പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്.
തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.
മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്ക് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ടി പി വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ല. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് എന്നും നിയമ പോരാട്ടം തുടരുമെന്നും മേല്‍ക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി വധശിക്ഷ നല്‍കിയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്.
ഇവര്‍ക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്.
രാജസ്ഥാനിലെ ആൽവാരിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 24 വയസ്സുകാരിയെ ചിരാഗ് യാദവ് എന്നയാൾ ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് പീഡിപ്പിച്ചതായാണ് ആരോപണം.
എതിർക്കാതിരിക്കാൻ കുത്തിവയ്പ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. ബോധം വന്നപ്പോൾ ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളോടും യുവതി പീഡന വിവരം അറിയിക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. നഴ്സിങ് അസിസ്റ്റന്റ് ബെഡിനു സമീപത്തേക്ക് പോയി കർട്ടനിട്ടു മറയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രെസ്റ്റണിൽ അന്തരിച്ച ഡോ. ജേക്കബ് ജോസഫിന് (64 ) മാർച്ച് 6-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 മണി മുതൽ 11:00 മണി വരെ പ്രെസ്റ്റണിലെ സെൻറ് ജോസഫ് കത്തീഡ്രലിലാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടർന്ന് 11 മണിക്ക് കുർബാനയും സെന്‍റ് ആൻഡ്രൂസ് ചർച്ച് സെമിത്തേരിയിൽ വെച്ച് സംസ്കാരവും നടക്കും.
യുകെയിലെ ആദ്യകാല മലയാളികളിൽ ഒരാളായ ഡോ. ജേക്കബ് ജോസഫ് ഫെബ്രുവരി 22-ാം തീയതിയാണ് മരണമടഞ്ഞത് . ഡോക്ടർ എ. ജെ. ജേക്കബ് പ്രമുഖ എൻഎച്ച്എസ് ആശുപത്രികളിൽ ഒന്നായ പ്രെസ്റ്റണിലെ ലങ്കഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ ന്യൂറോപതോളജിസ്റ്റ് കൺസൾട്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം 22 നാണ് മരിച്ചത്. പാലാ ഇടമറ്റം ആയത്തമറ്റം പരേതരായ ഡോ. എ. എം. ജോസഫിന്‍റെയും പ്രഫസർ മോളി ജോസഫിന്‍റെയും (അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി) മകനാണ്.
ഭാര്യ: ഡോ. ദീപ ലിസാ ജേക്കബ് (തോട്ടയ്ക്കാട് ചെമ്പിത്താനം കുടുംബാംഗം). മക്കൾ: ഡോ. ജോ ജേക്കബ്, ഡോ. ജെയിംസ് ജേക്കബ്.
പ്രെസ്റ്റണിലെ സെൻറ് ജോസഫ് കത്തീഡ്രൽ ഇടവകാംഗമാണ്.
ഡോ.എ.ജെ.ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. ആറ് പ്രതികളുടെ ശിക്ഷ കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. 2044 വരെ, അഥവാ 20 വര്‍ഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഇതിനുപുറമേ, ടി.പി. കേസില്‍ ഏറ്റവുമൊടുവില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവും ഹൈക്കോടതി വിധിച്ചു. കേസില്‍ പ്രതികള്‍ക്കുള്ള പിഴയും കോടതി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ പ്രതികളും ഒരുലക്ഷം രൂപവീതം പിഴ അടയ്ക്കണം. കെ.കെ. രമയ്ക്ക് ഏഴരലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല.
പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വര്‍ഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയില്‍ റിപ്പോര്‍ട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു. ജയിലില്‍ കഴിഞ്ഞ കാലത്ത് പ്രതികള്‍ ഏര്‍പ്പെട്ട ക്രിമിനല്‍പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച് ജയിലുകളില്‍നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ഇത്തരം ക്രിമിനല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
അതേസമയം, ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണ കോടതിയില്‍ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍കൂടുതലായി പ്രോസിക്യൂഷന്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയിലേക്ക് പോകരുതെന്നും പ്രതിഭാഗം ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞു.
ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച് കണ്ണൂര്‍, തൃശ്ശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും കോടതി പരിശോധിച്ചു. ഇവയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തര്‍ക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.
ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ തിങ്കളാഴ്ച കോടതി പ്രതികളോട് ചോദിച്ചറിഞ്ഞിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍ മറ്റാരുമില്ലെന്ന് ഒന്നാംപ്രതി എം.സി. അനൂപും നിരപരാധിയാണെന്നും വീട്ടില്‍ 80 വയസ്സായ അമ്മ മാത്രമേയുള്ളൂവെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും മറുപടി നല്‍കി.
കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കൊടി സുനിയുടെ വാദം. 78 വയസ്സായെന്നും ചികിത്സയിലാണെന്നും കെ.കൃഷണന്‍ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ജ്യോതി ബാബുവിന്റെ വിശദീകരണം.
പ്രതികളായ ട്രൗസർ മനോജ്, ടി.കെ. രജീഷ്, അനൂപ്, വാഴപ്പടച്ചി റഫീഖ്, കിർമാണി മനോജ്, മുഹമ്മദ് ഷാഫി, ഷിനോജ്, അണ്ണൻ സിജിത് എന്നിവർ ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ.
ഫെബ്രുവരി 19-ന് ടി.പി. വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. വെറുതേവിട്ട പത്താംപ്രതി സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്നും കണ്ടെത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കം 22 പേരെ വെറുതേവിട്ടത് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതി സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും 31-ാം പ്രതി കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവും. ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചു.
2012 മേയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരനെ ഒരുസംഘം കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍നിന്ന് വിട്ടുപോയി ആര്‍.എം.പി. രൂപവത്കരിച്ചതിലുണ്ടായ പകനിമിത്തം സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 36 പ്രതികളായിരുന്നു ആകെ. 2014-ലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്.
മൃഗശാല കാണാനിറങ്ങിയ യുവ ദമ്പതികളുടെ യാത്ര അന്ത്യയാത്രയായി. അഭിഷേക് ആലുവാലിയ(25)യും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.
തിങ്കളാഴ്ച ഡൽഹിയിലുള്ള മൃഗശാല സന്ദർശിക്കാനിറങ്ങിയതായിരുന്നു അഭിഷേകും ഭാര്യ അഞ്ജലിയും. മൃഗശാലയിലെത്തിയ അഭിഷേകിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടൻ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. പക്ഷേ രക്ഷിക്കാനായില്ല.
തുടർന്ന് അഭിഷേകിന്റെ മൃതദേഹം ഇവരുടെ ഫ്ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിൽ എത്തിച്ചു. അഭിഷേകിന്റെ ചേതനയറ്റ ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.
അമീർ ഖാൻ നവാസ്
ചെസ്റ്റർ : ചെസ്റ്റർ ടിബിസിസി യുടെയും (ടെന്നീസ് ബോൾ ക്രിക്കറ്റ് ക്ലബ് ) മൈ കോൺഫിഡൻസിന്റെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ഞായറാഴ്ച ചെസ്റ്റർ ഇല്ലെസ്മിയർ പോർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ട് കോളേജിൽ വെച്ചു നടന്ന ഒന്നാമത് ഓൾ യുകെ ഇൻഡോർ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ മാഞ്ചെസ്റ്റർ നൈറ്റ്സ് ജേതാക്കളായി. യുകെയിലെ 8 പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മാഞ്ചെസ്റ്റർ നൈറ്റ്സും ചെസ്റ്റർ ടിബിസിസി യും ഫൈനലിൽ മാറ്റുരച്ചു.
