനെയെങ്കിൽ തൻറെ വാഗ്ദാനം അവൻ നിറവേറ്റും എന്നുള്ള ഉറപ്പും നമുക്ക് ലഭിക്കുന്നു. നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുമ്പോൾ പർവ്വതങ്ങളെ ചലിപ്പിക്കുവാനും അത്ഭുതഫലങ്ങൾ കൊണ്ടുവരുവാനും നമ്മുടെ വിശ്വാസത്തിന് ശക്തിയുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഈ കനാനായ സ്ത്രീയുടെ ദൃഢതയും സ്ഥിരോത്സാഹവും നമുക്കും അനുകരിക്കാം.
പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും. പട്ടികയില്‍ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന നേതാവുമായ പി.കെ. കൃഷ്ണദാസിന് പ്രധാനമണ്ഡലങ്ങളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയില്‍ അദ്ദേഹമില്ലെന്നത് ശ്രദ്ധേയമാണ്. കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
ബി.ജെ.പി. സ്ഥാനാര്‍ഥികള്‍
കാസര്‍കോട്- എം.എല്‍. അശ്വിനി
കണ്ണൂര്‍- സി. രഘുനാഥ്
വടകര- പ്രഫുല്‍ കൃഷ്ണ
കോഴിക്കോട്- എം.ടി. രമേശ്
മലപ്പുറം- ഡോ അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി കൃഷ്ണകുമാര്‍
തൃശ്ശൂര്‍- സുരേഷ് ഗോപി
ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍
പത്തനംതിട്ട- അനില്‍ ആന്റണി
ആറ്റിങ്ങല്‍- വി മുരളീധരന്‍
തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരന്‍