ആദ്യം ബാറ്റ് ചെയ്ത ചെസ്റ്റർ ടിബിസിസി നിശ്ചിത 5 ഓവറിൽ 4 വിക്കെറ്റ് നഷ്ടത്തിൽ 74 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മാഞ്ചെസ്റ്റർ നൈറ്റ്സ് നിശ്ചിത 4.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
ടൂർണമെന്റിലെ മികച്ച ബാറ്റിസ്മാനായി ചെസ്റ്റർ ടിബിസിസി യുടെ അമീറിനെയും മികച്ച ബോളറായി മാഞ്ചെസ്റ്റർ നൈറ്റ്സിന്റെ അഭിയെയും തിരഞ്ഞെടുത്തു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി മാഞ്ചെസ്റ്റർ നൈറ്റ്സിലെ വിജേഷിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ വിജയികൾകായുള്ള ട്രോഫികളുടെ വിതരണം കോ-സ്പോൺസർ ആയ മൈ കോൺഫിഡൻസിന്റെ എം ഡി ജിജു മാത്യു നിർവഹിച്ചു.
ചെസ്റ്റർ ടിബിസിസി യുടെ ആദ്യ ടൂർണമെന്റ് ആയിരുന്നു ഇത്. വരും നാളുകളിലും ഇൻഡോർ, ഔട്ട്ഡോർ ടൂർണമെന്റുകൾ ഉണ്ടാകുമെന്നും, ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീം അംഗങ്ങളോടും നന്ദി സൂചകമായി ടൂർണമെന്റിന്റെ ഓർഗനിസർമാരായ സെബാസ്റ്റ്യൻ, റിജൊ വി ചന്ദ്രബോസ്, ഷിന്റൊ, അമീർ എന്നിവർ അറിയിച്ചു.
സ്റ്റീവനേജ്: സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നിറഞ്ഞു കവിഞ്ഞ കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ മഴവിൽ കലാ വസന്തം. നൂറു കണക്കിന് ആസ്വാദക ഹൃദയങ്ങളെ സാക്ഷി നിറുത്തി സ്റ്റീവനേജിലെ വെൽവിനിൽ അരങ്ങേറിയ സംഗീത-നൃത്തോത്സവത്തെ സദസ്സ് വരവേറ്റത് ഗംഭീരമായ കലാ വിരുന്നിനും , ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പത്തരവരെ നീണ്ടു നിന്നു.
സ്റ്റീവനേജ് മേയർ കൗൺസിലർ മൈല ആർസിനോ സംഗീതോത്സവ വേദി സന്ദർശിക്കുകയും, പരിപാടികൾ കുറച്ചു നേരം ആസ്വദിക്കുകയും ചെയ്ത ശേഷം ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു സംസാരിക്കുകയും ചെയ്തത് സംഘാടകർക്കുള്ള പ്രോത്സാഹനമായി.യു കെ യിലെ ആദ്യകാല ചെണ്ട മേള ടീമും, നിരവധിയായ വേദികളിൽ അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുമുള്ള ‘സർഗ്ഗ താളം’ സ്റ്റീവനേജ് വേദിയിൽ തകർത്താടിയ ‘ശിങ്കാരി മേളം’ സംഗീതോത്സവത്തിലെ ഹൈലൈറ്റായി. ജോണി കല്ലടാന്തി, ഷെർവിൻ ഷാജി, സോയിമോൻ അടക്കം പ്രഗത്ഭരായ നിരയാണ് ശിങ്കാരി മേളം നയിച്ചത്.
7 ബീറ്റ്സിന്റെ സംഗീത്തോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, ഡോ. ശിവകുമാർ ‘സ്വരം’ മാഗസിൻ പ്രകാശനം ചെയ്ത്, ഓ എൻ വി അനുസ്മരണ പ്രഭാഷണവും നടത്തി.
യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമെത്തിയ കുട്ടികൾ മുതൽ മുതിർന്നവരായ കലാ പ്രതിഭകളുടെ മികവുറ്റ കലാ പ്രകടനങ്ങൾ സംഗീതോത്സവ വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചു. ഓരോ ഇനങ്ങളും ഏറെ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും വേദിയിൽ നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കറി വില്ലേജ് ഒരുക്കിയ ഫുഡ് സ്റ്റോൾ വിഭവങ്ങൾ, ഏറെ സ്വാദിഷ്‌ടവും രുചികരവുമായി.
അറുപതോളം സംഗീത-നൃത്ത ഇനങ്ങൾ മാറ്റുരച്ച അതിസമ്പന്നമായ സംഗീതോത്സവ വേദിയിൽ എൽ ഇ ഡി സ്‌ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തിൽ, നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ് വേദിയിൽ ലഭിച്ചത്.
സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്‌ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും ഇടവേളകൾക്ക് തുടിപ്പും നൽകി ലണ്ടനിൽ നിന്നുള്ള ജിഷ്‌മാ മെറി, സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ് എന്നിവർ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
സമ്പന്നമായ സംഗീത നൃത്ത വിരുന്നും, സംഘാടക മികവും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 8 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി
*ഓ എൻ വി അനുസ്മരണ വേദിയിൽ ‘സ്വരം’ മാഗസിൻ, മെഡ്‌ലി, നൃത്തലയം സ്തുത്യുപഹാരമായി*
പത്മശ്രീ ഡോ. ഓ എൻ വി സാറിന്റെ അനുസ്മരണ വേദിയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും കവിതകളും ഫോട്ടോകളും കോർത്തിണക്കി കൗൺസിലർ ഡോ. ശിവകുമാർ തയ്യാറാക്കിയ സ്വരം മാഗസിൻ സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. ഡോ. കെ ജെ യേശുദാസ്, പെരുമ്പടവം ശ്രീധരൻ,ഡോ. ജയകുമാർ ഐ എ എസ്, പ്രൊഫ. ജോർജ്ജ് ഓണക്കൂർ, അപർണ്ണാ രാജീവ്, രവി മേനോൻ അടക്കം മലയാള സാഹിത്യ ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ ലേഖനങ്ങളും സ്മരണകളും ചിത്രങ്ങളും ചേർത്ത് തയ്യാറാക്കിയ ‘സ്വരം’ മാഗസിൻ ഓ എൻ വി അനുസ്മരണ വേദിയിൽ സ്തുത്യുപഹാരമായി. ‘സ്വരം’ മാഗസിന്റെ ആദ്യ ഡിജിറ്റൽ കോപ്പി ഓൺലൈനായി പ്രകാശനം ചെയ്യുകയായിരുന്നു.
യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിയ യുവ യുവഗായകർ ആലപിച്ച ഓ എൻ വി യുടെ തൂലികയിൽ വിരിഞ്ഞ മധുര ‘ഗാനങ്ങൾ’ മഹാകവിക്കുള്ള സംഗീതാർച്ചനയായി. സജി ചാക്കോയുടെ നേതൃത്വത്തിൽ ഓ എൻ വി ഗാന ഈരടികൾ സമന്വയിപ്പിച്ച് ‘ടീം ലണ്ടൻ’ സമ്മാനിച്ച ‘മെഡ്ലി’ ഓ എൻ വി മാഷിന് സമർപ്പിച്ച വലിയ ആദരവും ആരാധകർക്ക് സംഗീതവിരുന്നുമായി. ഓ എൻ വി ഗാനങ്ങൾ കോർത്തിണക്കി സർഗ്ഗം സ്റ്റീവനേജ് ‘ടീൻസ്’ അവതരിപ്പിച്ച സംഘനൃത്തവും അനുസ്മരണത്തിൽ ശ്രദ്ധാഞ്ജലിയായി.
*‘ബിഹൈൻഡ്’ മൂവി ഫസ്റ്റ് ടീസർ വേദി കീഴടക്കി*
യു കെ മലയാളിയും പ്രശസ്ത കലാകാരനുമായ ജിൻസൺ ഇരിട്ടി രചനയും സംവിധാനവും ചെയ്തു നിർമ്മിച്ച ‘ബിഹൈൻഡ്’ മൂവിയുടെ ഫസ്റ്റ് ടീസർ റിലീസിങും സംഗീതോത്സവ വേദിയിൽ നടന്നു. യു കെ മലയാളി രശ്മി പ്രകാശ് ഗാനമെഴുതി പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ ആദ്യമായി സംഗീതം നൽകി ആലപിച്ച ഗാനവും, ബെഡ്ഫോർഡിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ആൻ ജോമോൻ ആലപിച്ചഭിനയിച്ച ഗാനവും ബിഹൈൻഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബീനാ റോയി എഴുതിയ പാട്ടും ചിത്രത്തിന് ഗാന സാന്ദ്രതയേകും. സെവൻ ബീറ്റ്സിന്റെ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിലും ചിത്രത്തിൽ അഭിനേതാവായി മുഖം കാണിക്കുന്നുമുണ്ട്.
*സംഗീതോത്സവ വേദിയുടെ ബഹുമതി ; ഏറ്റു വാങ്ങിയത് ഷൈനു മാത്യൂസ്, രശ്മി പ്രകാശ് അടക്കം പ്രമുഖർ*.
രാഷ്ട്രീയ, സാമൂഹ്യ, ജീവ കാരുണ്യ, സംരംഭക തലങ്ങളിൽ ആർജ്ജിച്ച മികവിന്റേയും സംഭാവനകളുടെയും അംഗീകാരമായാണ് ഷൈനു ക്ലെയർ മാത്യൂസിനെ അവാർഡിനർഹയാക്കിയത്.
ലേഖനം, കവിത, നോവൽ തുടങ്ങിയ സാഹിത്യ ശാഖകളിൽ നൽകിയ മികച്ച സംഭാവനകളും, അവർ നേടിയ പാലാ നാരയണൻ നായർ പുരസ്‌ക്കാരവും പരിഗണിച്ചാണ് രശ്മി പ്രകാശ് രാജേഷിനു അവാർഡ് നൽകിയത്.
ആതുര സേവനത്തിന് ലഭിക്കാവുന്ന ഉന്നത ബഹുമതിയായ ‘ചീഫ് നേഴ്സിങ് ഓഫീസർ’ എന്ന ദേശീയ എൻ എച്ച് എസ് പുരസ്ക്കാരം നേടിയതിലുള്ള അംഗീകാരമായാണ് ലിൻഡാ സർജുവിനെ അവാർഡിന് പരിഗണിച്ചത്.
നിയമ മേഖലകളിൽ പുലർത്തുന്ന പ്രാവീണ്യവും, ഉത്തമവും വിശ്വസ്തതവുമായ സേവനവും പരിഗണിച്ചാണ് മികച്ച സോളിസിറ്റർ സ്ഥാപനത്തിനുള്ള അവാർഡ് പോൾ ജോണിനെ അർഹനാക്കിയത്.
കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.
പോലീസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു.
ബിജുവും സിബികയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബികയുടെ ബന്ധുക്കള്‍ പറയുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നു. സിബികയുടെ ഭര്‍ത്താവ് ഉദയകുമാര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ സാമ്പത്തിക വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മാര്‍ച്ചില്‍ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോള്‍ പണം തിരികെ നല്‍കേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.
നിയമനടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സിബികയുടെ ഭര്‍ത്താവ്: ഉദയകുമാര്‍. മക്കള്‍: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: നെബൂഹാന്‍, ഷഹബാസ്.
കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാൻ ആക്രമിച്ചത്. സംഭവത്തിൽ മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) മരിച്ചു.
ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
മണിയെ കൂടാതെ നാലുപേർ ഓട്ടോയിലുണ്ടായിരുന്നു. ഇവരിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കുകളുണ്ട്. യാത്രക്കാരിൽ എസക്കി രാജ(45), റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.